വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈനികർ കൊണ്ടുപോകുന്നു.

മറ്റൊരു വെനസ്വേലയുണ്ടായിരുന്നു,
അത് ട്രംപ് ഭജനസംഘത്തിന് ഓർമയുണ്ടാകില്ല…

മഡുറോ ഭരണകൂടത്തിന്റെ അഴിമതിയും ജനാധിപത്യവിരുദ്ധതയും പ്രശ്നവത്ക്കരിക്കുമ്പോൾ തന്നെ, വെനസ്വേലയിലെ സാമ്പത്തിക തകർച്ചയെ അമേരിക്കൻ നേതൃത്വത്തിലുള്ള ഉപരോധങ്ങളുമായി ചേർത്തുവായിക്കേണ്ടതുണ്ട്- ഗുലാബ് ജാൻ എഴുതുന്നു.

വെനസ്വേല വെറുമൊരു രാജ്യമായിരുന്നില്ല, സാമ്രാജ്വത്വ രാഷ്ട്രീയത്തെ പ്രോജ്ജ്വലമാക്കിയ ഒരാശമായിരുന്നു. ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തെ ലോകത്തിന്റെ മുഖചിത്രമാക്കി മാറ്റിയ ഹ്യൂഗോ ഷാവേസ് നമ്മുടെ തെരുവുകളെ പോലും ത്രസിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. ഉയർന്ന ജീവിതനിലവാരവും സാമൂഹിക സുരക്ഷാസംവിധാനങ്ങളും ഉണ്ടായിരുന്ന രാജ്യം. അതിന്റെ പതനത്തിൽ ആഹ്ലാദിക്കുന്ന ‘ട്രംപ് ജനാധിപത്യത്തി'ന്റെ ഭജനക്കാർ അതോർക്കേണ്ടതാണ്. പട്ടിണിയും ദാരിദ്ര്യവും ഇന്ന് വെനസ്വേലയിൽ വിതച്ചത് അമേരിക്ക തന്നെയായിരുന്നുവെന്ന ചരിത്രവും മൂടിവെക്കാനാവുന്നതല്ല.

വെനസ്വേലയിലെ സാമ്പത്തിക തകർച്ചയെ മുഴുവൻ ആഭ്യന്തര ഭരണപരാജയത്തിന്റെ മേൽ മാത്രം കെട്ടിവെച്ചാണ്, ചിലർ ജനാധിപത്യത്തിന്റെ കാവൽ മാലാഖയാക്കി അമേരിക്കയെ ആദർശവത്ക്കരിക്കുന്നത്. മഡുറോ ഭരണകൂടത്തിന്റെ അഴിമതിയും ജനാധിപത്യവിരുദ്ധതയും പ്രശ്നവത്ക്കരിക്കുമ്പോൾ തന്നെ, വെനസ്വേലയിലെ സാമ്പത്തിക തകർച്ചയെ അമേരിക്കൻ നേതൃത്വത്തിലുള്ള ഉപരോധങ്ങളുമായി ചേർത്തുവായിക്കണം. ‘ഭരണകൂടത്തെ മാത്രം ലക്ഷ്യമിടുന്നു' എന്ന പേരിൽ അമേരിക്ക നടത്തിയ ഓരോ ഉപരോധവും വെനസ്വേലയുടെ മുഴുവൻ സാമ്പത്തിക വ്യവഹാരങ്ങളേയുമാണ് ഇറുക്കിപ്പിടിച്ചത്.

വെനസ്വേലയുടെ പ്രധാന വരുമാനസ്രോതസ്സ് നശിപ്പിക്കുന്നതായിരുന്നു എണ്ണവ്യവസായത്തെ നേരിട്ട് ലക്ഷ്യമിട്ട ഉപരോധങ്ങൾ. സർക്കാർ വരുമാനം ഇടിഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ഇറക്കുമതി തടസ്സപ്പെട്ടു. പിന്നീട് ബാങ്കിംഗ് നിയന്ത്രണങ്ങളും അന്താരാഷ്ട്ര വ്യാപാരവിലക്കുകളും വെനസ്വേലയെ ആഗോള സാമ്പത്തിക ശൃംഖലയിൽ നിന്ന് മുറിച്ചുമാറ്റി. ഇതിന്റെ ഫലമായി ഭക്ഷണവും മരുന്നും ഇല്ലാതെ സാധാരണക്കാർ മരിക്കുന്നത് പതിവായി. ഈ ഉപരോധങ്ങളത്രയും സാധാരണ ജനങ്ങളെയാണ് ബാധിച്ചത്. പല മനുഷ്യാവകാശസംഘടനകളും ചൂണ്ടിക്കാണിച്ചതുപോലെ, ഉപരോധങ്ങൾ വെനസ്വേലയിലെ ആരോഗ്യസംവിധാനങ്ങളുടെ തകർച്ചക്കും വ്യാപക ഭക്ഷ്യക്ഷാമത്തിനും കാരണമായി. സ്വാഭാവികമായും സർക്കാർ വിരുദ്ധവികാരവും പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടു.

വെനസ്വേലയുടെ പ്രധാന വരുമാനസ്രോതസ്സ് നശിപ്പിക്കുന്നതായിരുന്നു എണ്ണവ്യവസായത്തെ നേരിട്ട് ലക്ഷ്യമിട്ട യു.എസ് ഉപരോധങ്ങൾ.
വെനസ്വേലയുടെ പ്രധാന വരുമാനസ്രോതസ്സ് നശിപ്പിക്കുന്നതായിരുന്നു എണ്ണവ്യവസായത്തെ നേരിട്ട് ലക്ഷ്യമിട്ട യു.എസ് ഉപരോധങ്ങൾ.

വെനസ്വേലയിലെ പ്രതിസന്ധികൾ പൂർണ്ണമായി ബാഹ്യശക്തികളുടെ ഇടപെടലിലൂടെ ഉണ്ടായതാണെന്ന് പറയാനല്ല ശ്രമിക്കുന്നത്. തീർച്ചയായും ഷാവേസിന്റെ 1999-ലെ ‘ബൊളിവേറിയൻ വിപ്ലവം’ സാമൂഹിക നീതിയിലധിഷ്ഠിതമായി മുന്നോട്ടുപോകുകയും സാധാരണക്കാരായ ജനങ്ങളെ ഭരണപ്രക്രിയയിൽ നേരിട്ട് പങ്കെടുപ്പിക്കുംവിധം ജനാധിപത്യത്തെ വിപുലമാക്കുയും, അതിന് '21-ാം നൂറ്റാണ്ടിലെ സോഷ്യലിസം' എന്ന് വിശേഷിപ്പിക്കുന്ന നിലയിൽ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു എന്നത് കെട്ടുകഥയല്ല. എന്നാൽ, നിക്കോളാസ് മഡുറോ ഭരണം ക്രമേണ സ്വേച്ഛാധിപത്യത്തിലേക്കാണ് നീങ്ങിയത്.

വെനസ്വേലയിലെ കമ്യൂണിസ്റ്റ് പാർട്ടിയും (PCV) അതിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട പോപ്പുലർ റെവല്യൂഷണറി ആൾട്ടർനേറ്റീവും (APR) നിക്കോളാസ് മഡുറോയുടെ നിരന്തര വിമർശകരാണ്.

ഭരണകൂടത്തിന്റെ അമിത കേന്ദ്രീകരണം, നീതിന്യായസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടൽ, മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണം, രാഷ്ട്രീയ എതിരാളികളുടെ അറസ്റ്റും വേട്ടയാടലും എന്നീ നടപടികൾ മൂലം വെനസ്വേലയുടെ ജനാധിപത്യജീവിതം അസാധ്യമാകുന്ന ഒരു ഘട്ടത്തിലാണ് 2024-ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണം ശക്തമാകുന്നത്. ഇത് ജനങ്ങൾക്കിയിലെ അസംതൃപ്തിയും പ്രതിഷേധവും രൂക്ഷമാക്കി. സ്വതന്ത്രമായ തെരഞ്ഞെടുപ്പും ഭയമില്ലാത്ത ജീവിതവുമാണ് തങ്ങൾക്കാവശ്യം എന്ന പൊതുവികാരം വളരുന്നതിന് ഈ സാഹചര്യം ഇടയാക്കിയതായി വെനസ്വേലയിലെ സാമൂഹ്യശാസ്ത്രജ്ഞനും ഇടതുചിന്തകനുമായ എഡ്ഗാർഡോ ലാൻഡർ പങ്കുവെയ്ക്കുന്നുണ്ട്. അദ്ദേഹം അഭിപ്രായപ്പെട്ടതുപോലെ, അധികാരം അതിരുകടന്ന് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ ജനങ്ങളുടെ സ്വതന്ത്ര പങ്കാളിത്തവും ജനാധിപത്യ ഇടങ്ങളും ക്രമേണ ചുരുങ്ങുകയും പൗരരുടെ സാമൂഹിക– സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് വെനസ്വേലയിലെ കമ്യൂണിസ്റ്റ് പാർട്ടിയും (PCV) അതിന്റെ നേതൃത്വത്തിൽ രൂപപ്പെട്ട പോപ്പുലർ റെവല്യൂഷണറി ആൾട്ടർനേറ്റീവും (APR) നിക്കോളാസ് മഡുറോയെ നിരന്തരം വിമർശിക്കുന്നത്.

ബൊളിവേറിയൻ വിപ്ലവത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്തുന്ന വിധം അധികാരം കേന്ദ്രീകരിക്കുകയും ജനങ്ങളെ സജീവ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിത്തി ഭരണത്തിന്റെ ഉപഭോക്താക്കളാക്കി മാറ്റുകയും ചെയ്യുന്നത് സോഷ്യലിസ്റ്റ് വിമോചനത്തിന്റെ സങ്കൽപ്പങ്ങളെ ദുർബലപ്പെടുത്തും എന്നതായിരുന്നു PCV നിലപാട്. ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ അവിടത്തെ ജനതയുടെ ഇച്ഛയ്ക്ക് മൗലികപ്രാധാന്യമുണ്ട്.

 വെനസ്വേലയിലെ സാമൂഹ്യശാസ്ത്രജ്ഞനും ഇടതുചിന്തകനുമായ എഡ്ഗാർഡോ ലാൻഡർ. അധികാരം അതിരുകടന്ന് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ ജനങ്ങളുടെ സ്വതന്ത്ര പങ്കാളിത്തവും ജനാധിപത്യ ഇടങ്ങളും ക്രമേണ ചുരുങ്ങുകയും പൗരരുടെ സാമൂഹിക– സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്തതായി അദ്ദേഹം പറയുന്നു.
വെനസ്വേലയിലെ സാമൂഹ്യശാസ്ത്രജ്ഞനും ഇടതുചിന്തകനുമായ എഡ്ഗാർഡോ ലാൻഡർ. അധികാരം അതിരുകടന്ന് കേന്ദ്രീകരിക്കപ്പെട്ടപ്പോൾ ജനങ്ങളുടെ സ്വതന്ത്ര പങ്കാളിത്തവും ജനാധിപത്യ ഇടങ്ങളും ക്രമേണ ചുരുങ്ങുകയും പൗരരുടെ സാമൂഹിക– സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂട സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്തതായി അദ്ദേഹം പറയുന്നു.

ജനാധിപത്യവും സ്വാതന്ത്ര്യബോധവും മനുഷ്യന്റെ അടിസ്ഥാനവികാരവും ജീവിതസങ്കൽപ്പവുമാണ്. അത് ഒരു ഭരണക്രമത്തിന്റെ വെറും അലങ്കാരമുദ്രയല്ല. ഒരു species-being എന്ന നിലയിൽ മനുഷ്യന്റെ അസ്തിത്വവുമായി ചേർന്നുനിൽക്കുന്നതാണ്. മനുഷ്യനെ അവരുടെ ചരിത്രപരമായ അസ്തിത്വത്തിൽ നിന്നും സാമൂഹികജീവിതത്തിൽ നിന്നും വേർപെടുത്തി, വെറും കൂലിയടിമയാക്കി, ഉത്പാദനയന്ത്രത്തിന്റെ അനുബന്ധമാക്കി മാറ്റുന്നു എന്നതാണ് മുതലാളിത്തത്തോടുള്ള മാർക്സിന്റെ മൗലിക വിമർശനം. The Economic and Philosophic Manuscripts of 1844 എന്ന പുസ്തകത്തിൽ മാർക്സ് വിശദീകരിക്കുന്ന അന്യവൽക്കരണം (alienation) എന്നത് മറ്റൊന്നല്ല. അതുകൊണ്ടുതന്നെ, സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രാഥമിക ആലോചന ജനാധിപത്യത്തിലും സ്വാതന്ത്ര്യബോധത്തിലുമാണ്. മാർക്സ് തന്നെ “The free development of each is the condition for the free development of all” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിയുടെ സ്വതന്ത്ര വളർച്ച അടിച്ചമർത്തുന്ന സംവിധാനം, എത്ര തന്നെ സോഷ്യലിസം അവകാശപ്പെട്ടാലും അംഗീകരിച്ചുകൊടുക്കാനാവില്ല. ജനാധിപത്യം സോഷ്യലിസത്തിന്റെ ലക്ഷ്യത്തിനുശേഷമുള്ള ഒരു ബോണസല്ല; അത് അതിൽതന്നെ അന്തർലീനമായ രാഷ്ട്രീയവ്യവഹാരമാണ്.

വെനസ്വേലയിലെ സാമ്രാജ്യത്വ ഉപരോധങ്ങളെയും ഇടപെടലുകളെയും ശക്തമായി എതിർക്കുമ്പോൾ തന്നെ ആ രാജ്യത്തെ മനുഷ്യരുടെ ജനാധിപത്യാവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം, രാഷ്ട്രീയ പങ്കാളിത്തം, സ്വതന്ത്ര സംഘടനാസ്ഥലി തുടങ്ങിയവ തടയപ്പെട്ടിട്ടുണ്ടെങ്കിൽ, ചരിത്രത്തിൽ നിന്നവർ ഒന്നും പഠിക്കുന്നില്ല എന്ന് കരുതേണ്ടിവരും. രാഷ്ട്രീയവിഷയങ്ങളിലെ ജനങ്ങളെ ഒഴിച്ചുനിർത്തി, ‘നിങ്ങൾക്കുള്ളത് ഞങ്ങൾ ഒരുക്കിത്തരും’ എന്ന നിലയിലുള്ള രക്ഷാകർതൃത്വം ജനാധിപത്യത്തിന് ഭൂഷണമല്ല. അങ്ങനെ മൗനികളേയും വിധേയരേയും ഉൽപാദിപ്പിക്കുന്ന ഭരണസംവിധാനം മറ്റെന്തായാലും സോഷ്യലിസമാകില്ല.

സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് യൂണിയനിൽ ജനാധിപത്യ ഇടങ്ങൾ ചുരുക്കപ്പെട്ടത് സോഷ്യലിസത്തിന്റെ നൈതികബലത്തെ തന്നെയായിരുന്നു തകർത്തത്. ലാറ്റിനമേരിക്കയിൽ ചില ഇടതുപക്ഷ ഭരണകൂടങ്ങൾ ജനവികാരത്തെ അവഗണിച്ചപ്പോൾ, അത് വലതുപക്ഷത്തിനും സാമ്രാജ്യത്വ ശക്തികൾക്കും ഇടപെടാനുള്ള പരിസരം സൃഷ്ടിച്ചു.

അതുകൊണ്ടുതന്നെ വെനസ്വേലയോടുള്ള യഥാർത്ഥ സോഷ്യലിസ്റ്റ് ഐക്യദാർഢ്യം സാമ്രാജ്യത്വ- അധിനിവേശ വിരുദ്ധമായിരിക്കുമ്പോൾ തന്നെ, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യബോധവും പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നതുകൂടി അത് അർഥമാക്കുന്നുണ്ട്. ജനങ്ങൾ സ്വതന്ത്ര രാഷ്ട്രീയ വിഷയങ്ങളായി വികസിക്കുമ്പോഴാണ് മനുഷ്യനെ കൂലിയടിമ എന്ന നിലയിൽനിന്ന് മോചിപ്പിക്കണമെന്ന മാർക്സിന്റെ സ്വപ്നം ഒരു സാധ്യതയാകൂ.

“Narco-terrorism” എന്നാണ് വെനസ്വേലയിലെ ഭരണകൂടത്തിനെതിരെ ട്രംപിന്റെ ആരോപണം. എന്നിട്ടവർ ഒരു പരമാധികാര രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു. അതിന്റെ പേരിൽ സൈനിക നടപടികളിലേക്ക് കടക്കുന്നു.

സാമ്രാജ്യത്വാധീനതയിലൂടെ ജനാധിപത്യവും സ്വാതന്ത്ര്യവും സാധ്യമാകുമെന്നതിന് ചരിത്രത്തിൽ തെളിവുകളില്ല. എല്ലാ അധിനിവേശങ്ങളും ആഭ്യന്തര സംഘർഷങ്ങളെ രൂക്ഷമാക്കുകയും സാധാരണ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുകയും ചെയ്യുന്നതാണ് ചരിത്രം. അത്തരമൊരു അധിനിവേശത്തിന്റെ നീണ്ട ചരിത്രമുള്ള അമേരിക്ക വെനസ്വേലയിൽ ‘രക്ഷകവേഷം’ കെട്ടുന്നത് ജനങ്ങളുടെ സംരക്ഷണത്തിനല്ല; സ്വന്തം ഭൂ-രാഷ്ട്രീയ വ്യാപാര താൽപര്യങ്ങൾക്കാണെന്ന് ചരിത്രബോധമുള്ള മനുഷ്യർക്ക് തിരിച്ചറിയാനാകും. ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ മറ്റൊരു രാഷ്ട്രം കടന്നുകയറാൻ പാടില്ലെന്നത് ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നാണ്. എന്നാൽ ഇത്തരം നിയന്ത്രണങ്ങളും നിയമങ്ങളും അന്താരാഷ്ട്ര ധാരണകളും അമേരിക്കയ്ക്ക് ബാധകമല്ലെന്ന നിലപാട് ലോകം വിനീതമായി അംഗീകരിച്ചുകൊടുത്തിരിക്കുകയാണ്.

“Narco-terrorism” എന്നാണ് വെനസ്വേലയിലെ ഭരണകൂടത്തിനെതിരെ ട്രംപിന്റെ ആരോപണം. എന്നിട്ടവർ ഒരു പരമാധികാര രാഷ്ട്രത്തിന്റെ പ്രസിഡന്റിനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു. അതിന്റെ പേരിൽ സൈനിക നടപടികളിലേക്ക് കടക്കുന്നു. എല്ലാ അന്താരാഷ്ട്ര നിയമവ്യവസ്ഥകളും അട്ടിമറിക്കുന്ന രാഷ്ട്രീയ അഹങ്കാരത്തിന്റെ തുറന്ന പ്രകടനമാണിത്. ശക്തരാഷ്ട്രങ്ങൾ ദുർബല രാഷ്ട്രങ്ങൾക്കുമേൽ നടപ്പാക്കുന്ന ഇത്തരം കടന്നുകയറ്റങ്ങളെ അധിനിവേശമെന്നുതന്നെ വിളിക്കേണ്ടതുണ്ട്. അത് മറച്ചുവയ്ക്കാനുള്ള യാതൊരു ന്യായീകരണവും ജനാധിപത്യത്തിന്റെ പേരിൽ തന്നെ അംഗീകരിക്കാനാവില്ല.

അമേരിക്കയുടെ ചരിത്രം പരിശോധിക്കുമ്പോൾ, ഇത്തരം ആരോപണങ്ങൾ പുതിയതല്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഏതുതരം ആരോപണങ്ങളും എളുപ്പം നിർമ്മിക്കാനും വിശ്വസിപ്പിക്കാനും അവർക്ക് കഴിയും. 2003-ൽ ‘കൂട്ടനശീകരണ ആയുധങ്ങൾ’ ഉണ്ടെന്നാരോപിച്ചാണ് ഇറാഖിനെ ആക്രമിച്ചത്. അത് വ്യാജമായിരുന്നുവെന്ന് ലോകത്തിന് ബോധ്യപ്പെടാൻ ലക്ഷക്കണക്കിന് മനുഷ്യഹത്യകളും തകർന്ന ഒരു രാഷ്ട്രത്തിന്റെ അസ്ഥിവാരവും കാണേണ്ടിവന്നു.

ലിബിയയിൽ ഗദ്ദാഫിയെ നീക്കി ജനാധിപത്യം സ്ഥാപിക്കാൻ ഇറങ്ങിതിരിച്ച് ആ രാജ്യത്തെ സായുധ സംഘങ്ങളുടെ പിടിയിലേൽപ്പിച്ച് ദുരന്തരാഷ്ട്രമാക്കി മാറ്റി.

ചിലിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സാൽവഡോർ അല്ലെൻഡെയെ അട്ടിമറിച്ചതും പനാമയിലെയും നിക്കാരാഗ്വയിലെയും സൈനിക– രാഷ്ട്രീയ ഇടപെടലുകളും തുടങ്ങി, അമേരിക്കൻ അധിനിവേശങ്ങളുടെ ഭീകരമുഖങ്ങൾ ഓർമ്മയിൽ നിന്ന് നഷ്ടപ്പെട്ടില്ലാത്ത മനുഷ്യർക്ക് വെനസ്വേലയിൽ ഇനി ജനാധിപത്യത്തിന്റെ പൂക്കാലമാണെന്ന് വിശ്വസിക്കാൻ നിർവാഹമില്ല. വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ അമേരിക്കൻ ഊർജ്ജരാഷ്ട്രീയത്തിന് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കുമ്പോൾ, ഈ ഇടപെടലുകളുടെ യഥാർത്ഥ പ്രേരണ വ്യക്തമാകും.

ജനാധിപത്യം പുറത്തുനിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഒന്നല്ല; അത് സൈനിക ഇടപെടലുകളിലൂടെയോ ഉപരോധങ്ങളിലൂടെയോ ഒരു സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കാനുമാവില്ല.
ജനാധിപത്യം പുറത്തുനിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഒന്നല്ല; അത് സൈനിക ഇടപെടലുകളിലൂടെയോ ഉപരോധങ്ങളിലൂടെയോ ഒരു സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കാനുമാവില്ല.

വെനസ്വേലയുടെ ഭാവി നിർണ്ണയിക്കേണ്ടത് അവിടുത്തെ ജനങ്ങൾ തന്നെയാണ്. ജനാധിപത്യം പുറത്തുനിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഒന്നല്ല; അത് സൈനിക ഇടപെടലുകളിലൂടെയോ ഉപരോധങ്ങളിലൂടെയോ ഒരു സമൂഹത്തിന്മേൽ അടിച്ചേൽപ്പിക്കാനുമാവില്ല. അമർത്യസെൻ ചൂണ്ടിക്കാണിച്ചതുപോലെ, ജനാധിപത്യം ഒരു സ്ഥാപനമല്ല; അത് സാമൂഹികനീതിയിലും അഭിപ്രായസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ജീവിതവ്യവസ്ഥയുടെ ജനകീയ പരിശീലനമാണ്. വെനസ്വേലയിലെ ജനാധിപത്യ പുനർനിർമ്മാണം അവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയബോധത്തിലും അവരുടെ സ്വന്തം ഭാവനയിലും വളർന്നുവരേണ്ട പോരാട്ടമാണ്. അതിന് പകരംവെക്കാൻ മറ്റു വഴികളില്ല. അതുകൊണ്ടാണ് തങ്ങളുടെ രാജ്യത്തിലും ജീവിതത്തിലും ഇടപെടാൻ അമേരിക്കയെ ഏൽപ്പിച്ചിട്ടില്ലെന്ന് വെനസ്വേലയിലെ ജനത ലോകത്തോട് വിളിച്ചുപറയുന്നത്. അവരുടെ പ്രതിഷേധത്തിനുമുന്നിൽ അമേരിക്ക മുട്ടുകുത്തേണ്ടിവരും. കാരണം അത് ഹ്യൂഗോ ഷാവേസിന്റെ മണ്ണാണ്.

Comments