അമേരിക്ക അഫ്​ഗാനിൽനിന്ന്​ രക്ഷപ്പെട്ടതല്ല, തെളിവായി ആ കരാറുണ്ട്​

അഫ്​ഗാനിസ്​ഥാനിൽനിന്ന്​ എല്ലാം ഇട്ടെറിഞ്ഞ് അമേരിക്ക രക്ഷപ്പെടുമെന്ന് വിചാരിക്കാൻ ബുദ്ധിശൂന്യത കുറച്ചൊന്നും പോരാ. അമേരിക്ക അങ്ങനെയൊരു ബുദ്ധിശൂന്യത കാണിക്കും എന്നു വിചാരിക്കുന്ന നിരീക്ഷകർക്ക് താലിബാൻ ഖൈബർ പാസ് വഴി ഇന്ത്യയിലേക്കു വരുമെന്നും ആ വരവിൽ ഇന്ത്യയിലെ താലിബാനികൾ അവരെ ബാന്റുവാദ്യങ്ങളോടെ സ്വീകരിക്കുമെന്നും വിശ്വസിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്.

ഗസ്റ്റ് 31-ന് അമേരിക്ക അഫ്ഗാൻ വിട്ടതോടെ ചർച്ചകളിൽ താലിബാൻ മാത്രമായി. 2020 ഫെബ്രുവരി 29-ന് അമേരിക്കയും താലിബാനും ദോഹയിൽ പ്രമുഖ കക്ഷികൾ സാക്ഷികളായി ഒപ്പുവെച്ച ഒരു കരാറുണ്ട്. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക പിൻവാങ്ങിയത് എന്നത് ചിത്രത്തിലേ ഇല്ല.

അഷ്റഫ് ഗനിയുടെ നേതൃത്വത്തിൽ അഫ്ഗാനിൽ ഒരു സർക്കാരുണ്ടായിട്ടും അമേരിക്ക ചർച്ച നടത്തിയത് താലിബാനുമായിട്ടാണ്. ഈ കരാറിന്റെ ഓരോ അനുച്ഛേദത്തിലും യുനൈറ്റഡ് സ്റ്റേറ്റ്സും താലിബാൻ എന്നറിയപ്പെടുന്നതും അമേരിക്ക ഒരു സ്റ്റേറ്റായി അംഗീകരിച്ചിട്ടില്ലാത്തതുമായ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താനും തമ്മിലാണ് കരാറെന്ന് എടുത്തു പറയുന്നുണ്ട്.

കരാറിന്റെ ഭാഗം ഒന്നിൽ സൈനികപിന്മാറ്റത്തിന്റെ കാര്യങ്ങളും തടവുകാരുടെ മോചനവുമാണ് വിശദീകരിക്കുന്നത്. ഇതനുസരിച്ച് 2020 മാർച്ചോടെ അമേരിക്ക 5000 താലിബാൻ തടവുകാരെ മോചിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമ്പോൾ താലിബാൻ തിരിച്ച് 1000 തടവുകാരെ മോചിപ്പിക്കും, ശേഷിച്ച തടവുകാരെക്കൂടി മൂന്നുമാസത്തിനുള്ളിൽ മോചിപ്പിക്കുമെന്നും കൃത്യമായി പറയുന്നു. (ഇങ്ങനെ മോചിതരായ താലിബാൻകാരും കൂടിയാണ് ആഗസ്റ്റിൽ അഫ്ഗാനിൽ വിസ്മയം തീർത്തത്)

ഒന്നാംഭാഗം അനുച്ഛേദം ഇ-യിൽ താലിബാനെതിരായ ഐക്യരാഷ്ട്രസഭാ ഉപരോധങ്ങൾ നീക്കാൻ സുരക്ഷാ കൗൺസിലിലെ മറ്റംഗങ്ങളുമായി അമേരിക്ക നയതന്ത്രനീക്കങ്ങൾ നടത്തും എന്നു വ്യക്തമാക്കുന്നു. (അതയാത് ഇപ്പോൾ അംഗീകരിച്ചിട്ടില്ലെങ്കിലും താലിബാനെ നാളെ ഐക്യരാഷ്ട്രസഭ അംഗീകരിക്കുമെന്ന്)

ഭാഗം രണ്ട്; അഫ്ഗാനിസ്താനിൽനിന്ന് അമേരിക്ക സുരക്ഷ തേടുന്നു. താലിബാനല്ലാതെ വേറൊരു ഗ്രൂപ്പും അഫ്ഗാനിൽ ഉണ്ടാവില്ലെന്നുറപ്പു വരുത്തേണ്ടത് താലിബാന്റെ ഉത്തരവാദിത്വമാണ്. ഭാഗം 2 അനുച്ഛേദം 5-ൽ അമേരിക്കയെ എതിർക്കുന്നവർക്ക് താലിബാൻ വിസ, പാസ്പോർട്ട്, യാത്രാനുമതി തുടങ്ങിയവയൊന്നും നൽകരുതെന്ന് പറയുന്നു. (അഫ്ഗാനിലെ ജനങ്ങളെക്കുറിച്ചോ അവരുടെ സുരക്ഷയെക്കുറിച്ചോ ഒരക്ഷരം പറയുന്നുമില്ല)

ഭാഗം മൂന്ന് അനുസരിച്ച് കരാറിന്റെ നിയമപ്രാബല്യത്തിനുവേണ്ടി അന്താരാഷ്ട്രസമൂഹത്തിനുമുന്നിൽ അമേരിക്ക ശ്രമിക്കും. അമേരിക്കയുടെ പിന്മാറ്റത്തിനുശേഷമുണ്ടാകുന്ന സർക്കാരുമായി സാമ്പത്തിക സഹകരണം, രാജ്യത്തിന്റെ പുനർനിർമ്മാണത്തിനുള്ള സഹായം എന്നിവ അമേരിക്ക വാഗ്ദാനം ചെയ്യുന്നു. കൂട്ടത്തിൽ പുതിയ അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്നും ഉറപ്പു നൽകുന്നു.

ഈ കരാറിനെ റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ ശക്തികളെല്ലാം സ്വാഗതം ചെയ്യുകയും ചെയ്തു. 2020 മാർച്ച് 29-ന് നിലവിൽ വന്ന ഈ കരാർ മാധ്യമങ്ങൾ മുഴുവൻ റിപ്പോർട്ടു ചെയ്തതാണ്. സത്യത്തിൽ അന്നുമുതൽ താലിബാൻ രംഗത്തുവരികയും അമേരിക്കയുടെ പാവ ഗവർമെന്റിന്റെ വിധി തീരുമാനമാവുകയും ചെയ്തു. ഈ കരാർ മൗനം പാലിക്കുന്നതും അമേരിക്കയും താലിബാനും രഹസ്യമായി ധാരണയിലെത്തിയതുമായ നിരവധി കാര്യങ്ങളുണ്ട്.

1) ഇരുപതു വർഷമായി അമേരിക്ക നടത്തിയ അധിനിവേശക്കാലത്തെ യുദ്ധക്കുറ്റങ്ങളുടെയും കൊല, കൊള്ള എന്നിവയുടെയും വിചാരണ.
2) അമേരിക്ക 80 ബില്യൺ ഡോളർ ചെലവിട്ട് രൂപപ്പെടുത്തിയ അഫ്ഗാൻ സൈന്യത്തിന്റെയും അവരുടെ കൈയ്യിലുള്ള ആധുനിക ആയുധങ്ങളുടെയും കൈമാറ്റം.
3) അമേരിക്കയുടെ പിന്മാറ്റത്തിനു ശേഷമുണ്ടാകാൻ പോകുന്ന സർക്കാരിന്റെ ഘടന, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ എന്നിവ. (ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന് അംഗീകാരം വാങ്ങിക്കൊടുക്കാനാണ് അമേരിക്ക ശ്രമിക്കുക)

ഇത്തരം കാര്യങ്ങളിൽ ഒരു നീക്കുപോക്കുമില്ലാതെ എല്ലാം ഇട്ടെറിഞ്ഞ് അമേരിക്ക രക്ഷപ്പെടുമെന്ന് വിചാരിക്കാൻ ബുദ്ധിശൂന്യത കുറച്ചൊന്നും പോരാ. അമേരിക്ക അങ്ങനെയൊരു ബുദ്ധിശൂന്യത കാണിക്കും എന്നു വിചാരിക്കുന്ന നിരീക്ഷകർക്ക് താലിബാൻ ഖൈബർ പാസ് വഴി ഇന്ത്യയിലേക്കു വരുമെന്നും ആ വരവിൽ ഇന്ത്യയിലെ താലിബാനികൾ അവരെ ബാന്റുവാദ്യങ്ങളോടെ സ്വീകരിക്കുമെന്നും വിശ്വസിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്.

കരാറിന്റെ കോപ്പി


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments