അമേരിക്കയും ലോകവും പുതിയ ട്രംപ് യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നര നൂറ്റാണ്ടോടടുക്കുന്ന അമേരിക്കൻ ജനാധിപത്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് എന്ന ഖ്യാതി കമലാ ഹാരിസിനു നഷ്ടമായി. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിന്റെ തിരിച്ചുവരവ്. ഇത് ലോകക്രമത്തെ എങ്ങനെ ബാധിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഓരോ നാലു വർഷവും അമേരിക്കക്കാർ ചെയ്യുന്ന വോട്ടിൽ, ലോകമാകെ ശ്രദ്ധലുക്കളാകാറുണ്ട്. അതിന് കാരണം, അമേരിക്കൻ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങൾ ലോകത്തെയാകെ ബാധിക്കുന്നു എന്നതാണ്. അവിടേക്കാണ് ട്രംപ് വീണ്ടും വരുന്നത്. അപ്രതീക്ഷിത തീരുമാനങ്ങൾ കൈകൊള്ളുന്ന വ്യക്തിയാണ് ട്രംപ്. ഇത്തവണ എന്ത് അപ്രതീക്ഷിത തീരുമാനമാണ് വാഷിങ്ടൺ ഡി. സിയിൽ നിന്നുവരുന്നത് എന്നാണ് ലോകം ഒട്ടൊക്കെ കൗതുകത്തോടെ നോക്കിയിരിക്കുന്നത്.
ട്രംപിന്റെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു. അമേരിക്കൻ സമൂഹം നേരിടുന്ന നാനാതരം പ്രതിസന്ധികളെ തരണം ചെയ്യാൻ ശേഷിയുള്ള നേതാവല്ലാതിരുന്നിട്ടും അമേരിക്കൻ ജനത ട്രംപിനെ തിരഞ്ഞെടുത്തു. അതിന് ആഭ്യന്തരമായ നിരവധി കാരണങ്ങൾ അവർക്കുണ്ടായിരുന്നു. അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയം പോലെ പ്രധാനമാണ് അന്തർദേശീയ രാഷ്ട്രീയത്തിലെ ട്രംപ് സ്വാധീനവും.
റഷ്യ- യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ നിലപാട്, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ അത്രകണ്ട് സന്തോഷിപ്പിക്കുന്നതായിരിക്കില്ല. അമേരിക്ക യുക്രൈന് നൽകുന്ന സൈനിക- സാമ്പത്തിക സഹായങ്ങൾക്ക് പുനർചിന്തനമുണ്ടാവാൻ സാധ്യതയുണ്ട്. കാരണം മേഖലയിലെ യുദ്ധം അനന്തമായി തുടരുന്നതിനെ ട്രംപ് ഭരണകൂടം പിന്തുണക്കാൻ സാധ്യതയില്ല. മാത്രമല്ല, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് യുക്രൈൻ- റഷ്യ യുദ്ധത്തിൽ അമേരിക്ക യുക്രൈന് നൽകുന്ന സൈനിക സഹായങ്ങൾ നിർത്തലാക്കണം എന്ന പക്ഷക്കാരനാണ്. അതുകൊണ്ട് സമാധാന ചർച്ചകൾക്കോ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ശ്രമങ്ങൾക്കോ അനുസരിച്ചായിരിക്കും ട്രംപിന്റെ യുക്രൈൻ നയം. അതിലെ ഏറ്റവും വലിയ സ്വാധീന ഘടകം വ്ലാഡിമിർ പുട്ടിനാണെന്നതിൽ സംശയമില്ല.
അമേരിക്കൻ വിദേശനയത്തിലെ നിർണായക ഘടകമാണ് ചൈന. അതുകൊണ്ട് അമേരിക്കൻ പൊതുജീവിതത്തിൽ പാർട്ടിവ്യത്യാസമില്ലാതെ വർധിച്ചുവരുന്ന ചൈന വിരുദ്ധതയെ കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് അജണ്ട നിർമ്മിക്കാനും ട്രംപ് ശ്രമിക്കാറുണ്ട്.
പലസ്തീനെതിരായ ഇസ്രായേൽ യുദ്ധത്തിൽ മറ്റൊരു തരത്തിലായിരിക്കും ട്രംപിന്റെ നയം പ്രതിഫലിക്കുക. അമേരിക്കയുടെ ആജീവനാന്ത ശത്രുവായ ഇറാൻ ഇസ്രായേലിനെതിരെ എടുക്കുന്ന നിലപാടുകൾ അമേരിക്കയുടെ പശ്ചിമേഷ്യൻ നയത്തിലെ നിർണയ ഘടകമാവറുണ്ട്. അതുകൊണ്ട് ടെൽ അവിവിനെ പിന്തുണക്കുന്ന നിലപാടായിരിക്കും ഇസ്രായേൽ- പലസ്തീൻ വിഷയത്തിലുണ്ടാവുക എന്ന് അനുമാനിക്കാം. അതല്ല, മറിച്ച്, സമാധാന ശ്രമങ്ങൾക്കും സാധ്യതയുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ താല്പര്യങ്ങളും വ്യാപാര- വാണിജ്യ ഘടകങ്ങളും ട്രംപിന്റെ നയത്തെ സ്വാധീനിക്കാൻ ഇടയുണ്ട്. സൗദി - ഇസ്രായേൽ നോർമലൈസെഷൻ ട്രംപിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളിൽ ഒന്നാണ്. അതും അടുത്ത നാലുവർഷത്തിലെ മുൻഗണനാ ക്രമത്തിൽ ഇടംപിടിച്ചേക്കാം.
ഇങ്ങനെ ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നതും അമേരിക്കക്ക് കൃത്യമായ ഇടപെടൽ സാധ്യമാകുന്നതുമായ വിഷയങ്ങളിൽ ട്രംപ് തന്റെ ശൈലി പോലെ തന്നെ 'അപ്രതീക്ഷിത' നിലപാട് പറയുമെന്ന് പ്രതീക്ഷിക്കാം.
ചൈനയും ട്രംപും തമ്മിൽ?
അന്താരാഷ്ട്ര തലത്തിൽ അടുത്ത നാലു വർഷത്തിൽ ഏറെ ചർച്ചയാകുക യു. എസ്- ചൈന ബന്ധമായിരിക്കും. കഴിഞ്ഞ ഭരണകാലത്തും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്. അത് ഏറെക്കുറെ വഷളായിരുന്നു എന്നുതന്നെ പറയാം. ചൈന ശ്രദ്ധാപൂർവമാണ് അമേരിക്കൻ തെരഞ്ഞെടുപ്പിനെയും ട്രംപിന്റെ വിജയത്തെയും നോക്കികണ്ടത്.
അമേരിക്കൻ വിദേശനയത്തിലെ നിർണായക ഘടകമാണ് ചൈന. അതുകൊണ്ട് അമേരിക്കൻ പൊതുജീവിതത്തിൽ പാർട്ടിവ്യത്യാസമില്ലാതെ വർധിച്ചുവരുന്ന ചൈന വിരുദ്ധതയെ കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് അജണ്ട നിർമ്മിക്കാനും ട്രംപ് ശ്രമിക്കാറുണ്ട്. ഇത് അമേരിക്കൻ മണ്ണിൽ കൂടുതൽ ആഴത്തിൽ വേരുറപ്പിക്കാൻ ട്രംപിനെ സഹായിക്കും. വ്യാപാരക്കമ്മി, അസമത്വം, ഇറക്കുമതി, തുടങ്ങിയ നിരവധി ഘടകങ്ങൾ അമേരിക്കൻ പൊതുജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയെ കാര്യമായി പരിഗണിക്കാൻ ട്രംപ് ശ്രമിക്കാറുണ്ട്.
2018 ലാണ് ട്രംപ് ചൈനക്കെതിരെ വ്യാപാരയുദ്ധം ആരംഭിക്കുന്നത്. 1974- ലെ ട്രേഡ് ആക്ട് 301 പ്രകാരം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് അമേരിക്ക കടുത്ത ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി. ഏതാണ്ട് 25% ൽ കൂടുതലായിരുന്നു ഇത്. 360 ബില്യൺ ഡോളർ മൂല്യം വരുന്ന ഇറക്കുമതി ചുങ്കമാണ് അധികമായി ചുമത്തിയത്. പിന്നീടുവന്ന ബൈഡൻ സർക്കാർ കൂടുതൽ ഉൽപ്പന്നങ്ങളിലേക്ക് ഈ ചുങ്കം വ്യാപിപ്പിച്ചു; അതിനെ നിലനിർത്തി. ഈ വ്യാപാരയുദ്ധം വീണ്ടും തുടരുമെന്നതിൽ സംശയമില്ല. ഇത് ചൈനയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ എങ്ങനെ സ്വാധീനിക്കും എന്നാണ് കാണേണ്ടത്. ഈ നയത്തിന്റെ പ്രധാന ഉദ്ദേശ്യം, ആഗോള ഇറക്കുമതി വർധിച്ചതോടെ അമേരിക്കയുടെ ഉത്പാദനരംഗത്ത് നഷ്ടമായ ജോലിസാധ്യതകളെ തിരിച്ചുകൊണ്ടുവരികയാണ്. അതുകൊണ്ടുതന്നെ വ്യാപകമായി അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിന് പിന്തുണ കിട്ടും.
ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 60 ശതമാനത്തിനു മുകളിൽ ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രസംഗിച്ചത്. അതുപോലെ, അടുത്ത നാല് വർഷത്തിനുള്ളിൽ ചൈനയിൽ നിന്നുള്ള അവശ്യ സാധനങ്ങളുടെ ഇറക്കുമതി പൂർണമായും ഇല്ലാതക്കുന്ന പദ്ധതിയും ട്രംപ് ക്യാമ്പ് മുന്നോട്ടുവെച്ചിരുന്നു. സമാനമായി കൂടുതൽ നിയന്ത്രണങ്ങൾ ചൈനക്കുമേൽ ചുമത്തുമെന്നും അവകാശപ്പെട്ടിരുന്നു. മാത്രമല്ല, ചൈനീസ് നിക്ഷേപങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
തായ്‌വൻ നിലപാട് ആണ് മറ്റൊരു പ്രധാന വിഷയം. ചൈന സ്വന്തം ടെറിട്ടറിയായി കണക്കാക്കുന്ന, എന്നാൽ സ്വതന്ത്ര അധികാരമുള്ള തായ്‌വാനിലെ ഭരണകൂടത്തിന് എല്ലാ പിന്തുണയും നൽകാൻ അമേരിക്ക ശ്രമിക്കും. അമേരിക്ക തായ്‌വനെ രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല. ചൈനയെ ഔദ്യോഗികമായി അംഗീകരിച്ചതിനും നയതന്ത്ര ബന്ധം ആരംഭിച്ചതിനും ശേഷം ഒരു അമേരിക്കൻ പ്രസിഡന്റും തായ്‌വനിലെ ഒരു നേതാവുമയും നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാൽ ഇതേ അമേരിക്ക തന്നെയാണ് തായ്‌വാന്റെ ഏറ്റവും വലിയ ആയുധ-സാമ്പത്തിക പങ്കാളി.
നിരവധി പോർമുഖങ്ങളിൽ ചൈനയും അമേരിക്കയും നേർക്കുനേർ നിൽക്കുന്നുണ്ട്. ട്രംപിന്റെ രണ്ടാം വരവ് ഈ പോർമുഖങ്ങളെ സജീവമാക്കുമെന്നതിൽ സംശയമില്ല.
അമേരിക്കയുടെ തായ്‌വാൻ പോളിസി അതിശക്തമായ ചൈന വിരുദ്ധ നിലപാട് കൂടിയാണ്. എന്നാൽ ട്രംപ് ചൈനക്കെതിരെ ഒരു സൈനിക പിന്തുണ തായ്‌വാന് കൊടുക്കുമെന്ന് അനുമാനിക്കാനാവില്ല. ജപ്പാൻ, കൊറിയ, തായ്‌വൻ, സൗത്ത് ചൈന സീ, മാലാക്കി കടലിടുക്ക്, ക്വഡ് തുടങ്ങിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ മേഖലയിലെ അമേരിക്കൻ നയം കൂടുതൽ ചൈനാ കേന്ദ്രീകൃതമാണ്. സമാനമായി ഇന്ത്യ- പസഫിക് മേഖലയിലെ അമേരിക്കൻ സ്വാധീനവും ചൈന സ്വാധീനത്തിൽ നിന്ന് മുക്തമല്ല.
ഇത്തരത്തിൽ നിരവധി പോർമുഖങ്ങളിൽ ചൈനയും അമേരിക്കയും നേർക്കുനേർ നിൽക്കുന്നുണ്ട്. ട്രംപിന്റെ രണ്ടാം വരവ് ഈ പോർമുഖങ്ങളെ സജീവമാക്കുമെന്നതിൽ സംശയമില്ല.
തിരിച്ചടിക്കാനും
സജ്ജീകരണം
അമേരിക്കയിലെ ഭരണമാറ്റത്തെ ചൈന ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. മേൽസൂചിപ്പിച്ച ചൈന വിരുദ്ധ അമേരിക്കൻ നിലപാടുകൾക്ക് മറുപടി നൽകാൻ സജ്ജമായ രീതിയിലാണ് ചൈന പ്രതികരിച്ചത്. ഇങ്ങോട്ട് താരിഫ് വർധിപ്പിച്ചാൽ അങ്ങോട്ടും വർധിപ്പിക്കുന്ന തരത്തിൽ ശക്തമായ തീരുമാനങ്ങളാണ് കൈകൊണ്ടിരിക്കുന്നത്. 2024 ഏപ്രിലിൽ നിലവിൽ വന്ന പുതിയ താരിഫ് നിയമം, ഇറക്കുമതിക്ക് ഏതെങ്കിലും രാജ്യം ചുങ്കം ചുമത്തിയാൽ അതേ നാണയത്തിൽ അവർക്ക് ചുങ്കം തന്നെ ഏർപ്പെടുത്തുന്ന പ്രത്യാക്രമണങ്ങൾക്ക് നിയമസാധുത നൽകുന്നതായിരുന്നു.
2021- ൽ പാസാക്കിയ ആന്റി ഫോറിൻ സങ്ഷൻസ് ലോ, ചൈനക്കെതിരെ നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യങ്ങളെ തിരിച്ചും ഉപരോധിക്കാൻ അനുമതി നൽകുന്ന നിയമമാണ്. 2024 ഒക്ടോബറിൽ ചൈന പുറത്തിറക്കിയ ‘Regulations on export control of Dual use items’ എന്ന പോളിസി നോട്ടിൽ ദേശീയ താല്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നിയമപരമായ സാധ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇങ്ങനെ തിരിച്ചടിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ചൈനയും ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന കൊടുത്ത് അവയെ സംരക്ഷിക്കുന്ന തരത്തിലുള്ള കൂടുതൽ നടപടികൾ ചൈനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
2024 ലെ അമേരിക്കൻ തിരഞ്ഞെടുപ്പ്, പ്രത്യേകിച്ച് ട്രംപിന്റെ വിജയം, ചൈനയെ കൂടുതൽ ആഴത്തിൽ നയതന്ത്ര ഇടപെടലിനെ പ്രേരിപ്പിക്കുന്നതാണ്. വലിയൊരു വ്യാപാരയുദ്ധം ചൈന ആഗ്രഹിക്കാനിടയില്ല. ഷി ജിങ്പിങ് ഒരു മികച്ച സാമ്പത്തിക ഡീൽ മുന്നോട്ടുവെച്ചാൽ വാഷിങ്ടൺ കൂടുതൽ ചർച്ചക്ക് സാഹചര്യമൊരുക്കും എന്നു പ്രതീക്ഷിക്കാം.
ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തികശക്തികൾ തമ്മിലുള്ള ബന്ധം ലോകത്തെയാകെ ബാധിക്കും. അമേരിക്കയുടെ ചൈന നയം ട്രംപ് വരുന്നതോടെ കൂടുതൽ കടുപ്പമേറിയതാവും. ഇവ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് ചൈനീസ് നയതന്ത്ര വിദഗ്ദരുടെ പുതിയ വെല്ലുവിളി. ആഭ്യന്തര തൊഴിൽ സാധ്യതകളെ വർധിപ്പിക്കേണ്ട ആവശ്യം ഇരുരാജ്യങ്ങൾക്കുമുണ്ട്. അതിനെ ഫലപ്രദമായി അഭിസംബോധന ചെയ്തുവേണം ഇരു രാജ്യങ്ങളും തങ്ങളുടെ വിദേശ- സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്താൻ. അടുത്ത നാല് വർഷം ചൈന- അമേരിക്ക ബന്ധത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നതെന്നത് ഏറെ നിർണായകമാണ്.