ഖഷോഗി വധം; അമേരിക്ക പുറത്തുവിട്ട റിപ്പോർട്ടിനു പിറകിൽ

""തുർക്കിയിലെ ഇസ്തംബൂളിൽ വെച്ച് സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കീഴടക്കുകയോ വധിക്കുകയോ ചെയ്യാനുള്ള പദ്ധതിക്ക് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അനുമതി നൽകി എന്ന് ഞങ്ങൾ വിലയിരുത്തുന്നു.''

മാധ്യമപ്രവർത്തകനും സൗദിഭരണകൂടത്തിന്റെ നിശിത വിമർശകനുമായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ, സൗദി കിരീടാവകാശിയും, സൗദി ഭരണാധികാരിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പങ്ക് ശരിവെക്കുകയാണ് യു.എസ് സുരക്ഷ ഏജൻസി ODNI (Office of the Director of National Intelligence)-യുടെ റിപ്പോർട്ട്.

ODNI റിപ്പോർട്ടിന്റെ പ്രസക്തഭാഗം

രാജ്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ കിരീടാവകാശിക്കുള്ള പരമോന്നത നിയന്ത്രണവും, കൃത്യനിർവഹണത്തിൽ മുഹമ്മദ് ബിൻ സൽമാന്റെ മുഖ്യ ഉപദേഷ്ടാവും, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും വഹിച്ച പങ്കാളിത്തത്തെയും ആധാരമാക്കിയാണ് ODNI റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടു വർഷത്തോളം പഴക്കമുള്ള റിപ്പോർട്ട് യു.എസിലെ അധികാരമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയത്.

ജമാൽ ഖഷോഗി വധം

2017, ജൂൺ
ദശാബ്ദങ്ങളോളം സൗദി രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയ പ്രമുഖ മാധ്യമപ്രവർത്തകൻ. രാജകുടുംബത്തിന്റെ ഉപദേഷ്ടാവായും ഖഷോഗി സേവനമനുഷ്ഠിച്ചിരുന്നു. 2017 ജൂൺ 21-ന് സൗദി ഭരണാധികാരം സൽമാൻ രാജാവിന്റെ മകൻ മുഹമ്മദ് ബിൻ സൽമാന് കീഴിലായതോടെ ഖഷോഗി സൗദിയുമായി അകന്നു. അധികാര കൈമാറ്റം നടന്ന അതേ സമയം യു.എസിലെ വാഷിങ്ടൺ ഡി.സിയിലേക്ക് ഖഷോഗി താമസം മാറുകയും ചെയ്തു. യു.എസിലെത്തിയ ഖഷോഗി സൗദി ഭരണകൂടത്തെ വിമർശിച്ച് വാഷിങ്ടൺ പോസ്റ്റിൽ കോളം എഴുതാൻ ആരംഭിച്ചു. 2017 സെപ്തംബറിൽ പ്രസിദ്ധീകരിച്ച ആദ്യ കോളത്തിൽ പ്രതിഷേധങ്ങൾക്കെതിരെ കിരീടാവകാശിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അടിച്ചമർത്തലിന്റെ ഭാഗമായി താനും അറസ്റ്റിലായേക്കും എന്നദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

മെയ് 2018
തുർക്കിയിൽ പിഎച്ച്ഡി ചെയ്യുന്ന 36-കാരിയായ Hatice Cengiz-മായി ഖഷോഗി പ്രണയത്തിലാവുന്നു. തുർക്കിയിലെ നിയമമനുസരിച്ച് Cengiz- മായി വിവാഹ ബന്ധത്തിലേർപ്പെടാൻ ഖഷോഗി ആദ്യഭാര്യയിൽ നിന്ന്​ വിവാഹമോചനം നേടിയെന്നു കാണിക്കുന്ന രേഖ ഹാജരാക്കേണ്ടതുണ്ട്.

സെപ്തംബർ 28, 2018
സൗദിയിൽ താമസിക്കുന്ന തന്റെ ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടിയെന്ന് തെളിയിക്കുന്ന രേഖകൾ കൈപ്പറ്റാൻ ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ ആദ്യ സന്ദർശനം നടത്തി. ഒക്ടോബർ 2-ന് തിരിച്ചെത്തി രേഖകൾ കൈപ്പറ്റാനായിരുന്നു കോൺസുലേറ്റിൽ നിന്ന്​ഖഷോഗിക്കു ലഭിച്ച നിർദ്ദേശം.

ഒക്ടോബർ 2, 2018
നിർദേശപ്രകാരം രണ്ടാം തിയ്യതി Cengiz- നോടൊപ്പം പ്രാദേശിക സമയം 13.14ന് ഖഷോഗി വീണ്ടും കോൺസുലേറ്റിലെത്തിയത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കോൺസുലേറ്റിന് അകത്തുവെച്ച് തനിക്ക് എന്തെങ്കിലും അനിഷ്ടം സംഭവിച്ചാൽ തുർക്കി പ്രസിഡന്റ് റജബ് എർദ്വാന്റെ അടുത്ത അനുയായി യാസിൻ അക്തായെ ബന്ധപ്പെടണമെന്ന് Cengiz- നോട് ചട്ടം കെട്ടി ഖഷോഗി അകത്തേക്കു പ്രവേശിച്ചു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഖഷോഗി തിരിച്ചെത്താഞ്ഞത് അന്വേഷിച്ച Cengiz-ന് കോൺസുലേറ്റിൽ നിന്ന്​ലഭിച്ച മറുപടി, രേഖകൾ കൈപ്പറ്റിയ ഉടൻ അദ്ദേഹം പിൻവാതിലിലൂടെ തിരിച്ചു പോയെന്നാണ്.

ഒക്ടോബർ 2, ODNI റിപ്പോർട്ടിൽ പറയുന്നത്

2018, ഒക്ടോബർ 2ന് സൗദിയിൽ നിന്ന്​ 15-അംഗ സംഘം ഇസ്തംബൂളിൽ എത്തുന്നു. Saudi Center for Studies and Media Affairs (CSMARC)-ൽ ജോലി ചെയ്യുന്നതോ അതുമായി ബന്ധപ്പെട്ടവരോ ആയ ആളുകൾ സംഘത്തിലുണ്ടായിരുന്നു. ഓപറേഷന്റെ സമയത്ത് CSMARC-ന്റെ തലപ്പത്തുണ്ടായിരുന്നത് മുഹമ്മദ് ബിൻ സൽമാന്റെ മുഖ്യ ഉപദേഷ്ടാവ് സൗദ് അൽ- ഖത്താനി ആയിരുന്നു. കിരീടാവകാശിയുടെ അനുമതി കൂടാതെ താൻ ഒരു തീരുമാനവും എടുത്തില്ലെന്ന് 2018-ൽ ഖത്താനി പരസ്യമായി പറഞ്ഞിട്ടുണ്ട്.

ജമാൽ ഖഷോഗി

റാപിഡ് ഇന്റർവെൻഷൻ ഫോഴ്‌സ് (RIF) എന്നറിയപ്പെടുന്ന, മുഹമ്മദ് ബിൻ സൽമാന്റെ സുരക്ഷ സംഘത്തിൽ പെട്ട ഏഴു പേരും സംഘത്തിലുണ്ടായിരുന്നു. സൗദി റോയൽ ഗാർഡിന്റെ ഉപസംഘമാണ് RIF. ഭരണാധികാരിയുടെ സുരക്ഷയാണ് ഇവരുടെ പരമപ്രധാന ലക്ഷ്യം. ഭരണാധികാരിയോടു മാത്രമേ മറുപടി പറയാൻ ഇവർക്ക് ബാധ്യതയുള്ളു. സൗദി കിരീടാവകാശിയുടെ നിർദേശപ്രകാരം രാജ്യത്തിനകത്തും പുറത്തുമുള്ള എതിർ ശബ്ദങ്ങളെ അടിച്ചമർത്താൻ ഈ സംഘം മുമ്പും നേരിട്ടു പ്രവർത്തിച്ചിട്ടുണ്ട്. മുഹമ്മദ് ബിൻ സൽമാന്റെ അനുമതിയില്ലാതെ ഖഷോഗിക്കെതിരായ കൃത്യനിർവ്വഹണത്തിൽ RIF സംഘാംഗങ്ങൾ പങ്കെടുക്കില്ലെന്നുമാണ് ODNI-യുടെ വിലയിരുത്തൽ.

ശേഷം

ഖഷോഗിയുടെ തിരോധാനം സൗദി കോൺസുലേറ്റ് അടുത്ത ദിവസം തന്നെ ശരി വെച്ചെങ്കിലും, വിവാഹമോചന സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻ അദ്ദേഹം കോൺസുലേറ്റ് വിട്ടെന്ന വാദത്തിൽ അവർ ഉറച്ചു നിന്നു. ഖഷോഗി കോൺസുലേറ്റിനകത്ത് ഇല്ലെന്നും, തുർക്കിയുടെ അന്വേഷണത്തിന് താൻ എതിരല്ലെന്നും മുഹമ്മദ് ബിൻ സൽമാൻ പറയുന്നത് ഒക്ടോബർ 5-നാണ്. എന്നാൽ ഒക്ടോബർ 9-ന് മാത്രമാണ് തുർക്കിക്ക് കോൺസുലേറ്റിനകത്ത് പ്രവേശിച്ച് പരിശോധിക്കാനുള്ള അനുമതി ലഭിച്ചത്. തൊട്ടടുത്ത ദിവസം സൗദിയിൽ നിന്ന് ഖഷോഗിയെ "വധിക്കാനെത്തിയ' 15 അംഗ സംഘത്തിന്റെ ചിത്രം തുർക്കി മാധ്യമങ്ങൾ പുറത്തു വിട്ടു. പിന്നാലെ മാധ്യമപ്രവർത്തകന്റെ തിരോധാനത്തിൽ സംയുക്ത അന്വേഷണം നടത്തുമെന്ന് സൗദിയും തുർക്കിയും അറിയിച്ചു. ഒക്ടോബർ 15-നു മാത്രമാണ് തുർക്കിയുടെ അന്വേഷണ സംഘം കോൺസുലേറ്റിലെത്തി പരിശോധന നടത്തിയത്. പിന്നാലെ ഖഷോഗിയെ കോൺസുലേറ്റിനകത്ത് വെച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയത്തെ പിന്തുണക്കുന്ന തെളിവുകൾ പരിശോധനയിൽ ലഭിച്ചെന്ന് തുർക്കി അവകാശപ്പെട്ടു.

സൗദിയുടെ മലക്കം മറിച്ചിൽ

2018 ഒക്ടോബർ 20നാണ് തുർക്കി കോൺസുലേറ്റിനകത്തു വെച്ച് ഖഷോഗി കൊല്ലപ്പെട്ട കാര്യം സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലഭിച്ച നിർദേശങ്ങൾ അട്ടിമറിച്ച 15 അംഗ ദൗത്യ സംഘം അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സൗദി വക്താവ് റോയിട്ടേഴ്‌സിനോട് പറയുകയായിരുന്നു. ഖഷോഗിയുടെ മരണത്തിന് ഉത്തരവാദികളെന്നു കാട്ടി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേഷ്ടാവ് അൽ-ഖത്താനിയെ അടക്കം
11 പേരെ സൗദി അറേബ്യ വിചാരണ ചെയ്യാൻ തീരുമാനിച്ചത് നവംബർ 15-നാണ്. ഇവരിൽ കൊലപാതകത്തിന് ഉത്തരവിട്ടതും, മേൽനോട്ടം വഹിച്ചതുമായ അഞ്ചു പേർക്ക് വധ ശിക്ഷ ആവശ്യപ്പെടുമെന്നും സൗദി പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ 2019, ജനുവരി 3-ന് ആരംഭിച്ച വിചാരണയുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ച് യു.എൻ ഹ്യൂമൻ റൈറ്റ്‌സ് ഓഫിസ് രംഗത്തെത്തി. അന്താരാഷ്ട്ര പങ്കാളിത്തമുള്ള അന്വേഷണം അടിയന്തരമായി നടത്തണമെന്ന് യു.എൻ വക്താവ് ആവശ്യപ്പെടുകയും ചെയ്തു. ഖഷോഗി വധവുമായി ബന്ധപ്പെട്ട് യു.എൻ റാപോർട്ടർ Agnes Callamard-ഉം സംഘവും സമർപ്പിച്ച റിപ്പോർട്ടിൽ മുഹമ്മദ് ബിൻ സൽമാനെതിരെയും, സൗദിയിലെ ഉന്നത ഉദ്യോഗസ്ഥർക്കു നേരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിചാരണ ചെയ്യപ്പെട്ട 11 പേരിൽ എട്ടു പേർ കുറ്റക്കാരാണെന്നു കണ്ടെത്തി, അതിൽ അഞ്ചു പേർക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ മുൻകൂട്ടിയുള്ള പദ്ധതി പ്രകാരമല്ല കൊല നടന്നതെന്നു കാണിച്ച് മുഹമ്മദ് ബിൻ‌ സൽമാന്റെ ഉപദേഷ്ടാവ് അൽ- ഖത്താനിയെ സൗദി അന്ന് കുറ്റവിമുക്തനാക്കി.

സെപ്തംബറിൽ യു.എസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഖഷോഗിയെ വധിക്കാൻ താൻ ഉത്തരവിട്ടില്ലെന്ന് മുഹമ്മദ് ബിൻ സൽമാൻ വാദിക്കുന്നുണ്ടെങ്കിലും, തന്റെ ഭരണത്തിനു കീഴിൽ നടന്ന കൊലയുടെ പൂർണ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് കിരീടാവകാശി പറയുന്നുണ്ട്.

അമേരിക്കയുടെ ഇരട്ടത്താപ്പ്

സൗദിക്കും തുർക്കിക്കും പുറമേ ഖഷോഗി വധവുമായി ബന്ധപ്പെട്ട് യു.എസും നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ട്രംപിനു കീഴിൽ സൗദി ഭരണകൂടത്തെ ഖഷോഗി വധവുമായി കൂട്ടിക്കെട്ടാൻ യു.എസ് വിമുഖത കാട്ടിയിരുന്നു. ദൗത്യസംഘത്തിനു ലഭിച്ച കൃത്യമായ നിർദ്ദേശങ്ങൾ ലംഘിച്ചതായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം. ഖഷോഗിയെ കൊല ചെയ്യുന്ന സമയം കോൺസുലേറ്റിനകത്ത് നടന്ന സംഭാഷണങ്ങളെന്ന് തുർക്കി അവകാശപ്പെടുന്ന ശബ്ദശകലങ്ങളുടെ പകർപ്പ് യു.എസ് അടക്കമുള്ള രാജ്യങ്ങൾക്ക് അയച്ചിരുന്നു. എന്നാൽ താനത് തുറന്നു പോലും നോക്കിയില്ലെന്നാണ് ട്രംപ് പറഞ്ഞത്. 2019 ഡിസംബർ 17ന് ഖഷോഗി വധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇന്റലിജൻസ് റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.എസ് കോൺഗ്രസിൽ ഡിഫൻസ് ബിൽ പാസാക്കിയെങ്കിലും ട്രംപ് ഇതിനു കൂട്ടാക്കിയില്ല. റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് ദേശീയ സുരക്ഷ ഓഫീസിന്റെ സ്രോതസ്സുകളേയും അതിന്റെ പ്രവർത്തന രീതികളേയും വെളിച്ചത്താക്കുമെന്നായിരുന്നു ട്രംപിന്റെ ന്യായീകരണം.

സൗദിയുമായുള്ള നയതന്ത്ര ബന്ധത്തിന് ഒരു കാരണവശാലും പോറലേൽക്കരുതെന്ന ട്രംപിന്റെ നിർബന്ധം ഒരളവു വരെ ഖഷോഗി വധവുമായി ബന്ധപ്പെട്ട സൂക്ഷമവിചാരണകളിൽ നിന്നും മുഹമ്മദ് ബിൻ സൽമാനെ സംരക്ഷിച്ചിരുന്നു

സൗദിയുമായുള്ള നയതന്ത്ര ബന്ധത്തിന് ഒരു കാരണവശാലും പോറലേൽക്കരുതെന്ന ട്രംപിന്റെ നിർബന്ധബുദ്ധി ഒരളവു വരെ ഖഷോഗി വധവുമായി ബന്ധപ്പെട്ട സൂക്ഷമവിചാരണകളിൽ നിന്നും മുഹമ്മദ് ബിൻ സൽമാനെ സംരക്ഷിച്ചെന്നു പറയാം. കോൺഗ്രസിലെ എതിർപ്പുകൾക്കിടയിലും സൗദിയുമായുള്ള ആയുധ കരാറുകളും മറ്റും യു.എസ് നിർബാധം തുടർന്നു പോന്നു. യെമനിൽ സൗദി നടത്തിയിരുന്ന നിഴൽ യുദ്ധത്തിനും ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്നു.

എന്നാൽ നിർണായക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് സൗദിയുമായുള്ള ബന്ധം യു.എസ് ഉപേക്ഷിക്കുകയാണെന്ന് അർത്ഥമില്ല. സൗദിയുമായുള്ള ബന്ധത്തെ പുനക്രമീകരിക്കാനാണ് യു.എസിന്റെ ശ്രമമെന്നു വൈറ്റ് ഹൗസിന്റെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. ""ഒരു പ്രത്യേക വ്യക്തിയെക്കാൾ വലുതാണ് സൗദിയുമായുള്ള ബന്ധം'' എന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്റെ പ്രസ്താവനയും സൗദിക്ക് യു.എസ് കൽപ്പിക്കുന്ന പ്രാധാന്യത്തെ ഉറപ്പിക്കുന്നു.

ട്രംപിനു കീഴിൽ ആസ്വദിച്ച പിന്തുണ ബൈഡനു കീഴിൽ സൗദിക്കും മുഹമ്മദ് ബിൻ സൽമാനും ലഭിച്ചേക്കില്ലെങ്കിലും, പശ്ചിമേഷ്യയിലെ നിർണായക ശക്തിയെന്ന നിലക്ക് സൗദിയെ അവഗണിക്കാൻ യു.എസ് തയാറാവില്ല. മുഹമ്മദ് ബിൻ സൽമാനുമായല്ല, മറിച്ച് സൽമാൻ രാജാവുമായി ആയിരിക്കും ബൈഡൻ ആശയവിനിമയം നടത്തുകയെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയിൽ നിന്നും സൗദിയോടും മുഹമ്മദ് ബിൻ സൽമാനോടുമുള്ള ബൈഡൻ ഭരണകൂടത്തിന്റെ സമീപനം വ്യക്തമാവുന്നുണ്ട്.

എന്നാൽ പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഖഷോഗി വധവുമായി ബന്ധമുള്ള 76 സൗദി പൗരർക്കെതിരെ യു.എസ് യാത്രാ വിലക്കു ചുമത്തുമ്പോഴും, മുഖ്യപ്രതിയെന്ന് വിശേഷിപ്പിക്കാവുന്ന മുഹമ്മദ് ബിൻ സൽമാനെ പ്രസ്തുത പട്ടികയിൽ ഉൾപ്പെടുത്താൻ യു.എസ് തയ്യാറായിട്ടില്ല.

നയതന്ത്ര ബന്ധങ്ങളിൽ എന്നും മേൽക്കെെ കാത്തുസൂക്ഷിക്കണമെന്ന യു.എസിന്റെ സാമ്പ്രദായിക നിർബന്ധബുദ്ധിയെ തിരിച്ചു പിടിക്കാനുള്ള ശ്രമമായിരിക്കാം ഖഷോഗി വധത്തിന്റെ റിപ്പോർട്ട് പുറത്തു വിടാനുള്ള ബെെഡന്റെ നടപടിക്ക് ആധാരം

യു.എസ്സിനും സൗദിക്കുമിടയിൽ കാലാകാലങ്ങളായി നിലനിന്നു പോരുന്ന നയതന്ത്ര ബന്ധത്തിന്റെ സൂക്ഷമഭേദങ്ങൾ പരിശോധിച്ചാൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബൈഡൻ ഭരണകൂടം പുറത്തുവിട്ടതിൽ വിപ്ലവകരമായി ഒന്നുമില്ലെന്നു കാണാം. സൗദി നടത്തിപ്പോന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കു നേരെ ലാഭക്കൊതി മൂലം ട്രംപ് ഭരണകൂടം കണ്ണടച്ചപ്പോൾ, നയതന്ത്ര ബന്ധങ്ങളിൽ എന്നും മേൽക്കെെ കാത്തുസൂക്ഷിക്കണമെന്ന യു.എസിന്റെ സാമ്പ്രദായിക നിർബന്ധബുദ്ധി തിരിച്ചു പിടിക്കാനുള്ള ശ്രമമായിരിക്കാം ബെെഡന്റെ നടപടിക്ക് ആധാരം.

യു.എസ്, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നാണ് നിലവിൽ സൗദി ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത്. 2017ൽ മാത്രം 110 ബില്യൻ ഡോളറിന്റെ ആയുധകരാറിലാണ് യു.എസും സൗദിയും ഏർപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. യു.എസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിലയേറിയ ഡീൽ എന്നാണ് വൈറ്റ് ഹൗസ് ഇതിനെ വിശേഷിപ്പിച്ചത്.

മുഹമ്മദ് ബിൻ സൽമാനും സൗദി അറേബ്യയും

സൗദിയിൽ രാജഭരണം ആയിരുന്നെങ്കിൽ കൂടി, പൂർണ സ്വഭാവത്തിലുള്ള കുടുംബവാഴ്ച ആരംഭിക്കുന്നത് 2017-ൽ മുഹമ്മദ് ബിൻ സൽമാൻ അധികാരത്തിലേറിയതിന് ശേഷമാണ്. അധികാരത്തെ ചൊല്ലിയുള്ള കലഹങ്ങൾ നിയന്ത്രിക്കുന്നതിനായി സ്വന്തം മക്കളെ അധികാരം ഏൽപ്പിക്കുന്ന സമ്പ്രദായം ആധുനിക സൗദിയുടെ ആദ്യ ഭരണാധികാരി അബ്ദൽ അസീസ് വിലക്കിയിരുന്നു. പകരം അദ്ദേഹത്തിന്റെ ആൺമക്കളിലൂടെയായിരുന്നു സൗദിയുടെ അധികാരത്തിന്റെ സഞ്ചാര ദിശ. എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മക്കൾക്ക് പ്രായാധിക്യമാകുകയും യുവജനങ്ങൾ കൂടുതലുള്ള സൗദിക്ക് യുവാവായ ഭരണാധികാരിയെ വേണമെന്ന ആവശ്യം രാജകുടുംബത്തിൽ നിന്നു തന്നെ ഉയർന്നു വരികയും ചെയ്തു. ഇതിനു പിന്നാലെയാണ് സൽമാൻ രാജാവിന്റെ അനന്തരവൻ മുഹമ്മദ് ബിൻ നയീഫ് 2015-ൽ സൗദിയിൽ അധികാരത്തിൽ വരുന്നത്. എന്നാൽ നയീഫിന്റെ ഭരണത്തിന് രണ്ടു വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. 2017-ൽ തന്റെ പ്രിയപുത്രൻ മുഹമ്മദ് ബിൻ സൽമാനെ, സൽമാൻ രാജാവ് ഭരണാധികാരിയായി അവരോധിക്കുകയായിരുന്നു. പിന്നീട് പരമാധികാരം സ്വാംശീകരിക്കാനുള്ള പ്രയാണത്തിലായിരുന്നു മുഹമ്മദ് ബിൻ സൽമാൻ. ഇതോടെ രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ നിയന്ത്രണവും മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിലായി. ODNI-യുടെ റിപ്പോർട്ടിൽ മുഹമ്മദ് ബിൻ സൽമാനെതിരെ നിരത്തുന്ന പ്രധാനപ്പെട്ട തെളിവും രാജ്യത്തെ സുരക്ഷ വിഭാഗത്തിൽ അദ്ദേഹത്തിനുള്ള സമഗ്രാധിപത്യമാണ്.

എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന സാമ്പ്രദായിക ഭരണക്രമം ഒരു വശത്തും, സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനങ്ങളെ അഭിസംബോധന ചെയ്യുന്ന, വിനോദ വ്യവസായത്തേയും സ്വകാര്യവൽക്കരണത്തേയും പിന്തുണക്കുന്ന പുരോഗമന, ഉദാര ഭരണക്രമം മറുവശത്തും ഉയർത്തിപ്പിടിച്ചായിരുന്നു മുഹമ്മദ് ബിൻ സൽമാൻ സൗദിക്ക് പതിറ്റാണ്ടുകളായുള്ള നിശ്ചലതയിൽ നിന്ന്​ വിടുതൽ നൽകിയത്. അമിതമായി എണ്ണയെ ആശ്രയിക്കുന്ന സാമ്പത്തികക്രമത്തിൽ നിന്നും 2030-ഓടെ വിടുതൽ നേടാൻ അര ട്രില്ല്യൻ ഡോളർ ചെലവിട്ടാണ് അദ്ദേഹം സൗദിയിൽ NEOM പ്രൊജക്ട് നടത്തുന്നത്. ഇത് പാളിയാൽ രാജ്യം സാമ്പത്തിക പാപ്പരത്വം നേരിടുമെന്ന് ഖഷോഗി തന്നെ അൽ ജസീറയോട് പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്യാൻ സൗദിയിലെ മാധ്യമപ്രവർത്തകരോ, ബുദ്ധിജീവികളോ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇക്കാരണങ്ങളാൽ തന്നെ സൗദിയിലെ യുവതയ്ക്കിടയിൽ അദ്ദേഹത്തിന് ശക്തമായ സ്വാധീനം, അത് പ്രതികൂലമോ അനുകൂലമോ ആണെങ്കിൽ പോലും, ഉണ്ടെന്നത് നിർണായകമാണ്.

2020 മെയ് 22ന്, തന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാവർക്കും താനും തന്റെ സഹോദരങ്ങളും മാപ്പു നൽകുന്നുവെന്ന് ഖഷോഗിയുടെ മകൻ സലാഹ് ട്വീറ്റ് ചെയ്തത് സൗദിയിലെ അധികാരത്തിലും, സമ്പത്തിലും മുഹമ്മദ് ബിൻ സൽമാനുള്ള അനിഷേധ്യ സ്വാധീനത്തെ വെളിവാക്കുന്നതായി കാണാം. യു.എസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ നിരാകരിക്കാൻ സൗദി കൂട്ടുപിടിക്കുന്നതും സലാഹിന്റെ പ്രസ്താവനയാണ്.

യു.എസ് പുറത്തുവിട്ടത് തെറ്റായ വിവരങ്ങളാണെന്നും ഖഷോഗി വധവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ ജുഡീഷ്യൽ നടപടികളും തങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും, സൗദിയുടെ നടപടികൾ ഖഷോഗിയുടെ കുടുംബം സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തിൽ സൗദിയുടെ ഔദ്യോഗിക പ്രതികരണം.

ലോകമഹായുദ്ധാനന്തരം നയതന്ത്രത്തിലും, ലോകക്രമത്തിലും യു.എസ് പുലർത്തിപ്പോന്ന സമ്പൂർണാധിപത്യ സ്വഭാവത്തെ മുഹമ്മദ് ബിൻ സൽമാനെ ഉപയോഗിച്ച് ഓർമ്മിപ്പിക്കാനുള്ള യു.എസിന്റെ ശ്രമം എത്രത്തോളം വിജയകരമാവുമെന്ന് വരും ദിവസങ്ങളിൽ കാണാം.


Comments