ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയും ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും തമ്മിലുള്ള തർക്കം അമേരിക്കൻ രാഷ്ട്രീയത്തെ മറ്റൊരു വഴിത്തിരിവിലേക്ക് നയിക്കുകയാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണത്തിൽ മുന്നിൽ നിന്ന വ്യക്തിയാണ് ശതകോടീശ്വരനായ ഇലോൺ മസ്ക്. ഏകദേശം 277 മില്യൺ ഡോളർ മസ്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ചെലവഴിച്ചുവെന്നാണ് കണക്ക്. അതായത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി ഏറ്റവും കൂടുതൽ പണമൊഴുക്കിയത് മസ്കായിരുന്നു. കമലാ ഹാരിസിനെ പരാജയപ്പെടുത്തി യുഎസ് പ്രസിഡൻറ് പദവിയിൽ അവരോധിതനായ ട്രംപ് വിജയത്തിന് ശേഷം ഏറ്റവും നന്ദി പറഞ്ഞത് മസ്കിനോടായിരുന്നു. കൂടാതെ ക്യാബിനറ്റിന് കീഴിൽ DOGE എന്ന പുതിയ സംവിധാനമുണ്ടാക്കി അതിൻെറ തലപ്പത്ത് മസ്കിനെ നിയമിക്കുകയും ചെയ്തു. എന്നാൽ, ഇരുവരും തമ്മിലുള്ള നല്ല ബന്ധത്തിന് അധികകാലം ആയുസുണ്ടായില്ല. DOGEൻെറ തലപ്പത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞ മസ്കിനെ ട്രംപ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ മസ്ക് തിരിച്ചും ട്രംപിനെതിരെ വ്യക്തിപരമായ വിമർശനം അടക്കം ഉന്നയിച്ച് രംഗത്തെത്തിയതോടെ തർക്കം വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ മെയ് -31 വരെ മസ്ക്, ട്രംപിന് ഏറ്റവും പ്രിയപ്പെട്ട റിപ്പബ്ലിക്കനായിരുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ബിസിനസുകാരിൽ ഒരാളാണ് മസ്ക് എന്നൊക്കെയായിരുന്നു ഓവൽ ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ ആ പുകഴ്ത്തലിന് ദിവസങ്ങളുടെ പോലും ആയുസുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. അമേരിക്കൻ സർക്കാർ പാസ്സാക്കിയ ‘One Big Beautiful Bill Act of 2025’-ൻെറ പേരിലാണ് മസ്ക് ട്രംപിനെതിരെ ആക്രമണം തുടങ്ങുന്നത്. ഈ ബിൽ അമേരിക്കയ്ക്ക് ഒരു ഗുണവും ചെയ്യില്ലെന്നും പകരം ബാധ്യതകളാണ് ഉണ്ടാക്കുന്നതെന്നുമാണ് മസ്ക് തുറന്നടിച്ചത്. ബില്ലിനോട് മസ്ക് വിയോജിച്ചത് ട്രംപിനെ രോഷാകുലനാക്കി. “ഇലോൺ എൻെറ നല്ല സുഹൃത്തായിരുന്നു, എന്നാൽ ഇനി ആ ബന്ധം അങ്ങനെ തുടരുമെന്ന് തോന്നുന്നില്ല,” ട്രംപ് തുറന്നടിച്ചു. ഈ ബില്ലിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നയാൾ മസ്ക് ആണെന്നും ഡോജിൽ നിന്ന് രാജിവെക്കുന്നത് വരെ അദ്ദേഹത്തിന് യാതൊരു വിയോജിപ്പും ഉണ്ടായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഈ ബിൽ തന്നെ ഒരിക്കൽ പോലും കാണിച്ചിരുന്നില്ലെന്നും കോൺഗ്രസിൽ ആർക്കും വായിക്കാൻ പോലും സമയമില്ലാതെ ധൃതിപ്പെട്ടാണ് പാസ്സാക്കിയതെന്നും മസ്ക് തിരിച്ചടിച്ചു.

വ്യക്തിപരമായ ആക്രമണത്തിലേക്ക് പിന്നീട് മസ്ക് തിരിഞ്ഞത്. “വലിയ ഒരു ബോംബ് പൊട്ടിക്കാനുള്ള സമയം ആയിരിക്കുന്നു. ട്രംപിൻെറ പേര് എപ്സ്ററീൻ ഫയലിലുണ്ട്. പരസ്യമാക്കാത്തതിന് കാരണവും ഇതാണ്,” - അമേരിക്കയിലെ ഉന്നത രാഷ്ട്രീയക്കാരുടെയും സെലബ്രിറ്റികളുടെയും പേരുകൾ ഉൾപ്പെടുന്ന കുപ്രസിദ്ധിയാർജിച്ച ലൈംഗികാരോപണങ്ങൾ അടങ്ങിയ ഫയലിലാണ് ട്രംപിൻെറ പേരുണ്ടെന്ന് മസ്ക് ആരോപിക്കുന്നത്. അമേരിക്കയിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി തുടങ്ങാൻ ആലോചിച്ചാൽ അതിന് പിന്തുണയുണ്ടോ എന്ന് ചോദിച്ചുള്ള ഒരു പോളും മസ്ക് എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡോണൾഡ് ട്രംപിനെ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡൻറ് ജെ.ഡി.വാൻസിനെ പ്രസിഡൻറ് ആക്കണമെന്നുമാണ് മസ്കിൻെറ അടുത്ത ആവശ്യം. ട്രംപ് ഭരണകൂടം ലോകരാജ്യങ്ങളോട് നടത്തിയ താരിഫ് യുദ്ധം അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാവുമെന്നും വൈകാതെ രാജ്യത്ത് സാമ്പത്തികമാന്ദ്യം പ്രതീക്ഷിക്കാമെന്നും മസ്ക് പ്രവചിക്കുന്നുണ്ട്.

മസ്കിനെതിരെ കടുത്ത നടപടികൾ സർക്കാർ തലത്തിൽ തന്നെ ആരംഭിക്കുമെന്ന സൂചനകളാണ് ട്രംപ് നൽകുന്നത്. മസ്കിൻെറ കമ്പനികൾക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സബ്സിഡികളെല്ലാം നിർത്തലാക്കുമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ DOGE-ൻെറ ചുമതല ഏറ്റെടുത്തപ്പോൾ തന്നെ മസ്കിൻെറ കമ്പനികൾ സാമ്പത്തികമായി തിരിച്ചടി നേരിട്ടിരുന്നു. ഇത് മസ്ക് തുറന്ന് പറയുകയും ചെയ്തിരുന്നു. മസ്കിൻെറ ഇ-കാർ കമ്പനിയായ ടെസ്ലയുടെ 14 ശതമാനം ഓഹരികളാണ് ഇതിനോടകം തന്നെ ഇടിഞ്ഞത്. ഏകദേശം 8.73 ബില്യൺ ഡോളറിൻെറ നഷ്ടം വ്യക്തിപരമായി തന്നെ മസ്കിന് സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. “One Big Beautiful Bill അമേരിക്കൻ കോൺഗ്രസിൻെറ ചരിത്രത്തിലെ ഏറ്റവും മികച്ച ബില്ലാണ്. അതിനെതിരെയാണ് മസ്ക് തിരിഞ്ഞിരിക്കുന്നത്. എനിക്കെതിരെ അദ്ദേഹം എന്ത് പറഞ്ഞാലും പ്രശ്നമല്ല. അദ്ദേഹത്തിൻെറ കഴിവില്ലായ്മ പ്രകടമായിരുന്നു. അതിനാൽ ഞാൻ തന്നെയാണ് DOGE സ്ഥാനം രാജിവെച്ച് പോവാൻ ആവശ്യപ്പെട്ടത്,” ട്രംപ് തൻെറ സോഷ്യൽ മീഡിയ പ്രൊഫൈലിൽ കുറിച്ചു. ഇരുവരുടെയും അടുത്ത നീക്കങ്ങൾ എന്തായിരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് അമേരിക്കൻ രാഷ്ട്രീയം.