യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വെനസ്വേല,
ട്രംപിന്റെ ആധുനിക
‘മൺറോ’ പരീക്ഷണശാല

വെനസ്വേല ഒരു തുടക്കം മാത്രമാണെന്നും കൊളംബിയ, ക്യൂബ, മെക്സിക്കോ, ഗ്രീൻലാൻറ് എന്നിവയിലൂടെ ഈ പരീക്ഷണം തുടരുമെന്നുമാണ് ട്രംപിൻെറ ഭീഷണികൾ സൂചിപ്പിക്കുന്നത്- കെ.എം. സീതി എഴുതുന്നു.

മേരിക്കൻ ഭരണകൂടം വെനസ്വേലയിൽ നടത്തിയ കടന്നുകയറ്റം അന്താരാഷ്ട്ര ബന്ധങ്ങളെയാകെ തച്ചുടയ്ക്കുന്ന നടപടിയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. അന്താരാഷ്ട്ര നിയമങ്ങളെയും കരാറുകളെയും കാറ്റിൽ പറത്തിയാണ് അമേരിക്ക വെനസ്വേലൻ അതിർത്തി കടന്ന് അതിക്രമം കാട്ടിയത്. വെനസ്വേലയുടെ പരമാധികാരത്തെയാകെ ചോദ്യം ചെയ്ത് പ്രസിഡൻറിനെ ബലം പ്രയോഗിച്ച് പുറത്താക്കി, അദ്ദേഹത്തെയും ഭാര്യയെയും കുറ്റവാളികളായി മുദ്രകുത്തി അമേരിക്കയിലേക്ക് കൊണ്ടുവരികയാണ് ചെയ്തത്. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കൊന്നും ഇക്കാര്യത്തിൽ ഒരു റോളുമില്ലായിരുന്നു. എല്ലാം തീരുമാനിച്ചത് അമേരിക്ക തന്നെ.

ഒരു ജനാധിപത്യ രാജ്യത്തിൻെറ പരമാധികാരം, തത്വങ്ങൾ, ഭരണത്തലവരുടെ അധികാരം എന്നിവയെ നേരിട്ട് വെല്ലുവിളിക്കുന്നതാണ് അമേരിക്കൻ ചെയ്തി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നുവെങ്കിലും പതിവിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കും ആവർത്തിക്കുക. ഔപചാരിക പ്രസ്താവനകൾ, മൂർച്ചയുള്ള ആരോപണങ്ങൾ, നടപടിക്രമങ്ങളുടെ ഭാഗമായ ചർച്ചകൾ എന്നിവയെല്ലാം നടക്കും. എന്നാൽ, വാഷിങ്ടണിൻെറ രാഷ്ട്രീയ ഇച്ഛാശക്തിയാണ് കൗൺസിലിനെ നിയന്ത്രിക്കുന്നതെന്നും അവിടെ എന്ത് സംഭവിക്കുമെന്നതും വ്യക്തമാണ്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമായ വെനസ്വേലയ്ക്ക്, ഗ്ലോബൽ സൗത്തിൽ സ്വതന്ത്രമായ ദിശാബോധമുള്ള വിദേശനയവുമുണ്ട്. അമേരിക്കയുടെ സാധാരണ നിലയിലുള്ള നിയന്ത്രണങ്ങൾക്ക് ഇത് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

മൺറോ സിദ്ധാന്തവും
യു.എസ് വിദേശനയവും

ലാറ്റിനമേരിക്കയിൽ അമേരിക്ക നടത്താറുള്ള ബലപ്രയോഗത്തിൻെറ ഏറ്റവും പുതിയ ഘട്ടമായാണ് ഇപ്പോഴത്തെ സാഹചര്യത്തെ അന്താരാഷ്ട്ര വിദഗ്ദർ വിലയിരുത്തുന്നത്. ഈ മേഖലയിലെ യു.എസ് നയം ജനാധിപത്യത്തിൻെറ ഒരു കള്ളിയിലും ഉൾക്കൊള്ളിക്കാൻ സാധിക്കാത്ത നിലയിലുള്ളതാണെന്ന് രാഷ്ട്രീയ സാമൂഹ്യശാസ്ത്രജ്ഞനായ ജെയിംസ് പെട്രാസ് വളരെക്കാലമായി വാദിക്കുന്നുണ്ട്. അത് എപ്പോഴും നിർണയിക്കുന്നത് വിഭവങ്ങളും വിപണിയും രാഷ്ട്രീയനേട്ടങ്ങളുമൊക്കെയാണ്. മൺറോ സിദ്ധാന്തം മുതൽ, ലാറ്റിനമേരിക്കയെ തന്ത്രപരമായ മേഖലയായി കണക്കാക്കി, അവിടെ അമേരിക്കൻ താൽപര്യങ്ങൾക്ക് പ്രാദേശിക താൽപ്പര്യങ്ങളേക്കാൾ മേൽക്കൈ ഉള്ള നയമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സൈനിക ഇടപെടലുകൾ, സാമ്പത്തിക ഉപരോധങ്ങൾ, അട്ടിമറികൾ, തങ്ങൾ പറയുന്നത് അനുസരിക്കുന്ന ഭരണകൂടങ്ങൾ സ്ഥാപിക്കൽ എന്നിവ ലാറ്റിനമേരിക്കയിൽ അമേരിക്ക പലവിധത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിൻെറ ഭാഗമായുള്ള ഉപകരണങ്ങളായിരുന്നുവെന്ന് പെട്രാസ് വിശദീകരിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമായ വെനസ്വേലയ്ക്ക്, ഗ്ലോബൽ സൗത്തിൽ സ്വതന്ത്രമായ ദിശാബോധമുള്ള വിദേശനയവുമുണ്ട്. അമേരിക്കയുടെ സാധാരണ നിലയിലുള്ള നിയന്ത്രണങ്ങൾക്ക് ഇത് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. തന്ത്രപ്രധാന മേഖലകളിൽ സാമ്രാജ്യത്വ ശക്തികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇപ്പോഴത്തെ പ്രതിസന്ധി വ്യക്തമായി കാണിക്കുന്നുണ്ട്. നിയമങ്ങളൊന്നും ബാധകമല്ലാതെ, ഭരണകൂടങ്ങളെ അസ്ഥിരമാക്കി ബലപ്രയോഗം നടത്തിയതാണ് കണ്ടത്. തന്ത്രപരമായ താൽപര്യങ്ങൾ, ഊർജ്ജസുരക്ഷ, ഭൗമരാഷ്ട്ര വൈരാഗ്യം എന്നിവയുടെ കാര്യത്തിൽ ആഗോളശക്തികൾക്ക് നിയമങ്ങൾ അനുകൂലമായി പ്രവർത്തിക്കുന്നു. ഇതിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്, അസമത്വമുള്ള ലോകക്രമത്തിൽ അന്താരാഷ്ട്ര നിയമത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമായ വെനസ്വേലയ്ക്ക്, ഗ്ലോബൽ സൗത്തിൽ സ്വതന്ത്രമായ ദിശാബോധമുള്ള വിദേശനയവുമുണ്ട്. അമേരിക്കയുടെ സാധാരണ നിലയിലുള്ള നിയന്ത്രണങ്ങൾക്ക് ഇത് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമായ വെനസ്വേലയ്ക്ക്, ഗ്ലോബൽ സൗത്തിൽ സ്വതന്ത്രമായ ദിശാബോധമുള്ള വിദേശനയവുമുണ്ട്. അമേരിക്കയുടെ സാധാരണ നിലയിലുള്ള നിയന്ത്രണങ്ങൾക്ക് ഇത് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.

നിയമവും ബലപ്രയോഗവും
അമേരിക്കൻ രീതിയും

മറ്റൊരു രാജ്യത്ത് കടന്നുകയറി ബലപ്രയോഗം നടത്തുന്ന കാര്യത്തിലും അധികാരത്തിലിരിക്കുന്ന രാഷ്ട്രത്തലവരോടുള്ള ഇടപെടലുകളുടെ കാര്യത്തിലുമെല്ലാം അന്താരാഷ്ട്ര നിയമം കർശനമായ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥിരീകരിച്ച പരമ്പരാഗത അന്താരാഷ്ട്ര നിയമം, നിലവിലുള്ള രാഷ്ട്രത്തലവർക്ക് ഇളവുകൾ നൽകുന്നുണ്ട്. രാഷ്ട്രങ്ങളുടെ പരമാധികാര സമത്വം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാവാതിരിക്കാനും വേണ്ടിയാണ് ഈ നിയമം നിലനിൽക്കുന്നത്. അന്താരാഷ്ട്ര ട്രൈബ്യൂണലുകൾ, സുരക്ഷാ കൗൺസിൽ അംഗീകാരം, നിലവിലുള്ള ഭരണാധികാരി സ്ഥാനമൊഴിഞ്ഞതിന് ശേഷം നടത്തുന്ന പ്രോസിക്യൂഷൻ നടപടികൾ എന്നിവയാണ് അന്താരാഷ്ട്ര നിയമം പാലിച്ചുകൊണ്ടുള്ള ഉത്തരവാദിത്വത്തോടെയുള്ള രീതികൾ.

വെനസ്വേലയിൽ ഇപ്പോഴുണ്ടായ നടപടികളിൽ ഇത്തരത്തിലൊരു നടപടിക്രമവും പാലിച്ചിട്ടില്ല. യു.എൻ സെക്യൂരിറ്റി കൗൺസിലിൻെറ അനുമതി ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിമിനിൽ കോടതിക്ക് മുന്നിൽ കേസ് പരിഗണിക്കപ്പെട്ടിട്ടില്ല. അന്താരാഷ്ട്ര ക്രിമിനൽ വ്യവസ്ഥയുമായി അമേരിക്ക ഒരിക്കലും പൊരുത്തപ്പെട്ടിട്ടില്ല എന്ന വസ്തുതയുമുണ്ട്. അമേരിക്ക വെനിസ്വേലയിൽ കടന്നുകയറ്റം നടത്തുമ്പോൾ, ആ രാജ്യത്തെ ഭരണാധികാരി മഡുറോ തന്നെയായിരുന്നു. ഇതിൻെറയെല്ലാം അടിസ്ഥാനത്തിൽ അമേരിക്കൻ നടപടി അംഗീകൃത നിയമ മാനദണ്ഡങ്ങൾക്ക് പുറത്താണെന്ന് അന്താരാഷ്ട്ര നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്താരാഷ്ട്ര നിയമനിർവ്വഹണത്തിലെ വലിയൊരു വിള്ളലായിട്ടാണ് താൽ അമോദായ് ഇതിനെ വിശേഷിപ്പിച്ചത്, ഇവിടെ കൃത്യമായ സ്ഥാപന നടപടി ക്രമങ്ങൾക്ക് പകരം അധികാരം ഉപയോഗിക്കപ്പെടുന്നു.

ഉപഭൂഖണ്ഡത്തിൻെറ ആകെ നിയന്ത്രണം കയ്യിൽ വെച്ച് അധികാരം ഉപയോഗിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. വെനസ്വേല ഈ അമേരിക്കൻ പദ്ധതിയുടെ പരീക്ഷണശാലയാണ്.

യുഎസ് ആഭ്യന്തരനിയമം ഇക്കാര്യത്തിൽ തീർത്തും വ്യത്യസ്ത ചിത്രമാണ് നൽകുന്നത്. കെർ വി. ഇല്ലിനോയിസ്, ഫ്രിസ്ബി വി. കോളിൻസ് എന്നിവരുടെ സുപ്രീം കോടതി വിധികൾ പറയുന്നത്, ഒരു പ്രതിയെ യു.എസ് കോടതിയിൽ എങ്ങനെ കൊണ്ടുവന്നു എന്നത് പരിഗണിക്കാതെ തന്നെ, നേരിട്ട് ഹാജരാക്കപ്പെട്ടാൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുവദിക്കാമെന്നാണ്. അന്താരാഷ്ട്ര നിയമസാധുതയില്ലാതെ, വിചാരണാ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവാമെന്ന ഇടുങ്ങിയ വീക്ഷണമാണ് ഇവിടെ വ്യക്തമാവുന്നത്. എല്ലാ നിയമവിരുദ്ധതകൾക്കും ഇടയിലൂടെ യു.എസ് കോടതികൾ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് ഇത് വിശദീകരിക്കുന്നു.

ക്രിസ്റ്റഫർ ടോട്ടനെപ്പോലുള്ള വിദഗ്ദർ പറയുന്നത്, രാഷ്ട്രത്തലവർക്കുള്ള പ്രത്യേക പരിഗണന സംബന്ധിച്ച എക്സിക്യൂട്ടീവ് മാർഗ്ഗനിർദ്ദേശങ്ങൾ, പരമ്പരാഗതമായി യു.എസ് കോടതികൾ അംഗീകരിക്കാറില്ല എന്നാണ്. ആ മാർഗ്ഗനിർദ്ദേശം പരമ്പരാഗത അന്താരാഷ്ട്ര നിയമവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പോലും. ഈ വ്യത്യസ്തത ആഭ്യന്തര നിയമസാധുതയ്ക്കും അന്താരാഷ്ട്ര ഉത്തരവാദിത്തത്തിനും ഇടയിൽ ഒരു വലിയ വിടവ് സൃഷ്ടിക്കുന്നുണ്ട്. തന്ത്രപരമായ താൽപ്പര്യങ്ങൾ ഉയരുകയും സ്ഥാപനപരമായ നിയന്ത്രണങ്ങൾ ദുർബലമാവുകയും ചെയ്യുമ്പോൾ അത് എങ്ങനെ ചൂഷണം ചെയ്യുമെന്ന് വെനിസ്വേലയിൽ നടന്ന സംഭവങ്ങളിലൂടെ അമേരിക്ക വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്.

ഗൂഢലക്ഷ്യങ്ങളോടെയാണ് അമേരിക്ക വെനസ്വേലയിൽ തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അമേരിക്കയുടെ  ഏറ്റവും പുതിയ ദേശീയ സുരക്ഷാനയം അവരുടെ സുരക്ഷാ ആശങ്കകളുടെ കേന്ദ്രബിന്ദുവായി പശ്ചിമാർദ്ധഗോളത്തെ കണക്കാക്കുന്നുണ്ട്.
ഗൂഢലക്ഷ്യങ്ങളോടെയാണ് അമേരിക്ക വെനസ്വേലയിൽ തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അമേരിക്കയുടെ ഏറ്റവും പുതിയ ദേശീയ സുരക്ഷാനയം അവരുടെ സുരക്ഷാ ആശങ്കകളുടെ കേന്ദ്രബിന്ദുവായി പശ്ചിമാർദ്ധഗോളത്തെ കണക്കാക്കുന്നുണ്ട്.

വെനിസ്വേല; യു.എസ് പരീക്ഷണശാല

ഗൂഢലക്ഷ്യങ്ങളോടെയാണ് അമേരിക്ക വെനസ്വേലയിൽ തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അമേരിക്കയുടെ ഏറ്റവും പുതിയ ദേശീയ സുരക്ഷാനയം അവരുടെ സുരക്ഷാ ആശങ്കകളുടെ കേന്ദ്രബിന്ദുവായി പശ്ചിമാർദ്ധഗോളത്തെ കണക്കാക്കുന്നുണ്ട്. കുടിയേറ്റ നിയന്ത്രണം, മയക്കുമരുന്ന് കടത്ത്, പുറത്ത് നിന്നുള്ളവരുടെ (പ്രത്യേകിച്ച് ചൈന, റഷ്യ) ഇടപെടൽ, സ്വാധീനം എന്നിവയ്ക്കാണ് സുരക്ഷാനയം ഊന്നൽ കൊടുക്കുന്നത്. അമേരിക്കൻ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന തന്ത്രപരമായ ഇടമായാണ് ലാറ്റിനമേരിക്കയെ കണക്കാക്കുന്നത്.

ആധുനികവൽക്കരിച്ച 'മൺറോ സിദ്ധാന്തം' എന്നാണ് അമേരിക്കയുടെ ഈ നയം മാറ്റത്തെ വിദഗ്ദർ വിശദീകരിക്കുന്നത്. ഭാഷ മാത്രമാണ് മാറിയത്. എന്നാൽ അതിൻെറ ഉദ്ദേശ്യലക്ഷ്യങ്ങൾ എല്ലാവർക്കും അറിയുന്നത് തന്നെയാണ്. ഉപഭൂഖണ്ഡത്തിൻെറ ആകെ നിയന്ത്രണം കയ്യിൽ വെച്ച് അധികാരം ഉപയോഗിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. വെനസ്വേല ഈ അമേരിക്കൻ പദ്ധതിയുടെ പരീക്ഷണശാലയാണ്. ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം, അമേരിക്കൻ രാഷ്ട്രീയ സമ്മർദ്ദത്തോടുള്ള ചെറുത്തുനിൽപ്പ്, വൻതോതിലുള്ള എണ്ണശേഖരം എന്നിവയെല്ലാം വെനസ്വേലയെ തന്ത്രപരമായ എതിരാളിയാക്കി മാറ്റുന്നുണ്ട്.

ഈ യുക്തി പ്രകാരം സാമ്പത്തിക ഉപരോധങ്ങൾ, നാവിക വിന്യാസങ്ങൾ, കടന്നുകയറ്റങ്ങൾ എന്നിവപോലും പ്രതിരോധ നടപടികളായി അവതരിപ്പിക്കപ്പെടുന്നു. അമേരിക്കയുടെ സുരക്ഷയും മേഖലയിലെ സ്ഥിരതയും നിലനിർത്തുന്നതിന് ഈ നടപടികൾ കൂടാതെ മുന്നോട്ട് പോകാനാവില്ലെന്ന് ന്യായീകരിക്കപ്പെടുന്നു. ഈ ന്യായീകരണം ദേശീയ താൽപര്യങ്ങളെ അന്താരാഷ്ട്ര നിയമങ്ങൾക്ക് മുകളിലെത്തിക്കുന്നു. ഏകപക്ഷീയമായ നടപടികളിലൂടെ ആഗോളക്രമം സംരക്ഷിക്കാൻ സാധിക്കുമെന്ന് ഈ രീതി തെറ്റിദ്ധരിപ്പിക്കുന്നു. യഥാർത്ഥത്തിൽ ഈ നടപടികൾ ആഗോളക്രമത്തെ കൂടുതൽ ദുർബലമാക്കുകയാണ് ചെയ്യുന്നത്. സുരക്ഷാ കൗൺസിൽ സമ്മേളനത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉന്നയിച്ച ആശങ്ക കൃത്യമായി ഈ കീഴ് വഴക്കമായിരുന്നു. വൻ ആഗോളശക്തികൾ അനുവാദമോ ന്യായമോ ഇല്ലാതെ ചെയ്യുന്ന അതിക്രമങ്ങൾ മൂലമുണ്ടാവുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടേണ്ടത് പോലുമല്ലെന്ന ധാരണ ഉണ്ടാവുന്നു. രാജ്യങ്ങൾ എങ്ങനെ നീതിയുക്തമായി ഇടപെടണമെന്ന നടപ്പുരീതികളെ തന്നെ അവർ അട്ടിമറിക്കുന്നു. കാലം മുന്നോട്ട് പോവുമ്പോൾ, അന്താരാഷ്ട്ര നിയമങ്ങളുടെ സാധുത ഇല്ലാതാവുകയും എന്തും തിരുത്തുന്നത് സ്വാഭാവികതയായും മാറും.

ഡീ- ഡോളറൈസേഷനുവേണ്ടിയുള്ള വെനസ്വേലയുടെ ശ്രമങ്ങൾ നിലനിൽപ്പ് തന്ത്രമായിരുന്നു. ഡോളർ ഇടപാടുകൾ അപകടസാധ്യതയുള്ളതായി മാറിയപ്പോൾ, രാജ്യം ഇതര കറൻസികളിലേക്കും, ബാർട്ടർ ക്രമീകരണങ്ങളിലേക്കും, പാശ്ചാത്യേതര പങ്കാളികളിലേക്കും വഴിമാറി. ഇത് അമേരിക്കയെ വല്ലാതെ അസ്വസ്ഥമാക്കി.

വെനിസ്വേലയുടെ അറിയാത്ത കഥ

വെനസ്വേലയുടെ ദീർഘകാല സാമ്പത്തിക പ്രതിസന്ധി പലപ്പോഴും ലളിതമായ വാക്കുകളിൽ വിശദീകരിക്കാറുണ്ട് - അഴിമതി, ദുർഭരണം, പ്രത്യയശാസ്ത്ര നിലപാടുകൾ. എന്നാൽ ഇത് യഥാർത്ഥ കഥ പറയുന്നില്ല.

വെനസ്വേലൻ സമ്പദ്‌വ്യവസ്ഥ പതിറ്റാണ്ടുകളായി എണ്ണയെ ആശ്രയിച്ചാണ് മുന്നോട്ട് പോവുന്നത്. 2014-നുശേഷം ആഗോള എണ്ണവില ഇടിഞ്ഞപ്പോൾ, രാജ്യത്തിൻെറ വരുമാനവും കുത്തനെ ഇടിഞ്ഞു. വരുമാനവൈവിധ്യം ഇല്ലാതായതോടെ ആഘാതം ഗുരുതരമായി. നയപരമായ പിഴവുകൾ സ്ഥിതി കൂടുതൽ വഷളാക്കി. കറൻസി നിയന്ത്രണം, വില നിയന്ത്രണം തുടങ്ങിയവ പ്രതിസന്ധി വർധിപ്പിച്ചു. സർക്കാരിന് കീഴിലുള്ള എണ്ണക്കമ്പനികളിലെ കെടുകാര്യസ്ഥത ഉൽപ്പാദനം കുറയ്ക്കുന്നതിലേക്കും കാരണമായി. ബാഹ്യസമ്മർദ്ദം ശക്തമാകുന്നതിനു മുമ്പുതന്നെ ഈ പ്രശ്നങ്ങൾ സമ്പദ്‌വ്യവസ്ഥയെ വല്ലാതെ ദുർബലപ്പെടുത്തിയിരുന്നു.

അമേരിക്കയും സഖ്യകക്ഷികളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ പ്രതിസന്ധിയുടെ വ്യാപ്തി വീണ്ടും വർധിപ്പിച്ചു. സാമ്പത്തിക ഉപരോധങ്ങൾ വായ്പാ ലഭ്യത പരിമിതപ്പെടുത്തുകയും എണ്ണ ഉപരോധങ്ങൾ കയറ്റുമതി പരിമിതപ്പെടുത്തുകയും ചെയ്തു. രാജ്യത്തിൻെറ, വിദേശത്തുള്ള ആസ്തികൾ മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്തു. എണ്ണ ഉത്പാദനം നടന്നുവെങ്കിലും അതിലേക്കുള്ള വരുമാനം തടയപ്പെടുകയോ വൈകുകയോ ചെയ്തു കൊണ്ടേയിരുന്നു. സ്പെയർപാർട്സ്, ഇന്ധനവുമായി ബന്ധപ്പെട്ട വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയുടെ ഇറക്കുമതിയെല്ലാം ബുദ്ധിമുട്ടിലായി. രാജ്യത്തിന് മേലെ ഉണ്ടായ കടുത്ത ഉപരോധങ്ങൾ വെനസ്വേലയിൽ മരണനിരക്ക് ഉയരുന്നതിനും ജീവിതനിലവാരം മോശമാവുന്നതിനും കാരണമായെന്ന് യുഎൻ, സാമ്പത്തിക വിദഗ്ദ‍ർ എന്നിവരെല്ലാം നടത്തിയ പഠനങ്ങളിൽ നിന്ന് വ്യക്തമാണ്.

ഈ പ്രതിസന്ധി വലിയ രാഷ്ട്രീയ ചർച്ചകൾക്കും കാരണമായി. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള നീണ്ട ഏറ്റുമുട്ടൽ രാജ്യത്തെ പിന്നോട്ട് നയിക്കുകയാണ് ചെയ്തത്. നിക്ഷേപങ്ങൾ കുറഞ്ഞുവന്നു. വിദഗ്ദ തൊഴിലാളികൾ രാജ്യം വിട്ട് പോവാൻ തുടങ്ങി. സ്ഥാപനങ്ങളെല്ലാം ദുർബലമായി. ഓരോ പ്രശ്നവും പുതിയ ചില പ്രശ്നങ്ങൾക്ക് കാരണമായി.

ഡീ- ഡോളറൈസേഷനുവേണ്ടിയുള്ള വെനസ്വേലയുടെ ശ്രമങ്ങളെയും ഈ സാഹചര്യത്തിൽ കാണണം. അത് നിലനിൽപ്പ് തന്ത്രമായിരുന്നു. ഡോളർ ഇടപാടുകൾ അപകടസാധ്യതയുള്ളതായി മാറിയപ്പോൾ, രാജ്യം ഇതര കറൻസികളിലേക്കും, ബാർട്ടർ ക്രമീകരണങ്ങളിലേക്കും, പാശ്ചാത്യേതര പങ്കാളികളിലേക്കും വഴിമാറി. ഇത് അമേരിക്കയെ വല്ലാതെ അസ്വസ്ഥമാക്കി. ഡോളറിന് നേരിട്ടുള്ള ഭീഷണി എന്നതുകൊണ്ട് മാത്രമല്ല, കടുത്ത ഉപരോധങ്ങൾ കൊണ്ട് നിയന്ത്രിച്ചിട്ടും അമേരിക്കയുടെ സാമ്പത്തിക നിയന്ത്രണങ്ങളിൽ നിന്ന് കുതറിമാറി ബാഹ്യശക്തികളുടെ സഹായത്തോടെ മറ്റ് വഴികൾ തേടിയതാണ് വല്ലാതെ പ്രകോപിപ്പിച്ചത്.

2014-നുശേഷം ആഗോള എണ്ണവില ഇടിഞ്ഞപ്പോൾ, വെനസ്വേലയുടെ വരുമാനവും കുത്തനെ ഇടിഞ്ഞു. വരുമാനവൈവിധ്യം ഇല്ലാതായതോടെ ആഘാതം ഗുരുതരമായി.
2014-നുശേഷം ആഗോള എണ്ണവില ഇടിഞ്ഞപ്പോൾ, വെനസ്വേലയുടെ വരുമാനവും കുത്തനെ ഇടിഞ്ഞു. വരുമാനവൈവിധ്യം ഇല്ലാതായതോടെ ആഘാതം ഗുരുതരമായി.

വെനസ്വേലയ്ക്ക് പുറത്തെ
യു.എസ് നയം

ഈ സാഹചര്യത്തിന്റെ അനന്തരഫലങ്ങൾ വളരെ വ്യക്തമാണ്. സൈനിക സമ്മർദ്ദവും സാമ്പത്തിക ഒറ്റപ്പെടുത്തലും പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെയും അസ്ഥിരതയിലേക്ക് നയിക്കുന്നുണ്ട്. അഭയാർത്ഥി പ്രവാഹം, രാഷ്ട്രീയ ധ്രുവീകരണം, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ അയൽ രാജ്യങ്ങളെ ബാധിക്കുന്നു. പുറത്ത് നിന്നുള്ള ഇടപെടലുകൾ അവസാനിച്ചുവെന്ന് കരുതിയിടത്ത് നിന്ന് അത് പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നുവെന്ന യാഥാർത്ഥ്യം ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഭയപ്പെടുത്തുന്നു.

ആഗോള തലത്തിൽ, പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ഒരു രാജ്യത്തെ നിലവിലെ ഭരണാധികാരിയെ അന്താരാഷ്ട്ര അനുമതിയില്ലാതെ അറസ്റ്റ് ചെയ്യുന്ന ഒരു കീഴ്-വഴക്കം സൃഷ്ടിക്കപ്പെട്ടാൽ മറ്റ് ആഗോളശക്തികളും ഈ രീതി പിന്തുടരുന്ന സാഹചര്യം വന്നേക്കാം. ബലപ്രയോഗത്തിലൂടെയല്ല, പകരം നിയന്ത്രണങ്ങളിലൂടെയാണ് അന്താരാഷ്ട്ര നിയമം മുന്നോട്ട് പോവുന്നത്. ഇത്തരത്തിൽ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യം തകർന്നാൽ, നിയമങ്ങൾ വെറും കടലാസിൽ അവശേഷിക്കും.

ഭൗമസാമ്പത്തിക പ്രത്യാഘാതങ്ങളും ഇവിടെ സംഭവിക്കാം. വെനസ്വേലൻ എണ്ണ കയറ്റുമതിയിലെ തടസ്സങ്ങൾ ആഗോള എണ്ണ വിപണികളെ പൊതുവിൽ തന്നെ ബാധിക്കും. ആസ്തി കണ്ടുകെട്ടലുകളും ഉപരോധങ്ങളും കാരണം രാജ്യങ്ങൾ കരുതൽ ശേഖരം വർധിപ്പിക്കാനും വ്യത്യസ്ത വ്യാപാര പങ്കാളിളെ കണ്ടെത്താനും പരിശ്രമിക്കും. ആഗോള സാമ്പത്തിക വ്യവസ്ഥയെ ഇത് പതുക്കെ തകർത്ത് തുടങ്ങും. ഇടക്കാലത്തേക്ക് അമേരിക്കയുടെ ആധിപത്യം ആക്രമണോത്സുകമായി തുടരാമെങ്കിലും പതുക്കെ പതുക്കെ ആധിപത്യം ഇടിയുന്നതിലേക്ക് ഇത് വഴിതെളിക്കും. അമേരിക്കയെ സംബന്ധിച്ചിടത്തോളം ചെലവുകൾ പരോക്ഷമായിരിക്കാം, എന്നാൽ അത് യഥാർത്ഥമായിരിക്കും. സൈനിക നടപടികൾ സഖ്യങ്ങളെ ഉലയ്ക്കുകയും ഗ്ലോബൽ സൗത്തിൽ സംശയങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.

വെനസ്വേല ഒരു തുടക്കം മാത്രമാണെന്നും കൊളംബിയ, ക്യൂബ, മെക്സിക്കോ, ഗ്രീൻലാൻറ് എന്നിവയിലൂടെ ഈ പരീക്ഷണം തുടരുമെന്നുമാണ് ഡൊണാൾഡ് ട്രംപിൻെറ ഭീഷണികൾ സൂചിപ്പിക്കുന്നത്. അധിനിവേശവും അതിക്രമവും സ്വാഭാവികതയായി കണക്കാക്കപ്പെടുമ്പോൾ നിയന്ത്രണങ്ങൾ കൂടുതൽ ദുർബലമായി മാറും. ഇത്തരം നടപടിക്രമങ്ങളുടെ ആഘാതം ആഗോളക്രമത്തെ ആകമാനം ബാധിക്കുകയും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

(Courtesy: Policy Circle)


Summary: Trump's threats indicate that Venezuela is just the beginning and that this experiment will continue through Colombia, Cuba, Mexico, and Greenland, K. M. Seethi writes.


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments