വിദ്യാര്‍ഥി പ്രതിഷേധം നിയമവിരുദ്ധമെന്ന് ബൈഡന്‍, ബലപ്രയോഗത്തിനിടയിലും കാമ്പസുകൾ തിളയ്ക്കുന്നു

പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം വന്നശേഷം വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് ബലപ്രയോഗങ്ങളും അടിച്ചമര്‍ത്തലുകളും വര്‍ധിച്ചു.

ലസ്തീനെതിരായ ഇസ്രായേല്‍ യുദ്ധത്തിൽ പ്രതിഷേധിച്ച് യു.എസ് കാമ്പസുകളില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു. പ്രതിഷേധം നിയമവിരുദ്ധമാണെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം വന്നശേഷം വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് ബലപ്രയോഗങ്ങളും അടിച്ചമര്‍ത്തലുകളും വര്‍ധിച്ചു.

പ്രതിഷേധസ്ഥലത്ത് വെടിയുതിര്‍ക്കുന്നതിന് പുറമെ കുരുമുളക് സപ്രേയും ഫ്‌ളാഷ് ബാംഗ് ഉപകരണങ്ങളുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് പ്രയോഗിക്കുന്നുണ്ട്. അടിച്ചമര്‍ത്തലുകളിലൂടെ പ്രതിഷേധങ്ങളുടെ തോതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധം തുടങ്ങിയ ശേഷമുള്ള രണ്ടാഴ്ചക്കിടെ 2200 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാലിഫോര്‍ണിയ സര്‍വകലാശാലയിലും വിസ്‌കോന്‍സിന്‍ സര്‍വ്വകലാശാലയിലും വിദ്യാര്‍ഥി ക്യാമ്പുകള്‍ ബലപ്രയോഗത്തിലൂടെ പോലീസ് അഴിച്ചുമാറ്റിയിരുന്നു. വര്‍ഷാവസാന പരീക്ഷകളും ബിരുദദാന ചടങ്ങുകളും നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രതിഷേധിക്കുന്നവരെ കാമ്പസില്‍നിന്ന് പുറത്താക്കാന്‍ സര്‍വകലാശാല അധികൃതരാണ് പോലീസിനോട് ആവശ്യപ്പെട്ടത്. കൊളംബിയ സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ ഹാളില്‍നിന്ന് സമരക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പോലീസ് വെടിയുതിര്‍ത്തിയിരുന്നു. ആളപായം സംഭവിച്ചില്ലെങ്കിലും ഇത് വിദ്യാര്‍ഥികളും പോലീസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി. പോലീസ് വിദ്യാര്‍ഥികള്‍ക്കുമേല്‍ മാരകമായ ബലപ്രയോഗം നടത്തുത്തുന്നുണ്ടെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ജനങ്ങളെ നിശ്ശബ്ദരാക്കുകയോ വിയോജിപ്പുകള്‍ ഇല്ലാതാക്കുകയോ ചെയ്യുന്ന സ്വേഛാധിപത്യ രാഷ്ട്രമല്ല അമേരിക്കയെന്നും എന്നാല്‍ ഇപ്പോള്‍ തുടരുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. സ്വത്തുക്കള്‍ നശിപ്പിച്ചുകൊണ്ടുള്ള സമാധാനപരമായ പ്രതിഷേധമല്ല വിദ്യാര്‍ഥികള്‍ നടത്തുന്നതെന്നും നിയമത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിയമങ്ങള്‍ പാലിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇസ്രായേലി സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള യു.എസ് പിന്തുണ അവസാനിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും ബൈഡന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇസ്രായേലിന്റെ യുദ്ധത്തിനുള്ള സഹായവും പിന്തുണയും അമേരിക്ക നിര്‍ത്തിവെക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍

ഇസ്രായേലിന് ആയുധം വിൽക്കുന്ന കമ്പനികളുമായുള്ള കച്ചവടം അവസാനിപ്പിക്കുക, യു.എസിന്റെ സൈനികാവശ്യങ്ങൾക്കുള്ള പ്രൊജക്റ്റുകൾക്ക് സഹായം നൽകുന്ന ഗവേഷണങ്ങൾക്ക് ഇസ്രായേലിൽനിന്ന് പണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുക, ഇസ്രായേലി കമ്പനികളിൽനിന്നും കോൺട്രാക്റ്റർമാരിൽനിന്നും ലാഭം കൈപ്പറ്റുന്ന മണി മാനേജർമാർ കോളേജ് എൻഡോവ്‌മെന്റുകളിൽ നിക്ഷേപം നടത്തുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികളുയർത്തുന്നത്. ഇസ്രായേലിലുള്ള കളങ്കിത കമ്പനികളുമായുള്ള യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക ഇടപാടുകൾ അവസാനിപ്പിക്കണം.

ജൂത വിദ്യാർഥികളെയും അവരുടെ പൂർവവിദ്യാർഥി ഗ്രൂപ്പുകളെയും മുന്നിൽനിർത്തി ആന്റി സെമറ്റിക് പ്രക്ഷോഭമാണിതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും പ്രക്ഷോഭത്തിലെ ബഹുസ്വരവും വൈവിധ്യമാർന്നതുമായ പ്രാതിനിധ്യവും പങ്കാളിത്തവും ഇത്തരം കാമ്പയിനുകളെ മറികടക്കുന്നു. ജനാധിപത്യത്തിനു​വേണ്ടിയും വംശീയതക്കെതിരായതും ഭരണകൂടങ്ങളുടെ യുദ്ധവെറിയെ എതിർക്കുന്നതും യുദ്ധവ്യാപാരത്തിന്റെ അണിയറക്കഥകൾ തുറന്നുകാട്ടുന്നതുമായ മുദ്രാവാക്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തുന്നത്. ആ നിലയ്ക്ക്, അറുപതുകളിലെ യുദ്ധവിരുദ്ധപ്രക്ഷോഭത്തിന്റെ അതേ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. നാഷനൽ ഗാർഡിന്റെ വെടിവെപ്പിൽ 1970-ൽ ഒഹിയോയിൽ നാല് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. ഇത് രാജ്യവ്യാപക പ്രക്ഷോഭത്തിനിടയാക്കുകയും നിരവധി യൂണിവേഴ്‌സിറ്റികൾ അടച്ചിടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെയും 1980-കളിൽ യു.എസ് കാമ്പസുകളിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ദക്ഷിണാഫ്രിക്കയുമായി ബിസിനസ് ബന്ധമുള്ള കമ്പനികളെയും വ്യാപാരസ്ഥാപനങ്ങളെയും ബഹിഷ്‌കരിച്ചായിരുന്നു അന്ന് പ്രക്ഷോഭം. കൊക്കകോള, ഫോർഡ് മോട്ടോർ, മൊബിൽ ഓയിൽ എന്നീ കമ്പനികൾക്കെതിരെയായിരുന്നു അന്ന് പ്രതിഷേധം.

പല സര്‍വകലാശാലകളും വിദ്യാര്‍ഥികളുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. നേരത്തെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ അധികൃതരും പ്രതിഷേധക്കാരും ഒത്തുതീര്‍പ്പിലെത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ചിക്കാഗോ സര്‍വകലാശാലയില്‍ സമരക്കാരുമായള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി സ്‌കൂള്‍ പ്രസിഡന്റ് അറിയിച്ചിരുന്നു. യു.എസിന് പിന്നാലെ ഓസ്ട്രേലിയ, ഫ്രാന്‍സ്, മെക്‌സിക്കോ, കാനഡ, മിഡിലിസ്റ്റ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്നുണ്ട്.

ഇസ്രായേല്‍ യുദ്ധം തുടരുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടനയടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗാസയിലെ പല ഭാഗങ്ങളിലും പട്ടിണി രൂക്ഷമായിക്കൊണ്ടിരിക്കയാണെന്നും ഐക്യരാഷ്ട്ര സഭ സൂചിപ്പിക്കുന്നു. അതേസമയം ഇസ്രായേലും ഹമാസും മൂന്ന് ഘട്ട വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിട്ടുവീഴ്ചക്ക് തയ്യാറായെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

Comments