US Presidential Debate 2024: കമല പ്രസിഡന്റായാല്‍ ഇസ്രായേൽ ഉണ്ടാവില്ലെന്ന് ട്രംപ്, പുടിനുമുന്നിൽ ട്രംപ് കീഴടങ്ങുമെന്ന് കമല

തെരഞ്ഞെടുപ്പിനുമുൻപ് കമല ഹാരിസും ഡോണൾഡ് ട്രമ്പും മുഖാമുഖം വരുന്നത് ആദ്യമായാണ് എന്നത് പ്രസിഡൻഷ്യൽ ഡിബേറ്റിനെ രാഷ്ട്രീയ പ്രാധാന്യമുള്ളതാക്കുന്നു. ഫിലാഡൽഫിയയിൽ നടന്ന ആദ്യ ചർച്ചയിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ മുതൽ കാപ്പിറ്റോൾ ആക്രമണം വരെ ചർച്ചയായി.

News Desk

ഷ്യയുടെ യുക്രൈൻ അധിനിവേശവും ഇസ്രായേൽ - പലസ്തീൻ വിഷയവും കുടിയേറ്റപ്രശ്നവും അടക്കം പ്രധാന അന്താരാഷ്ട്ര വിഷയങ്ങളെല്ലാം ചർച്ചയാക്കി ഡോണൾഡ് ട്രംപ് (Donald Trump) - കമലാ ഹാരിസ് (Kamala Harris) പ്രസിഡൻഷ്യൽ ഡിബേറ്റ്. ഓരോ വിഷയത്തിലും പരസ്പരം പോരടിച്ചുകൊണ്ടാണ് റിപ്ലബിക്കൻ സ്ഥാനാർത്ഥി ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും സംസാരിച്ചത്.

അമേരിക്കയുടെ വിദേശ, സാമ്പത്തിക നയങ്ങളുൾപ്പടെ ചർച്ചയായ ഡിബേറ്റിൽ ട്രംപിൻെറ മുൻ ഭരണത്തെ കമല ഹാരിസ് കണക്കിന് പരിഹസിച്ചു: “ഡോണാൾഡ് ട്രംപ് ഇവിടെ എന്താണ് ബാക്കിവെച്ചതെന്ന് നോക്കൂ. കടുത്ത സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയുമായിരുന്നു ട്രംപ് ഭരണകൂടത്തിൻെറ വലിയ സംഭാവന. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ നമ്മുടെ ആരോഗ്യമേഖല ഏറ്റവും മോശമായത് ഇക്കാലത്താണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെ ആകെ താറുമാറാക്കി. ട്രംപ് ഉണ്ടാക്കി വെച്ച കുഴപ്പങ്ങൾ പരിഹരിക്കുകയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ജോലി”- കമലാ ഹാരിസ് തുറന്നടിച്ചു.

പ്രസിഡൻഷ്യൽ ഡിബേറ്റിൽ അമേരിക്കൻ വൈസ് പ്രസിഡണ്ടും  ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ്.
പ്രസിഡൻഷ്യൽ ഡിബേറ്റിൽ അമേരിക്കൻ വൈസ് പ്രസിഡണ്ടും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ്.

മറുവശത്ത് കമലാ ഹാരിസിനെ വ്യക്തിപരമായി ആക്രമിക്കുകയാണ് ട്രംപ് ചെയ്തത്: “അവരൊരു മാർക്സിസ്റ്റാണ്. അവരുടെ പിതാവ് ഒരു മാർക്സിസ്റ്റ് ആയിരുന്നു”.
ഈ പരാമർശത്തെ ചിരിച്ച് കൊണ്ടാണ് കമലാ ഹാരിസ് നേരിട്ടത്. കോവിഡ് കാലത്ത് തൻെറ ഭരണകൂടം ഏറ്റവും ഭംഗിയായാണ് ആരോഗ്യമേഖലയെ ഏകോപിപ്പിച്ചതെന്നും എന്നാൽ അതിനുള്ള പരിഗണന തനിക്ക് ലഭിച്ചില്ലെന്നും ട്രംപ് പരാതിപ്പെട്ടു. റഷ്യക്കും ഉക്രെയിനും ഇടയിൽ സമാധാനം പുനസ്ഥാപിക്കാൻ തനിക്ക് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാൽ ട്രംപ് ഭരിച്ചിരുന്ന കാലമായിരുന്നുവെങ്കിൽ ഇപ്പോൾ വ്ലാദിമിർ പുടിൻ കീവിൽ (ഉക്രെയ്ൻെറ തലസ്ഥാനം) ഉണ്ടാവുമെന്നായിരുന്നു കമലയുടെ മറുപടി. ട്രംപ് റഷ്യക്ക് കീഴടങ്ങുമെന്ന ഒളിയമ്പായിരുന്നു കമലയുടെ ഭാഗത്ത് നിന്നുണ്ടായത്. റഷ്യക്കെതിരെ ഉക്രെയ്ൻ യുദ്ധം ജയിക്കണമോയെന്ന ചോദ്യത്തിന് ട്രംപിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. “അമേരിക്കയുടെ താൽപര്യം ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നാണ്,” അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ - പലസ്തീൻ വിഷയവും പ്രസിഡൻഷ്യൽ ഡിബേറ്റിൽ ചർച്ചയായി: “കമലാ ഹാരിസ് ഇസ്രായേലിനെ വെറുക്കുന്നു. അവർ പ്രസിഡണ്ടായാൽ രണ്ടുവർഷത്തിനുള്ളളിൽ ഇസ്രായേൽ ഇല്ലാതാകുമെന്നാണ് ഞാൻ കരുതുന്നത്” - ട്രംപ് പറഞ്ഞു. വംശീയതയോളം എത്തിയ ട്രംപിന്റെ പരാമർശത്തിന് ശക്തമായ ഭാഷയിലാണ് കമല മറുപടി പറഞ്ഞത്. വംശീയ പരാമർശങ്ങളാൽ അമേരിക്കൻ ജനതയെ ഭിന്നിപ്പിച്ച് പ്രസിഡണ്ടാകാൻ ആഗ്രഹിക്കുന്നയാൾ എന്നാണ് ട്രംപിനെ കമല വിശേഷിപ്പിച്ചത്. ഗാസയിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് സമാധാനത്തിനായി ശ്രമിക്കണമെന്നായിരുന്നു കമലയുടെ വാദം. ട്രംപ് പറയുന്നത് പോലെ താൻ ഇസ്രായേൽ വിരുദ്ധയല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.

ജോ ബൈഡൻ
ജോ ബൈഡൻ

ഫിലാഡൽഫിയയിൽ നടന്ന ആദ്യ ചർച്ചയിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ മുതൽ കാപ്പിറ്റോൾ ആക്രമണം വരെയും ചർച്ചയായി. നാല് വർഷത്തെ ഭരണം കൊണ്ട് ട്രംപ് ഉണ്ടാക്കി വച്ച കുഴപ്പങ്ങൾ പരിഹരിക്കുകയായിരുന്നു ജോ ബൈഡൻ എന്ന് കമലാ ഹാരിസ് പറഞ്ഞു. “തെരഞ്ഞെടുക്കപ്പെട്ടാൽ, ഈ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങൾക്ക് മേൽ 20% ഇറക്കുമതിചുങ്കം ചുമത്തുമെന്ന് താങ്കൾ പ്രഖ്യിപിച്ചിരുന്നു. എന്നാൽ ഇത് ഉപഭോക്താക്കളെ സാമ്പത്തികമായി ബാധിക്കും എന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് ഒരു സാധാരണ കുടുംബത്തിന്റെ വാർഷിക ചെലവിൽ 4000 ഡോളറിന്റെ വരെ അധിക ചെലവ് വരുത്തിയേക്കും. ഇത് ഒരു സാധാരണ അമേരിക്കക്കാരന് താങ്ങാൻ കഴിയുമെന്ന് താങ്കൾ കരുതുന്നുണ്ടോ?” എന്നതായിരുന്നു മുൻ പ്രസിഡന്റ് ട്രംപിനോടുള്ള കമലയുടെ ആദ്യ ചോദ്യം.

പരിപാടിയുടെ സംഘാടകരായ എ.ബി.സി ന്യൂസിന്റെ ഫാക്ട് ചെക്ക് സംഘം, കമലാ ഹാരിസിന്റെ ആരോപണത്തെക്കുറിച്ച് ‘ശരിയാണ്, എന്നാൽ സാഹചര്യം വിശദമാക്കണം’ എന്നാണ് പറഞ്ഞത്. 'കുടുംബങ്ങൾക്കുണ്ടാകന്ന സാമ്പത്തിക ആഘാതം കൃത്യമായി പ്രവചിക്കാൻ കഴിയില്ല. എങ്കിലും പഠനങ്ങൾ സൂചിപ്പിക്കുന്നത് ഓരോ കുടുംബങ്ങൾക്കും മേൽ 1700 മുതൽ 4000 വരെ ഡേളറിന്റെ അധിക ചെലവ് വന്നേക്കാമെന്നാണ്,' അവർ വ്യക്തമാക്കി.

ട്രംപ് നിർദ്ദേശിച്ചിരിക്കുന്ന പദ്ധതികൾ നടപ്പാക്കിയാൽ അമേരിക്കയിൽ ഇനിയും പണപ്പെരുപ്പം വർദ്ധിക്കുമെന്ന് നൊബേൽ സമ്മാനജേതാക്കളായ 16 സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും കമല ചൂണ്ടിക്കാട്ടി. ബൈഡന്റെ ഭരണകാലത്ത് രാജ്യത്തെ ഇടത്തരക്കാരുടെ ജീവിതം ദുരിതപൂർണമായി എന്ന് ട്രംപ് വാദിച്ചു. ബൈഡൻ ഭരണകൂടം ഭ്രാന്തൻ നയങ്ങൾ കൊണ്ട് രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡിബേറ്റിൽ കമലാ ഹാരിസിനെ വ്യക്തിപരമായി ആക്രമിക്കുകയാണ് ട്രംപ് ചെയ്തത്. “അവരൊരു മാർക്സിസ്റ്റാണ്. അവരുടെ പിതാവ് ഒരു മാർക്സിസ്റ്റ് ആയിരുന്നു” - ട്രംപ് പറഞ്ഞു.
ഡിബേറ്റിൽ കമലാ ഹാരിസിനെ വ്യക്തിപരമായി ആക്രമിക്കുകയാണ് ട്രംപ് ചെയ്തത്. “അവരൊരു മാർക്സിസ്റ്റാണ്. അവരുടെ പിതാവ് ഒരു മാർക്സിസ്റ്റ് ആയിരുന്നു” - ട്രംപ് പറഞ്ഞു.

രാജ്യത്ത് പണപ്പെരുപ്പം കൂടി വരുന്നത് ബൈഡൻ ഭരണകൂടത്തിൻെറ വലിയ വീഴ്ചയാണെന്ന് ട്രംപ് പറഞ്ഞു: “മുൻപ് പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടിയിരുന്നത് വിരലിലെണ്ണാവുന്നത്ര ആളുകളായിരുന്നു. എന്നാൽ നമ്മൾ ഇപ്പോൾ നേരിടുന്ന ഈ അവസ്ഥ, സമാനതകളില്ലാത്തതാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു അവസ്ഥ ഉണ്ടായിട്ടില്ല” - ട്രംപ് പറഞ്ഞു.

എന്നാൽ ട്രംപിന്റെ പരാമർശം തെറ്റാണെന്നും, പണപ്പെരുപ്പം വർധിച്ചുവെന്ന് പറഞ്ഞതിൽ ശരിയുണ്ടെന്നുമാണ് എ.ബി.സി ന്യൂസ് ഫാക്ട് ചെക്ക് സംഘം വ്യക്തമാക്കിയത്: “ജോ ബൈഡന്റെ ഭരണത്തിന്റെ തുടക്കത്തിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഏകദേശം 9% ആയി ഉയർന്നുവെന്നത് ശരിയാണ്. എന്നാൽ ഇത് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് പണപ്പെരുപ്പത്തിന്റെ എറ്റവും ഉയർന്ന നിരക്കാണെന്നത് ശരിയല്ല. രണ്ടാം ലോക യുദ്ധത്തിന് തൊട്ട് പിന്നാലെയും 70-കളുടെ അവസാനത്തിലും 80-കളുടെ തുടക്കത്തിലും യു എസിൽ പണപ്പെരുപ്പ നിരക്ക് ഒമ്പത് ശതമാനത്തിന് മുകളിൽ പോയിട്ടുണ്ടെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.” - ഫാക്ട് ചെക്ക് ടീം വ്യക്തമാക്കി.

ഗർഭഛിദ്ര നിയമം, കുടിയേറ്റം, ക്രിമിനൽ കുറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളും ഡിബേറ്റിൽ ചർച്ച ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽ നിലനിൽക്കണം എന്ന നിലപാടാണ് ട്രംപ് മുന്നോട്ട് വച്ചത്. “ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ, ദേശീയ ഗർഭഛിദ്ര നിരോധന നിയമത്തിൽ ഒപ്പുവെക്കുമെന്ന് ഉറപ്പാണ്. ട്രംപിന്റെ പ്രൊജക്ട് 2025 നിങ്ങളുടെ പ്രസവകാലം നിരീക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കും,” കമലാ ഹാരിസ് പറഞ്ഞു. വൈസ് പ്രസിഡൻറ് കള്ളം പറയുകയാണെന്നായിരുന്നു ട്രംപിൻെറ മറുപടി. കുടിയേറ്റം സംബന്ധിച്ച് ട്രംപിന്റെ പ്രതികരണവും ചർച്ചയാവുന്നുണ്ട്. തന്റെ ഭരണകാലത്ത് തന്നെ, മെക്സിക്കൻ കുടിയേറ്റമുൾപ്പടെയുള്ള വിഷയങ്ങളിൽ കുടിയേറ്റ വിരുദ്ധ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. അത് പ്രസിഡൻഷ്യൽ ഡിബേറ്റിലും അദ്ദേഹം ആവർത്തിച്ചു. മെക്സിക്കൻ കുടിയേറ്റത്തെ ഭ്രാന്തൻമാരുടെ കുടിയേറ്റം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഇരു സ്ഥാനാർത്ഥികളും മുഖാമുഖം വരുന്നത് ഇത് ആദ്യമായാണെന്നത് പ്രസിഡൻഷ്യൽ ഡിബേറ്റിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകി. ഫിലാഡൽഫിയയിൽ നടന്ന ആദ്യ ചർച്ചയിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ മുതൽ കാപ്പിറ്റോൾ ആക്രമണം വരെയും ചർച്ചയായി.
ഇരു സ്ഥാനാർത്ഥികളും മുഖാമുഖം വരുന്നത് ഇത് ആദ്യമായാണെന്നത് പ്രസിഡൻഷ്യൽ ഡിബേറ്റിന് കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നൽകി. ഫിലാഡൽഫിയയിൽ നടന്ന ആദ്യ ചർച്ചയിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ മുതൽ കാപ്പിറ്റോൾ ആക്രമണം വരെയും ചർച്ചയായി.

ട്രംപിന്റെ മറുപടികളിൽ മിക്കവയും തെറ്റ്, പൂർണമായും തെറ്റ്, തെറ്റിദ്ധരിപ്പിക്കുന്നത് എന്നിങ്ങനെയാണ് എ.ബി.സി ന്യൂസിന്റെ ഫാക്ട് ചെക്ക് സംഘം അടയാളപ്പെടുത്തിയത്. അതേസമയം കമലാ ഹാരിസിന്റെ മറുപടികളെ ശരി, ഭാഗികമായി ശരി, കൂടുതൽ വ്യക്തമാക്കണം എന്നിങ്ങനെയാണ് അടയാളപ്പെടുത്തിയത്. കഴിഞ്ഞ ജൂണിൽ പ്രസിഡന്റ് ജോ ബൈഡനെ എളുപ്പം പിന്നിലാക്കാൻ ട്രംപിന് കഴിഞ്ഞിരുന്നെങ്കിൽ കമലാ ഹാരിസിനെതിരേ ട്രംപിന്റെ പദ്ധതികൾ വിജയം കണ്ടില്ലെന്നാണ് പൊതു വിലയിരുത്തൽ. വിഷയങ്ങളെ കൃത്യമായി പഠിച്ചും ആശയവ്യക്തതയോടെയുമായിരുന്നു കമല പ്രതികരിച്ചത്. പ്രസിഡൻഷ്യൽ ഡിബേറ്റ് വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കമലയ്ക്ക് കഴിഞ്ഞു.

ഇരു സ്ഥാനാർത്ഥികളും മുഖാമുഖം വരുന്നത് ഇത് ആദ്യമായാണെന്നത് പ്രസിഡൻഷ്യൽ ഡിബേറ്റിന് കൂടുതൽ പ്രാധാന്യം നൽകി. കഴിഞ്ഞ ജൂണിൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും ട്രംപും തമ്മിൽ പ്രസിഡൻഷ്യൽ ഡിബേറ്റ് നടന്നിരുന്നു. എന്നാൽ പാർട്ടിയിലെ തന്നെ അഭിപ്രായ വ്യത്യാസങ്ങളും മോശം ആരോഗ്യ സ്ഥിതിയും പരിഗണിച്ച് ബൈഡൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ബൈഡൻ തന്നെ നിർദേശിക്കുകയായിരുന്നു.

Comments