ഡോണൾഡ് ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോൾ വാസ്തവത്തിൽ കൂടതൽ വിശകലനങ്ങൾ അപ്രസക്തമാണ് എന്നു തോന്നുന്നു. കാരണം, ഏതാണ്ട് ഒരു ദശാബ്ദമായി ലോകം തീവ്രവലതുപക്ഷത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ തിരിച്ചുവരവ് സ്വഭാവികമായ സംഗതിയായേ കാണാനാകൂ. അതിനെ പല നിലയ്ക്ക് വിലയിരുത്തുകയോ അപഗ്രഥിക്കുകയോ ചെയ്യാമെന്നു മാത്രം.
ജനത്തെക്കുറിച്ച് അൽപം
ട്രംപിന്റെ തിരിച്ചുവരവിനെ മുൻനിർത്തി ആലോചിക്കാവുന്ന ഒരു പ്രധാന സംഗതിയുണ്ട്, അത് ജനം എന്ന കാറ്റഗറിയെക്കുറിച്ചാണ്. ബുദ്ധിപരമായി ഇടതുപക്ഷ പാശ്ചാത്തലത്തിൽ നിൽക്കുന്ന ആളുകളെല്ലാം ശീലിച്ചുവരുന്ന ഒരു കാര്യം, ജനം, അതായത്, മഹാഭൂരിപക്ഷം വരുന്ന ജനം, എപ്പോഴും അവരെ സംബന്ധിച്ച് നല്ലതായ ഒന്നിനെയാണ് തെരഞ്ഞെടുക്കുക എന്നതാണ്. ജനത്തെ കാൽപ്പനികവൽക്കരിക്കുകയും ആദർശവൽക്കരിക്കുകയും ചെയ്യുന്ന പ്രവണത ഏറ്റവും കൂടുതൽ ഇടതുപക്ഷ മേഖലകളിലാണ്. അത് തിരുത്താൻ സമയമായി എന്നാണ് തോന്നുന്നത്.
ജനം എന്നു പറയുന്ന സങ്കൽപ്പത്തെ ആദർശവൽക്കരിക്കുകയും കാൽപ്പനികവൽക്കരിക്കുകയും ചെയ്യുന്ന സമീപനങ്ങൾ തെറ്റാണ് എന്നുതന്നെയാണ് ട്രംപിന്റെ തിരിച്ചുവരവ് നമ്മളെ ബോധ്യപ്പെടുത്തുന്നത്.
എന്റെ ഒരു പുസ്തകത്തിന്റെ മുഖവുരയിൽ തമാശമട്ടിൽ ഇങ്ങനെ എഴുതിയിരുന്നു: MASSES എന്ന ഇംഗ്ലീഷ് വാക്കിലെ M സൈലന്റ് ആക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ, ഇന്നത്തെ സാഹചര്യത്തിൽ അത് കൂടുതൽ അർഥപൂർണമാകും. അത് ഈ സമയത്തും പ്രസക്തമാണ് എന്നു തോന്നുന്നു.
അമേരിക്ക പോലെ, ലോകത്തെ ഏറ്റവും അഡ്വാൻസ്ഡ് ആയ ജനതയുള്ള ഒരു രാജ്യത്തെ മഹാഭൂരിപക്ഷവും തെരഞ്ഞെടുത്ത ആളാണ് ട്രംപ്. കഴിഞ്ഞ തവണ ഇലക്ടറൽ കോളേജ് വോട്ടിന്റെ ഭൂരിപക്ഷത്തിൽ മാത്രമാണ് അദ്ദേഹം പ്രസിഡന്റായത്, പോപ്പുലർ വോട്ട് ഡെമോക്രാറ്റുകൾക്കായിരുന്നു കൂടുതൽ. ഇത്തവണ പോപ്പുലർ വോട്ടിന്റെ കാര്യത്തിലും ട്രംപ് ബഹുദൂരം മുന്നോട്ടുപോയി. അതായത്, ബഹുഭൂരിപക്ഷം അമേരിക്കക്കാരും ട്രംപിനൊപ്പമായിരുന്നു എന്നർഥം.
ജനം തെരഞ്ഞെടുത്ത ഈ ട്രംപ് ആരാണ്? ഡസൻ കണക്കിന് കേസുകൾ- ബലാൽസംഗത്തോടടുത്തുവരുന്ന ആരോപണങ്ങൾ മുതൽ രാജ്യതലസ്ഥാനത്ത് കുഴപ്പമുണ്ടാക്കാൻ നോക്കി എന്നതടക്കമുള്ള കേസുകൾ ട്രംപിനെതിരെയുണ്ട്. കൂടാതെ, ടാക്‌സ് തട്ടിപ്പ്, വഞ്ചനയും ചതിയും നടത്തി തുടങ്ങിയ ഗുരുതര കേസുകളും. ഒരു കേസിൽ അദ്ദേഹത്തിനെതിരെ വിധിയും വന്നു. അതുകൊണ്ടാണ് പല മാധ്യമങ്ങളും, അമേരിക്കയുടെ ചരിത്രത്തിലാദ്യമായി കോടതി ശിക്ഷ വിധിച്ച കുറ്റവാളി പ്രസിഡന്റാകുന്നു എന്നു പറഞ്ഞത്. അത്തരമൊരാളെ തെരഞ്ഞെടുത്ത ജനത്തെ എങ്ങനെ വിശേഷിപ്പിക്കും എന്നൊരു ചോദ്യമുണ്ട്.
ജനം എന്നു പറയുന്ന സങ്കൽപ്പത്തെ ആദർശവൽക്കരിക്കുകയും കാൽപ്പനികവൽക്കരിക്കുകയും ചെയ്യുന്ന സമീപനങ്ങൾ തെറ്റാണ് എന്നുതന്നെയാണ് ട്രംപിന്റെ തിരിച്ചുവരവ് നമ്മളെ ബോധ്യപ്പെടുത്തുന്നത്.
സംഭവിക്കാൻ പോകുന്നത്
ട്രംപ് പ്രസിഡന്റാകുമ്പോൾ എന്തൊക്കെയാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് പൊതുവായി ചില കാര്യങ്ങൾ പറയാം (യാതൊരു മൗലികതയുമില്ലാത്ത കാര്യങ്ങൾ):
ഒന്ന്; അമേരിക്കയിൽ ആഭ്യന്തര രംഗത്ത് വലിയ മാറ്റമുണ്ടാകും. ലക്ഷോപലക്ഷം കുടിയേറ്റക്കാരെ അമേരിക്കയിൽനിന്ന് പുറത്താക്കും എന്നാണ് ട്രംപ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് സംഭവിക്കാനാണ് സാധ്യത. അതിനെതിരെ നിയമപരമായ വെല്ലുവിളികളുണ്ടാകുമെങ്കിലും അമേരിക്കയിൽ അതുണ്ടാക്കാൻ പോകുന്ന വിഹ്വലത കടുത്തതായിരിക്കും.
രണ്ട്; കഴിഞ്ഞ തവണ ട്രംപ് പ്രസിഡന്റായപ്പോൾ ‘മുസ്‌ലിം ബാൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു തിട്ടൂരം കൊണ്ടുവന്നിരുന്നു. ആറേഴു മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിലേക്ക് വരാൻ പാടില്ല. അത്തരം നടപടികൾ കുറച്ചുകൂടി ശക്തമാകാനാണ് സാധ്യത.
പ്രധാനപ്പെട്ട മൂന്നാമത്തെ സംഗതി, മാധ്യമങ്ങളോടുള്ള സമീപനമാണ്. ലോകത്തിലെ സ്വാതന്ത്ര്യത്തിന്റെ പറുദീസയായി വിവരിക്കപ്പെടുന്ന അമേരിക്കയിലെ പുതിയ പ്രസിഡന്റ് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ഏറ്റവും വലിയ ശത്രുക്കളായി കാണുന്നത് മാധ്യമങ്ങളെയാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ പോലും ട്രംപ് ഏറ്റവും വലിയ ശത്രുവായി പറയുന്നത് അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളെയാണ്. മാധ്യമങ്ങളെ മാത്രമല്ല, തന്റെ നയങ്ങളെയും സമീപനങ്ങളെയും എതിർക്കുന്ന എല്ലാവരെയും നേരിടാനുള്ള ത്വര അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലുടനീളമുണ്ടായിരുന്നു. പ്രസിഡന്റാകുമ്പോൾ അത് കൂടാനാണ് വഴി.
മറ്റു പല രാജ്യങ്ങളിലെയും ഭരണഘടനയുമായി താരതമ്യം ചെയ്യുമ്പോൾ, അമേരിക്കൻ ഭരണഘടന പ്രസിഡന്റിന് വലിയ അധികാരങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ, പ്രസിഡന്റുമാരെല്ലാം അധികാരത്തെ പക്വതയുടെയും വിവേകത്തിന്റെയും പരിധികൾക്കുള്ളിൽ മാത്രമാണ് ഉപയോഗിച്ചുവന്നിട്ടുള്ളത് എന്നു കാണാം. അതിന് എടുത്തുപറയാൻ കാര്യമായ അപവാദങ്ങളില്ല. എന്നാൽ, ട്രംപോ?
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി, അമേരിക്കൻ പ്രസിഡന്റിനുള്ള അധികാരങ്ങളത്രയും താൻ ഉപയോഗിക്കും, അതിനുവേണ്ടി ഒരു ദിവസം താൻ ഏകാധിപതി വരെയാകും എന്നു പറയുന്ന ഒരാളാണ് ട്രംപ്. പ്രസിഡന്റിന്റെ അധികാരങ്ങളെ വലിച്ചുനീട്ടുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഒരാളായിരിക്കും ട്രംപ് എന്നതിൽ ഒരു സംശയവുമില്ല.
മാത്രമല്ല, അതിന് സഹായകരമായ ഒരു കോടതിവിധി കൂടി ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിലുണ്ട്. സുപ്രീംകോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്, അധികാരത്തിലിരിക്കുമ്പോൾ ഒരു പ്രസിഡന്റ് എടുക്കുന്ന ഔദ്യോഗിക തീരുമാനങ്ങൾ എന്താണെങ്കിലും അതിന്റെ പേരിൽ അവർ പിന്നീട് നിയമക്കുരുക്കുകളിൽ പെടാൻ പാടില്ല എന്നാണ്. ഈ വിധിയെ അങ്ങേയറ്റം അയവോടെ ട്രംപ് ഉപയോഗിക്കാനാണ് സാധ്യത. കാരണം, അധികാരത്തിലിരുന്ന് താൻ എന്തു ചെയ്താലും, പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയശേഷം ആർക്കും തനിക്കെതിരെ നിയമനടപടിയെടുക്കാനാകില്ല എന്ന ഉറപ്പാണ് ഈ കോടതിവിധി നൽകുന്നത്.
ഇന്നത്തെ ലോകക്രമത്തിൽ ട്രംപിന്റെ പ്രസിഡന്റ്ഷിപ്പുണ്ടാക്കാൻ പോകുന്ന ഏറ്റവും വലിയ പ്രത്യാഘാതം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിലപാടുകളിലാകും.
ട്രംപ് അടക്കമുള്ളവർ ഭരണത്തിൽ വരുന്നതിന്റെ സാമ്പത്തിക സാഹചര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. ലോകത്ത് കഴിഞ്ഞ കുറെ വർഷങ്ങളായി സാമ്പത്തിക അസമത്വം അനുദിനം കൂടിക്കൂടിവരികയാണ്. പ്രത്യേകിച്ച്, കോവിഡ് കാലത്ത് പല രാജ്യങ്ങളും സ്വീകരിച്ച സാമ്പത്തിക നയങ്ങൾ, പാവപ്പെട്ടവരെ കൂടുതൽപാവപ്പെട്ടവരാക്കുന്നതായിരുന്നു. അതേസമയം ഗവൺമെന്റ് എക്സ്പെൻഡീച്ചറിൽ വരുത്തിയ നിർണായക മാറ്റങ്ങളെതുടർന്ന്, ചെറിയ വിഭാഗം കൂടുതൽ സമ്പന്നരാകുകയും ചെയ്തു. അമേരിക്കയിൽ തന്നെ, 90 ശതമാനം പേർ കൂടുതൽകഷ്ടപ്പാടുകളിലേക്ക് പോകുകയും പത്തു ശതമാനം ഓരോ വർഷവും അവരുടെ വരുമാനവും സമ്പത്തും ഇരട്ടിയാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരമൊരു ധ്രുവീകരണത്തിൽ കൂടിയാണ് വലതുപക്ഷം ശക്തമായി അധികാരത്തിൽ വരുന്നത്. അതുകൊണ്ട് നികുതിയുമായും മറ്റും ബന്ധപ്പെട്ട് ട്രംപ് എടുക്കാൻ പോകുന്ന തീരുമാനങ്ങൾ അമേരിക്കയുടെ ആഭ്യന്തര സാഹചര്യത്തെ സംബന്ധിച്ച് നിർണായകമായിരിക്കും.
ആഗോളതലത്തിലെ ‘ട്രംപ് ഇംപാക്റ്റ്’
ആദ്യ തവണ ട്രംപ് പ്രസിഡന്റായപ്പോൾ പൊതുവേ പൊസിറ്റീവായി എല്ലാവരും പറഞ്ഞിരുന്ന ഒരു കാര്യം, ട്രംപ് ഒരു യുദ്ധത്തിനും നേതൃത്വം നൽകിയിട്ടില്ല എന്നതാണ്. തെരഞ്ഞെടുപ്പ് ജയിച്ചുശേഷമുള്ള പ്രസംഗത്തിൽ അദ്ദേഹം തന്നെ പറയുന്നത്, താൻ പ്രസിഡന്റായിരുന്ന നാലുവർഷം അമേരിക്ക ലോകത്ത് എവിടെയും ഒരു യുദ്ധത്തിലും പങ്കെടുത്തിട്ടില്ല എന്നാണ്. ‘ഐസിസി’നെ തോൽപ്പിക്കുക മാത്രമാണ് ചെയ്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. അന്തർദേശീയതലത്തിലാകട്ടെ, സാമ്പത്തിക ക്രയവിക്രയങ്ങളിലാണ് കൂടുതൽ ശ്രദ്ധ.
സാധാരണ നിലയ്ക്ക് അമേരിക്കൻ പ്രസിഡന്റുമാർ ചെയ്യാത്ത ചില കാര്യങ്ങൾ ട്രംപ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് നോർത്ത് കൊറിയയിൽ കിം ജോ ഉന്നിനെ നേരിട്ടു കാണുന്നു. മറ്റൊന്ന്, പുട്ടിനുമായി അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്ന വളരെ അടുത്ത ബന്ധം. ഇതെല്ലാം വളരെ വിചിത്രമാണ്. കാരണം, അമേരിക്കൻ പ്രസിഡന്റുമാർ അതേവരെ നിലനിന്നുപോന്ന നയനടപടികളുടെ ഭാഗമായി നിൽക്കുകയാണ് പതിവ്. എന്നാൽ, ട്രംപിനെ സംബന്ധിച്ച് അതാതുസമയത്ത് തോന്നുന്നത് ചെയ്യുക, അതിന് ന്യായം കണ്ടെത്തുക, എന്ന രീതിയാണ്.
പ്രതികൂല കാലാവസ്ഥ
ഇന്നത്തെ ലോകക്രമത്തിൽ ട്രംപിന്റെ പ്രസിഡന്റ്ഷിപ്പുണ്ടാക്കാൻ പോകുന്ന ഏറ്റവും വലിയ പ്രത്യാഘാതം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നിലപാടുകളിലാകും. ഈ വിഷയത്തിൽ ലോകസംഘടനകൾ എടുക്കുന്ന നടപടികളും നയങ്ങളും വളരെ ദുർബലമാണെങ്കിലും, അവയെ കൂടുതൽ ക്ഷയിപ്പിക്കാനുതകുന്നതായിരിക്കും ട്രംപിന്റെ നിലപാടുകൾ. ഇത്തരം നയങ്ങൾക്ക് അമേരിക്ക നൽകുന്ന സാമ്പത്തികവും മറ്റുമായുള്ള പിന്തുണ പിൻവലിക്കാൻ ഏറെ സാധ്യതയുണ്ട്. പാരീസ് ഉടമ്പടിയിൽനിന്ന് അമേരിക്ക പിൻമാറിയത് ട്രംപിന്റെ ആദ്യ ടേമിലായിരുന്നുവല്ലോ. മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം മഹാ തട്ടിപ്പാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച ആളാണ് ട്രംപ്. ആ നിലയ്ക്ക്, അമേരിക്കൻ നയങ്ങൾ വളരെ ഭീഷണമായ രൂപത്തിൽ ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തെ ബാധിക്കാനിടയുണ്ട്.
അമേരിക്കൻ സാമ്രാജ്യക്രമം ക്ഷയിച്ചും തകർന്നും ഇരിക്കുകയാണ്. ‘സെനഫോബിക്’ എന്നു പറയാവുന്ന, ധ്രുവീകരണത്തിന്റെ തലതൊട്ടപ്പനായ ഒരാൾ പ്രസിഡന്റായി വരുന്നത്, ലോകക്രമത്തിനുമേലുള്ള അമേരിക്കയുടെ ആധിപത്യവും അധീശത്വവും കൂടുതൽ ക്ഷയിച്ചുവരുന്നതിന്റെ ലക്ഷണമായി കൂടിവേണം കാണാൻ.
ഇസ്രായേൽ, യുക്രെയ്ൻ, കൊറിയ, ചൈന?
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ട്രംപും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അതേസമയം, ജോ ബൈഡനും നെതന്യാഹുവും തമ്മിൽ വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നില്ല. ബൈഡന്റെ കാലത്ത് പരമ്പരാഗതമായി തുടർന്നിരുന്ന ഇസ്രായേൽ അനുകൂല നയങ്ങൾ തുടർന്നുവെന്നേയുള്ളൂ.
എന്നാൽ, ട്രംപ് നെതന്യാഹുവിന് എല്ലാ അർഥത്തിലും പൂർണമായ ബ്ലാങ്ക് ചെക്ക് കൊടുക്കാൻ സാധ്യതയുണ്ട്. ഓർക്കേണ്ട ഒരു കാര്യം, അമേരിക്കൻ എംബസി ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റിയത് ട്രംപ് പ്രസിഡന്റായിരുന്ന കാലത്താണ്. ആ അർഥത്തിൽ, തങ്ങളുടെ സെറ്റ്‌ലർ കൊളോണിയൽ നയങ്ങൾ നടപ്പാക്കാൻ ഇസ്രായേലിന് ഏതറ്റം വരെയും പിന്തുണ കൊടുക്കാനാണ് സാധ്യത.
യുക്രെയ്ൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ട്രംപും പുട്ടിനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കും മുന്നോട്ടുപോകുക എന്ന് ഇപ്പോൾ പറയാനാകില്ല. എങ്കിലും ‘നാറ്റോ’ക്ക് വേണ്ടത്ര പണം കൊടുക്കാത്ത രാജ്യങ്ങളൊന്നും ‘നാറ്റോ’യുടെ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല എന്ന നിലപാടാണ് ട്രംപിന്റേത്. അതുകൊണ്ട് യുക്രെയ്‌ന് അമേരിക്ക ഇതുവരെ നൽകിപ്പോന്ന പിന്തുണ ഇനിയും തുടരുമോ എന്നത് സംശയകരമാണ്.
നോർത്ത് കൊറിയക്കും ചൈനക്കുമെതിരെ സൗത്ത് കൊറിയയയെ പിന്തുണക്കുന്ന അമേരിക്കൻ നിലപാടിനെ പലപ്പോഴും ട്രംപ് ചോദ്യം ചെയ്തിട്ടുണ്ട്. പിന്തുണ കൊടുക്കണമെങ്കിൽ അതിന് പണം നൽകണം എന്നാണ് ട്രംപിന്റെ നിലപാട്. ഇപ്പോൾ സൗത്ത് കൊറിയയിലുള്ള 30,000- ഓളം അമേരിക്കൻ സൈനികർക്ക് ആ രാജ്യം ഏകദേശം ഒന്നര ബില്യൻ ഡോളർ ചെലവാക്കുന്നുണ്ട്. ഈ പിന്തുണ തുടരണമെങ്കിൽ സൗത്ത് കൊറിയ പത്ത് ബില്യൻ ഡോളർ കൊടുക്കേണ്ടിവരും. കൊറിയൻ പെനിൻസുലയിൽ എന്ത് മാറ്റമാണ് ട്രംപ് വരുത്താൻ പോകുന്നത് എന്നത് ആ പ്രദേശത്തെ ജിയോ പൊളിറ്റിക്സ് പരിഗണിച്ചാൽ, നിർണായകമാണ്.
മോദിയുടെ ട്രംപ്, ട്രംപിന്റെ മോദി
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ എന്തു സംഭവിക്കും എന്നതും കൗതുകകരമായ സംഗതിയാണ്. ബൈഡൻ പ്രസിഡന്റായശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഏറക്കുറെ കുഴപ്പമില്ലാത്ത ബന്ധമാണ് നിലനിർത്തിയിരുന്നത്. കാനഡയുടെ കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടായെങ്കിലും. എന്നാൽ, ട്രംപ് വരുന്നതോടെ ആ ബന്ധം ഒരുതരം പേഴ്‌സണൽ ഇന്റിമസിയുടെ തലത്തിലേക്ക് പോകുമെന്നതിൽ സംശയമില്ല. കാരണം നരേന്ദ്രമോദിയും ട്രംപും ഒരേ തൂവൽ പക്ഷികളാണ്, എല്ലാതരത്തിലും. മോദിയുടെ ധ്രുവീകരണ നടപടികൾക്കെല്ലാം ട്രംപിന്റെ നേർക്കുനേരെയുള്ള ശക്തമായ പിന്തുണ ലഭിക്കും. മുമ്പ് പ്രസിഡന്റായ സമയത്തും അങ്ങനെയായിരുന്നു. പ്രത്യേകിച്ച്, മതത്തിന്റെയും വംശത്തിന്റെയും പേരിൽ നടക്കുന്ന ധ്രുവീകരണങ്ങൾ രാഷ്ട്രീയലാഭത്തിന് ഉപയോഗപ്പെടുത്തുന്നതിൽ രണ്ടുപേരും ഒരേതൂവൽപക്ഷികളാണ്.
അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും ഇന്ത്യ പോലൊരു രാജ്യവുമായുള്ള രാഷ്ട്രീയ- കച്ചവട ബന്ധങ്ങൾ അതേപടി നിലനിൽക്കാറാണ് പതിവ്. അതേസമയം ചില കാര്യങ്ങളിലെങ്കിലും വ്യത്യാസം വരാനിടയുണ്ട്. എല്ലാ വർഷവും സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റ് മതസ്വാതന്ത്ര്യത്തിനെക്കുറിച്ച് ഇ്‌റക്കുന്ന റിപ്പോർട്ട് ഒരു ഉദാഹരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം എത്ര ആഴത്തിലുള്ളതാണെങ്കിലും ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ട പോലുള്ള കാര്യങ്ങളെക്കുറിച്ച് ശക്തമായ അഭിപ്രായപ്രകടനങ്ങൾ ഈ റിപ്പോർട്ടിലുണ്ടാകാറുണ്ട്. ട്രംപ് അധികാരത്തിൽ വരുന്നതോടെ അമേരിക്കയിൽ പല സ്ഥാപനങ്ങൾക്കും സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്താൻ കഴിയാതെ വരും. ആ നിലയ്ക്ക്, വളരെ ദുർബലമായ തോതിലെങ്കിലുമുള്ള വിമർശനാത്മകമായ റിപ്പോർട്ടുകൾ അമേരിക്കയിൽനിന്ന് പൂർണമായും ഇല്ലാതാകാനാണ് സാധ്യത.
ട്രംപിന്റെ നാലുവർഷം നരേന്ദ്രമോദിയെ സംബന്ധിച്ച് നല്ല കാലമായിരിക്കും എന്നുവേണം കരുതാൻ. എന്നാൽ, ഇന്ത്യയെ സംബന്ധിച്ച് നല്ലതാണോ എന്നതാണ് പ്രധാന ചോദ്യം.
2025 ജനുവരി 20ന് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിനുശേഷമുള്ള നാലു വർഷങ്ങൾ ലോകത്തെ സംബന്ധിച്ച് നിർണായകവും രസകരവുമായിരിക്കും.
ട്രംപ്; ക്ഷയിച്ചുവരുന്ന യു.എസിന്റെ പ്രതീകം
ട്രംപിന്റെ തിരിച്ചുവരവ്, ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ മാറ്റത്തിന്റെ സ്വഭാവിക പരിണതിയായി വേണം കാണാൻ. അതേസമയം, അത് ലോകഗതിയെ എങ്ങനെ സ്വാധീനിക്കും എന്നത് തീർച്ചയായും വേവലാതികളുണ്ടാക്കുന്ന ചോദ്യമാണ്. അടുത്ത നാലു വർഷം നമ്മൾ പല നിലയ്ക്കുമുള്ള മാറ്റങ്ങളും കാണേണ്ടിവരും. ഒരു കാര്യം നിസ്സംശയം പറയാം; അമേരിക്കൻ സാമ്രാജ്യക്രമം ക്ഷയിച്ചും തകർന്നും ഇരിക്കുകയാണ്.
‘സെനഫോബിക്’ എന്നു പറയാവുന്ന, ധ്രുവീകരണത്തിന്റെ തലതൊട്ടപ്പനായ ഒരാൾ പ്രസിഡന്റായി വരുന്നത്, ലോകക്രമത്തിനുമേലുള്ള അമേരിക്കയുടെ ആധിപത്യവും അധീശത്വവും കൂടുതൽ ക്ഷയിച്ചുവരുന്നതിന്റെ ലക്ഷണമായി കൂടിവേണം കാണാൻ.
മുമ്പ് പ്രസിഡന്റായപ്പോൾ പല കാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു ട്രംപ്. അതുകൊണ്ട് ഒരു കാര്യം ഉറപ്പിക്കാം; 2025 ജനുവരി 20ന് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിനുശേഷമുള്ള നാലു വർഷങ്ങൾ ലോകത്തെ സംബന്ധിച്ച് നിർണായകവും രസകരവുമായിരിക്കും. ട്രംപിന്റെ രണ്ടാം വരവ് അമേരിക്കയെയും ഇന്ത്യയെയും ലോകത്തെയും സംബന്ധിച്ച് വളരെ നിർണായകമാണ്. ഗുണകരമായ ഒന്നും ഒരുനിലയ്ക്കും കാണാൻ പറ്റുന്നില്ല. കാരണം, ലോകത്തെ വലതുപക്ഷ ശക്തികൾക്ക് അമേരിക്കൻ പ്രസിഡന്റിന്റെ പൂർണ പിന്തുണ എല്ലാ അർഥത്തിലും ഉറപ്പുവരുത്തുന്ന ഒരു തെരഞ്ഞെടുപ്പുഫലമാണ് അമേരിക്കയിൽനിന്ന് വന്നിട്ടുള്ളത്.