യുക്രെയ്നിലെ അപൂർവ ധാതുക്കരാറിൽ ഒപ്പിടുന്നതിനായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കിയും തമ്മിൽ നടന്ന ചർച്ച പരാജയം. വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഇരുനേതാക്കളും തമ്മിൽ പരസ്പരം പോരടിച്ചാണ് പിരിഞ്ഞത്. മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചാണ് ട്രംപും സെലൻസ്കിയും തമ്മിൽ വാക്കേറ്റമുണ്ടായത്. യുക്രെയ്നിൽ റഷ്യ വരുത്തിവെച്ച അതിക്രമങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസിനെ സെലൻസ്കി ക്ഷണിച്ചതോടെയാണ് തർക്കം തുടങ്ങുന്നത്. മുൻ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ യുദ്ധത്തിൽ എടുത്ത നിലപാട് എണ്ണിയെണ്ണി പറഞ്ഞ് ഇനി നയതന്ത്ര ചർച്ചയ്ക്ക് മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാവൂയെന്ന് വാൻസ് വ്യക്തമാക്കി. ഇത്രയും സഹായങ്ങൾ ചെയ്തിട്ടും യുക്രെയ്ൻ അമേരിക്കയെ ബഹുമാനിക്കുന്നില്ലെന്നും നന്ദി പറയുന്നില്ലെന്നും വാൻസ് ആരോപിച്ചു. തങ്ങൾ ഒറ്റയ്ക്ക് നിന്നാണ് റഷ്യക്കെതിരെ പ്രതിരോധം തീർക്കുന്നതെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനമാണ് ട്രംപ് ഉയർത്തിയത്. അമേരിക്ക നൽകിയ സഹായം ഒന്നുകൊണ്ട് മാത്രമാണ് യുക്രെയ്ൻ പിടിച്ചുനിൽക്കുന്നതെന്നും ഇല്ലായിരുന്നുവെങ്കിൽ വെറും രണ്ടാഴ്ച കൊണ്ട് യുദ്ധം അവസാനിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതിന് അമേരിക്കയോട് സെലൻസ്കി നന്ദി പറയണം. 3500 ബില്യൺ ഡോളറാണ് അമേരിക്ക നൽകിയത്. കൂടാതെ ആയുധങ്ങളും നൽകി. യുക്രെയ്ൻ ഇനി ഒരിക്കലും യുദ്ധത്തിൽ ജയിക്കാൻ പോവുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഈ പ്രതികരണം സെലൻസ്കിയെയും ചൊടിപ്പിച്ചു. ഇതോടെ കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി അമേരിക്കയിൽ നിന്ന് മടങ്ങിയത്. ട്രംപും സെലൻസ്കിയും ചേർന്ന് നടത്താനിരുന്ന വാർത്താസമ്മേളനവും റദ്ദാക്കി.
യുക്രെയ്ൻ - റഷ്യ യുദ്ധത്തിന് വൈകാതെ അവസാനമാവുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. നേരത്തെ റഷ്യ - യുഎസ് പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. റഷ്യയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള എല്ലാ തീരുമാനങ്ങളും ഇതിലുണ്ടായി. വൈകാതെ തന്നെ വ്ലാദിമിർ പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയും പ്രതീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സെലൻസ്കിയുമായുള്ള ചർച്ച നടന്നത്. ചർച്ച തെറ്റിപ്പിരിഞ്ഞതോടെ വെടിനിർത്തലിനുള്ള സാധ്യതയും അവസാനിച്ചിരിക്കുകയാണ്. ബൈഡൻ ഭരണകാലത്ത് യുക്രെയ്ന് അമേരിക്ക എല്ലാവിധ പിന്തുണയും നൽകിയിരുന്നു. എന്നാൽ ട്രംപ് അമേരിക്കയുടെ റഷ്യൻ വിരുദ്ധ നിലപാടിൽ മാറ്റം വരുത്തുകയാണ് ചെയ്തത്. അനാവശ്യ സാമ്പത്തിക ബാധ്യത പേറേണ്ടതില്ലെന്നാണ് അദ്ദേഹത്തിൻെറ അഭിപ്രായം. ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ ഇസ്രായേൽ - ഹമാസ് വെടിനിർത്തിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ അത് തുടരുകയാണ്. സമാനമായ രീതിയിൽ റഷ്യ - യുക്രെയ്ൻ വെടിനിർത്തലും ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. സെലൻസ്കി അപമാനിതനായി അമേരിക്കയിൽ നിന്ന് മടങ്ങിയതോടെ ഇനി ഈ വിഷയത്തിൽ പ്രതിസന്ധി മൂർച്ഛിക്കാനാണ് സാധ്യത.

അമേരിക്കയുടെ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധത്തിലും നാറ്റോ സഖ്യത്തിൻെറ നിലനിൽപ്പിനും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഇപ്പോഴുണ്ടായ ചർച്ചയിലെ തർക്കമെന്നാണ് വിലയിരുത്തൽ. 1949-ൽ അമേരിക്കൻ പ്രസിഡൻറായിരുന്ന ഹാരി ട്രൂമാനാണ് അമേരിക്ക നാറ്റോ സഖ്യത്തിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചത്. നാറ്റോ സഖ്യരാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാൽ അത് അമേരിക്കയ്ക്കെതിരായ ആക്രമണം പോലെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ആ നിലപാട് ട്രംപ് മാറ്റിത്തുടങ്ങുകയാണ്. നാറ്റോയ്ക്ക് നൽകുന്ന സഹായം അവസാനിപ്പിക്കാനാണ് അദ്ദേഹത്തിൻെറ നീക്കം.
ട്രംപ് - സെലൻസ്കി ചർച്ചയ്ക്ക് ശേഷം ആഗോളതലത്തിൽ നിരവധി പ്രതികരണങ്ങളും പുറത്ത് വന്നിട്ടുണ്ട്. “അമേരിക്കൻ ജനതയോട് നന്ദിയുണ്ട്. യുക്രെയ്ന് വേണ്ടത് പരിപൂർണമായ സമാധാനമാണ്. ഞങ്ങൾ അതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്,” സെലൻസ്കിയുടെ പ്രതികരണം ഇങ്ങനെയാണ്. “യുക്രെയ്ന് കനത്ത തിരിച്ചടിയാണ് അമേരിക്ക നൽകിയിരിക്കുന്നത്,” റഷ്യൻ സെക്യൂരിറ്റി കൌൺസിൽ ദ്മിത്രി മെദ്വദേവ് ടെലഗ്രാമിൽ കുറിച്ചു. സെലൻസ്കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. “യുക്രെയ്ൻ എന്നാൽ യൂറോപ്പാണ്. ഞങ്ങൾ അവർക്കൊപ്പം നിൽക്കുന്നു,” യൂറോപ്യൻ യൂണിയൻെറ ഔദ്യോഗിക പ്രതികരണം ഇങ്ങനെയാണ്. ജർമനി, ഫ്രാൻസ്, യുകെ, നോർവെ, പോളണ്ട്, ഇറ്റലി, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളെല്ലാം യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ വീണ്ടും നടക്കണമെന്നും മിക്ക രാജ്യങ്ങളും നിലപാടെടുത്തിട്ടുണ്ട്.