അബ്രഹാം ലിങ്കണുശേഷം ഞാൻ- ട്രംപ്; എന്തിന് ശേഷമാകണം, ശരിക്കും ലിങ്കണല്ലേ- ബൈഡൻ

വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ, തന്നെ നിരന്തരം തടസ്സപ്പെടുത്തിയ മൈക്ക് പെൻസിനോട് വലതുകൈ ഉയർത്തി, ചെറുചിരിയോടെ കമലാ ഹാരിസ് പറഞ്ഞു, 'മി. വൈസ് പ്രസിഡന്റ്, ഞാൻ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.' ഒരുപക്ഷേ സ്ത്രീകൾക്ക്, വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും ഒരുപോലെ, പരിചിതമായ ഒരു രംഗമാകാം ഇത്. ഇത്തരം നിരന്തര തടസ്സങ്ങൾ മറികടന്ന് എല്ലത്തരം മനുഷ്യരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുതകുന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ജനത നടത്തും എന്നുതന്നെ പ്രതീക്ഷിക്കാം- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യങ്ങളും സാധ്യതകളും അവലോകനം ചെയ്യുന്നു

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്​ച നടന്ന അവസാന സംവാദത്തിൽ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്: Nobody has done more for the Black community than Donald Trump. with the exception of Abraham Lincoln — possible exception — but the exception of Abraham Lincoln. Nobody has done what I’ve done. Criminal justice reform. Obama and Joe didn’t do it. I don’t even think they tried because they had no chance at doing it. I am the least racist person in this room. I am the least racist person. I can’t even see the audience because it’s so dark, but I don’t care who’s in the audience. I’m the least racist person in this room.

സ്വയം അബ്രഹാം ലിങ്കണുമായി താരതമ്യപ്പെടുത്തി ട്രംപ്​ നടത്തിയ അഭിപ്രായപ്രകടനത്തിന്​ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പരിഹാസരൂപത്തിൽ നൽകിയ മറുപടി: Abraham Lincoln here is one of the most racist presidents we’ve had in modern history. He pours fuel on every single racist fire, every single one. Started off his campaign coming down the escalator saying he’s getting rid of those Mexican rapists. He’s banned Muslims because they’re Muslims. This guy is a dog whistle about as big as a foghorn.

ട്രംപിന്റെ കോവിഡ് ബാധയുടെ ഗുണപാഠം

‘ഇത് (കോവിഡ്) ഒരു ദിവസം അപ്രത്യക്ഷമാകും. ഒരു മഹാത്ഭുതം പോലെ... തീർച്ചയായും അപ്രത്യക്ഷമാകും', ഫെബ്രുവരി 27ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകൾ. കോവിഡ് ഒരു കെട്ടുകഥ ആണെന്നതിൽ തുടങ്ങി, ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങുന്നതിലെത്തിയ അമേരിക്കൻ കോവിഡ് പ്രതിരോധം കുറച്ചൊന്നുമല്ല വിമർശനം ഏറ്റുവാങ്ങിയത്. ലോകം 2020 ഒക്ടോബറിലെത്തി നിൽക്കുമ്പോൾ കോവിഡ് അപ്രത്യക്ഷമായില്ല എന്നുമാത്രമല്ല, ട്രംപ് കോവിഡ് പോസിറ്റീവ് ആകുകയും ചെയ്തു. 'കോവിഡിനെ പേടിക്കേണ്ടതില്ല, അത് ഫ്ളൂ പോലെ വന്നുപൊയ്‌ക്കോളും' എന്നാവർത്തിച്ച ട്രംപ്, തന്റെ രോഗബാധ ഈ വാദത്തിനെ ഉറപ്പിക്കാൻ നന്നായി ഉപയോഗിച്ചതായി കാണാൻ കഴിയും.

റിപ്പബ്ലിക്കൻ പാർട്ടി കാമ്പയിൻ
റിപ്പബ്ലിക്കൻ പാർട്ടി കാമ്പയിൻ

അമേരിക്കയിൽ എല്ലാവർക്കും ആരോഗ്യ സംരക്ഷണവും ചികിത്സയും നൽകണം എന്നു പറയുന്നവർ കമ്യൂണിസ്​റ്റുകാരാണ് എന്ന പരാതി നിർത്താതെ പറഞ്ഞ പ്രസിഡന്റ്, സർക്കാർ ആശുപത്രിയിൽ (Walter Reed National Medical Centre) മികച്ച ചികിത്സ സ്വീകരിച്ചു മാതൃകയായി. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷവും കോവിഡിനെ ലഘൂകരിച്ച മുൻ നിലപാടുകൾ സാധൂകരിക്കാൻ ട്രംപ് ശ്രമിച്ചു കൊണ്ടിരുന്നു.

ചികിത്സയിൽ കഴിയുമ്പോൾ ജോലി ചെയ്യുന്നതിന്റെ ചിത്രമെടുപ്പിൽ തുടങ്ങി വാഹനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ പുറപ്പെടുന്നതുവരെ ഇതിലുൾപ്പെട്ടു. ട്രംപിന്റെ മറ്റ് തീരുമാനങ്ങൾ പോലെ തന്നെ, രോഗമില്ലാത്ത ഡ്രൈവറെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും അടുത്തിരുത്തി നടത്തിയ ഈ യാത്ര ആരോഗ്യപ്രവർത്തകരെ കുറച്ചൊന്നുമല്ല അമ്പരിപ്പിച്ചത്.

ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച ചികിൽസ ലഭിച്ച് രോഗം ഭേദമായ ശേഷം എല്ലാവരും ഏറക്കുറെ പ്രതീക്ഷിച്ച പോലെ ട്രംപ് പറഞ്ഞു, ‘കോവിഡിനെ ഭയക്കേണ്ടതില്ല.' ഇതേദിവസം കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളും ഡോക്ടർമാരും ഈ പ്രസ്താവനയെ നേരിട്ടത് ചികിത്സ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും, ഉറ്റവർ നഷ്ടപ്പെടുന്നതിന്റെ വേദനയെക്കുറിച്ചും തുറന്നുപറഞ്ഞു കൊണ്ടായിരുന്നു.

വൈകാരിക പ്രതികരണങ്ങൾക്കൊപ്പം പരിഹാസം നിറഞ്ഞ പ്രതികരണങ്ങളാണ് ലാഘവം നിറഞ്ഞ ഈ പ്രസ്താവനക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. അവയിൽ പലതും തുറന്നുകാട്ടിയത് അമേരിക്കയിലെ ആരോഗ്യമേഖലയിലെ അസമത്വത്തെയും അപചയങ്ങളെയുമായിരുന്നു. ‘ഒരു ഹെലികോപ്റ്ററും, 12 പ്രഗൽഭ ഡോക്ടർമാരും, ക്ലിനിക്കൽ ട്രയലിൽ ഉൾപ്പടെയുള്ള മരുന്നുകളും ലഭ്യമാണെങ്കിൽ കോവിഡിനെ കീഴ്‌പ്പെടുത്തുന്നത് വളരെ നിസ്സാരമാണെന്ന് പ്രസിഡന്റ് നമുക്ക് കാണിച്ചു തരും,' എന്നതാണ് ട്രംപിനു കോവിഡ് വന്നതിൽ നിന്ന് ജനങ്ങൾ പഠിക്കേണ്ട ഗുണപാഠം എന്ന ആഡം ബർക്കിന്റെ ട്വീറ്റ് ഡെമോക്രാറ്റ് അനുഭാവമുള്ള ഹാൻഡിലുകളിൽ നിറഞ്ഞുനിന്നു.

‘ട്രംപിന്റെ കോവിഡ് അനുഭവം പൂർണമാകുന്നതിനായി അടുത്ത മാസം തന്നെ അദ്ദേഹത്തിന്റെ ജോലി നഷ്ടമാകുകയും, വാടക കൊടുക്കാൻ കഴിയാത്തതിനാൽ കൂടിയൊഴിപ്പിക്കപ്പെടുകയും ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം' എന്ന ട്വീറ്റും സ്വീകാര്യത നേടി. കോവിഡ് ചികിത്സ സ്വീകരിച്ച് കടക്കെണിയിലായി, അനാരോഗ്യവും സാമ്പത്തിക മാന്ദ്യവും വരിഞ്ഞുമുറുക്കി, തൊഴിൽ നഷ്ടപ്പെട്ട് തെരുവിൽ ഇറങ്ങേണ്ടി വന്ന അനേകായിരം മനുഷ്യരുടെ കോവിഡ് അനുഭവങ്ങൾ ട്രംപിന്റെ അനുഭവവുമായി താരതമ്യം ചെയ്യുന്നത് എങ്ങനെ നീതിയുക്തം ആവും?

കഴിഞ്ഞ അഞ്ചുമാസത്തിൽ അമേരിക്കയിൽ ഏതാണ്ട് എട്ടു ലക്ഷം മനുഷ്യരാണ് ദാരിദ്ര്യത്തിലേക്ക് വഴുതിവീണത് (തള്ളിയിട്ടു എന്നു പറയുന്നതാവും കൂടുതൽ അഭികാമ്യം എന്ന് ലിബറൽ, ഇടതുപക്ഷ സംഖങ്ങൾ). എവിക്ഷൻ മൊറാട്ടോറിയം അവസാനിക്കുന്നതും, അടുത്ത ഘട്ട സാമ്പത്തിക സഹായ പാക്കേജ് വൈകുന്നതും ജനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുന്നു. കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്, അമേരിക്കയിൽ ഏതാണ്ട് 30-40 മില്യൺ ജനം കൂടിയൊഴിപ്പിക്കൽ ഭീതിയിലാണ് എന്നാണ്. തൊഴിലില്ലാ വേതനം നിർത്തിയതും സ്ഥിതി വഷളാക്കി.

‘സ്വിങ് സ്റ്റേറ്റ്‌സ്' ആരെ പിന്തുണക്കും?

ഇതിനെല്ലാമിടക്കാണ് ഇലക്ഷൻ നടപടി പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തപാൽ വോട്ടുകളുടെ പ്രസക്തി വർധിച്ചതിനാൽ തപാൽ വകുപ്പിനെ കേന്ദ്രീകരിച്ച് ക്രമക്കേടും അട്ടിമറി ശ്രമങ്ങളും ഉണ്ടാകുമോ എന്ന് ഡെമോക്രാറ്റ് പ്രതിനിധികൾ ഭയപ്പെടുന്നു. ‘അതിദാരുണം' എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച ആദ്യഘട്ട സംവാദത്തിന്റെ (debate) തൊട്ടുപിന്നാലെയാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. The Economist ഉൾപ്പെടെ നടത്തിയ പോളുകൾ ഇലക്ഷനിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന് മുൻതൂക്കം പ്രവചിക്കുന്നു.

എന്നാൽ 2016 ൽ നടന്ന പോളുകളിൽ കൃത്യമായി ആധിപത്യം സ്ഥാപിച്ച ഹിലരി ക്ലിന്റന്റെ അനുഭവം ആവർത്തിക്കുമോ എന്ന ഭയം ഡെമോക്രാറ്റുകളെ വലയ്ക്കുന്നുണ്ടാവാം. ട്രംപിനെക്കാൾ 3 മില്ല്യൺ ജനകീയ വോട്ടുകൾ നേടിയ ഹിലരി തോൽക്കാൻ കാരണം യു.എസ് പിന്തുടരുന്ന ഇലക്ടറൽ കോളേജ് സിസ്റ്റമാണ് (electoral college). അതുകൊണ്ടുതന്നെ ഇത്തവണയും സ്വിങ് സ്റ്റേറ്റ്‌സ് എന്നു വിശേഷിപ്പിക്കുന്ന എട്ട് സംസ്ഥാനങ്ങൾ ആരെ പിന്തുണയ്ക്കും എന്നത് നിർണായകമാണ്.

ജോ ബൈഡൻ കോവിഡിനെ നേരിടുന്നത് ഇങ്ങനെ

ട്രംപിന്റെ നിലപാടുമായി തട്ടിച്ചുനോക്കുമ്പോൾ കൃത്യമായ കോവിഡ് പ്രതിരോധ പദ്ധതി ബൈഡൻ മുന്നോട്ട് വെക്കുന്നതായി വിലയിരുത്താം. ഏതാണ്ട് 1,00,000 ആളുകളെ നിയമിച്ച് സമ്പർക്ക പട്ടിക തയ്യാറാക്കി രോഗവ്യാപനം തടയുക, കോവിഡ് ടെസ്റ്റിങ് സൗജന്യമാക്കുക, ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെന്ററുകൾ വർദ്ധിപ്പിക്കുക, തൊഴിലാളികളെ നിലനിർത്തുന്നതിനും വീണ്ടും നിയമിക്കുന്നതിനും സംരംഭകർക്ക് സാമ്പത്തിക സഹായം നൽകുക, കോവിഡ് ബാധിതർക്ക് ശമ്പളത്തോടുള്ള അവധി ഉറപ്പാക്കുക, കൃത്യമായ നടപടിക്രമങ്ങളോടെ വിദ്യാലയങ്ങളും കച്ചവട സ്ഥാപനങ്ങളും തുറക്കാൻ പദ്ധതി തയ്യാറാക്കുക തുടങ്ങിയവ ആണ് ബൈഡൻ മുന്നോട്ടുവെക്കുന്ന കോവിഡ് പ്രതിരോധ നടപടികളിൽ പ്രധാനം.

മാസ്‌ക് ധരിക്കുന്നതിൽ വിമുഖത പുലർത്തുകയും, ആരോഗ്യവിദഗ്ധരെ കടന്നാക്രമിക്കുകയും ചെയ്യുന്ന ട്രംപിന്റെ നിലപാടുമായി താരതമ്യം ചെയ്താൽ, പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുക, ആന്റണി ഫോചിയെ കോവിഡ് ടാസ്‌ക് ഫോഴ്‌സിൽ നിലനിർത്തുക തുടങ്ങി സജീവമായ, ശാസ്ത്രീയമായ പ്രതിരോധ പദ്ധതിയാണ് ബൈഡൻ മുന്നോട്ടുവെക്കുന്നത്.

ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ

ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെതുടർന്ന് പടർന്നുപിടിച്ച മുന്നേറ്റങ്ങൾ അതിശക്തമായി മുന്നോട്ട് വെച്ച ഒരു ആവശ്യമാണ് ‘ഡീ ഫൺഡ് ദി പൊലീസ്'. മുന്നേറ്റങ്ങളോട് ഐക്യപ്പെടുന്നതായി അറിയിച്ചെങ്കിലും, പൊലീസ് ഫോഴ്‌സിനെ ഡീ ഫൺഡ് ചെയ്യുക എന്ന ആവശ്യം ബൈഡൻ ക്യാമ്പ് അംഗീകരിക്കുന്നില്ല. മറിച്ച് ഫോഴ്‌സിനെ പരിഷ്‌കരിക്കുക, അല്ലെങ്കിൽ നവീകരിയ്ക്കുക എന്ന ആശയത്തിനാണ് മുൻതൂക്കം. സാമൂഹ്യക്ഷമ പദ്ധതികൾക്ക് നീക്കിയിരുത്തുന്ന തുക ഗണ്യമായി വർദ്ധിപ്പിക്കണം എന്ന നിലപാട് എടുക്കുമ്പോൾ തന്നെ, പൊലീസ് ഫോഴ്‌സിനെ നവീകരിക്കുന്നതിന് കൂടുതൽ തുക ചെലവഴിക്കണം എന്നുതന്നെ ബൈഡൻ ക്യാമ്പ് കരുതുന്നു.

ട്രംപിന്റെ ഭരണത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട പൊതുവിദ്യാഭ്യാസ മേഖലക്ക് സാമ്പത്തിക സഹായം വർദ്ധിപ്പിക്കുക, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ മാറ്റങ്ങൾ പൊലീസിന്റെ പ്രവർത്തനങ്ങളിലും ഗുണപരമായ മാറ്റം കൊണ്ടുവരും എന്നും ബൈഡൻ ക്യാമ്പ് അവകാശപ്പെടുന്നു.

ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെതുടർന്ന് നടന്ന പ്രതിഷേധം
ജോർജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെതുടർന്ന് നടന്ന പ്രതിഷേധം

കാലാവസ്ഥ വ്യതിയാനം, കൂട്ടക്കുരുതി, കുടിയേറ്റം

കടുത്ത നാശം വിതച്ച കാലിഫോർണിയയിലെ കാട്ടുതീയും, ആവർത്തിച്ചു വരുന്ന കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാലാവസ്ഥാവ്യതിയാനം മൂലം യു.എസിന് നേരിടേണ്ടി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തി തുറന്നുകാട്ടുന്നു. അടിക്കടി വരുന്ന ഇത്തരം ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പോലും കാലാവസ്ഥാ വ്യതിയാന നിഷേധത്തിൽ (climate change denial) ഊന്നിനിൽക്കുന്ന നയങ്ങളും നിലപാടുകളും ആണ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും നയിക്കുന്നത്. ഇതിൽനിന്ന് ഭിന്നമായി ഗ്രീൻ ന്യൂ ഡീലിന്റെ (Green New Deal) അന്തഃസത്ത ഉൾക്കൊള്ളുന്ന നയങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാൻ ബൈഡൻ നിർദ്ദേശിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ ‘ലോകം നേരിടുന്ന ഏറ്റവും വെല്ലുവിളി' എന്നു വിശേഷിപ്പിക്കുന്ന ബൈഡൻ ക്യാമ്പ്, കാലാവസ്ഥ അടിയന്തരാവസ്ഥ (climate emergency) പരിഹരിക്കുന്നതിന് ക്ലീൻ എനർജി റെവലൂഷ്യൻ (Clean Energy Revolution) എന്ന പദ്ധതി നിർദ്ദേശിക്കുന്നു. പാരിസ് ഉടമ്പടിയിൽ തിരികെ ചേരുക, 2050 ഓടെ ഹരിത വാതക ബഹിർഗമനം കുറയ്ക്കുന്നതിന് 1.7 ട്രില്യൺ ഡോളറിന്റെ പദ്ധതി രൂപീകരിക്കുക, ഫോസിൽ ഫ്യൂയൽ സബ്‌സിഡി നിർത്തുക, സർക്കാർ ഭൂമിയിൽ എണ്ണ- പ്രകൃതി വാതക ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തുക എന്നിവയാണ് ബൈഡൻ മുന്നോട്ട് വെക്കുന്ന കാലാവസ്ഥാ നയങ്ങളിൽ (climate policy proposals) പ്രധാനം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിലെ സ്‌കൂളുകൾക്ക് കൂടുതൽ ധനസഹായം, വിദ്യാർഥികളുടെ വായ്പ തിരികെ അടക്കുന്നതിൽ ഇളവ് എന്നിവയാണ് വിദ്യാഭ്യാസ മേഖലയിൽ ഡെമോക്രാറ്റിക് ക്യാമ്പ് ഉയർത്തുന്ന പ്രധാന നിർദ്ദേശങ്ങൾ. തോക്കുകൾ അനായാസേന ലഭിക്കുന്നതുമൂലമുണ്ടാകുന്ന ആക്രമണങ്ങളും കൂട്ടക്കുരുതികളും യു.എസിൽ കൂടുതലാണ്. എന്നാൽ, ഈ അപകടങ്ങൾ ജനങ്ങൾക്ക് തോക്ക് കൈവശം വെക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിലേക്ക് നയിക്കുന്നില്ല, അധികാരത്തിന്റെ ഇടനാഴികകളിൽ ശക്തമായി നിലയുറപ്പിച്ച National Rifles Association ന്റെ ശക്തമായ ലോബിയിങ് ആണ് ഇതിന് കാരണം. ആവർത്തിക്കുന്ന കൂട്ടക്കുരുതികളുടെ പശ്ചാത്തലത്തിൽ, താൻ അധികാരത്തിൽ വന്നാൽ ജനങ്ങൾ അസ്സൾട്ട് റൈഫിളുകൾ (assault rifles) കൈവശം വെക്കുന്നത് നിയമവിരുദ്ധമാക്കും എന്ന് ബൈഡൻ പറയുന്നു.

ഒബാമ കെയർ സബ്‌സിഡി വർദ്ധിപ്പിച്ച് കൂടുതൽ പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ബൈഡന്റെ ആരോഗ്യ നയങ്ങളുടെ ലക്ഷ്യം. ബെർണീ സാൻഡേഴ്‌സ് നിർദ്ദേശിച്ചതുപോലെ ആരോഗ്യം അവകാശമാക്കി മാറ്റാനോ, ഇൻഷുറൻസ് കമ്പിനികളുടെ ഇടപെടൽ അവസാനിപ്പിക്കുന്നതിനോ ഈ നയം ശ്രമിക്കുന്നില്ല എന്നത് വ്യക്തമാണ്. സ്വകാര്യ ആരോഗ്യ മേഖലയുടെ ചട്ടക്കൂടിൽ നിന്ന് തന്നെ ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള ശ്രമമായി ഇതിനെ വിലയിരുത്താം.

മതിയായ രേഖകളില്ലാതെ അതിർത്തി കടക്കുന്നവരെ തുറങ്കിലടക്കുന്ന ട്രംപിന്റെ നയങ്ങളെ തുറന്നു വിമർശിക്കുന്ന ബൈഡൻ, രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കാൻ സന്നദ്ധനാവും എന്നു പറയുന്നു. അതിർത്തി കടന്ന് അഭയം തേടി വരുന്നവരെ കുറ്റവാളികളാക്കുന്നതിനെതിരെയാണ് തന്റെ നിലപാട് എന്നും ബൈഡൻ ആവർത്തിക്കുന്നു.

ജനങ്ങളുടെ അടിസ്ഥാന വേതനം മണിക്കൂറിൽ 15 ഡോളർ ആയി ഉയർത്തുക എന്ന ആവശ്യം തൊഴിലാളി സംഘടനകൾ നാളുകളായി ഉയർത്തുന്നു, അധികാരത്തിൽ വന്നാൽ ഈ ആവശ്യം നടപ്പാക്കും എന്ന നിലപാടാണ് ബൈഡൻ ക്യാമ്പിന്. മധ്യവർഗവളർച്ചയിലൂന്നിയുള്ള സാമ്പത്തിക നയം മുന്നോട്ട് വെക്കുന്ന ബൈഡൻ, ട്രംപ് കൊണ്ടുവന്ന നികുതി ഇളവുകൾ എടുത്തു കളയും എന്നും പ്രഖ്യാപിക്കുന്നു.

ജസ്റ്റിസ് ഗിൻസ്ബർഗിന്റെ മരണവും, അവകാശങ്ങളുടെ ഭാവിയും

ദീർഘകാലം സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റിസ് റൂത്ത് ഗേഡർ ഗിൻസ്ബർഗിന്റെ മരണവാർത്ത യു.എസ് ജനത കണ്ണീരോടെയാണ് കേട്ടത്. നവംബർ മൂന്നിന് നടക്കുന്ന ഇലക്ഷനുമുമ്പേ ജസ്റ്റിസ് ഗിൻസ്ബർഗിനു പകരം നിയമനം നടത്താൻ റിപ്പബ്ലിക്കൻ നേതാക്കൾ തിരക്കിട്ട നടപടികളെടുക്കുന്നത് ലിബറൽ രാഷ്ട്രീയ സമൂഹത്തിനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്.

റൂത്ത് ഗേഡർ ഗിൻസ്ബർഗ്
റൂത്ത് ഗേഡർ ഗിൻസ്ബർഗ്

‘ഒറിജിനലിസ്റ്റ്' (originalist) എന്നു സ്വയം വിശേഷിപ്പിക്കുന്ന ഏമി കോണി ബാറെറ്റിനെയാണ് റിപ്പബ്ലിക്കൻ അംഗങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.

കൺസർവേറ്റീവ് രാഷ്ട്രീയ നിലപാടുള്ള ബാറെറ്റ് സുപ്രീംകോടതിയിൽ വരുന്നത് സ്ത്രീകളുടെയും എൽ.ജി.ബി.ടി.ക്യു സമൂഹത്തിന്റെയും അവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റത്തിന് വഴിയൊരുക്കുമോ എന്ന ആശങ്ക ഡെമോക്രാറ്റുകളുടെ ഇടയിൽ, പ്രത്യേകിച്ച് പുരോഗമന സംഘടനകൾക്കിടയിൽ നിലനിൽക്കുന്നു. ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിക്കുന്ന Roe Vs Wade ഉത്തരവ് റദ്ദാക്കുകയോ, ലഘൂകരിക്കുകയോ ചെയ്യും എന്നതാണ് ഇവരുടെ ആശങ്കകളിൽ പ്രധാനം. വലതുപക്ഷ രാഷ്ട്രീയ മൂല്യങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത അമേരിക്കയിലെ ‘പ്രോ-ലൈഫ്' അല്ലെങ്കിൽ ആന്റി-അബോർഷൻ മുന്നേറ്റങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തിയിരിക്കുന്നു. ശരീരവുമായി ബന്ധപ്പെട്ട, സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും തിരഞ്ഞെടുപ്പുകൾക്കുമുകളിൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് നിയമസാധുത നൽകാൻ പോന്നതാവും ബാറെറ്റിന്റെ നിയമനം എന്നത് വസ്തുതയാണ്.

എന്നാൽ ജീവനെ സംബന്ധിച്ച ഈ വലതുപക്ഷ രോദനം ജനിക്കാത്ത കുഞ്ഞുങ്ങളെ കുറിച്ച് മാത്രം ഓർത്തുള്ളതാണ് എന്നത് ഈ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ അതിർത്തി നയങ്ങളിൽ കുടുങ്ങി ഡിറ്റൻഷൻ സെന്ററുകളിൽ കഴിയുന്ന 540-ൽ പരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ കണ്ടെത്താൻ കഴിയുന്നില്ല എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആഭ്യന്തര കലാപങ്ങളിൽ നിന്ന് രക്ഷപ്പെട്ട്, പലായനം ചെയ്ത്, അമേരിക്കയിൽ അഭയം പ്രാപിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് മാതാപിതാക്കളിൽ നിന്ന് വേർപ്പെടുത്തി കൂട്ടിലടച്ചിരിക്കുന്നത്. അവരുടെ ജീവനുവേണ്ടി തെരുവിലിറങ്ങാനോ മുറവിളി കൂട്ടാനോ ജീവന്റെ കാവൽക്കാരായ പ്രോ-ലൈഫ് മുന്നേറ്റങ്ങൾ ഏതായാലും തീരുമാനിച്ചിട്ടില്ല. യു.എസ് തിരഞ്ഞെടുപ്പ് ഈ കുഞ്ഞുങ്ങളുടെ ഭാവിയുടെ തിരഞ്ഞെടുപ്പ് കൂടിയാണ്. ഒന്നും രണ്ടും വയസ്സു മുതൽ പ്രയമുള്ള കുഞ്ഞുങ്ങളെ തുറങ്കിലടച്ചുകൊണ്ടാണോ അതിർത്തികൾ സംരക്ഷിക്കുന്നത്?

വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ, തന്നെ നിരന്തരം തടസ്സപ്പെടുത്തിയ മൈക്ക് പെൻസിനോട് വലതുകൈ ഉയർത്തി, ചെറുചിരിയോടെ കമല ഹാരിസ് പറഞ്ഞു,

ഡെമോക്രാറ്റിക്​ പാർട്ടിയുടെ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥി കമല ഹാരിസ്​
ഡെമോക്രാറ്റിക്​ പാർട്ടിയുടെ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥി കമല ഹാരിസ്​

‘മി. വൈസ് പ്രസിഡന്റ്, ഞാൻ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.' (Mr. Vice President, I am Speaking.). ഒരുപക്ഷേ സ്ത്രീകൾക്ക്, വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും ഒരുപോലെ, പരിചിതമായ ഒരു രംഗമാകാം ഇത്. ഇത്തരം നിരന്തര തടസ്സങ്ങൾ മറികടന്ന് അവകാശങ്ങൾ സംരക്ഷിക്കാനുതകുന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ജനത നടത്തും എന്നുതന്നെ പ്രതീക്ഷിക്കാം.


Summary: വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിൽ, തന്നെ നിരന്തരം തടസ്സപ്പെടുത്തിയ മൈക്ക് പെൻസിനോട് വലതുകൈ ഉയർത്തി, ചെറുചിരിയോടെ കമലാ ഹാരിസ് പറഞ്ഞു, 'മി. വൈസ് പ്രസിഡന്റ്, ഞാൻ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.' ഒരുപക്ഷേ സ്ത്രീകൾക്ക്, വ്യക്തി ജീവിതത്തിലും തൊഴിലിടത്തിലും ഒരുപോലെ, പരിചിതമായ ഒരു രംഗമാകാം ഇത്. ഇത്തരം നിരന്തര തടസ്സങ്ങൾ മറികടന്ന് എല്ലത്തരം മനുഷ്യരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുതകുന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ജനത നടത്തും എന്നുതന്നെ പ്രതീക്ഷിക്കാം- യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാഹചര്യങ്ങളും സാധ്യതകളും അവലോകനം ചെയ്യുന്നു


ശിൽപ സതീഷ്​

അധ്യാപിക, ഗവേഷക.

Comments