ആഗോളവിപണിയിൽ അമേരിക്കയുടെ ആധിപത്യം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തൻെറ രണ്ടാം വരവിൽ ഓരോ ചുവടും വെക്കുന്നത്. ‘അമേരിക്ക ഫസ്റ്റ്’ എന്ന പ്രചാരണ ക്യാമ്പെയിൻ മുന്നോട്ട് വെച്ചാണ് റിപ്പബ്ലിക്കൻ പാർട്ടി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യത്തിൻെറ സാമ്പത്തികമേഖലയിൽ പുതിയ പരിഷ്കാരങ്ങൾ ട്രംപ് ലക്ഷ്യമിടുന്നുണ്ട്. അതിൻെറ ഭാഗമായി നേരത്തെ തന്നെ അമേരിക്കയിലേക്കുള്ള കാർ ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. കാനഡ, ജർമനി, ജപ്പാൻ, യു.കെ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളെയാണ് ട്രംപിൻെറ ഈ തീരുമാനം കാര്യമായി ബാധിക്കാൻ പോവുന്നത്. യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങളും ട്രംപിൻെറ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ നികുതി ചുമത്തൽ തീരുമാനവുമായി ട്രംപ് രംഗത്ത് വരികയാണ്. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും മുകളിൽ നികുതി ചുമത്താനാണ് ലക്ഷ്യം. തീരുമാനം നടപ്പിലാക്കാൻ പോവുന്ന ഏപ്രിൽ 2-ന് അമേരിക്കൻ വിമോചനദിനം (Liberation Day) എന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ചരക്ക് സേവന ചൂഷണത്തിൽ നിന്ന് അമേരിക്കയെ വിമോചിപ്പിക്കുകയാണ് തൻെറ ലക്ഷ്യമെന്നും അദ്ദഹം പറഞ്ഞിട്ടുണ്ട്. ട്രംപ് പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് മുമ്പായി തന്നെ ആഗോള ഓഹരിവിപണിയിൽ അതിൻെറ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. ആഗോള ഓഹരിവിപണിയും യുഎസ് ഓഹരി വിപണിയും ഇതിനോടകം ഇടിഞ്ഞിട്ടുണ്ട്.
ട്രംപിൻെറ ഇറക്കുമതി നികുതി ചുമത്തലിൽ നിന്ന് അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങൾക്ക് യാതൊരു ഇളവും ലഭിക്കാൻ പോവുന്നില്ലെന്നാണ് സൂചനകൾ. ബന്ധമില്ലാത്ത രാജ്യങ്ങളിൽ അധിക നികുതിഭാരം ചുമത്താനും ട്രംപ് പദ്ധതിയിടുന്നുണ്ട്. യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ചരക്കുകൾക്കെല്ലാം നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, ചെമ്പ്, തടി തുടങ്ങിയവയെല്ലാം കടുത്ത നികുതി ചുമത്തപ്പെടാൻ പോവുന്ന ചരക്കുകളാണ്. ഇതിനോടകം തന്നെ വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ട്രംപ് ഇപ്പോൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഇത് ബാധിക്കും. ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 20 ശതമാനം അധിക ഇറക്കുമതി തീരുവയാണ് ചുമത്താൻ പോവുന്നത്. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക തീരുവയാണ് പ്രഖ്യാപിക്കാൻ പോവുന്നത്. ഇവിടങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി എത്തുന്ന മയക്കുമരുന്നിൻെറ വരവ് തടയിടാനും, കുടിയേറ്റത്തിനെതിരെയുമായിട്ടാണ് ഇരുരാജ്യങ്ങളുടെയും പുറത്ത് അധിക നികുതിഭാരം ചുമത്താൻ പോവുന്നത്. ഏത് രാജ്യങ്ങളിൽ നിന്നുമുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനമാണ് തീരുവ ചുമത്താൻ പോവുന്നത്.

മറ്റ് രാജ്യങ്ങളുടെ പുറത്ത് അധിക നികുതി ചുമത്തുമ്പോൾ സ്വാഭാവികമായും അതിൻെറ പ്രതിഫലനം അമേരിക്കൻ വിപണിയെയും ബാധിക്കും. ഇറക്കുമതി കാറുകളുടെയും ഓട്ടോമൊബൈൽ അസംസ്കൃത വസ്തുക്കളുടെയും തീരുവ വർധിപ്പിച്ചത് കാരണം അമേരിക്കയിലെ കാർവിപണിയിൽ വിലവർധനവ് ഉണ്ടാവുമെന്നാണ് വിലയിരുത്തൽ. നികുതി പരിഷ്കാരങ്ങൾ അമേരിക്കൻ വിപണിക്ക് വലിയ മുതൽക്കൂട്ടാവുമെന്നാണ് ട്രംപ് കരുതുന്നത്. എന്നാൽ അമേരിക്കൻ വിമോചനദിനവും നികുതി പരിഷ്കാരങ്ങളും മറ്റ് രാജ്യങ്ങളൊന്നും തന്നെ സന്തോഷത്തോടെയല്ല നോക്കിക്കാണുന്നത്. ട്രംപിൻെറ നികുതി പരിഷ്കാരങ്ങൾക്ക് മറുപടിയായി തിരിച്ചും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് മറ്റ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. പുതിയ നികുതി പരിഷ്കാരങ്ങൾ തൻെറ രാജ്യവും അമേരിക്കയും തമ്മിലുള്ള എല്ലാ വ്യാപാരബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാനി പ്രഖ്യാപിച്ച് കഴിഞ്ഞു. കൂട്ടായ ആലോചനകൾക്ക് ശേഷമല്ല ട്രംപിൻെറ തീരുമാനങ്ങൾ ഉണ്ടായതെന്നും ഇതുകൊണ്ട് പണപ്പെരുപ്പം വർധിക്കുന്നതടക്കം ഗുണകരമല്ലാത്ത ഫലങ്ങളാണ് ഉണ്ടാവാൻ പോവുന്നതെന്നും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലിബറേഷൻ ദിനവുമായി ബന്ധപ്പെട്ട് മെക്സിക്കൻ പ്രസിഡൻറ് ക്ലോഡിയ ഷീൻബാം ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും തൻെറ രാജ്യത്തെ തൊഴിലുകളെ ഇത് കാര്യമായി ബാധിക്കുമെന്ന് അവർ പറയുന്നു. ട്രംപിൻെറ പരിഷ്കാരങ്ങൾ ആഗോളവിപണിയെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുമെന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഒരു ഗുണവും ഇതുകൊണ്ട് അമേരിക്കയ്ക്ക് ഉണ്ടാവാൻ പോവുന്നില്ലെന്നുമാണ് ചൈനയുടെ നിലപാട്. പരസ്പര വ്യാപാരചുങ്കമാണ് ട്രംപിൻെറ പുതിയ പദ്ധതികളുടെ മറ്റൊരു പ്രധാന പ്രത്യേകത.