ഇറക്കുമതി തീരുവ 25%, ലോക കാർവിപണി തകർക്കുമോ ട്രംപ്?

ഏപ്രിൽ രണ്ടിന് ശേഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 25 ശതമാനം തീരുവ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്. ലോകത്തെ കാർവിപണിയെയും സാമ്പത്തികരംഗത്തെയാകെയും ബാധിക്കാൻ പോവുന്ന തീരുമാനമാണിത്.

അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള കാറുകളുടെ ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇതൊരു തുടക്കം മാത്രമാണെന്നാണ് ട്രംപ് പറയുന്നത്. അതായത് ഇനിയും നിരവധി വസ്തുക്കളുടെ പുറത്ത് ട്രംപ് ഭരണകൂടം തീരുവ ചുമത്താൻ ആലോചിക്കുന്നുണ്ട്. പ്രഖ്യാപനം വന്നതോടെ തന്നെ ലോകത്തിൻെറ പല കോണിൽ നിന്നും ഇതിനെതിരെ വിയോജിപ്പ് ഉയർന്ന് തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ അയൽരാജ്യമായ കാനഡയിൽ നിന്നാണ് വലിയ വിയോജിപ്പ് ഉയർന്നിരിക്കുന്നത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കാറുകൾ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയാൽ അത് കാനഡയുടെ സാമ്പത്തികമേഖലയെ തന്നെ വലിയതോതിൽ ബാധിക്കുമെന്ന് ഉറപ്പാണ്. കനേഡിയൻ ജനതയ്ക്ക് നേരെയുള്ള ആക്രമണമാണ് ട്രംപിൻെറ തീരുവ വർധിപ്പിക്കലെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി പ്രതികരിച്ചു. “ഞങ്ങൾ ഞങ്ങളുടെ തൊഴിലാളികൾക്കായി പ്രതിരോധം തീർക്കും. കമ്പനികൾക്കായി പ്രതിരോധിക്കും. രാജ്യത്തിന് വേണ്ടി പ്രതിരോധിക്കും. ഒന്നിച്ച് നിന്ന് ഇതിനെ എതിർക്കും,” ട്രംപിന് മറുപടിയായി കാർനി പറഞ്ഞു.

യൂറോപ്യൻ യൂണിയനും ജപ്പാനും സമാനമായ രീതിയിൽ ട്രംപിൻെറ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങൾ പകരം തീരുമാനങ്ങൾ ആലോചിക്കുകയാണ്. സ്വാഭാവികമായും എല്ലാ സാധ്യതകളും പരിശോധിക്കും,” ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു. ഏപ്രിൽ രണ്ട് മുതലാണ് കൂട്ടിയ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരിക. ഈ തീരുമാനത്തിലൂടെ അമേരിക്കയ്ക്ക് വലിയ സാമ്പത്തികനേട്ടമാണ് ഉണ്ടാവാൻ പോവുന്നതെന്ന് ട്രംപ് പറയുന്നു. മറ്റ് രാജ്യങ്ങൾക്ക് അമേരിക്ക അമിതമായ ടാക്സ് ഇളവുകളാണ് ഇതുവരെ നൽകിയിരുന്നതെന്നാണ് ട്രംപിൻെറ വാദം. അതിനാൽ കാർ ഇറക്കുമതി തീരുവയ്ക്ക് പുറമെ നിരവധി പുതിയ തീരുമാനങ്ങളും വൈകാതെ തന്നെ ഉണ്ടാവും. കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ജർമനി, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കാറുകൾ കയറ്റുമതി ചെയ്യുന്നത്. നിലവിലെ ടാക്സ് വർധനവ് ഈ രാജ്യങ്ങളെയാണ് പ്രധാനമായും ബാധിക്കാൻ പോവുന്നത്. അമേരിക്കയുടെ മൊത്തം വാർഷികവരുമാനത്തിലേക്ക് ഏകദേശം 100 ബില്യൺ ഡോളറിൻെറ അധികവരുമാനാണ് കാർ തീരുവ വർധിപ്പിക്കലിലൂടെ ലഭിക്കാൻ പോവുന്നതെന്നാണ് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നത്.

അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള കാറുകളുടെ ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള കാറുകളുടെ ഇറക്കുമതിയ്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.

അമേരിക്കയുടെ സാമ്പത്തികമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാവുമെന്ന പ്രഖ്യാപനവുമായാണ് ട്രംപ് മുന്നോട്ട് പോവുന്നതെങ്കിലും രാജ്യത്തിനകത്തും ഈ തീരുമാനത്തോട് പൂർണമായി യോജിപ്പൊന്നും ഉണ്ടായിട്ടില്ല. തീരുവ വർധനവ് കാരണം അമേരിക്കയിൽ കാറുകളുടെ വില കുത്തനെ വർധിക്കുമെന്നത് ജനങ്ങൾക്ക് ആശങ്കയുണർത്തുന്ന കാര്യമാണ്. 12000 ഡോളർ വരെ കാർവില വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ട്രംപിൻെറ തീരുവ പ്രഖ്യാപനത്തോടെ ലോകത്തെ പ്രമുഖ കാർ ബ്രാൻഡുകൾക്ക് ഓഹരിവിപണിയിൽ വലിയ തിരിച്ചടി ഉണ്ടായിട്ടുണ്ട്. ടൊയോട്ട, നിസാൻ, ഹോണ്ട, ഹ്യുണ്ടായ് എന്നിവയുടെയെല്ലാം ഓഹരി ഇടിഞ്ഞിട്ടുണ്ട്. തീരുവ വർധിപ്പിക്കാനുള്ള തീരുമാനം ഏത് തരത്തിലാണ് തങ്ങളെ ബാധിക്കാൻ പോവുന്നതെന്ന കാര്യത്തിൽ 90 ശതമാനം ഡെമോക്രാറ്റുകൾക്കും 69 ശതമാനം സ്വതന്ത്രർക്കും 57 ശതമാനം റിപ്പബ്ലിക്കുകൾക്കും ആശങ്കയുണ്ടെന്ന് ദി ഗാർഡിയൻ നടത്തിയ സർവേയിൽ വ്യക്തമാക്കുന്നുണ്ട്. എടുത്തുചാടിയുള്ള ട്രംപിൻെറ തീരുമാനം ബൂമറാങ്ങാവുമോയെന്നാണ് അമേരിക്കയിലെ സാമ്പത്തികവിദഗ്ദർ നിരീക്ഷിക്കുന്നത്.

ലോകരാജ്യങ്ങളുടെ പ്രതികരണം

അമേരിക്കൻ പ്രസിഡൻറായി ചുമതലയേറ്റെടുത്ത മുതൽക്ക് തന്നെ ട്രംപ് യൂറോപ്യൻ യൂണിയനുമായി സ്വരചേർച്ചയിലല്ല. നാറ്റോയ്ക്കുള്ള സാമ്പത്തികസഹായം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കുള്ള സഹായവും അവസാനിപ്പിക്കുകയാണ്. കൂടാതെ റഷ്യ - യുക്രെയ്ൻ യുദ്ധത്തിൽ, റഷ്യയ്ക്ക് നിരുപാധിക പിന്തുണയും നൽകിയിരിക്കുന്നു. യു.കെ, ജർമനി തുടങ്ങിയ യൂറോപ്പിലെ പ്രധാന രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം അനുദിനം വഷളാവുകയാണ്. കാനഡ, മെക്സിക്കോ എന്നിവയ്ക്ക് പുറമെ ജപ്പാനും ദക്ഷിണ കൊറിയയുമൊക്കെ അമേരിക്കയുടെ ഇപ്പോഴത്തെ തീരുമാനത്തിൽ വലിയ പ്രതിഷേധമുള്ളവരാണ്. ട്രംപ് കടുത്ത തീരുമാനങ്ങളെടുത്ത് തുടങ്ങിയതിനാൽ മറ്റ് രാജ്യങ്ങളും തിരിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയേക്കും. ജപ്പാനൊക്കെ നൽകുന്ന മുന്നറിയിപ്പ് അത് തന്നെയാണ്.

കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി
കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി

വ്യാപാരമേഖലയിൽ ആഗോളപ്രതിസന്ധിക്ക് തുടക്കമിടുകയാണ് ട്രംപെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൻ ഡെർ ലിയെൻ പ്രതികരിച്ചത്. യൂറോപ്പിൽ നിന്നുള്ള കയറ്റുമതിക്ക് തീരുവ ചുമത്തുന്ന അമേരിക്കൻ നടപടി ഖേദകരമാണെന്നും സാമ്പത്തിക ബാധ്യത പരിഹരിക്കാനുള്ള നടപടികൾ തങ്ങൾ ആലോചിച്ച് വരികയാണെന്നും അവർ വ്യക്തമാക്കി. ജർമനിയാണ് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമോട്ടീവ് കമ്പനികളുള്ള രാജ്യം. വോക്‌സ്‌വാഗൻ, ബി.എം.ഡബ്ല്യൂ, മെഴ്സിഡെസ് ബെൻസ് എന്നീ കാർ കമ്പനികൾക്കൊക്കെ അമേരിക്കയുടെ തീരുമാനം തിരിച്ചടിയാവും. അമേരിക്കയും യുകെയും തമ്മിലുള്ള ബന്ധത്തിന് ഈ നടപടി തിരിച്ചടിയാവുമെന്നാണ് യു.കെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Comments