അമേരിക്കൻ തീരുവയും വിസാനയവും; എഐ, റോബോട്ടിക്സ് മാറ്റങ്ങളുടെ ആഗോളസൂചനകൾ

എ.ഐ, റോബോട്ടിക്സ് മേഖലകളിൽ ഉണ്ടാവുന്ന ത്വരിതഗതിയിലുള്ള മാറ്റവും അമേരിക്കയുടെ വിസാ, തീരുവനയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉത്പന്നങ്ങൾക്ക് അമേരിക്ക അധിക തീരുവ ഈടാക്കാൻ തീരുമാനിച്ചതോടെയാണ് എല്ലാത്തിൻെറയും തുടക്കം. ഈ തീരുവ എങ്ങനെയാണ് ബാധിക്കുന്നതെന്നോ എങ്ങനെയാണ് വന്നതെന്നോ ഒന്നും കുറേ പേർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. എന്നാൽ ഈ തീരുവ പ്രഖ്യാപനം ആഗോള വ്യാപാരനയത്തിൽ തന്നെ വലിയ വഴിത്തിരിവിന് കാരണമായിട്ടുണ്ട്. തീരുവയ്ക്ക് പിന്നാലെയാണ് എച്ച് വൺ-ബി വിസയുടെ കാര്യത്തിൽ പുതിയ പ്രഖ്യാപനം വരുന്നത്. അതും പലതരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ഇന്ത്യ വ്യത്യസ്ത അന്താരാഷ്ട്ര ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ചൈന പോലുള്ള രാജ്യങ്ങളുമായി സഖ്യത്തിൽ ഏർപ്പെടുന്നതിനുമെതിരെയുള്ള നടപടിയാണിതെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ യാഥാർത്ഥ്യം അതല്ല. ഈ നടപടികൾ വളരെ മുൻകൂട്ടി തന്നെ ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസും റോബോട്ടിക്സും അടിസ്ഥാനമാക്കിയുള്ള ഓട്ടോമേഷൻ സമ്പദ്‌വ്യവസ്ഥയിലേക്ക് സ്ഥിരമായി മാറുന്നതിനായി അമേരിക്ക കുറേക്കാലമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഡാറ്റ പരിശോധിച്ചാൽ, 7,000 ഡോളറിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് ആഭ്യന്തര റോബോട്ടുകൾ വാങ്ങാൻ കഴിയുമെന്ന് മനസ്സിലാക്കാം. അവയ്ക്ക് അതിശയിപ്പിക്കുന്ന തരത്തിൽ വീട്ടുജോലികൾ ചെയ്യാൻ കഴിയും. അവയ്ക്ക് ഗ്ലാസിൽ വെള്ളം കൊണ്ടുവന്ന് തരാനും, പാചകം ചെയ്യാനും, സ്ഥലം വൃത്തിയാക്കാനും, തുണി അലക്കാനും, വീട്ടിലെ മറ്റ് പതിവ് ജോലികൾ ചെയ്യാനും കഴിയും. നിലവിലുള്ള ഈ സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം റോബോട്ടുകൾ കൂടുതലായി വിന്യസിക്കാൻ തുടങ്ങിയാൽ അത്രയും തൊഴിലാളികളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാവും. സ്വാഭാവികമായും വിദേശത്ത് നിന്നുള്ള ജീവനക്കാരെ ആശ്രയിക്കുന്നത് കുറഞ്ഞ് വരും.

ബഹുരാഷ്ട്ര കമ്പനികൾ സ്വയം പുനഃക്രമീകരിക്കുന്നതിൽ വലിയ മാറ്റം ദൃശ്യമാകുന്നുണ്ട്.

ഫേസ്ബുക്ക് (മെറ്റ): 2022 നവംബറിൽ 11,000 ജീവനക്കാരെ, അതായത് മൊത്തം ജീവനക്കാരിൽ 13 ശതമാനത്തെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയുണ്ടായി. 2023- മാർച്ചിൽ വീണ്ടും 10000 പേരെ ജോലിയിൽ നിന്നൊഴിവാക്കി. ഒപ്പം 5000-ത്തോളം ഓപ്പൺ പോസ്റ്റുകളും റദ്ദാക്കി.

ആമസോൺ: കോർപ്പറേറ്റ് റോളുകളിൽ നിന്ന് 18000-ത്തോളം പേരെ ഒഴിവാക്കുന്നതായി 2023-ൻെറ തുടക്കത്തിലാണ് ആമസോൺ പ്രഖ്യാപിക്കുന്നത്. അതേസമയം, കമ്പനി വെയർഹൗസുകളിൽ ഓട്ടോമേഷൻ വർദ്ധിപ്പിക്കുകയും, 2025 ആകുമ്പോഴേക്ക് ലോകമെമ്പാടുമായി ഒരു ദശലക്ഷത്തിലധികം റോബോട്ടുകളെ വിന്യസിക്കുകയും ചെയ്തു. 2021-ൽ ഏകദേശം 350,000 റോബോട്ടുകളാണ് ഉണ്ടായിരുന്നത്. 2023 ആവുമ്പോഴേക്കും ഇതിൻെറ എണ്ണം 750,000 ആയി വർധിച്ചു. നിലവിൽ ജീവനക്കാരുടെ അത്രയും തന്നെ റോബോട്ടുകളും ആമസോണിൽ ഉണ്ടെന്നതാണ് കണക്ക്.

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഈ മാറ്റം പ്രകടമാണെന്ന് പറയാം. ആമസോണിലെ ഒരു തൊഴിലാളിയുടെ പ്രൊഡക്ടിവിറ്റി 2015-ൽ 175 പാക്കേജുകൾ ആയിരുന്നുവെങ്കിൽ 2025-ൽ അത് ഏകദേശം 3870 പാക്കേജുകളായി വർധിച്ചിരിക്കുകയാണ്. ഈ മാറ്റം റോബോട്ടിക്സ് കൊണ്ട് സംഭവിച്ചതാണ്. അതുകൊണ്ടാണ് ഏതൊരു സർക്കാരും ആഗോള മാറ്റങ്ങളെ രാഷ്ട്രീയതലത്തിൽ നിന്ന് മാത്രമല്ല, വിശകലന വീക്ഷണകോണിൽ നിന്നും നോക്കിക്കാണുന്നത് പ്രധാനമാവുന്നത്. സങ്കടകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ലോകത്തിലെ നാലിൽ മൂന്ന് ഭാഗങ്ങളിലും ഇപ്പോഴും സ‍ർക്കാരുകൾക്ക് കീഴിൽ ശക്തമായ വിശകലന, ദീർഘവീക്ഷണ സംഘങ്ങളുടെ അഭാവമുണ്ട്.

ആമസോണിലെ ഒരു തൊഴിലാളിയുടെ പ്രൊഡക്ടിവിറ്റി 2015-ൽ 175 പാക്കേജുകൾ ആയിരുന്നുവെങ്കിൽ 2025-ൽ അത് ഏകദേശം 3870 പാക്കേജുകളായി വർധിച്ചിരിക്കുകയാണ്
ആമസോണിലെ ഒരു തൊഴിലാളിയുടെ പ്രൊഡക്ടിവിറ്റി 2015-ൽ 175 പാക്കേജുകൾ ആയിരുന്നുവെങ്കിൽ 2025-ൽ അത് ഏകദേശം 3870 പാക്കേജുകളായി വർധിച്ചിരിക്കുകയാണ്

ഇന്ത്യ മിക്ക മേഖലകളിലും പുരോഗതി കൈവരിക്കുന്നുണ്ട്. പക്ഷേ, എന്നിരുന്നാലും സാങ്കേതികകാര്യങ്ങളിലും വിശകലനത്തിൻെറ കാര്യത്തിലും അത്തരം നയരൂപീകരണത്തിലും ഏറെ മെച്ചപ്പെടാനുണ്ട്. സാമ്പത്തികകാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധമുള്ള വിദഗ്ദരുണ്ടാവാം. എന്നാൽ, എ.ഐ, ബ്ലോക്ക്ചെയ്ൻ, ക്രിപ്റ്റോകറൻസി എന്നിവയെക്കുറിച്ച് നല്ല ധാരണയുള്ളവർ കുറവായിരിക്കും. അതുകൊണ്ട് തന്നെ ആഗോളതലത്തിൽ നടക്കുന്ന ട്രെൻഡിന് അനുസരിച്ച് നയം രൂപീകരിക്കുവാൻ പല സർക്കാരുകൾക്കും സാധിച്ചെന്ന് വരില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പെട്ടെന്ന് ഉൾക്കൊള്ളാനും അവർക്ക് കഴിയില്ല. അത്തരത്തിൽ വലിയ മാറ്റങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആശങ്കകളും സമ്മർദ്ദങ്ങളും സ്വാഭാവികമാണ്. വെല്ലുവിളികൾ സ്ഥാപനങ്ങൾക്കുള്ളിൽ നിന്നും പുറത്ത് നിന്നും ഉണ്ടാവാം. നിലവിലുള്ള അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് ചിലർ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയേക്കാം. ഇത്തരമൊരു ഘട്ടത്തിൽ പ്രൊഫഷണലുകളും സാധാരണക്കാരുമെല്ലാം ഒരുപോലെ പ്രതിസന്ധിയിലാവും. ഈ പുതിയ ലോകത്ത് മുന്നോട്ട് പോവാനുള്ള മാർഗങ്ങൾ; മാറ്റങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കുക, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് വളർത്തിയെടുക്കുക, സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കുന്ന സാങ്കേതികവിദ്യകൾക്കും നയങ്ങൾക്കും തയ്യാറാകുക എന്നിവയാണ്. ഇതൊന്നും വിദൂരഭാവിയിൽ സംഭവിക്കാൻ പോവുന്നതല്ല. മാറ്റങ്ങൾ നമുക്കൊപ്പം നടന്നുകൊണ്ടേയിരിക്കുകയാണ്. യാഥാർത്ഥ്യബോധത്തോടെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നവരാവുക.

Comments