പശ്ചിമേഷ്യയിൽ ആശ്വാസം; ഇറാൻ - ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ. ഇരുരാജ്യങ്ങളും വെടിനിർത്തലിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ ആശ്വാസം.

റാൻ - ഇസ്രായേൽ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രാബല്യത്തിൽ. പശ്ചിമേഷ്യയെ മൊത്തത്തിൽ ബാധിച്ച സംഘർഷം 12 ദിവസങ്ങളാണ് നീണ്ടുനിന്നത്. സ്വയം പ്രതിരോധത്തിനെന്ന പേരിൽ ഇറാൻെറ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തോടെയാണ് സംഘർഷം ആരംഭിച്ചിരുന്നത്. ഇതിന് മറുപടിയായി ഇറാൻ ഇസ്രായേലിനെയും ആക്രമിച്ചു. ഇതിനിടയിൽ അമേരിക്കയും ഇറാൻെറ ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അമേരിക്ക നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകിത്തുടങ്ങിയതോടെ സംഘർഷത്തിൻെറ ഗതി മാറുകയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാതാവളങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. ‘ഓപ്പറേഷൻ ബാഷാറത് അൽ ഫത്’ എന്ന് പേരിട്ട പ്രത്യാക്രമണത്തിൻെറ ഭാഗമായി ആദ്യം ഖത്തറിലെ യുഎസ് സൈനികതാവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

വെടിനിർത്തൽ അംഗീകരിച്ചു

പന്ത്രണ്ട് ദിവസത്തെ യുദ്ധം അവസാനിപ്പിച്ച് ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തലിന് തയ്യാറായെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. “ഇറാൻ ആദ്യം വെടിനിർത്തലിന് തയ്യറാവും. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇസ്രായേലും. 24 മണിക്കൂറിനുള്ളിൽ 12 ദിവസം നീണ്ടുനിന്ന യുദ്ധം സമ്പൂർണമായി അവസാനിക്കും. യുദ്ധം അവസാനിപ്പിക്കുന്നതിന് തയ്യാറായ ഇരുരാജ്യങ്ങളെയും അഭിനന്ദിക്കുകയാണ്,” ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചു. “വെടിനിർത്തൽ ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആരും ഇനി ഇത് ലംഘിക്കരുത്” വീണ്ടും ട്രംപ് പോസ്റ്റ് ചെയ്തു.

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എക്സിൽ പങ്കുവച്ച പോസ്റ്റ്
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എക്സിൽ പങ്കുവച്ച പോസ്റ്റ്

ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും സംഘർഷം തുടർന്നിരുന്നു. ഇസ്രായേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങൾ വെടിനിർത്തലിന് തയ്യാറാണെന്ന് ഇറാൻ ഉടൻ തന്നെ വ്യക്തമാക്കി. ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും 22 പേർക്ക് പരിക്കേറ്റതുമായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇസ്രായേലിലെ ബീർഷെബയിലാണ് ആക്രമണമുണ്ടായത്. ഇതിന് ഇസ്രായേലിൻെറ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാവില്ലെന്ന് ഉറപ്പാക്കി കൊണ്ടാണ് ഇപ്പോൾ വെടിനിർത്തലിന് അവരും തയ്യാറായിരിക്കുന്നത്.

തങ്ങൾ വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതായി ഇസ്രായേലി സർക്കാർ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. “ഇറാൻെറ ന്യൂക്ലിയർ ഭീഷണി അവസാനിപ്പിക്കുന്നതിന് പിന്തുണച്ച അമേരിക്കയ്ക്കും പ്രസിഡൻറ് ഡോണൾഡ് ട്രംപിനും നന്ദി. ഓപ്പറേഷനുകളുടെ ലക്ഷ്യം കൈവരിച്ചതിനാൽ ട്രംപ് മുന്നോട്ടുവെച്ച ഇരുരാഷ്ട്രങ്ങളുടെ വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാവുകയാണ്,” ഇസ്രായേൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇറാനിൽ നിന്നുള്ള ന്യൂക്ലിയർ ആയുധഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും അവസാനിച്ചിരിക്കുന്നുവെന്നും തങ്ങളുടെ ലക്ഷ്യം കൈവരിച്ചിരിക്കുന്നുവെന്നുമാണ് ഇസ്രായേലിൻെറ അവകാശവാദം. ഏതെങ്കിലും തരത്തിൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഇസ്രായേൽ പ്രതികരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേൽ തങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കുക മാത്രമാണ് ഇതുവരെ ചെയ്തതെന്ന് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി എക്സിൽ കുറിച്ചു. എപ്പോഴാണോ ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് പിൻമാറുന്നത് അപ്പോൾ വെടിനിർത്തലിന് തങ്ങളും തയ്യാറാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments