അമേരിക്കയും ഇസ്രായേലും ഇറാനിൽ തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണം ലോകരാജ്യങ്ങളെയാകെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ആക്രമണങ്ങളെ പ്രതിരോധിച്ച് ഇറാൻ തിരിച്ചടിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങളെയാണ്. സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റിൻ തുടങ്ങിയിവടങ്ങളിലെല്ലാം ഇതിനോടകം തന്നെ ഇറാൻെറ ആക്രമണം ഉണ്ടായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ജനവാസകേന്ദ്രങ്ങളൊന്നും തന്നെ ഇറാൻ ലക്ഷ്യം വെക്കുന്നില്ല. എന്നാൽ, യുദ്ധം മിഡിൽ ഈസ്റ്റിനെ ചരിത്രത്തിലെ തന്നെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. അതിൻെറ പ്രതിഫലനം മറ്റ് രാജ്യങ്ങളിലേക്കും പടരുന്നുണ്ട്. ഇന്ത്യ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാചകവാതകത്തിൻെറ ലഭ്യതക്കുറവാണ്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ മറ്റ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കം പൂർണമായും നിലച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയ്ക്ക് ചെറിയ ചില ഇളവുകൾ നൽകിയിട്ടുണ്ട്. രണ്ട് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് എത്തുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ അതുകൊണ്ട് മാത്രം ഇന്ത്യയിലെ പ്രതിസന്ധി അവസാനിക്കുമോ?
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ കേരളത്തിലെ ഹോട്ടൽ മേഖലയാകെ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അധിക ഇന്ധനം ആവശ്യമുള്ള ഭക്ഷണവസ്തുക്കൾ ഹോട്ടലുകൾ മെനുവിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. കാറ്ററിങ് സ്ഥാപനങ്ങൾ, പി.ജി. ഹോസ്റ്റലുകൾ തുടങ്ങിയവയെല്ലാം ഇതേ പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ഇൻഡക്ഷൻ, മൈക്രോവേവ് പാചകമാണ് ബദലായി ഉപയോഗിച്ച് തുടങ്ങിയിട്ടുള്ളത്. എന്നാൽ അതിന് പരിമിതികളുണ്ട്. മാത്രമല്ല വൈദ്യുതി ഉപഭോഗവും വല്ലാതെ വർധിക്കും. കടുത്ത വേനൽ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അത് മറ്റൊരു പ്രതിസന്ധി വിളിച്ച് വരുത്താനുള്ള സാധ്യതയും ഏറെയാണ്.

ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിൻെറ ലഭ്യതയിൽ ഒരു കുറവും ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നുണ്ട്. വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ പ്രതിസന്ധി പരിഹരിക്കാനുതകുന്ന തരത്തിലുള്ള ഒരിടപെടലും കേന്ദ്രത്തിൻെറ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. രാജ്യത്തിൻെറ ഊർജ്ജസംഭരണത്തെക്കുറിച്ചും റിസർവിനെക്കുറിച്ചും വലിയ ആശങ്കയുണർത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. “ഇറാനിൽ നിന്ന് എണ്ണ ലഭിക്കുമെന്നതോ ലഭിക്കില്ലെന്നതോ അല്ല ഗുരുതരമായ പ്രശ്നം. എന്തുകൊണ്ട് ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് നമ്മൾ പോകുന്നുവെന്നതാണ്. ആവശ്യമായ തയ്യാറെടുപ്പുകളില്ലെന്നതാണ് പ്രശ്നം. കൃത്യമായ ഒരു ഊർജ്ജസംഭരണ നയവും നമുക്കില്ല. നിങ്ങൾ അസ്ഥിരമായ സാഹചര്യത്തിലൂടെ കടന്ന് പോവുമ്പോൾ കാഴ്ചപ്പാടും നയവും മാറ്റാൻ തയ്യാറാവണം. ഇത് കേവലം രാഷ്ട്രീയമായ വാദപ്രതിവാദങ്ങളുടെ പ്രശ്നമല്ല. ജനങ്ങൾ വലിയ നഷ്ടം നേരിടുകയാണ്. അവരനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണാൻ ശ്രമിക്കണം.” രാഹുൽ ഗാന്ധി പറഞ്ഞു.
ചരിത്രത്തിലെ തന്നെ എറ്റവും വലിയ പ്രതിസന്ധിയാണ് എണ്ണ ചരക്കുനീക്ക മേഖല നേരിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് ശേഷം ഇറാൻെറ പരമോന്നത നേതാവായി ചുമതലയേറ്റെടുത്ത മൊജ്തബ ഖമനേയി നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുഗതാഗതം പുനരാരംഭിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആഗോള എണ്ണവിപണിയിലും വില കുതിച്ചുയരുകയാണ്. ആഗോള എണ്ണവില ബാരലിന് 100 ഡോളറിനും മുകളിലെത്തിയിട്ടുണ്ട്. എണ്ണയുടെ ചരക്കുനീക്കം വലിയ പ്രതിസന്ധി നേരിട്ട് തുടങ്ങിയതോടെ അമേരിക്കയും അന്താരാഷ്ട്ര എനർജി ഏജൻസിയും തങ്ങളുടെ കൈവശമുള്ള ക്രൂഡ് ഓയിൽ റിസർവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം നീണ്ടാൽ, ഇറാൻ കടുത്ത നടപടികൾ തുടർന്നാൽ ആഗോളതലത്തിൽ എണ്ണയുടെയും പാചകവാതകത്തിൻെറയും പ്രതിസന്ധി ഇനിയും കുത്തനെ ഉയരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
