ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനായി 20 നിർദ്ദേശങ്ങളുമായി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയ ശേഷമാണ് ട്രംപ് തൻെറ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. ഇസ്രായേൽ ബന്ദികളെ ഹമാസ് വിട്ടുനൽകുക, ഹമാസിനെ പൂർണമായും നിരായുധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് പദ്ധതി ഊന്നൽ നൽകുന്നത്. പദ്ധതി അംഗീകരിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടുനൽകണം. നിലവിലുള്ള വെടിനിർത്തൽ പദ്ധതി ഇസ്രായേൽ അംഗീകരിച്ചുവെങ്കിലും ഹമാസ് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ബന്ദികളെ വിട്ടുനൽകുന്നതിന് പകരമായി ഇസ്രായേൽ തങ്ങളുടെ ജയിലിൽ ജീവപര്യന്തം ശിക്ഷ വിധിച്ച് പാർപ്പിച്ചിട്ടുള്ള 250 പലസ്തീനികളെ വിട്ടുനൽകും. ഇത് കൂടാതെ ഗാസയിൽ തടവിലാക്കിയിട്ടുള്ള 1700 പേരെയും വിട്ടുനൽകും. ഹമാസ് ബന്ദികളാക്കിയവരിൽ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങൾ വിട്ടുനൽകുമ്പോൾ കൊല്ലപ്പെട്ട 15 പലസ്തീനികളുടെ ശരീരാവശിഷ്ടങ്ങൾ ഇസ്രായേലും വിട്ടുനൽകുമെന്നാണ് നിർദ്ദേശങ്ങളിലുള്ളത്. ബന്ദികളെ വിട്ടുനൽകിയാൽ അല്ലാതെ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറില്ല. എന്നാൽ പദ്ധതി ഇരുകൂട്ടരും അംഗീകരിച്ചാൽ താൽക്കാലികമായി ഗാസയിൽ എല്ലാ സൈനിക പ്രവർത്തികളും നിർത്തിവെക്കും. ഗാസയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറിപ്പോവാൻ താൽപ്പര്യമുള്ളവർക്ക് അതിനുള്ള അവസരമൊരുക്കാനായി വഴി തുറക്കുമെന്നും അമേരിക്കയും ഇസ്രായേലും ചേർന്ന് തയ്യാറാക്കിയ പദ്ധതിയിൽ പറയുന്നു.
ഗാസയെ തീവ്രവാദമുക്ത മേഖലയാക്കി മാറ്റുക, അയൽരാജ്യങ്ങൾക്ക് ഭീഷണി ഇല്ലാതിരിക്കുക, ഗാസയിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് മേഖലയിൽ വികസനപ്രവർത്തനങ്ങൾ നടത്തുക, ആരെയും ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കില്ല, ഭാവിയിൽ ഗാസയിലെ ഭരണച്ചുമതലയിൽ നേരിട്ടോ അല്ലാതെയോ ഹമാസിന് ഒരുതരത്തിലുള്ള റോളും ഉണ്ടാവാൻ പാടില്ല, ഭക്ഷണം ലഭിക്കാത്തതിനാലും പോഷകാഹാരക്കുറവിനാലും വലിയ പ്രതിസന്ധി നേരിടുന്ന ഗാസയിലെ മനുഷ്യർക്ക് എല്ലാവിധ സഹായങ്ങളും പുനസ്ഥാപിക്കുക തുടങ്ങീ ഒറ്റനോട്ടത്തിൽ പ്രതീക്ഷാനിർഭരമായ വാക്കുകളാണ് ട്രംപിൻെറ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിനായി ‘ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ ഒരു കമ്മിറ്റി പ്രവർത്തിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഈ ബോർഡിൽ നിർണായകചുമതല വഹിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ഗാസയിൽ 65000-ത്തിലധികം പേരെ കൊന്നൊടുക്കിയും മേഖലയിലെ 90 ശതമാനം കെട്ടിടങ്ങൾ തകർത്തും ലക്ഷക്കണക്കിന് പേരെ പലായനത്തിലേക്ക് തള്ളിവിട്ടും ദുരിതം വിതച്ചതിന് ശേഷമാണ് ഇപ്പോൾ പുതിയൊരു സമാധാന പദ്ധതിയുമായി ഇസ്രായേലിനൊപ്പം അമേരിക്ക എത്തിയിരിക്കുന്നത്. ഇത് നടപ്പിലായാൽ തന്നെയും മേഖല സമാധാനപരമായി മുന്നോട്ട് പോവുമോയെന്ന ആശങ്കയും തുടരുന്നുണ്ട്. ഗാസയിൽ വംശഹത്യയാണ് നടക്കുന്നതെന്ന് യു.എൻ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്കെതിരെ യൂറോപ്പിൽ നിന്നും എതിർശബ്ദങ്ങൾ ഉയർന്ന് തുടങ്ങിയിരുന്നു. ഫ്രാൻസ്, ബ്രിട്ടൺ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ പരമാധികാര രാഷ്ട്രത്തെ അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഖത്തറിലെ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ അറബ് രാജ്യങ്ങളും ഒന്നിച്ചുനിന്ന് ഇസ്രായേൽ നടപടികളെ ശക്തമായി അപലപിച്ചു. ഇതോടെ ഇസ്രായേലിന് മുകളിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായി വരികയായിരുന്നു. ട്രംപ് മുന്നോട്ടുവെച്ച സമാധാനപദ്ധതിക്ക് പൊതുവിൽ യൂറോപ്യൻ രാജ്യങ്ങളും അറേബ്യൻ രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീൻ ദേശീയ അതോറിറ്റിയും ഇതിനോട് യോജിച്ചിട്ടുണ്ട്. എന്നാൽ, ഹമാസിൻെറ നിലപാടാണ് നിർണായകമാവുക. ഹമാസ് അനുകൂല നിലപാട് എടുത്തില്ലെങ്കിൽ ഈ പദ്ധതിയും കടലാസിൽ മാത്രമായി മാറിയേക്കും. പദ്ധതി അംഗീകരിച്ചില്ലെങ്കിൽ അതിൻെറ പ്രത്യാഘാതം ഭീകരമാവുമെന്ന് ട്രംപും നെതന്യാഹുവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹമാസിനെ പൂർണമായും ഉൻമൂലനം ചെയ്യുന്നതിന് ഇസ്രായേലിന് എല്ലാവിധ സഹായവും നൽകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
