‘‘മുതലാളിത്ത തകർച്ചയുടെ ഘട്ടമെന്നത് അത്യന്തം ആപത്ക്കരമായ ഒരു ഘട്ടമാണ്. മുതലാളിത്തം അതിന്റെ മരണശയ്യയെ ശാന്തമായിട്ടായിരിക്കില്ല നേരിടുന്നത്. അതായത് മുതലാളിത്തം അതിൻ്റെ അവസ്ഥാതലങ്ങളെ നിലനിറുത്തുന്നതിനുവേണ്ടി, മുതലാളിത്തകേന്ദ്രങ്ങളിലെ അതിൻ്റെ സാമ്രാജ്യത്വമേധാവിത്വസ്ഥാനം നിലനിർത്തുന്നതിനുവേണ്ടി, അത് കൂടുതൽ കൂടുതൽ പ്രാകൃതമായി പെരുമാറിക്കൊണ്ടിരിക്കും’’.
- ഡോ. സമിർ അമിൻ (ലോകപ്രശസ്ത ആഫ്രിക്കൻ വിപ്ലവചിന്തകൻ).
▮
ഒന്ന്
ഇന്ന് ലോകം നേരിടുന്ന അത്യാപത്ക്കരമായ ഭീഷണി അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റേതാണ്. ലോകജനതയുടെ നിലനിൽപ്പിനെ മാത്രമല്ല, മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ ജീവിതത്തെ സാധ്യമാക്കുന്ന പാരിസ്ഥിതികവ്യവസ്ഥയുടെ സർവ്വനാശത്തിനുകൂടിയാണ് അമേരിക്കൻ സാമ്രാജ്യത്വമെന്ന വാർ മെഷീൻ വഴിതെളിച്ചുകൊണ്ടിരിക്കുന്നത്. ലോകത്താകമാനം പരന്നുകിടക്കുന്ന അമേരിക്കൻ സാമ്രാജ്യത്വനിയന്ത്രണത്തിലുള്ള സൈനികത്താവളങ്ങളുടെയും ആയുധശേഖരങ്ങളുടെയും സാന്നിദ്ധ്യം ഞെട്ടിപ്പിക്കുന്നതും ഭയാനകവുമാണ്.
ലോകത്താകമാനമുള്ള, പ്രത്യേകിച്ച് മൂന്നാം ലോകത്തിലെ (The Global South) പ്രകൃതിവിഭവങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും മനുഷ്യാധ്വാനത്തിൻ്റെയും മേലുള്ള സമ്പൂർണ്ണ നിയന്ത്രണത്തിലൂടെയും അതുവഴിയുള്ള വമ്പൻ ചൂഷണത്തിലൂടെയുമാണ് (Super exploitation) അമേരിക്കൻ സാമ്രാജ്യത്വ വ്യവസ്ഥയും സഖ്യകക്ഷികളും (The Global North) നിലകൊള്ളുന്നത്. 21-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിൻ്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ സാധ്യമാക്കുന്നത് മൂന്നാം ലോകരാജ്യങ്ങൾക്കുമേലുള്ള വമ്പൻ ചൂഷണത്തിലൂടെ സ്വരൂപിക്കപ്പെടുന്ന മൂല്യത്തിൻ്റെ ഒഴുക്കാണെന്ന (The Value transfer) യഥാർത്ഥ്യത്തെ അതിൻ്റെ സൂക്ഷ്മതയിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. അത്യഗാധമായ മാനങ്ങളുള്ള തദ്ദേശീയവും വൈദേശികവുമായ സൈനിക വ്യവസായങ്ങളുടെയും ആയുധവ്യവസായങ്ങളുടെയും ജയിൽ വ്യവസായങ്ങളുടെയും വമ്പൻ സമുച്ചയങ്ങൾ അമേരിക്കൻ സാമ്രാജ്യത്വ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായി മാറിത്തീർന്നിട്ടുണ്ട്. മാധ്യമങ്ങളുടെയും പൊതുബോധനിർമ്മിതിയുടെയും മേലുള്ള സമ്പൂർണ്ണ ആധിപത്യവും നിയന്ത്രണവും അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കൈകളിലാണെന്നതും കാണേണ്ടതുണ്ട്.
ഇങ്ങനെ നാനാവിധ ആധിപത്യങ്ങളുടെയും അധീശത്വങ്ങളുടെയും ചിറകുകൾക്കു മുകളിലൂടെയെയാണ് അമേരിക്കൻ സാമ്രാജ്യത്വ കഴുകൻ്റെ വാർ മെഷീൻ ഇപ്പോൾ പാറിപ്പറക്കുന്നത്. അതിൻ്റെ ബീഭത്സതയാണ് ഗാസയിൽ കണ്ടുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ ഗാസയ്ക്കുമേലുള്ള അധിനിവേശവും വംശഹത്യയും അമേരിക്കൻ സാമ്രാജ്യത്വവ്യവസ്ഥയുടെ പശ്ചിമേഷ്യൻ താൽപ്പര്യങ്ങളുടെ സാക്ഷാത്ക്കാരങ്ങളാണ്. ഇസ്രയേൽ എന്ന settler colonial project - ന് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ പിന്തുണയില്ലാതെ ഒരു നിമിഷം പോലും നിലനിൽക്കാനാവില്ല എന്നതും ചരിത്രയാഥാർത്ഥ്യമാണ്. ഇസ്രായേൽ ധനകാര്യമന്ത്രിയുടെ വാക്കുകൾ അതിൻ്റെ ഒടുവിലത്തെ ആവിഷ്ക്കാരമായിരുന്നു. സാമ്രാജ്യത്വ-സയണിസ്റ്റ് പദ്ധതിയുടെ അപ്പോസ്തലനായ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇതായിരുന്നു: ‘‘ഗാസയെ ഒരു റിയൽ എസ്റ്റേറ്റ് കേന്ദ്രമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി ഗാസയെ തകർത്തുകഴിഞ്ഞു. ഈ യുദ്ധത്തിന് ഞങ്ങൾ ഒരുപാട് പണം ചെലവാക്കി. ഇനി ഞങ്ങൾക്ക് വേണ്ട രീതിയിൽ പുതുക്കിപ്പണിയണം.അതിന് ഇതിലും കുറവ് ചെലവ് മതിയാകും. ബിസിനസ് ലാഭവിഹിതം എങ്ങനെ വിഭജിക്കണമെന്ന് അമേരിക്കയുമായി ചർച്ച ആരംഭിച്ച് കഴിഞ്ഞു’’.

ഖത്തറിലേക്കും ലെബനനിലേക്കും ഇറാനിലേയ്ക്കും എന്നുവേണ്ട പശ്ചിമേഷ്യയിലാകമാനം ഇസ്രായേൽ എന്ന Settler Colonial Project - നെ മുൻനിറുത്തി അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ വാർ മെഷീൻ കടന്നുകയറുകയാണ്. അതുകൊണ്ടുതന്നെ ഈ വാർ മെഷീനേയും അതിന് മൂല്യം (value) ഊറ്റിക്കൊടുക്കുന്ന settler colonial project - നെയും തുറന്നുകാട്ടുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് മാനവരാശിയുടെയും പാരിസ്ഥിതിക വ്യവസ്ഥയുടെയും നിലനിൽപ്പിനുള്ള മുന്നുപാധിയായി തീർന്നിരിക്കുകയാണ്.
അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ വലക്കണ്ണികൾ അതിവിപുലവും അതിസങ്കീർണ്ണവുമാണ്. എൺപതോളം രാജ്യങ്ങളിലായി 750-ഓളം സൈനികതാവളങ്ങൾ അമേരിക്കയ്ക്ക് സ്വന്തമായുണ്ട്. 159 രാജ്യങ്ങളിൽ അമേരിക്കൻ സൈനിക ട്രൂപ്പുകളുടെ വിശാലമായ സാന്നിദ്ധ്യമുണ്ട്. 1,75,000 സൈനിക ട്രൂപ്പുകളാണ് ഈ രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ മനുഷ്യകുലഞ്ഞയും ആവാസവ്യവസ്ഥയെയും മുച്ചൂടും മുടിച്ചുകളയാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സൈന്നിക സ്വേച്ഛാധിപത്യരാജ്യം കൂടിയാണ് അമേരിക്ക. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇതിൻ്റെ അടുത്തെങ്ങുമെത്തുന്ന സൈനികവലയത്തെ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിട്ടുമില്ല. ഏത് രാജ്യത്തെയും എവിടെവെച്ചും ഏതുസമയത്തും കടന്നാക്രമിക്കാനുള്ള ശേഷി ഈ അമേരിക്കൻ സൈനികവലയത്തിനുണ്ട്.
സാമ്രാജ്യത്വത്തെ അതിവർത്തിക്കുന്ന ചൈനയുടെ മുന്നേറ്റങ്ങൾ അമേരിക്കൻ സാമ്രാജ്യത്വ അധീശത്വത്തിന് മുറിവേൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയെ വളയുക എന്നതിലേയ്ക്ക് 21-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിൻ്റെ ഭൗമരാഷ്ട്രീയം പുനഃക്രമീകരിക്കപ്പെടുകയാണ്.
ലോകത്തിലെതന്നെ ഏറ്റവും വലിയ ചാരസംഘടനയായ സി ഐ എയും അമേരിക്കയുടെ സ്വന്തമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ താൽപ്പര്യസംരക്ഷണാർത്ഥം ലോകത്തെവിടെയും ഇടപെടാൻ ശേഷിയുള്ള ഒരു കാപാലിക സംഘടനയാണത്. അമേരിക്കൻ സാമ്രാജ്യത്വത്തിന് എവിടെ ഭീഷണി ഉയരുന്നുവോ അവിടെ സി ഐ എ ഇടപെടും. വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അമേരിക്കൻ സാമാജ്യത്വത്തിൻ്റെ താൽപ്പര്യങ്ങൾക്കനുസൃതമായി സി ഐ എ അതിനിഷ്ഠൂരമായി അട്ടിമറിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. അത്തരം അട്ടിമറിശ്രമങ്ങൾ വെനിസ്വല ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ അവരിപ്പോഴും തുടരുകയും ചെയ്യുന്നു.
പുരോഗമന സർക്കാരുകൾക്കെതിരെ ലോകത്തെവിടെയുമുള്ള ഏകാധിപതികൾക്കും ഫാഷിസ്റ്റ് സ്വേച്ഛാധിപതികൾക്കും സൈനികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമ്പൂർണ്ണ പിന്തുണ നൽകിക്കൊണ്ടാണ് അമേരിക്കൻ സാമ്രാജ്യത്വം എക്കാലത്തും നിലനിന്നിട്ടുണ്ട്. ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ട്, കൂട്ടക്കൊലകൾക്ക് കാവൽ നിന്നുകൊണ്ട്, ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും അവരുടെ മാധ്യമസന്നാഹങ്ങളിലൂടെ അവർ കൂവിയാർത്തുകൊണ്ടിരിക്കുകയും ചെയ്യും.
അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഭൗമരാഷ്ട്രീയ താൽപര്യങ്ങൾക്കനുസൃതമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള മരണസ്ക്വാഡുകളുടെയും ആഗോള പോലീസ് ഫോഴ്സിൻ്റെയും ശക്തിയും അപാരമാണ്. വീറ്റോ അധികാരവും മറ്റ് രാജ്യങ്ങൾക്കുമേൽ ഉപരോധങ്ങൾ അടിച്ചേൽപ്പിൽക്കാനുള്ള അപാര ശേഷിയും അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ആധാരശിലകളാണ്. അതോടൊപ്പം വ്യാപാരയുദ്ധങ്ങളും ഡോളർ ആധിപത്യവും സാമ്രാജ്യത്വത്തിൻ്റെ നട്ടെല്ലാണ്. വീറ്റോ അധികാരത്തെയും ഉപരോധങ്ങളെയും വ്യാപാര യുദ്ധങ്ങളെയും യഥാർത്ഥത്തിൽ മറ്റ് രാജ്യങ്ങൾക്കുമേലുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ സൈനിക അധിനിവേശങ്ങളായിതന്നെ കാണേണ്ടതുണ്ട്. നേരിട്ടുള്ള സൈനികാക്രമണങ്ങളിലൂടെ വധിക്കപ്പെടുന്ന മനുഷ്യരുടെ എണ്ണത്തെക്കാൾ എത്രയോ കൂടുതൽ മനുഷ്യർ ഇത്തരം ഉപരോധങ്ങളിലൂടെ ദാരിദ്ര്യത്താലും രോഗങ്ങളാലും പിടഞ്ഞുമരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉപരോധങ്ങൾ എന്നത് സൈനികാധിനിവേശങ്ങളോളമോ അതിനക്കാളപ്പുറമോ ദൂരവ്യാപകപ്രത്യാഘാതങ്ങളെ വിളിച്ചു വരുത്തുന്ന ഒന്നാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

▮
രണ്ട്
സമകാലിക സാമ്രാജ്യത്വവ്യവസ്ഥയുടെ പ്രവർത്തനപഥങ്ങളെയും അതിൻ്റെ ആഗോളപ്രതിസന്ധിയെയും അതിൻ്റെ സങ്കീർണ്ണതയിലും ചരിത്രപരതയിലും മനസ്സിലാക്കേണ്ടതുണ്ട്. അതായത് 21-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വവ്യവസ്ഥയെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ചരിത്രപ്രക്രിയകളിലൂടെ ഉയർന്നുവന്ന ആവിഷ്ക്കാരരൂപങ്ങളായി തിരിച്ചറിയേണ്ടതുണ്ട്. അതായത്, വർത്തമാനത്തെ ചരിത്രപ്രകിയയായി (The present as history) മനസ്സിലാക്കേണ്ടതുണ്ടെന്നർത്ഥം.
സുദീർഘമായ ഒരു കാലഘട്ടത്തിൻ്റെ (1450- 1650) ആവിഷ്ക്കാരരൂപമായിട്ടാണ് പശ്ചാത്യ യൂറോപ്പിൽ മുതലാളിത്തം ഉദയം ചെയ്യുന്നത്. വർഗ്ഗത്തിൻ്റെയും ദേശത്തിൻ്റെയും കൊളോണിയൽ സാമ്രാജ്യത്തിൻ്റെയും അധിനിവേശത്തിൻ്റെയും ഒരു വ്യവസ്ഥാരൂപമായിട്ടായിരുന്നു അത് ഉയർന്നുവന്നത്. തൊഴിലാളിവർഗ്ഗത്തിൻ്റെ അധ്വാന ചൂഷണത്തിൻ്റെയും തദ്ദേശീയ നിവാസികളുടെ മേലുള്ള കടന്നാക്രമണങ്ങളുടെയും ഉന്മൂലനത്തിൻ്റെയും അറ്റ്ലാൻ്റിക് അടിമവ്യാപാരത്തിൻ്റെയും ചോരക്കളങ്ങളിലൂടെയായിരുന്നു ആ വ്യവസ്ഥ വേരുകളാഴ്ത്തിപ്പടർന്നത്. യൂറോപ്യൻ കൊളോണിയൽ ശക്തികൾ സാമ്പത്തികതാൽപ്പര്യാർത്ഥം ലോകത്തെ മുഴുവൻ പങ്കിട്ടെടുക്കാനുള്ള വാണിജ്യയുദ്ധമുഖങ്ങൾ തുറക്കുന്നതും ഈ ഘട്ടത്തിലായിരുന്നു. തുടർന്ന് വ്യാവസായിക വിപ്ലവത്തിലൂടെയും കൊളോണിയൽ അധികാരശ ക്തിയിലൂടെയും മുതലാളിത്ത സാമ്പത്തിക ലോകത്തിലെ അധീശത്വ ശക്തിയായി പതിനെട്ട് -പത്തൊമ്പതാം നൂറ്റാണ്ടോടെ ബ്രിട്ടൻ ഉയർന്നുവന്നു.
19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെയാണ് അതുവരെ നിലനിന്നിരുന്ന സ്വതന്ത്ര മത്സരമെന്ന അവസ്ഥയിൽ നിന്ന് മുതലാളിത്തം അതിൻ്റെ കുത്തകാവസ്ഥയിലേക്ക്, അതായത് സാമ്രാജ്യത്വാവസ്ഥയിലേയ്ക്ക്, ഗതിമാറുന്നത്. ബ്രിട്ടീഷ് അധീശത്വം വാടാൻ തുടങ്ങുന്ന ഒരു ഘട്ടം കൂടിയായിരുന്നു ഇത്. ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ, ഫ്രാൻസ്, ജപ്പാൻ, ജർമ്മനി, ഇറ്റലി തുടങ്ങിയ സാമ്രാജ്യത്വശക്തികൾ ലോകത്തിൻ്റെ ബാക്കിഭാഗങ്ങളെക്കൂടി പങ്കിട്ടെടുക്കാനുള്ള നെട്ടോട്ടം തുടർന്നുകൊണ്ടിരുന്നു. അങ്ങനെ ലോകം, സാമ്രാജ്യത്വരാജ്യങ്ങൾ നിലകൊള്ളുന്ന സാമ്രാജ്യത്വ കേന്ദ്രങ്ങളായും (the centre) അവർ പങ്കിട്ടെടുത്ത രാജ്യങ്ങൾ നിലകൊള്ളുന്ന പ്രാന്തങ്ങളായും (the periphery) വിഭജിക്കപ്പെട്ടു.
ഉൽപ്പാദനമേഖലയിൽ സംഭവിച്ച ആഗോളവത്ക്കരണത്തിൻ്റെ ഭാഗമായി സാമ്രാജ്യത്വ കേന്ദ്രങ്ങളിലെ ബഹുരാഷ്ട്രകുത്തക കമ്പനികൾ അവരുടെ ഉൽപ്പാദക യൂണിറ്റുകളെ ഗ്ലോബൽ സൗത്തിലെ മൂന്നാംലോക രാജ്യങ്ങളിലേയ്ക്ക് മാറ്റുന്നത് തുടരുകയാണ്.
1884-ലെ കുപ്രസിദ്ധമായ ബെർലിൻ കോൺഫെറൻസിനെ തുടർന്ന് യൂറോപ്യൻ കൊളോണിയൽ ശക്തികൾ ആഫ്രിക്കയെ ഔദ്യോഗികമായി തന്നെ വെട്ടിപ്പിളർന്ന് പങ്കിട്ടെടുക്കാൻ ആരംഭിച്ചു. 1900- ൽ ഇതേ യൂറോപ്യൻ ശക്തികൾ ചൈനയെ കടന്നാക്രമിക്കുകയും കുത്തിച്ചോർത്തുകയും ചെയ്തു. ഇങ്ങനെ സാമാജ്യത്വപ്രാന്തങ്ങളിൽ (peripheries) നിലനിന്നിരുന്ന രാജ്യങ്ങളുടെ സമ്പത്ത് വെട്ടിപ്പിടിക്കാനും കുത്തിച്ചോർത്താനുമുള്ള സാമ്രാജ്യത്വകേന്ദ്രങ്ങളിലെ വമ്പൻ ശക്തികളുടെ കിടമത്സരങ്ങളായിരുന്നു ഒന്നാം ലോകമഹായുദ്ധത്തിലേയ്ക്ക് വഴിവെട്ടിയത്. ഈയൊരു യുദ്ധപരിസത്തിനുള്ളിൽ നിന്നുമാണ് ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം അരങ്ങേറുന്നതും സോവിയറ്റ് യൂണിയൻ പിറന്നുവീഴുന്നതും. ഈ സോവിയറ്റ് യൂണിയനാണ് സാമ്രാജ്യത്വകേന്ദ്രത്തിലെ ഫാഷിസ്റ്റ് - നാസിസ്റ്റ് ശക്തികളെ (ജർമ്മനി, ഇറ്റലി, ജപ്പാൻ) രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ഘട്ടത്തിൽ മുഖ്യമായും പരാജയപ്പെടുത്തുന്നത്.
25 ദശലക്ഷത്തോളം മനുഷ്യരാണ് ഫാഷിസത്തിനും നാസിസത്തിനും എതിരായ പോരാട്ടത്തിൽ സോവിയറ്റ് യൂണിയനിൽ മാത്രം രക്തസാക്ഷികളായി തീർന്നത്. ഈ യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിലാണ് യാതൊരു ആവശ്യവുമില്ലാതെ മനുഷ്യത്വരഹിതമായി അമേരിക്കൻ ഐക്യനാടുകൾ ജപ്പാനിൽ അണുവായുധങ്ങൾ വർഷിക്കുന്നത്. അങ്ങനെ രണ്ടാം ലോകമഹായുദ്ധാനന്തരം സാമ്രാജ്യത്വകേന്ദ്രങ്ങളിലെ ഏറ്റവും വലിയ അധീശത്വശക്തിയായും പ്രതിവിപ്ലവകേന്ദ്രമായും അമേരിക്കൻ ഐക്യനാടുകൾ ഉയന്നുവന്നു. സാമ്രാജ്യത്വകേന്ദ്രങ്ങളിലെ മറ്റ് ശക്തികൾ അതായത് യൂറോപ്യൻ ശക്തികളും ജപ്പാനും അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കീഴിലുള്ള ജൂനിയർ പങ്കാളികളായി ചുരുക്കപ്പെടുകയും ചെയ്തു.

അമേരിക്കൻ സാമ്രാജ്യത്വം അതിൻ്റെ താൽപര്യങ്ങൾക്കിണങ്ങുന്ന വിധം അന്താരാഷ്ട്ര നിയമസംവിധാനങ്ങളെ ഉത്പാദിപ്പിക്കുകയും പുനരുൽപ്പാദിപ്പിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ നിയന്ത്രണത്തിലുള്ളതും അതിൻ്റെ താൽപര്യങ്ങളെ നിറവേറ്റിക്കൊടുക്കുന്നതുമായ എണ്ണമറ്റ അന്താരാഷ്ട്ര ഏജൻസികളും സ്ഥാപനങ്ങളും സംവിധാനങ്ങളും ഉയർന്നുവന്നു.
ചുവപ്പുപേടിയെ അമേരിക്കൻ സാമ്രാജ്യത്വം അതിൻ്റെ രക്തത്തിൽ അലിയിച്ചുചേർത്തു. സോവിയറ്റ് സോഷ്യലിസ്റ്റ് ചേരിക്കെതിരെ ശീതയുദ്ധത്തിൻ്റെ നാനാവിധങ്ങളായ കുന്തമുനകൾ കൂർപ്പിച്ചുവെച്ചു. ആ കുന്തമുനയുടെ ഏറ്റവും തീവ്രമായ രൂപങ്ങളിലൊന്നായിരുന്നു നാറ്റോ സഖ്യം. യഥാർത്ഥത്തിൽ ശീതയുദ്ധമെന്നത് (cold war) ചൂടുയുദ്ധങ്ങളുടെ (hot wars) കൂടെ കാലമായിരുന്നു. എത്രയെത്ര വിമോചന പോരാട്ടങ്ങളെയും പോരാളികളെയുമാണ് അമേരിക്കൻ സാമ്രാജ്യത്വവും അതിൻ്റെ കൂട്ടാളികളും ചോരയിൽ മുക്കിത്താഴ്ത്തിയത്. അതിൻ്റെ കണക്കുകൾ ഭീതിജനകമാണ്, അങ്ങേയറ്റം അമ്പരപ്പിക്കുന്നതുമാണ്. ഇതിൻ്റെയെല്ലാം പ്രാഥമികലക്ഷ്യം സോവിയറ്റ് യൂണിയനെയും സോഷ്യലിസ്റ്റ് ചേരിയേയും അതിൻ്റെ പ്രത്യയശാസ്ത്രത്തെയും ചുറ്റിവളയലായിരുന്നു.
ചൈനീസ് സവിശേഷതകളോടുകൂടിയ ഒരാധുനിക സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയാണ് ചൈന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിനും അതിൻ്റെ സഖ്യകക്ഷികൾക്കും ചൈനയുടെ വളർച്ച ഒരു തരത്തിലും സ്വീകാര്യമായിരിക്കില്ല.
1991-ൽ സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയും തകർപ്പെട്ടു. സോവിയറ്റ് - സോഷ്യലിസ്റ്റ് ചേരി തകർക്കപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെയും അതിൻ്റെ യൂറോപ്യൻ സഖ്യകക്ഷികളുടെയും നേതൃത്വത്തിലുള്ള നഗ്നമായ സാമ്രാജ്യത്വകടന്നാക്രമണങ്ങൾക്കാണ് പ്രാന്തങ്ങളിലുള്ള മൂന്നാം ലോകരാജ്യങ്ങൾ പിന്നീട് വേദിയായിത്തീർന്നത്. യൂഗോസ്ലാവിയയിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സോമാലിയയിലും സിറിയയിലും തുടങ്ങി ലോകത്തിൻ്റെ വിവിധയിടങ്ങളിലെ ഭരണകൂടങ്ങളെ നഗ്നമായ യുദ്ധങ്ങളിലൂടെയും കടന്നാക്രമണങ്ങളിലൂടെയും അമേരിക്കൻ സാമ്രാജ്യത്വം പിഴുതെറിയുകയും തങ്ങളുടെ സാമന്തന്മാരെ പകരംവെയ്ക്കുകയും ചെയ്തു. പ്രാന്തങ്ങളിലെ പ്രകൃതിവിഭവങ്ങളുടെയും മനുഷ്യാധ്വാനത്തിൻ്റെയും മേലുള്ള സമ്പൂർണ്ണ ആധിപത്യവും നിയന്ത്രണവുമായിരുന്നു ഇതിനു പിന്നിലെ താൽപര്യം. ഈയൊരു രാഷ്ട്രീയ സമ്പദ്ശാസ്ത്രതാൽപര്യത്തെ സൂക്ഷ്മമായി മറച്ചുപിടിക്കുന്നതിന് വ്യത്യസ്ത തരത്തിലുള്ള സംസ്കാരവാദചിന്തകളും സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷസിദ്ധാന്തങ്ങളും സാമ്രാജ്യത്വ സൈദ്ധാന്തികരാലും അക്കാദമിക്ക് വിദഗ്ധരാലും അവതരിപ്പിക്കപ്പെട്ടു. അത്തരം സിദ്ധാന്തങ്ങൾ അമേരിക്കൻ / യൂറോപ്യൻ അക്കാദമികളിൽ നിന്നും മുന്നാം ലോകരാജ്യങ്ങളിലേയ്ക്കും കിനിഞ്ഞിറങ്ങി. ഇത്തരം ചിന്തകളുടെ ഗാങ്ഓവറിൽ കഴിയുന്ന അക്കാദമിക് വിദഗ്ധർ കേരളത്തിലും സുലഭമാണ്. സാമ്രാജ്യത്വം കാലഹരണപ്പെട്ട ആശയമാണെന്ന് ഇടയ്ക്കിടെ പുലമ്പുമ്പോഴാണ് ഇവരുടെ യഥാർത്ഥ സ്വഭാവം നമുക്ക് പിടികിട്ടുന്നത്. സാമ്രാജ്യത്വം കാലഹരണപ്പെട്ട ആശയമാണെന്ന് നേരിട്ട് പറഞ്ഞാൽ തങ്ങളുടെ കള്ളി വെളിച്ചത്താകുമെന്ന് കരുതി അതിനുപകരം അൻ്റോണിയോ നെഗ്രിയെ ഉദ്ധരിക്കുന്ന വിദഗ്ധരും കുറവല്ല.
▮
മൂന്ന്
1970- കൾ മുതൽ തന്നെ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ സാമ്പത്തിക അധീശത്വത്തിന് കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടിവരുന്നുണ്ട്. വിയറ്റ്നാം യുദ്ധത്തിലെ വമ്പൻ പരാജയവും സാമ്പത്തികമാന്ദ്യവും അപവ്യവസായവത്ക്കരണവും ആഗോളവത്ക്കരണവും ഫിനാൻഷ്യലൈസേഷനും ചൈനയുടെ ഉയർന്നുവരുമെല്ലാം ചേർന്ന് സൃഷ്ടിച്ച പുതിയ സാഹചര്യം അമേരിക്കയുടെ ആഗോള അധികാരശക്തിയെ ദുർബലപ്പെടുത്തുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പാശ്ചാത്യ യൂറോപ്യൻ ശക്തികളും ജപ്പാനും ഇതിലും വലിയ പ്രതിസന്ധികളിലേയ്ക്കാണ് എടുത്തെറിയപ്പെട്ടത്.

1960-ൽ ലോക ജി ഡി പിയുടെ 40 ശതമാനവും അമേരിക്കയുടെ കൈകളിലായിരുന്നു. 1984-ൽ അത് 34 ശതമാനമായി കുറഞ്ഞു. ഇന്നതിൻ്റെ കണക്ക് 26 ശതമാനമാണ്. എന്നാൽ ചൈനയാകട്ടെ വിപ്ലവസമയത്ത് 2.3 ശതമാനം മാത്രമുണ്ടായിരുന്ന അതിൻ്റെ ജി ഡി പിയെ ലോക ജി ഡി പിയുടെ 18 ശതമാനത്തിലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. അതായത്, ചൈനയുടെ സമ്പദ്ഘടന വളർച്ചയിലേയ്ക്ക് ഉയരുകയും അമേരിക്കൻ സമ്പദ്ഘടന താഴേയ്ക്ക് പതിയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് ലോകത്തുള്ളത്.
1970-കളിലാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ ലോക സമ്പദ്ക്രമത്തിലേക്ക് ചൈനീസ് ഭരണകൂടം തുറന്നുകൊടുക്കുന്നത്. മുതലാളിത്ത സാമൂഹ്യബന്ധങ്ങളുടെ ചില വശങ്ങളെ ചൈനീസ് സമ്പദ് വ്യവസ്ഥയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ ഇത് ചെയ്തതാകട്ടെ വിപ്ലവാനന്തരം ചൈനയിൽ കെട്ടിപ്പടുത്ത സമ്പദ്ഘടനയുടെ അടിത്തറയേയും അകക്കാമ്പിനേയും ശക്തിപ്പെടുത്തിക്കൊണ്ടും അഗാധമാക്കിക്കൊണ്ടുമായിരുന്നു. അതിൻ്റെ ചില വശങ്ങൾ ഇതായിരുന്നു: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൻ കീഴിലായിരിക്കും ചൈനീസ് സമ്പദ്ഘടന സജ്ജീകരിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും. ഗ്രാമപ്രദേശങ്ങളിലെ ഭൂമിയുടെ മേലുള്ള പൊതുഉടമസ്ഥത മാറ്റമില്ലാതെ തുടരും. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ബഹുഭൂരിഭാഗവും സ്റ്റേറ്റിൻ്റെ നിയന്ത്രണത്തിൽ കീഴിലായിരിക്കും. ബാങ്കുകളുടെയും ആഭ്യന്തരധനകാര്യത്തിൻ്റെയും കറൻസിയുടെയും നിയന്ത്രണവും ഭരണകൂടത്തിൻ്റെ കൈയ്യിലാണ്.
ചൈനീസ് സമ്പദ്ഘടനയുടെ ഏറ്റവും അനുയോജ്യമായ മുന്നോട്ടുപോക്കിനും വളർച്ചയ്ക്കും അനുപേക്ഷണീയമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ആവിഷ്കരിക്കാൻ തുടർച്ചയായുള്ള പഞ്ചവത്സരപദ്ധതികളിലൂടെ സാധ്യമാകുന്നു. ഏറ്റവും ആധുനികമായ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൻ്റെ നിർമ്മിതിക്കനുയോജ്യമല്ലാത്ത ഒരു ഘടകത്തെയും ചൈനീസ് സമ്പദ്ഘടന സ്വീകരിക്കില്ല. ഇങ്ങനെ ചൈനീസ് സവിശേഷതകളോടുകൂടിയ ഒരാധുനിക സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിനുവേണ്ടിയാണ് ചൈന പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിനും അതിൻ്റെ സഖ്യകക്ഷികൾക്കും ചൈനയുടെ വളർച്ച ഒരു തരത്തിലും സ്വീകാര്യമായിരിക്കില്ല.
2009-ൽ ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുടെ സഹകരണവും പരസ്പരസൗഹാർദ്ദവും തുല്യതയോടെയുള്ള കൊടുക്കൽ വാങ്ങലുകളും ലക്ഷ്യമിട്ടുകൊണ്ട് ‘ബ്രിക്സ്’ കൂട്ടായ്മയ്ക്ക് രൂപം നൽകുന്നതിൽ ചൈന അതിനിർണ്ണായകമായ പങ്കാണ് വഹിച്ചത്. അതുപോലെ 2013-ൽ സൗത്തിലെ രാജ്യങ്ങളുടെ താൽപര്യങ്ങളും ആവശ്യങ്ങളും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ബെൽറ്റ് ആൻ്റ് റോഡ് സംരംഭത്തിന് നാന്ദി കുറിച്ചതും ചൈനയായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഏകപക്ഷീയതയ്ക്കെതിരെയുള്ള
ബഹുധ്രുവതയുടെ സാന്നിദ്ധ്യങ്ങളാണ് ഇവയെല്ലാം. ഷാങ്ഹായ് സഹകരണ പ്രസ്ഥാനം നിറവേറ്റുന്ന ദൗത്യവും ബഹുധ്രുവ ലോകത്തിൻ്റേതാണ്. അതുകൊണ്ടുതന്നെ ഏകധ്രുവതയുടെ ലോകബോധ്യത്തെ ഉയർത്തിപ്പിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അധീശത്വത്തിന് വലിയൊരു ബദൽ സംവിധാനമാണ് ചൈനയുടെ നേതൃത്വത്തിൽ ഗ്ലോബൽ സൗത്തിൽ ഉയർന്നുവരുന്നതെന്ന് കാണാൻ കഴിയും. എന്നാൽ സ്വന്തം മരണമണി മുഴങ്ങുന്നത് കേൾക്കാൾ സാമ്രാജ്യത്വം കാത് വെച്ചുകൊടുക്കില്ല. സാമ്രാജ്യത്വം അതിൻ്റെ മേധാവിത്വം നിലനിറുത്തുന്നതിന് അതിപ്രാകൃതമായി പെരുമാറിക്കൊണ്ടിരിക്കും. ആ പ്രാകൃതത്വമാണ് ഇപ്പോൾ ലോകത്തിൻ്റെ വിവിധയിടങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
സാമാജ്യത്വ കേന്ദ്രത്തിൻ്റെ സംഘടിത രൂപമാണ് ജി- 7. ലോകത്തെ മുച്ചൂടും തകർക്കാനുള്ള മിലിട്ടറി പവർ ഇപ്പോഴും ഈ രാജ്യങ്ങളുടെ കൈകളിൽ ഭദ്രമാണ്. എന്നാൽ ഈ സാമ്രാജ്യത്വ കേന്ദ്രത്തിൻ്റെ സാമ്പത്തിക ശക്തിയിൽ വലിയ കുറവ് സംഭവിക്കുന്നുണ്ട്.
ഉൽപ്പാദനമേഖലയിൽ സംഭവിച്ച ആഗോളവത്ക്കരണത്തിൻ്റെ ഭാഗമായി സാമ്രാജ്യത്വ കേന്ദ്രങ്ങളിലെ ബഹുരാഷ്ട്രകുത്തക കമ്പനികൾ അവരുടെ ഉൽപ്പാദക യൂണിറ്റുകളെ ഗ്ലോബൽ സൗത്തിലെ മൂന്നാംലോക രാജ്യങ്ങളിലേയ്ക്ക് മാറ്റുന്നത് തുടരുകയാണ്. മൂന്നാം ലോകരാജ്യങ്ങളിൽ സ്ഥാപിക്കപ്പെടുന്ന ഉൽപ്പാദക യൂണിറ്റുകൾക്ക് മൂലധനം വളരെ കുറവാണെന്നതാണ് കാരണങ്ങളിൽ ഒന്ന്. അതോടൊപ്പം മനുഷ്യാധ്വാനത്തെ ഏറ്റവും കുറഞ്ഞ കൂലികൊടുത്ത് (cheap labour) സ്വന്തമാക്കാനും ഇതിലൂടെ സാധിക്കുന്നു. ഉൽപ്പാദത്തിനാവശ്യമായ നാനാതരത്തിലുള്ള അസംസ്കൃവസ്തുക്കളും യഥേഷ്ടം ലഭ്യമാകും. ഇങ്ങനെ വമ്പൻലാഭത്തിന് ഇത്തരം ഉൽപ്പാദകയൂണിറ്റുകളിൽ നിന്നും ചരക്കുകളെ ഉൽപ്പാദിപ്പിച്ചെടുക്കാൻ സാമ്രാജ്യത്വ കേന്ദ്രങ്ങളിലെ ബഹുരാഷ്ട്രകുത്തകൾക്ക് എളുപ്പം കഴിയുന്നു. ഇത്തരത്തിൽ ഗ്ലോബൽ സൗത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളും സാമ്രാജ്യത്വത്തിൻ്റെ വമ്പൻചൂഷണത്തിന് ഇപ്പോഴും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതായത് ഗ്ലോബൽ സൗത്തിലെ പ്രാന്തങ്ങളിൽ നിന്നും ഊറ്റിയെടുക്കുന്ന മനുഷ്യാധ്വാനത്തിൻ്റെയും പ്രകൃതിവിഭവങ്ങളുടെയും അടിത്തറയിലാണ് ഗ്ലോബൽ നോർത്തിലെ സാമ്രാജ്യത്വരാജ്യങ്ങൾ നിലനിൽക്കുന്നതെന്നർത്ഥം. ഏറ്റവും പുതിയ ഓക്സ്ഫാം റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ള കണക്കുകൾ ഈ വമ്പൻ ചൂഷണത്തിൻ്റെ (super-exploitation) ഞെട്ടിപ്പിക്കുന്ന അവസ്ഥാതലങ്ങളെ കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗ്ലോബൽ സൗത്തിൽ നിന്നുള്ള സമ്പത്തും അധ്വാനവും മണിക്കൂറിൽ 30 മില്ല്യൻ ഡോളറിൻ്റെ നിരക്കിൽ 1% മാത്രം വരുന്ന ഗ്ലോബൽ നോർത്തിലെ അതിസമ്പന്നന്മാരിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതാണ് 21-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ ചൂഷണത്തിൻ്റെ സൂക്ഷ്മമായ രാഷ്ട്രീയ സമ്പദ്ശാസ്ത്രം.
അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ കുത്തക മുതലാളിത്ത രാജ്യങ്ങൾ തന്നെയാണ് ലെനിൻ്റെ കാലഘട്ടത്തിലെന്നപോലെ ഇന്നും ഈ സാമ്രാജ്യത്വ ചൂഷണത്തിൻ്റെ കേന്ദ്രസ്ഥാനത്തുള്ളത്. ഈ സാമ്രാജ്യത്വകേന്ദ്രത്തിൻ്റെ നേതൃസ്ഥാനവും അധീശത്വപദവിയും അമേരിക്കൻ ഐക്യനാടുകൾക്കാണ്. കാനഡ കൂടി ഇപ്പോൾ ഇതിൻ്റെ ഭാഗമായിട്ടുണ്ട്.
ഈ സാമാജ്യത്വ കേന്ദ്രത്തിൻ്റെ സംഘടിത രൂപമാണ് ജി- 7. ലോകത്തെ മുച്ചൂടും തകർക്കാനുള്ള മിലിട്ടറി പവർ ഇപ്പോഴും ഈ രാജ്യങ്ങളുടെ കൈകളിൽ ഭദ്രമാണ്. എന്നാൽ ഈ സാമ്രാജ്യത്വ കേന്ദ്രത്തിൻ്റെ സാമ്പത്തിക ശക്തിയിൽ വലിയ കുറവ് സംഭവിക്കുന്നുണ്ട്. 2008- ലെ ലോക സാമ്പത്തിക പ്രതിസന്ധി ഈ സമ്പദ്ഘടനകളെയെല്ലാം പ്രതിസന്ധിയിലാഴ്ത്തിയത് നമ്മൾ കണ്ടതാണ്. ചൈനീസ് സമ്പദ്ഘടന മാത്രമാണ് ഈ ഘട്ടങ്ങളിൽ വളർച്ചയിലേയ്ക്ക് മുന്നേറിയതെന്നും നമുക്കറിയാം. ഇവിടെയാണ് ചൈനയ്ക്കെതിരെയുള്ള സാമാജ്യത്വത്തിൻ്റെ പുതിയ ശീതയുദ്ധത്തിൻ്റെ ( New Cold War ) അടിവേരുകൾ ആഴ്ന്നുകിടക്കുന്നത്.

സാമ്രാജ്യത്വത്തെ അതിവർത്തിക്കുന്ന ചൈനയുടെ മുന്നേറ്റങ്ങൾ അമേരിക്കൻ സാമ്രാജ്യത്വ അധീശത്വത്തിന് മുറിവേൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയെ വളയുക എന്നതിലേയ്ക്ക് 21-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിൻ്റെ ഭൗമരാഷ്ട്രീയം പുനഃക്രമീകരിക്കപ്പെടുകയാണ്. പഴയ ശീതയുദ്ധം പ്രധാനമായും സോവിയറ്റ് യൂണിയനെ തകർക്കാൻ വേണ്ടിയുള്ളതായിരുന്നു. എന്നാൽ പുതിയ ശീതയുദ്ധമാകട്ടെ ചൈനയെ മാത്രം ലക്ഷ്യമാക്കുന്ന ഒന്നല്ല. പ്രധാന എതിരാളി ചൈനയും അതിൻ്റെ പ്രത്യയശാസ്ത്രവും തന്നെയാണ്. എന്നാൽ അതോടൊപ്പം ഗ്ലോബൽ സൗത്തിനെ മൊത്തത്തിൽ വരുതിയിലാക്കാനുള്ള സൈനികവും സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ ഒരു യുദ്ധമുഖമായിട്ടുകൂടി പുതിയ ശീതയുദ്ധസന്ദർഭത്തെ കാണേണ്ടതുണ്ട്.
ഈ ചരിത്രസന്ദർഭത്തിനുള്ളിൽ പരിശോധിക്കുമ്പോഴായിരിക്കും ഉക്രെയ്നെ മുന്നിൽ നിർത്തി റഷ്യയ്ക്കെതിരെ അമേരിക്കൻ സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുന്ന നിഴൽയുദ്ധത്തിൻ്റെ (proxy war) അർത്ഥം കൂടുതൽ തെളിഞ്ഞുകിട്ടുന്നത്. അപ്പോഴായിരിക്കും അമേരിക്കൻ പിന്തുണയോടെ പലസ്തീനെതിരെ അരങ്ങേറുന്ന വംശഹത്യയുടെ മാനങ്ങൾക്ക് കൂടുതൽ വ്യക്തത കിട്ടുന്നത്. ഇന്ത്യക്കുമേലുള്ള ചുങ്കയുദ്ധത്തിൻ്റെ അർത്ഥവും അപ്പോൾ കൂടുതൽ തെളിഞ്ഞുകിട്ടും.
