ട്രംപിൻെറ ആസൂത്രിത ഗാസാ ഉൻമൂലന പദ്ധതി; അന്ത്യശാസനത്തിന് പിന്നിലെന്ത്?

അധികാരത്തിലേറി ആഴ്ചകൾക്കുള്ളിൽ തന്നെ ഗാസയിലെ പലസ്തീൻ ജനതക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. വേണ്ടിവന്നാൽ വെടിനിർത്തൽ പിൻവലിക്കുമെന്ന ട്രംപിൻെറയും നെതന്യാഹുവിൻെറയും പ്രസ്താവനകൾ പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാഴ്ത്തുകയാണ്. ഗാസയിൽ ഇനിയെന്താണ് സംഭവിക്കാൻ പോവുന്നത്?

ഏതാണ്ട് ഒരു വർഷക്കാലം ദിവസേനയുണ്ടായ ബോബ് വർഷങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും വെടിവെപ്പുകൾക്കും ശേഷം ഗാസ കഴിഞ്ഞ കുറച്ച് ദിവസമായി ശാന്തമായിരുന്നു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറായി അവരോധിതനാവുന്നതിന് തൊട്ടുമുൻപ് ഹമാസും ഇസ്രായേൽ സൈന്യവും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറാണ് മേഖലയിൽ താൽക്കാലികമായി സമാധാനം പുനസ്ഥാപിച്ചത്. ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേലിന് വിട്ടുകൊടുക്കണമെന്നും ജയിലിലുള്ള പലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കണമെന്നുമാണ് കരാറിലെ പ്രധാന നിബന്ധന. 2025 ജനുവരി 19ന് നടപ്പിലായ വെടിനിർത്തൽ നിലവിൽ ഒരു മാസത്തോട് അടുക്കുകയാണ്.

വെടിനിർത്തലിന് വേണ്ടി ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്തിയ ട്രംപ് ഇപ്പോൾ തൻെറ പുതിയ പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഗാസ പൂർണമായി അമേരിക്ക ഏറ്റെടുക്കുമെന്ന് ഈയടുത്ത് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. “ഗാസ മുനമ്പ് ഞങ്ങൾ ഏറ്റെടുക്കും. ഇപ്പോൾ അതൊരു നരകകേന്ദ്രമാണ്. അത് മാറ്റിയെടുക്കണം. മിഡിൽ ഈസ്റ്റിലെ മനോഹരമായ കടൽത്തീരമായി ഗാസയെ മാറ്റണം. അവിടെ ലോകത്ത് നിന്നുള്ള മനുഷ്യർക്ക് സന്ദർശിക്കാനും താമസിക്കാനും സാധിക്കണം. വലിയൊരു കാലത്തേക്ക് ഗാസയുടെ ഉടമസ്ഥാവകാശം അമേരിക്ക തന്നെ നോക്കേണ്ടി വരുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ അവിടെ സമാധാനം പുലരും,” ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്. പാനമയും ഗ്രീൻലാൻറും സ്വന്തമാക്കുമെന്നും കാനഡ അമേരിക്കയുടെ ഭാഗമാണെന്നും പറയുന്ന ട്രംപ് ഗാസയെ അമേരിക്കയുടെ വരുതിയിലാക്കുമെന്ന സംശയമേതുമില്ലാത്ത തരത്തിലുള്ള പ്രഖ്യാപനമാണ് നടത്തിയത്.

വെടിനിർത്തലിന് വേണ്ടി ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്തിയ ട്രംപ് ഇപ്പോൾ തൻെറ പുതിയ പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കാൻ ഒരുങ്ങുകയാണ്
വെടിനിർത്തലിന് വേണ്ടി ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്തിയ ട്രംപ് ഇപ്പോൾ തൻെറ പുതിയ പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കാൻ ഒരുങ്ങുകയാണ്

ഇതിന് പിന്നാലെയാണ് ഇപ്പോൾ ബന്ദികളായ ഇസ്രായേലികളെ മുഴുവൻ ഹമാസ് ഉടൻ വിട്ടുനൽകണമെന്നും ഇല്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചത്. ഗാസയെ നരകമാക്കി മാറ്റുമെന്ന് ട്രംപ് അന്ത്യശാസനം നൽകുന്നു. യുദ്ധങ്ങളോട് താൽപര്യമില്ലാത്ത, ‘അമേരിക്ക ഫസ്റ്റ്’ എന്ന ആശയവുമായി വാണിജ്യതാൽപര്യങ്ങളോടെ മുന്നോട്ട് പോവുന്ന പ്രസിഡൻറാണ് ട്രംപെന്ന വിലയിരുത്തലുകൾ തീർത്തും മാറിമറിയുന്നു. ഗാസയിലെ പലസ്തീനികൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ് അധികാരത്തിലേറി ആഴ്ചകൾക്കുള്ളിൽ ട്രംപ് നടത്തുന്നത്. ട്രംപ് പറയുന്നത് അതിനേക്കാൾ ആവേശത്തോടെ ഏറ്റെടുത്ത് നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കാത്തിരിക്കുന്നു. ശനിയാഴ്ച ഉച്ച വരെയാണ് ബന്ദികളെ വിട്ടുനൽകാൻ ഹമാസിന് ട്രംപും നെതന്യാഹുവും അന്ത്യശാസനം നൽകിയിരിക്കുന്നത്. ഹമാസ് ബന്ദികളെ വിട്ടുനൽകിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും വീണ്ടും ഗാസയിൽ ആക്രമണം നടത്തുമെന്നും നെതന്യാഹു പറഞ്ഞുകഴിഞ്ഞു. ഹമാസിനെ അവസാനിപ്പിക്കുന്നത് വരെ ഇസ്രായേൽ സൈന്യം ഗാസയിൽ ആക്രമണം തുടരുമെന്നാണ് നെതന്യാഹു പറഞ്ഞത്.

ട്രംപ് അമേരിക്കൻ പ്രസിഡൻറായി വന്നതോടെ മിഡിൽ ഈസ്റ്റ് കൂടുതൽ സംഘർഷഭരിതമായി മാറുവാൻ പോവുകയാണ്. ഗാസ ഏറ്റെടുക്കുകയെന്ന തൻെറ ലക്ഷ്യം ഏത് വിധേനയും നടപ്പാക്കാനുള്ള പദ്ധതി ഇടുകയാണ് ഡോണൾഡ് ട്രംപ് ചെയ്യുന്നത്. വളരെ ആസൂത്രിതമായാണ് ട്രംപിൻെറ നീക്കങ്ങൾ. ഇതിൻെറ ഭാഗമായി ജോർദാൻ രാജാവ് അബ്ദുല്ലയുമായി അദ്ദേഹം ചർച്ച നടത്താനൊരുങ്ങുകയാണ്. ഗാസയുടെ പല മേഖലകളിലായുള്ള 20 ലക്ഷത്തോളം പലസ്തീനികളെ അവിടെ നിന്നും മാറ്റുകയെന്നതാണ് ട്രംപിൻെറ പ്രധാനലക്ഷ്യം. അതിനായി ഈജിപ്തിൻെറയും ജോർദാൻെറയും സഹായം തേടുകയാണ് അദ്ദേഹം. ഇവിടങ്ങളിലേക്ക് പലസ്തീനികളെ മാറ്റുകയെന്നതാണ് ട്രംപ് പദ്ധതിയിടുന്നത്. ഇതിനിടയിൽ ഹമാസുമായി പൂർണശക്തിയോടെ യുദ്ധം ചെയ്യുക. അതിന് ശേഷം ഗാസയെ അമേരിക്കയുടെ കീഴിലാക്കുക. ട്രംപ് മനസ്സിൽ കണ്ടിരിക്കുന്ന സ്വപ്നം അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളത് ഇങ്ങനെയൊക്കെയാണ്.

ശനിയാഴ്ച ഉച്ച വരെയാണ് ബന്ദികളെ വിട്ടുനൽകാൻ ഹമാസിന് ട്രംപും നെതന്യാഹുവും അന്ത്യശാസനം നൽകിയിരിക്കുന്നത്. ഹമാസ് ബന്ദികളെ വിട്ടുനൽകിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും വീണ്ടും ഗാസയിൽ ആക്രമണം നടത്തുമെന്നും നെതന്യാഹു പറഞ്ഞുകഴിഞ്ഞു.
ശനിയാഴ്ച ഉച്ച വരെയാണ് ബന്ദികളെ വിട്ടുനൽകാൻ ഹമാസിന് ട്രംപും നെതന്യാഹുവും അന്ത്യശാസനം നൽകിയിരിക്കുന്നത്. ഹമാസ് ബന്ദികളെ വിട്ടുനൽകിയില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും വീണ്ടും ഗാസയിൽ ആക്രമണം നടത്തുമെന്നും നെതന്യാഹു പറഞ്ഞുകഴിഞ്ഞു.

വെസ്റ്റ് ബാങ്ക് ഇസ്രയേലുമായി കൂട്ടിച്ചേർക്കുന്നത് എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും ട്രംപ് ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻറായി ട്രംപ് ചുമതലയേറ്റതിന് ശേഷം വൈറ്റ് ഹൌസിലെത്തി അദ്ദേഹവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ രാഷ്ട്രത്തലവൻ നെതന്യാഹുവാണ്. ഇരുനേതാക്കളും എത്രത്തോളം ആസൂത്രിതമായാണ് ഗാസയിൽ തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ പോവുകയെന്നത് ഇതിൽ നിന്നൊക്കെ വ്യക്തമാണ്.

ചെറുത്തുനിൽപ്പിന് ഹമാസ്

ട്രംപിൻെറയും നെതന്യാഹുവിൻെറയും അന്ത്യശാസനത്തിന് ഹമാസിൻെറ മറുപടിയും വന്നിട്ടുണ്ട്. “ഇരുകൂട്ടരും ഒരുപോലെ ബഹുമാനിക്കേണ്ട കരാറാണ് നിലവിലുള്ളതെന്ന് ട്രംപ് ഓർമ്മിക്കണം. ഇസ്രായേലി ബന്ദികളെ വിട്ടുനൽകാനുള്ള ഒരേയൊരു വഴിയാണിത്. ഭീഷണിയുടെ ഭാഷ കൊണ്ട് പ്രശ്നം സങ്കീർണമാക്കുക എന്നതല്ലാതെ മറ്റൊരു ഗുണവുമുണ്ടാവില്ല,” മുതിർന്ന ഹമാസ് നേതാവായ സമി അബു സുഹ്രി പറഞ്ഞു. വെടിനിർത്തൽ മുന്നോട്ട് കൊണ്ടുപോവാൻ ഹമാസ് പ്രതിജ്ഞാബദ്ധമാണെന്നും ഇതിന് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുമെങ്കിൽ അതിന് ഉത്തരവാദികൾ ഇസ്രായേൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ച പിന്നിട്ട വെടിനിർത്തൽ കരാർ നിലവിൽ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ഇസ്രായേൽ ഗുരുതരമായ വീഴ്ചകളാണ് ഇതിനകം നടത്തിയിരിക്കുന്നതെന്ന് ഹമാസ് പറയുന്നു. അതിനാൽ അടുത്ത ഘട്ടത്തിൽ ഇസ്രായേലി ബന്ദികളെ വിട്ടുനൽകില്ലെന്നാണ് അവരുടെ നിലപാട്. ഇതാണ് ട്രംപിനെയും നെതന്യാഹുവിനെയും ചൊടിപ്പിച്ചിരിക്കുന്നത്.

ഇനി നടക്കാൻ പോവുന്നത്…

ഗാസയിലുള്ള പലസ്തീൻ അഭയാർഥികളെ സ്വീകരിക്കുന്നില്ലെങ്കിൽ ജോർദാനും ഈജിപ്തിനും നൽകുന്ന സഹായം അവസാനിപ്പിക്കാനാണ് ട്രംപിൻെറ തീരുമാനം. ഗാസ ഏറ്റെടുക്കുമെന്ന ട്രംപിൻെറ പ്രഖ്യാപനത്തിനോട് ഇതുവരെ ഹമാസ് നേരിട്ട് പ്രതികരിച്ചിട്ടില്ല. ഹമാസ് ഈയാഴ്ച ബന്ദികളെ മോചിപ്പിക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ ഇസ്രായേലിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. നെതന്യാഹു സർക്കാരിൻെറ നയങ്ങൾക്ക് മൂർച്ച പോരെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

രണ്ടാംഘട്ട കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ടതുണ്ട്. എന്നാൽ നെതന്യാഹു ഇതിനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഒന്നാം ഘട്ട കരാറിൻെറ ദിവസങ്ങൾ നീട്ടുകയെന്നതാണ് സാധ്യതയുള്ള ഒരു കാര്യം.
രണ്ടാംഘട്ട കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ടതുണ്ട്. എന്നാൽ നെതന്യാഹു ഇതിനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഒന്നാം ഘട്ട കരാറിൻെറ ദിവസങ്ങൾ നീട്ടുകയെന്നതാണ് സാധ്യതയുള്ള ഒരു കാര്യം.

വെടിനിർത്തൽ പിൻവലിക്കുകയാണെങ്കിൽ നേരത്തെ ഉള്ളതിനേക്കാൾ രൂക്ഷമായ രീതിയിലുള്ള ആക്രമണങ്ങൾക്കായിരിക്കും ഇസ്രായേൽ സൈന്യം തയ്യാറെടുക്കുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പുകളാണ് സൈന്യം നടത്തുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ തന്നെ അതിൻെറ രണ്ടാം ഘട്ടത്തിലേക്ക് ഇസ്രായേൽ കടക്കാനുള്ള സാധ്യതകൾ കുറവാണെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. നെതന്യാഹു സർക്കാരിന് മുകളിൽ നേരത്തെ തന്നെ ആക്രമണം പുനരാരംഭിക്കുന്നതിന് സമ്മർദ്ദമുണ്ട്.

വെടിനിർത്തൽ കരാറിൻെറ ഭാഗമായി ആറാംഘട്ടത്തിൽ തടവുകാരെ കൈമാറുന്നതിനുള്ള ദിവസം ഈ വരുന്ന ശനിയാഴ്ചയാണ്. മാർച്ച രണ്ട് വരെ ഇത്തരത്തിൽ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുമെന്നാണ് കരാറിൽ പറയുന്നത്. രണ്ടാം ഘട്ടത്തിൽ ഇസ്രായേൽ സൈന്യം പൂർണമായി ഗാസയിൽ നിന്ന് പിൻമാറണമെന്നും കരാറിൽ പറയുന്നുണ്ട്. രണ്ടാംഘട്ട കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ടതുണ്ട്. എന്നാൽ നെതന്യാഹു ഇതിനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഒന്നാം ഘട്ട കരാറിൻെറ ദിവസങ്ങൾ നീട്ടുകയെന്നതാണ് സാധ്യതയുള്ള ഒരു കാര്യം. എന്നാൽ ട്രംപിൻെറ അന്ത്യശാസനം വന്നതോടെ അതിനുള്ള സാധ്യതകൾ ഏകദേശം അവസാനിച്ചിരിക്കുകയാണ്.

Comments