അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ (US President Election) തൊഴിലാളികളുടെ വോട്ടുകൾ ഉറപ്പിക്കാമെന്ന ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിൻെറ (Kamala Harris) പ്രതീക്ഷകൾക്ക് തിരിച്ചടിയായി അമേരിക്കയിലെ പ്രധാന തൊഴിലാളി സംഘടനയായ ഇൻ്റർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്സിൻെറ (Teamsters) തീരുമാനം. ഇത്തവണത്തെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളോടും സമദൂരം പാലിക്കണമെന്ന നിലപാടാണ് ഇവർ എടുത്തിരിക്കുന്നത്. 1903ൽ ആരംഭിച്ച, അമേരിക്കയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ടീംസ്റ്റേഴ്സിന് അമേരിക്കയിലും കാനഡയിലുമായി ഏകദേശം 1.3 ദശലക്ഷം തൊഴിലാളികളുടെ അംഗബലമുണ്ട്. 1996-ന് ശേഷം ഇതാദ്യമായാണ് യൂണിയൻ ആരെയും പിന്തുണക്കേണ്ടതില്ലെന്ന നിലപാടെടുക്കുന്നത്. തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കൊപ്പം നിൽക്കാമെന്ന ഉറപ്പ് രണ്ട് പ്രസിഡൻറ് സ്ഥാനാർഥികളിൽ നിന്നും ലഭിക്കാത്തത് കൊണ്ടാണ് സമദൂര നിലപാട് പ്രഖ്യാപിച്ചതെന്ന് യൂണിയൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വർഗ വോട്ടുകൾ കൂടുതൽ ഉറപ്പിക്കാമെന്ന ഡെമോക്രാറ്റ് ക്യാമ്പിൻെറ പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.
നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ സ്ഥാനാർഥിയായിരുന്ന ഘട്ടത്തിൽ ടീംസ്റ്റേഴ്സിലെ വലിയൊരു വിഭാഗത്തിൻെറ പിന്തുണ ഡെമോക്രാറ്റുകൾക്കായിരുന്നു. എന്നാൽ ബൈഡൻ മാറി കമല വന്നതിന് ശേഷം അതിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ഏപ്രിൽ - ജൂലൈ മാസങ്ങളിൽ യൂണിയൻെറ പിന്തുണ ബൈഡനായിരുന്നെങ്കിൽ ജൂലൈ - സെപ്തംബർ മാസങ്ങളിൽ അത് ഡോണൾഡ് ട്രംപിൻെറ റിപ്പബ്ലിക്കൻ ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം നടക്കുന്ന മേഖലകളായ പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിലെല്ലാം യൂണിയന് വലിയ സ്വാധീനമുണ്ട്. മിഷിഗൺ, വിസ്കോൺസിൻ, നെവാദ, കാലിഫോർണിയ എന്നീ മേഖലകളിലെ സംഘടനയ്ക്കുള്ളിൽ നിന്ന് കമലയ്ക്ക് കൂടുതൽ പിന്തുണയുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ടീംസ്റ്റേഴ്സിൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് കമലാ ഹാരിസിൻെറ പ്രചാരണച്ചുമതലയുള്ള വക്താവ് ലോറൻ ഹിറ്റ് പറയുന്നത്. “ഭൂരിപക്ഷ സംഘടിത തൊഴിലാളികളും കമലയെയാണ് പിന്തുണയ്ക്കുന്നത്. "പണിമുടക്കുന്ന തൊഴിലാളികളെ പിരിച്ചുവിടണമെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്. എന്നാൽ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് തൊഴിലാളികൾക്കൊപ്പമെത്തി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. തൻെറ രാഷ്ട്രീയ ജീവിതത്തിലുടനീളം കമല തൊഴിലാളികളെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് എക്കാലത്തും എടുത്തിട്ടുള്ളത്," - ലോറൻ ഹിറ്റ് വ്യക്തമാക്കി.
ടീംസ്റ്റേഴ്സിൻെറ നിലവിലെ ജനറൽ പ്രസിഡൻറ് സീൻ ഒബ്രിയൻെറ പിന്തുണ ഡോണൾഡ് ട്രംപിനാണ്. 2002-ൽ എക്സിക്യൂട്ടീവ് ബോർഡിൻെറ ജനറൽ പ്രസിഡൻറായ കാലം മുതൽ ഒബ്രിയൻ റിപ്പബ്ലിക്കൻ ക്യാമ്പിനൊപ്പമാണുള്ളത്. ട്രംപിൻെറ അടുത്ത അനുയായികളായ സെനറ്റർമാരായ ജോഷ് ഹോളെയ്, ജെ.ഡി വാൻസ് എന്നിവരോടെല്ലാം അടുപ്പം സൂക്ഷിക്കുന്നയാളാണ് ഒബ്രിയൻ. റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചിട്ടുള്ള ആദ്യ ടീംസ്റ്റേഴ്സ് ജനറൽ പ്രസിഡൻറ് കൂടിയാണ് ഒബ്രിയൻ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും യൂണിയൻ, ട്രംപിന് പൂർണമായും അനുകൂല നിലപാട് എടുക്കില്ലെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉറപ്പാണ്. “ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ച എല്ലാ സ്ഥാനാർഥികളോടും നന്ദി പറയുന്നു. നിർഭാഗ്യവശാൽ പ്രധാനപ്പെട്ട ഒരു സ്ഥാനാർഥിയെയും ഞങ്ങൾ ഇത്തവണ പിന്തുണയ്ക്കില്ല. ഞങ്ങൾ മുന്നോട്ടുവെച്ച തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അനുകൂല നിലപാടെടുക്കാത്ത സ്ഥാനാർഥികൾ വൻകിട ബിസിനസുകൾക്കൊപ്പമാണ് നിൽക്കുന്നത്” - സീൻ ഒബ്രിയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പൊതുവിൽ കഴിഞ്ഞ കുറച്ച് കാലമായി ടീംസ്റ്റേഴ്സിൻെറ പിന്തുണ ലഭിക്കാറുള്ളത് ഡെമോക്രോറ്റ് സ്ഥാനാർഥിക്കാണ്. ഇത്തവണയും തുടക്കത്തിൽ ബൈഡനെ പിന്തുണച്ചിരുന്ന സംഘടന, കമല ഹാരിസിൻെറ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് ശേഷമാണ് ചുവടുമാറിയത്. 1996ന് ശേഷമുള്ള ഡെമോക്രാറ്റ് സ്ഥാനാർഥികളായ അൽഗോർ, ജോൺ കെറി, ബരാക്ക് ഒബാമ, ഹിലരി ക്ലിൻറൺ, ജോ ബൈഡൻ എന്നിവർക്കെല്ലാം ടീംസ്റ്റേഴ്സിൻെറ പിന്തുണ ലഭിച്ചിട്ടുണ്ട്. റിച്ചാർഡ് നിക്സൺ, റൊണാൾഡ് റീഗൻ, ജോർജ് എച്ച്.ഡബ്ല്യൂ. ബുഷ് എന്നീ റിപ്പബ്ലിക്കൻ സ്ഥാനാർഥികളെയും യൂണിയൻ പിന്തുണച്ചിട്ടുണ്ട്.