ബഷാറുൽ അസദ് ജീവനും കൊണ്ട് സിറിയ വിട്ടോടിപ്പോയി റഷ്യയിൽ അഭയം തേടിയ വാർത്ത അറിയുമ്പോൾ കൺമുന്നിൽ ഒരു സിറിയൻ കുടുംബത്തെ അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു കൊണ്ടുപോയതിന്റെ ഓർമ്മകൾ എന്നെ ഒരിക്കൽ കൂടി തേടിയെത്തി. ഞാനും സുഹൃത്ത് ഡോ. വി. അബ്ദുൽ ലത്തീഫും ഒന്നര വർഷം മുമ്പ് ക്രൊയേഷ്യയിൽ യാത്ര ചെയ്യുമ്പോഴാണ് ഈ രംഗത്തിന് സാക്ഷികളായത്. ഞങ്ങൾ അതിമനോഹരമായ പ്ലിറ്റ് വിസ് തടാക ശൃംഖല കണ്ട് ബസിൽ ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിലേക്ക് മടങ്ങുകയായിരുന്നു.
ഇരുട്ട് വീണിട്ടില്ല. വഴിയെല്ലാം പകൽ വെളിച്ചത്തിൽ തന്നെ കാണാം. പെട്ടെന്ന് ഒരു പോലീസ് വാഹനം ബസ് നിർത്താനാവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ടു. ഡ്രൈവർ വണ്ടി ഒതുക്കി നിർത്തിയിട്ടു. പോലീസ് സംഘം ബസിൽ കയറി. പാസ്‌പോർട്ട്, പാസ്പോർട്ട് എന്നു ചോദിച്ചു കൊണ്ട് ബസിന്റെ മുന്നിൽ രണ്ടു പോലീസുകാരും മധ്യത്തിലെ ഡോർ തുറന്ന് രണ്ട് പോലീസുകാരികളും കയറി. എന്നോടും ലത്തീഫിനോടും പാസ്‌പോർട്ട് ചോദിച്ചു. അവർ ചെറിയ ബാറ്റൺ (ലാത്തി) കയ്യിൽ പിടിച്ചിട്ടുണ്ട്. ഞങ്ങൾ പാസ്‌പോർട്ട് കാണിച്ചു. അവരത് പെട്ടെന്ന് തന്നെ, ഇന്ത്യൻ എന്നു പറഞ്ഞു കൊണ്ട് തിരിച്ചു തന്നു. പിന്നീട് ഇരുവരും ബസിന്റെ ഏറ്റവും പിറകിലെ സീറ്റിലേക്ക് ചെന്നു. അപ്പോൾ ഒരാൾ എഴുന്നേറ്റു നിന്ന് ഞങ്ങൾക്ക് രേഖകളൊന്നുമില്ലെന്ന് പറഞ്ഞു. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയ കുടുംബത്തെ പോലീസുകാർ ബസിൽ നിന്നുമിറക്കി. യാ വലദ് സൂറ (കുട്ടി വേഗം പോരൂ) എന്ന് അച്ഛൻ ചെറിയ മകനോട് പറഞ്ഞപ്പോൾ അവർ അറബികളാണെന്ന് മനസ്സിലായി. ബസ് കണ്ടക്ടർ അവർ സിറിയക്കാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
പേടിയോ ഭാവഭേദങ്ങളോ ഇല്ലാതെയാണ് ആ കുടുംബം പോലീസുകാർക്കൊപ്പം പോയത്. അവരത് പ്രതീക്ഷിച്ച പോലെയായിരുന്നു. നടത്തിയാണ് ആ കുടുംബത്തെ കൊണ്ടു പോയത്. റോഡ് മുറിച്ചു കടന്ന് തങ്ങളുടെ ചെറിയ ബാഗുകളുമായി അവർ പോലീസ് സംഘത്തിനൊപ്പം പോയി. റോഡിന്റെ മറുവശത്ത് ഡിന്റൻഷൻ സെന്റർ എന്ന് പുറം മതിലിലെഴുതിവെച്ച കെട്ടിടത്തിലേക്ക് അവർ കയറിപ്പോകുന്നതും കണ്ടു.
ഇന്ന് സിറിയൻ വാർത്തകൾ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ലക്ഷക്കണക്കിന് അഭയാർഥികൾ വിസ്മരിക്കപ്പെടുന്നു.
ബസിൽ ഒരു അഭയാർഥി കുടുംബമുണ്ടെന്ന കാര്യം പോലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു. അതു കൊണ്ട് അവർ മറ്റുള്ളവരെയെല്ലാം പേരിനു മാത്രം പരിശോധിച്ചു. ആ സിറിയൻ കുടുംബത്തെ പിടികൂടി കൊണ്ടു പോവുകയും ചെയ്തു. ആഭ്യന്തര യുദ്ധത്തെ തുടർന്ന് യൂറോപ്പിലേക്കുള്ള സിറിയൻ അഭയാർഥി പ്രവാഹം രൂക്ഷമായിട്ട് കുറച്ചു വർഷങ്ങളായി. അവിടെ നിന്നും കടൽ വഴിയും മറ്റും രക്ഷപ്പെടുന്നവർ എങ്ങിനേയും മധ്യ യൂറോപ്പിൽ എത്താനാണ് ശ്രമിക്കുന്നത്. ജീവിക്കാനാവശ്യമായ ജോലി, രാഷ്ട്രീയ അഭയം എന്നിവ തേടിയാണ് അതിസാഹസികമായ ഈ അഭയാർഥി യാത്രകൾ. തുടക്കത്തിൽ എല്ലാ രാജ്യങ്ങളും അഭയാർഥികളെ സ്വീകരിച്ചു. എന്നാൽ ഇത് തുടരാനാകില്ല എന്ന നിലപാടിൽ പിന്നീട് എല്ലാ യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചേർന്നു. തുർക്കി വഴി കടൽ കടന്ന് ഗ്രീസിലും പിന്നീട് അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്കും എത്താനായിരുന്നു സിറിയൻ അഭയാർഥികളുടെ ശ്രമം. അവർ യാത്ര ചെയ്ത കാലപ്പഴക്കം വന്ന ബോട്ടുകൾ മെഡിറ്ററേനിയനിൽ മുങ്ങി എത്രയോ പേർ മരിച്ചു. 2015ൽ ഐലൻ കുർദി എന്ന രണ്ടു വയസ്സുകാരൻ തുർക്കിയിൽ കടൽ തീരത്ത് മരിച്ചടഞ്ഞ ഫോട്ടോഗ്രാഫും വാർത്തയും ഓർക്കുന്നവർക്ക് ഈ അഭയാർഥി പ്രവാഹത്തെക്കുറിച്ച് കൂടുതൽ പറയാതെ തന്നെ മനസ്സിലാക്കാൻ കഴിയും.
ക്രൊയേഷ്യയും ആദ്യ ഘട്ടത്തിൽ സിറിയൻ അഭയാർഥികളെ സ്വീകരിക്കുകയും പുനരധിവാസ പദ്ധതികളുടെ ഭാഗമാക്കി അവർക്ക് അതിജീവിക്കാനുള്ള അവസരങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. റീസെറ്റിൽമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അഭയാർഥികൾക്ക് ജോലി കൊടുക്കാനും അഭയാർഥി സ്റ്റാറ്റസിലുള്ള ഐ.ഡി കൊടുക്കാനും തയ്യാറായി. ആദ്യ ഘട്ടത്തിൽ ആയിരത്തോളം അഭയാർഥികളെ (സിറിയ, അഫ്ഗാനിസ്ഥാൻ) സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഷെങ്കൻ രാജ്യമാകുന്നതിന്റെ ഭാഗമായി അഭയാർഥികളെ പ്രോത്സാഹിപ്പിക്കരുതെന്ന യൂറോപ്പിന്റെ പൊതു ഭരണകൂട നയം സ്വീകരിക്കാൻ ഈ ചെറു രാജ്യവും നിർബന്ധിതമായി. അതോടെ രാജ്യത്ത് പ്രവേശിക്കുന്ന അഭയാർഥികളെ പിടികൂടി തടങ്കൽ പാളയങ്ങളിലേക്ക് മാറ്റാനും തുടങ്ങി. മൂന്നു മാസം മുമ്പ് സിറിയൻ യുവാവ് സാമി ബർക്കൽ ബോസ്‌നിയയിലൂടെ ക്രൊയേഷ്യയിൽ പ്രവേശിക്കാൻ ശ്രമിച്ചു. സാമി ബർക്കൽ മാത്രമല്ല ആയിരക്കണക്കിന് അഭയാർഥികൾ അതിർത്തിയിലുണ്ടായിരുന്നു. ഡിസംബറിലെ കൊടും തണുപ്പത്ത് ഈ അഭയാർഥികളെ ബോസ്‌നിയയിലേക്ക് തന്നെ തിരിച്ചോടിക്കാനാണ് അതിർത്തി സുരക്ഷാ സേന ശ്രമിച്ചത്. അഭയാർഥികളെ അതി ഭീകരമായി മർദിച്ചു. തലയും ചുണ്ടും മറ്റു ശരീര ഭാഗങ്ങളും പൊട്ടി അവരുടെ ചോര ഒലിച്ചു. സാമി ബർക്കൽ ഈ രംഗങ്ങൾ രഹസ്യമായി വീഡിയോയിൽ പകർത്തി. യു ട്യൂബിൽ അപ്പ്‌ലോഡ് ചെയ്തു.
ഇതോടെ അന്താരാഷ്ട്ര കോടതി പ്രശ്‌നത്തിൽ ഇടപെട്ടു. സാമി ബർക്കലിന്റെ വീഡിയോ ഇപ്പോഴും ആർക്കും കാണാൻ പറ്റും. അഭയാർഥികളെ കസ്റ്റഡിയിലെടുത്ത് അവരെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി ഭക്ഷണവും മരുന്നും പ്രതികൂല കാലാവസ്ഥകളെ നേരിടാനുള്ള സാധന സാമഗ്രികളും നൽകിയ ശേഷം മാത്രമേ മറ്റു കാര്യങ്ങളെക്കുറിച്ചാലോചിക്കാവൂ എന്ന് അന്താരാഷ്ട്ര കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് എതിരായ സമീപനമാണ് ക്രൊയേഷ്യയുടെ അതിർത്തി രക്ഷാ സേനയിൽ നിന്നുമുണ്ടായതെന്ന് സാമി ബർക്കിലിന്റെ വീഡിയോ വ്യക്തമാക്കി. 2014ൽ ഐ.എസ്. ഐ.എസ് ബോംബിട്ട് തകർത്ത തന്റെ കുർദ് ഗ്രാമമായ കൊബാനയിൽ നിന്നും പലായനം ചെയ്യുമ്പോൾ സാമിയുടെ പ്രായം 13. പത്തു വർഷമായി ഒരിടത്തും സ്ഥിരമായി നിൽക്കാൻ കഴിയാതെ സാമിയും മറ്റ് അഭയാർഥികളും അതിർത്തികൾ കടന്ന് ഓടിക്കൊണ്ടേയിരിക്കുന്നു.
സിറിയൻ വാർത്തകളും വിശകലനങ്ങളും വായിക്കുമ്പോൾ അഭയാർഥികൾ തന്നെയാണ് ലോകത്തിനു മുന്നിൽ വന്നുനിൽക്കുന്ന യഥാർഥ സിറിയൻ ജനത.
ഞങ്ങളുടെ ബസിൽ നിന്നും ഇറക്കിക്കൊണ്ടു പോയവർക്കും പറയാനുണ്ടാവുക സാമിയുടേതിന് സമാനമായ അനുഭവങ്ങൾ തന്നെയായിരിക്കും. ആ കുടുംബം ഡിറ്റൻഷെൻ സെന്ററിൽ മറഞ്ഞു. ഞങ്ങളുടെ ബസ് മുന്നോട്ടു നീങ്ങി. ആരും ഒന്നും പ്രതികരിക്കുന്നില്ല. നാഷണൽ പാർക്കിനും പിന്നിലുള്ള ഒരു സ്റ്റോപ്പിൽ നിന്നാണ് അവർ ബസിൽ കയറിയതെന്ന് കണ്ടക്ടർ പറഞ്ഞു. അവരോട് ഐ.ഡി കാർഡ് ആവശ്യപ്പെടാത്തതിന് തന്നെ പോലീസ് വിളിപ്പിക്കുമോ എന്ന ആശങ്കയിലായിരുന്നു അയാൾ.
ഇന്ന് സിറിയൻ വാർത്തകൾ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് അഭയാർഥികൾ വിസ്മരിക്കപ്പെടുന്നു. സിറിയയിൽ നിന്നുള്ള അഭയാർഥി പ്രവാഹം ഇനിയും വർധിക്കുമോ? (അഫ്ഗാനിസ്ഥാനാണ് സമീപകാലത്തെ ഉദാഹരണം), അതോ ഇന്നലെ ഉദയം ചെയ്ത നേതാവ് പറയും പോലെ അഭയാർഥികൾക്ക് മടങ്ങി വരാൻ കഴിയുമോ? മടങ്ങി വന്നാൽ തന്നെ അവർക്ക് സമാധാന പൂർണ്ണമായ ജീവിതം സിറിയയിൽ സാധ്യമാകുമോ? സിറിയൻ വാർത്തകളും വിശകലനങ്ങളും വായിക്കുമ്പോൾ അഭയാർഥികൾ തന്നെയാണ് ലോകത്തിനു മുന്നിൽ വന്നു നിൽക്കുന്ന യഥാർഥ സിറിയൻ ജനത.
2011ലാണ് സിറിയൻ ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ നൂറു ദിവസങ്ങളുടെ അനുഭവങ്ങളും തുടർന്നുള്ള പലായനവും രേഖപ്പെടുത്തിയ സമർ യാസ്ബക്കിന്റെ ഡയറി ' എ വുമൺ ഇൻ ദ ക്രോസ് ഫയർ- ഡയറീസ് ഓഫ് ദി സിറിയൻ റവലൂഷൻ' എന്ന പുസ്തകവും ഓർമ്മയിൽ വരുന്നു. ബഷാറുൽ അസദിന്റെ പതനം പ്രവചിച്ച പുസ്തകം കൂടിയാണിത്. പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു.
അസദ് ഫാമിൽ നിന്നുള്ള
സമർ യാസ്ബക്കിന്റെ ഡയറിക്കുറിപ്പുകൾ
ഫ്രിഡ്ജിന്റെ ഉൾവശത്ത് രക്തത്തിൽ എഴുതിയ വാചകം ഇങ്ങിനെ വായിക്കാം- “എന്റെ സ്‌നേഹം എന്റെ അമ്മയെ അറിയിക്കൂ”- അതെഴുതിയ ചെറുപ്പക്കാരന്റെ മൃതദേഹവും അതേ ഫ്രിഡ്ജിൽ തന്നെ ഉണ്ടായിരുന്നു. സിറിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കൊടിയ പീഡനങ്ങൾക്കു ശേഷം അയാളെ മരിക്കാനായി ഫ്രിഡ്ജിൽ കൊണ്ടു വന്ന് തള്ളി. ഇരുട്ട് നിറഞ്ഞ ഫ്രിഡ്ജിനകത്ത് തണുപ്പിൽ മരണത്തിലേക്ക് നടന്നടുക്കുമ്പോൾ അയാൾക്ക് തന്റെ അന്ത്യവാചകം കുറിക്കാൻ സ്വന്തം രക്തമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. തന്റെ മാതാവിനെ, രാജ്യത്തെ അവസാന നിമിഷം വരേയും അങ്ങേയറ്റം സ്‌നേഹിച്ചിരുന്നുവെന്ന് അയാൾക്ക് ലോകത്തോട് പറയേണ്ടിയിരുന്നു. അത് പറഞ്ഞ് അയാൾ ഈ ലോകം വിട്ടു. അത് ഒരു സത്യവാങ്മൂലമാണ്’’- സമർ എഴുതുന്നു.
ഇങ്ങനെയൊക്കെ മനുഷ്യന് സാധിക്കുമോ എന്ന് ചിലപ്പോൾ നാം സംശയിച്ചു പോകും. മനുഷ്യജീവൻ അസാധാരണമായ പ്രതലങ്ങളിലൂടെ കടന്നു പോകുമ്പോൾ ഇങ്ങിനെയുള്ള സംഭവങ്ങൾ ഉണ്ടാകുമെന്ന് സമർ 270 പേജുള്ള ' എ വുമൺ ഇൻ ദ ക്രോസ് ഫയർ- ഡയറീസ് ഓഫ് ദി സിറിയൻ റവലൂഷൻ' എന്ന പുസ്തകത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
സമറിന്റെ പുസ്തകം വരുമ്പോഴേക്കും 30,000ത്തോളം പേരെ സിറയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സൈന്യം ഇതിനോടകം വധിച്ചു കഴിഞ്ഞു. അരലക്ഷത്തോളം പേർ തുർക്കിയിലേക്കും ഏതാണ്ട് അത്ര തന്നെ പേർ ലെബനാനിലേക്കും സിറിയയിൽ നിന്ന് പലായനം ചെയ്തു കഴിഞ്ഞിരുന്നു. ജോർദാൻ-സിറിയൻ അതിർത്തിയിലെ മഫ്‌റാഖിൽ നിത്യവും നൂറു കണക്കിന് അഭയാർഥികളാണ് എത്തിച്ചേരുന്നത്. മഫ്‌റാഖിലെ മരുഭൂമിയിൽ യു.എന്നിന്റെ അഭയാർഥി പുനരധിവാസ വകുപ്പ് പലായനം ചെയ്‌തെത്തുന്നവർക്ക് താമസിക്കാൻ തുണിത്തമ്പുകൾ സ്ഥാപിച്ച് കൊണ്ടിരിക്കുന്നു.
ഇറാഖ് കവി സിനാൻ ആറ്റൂൺ പുതിയ സൂര്യൻ എന്ന കവിതയിൽ എഴുതുന്നു- ജനങ്ങളെ നിരന്തരമായി നിരീക്ഷിച്ച് കൊണ്ട് പ്രതിമകളുടെ രൂപത്തിൽ അറബ് തെരുവുകളിൽ നില കൊണ്ട ഏകാധിപതികളെല്ലാം നിലം പൊത്തുകയാണ്. ബിൻ അലി (തുണീഷ്യ), മുബാറക്ക് (ഈജിപ്ത്), സാലിഹ് (യമൻ), ഖദ്ദാഫി (ലിബിയ). അടുത്ത ഊഴം അസദിന്റേതാണ്. ജനങ്ങൾ പ്രതിമകളേക്കാളും ഉയരത്തിൽ വളരുമ്പോൾ പ്രതിമകൾക്ക് ജനസാഗരത്തിന് മുന്നിൽ കുമ്പിടുക മാത്രമേ വഴിയുള്ളൂ.
▮
തെക്കൻ സിറിയയിലെ ദർആ ഗ്രാമത്തിന്റെ ചുമരിൽ അഴിമതിക്കാർ താഴെ ഇറങ്ങണമെന്ന ചുമരെഴുത്ത് 2011 മാർച്ച് 11ന് പ്രത്യക്ഷപ്പെടുന്നു. ആ ചുമരഴെത്താണ് സിറിയൻ ഉയർത്തെഴുന്നേൽപ്പിന് കാരണമാകുന്നത്. സാധാരണ ജനങ്ങളിൽ നിന്നും എന്തിനും ഏതിനും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കു നേരെ ഉയർന്ന പ്രതിഷേധമായിരുന്നു അത്. അത് എഴുതിയവരെ തിരയാൻ അസദിന്റെ രഹസ്യപ്പോലീസുകാരും സൈന്യവും എത്തി. നിരവധി പേരെ പിടിച്ചു കൊണ്ടു പോയി. ദർആ ഉൾപ്പെടെയുള്ള പ്രദേശത്തെ ഇന്റലിജൻസ് മേധാവിയായ ആത്തിഫ് നജീബിന്റെ ഓഫീസിന് മുന്നിൽ പിടിച്ചു കൊണ്ടു പോയവരെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഗ്രാമീണർ തടിച്ചുകൂടുന്നു. അവരിൽ ഒരു സംഘം ആത്തിഫ് നജീബിനെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യം അറിയിച്ചു. അതിനു കിട്ടിയ മറുപടി ഇങ്ങിനെയായിരുന്നു-
'പിടിച്ചു കൊണ്ടു വന്ന നിങ്ങളുടെ മക്കളെ മറന്നേക്കൂ. ഒന്നുകിൽ നിങ്ങൾ വീട്ടിൽ പോയി ഭാര്യമാരൊത്ത് ശയിച്ച് പുതിയ മക്കളെ ഉണ്ടാക്കൂ, അതിനാവാത്തവർ ഭാര്യമാരെ എന്റെ അരികിലേക്ക് അയക്കൂ, അവരിലെല്ലാം ഞാൻ നിങ്ങൾക്ക് ആവശ്യമായത്രയും മക്കളെ ഉണ്ടാക്കാം'-- നെറികെട്ട ഈ നിലപാടിനോടുള്ള പ്രതികരണമാണ് സിറിയൻ ഉയർത്തെഴുന്നേൽപ്പിന്റെ അടിസ്ഥാന കാരണമെന്ന് സമർ ഡയറിക്കുറിപ്പുകളിൽ പറയുന്നു. ജനങ്ങളോടുള്ള അസദ് ഭരണകൂടത്തിന്റെ സമീപനം തന്നെയാണ് ആത്തിഫ് നജീബിലൂടെ പുറത്തു വന്നത്.
ഒരിക്കൽ കണ്ണ് കെട്ടി ചോദ്യം ചെയ്യാൻ കൊണ്ടു പോയ ഒരിടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കെട്ടിത്തൂക്കിയിട്ടത് കണ്ട അനുഭവം അവർ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണുകളില്ലാത്ത, ചുണ്ടുകളില്ലാത്ത, ഭുജങ്ങളില്ലാത്ത, വിരലുകളില്ലാത്ത മനുഷ്യശരീരങ്ങൾ ഇറച്ചിക്കടയിലെന്ന പോലെ തൂക്കിയിട്ടതായി ഡയറിയിലെ ഒരു താൾ ഞെട്ടിവിറക്കുന്നു.
പ്രക്ഷോഭത്തിന്റെ ആദ്യനാളുകളിൽ സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ കണ്ട കാഴ്ചകളുമായാണ് ഡയറിക്കുറിപ്പുകൾ തുടങ്ങുന്നത്. നഗരത്തിൽ അഞ്ചു കിലോ മീറ്റർ ദൂരത്തിൽ അഞ്ചിലധികം ചെക്ക് പോയിന്റുകൾ. എല്ലായിടത്തും വാഹനങ്ങളും വഴിയാത്രക്കാരും പരിശോധിക്കപ്പെടുന്നു. പലരേയും പിടിച്ചു കൊണ്ടു പോകുന്നു. എന്താണിങ്ങിനെ, ഇതിനുമാത്രം എന്തു പ്രശ്‌നമെന്ന സമറിന്റെ ചോദ്യത്തിന് ഉടൻ കടന്നു പോകൂ എന്ന ഉത്തരം മാത്രമാണ് ലഭിക്കുന്നത്. ഒറിയന്റ് ടി.വിയിൽ 'ലേഡീസ് ഫസ്റ്റ്' കുടുംബ ഷോയുടെ
അവതാരകയായി കുറച്ചു നാൾ പ്രവർത്തിച്ച സമറിനെ ഒരിടത്ത് ഒരു സുരക്ഷാ സൈനികൻ തിരിച്ചറിയുന്നു. ടി.വിക്കുവേണ്ടി വാർത്ത ശേഖരിക്കാൻ ഇറങ്ങിയതാണെന്ന ആരോപണത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെടാൻ സമറിന് ആയെങ്കിലും അവർ പിന്നീടുള്ള ദിവസങ്ങളിൽ നോട്ടപ്പുള്ളിയായി മാറി. മൂന്ന് തവണ സമറിനെ ഇന്റലിജൻസ് പിടിച്ചു കൊണ്ടു പോകുന്നുമുണ്ട്. ഒരിക്കൽ കണ്ണ് കെട്ടി ചോദ്യം ചെയ്യാൻ കൊണ്ടു പോയ ഒരിടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കെട്ടിത്തൂക്കിയിട്ടത് കണ്ട അനുഭവം അവർ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണുകളില്ലാത്ത, ചുണ്ടുകളില്ലാത്ത, ഭുജങ്ങളില്ലാത്ത, വിരലുകളില്ലാത്ത മനുഷ്യശരീരങ്ങൾ ഇറച്ചിക്കടയിലെന്ന പോലെ തൂക്കിയിട്ടതായി ഡയറിയിലെ ഒരു താൾ ഞെട്ടിവിറക്കുന്നു.
ദമാസ്‌കസിലോ സിറിയയുടെ മറ്റുഭാഗങ്ങളിലോ അതിനു മുൻപ് കണ്ടിട്ടില്ലാത്ത തല മൊട്ടയിച്ച, ശരീരം കടന്ന് തുളുമ്പി നിൽക്കുന്ന പേശികളുള്ള, ചുട്ടികുത്തിയ ഒരു പറ്റം മനുഷ്യർ ജനങ്ങളെ പീഡിപ്പിക്കാനായി മാത്രം തെരുവുകളിൽ റോന്ത് ചുറ്റുന്നുണ്ട്. അസദിന്റെ ഇന്റലിജൻസ് വൃത്തത്തിനകത്ത് അതീവ രഹസ്യമായി കുടിയിരുത്തിയ ഷബ്ബീഹ എന്ന് പേരിലറിയപ്പെടുന്ന 'കൂടുതൽ സമൻമാരായ' ഭടൻമാരായിരുന്നു അവർ എന്ന് പിന്നീട് സമർ തിരിച്ചറിയുന്നുണ്ട്. സിറിയയിലെ സമാധാന ജീവിതം തകർക്കാൻ ചില സായുധ സംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും സർക്കാർ അവരെ അടിച്ചമർത്തുകയാണെന്നും അസദ് ഭരണകൂടം വിശദീകരണം നൽകുന്നു. അവർ എലികളും കീടങ്ങളുമാണ്, തുരത്താൻ അധിക സമയം വേണ്ടെന്നും സർക്കാർ പറയുന്നു. ഈ പ്രസ്താവനക്കു ശേഷം സിറിയൻ മതിലുകളിൽ ചുമരെഴുത്ത് വന്നു, എലികളേ, കീടങ്ങളേ സംഘടിക്കുവിൻ!
അൽബനിയ എന്ന സ്ഥലത്ത് റോഡിൽ കിടന്ന മൃതദേഹങ്ങൾക്ക് മുകളിലൂടെ നൃത്തം വെച്ച് പോകുന്ന നരകപടം തീർത്ത സൈനികരെ കണ്ട കാഴ്ചയും ഡയറിയിലുണ്ട്.
▮
പടിഞ്ഞാറൻ സിറിയയിലെ ഹുംസ് പ്രക്ഷോഭകാരികളുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ്. അവിടെ നിന്നുള്ള കാഴ്ചകൾ സമർ ഡയറിയിൽ പകർത്തിയിട്ടുണ്ട്. തെരുവിൽ സൈന്യം വെടിവെച്ചിട്ട മനുഷ്യരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു. അത് മറവു ചെയ്യാൻ സമ്മതിക്കാതെ കവചിത വാഹനങ്ങളിൽ സൈനിക സാന്നിധ്യം തെരുവുകളിൽ നില കൊള്ളുന്നു. സൈന്യം നീങ്ങിയാൽ മാത്രം തങ്ങളുടെ പ്രിയപ്പെട്ടവരെ ആറടി മണ്ണിൽ അടക്കാൻ കഴിയൂ എന്നറിഞ്ഞ് ഹുംസിലെ മനുഷ്യർ നരകത്തെ കാണുന്നു. സ്ത്രീകളും കുട്ടികളും പുരുഷൻമാരും വീടുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ തെരുവിന്റെ എല്ലാ മൂലകളിൽ നിന്നും സൈനികരുടെ ബുള്ളറ്റ് വർഷം. ഒരാൾക്കും തെരുവിലേക്കിറങ്ങാനാകുന്നില്ല. സ്ത്രീകൾ വിലപിച്ച് തൊണ്ടയിലെ വെള്ളം വറ്റി. അവർക്ക് ശബ്ദം നഷ്ടപ്പെട്ടു. പൊടുന്നനെ ആകാശം മേഘാവൃതമായി. മഴത്തുള്ളികൾക്ക് പിന്നാലെ ആലിപ്പഴ വർഷമുണ്ടായി. ബുള്ളറ്റ് വർഷത്തിനൊപ്പം ആലിപ്പഴവും. വീടിന്റെ ജനാലകൾ ചെറുതായി തുറന്ന് സ്ത്രീകളും കുട്ടികളും കൈകൾ പുറത്തേക്കിട്ട് ആലിപ്പഴത്തുണ്ടുകൾ ശേഖരിച്ച് വരണ്ട തൊണ്ടകളിലേക്ക് പിഴിഞ്ഞ് ഒഴിച്ചു. ദിവസങ്ങളായി കുടിവെള്ളം പോലും കിട്ടാത്തവരായിരുന്നു അവർ.
അതിനിടെ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ചിലർ മൃതദേഹങ്ങൾ തെരുവിൽ നിന്നും മാറ്റാൻ ശ്രമിക്കുന്നു. സൈന്യം വീണ്ടും വെടി ഉതിർത്തു. മണിക്കൂറുകൾക്ക് ശേഷം സൈന്യം തെരുവുകളിൽ നിന്ന് പിൻവാങ്ങിയ ശേഷമാണ് മൃതദേഹങ്ങൾ സംസ്‌കാരിക്കാൻ എടുക്കുന്നത്. ഏറെ നേരം തെരുവിൽ കിടന്ന മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നു. ഖബറുകൾ തയ്യാറാക്കാൻ കുറച്ചു സമയം വേണം. അതു വരെ മൃതദേഹങ്ങൾ കൂടുതൽ അഴുകാതെ സൂക്ഷിക്കാൻ എന്തു ചെയ്യും? ഹുംസിലെ പച്ചക്കറി മാർക്കറ്റിലെ ഫ്രിഡ്ജുകളിൽ മൃതദേഹങ്ങൾ സൂക്ഷിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ഖബറുകൾ കുഴിച്ചും വെട്ടിയും ഉണ്ടാക്കാനെടുത്ത സമയമത്രയും മൃതദേഹങ്ങൾ ആ ഫ്രിഡ്ജുകളിൽ തന്നെ വെച്ചു.
അൽബനിയ എന്ന സ്ഥലത്ത് റോഡിൽ കിടന്ന മൃതദേഹങ്ങൾക്ക് മുകളിലൂടെ നൃത്തം വെച്ച് പോകുന്ന നരകപടം തീർത്ത സൈനികരെ കണ്ട കാഴ്ചയും ഡയറിയിലുണ്ട്.
▮
ഒരിടത്ത് ഒരു ഡോക്ടർ റാന്തൽ വെളിച്ചത്തിൽ വെടിയുണ്ടയേറ്റ മനുഷ്യശരീരത്തിൽ ശസ്ത്രക്രിയ നടത്തുന്നു. ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും ബോംബിംഗിൽ ഇല്ലാതായി. സിറിഞ്ചുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും അണുവിമുക്തമാക്കാനുള്ള സൗകര്യം പോലും ഇല്ല. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷം രോഗി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പു വന്നതിനു ശേഷമേ ഡോക്ടർക്ക് ശരിക്കും ശ്വസിക്കാൻ കഴിയുന്നുള്ളൂ. എല്ലാ രോഗികളും മരിച്ചാൽ ഡോക്ടറും മരിച്ചുവെന്നാണെന്ന് അർഥമെന്ന് അയാൾ പറയുന്നുണ്ട്.
മരുന്നുകടകൾ പ്രത്യേക ലക്ഷ്യസ്ഥാനമാക്കി ബോംബിട്ട് നശപ്പിക്കുന്നതും പതിവായിരുന്നു. മുറിവേറ്റവർക്ക് മരുന്നുകളൊന്നും ലഭിക്കരുതെന്ന നിർബന്ധമായിരുന്നു ഇതിനു പിന്നിൽ.
ആശുപത്രിയിൽ പ്രവേശിക്കാൻ രോഗിക്ക് സുരക്ഷാ ക്ലിയറൻസ് ആവശ്യമുണ്ട്. സമാധാന ജീവിതം തകർക്കാനിറങ്ങിയ സായുധ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റുവെന്ന സത്യവാങ്മൂലത്തിൽ ഒപ്പിടുന്നവർക്ക് മാത്രമേ ആശുപത്രികളിൽ പ്രവേശനമുള്ളൂ. ക്ലിയറൻസ് കിട്ടാനുള്ള തർക്കങ്ങൾക്കിടെ നിരവധി പേർ മരിച്ചതായി സമർ രേഖപ്പെടുത്തുന്നു. ഭുജങ്ങളിൽ വെടിയേറ്റ ഒരു ചെറുപ്പക്കാരൻ തന്നെ ആക്രമിച്ചത് സൈന്യമാണെന്ന് ആവർത്തിക്കുമ്പോൾ അല്ല സായുധ സംഘമെന്ന് തിരുത്താൻ സൈനികർ നിർബന്ധിക്കുന്നു. മരണക്കിടക്കയിലും മൊഴിമാറ്റിപ്പറയാൻ തയ്യാറാകാതിരുന്ന ആ ചെറുപ്പക്കാരനെ നെറ്റിയിലേക്ക് പായിച്ച വെടിയുണ്ടയിൽ ഒരു സൈനികൻ അവസാനിപ്പിക്കുന്നു.
വെടിവെക്കുമ്പോൾ നിങ്ങൾ അവരുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നോ? നിങ്ങൾ അവരുടെ ശരീരത്തിലെ ബുള്ളറ്റ് തുളകളെങ്കിലും ശ്രദ്ധിച്ചിരുന്നോ?- വിമതനായി മാറിയ സൈനികനോട് സമർ ഒരിക്കൽ ചോദിക്കുന്നുണ്ട്.
വെടിവെക്കുമ്പോൾ നിങ്ങൾ അവരുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നോ? നിങ്ങൾ അവരുടെ ശരീരത്തിലെ ബുള്ളറ്റ് തുളകളെങ്കിലും ശ്രദ്ധിച്ചിരുന്നോ?- വിമതനായി മാറിയ സൈനികനോട് സമർ ഒരിക്കൽ ചോദിക്കുന്നുണ്ട്. മരണത്തിന്റെ കാർണിവലാണ് സിറിയയിൽ തുടരുന്നതെന്നും അവർ എഴുതുന്നു.
▮
ദമാസ്‌കസ് തെരുവുകളിൽ മയങ്ങിക്കിടക്കുന്നതു പോലെ ചെറുപ്പക്കാർ കിടക്കുന്നതും എഴുത്തുകാരി കാണുന്നു. കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കൊടുത്ത കഥയിൽ മരുഭൂമിയിലെ ചെറുമാനുകൾ (ഗസല്ലെ-ഗസ്സാസ്) ഉറങ്ങുന്നതു പോലെയാണ് ആ ചെറുപ്പക്കാരുടെ കിടത്തമെന്ന് സമറിന് പെട്ടെന്ന് തോന്നി. ചെറിയ ഇലയനക്കം കേട്ടാൽ പോലും ഞെട്ടിയെണീറ്റ് ഓടാൻ പാകത്തിലുള്ള ഉറക്കമായിരിക്കും മാനുകളുടേത്. എപ്പോഴും തങ്ങൾ വേട്ടക്കാരാലോ മറ്റോ ആക്രമിക്കപ്പെടാമെന്ന ഭയം മാനുകൾക്കുള്ളതിനാൽ അവക്ക് ഒരിക്കലും ഗാഡമായ ഉറക്കം സാധ്യമല്ല. എന്നാൽ ദമാസ്‌കസ് തെരുവുകളിൽ മാൻ ഉറക്കമെന്ന് താൻ തെറ്റിദ്ധരിച്ചത് മനുഷ്യരുടെ ഒരിക്കലും ഉണരാനാകാത്ത അന്ത്യനിദ്രയാണെന്നറിയുമ്പോൾ സിരകളിലൂടെ പാഞ്ഞുപോകുന്ന വേദന തലച്ചോർ ഞരമ്പുകളെ പൊട്ടിക്കുന്നു. ആ കൊടും വേദന ആണിക്കിടക്കയിലെയിലെ എഴുന്നേൽക്കാൻ വയ്യാത്ത കിടപ്പായി കല്ലിച്ച് തുളഞ്ഞ് നിൽക്കുന്നു.
▮
തന്റെ ക്യാമറയുമായി നിരവധി മനുഷ്യർ ഒളിച്ച് കഴിയുന്ന ചിലയിടങ്ങളിൽ അവരുടെ മൊഴികൾ പകർത്താനായി സമർ പോകുന്നുണ്ട്. പുറം ലോകത്തിന് അത്ര എളുപ്പത്തിൽ എത്താൻ കഴിയാത്ത ഒളിയിടങ്ങളിൽ. അവിടെ ഒട്ടിക്കഴിയുന്ന മനുഷ്യരുടെ വിയർപ്പിൽ എഴുത്തുകാരി കൊടിയ ഭയത്തെ മണത്തു. പുരാതനമായ ഒരു ഗുഹാമുഖത്ത് നിന്ന് വമിക്കുന്ന മണം പോലെ. തന്റെ രാജ്യം ഒരു ഗുഹയായി രൂപാന്തരപ്പെട്ടതായി അവർ സംശയിക്കുന്നു. മരണത്തിന്റെ കാർണിവൽ, ഭയത്തിന്റെ കാർണിവൽ എന്നിവ സംഗമിക്കുന്ന ഒരു ഗുഹയായി സിറിയ മാറിയത് പകർത്തുമ്പോൾ വെടിയേറ്റ് നിരവധി സ്വപ്നങ്ങൾ മരിച്ചു വീഴുന്നു. ഡയറിത്താളുകൾ മരിച്ചു വീണവയുടെ ഖബറുകളായി മാറുന്നു.
▮
50 വർഷമായി സിറിയ ഭരിക്കുന്നത് അസദ് കുടുംബമാണ്. പിതാവിൽ നിന്ന് കൈമാറിക്കിട്ടിയതാണ് ബഷർ അൽ അസദിന് ഭരണം. കണ്ണ് ഡോക്ടറായ അദ്ദേഹം യൂറോപ്പിൽ ഉപരിപഠനം നടത്തുന്നതിനിടെ പിതാവ് അധികാരം നൽകാൻ ഉദ്ദേശിച്ചിരുന്ന മൂത്ത മകൻ വാഹനാപകത്തിൽ കൊല്ലപ്പെട്ടു. തുടർന്നാണ് ബഅസ് പാർട്ടിക്കാരനായ ബഷർ അൽ അസദ് നാട്ടിലെത്തുന്നതും വൈകാതെ ഭരണാധികാരിയാകുന്നതും. ഷിയാക്കളിലെ ഉപവിഭാഗങ്ങളിലൊന്നായ അലവി ഷിയയിൽ പെട്ട അസദ് ഭരണത്തിൽ എത്തിയ ആദ്യനാൾ മുതൽ ഷിയ-സുന്നി വിടവ് നില നിർത്താനും ഭിന്നിപ്പിച്ച് ഭരിക്കാനും സാമർഥ്യം കാണിച്ചിരുന്നു. ഇതിനു പുറമെ പശ്ചിമേഷ്യയിൽ മിക്കയിടങ്ങളിലും പാർശ്വവൽക്കൃതരായി കഴിയുന്ന കുർദുകളും ഏതാണ്ട് അഞ്ച് ലക്ഷത്തോളം ഫലസ്തീൻ അഭയാർഥികളും സിറിയയിലുണ്ട്. ഒരു അലവി ഷിയ അസദിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നു എന്ന് പ്രചരിപ്പിച്ച് സമറിനെ സ്വന്തം സെക്ടിൽ നിന്നും പുറന്തള്ളാൻ അസദിന്റെ ഏജന്റുമാർക്ക് കഴിയുന്നുണ്ട്. സഹോദരിയുണ്ടാക്കിയ അപമാനം സഹിക്കാനാകാതെ സമറിന്റെ സഹോദരൻ ജീവനൊടുക്കാൻ പോലും ശ്രമിക്കുന്നുണ്ട്. എന്നാൽ സമർ ഈ വിഭാഗീയതകളിൽ നിന്നെല്ലാം മുക്തയായി മനുഷ്യാന്തസ്സിന് വേണ്ടി വാദിക്കുന്നത് തുടരുന്ന കാഴ്ചയാണ് ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോൾ കാണാനാവുക.
സിറിയൻ പ്രക്ഷോഭത്തിന്റെ ആദ്യനാളുകളിൽ സുന്നി-ഷിയ- കുർദ് ഭിന്നിപ്പുകളെ വേണ്ട വിധത്തിൽ നില നിർത്താൻ അസദിന് കഴിഞ്ഞെങ്കിലും പിന്നീട് ജനങ്ങൾ സെക്ടുകളെ മാറ്റിവെച്ച് ഒന്നിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്ന് സമർ പറയുന്നുണ്ട്. നമ്മൾ സിറിയക്കാരാണ്, നമുക്ക് സ്വാതന്ത്ര്യം വേണമെന്ന നിലയിലേക്ക് ഒരു ജനത മാറുന്നു. എത്രയോ കാലമായി കൊണ്ടു നടന്ന വിഭാഗീയതകൾ സ്വാതന്ത്ര്യത്തിനായി അവർ മാറ്റി വെക്കുന്നതായും സമർ എഴുതുന്നു. സൈനികാക്രമണങ്ങളിൽ എല്ലാ വിഭാഗത്തിൽ പെട്ടവരും കൊല്ലപ്പെടുകയും പീഡന മുറകൾക്ക് എല്ലാ വിഭാഗങ്ങളും ഇരയാക്കപ്പെടുകയും ചെയ്യുന്നതോടെയാണ് സിറിയക്കാർ ഒരുമിക്കുന്നതിലേക്ക് ഉയരുന്നത്. സത്യത്തിൽ അസദിന് ഭരണത്തിലിരിക്കാൻ വേണ്ടിയായിരുന്നു ഈ വിഭാഗീയതകൾ എന്ന സത്യം പോലും ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിറിയൻ ജനതയുടെ ഉയർത്തെഴുന്നേൽപ്പുകളിലും ചുമരെഴുത്തുകളിലും പ്രധാനമായത് ഒറ്റ ജനത എന്ന വികാരത്തിലേക്ക് അവർക്ക് ഉയരാനായതാണെന്ന് സമർ വാദിക്കുന്നു. ഈ വികാരം നഷ്ടപ്പെട്ടാൽ ഭാവിയിലും ജീവിതം നരകം തന്നെയായി മാറുമെന്നും അവർ ഡയറിക്കുറിപ്പിലൂടെ ഓർമിപ്പിക്കുന്നുമുണ്ട്.
▮
ഇളം പ്രായത്തിൽ വിവാഹിതയാവുകയും മകളുണ്ടായി ചില വർഷങ്ങൾക്കു ശേഷം ഭർത്താവുമായി പിരിയുകയും ചെയ്ത സമർ ഒറ്റക്കുള്ള ജീവിതം തുടങ്ങിയതു മുതൽ എവിടെ പോകുമ്പോഴും തന്റെ തോൾ സഞ്ചിയിൽ ഒരു കത്തി സൂക്ഷിക്കുന്നുണ്ട്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ അയാളെ വകവരുത്താനുള്ള ആയുധമായാണ് അവർ അത് കൊണ്ട് നടക്കുന്നത്. ആദ്യമായി ഈ ആയുധം അവർ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ഇന്റലിജൻസ് കേന്ദ്രത്തിൽ ചോദ്യം ചെയ്യാനായി കൊണ്ടു പോകുമ്പോഴാണ്. അവിടെയുള്ള ഒരു ഉദ്യോഗസ്ഥൻ തന്റെ മാനത്തിൽ കൈവെക്കുമെന്ന് തോന്നിയ ഉടനെയാണ് അവർ സഞ്ചിയിൽ നിന്ന് കത്തി വലിച്ചൂരി അയാളെ ആക്രമിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ബലിഷ്ഠകായനായ ആ ഓഫീസർ ആക്രമണം തടയുകയും കൈക്കലാക്കിയ കത്തി സമറിന്റെ തൊണ്ടക്കുഴിയിൽ അമർത്തുകയും ചെയ്യുന്നു. ഒട്ടും വൈകാതെ സമറിന്റെ മുന്നിൽ വെച്ച് ചോദ്യം ചെയ്യാനായി കൊണ്ടു വന്ന ഒരു ചെറുപ്പക്കാരന്റെ നടുമ്പുറത്ത് അയാൾ ബൂട്ടിട്ട് ചവിട്ടിത്തിരിക്കുന്നുമുണ്ട്. അധികാരത്തിനു മുന്നിൽ സാധാരണ മനുഷ്യരുടെ ഇച്ഛാശക്തി ഇത്തരത്തിലുള്ള പീഡനങ്ങൾ കൊണ്ടൊന്നും തകർക്കാനാവില്ലെന്ന് പിന്നീട് നിരവധി സംഭവങ്ങൾ ഉദാഹരിച്ചുകൊണ്ട് എഴുത്തുകാരി പറയുന്നു. കലാപകാരികളുടെ സായുധ പാതയെ അംഗീകരിക്കുന്നില്ലെങ്കിലും അവർക്ക് മറ്റൊരു വഴി പറഞ്ഞുകൊടുക്കാൻ തന്നെപ്പോലെ ഒരെഴുത്തുകാരിക്ക് എന്തു കൊണ്ട് കഴിയുന്നില്ലെന്നും അവർ ആശങ്കപ്പെടുന്നുണ്ട്.
ഇളം പ്രായത്തിൽ വിവാഹിതയാവുകയും മകളുണ്ടായി ചില വർഷങ്ങൾക്കു ശേഷം ഭർത്താവുമായി പിരിയുകയും ചെയ്ത സമർ ഒറ്റക്കുള്ള ജീവിതം തുടങ്ങിയതു മുതൽ എവിടെ പോകുമ്പോഴും തന്റെ തോൾ സഞ്ചിയിൽ ഒരു കത്തി സൂക്ഷിക്കുന്നുണ്ട്.
സിറിയയിലെ ജനമുന്നേറ്റത്തിന്റെ ചില വീഡിയോകൾ കാണുന്നതിനിടെ ആയുധങ്ങളുമായി അടുക്കുന്ന സിറിയൻ ജനതയുടെ ചില രംഗങ്ങൾ കണ്ടു. അതിലൊരിടത്ത് ഒരു സിഗരറ്റ് കള്ളക്കടത്തുകാരന്റെ സംസാരം രേഖപ്പെടുത്തിയിട്ടുണ്ട്. അയാൾ മറ്റു ചിലർക്കൊപ്പം ഒരു സൈനിക ക്യാമ്പിൽ നിന്നും ആയുധങ്ങൾ മോഷ്ടിച്ചതാണ്.
ഈ ആയുധങ്ങൾ നിങ്ങൾ എങ്ങിനെ ഉപയോഗിക്കുമെന്ന ചോദ്യത്തിന് അയാളുടെ മറുപടി ആയുധങ്ങളുടെ കാറ്റലോഗുകൾ കൂടി സംഘടിപ്പിച്ച് അതു നോക്കിപ്പഠിച്ച് ഉപയോഗിക്കുമെന്നാണ്!.
എന്നാൽ ആയുധങ്ങളുടെ ഉപയോഗത്തെ ഇങ്ങിനെ ലളിതമായി സമർ കാണുന്നില്ല. അതോടൊപ്പം ആയുധമില്ലാതെ ജനതയുടെ ഉയർത്തെഴുന്നേൽപ്പ് എങ്ങിനെയെന്ന് കൃത്യമായി പറയാനും അവർക്കാകുന്നില്ല.
▮
പല നാളുകൾ തീ തുപ്പുന്ന തോക്കുകൾക്കിടയിലൂടെ, തീ മലകൾ സൃഷ്ടിക്കുന്ന ബോംബ് വർഷങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ താൻ സരമാഗോയുടെ 'അന്ധത'യിൽ ചിത്രീകരിച്ച നഗരത്തിലാണോയെന്ന് ഈ എഴുത്തുകാരി സംശയിക്കുന്നുണ്ട്. കാഴ്ചകൾ മറക്കുന്ന പുക മലകൾ, അസ്ഥികൾ നഷ്ടപ്പെട്ട് എപ്പോൾ വേണമെങ്കിലും ഊർന്നു വീഴാവുന്ന ശരീരങ്ങളുള്ള കെട്ടിടങ്ങൾ, തെരുവുകളിൽ മരിച്ചു കിടക്കുന്നവർ- സരമാഗോയുടെ അന്ധനഗരം താൻ നേരിൽ അനുഭവിക്കുകയാണ്. ഞാൻ സ്വയം തന്നെ ഒരു നോവലാവുകയാണ്. നെഞ്ചിനു കുറുകെ കൈ ഓടിക്കുമ്പോൾ കഥാപാത്രങ്ങൾ പുറത്തേക്ക് ചാടുകയാണ്. ചർമത്തിൽ തൊടുമ്പോൾ താൻ വെറുമൊരാശയമെന്നും അവർ നിനക്കുന്നു. കണ്ണുഡോക്ടറായ അസദ് ഒരു ജനതയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് അന്ധനഗരം സൃഷ്ടിച്ചുവെന്ന് അവർ ഈ താളുകളിലൂടെ കണ്ടെത്തുന്നു. ഉറങ്ങാൻ ഉറക്കഗുളികകൾ കഴിക്കേണ്ടി വരുന്ന അന്ധനഗത്തിൽ ഡയറിക്കുറിപ്പുകൾ ഊന്നുവടികളായി ഉപയോഗിച്ചാണ് താൻ നടന്നു കൊണ്ടിരുന്നതെന്നും സമർ പറയുന്നു.
▮
ഓരോയിടത്തും കൊല്ലപ്പെട്ട് കിടന്ന മനുഷ്യരിൽ കൊലയാളിയുടെ നിഴൽ പതിഞ്ഞു കിടന്നു. കൊന്നവരാരെന്ന് തിരഞ്ഞ് നടക്കേണ്ട. മരിച്ചവരിൽ പതിഞ്ഞു കിടക്കുന്ന കൊലയാളിയുടെ നിഴലിലേക്ക് ചെറു വെളിച്ചം പായിച്ചാൽ മാത്രം മതി.
അജ്ഞാതമായ ഇടങ്ങളിലേക്ക് മൃതദേഹങ്ങൾ കയറ്റിയ ട്രക്കുകൾ നീങ്ങുന്നു. ആ മൃതദേഹങ്ങൾ പിന്നീടൊരിക്കലും ഉറ്റവർക്ക് കാണാൻ കിട്ടുന്നില്ല. കൂട്ടക്കുഴിമാടങ്ങളിലാണ് അവരെ അടക്കുന്നത്. അങ്ങിനെയുള്ള നിരവധി കുഴിമാടങ്ങൾ കുറച്ചു നാൾ കഴിയുമ്പോൾ ചരിത്രം കണ്ടെത്തുമായിരിക്കും.
ചിലർക്ക് തങ്ങളുടെ മക്കളുടേയും ബന്ധുക്കളുടേയും മൃതദേഹങ്ങൾ വിട്ടു കിട്ടുന്നുണ്ട്. എന്നാൽ അവരിൽ പലരുടേയും ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ടിരുന്നു. ചിലർ ഡോക്ടർമാരുടെ സഹായത്തോടെ ഇക്കാര്യം സ്ഥിരീകരിച്ചതായി സമർ ചൂണ്ടിക്കാണിക്കുന്നു.പിടിച്ചു കൊണ്ടു പോകുന്നവരുടെ ആന്തരികാവയങ്ങൾ എടുത്ത് കൊല്ലുകയാണെന്ന് സംശയിക്കണമെന്നും അവയവ വിൽപ്പന മാഫിയയുടെ സാന്നിധ്യം സിറിയയിൽ ശക്തമാണെന്നും ഈ പുസ്തകത്തിലെ ചില സത്യവാങ്മൂലങ്ങൾ വായിക്കുമ്പോൾ ബോധ്യപ്പെടും.
▮
സിറിയയിൽ നിന്നുള്ള സമറിന്റെ ആദ്യ കുറിപ്പുകളെല്ലാം അവരുടെ ഫേസ് ബുക്ക് പേജിലാണ് വെളിച്ചം കണ്ടത്. എന്നാൽ അത് ഇല്ലാതാക്കാൻ അസദിന്റെ ഇന്റലിജൻസ് ഏജന്റുമാർക്ക് കഴിഞ്ഞു. എന്നാൽ ചില കുറിപ്പുകൾ ആദ്യ സമയത്ത് തന്നെ ഇംഗ്ലീഷിലാക്കി മൊഴിമാറ്റപ്പെട്ടിരുന്നു. താൻ പകർത്തിയ കുറച്ച് വീഡിയോകൾ സിറിയക്ക് പുറത്തെത്തിക്കാനും സമറിന് കഴിഞ്ഞിരുന്നു. ജനങ്ങളുടെ ഉയർത്തെഴുന്നേൽപ്പ് തുടങ്ങി കുറച്ചു നാളിന്നുള്ളിൽ തന്നെ സിറിയയിൽ മാധ്യമ പ്രവർത്തനം ഏറെക്കുറെ അസാധ്യമായി. ഇന്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തി. ഈ സാഹചര്യത്തിൽ അതിർത്തി കടന്ന് തുർക്കിയിലെത്തിയ ചിലരാണ് തങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന വിവരങ്ങൾ ഫേസ് ബുക്ക്, ട്വിറ്റർ വഴി പുറം ലോകത്തെ അറിയിച്ചു കൊണ്ടിരുന്നത്. മാധ്യമ പ്രവർത്തനത്തിന്റെ ഇനിയും വേണ്ട പോലെ രേഖപ്പെടുത്താത്ത ആ ഏടുകളും സമറിന്റെ പുസ്തകത്തിലുണ്ട്. സിറിയൻ-തുർക്കി അതിർത്തിയിൽ നിന്ന് മാധ്യമ പ്രവർത്തനം നടത്തിയ ഹുദ ഇബ്രാഹിമിനെക്കുറിച്ചാണ് ഡയറിക്കുറിപ്പുകളുടെ അവസാന ഭാഗത്ത് പറയുന്നത്. ഇടക്കിടെ സിറിയയിലേക്ക് നുഴഞ്ഞു കയറി ശേഖരിച്ച വിവരങ്ങളും ദൃശ്യങ്ങളുമായി തുർക്കിയിലെത്തുകയും അവിടെ ലഭ്യമായ ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ച് അവർ നടത്തുന്ന മാധ്യമ പ്രവർത്തനത്തിന്റെ ശക്തമായ അവതരണം ഈ ഭാഗത്ത് കാണാം. സിറിയൻ-തുർക്കി അതിർത്തിയിൽ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളെ അന്വേഷിച്ച് നടക്കുന്നതിന്റെ വിവരണങ്ങൾ ഹുദ നൽകുന്നുണ്ട്. അതിർത്തി കടന്ന് തുർക്കിയിലേക്ക് നീങ്ങുന്ന അഭയാർഥി സംഘങ്ങളെക്കുറിച്ച് അവർ നൽകുന്ന വിവരണങ്ങളും ഹൃദയഭേദകമാണ്.
▮
താൻ ഏതുനിമിഷവും കൊല്ലപ്പെടുമെന്നുറപ്പായപ്പോൾ സമർ മകളുമൊത്ത് എവിടെക്കെങ്കിലും രക്ഷപ്പെടാമെന്ന് കരുതുന്നു. എന്നാൽ മകളുമായി സിറിയ വിടുക അസാധ്യമാണെന്ന നില വരുമ്പോൾ മകളെ പിതാവിന്റെ സംരക്ഷണത്തിൽ വിട്ട് സുരക്ഷാ മതിലുകൾ ഭേദിച്ച് ജർമനിയിൽ എത്തുന്നു. അവിടെ വെച്ച് വിഖ്യാത സിറിയൻ-ജർമൻ നോവലിസ്റ്റ് റഫീഖ് ഷാമിയെ കണ്ടുമുട്ടുന്നു. അദ്ദേഹം 30 വർഷത്തിലേറെയായി ജർമനിയിൽ പ്രവാസ ജീവിതം നയിക്കുകയാണ്. 'കാലിഗ്രാഫേഴ്‌സ് സീക്രട്ട്' ഉൾപ്പെടെയുള്ള ക്ലാസിക്ക് നോവലുകളുടെ രചിയിതാവായ റഫീഖ് ഷാമിയുടേതാണ് പുസ്തകത്തിന്റെ ആമുഖം. മാക്‌സ് വീസ് എന്ന അറബി-ഇംഗ്ലീഷ് പരിഭാഷകനെ പുസ്തകത്തിന്റെ വിവർത്തനത്തിനായി കണ്ടെത്തുന്നതും ഷാമി തന്നെ.
ആമുഖത്തിൽ അദ്ദേഹം സിറിയയെ വിശേഷിപ്പിക്കുന്നത് 'അസദ് ഫാം' എന്നാണ്. പെട്ടെന്ന് നാം 'ആനിമൽ ഫാം' എന്ന വിഖ്യാത തലക്കെട്ട് ഓർത്തു പോകും. നാലു പതിറ്റാണ്ടായി സിറിയ അസദുമാരുടെ ഫാമാണെന്ന് അദ്ദേഹം പറയുന്നു. ആമുഖത്തിൽ പറയുന്ന കാര്യങ്ങൾ പശ്ചിമേഷ്യയിലെ ഒരു ആനിമൽ ഫാമിനെക്കുറിച്ച് തന്നെ എന്ന് വായനക്കാർക്ക് ബോധ്യപ്പെടും. അസദ് കുടുംബത്തിന്റെ നിരവധി സമാന്തരങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നു. ഒരു ഹൈപ്പർ ലിങ്കിൽ ഞെക്കിയാലെന്ന മട്ടിൽ ഒന്നിൽ നിന്ന് മറ്റൊന്നിന്റെ പ്രതലം വെളിവാകും വിധത്തിലാണ് ഷാമിയുടെ ആമുഖം പ്രവർത്തിക്കുന്നത്.
വിവർത്തകൻ മാക്‌സ്‌വീസിന്റെ അനുബന്ധം ഡയറിക്കുറിപ്പുകൾ എങ്ങിനെ രാഷ്ട്രീയ അവതരണമായി മാറുന്നു എന്നതിനെക്കുറിച്ചാണ്. ജീവിതം വിവർത്തനം ചെയ്യുന്നത് എങ്ങിനെയെന്ന് ഈ പുസ്തകം തന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം അനുബന്ധക്കുറിപ്പിൽ പറയുന്നു.
▮
16 മാസമായി തുടരുന്ന സിറിയൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം ഇന്നും തുടരുകയാണ്. അതിന്റെ ആദ്യ 100 ദിവസങ്ങൾ മാത്രമാണ് സമർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നും സിറിയ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളുടേയും രാഷ്ട്രീയവും വൈയക്തികവും സാമൂഹികവുമായ മാനങ്ങളോടെ ഈ ഡയറിക്കുറിപ്പുകൾ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങിനെയുള്ള നിരവധി ഡയറിക്കുറിപ്പുകൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ.
താൻ പിടിക്കപ്പെടും എന്നുറപ്പായ സാഹചര്യത്തിൽ ഒരിടത്തും സ്ഥിരമായി താമസിക്കാതെ അവർ സിറിയയുടെ പല ഭാഗങ്ങളിലായി ഒളിച്ചു കഴിഞ്ഞു. ദമാസ്‌കസിൽ തന്നെ പല വാടക വീടുകളിലായി മാറി മാറി കഴിഞ്ഞു. ഭേദപ്പെട്ട സൗഹൃദ വലയവും അവരെ സംരക്ഷിക്കുന്നുണ്ട്. അതു കൊണ്ടാണ് സഞ്ചരിച്ച് സിറിയൻ യാഥാർഥ്യങ്ങൾ പകർത്താൻ അവർക്കായത്. തന്നെ സഹായിച്ചവരുടേയും സത്യവാങ്മൂലങ്ങൾ നൽകിയവരേയുമെല്ലാം സമർ ഡയറിക്കുറിപ്പുകളിൽ അവതരിപ്പിക്കുന്നത് ഒറ്റ അക്ഷരം മാത്രമായാണ്. അവരുടെ ശരി വിവരങ്ങൾ പുറത്തു വരുന്നത് അപകടമുണ്ടാക്കുമെന്നതിനാലാണിത്. അക്ഷരങ്ങളിൽ തന്റെ നാടിന്റെ ലാവാ പ്രവാഹം രേഖപ്പെടുത്താൻ അവർ നടത്തിയ ശ്രമങ്ങൾ എഴുത്തിന്റെ കരുത്ത് തെളിയിക്കുന്ന രേഖ കൂടിയാണ്.
സമർ യാസ്ബക്ക് അസദിന്റെ നിലം പൊത്തൽ കാത്തിരുന്നു. അത് സംഭവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിറിയ പിടിച്ചടക്കിയവർക്ക് സിറിയൻ ജനത ആഗ്രഹിച്ച മനുഷ്യന്തസ്സ് തിരിച്ചു നൽകാൻ കഴിയുമോ?
സമർ ഡയറിയിൽ എഴുതിയ അവസാന വരികൾ ഇങ്ങിനെയാണ്.
‘‘ഇപ്പോൾ മറ്റു നിരവധി പേർക്കൊപ്പം ഞാനും പറയട്ടെ: തീ പൊള്ളിക്കുന്നു. തീ ശുദ്ധീകരിക്കുന്നു. തീ ചിലപ്പോൾ ചാരമാക്കുന്നു, ചിലപ്പോൾ മൃദുവും തിളക്കവുമുള്ളതാക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ ചിലപ്പോൾ ചാരമായി ജീവിക്കേണ്ടി വന്നേക്കുമെന്ന് ഞാൻ കരുതുന്നു, അല്ലെങ്കിൽ തിളക്കമുള്ള കണ്ണാടി തെളിയുമെന്ന് പ്രതീക്ഷിക്കുന്നു’’.
സമർ യാസ്ബക്ക് അസദിന്റെ നിലം പൊത്തൽ കാത്തിരുന്നു. അത് സംഭവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സിറിയ പിടിച്ചടക്കിയവർക്ക് സിറിയൻ ജനത ആഗ്രഹിച്ച മനുഷ്യന്തസ്സ് തിരിച്ചു നൽകാൻ കഴിയുമോ? സമർ ആഗ്രഹിച്ച വിപ്ലവം ഇതായിരുന്നോ? അവർ തന്നെ ഒട്ടും വൈകാതെ അതിനോട് പ്രതികരിക്കുമായിരിക്കും. സമർ ആഗ്രഹിച്ച വിപ്ലവം ഇപ്പോൾ നടന്നതായിരിക്കാനുള്ള സാധ്യത തുലോം വിരളമാണ്. സിറിയയെ അവർ ഇറാഖിന്റെ വിധിയിലേക്ക് നയിക്കുമെന്ന ഡൽഹിയിൽ കഴിയുന്ന സിറിയൻ മാധ്യമ പ്രവർത്തകൻ ഡോ. വാഇൽ അവ്വാദിന്റെ നിരീക്ഷണം ശരിയായി വരുമോ?
സിറിയൻ വാർത്തകൾക്കിടയിൽ ഓർമ്മയിലേക്കു വരുന്ന മറ്റൊരു പുസ്തകം ഖാലിദ് ഖലീഫ എഴുതിയ ഡെത്ത് ഈസ് ഹാർഡ് വർക്ക് എന്ന സിറിയൻ നോവലാണ്. 2016ലാണ് ഖാലിദ് ഖലീഫ അറബിയിൽ (അൽ-മൗത്ത് അമൽ ഷാഖ് എന്നാണ് നോവലിന്റെ അറബി ശീർഷകം) ഈ നോവൽ എഴുതുന്നത്. 2019ൽ ഇംഗ്ലീഷ് പരിഭാഷ വന്നു. ഈ നോവലിന്റെ മലയാള പരിഭാഷ 'മരണം ദുഷ്‌ക്കരം' (വിവർത്തനം: ഡോ.ഷംനാദ്, പ്രസാധനം: ഗ്രീൻ ബുക്സ്) ലഭ്യമാണ്. ഖാലിദ് ഖലീഫ 2023 സപ്തംബർ 30ന് മരിച്ചു.
സിറിയൻ ആഭ്യന്തര കലാപം കത്തിനിൽക്കുന്ന തെരുവിലൂടെ പിതാവിന്റെ മൃതദേഹം ഖബറടക്കാൻ കൊണ്ടു പോകുന്ന മക്കളെ അടയാളപ്പെടുത്തുകയാണ് ഈ നോവൽ. സിറിയൻ ജീവിതത്തിന്റെ നേർപകർപ്പാണ് ഈ നോവൽ. ഖലീഫയുടെ നോവലിനെക്കൂടി ഇവിടെ പരാമർശിക്കേണ്ടതു്ണ്ട്.
പിതാവിന്റെ മയ്യത്തുമായി
മിനി ബസിൽ പോകുന്ന മക്കൾ
“എന്റെ പിതാവ് ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്, അധിക സമയമുണ്ടാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്, വിവരം എനിക്ക് സഹോദരങ്ങളെ അറിയിക്കണം, ബൊൾബുൾ ടാക്‌സി ഡ്രൈവറോട് പറഞ്ഞു. കയറിക്കോളൂ, ബോംബിംഗിൽ കഴിഞ്ഞ മാസമാണ് എന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതെന്ന് ഒറ്റ വീർപ്പിൽ പറഞ്ഞ് ഡ്രൈവർ വണ്ടി തിരിച്ചു”. ബൊൾബുൾ പിതാവിന്റെ അവസാന ആഗ്രഹം സഹോദരങ്ങളെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ജൻമഗ്രാമമായ അനബിയയിൽ സഹോദരി ലൈലയുടെ കുഴിമാടത്തിനരികിൽ അടക്കം ചെയ്യുക എന്നതായിരുന്നു ആ ആഗ്രഹം. അങ്ങിനെ ഒരു മിനി ബസ്സിൽ പതിനായിരം ലിറ നൽകി ആ സഹോദരങ്ങൾ മൃതദേഹവുമായി യാത്ര തുടങ്ങുന്നു. ഒരു ചെറിയ ലഡ്ജർ പുസ്തകത്തിൽ ചിലവ് കോളത്തിൽ പതിനായിരം ലിറ എന്ന് രേഖപ്പെടുത്തിയ ബൊൾബുൾ ഇനിയുള്ള ചിലവുകളും ലഡ്ജറിൽ രേഖപ്പെടുത്താമെന്നും അത് അവസാനം മൂന്നായി വീതിക്കണമെന്നും (അവർ മൂന്നു സഹോദരങ്ങളാണ്) എല്ലാവരും അവരുടെ പങ്ക് എടുക്കണമെന്നും പറയുന്നു. ഈ കഥാ സന്ദർഭത്തിൽ നിന്നാണ് സിറിയൻ നോവലിസ്റ്റ് ഖാലിദ് ഖലീഫയുടെ 'ഡെത്ത് ഈസ് ഹാർഡ് വർക്ക്' എന്ന നോവൽ അതിന്റെ പ്രയാണം ആരംഭിക്കുന്നത്.
അറബ് ലോകത്തു നിന്നും ഞെട്ടിക്കുന്ന സാഹിത്യ കൃതികളുടെ പ്രവാഹം തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ നോവൽ. ആഭ്യന്തര-അധിനിവേശ-മിലിഷ്യ-ഭീകരവാദ രാഷ്ട്രീയത്താൽ തകർന്ന ഒരു രാജ്യത്തെ ഇതിൽ പരം ശക്തമായി ആവിഷ്‌ക്കരിക്കാൻ സാധിക്കില്ലെന്ന് ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു നോവൽ പ്രഖ്യാപിക്കുന്നു. ഓരോ വായനക്കാരനും സിറിയ ഇന്നനുഭവിക്കുന്ന മനുഷ്യ ദുരന്തത്തിന്റെ ആഘാതം നോവൽ താളുകളിൽ നിന്നും അനുഭവിക്കുന്നു. മൃതശരീരങ്ങൾ കഥാപാത്രങ്ങളാകുന്ന രചനകൾ, പ്രത്യേകിച്ചും നാടകങ്ങൾ ഇതിനു മുമ്പ് ആവിഷ്‌ക്കരിക്കപ്പെട്ടത് ഇറാഖിലാണ്. അതിനു തൊട്ടു പിന്നാലെ ഇതേ ആശയം മറ്റൊരു രീതിയിൽ സിറിയൻ സാഹിത്യത്തിൽ സംഭവിക്കുന്നതിന്റെ ഉദാഹരണം കൂടിയാണ് ഖാലിദ് ഖലീഫയുടെ നോവൽ. നോവലിന്റെ പ്രമേയം ഒറ്റ വാചകത്തിൽ ഇങ്ങിനെ സംഗ്രഹിക്കാം: സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ മരിച്ച ഒരാളുടെ മൃതദേഹം അയാളുടെ ജൻമഗ്രാമമായ അനബിയയിൽ അടക്കം ചെയ്യാൻ കൊണ്ടു പോകുന്നതിനിടെയുള്ള സംഭവങ്ങളും കാഴ്ച്ചകളും:
ദമാസ്‌കസിൽ നിന്നും രണ്ടു മണിക്കൂർ ഡ്രൈവിംഗ് ദൂരമുള്ള അലെപ്പോയുടെ ഭാഗമായ പ്രദേശമാണ് അനബിയ. ബൊൾബുൾ, മൂത്ത സഹോദൻ ഹുസൈൻ, സഹോദരി ഫാത്തിമ എന്നിവരാണ് തങ്ങളുടെ പിതാവ് അബ്ദുൽ ലത്തീഫിന്റെ മൃതദേഹവുമായി അനബിയയിലേക്ക് പോകുന്നത്. സഹോദരി ലൈലയെ അടക്കം ചെയ്തതിനു തൊട്ടടുത്ത് തറവാട്ടു വളപ്പിൽ തന്നേയും അടക്കണമെന്നാണ് അബ്ദുൽ ലത്തീഫ് അന്തിമാഭിലാഷമായി ഇളയ മകൻ ബൊൾബുളിനെ അറിയിച്ചിരുന്നത്. ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിക്കേണ്ടി വന്നതിനാൽ ആദ്യ രാത്രി തന്നെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയതാണ് അബ്ദുൽ ലത്തീഫിന്റെ സഹോദരി ലൈല. മൃതദേഹം കൊണ്ടു പോകാൻ വാഹനങ്ങൾ ഒന്നും കിട്ടാത്തതിനാൽ ഹുസൈൻ ഓടിക്കുന്ന മിനിബസിൽ പുറത്ത് സൈറൺ ഘടിപ്പിച്ച് ആംബുലൻസെന്ന് തോന്നിച്ചാണ് സഹോദരങ്ങളുടെ യാത്ര.
കഴുകൻമാരും കാക്കകളും പരുന്തുകളും കൊത്തിത്തിന്ന ആയിരക്കണക്കിനു മൃതദേഹങ്ങളുടെ കാര്യമോർക്കുമ്പോൾ പിതാവ് ഏറെ ഭാഗ്യവാനാണെന്ന തോന്നൽ ബൊൾബുളിലുണ്ടാകുന്നുണ്ട്. സംസ്ക്കരിക്കാൻ ആരുമില്ലാതെ തെരുവുകളിൽ അഴുകിയലിഞ്ഞ മൃതദേഹങ്ങളെക്കുറിച്ചുള്ള അറിവ് അയാളിൽ മനംപുരട്ടലുണ്ടാക്കുന്നു. പിതാവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് അനബിയിൽ എത്തിച്ച് അടക്കം ചെയ്യാൻ കഴിയണേ എന്ന പ്രാർഥനയാണ് അയാളെ നയിക്കുന്നത്. കുട്ടിക്കാലത്ത് പിതാവിനോടു ചേർന്ന് കിടക്കാറുള്ള പോലെ മൃതദേഹത്തോട് ചേർന്ന് കിടക്കാൻ അയാൾ ആഗ്രഹിക്കുന്നു. എന്നാൽ തെരുവിൽ തോക്കുധാരികൾ കൊലപ്പെടുത്തിയ നാലു പേരുടെ മൃതദേഹങ്ങൾ ദിവസങ്ങളോളം കിടന്നഴുകിയത് കണ്ടതിന്റെ അനുഭവം പിതാവിന്റെ മൃതദേഹത്തേയും ഭയത്തോടെ മാത്രം നോക്കുന്ന അവസ്ഥയിലേക്ക് ബൊൾബുളിനെ എത്തിച്ചിരുന്നു.
ഓരോ ചെക്ക് പോയിന്റിലും പട്ടാളക്കാരുടെ പല തരത്തിലുള്ള ചോദ്യങ്ങൾ മക്കൾക്ക് നേരിടേണ്ടി വന്നു. ദിവസങ്ങളെടുത്താലും അനബിയയിൽ എത്താൻ പറ്റാത്ത അവസ്ഥ. കൈക്കൂലിക്കാരായ സൈനികരും ഉദ്യോഗസ്ഥരും. മൃതദേഹത്തോട് ഒരാദരവുമില്ലാത്തവരുടെ നടുവിലൂടെ മൃതദേഹവുമായുള്ള യാത്ര മൂന്നു മക്കളേയും മടുപ്പിക്കുന്നു. ഉദ്യോഗസ്ഥരുടെ കനിവിനു വേണ്ടി സംസാരിക്കാൻ ബൊൾബുൾ മാത്രമേ തയ്യാറാവുന്നുള്ളൂ. മൂത്ത സഹോദരൻ ഹുസൈൻ തന്റെ വിചിത്ര ചേഷ്ടകൾ കാണിച്ച് മിനി ബസിൽ തന്നെ ഇരിക്കുന്നു.
കുറച്ചു സയമം കൊണ്ട് ഇതെല്ലാം കണ്ടു മടുത്ത ബൊൾബുൾ ദമാസ്‌ക്കസിലേക്ക് പിതാവിന്റെ മൃതദേഹവുമായി മടങ്ങിയാലോ എന്നാലോചിക്കുകയാണ്. എന്നാൽ ദമാസ്‌ക്കസിൽ കുഴിമാടങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു. കുഴിമാടങ്ങൾക്ക് സ്ഥലം നൽകുന്ന ചിലർ പത്രങ്ങളിൽ നൽകിയ ക്ലാസിഫൈഡ് പരസ്യങ്ങൾ അവാൻ വായിച്ചിരുന്നു. അതിൽ ഏറ്റവും കുറച്ചു കാണിച്ച വില 35,000 ലിറയാണ്. ഒരിക്കലും അത്രയും സംഖ്യയുണ്ടാക്കാനോ അവനോ സഹോദരങ്ങൾക്കോ കഴിയുമായിരുന്നില്ല. അതിനാൽ തിരിച്ചു പോവുന്നതിനെക്കുറിച്ച് നിലക്കും ആലോചിക്കാനും പറ്റില്ല. പിതാവിന്റെ അന്ത്യാഭിലാഷം എങ്ങനെയും നടപ്പാക്കണമെന്ന് കരുതി സഹോദരങ്ങൾ യാത്ര തുടരുന്നു. 'നിങ്ങൾ ഒരു ചാക്ക് ജീരകമായിരുന്നെങ്കിൽ' എന്ന ആദ്യ അധ്യായത്തിലാണ് നോവലിന്റെ മർമ്മത്തിലേക്ക് നയിക്കുന്ന ഈ ആഖ്യാനങ്ങൾ കടന്നു വരുന്നത്.
അബ്ദുൽ ലത്തീഫ് ദമാസ്‌ക്കസിൽ തന്നെയാണ് മരിച്ചത് എന്നു തെളിയിക്കാനുള്ള രേഖ എന്താണ്? അയാൾ വിമത പോരാളിയായി പ്രവർത്തിച്ച് കൊല്ലപ്പെട്ടതല്ലെന്നതിന്റെ തെളിവ് എന്താണ്? (അബ്ദുൽ ലത്തീഫ് കുറച്ചുനാൾ വിമത പോരാളിയായിരുന്നു) പരിശോധകരായ ഉദ്യോഗസ്ഥരേയും സൈനികരേയും കബളിപ്പിക്കാനായി ഉണ്ടാക്കിയതല്ലേ ജൻമഗ്രാമമായ അനബിയയിലേക്കുള്ള യാത്ര, മൃതദേഹം മറവു ചെയ്യാനുള്ള സർക്കാർ പെർമിറ്റുണ്ടോ ഇങ്ങിനെയുള്ള ചോദ്യങ്ങൾ ഓരോ ചെക്ക് പോയിന്റിലും സഹോദരങ്ങൾക്ക് കേൾക്കേണ്ടി വരുന്നു. പലയിടത്തും അവർ മണിക്കൂറുകൾ തടഞ്ഞിടപ്പെടുന്നു. തടയപ്പെട്ടതിനു ശേഷം തങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞ് പട്ടാളക്കാരും ഉദ്യോഗസ്ഥരും പോകുന്നു, പുതിയ ബാച്ച് വരുന്നു. ചോദ്യങ്ങൾ ആവർത്തിക്കുന്നു. ഉത്തരങ്ങൾ അവരും മുഖവിലക്കെടുക്കുന്നില്ല. രണ്ടു മണിക്കൂർ യാത്ര 20 മണിക്കൂർ ആയിട്ടും എവിടെയുമെത്തുന്നില്ല.
നോവലിന്റെ ഈ ഭാഗത്ത്, അതായത് യാത്ര അനിശ്ചിതമാകുന്ന സമയത്ത്, അബ്ദുൽ ലത്തീഫിന്റെ കുടുംബത്തിന്റെ ചരിത്രം മൂന്നു സഹോദരങ്ങളുടേയും ഓർമകളിലൂടെ കടന്നു വരുന്നു. ഒരിടത്തരം കുടുംബം. അവരുടെ ജീവിതത്തിന്റെ ചില ചീന്തുകൾ. അപൂർവ്വമായ കടുന്നു വരുന്ന സന്തോഷങ്ങൾ. നോവലിൽ പറയുന്ന എട്ടു വർഷം (സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ എട്ടു വർഷം) ഇത്തരത്തിലുള്ള നിരവധി കുടുംബങ്ങളെ എങ്ങിനെ തകർത്തുവെന്ന് നോവൽ സോദാഹരണം എടുത്തു കാട്ടുന്നു. ഫിക്ഷനാണെങ്കിലും ഈ ഓരോ ഉദാഹരണങ്ങളും യാഥാർഥ്യത്തേക്കാൾ വലിയ യാഥാർഥ്യമായാണ് വായനക്കാരന് അനുഭവപ്പെടുക.
നിരവധി ക്ലേശങ്ങൾക്കിടയിൽ പിതാവിന് ഉഷ്ണിക്കുന്നതായി ഫാത്തിമക്ക് തോന്നുന്നു. അവൾ മൃതദേഹത്തിന്റെ മുഖത്തിട്ട പുതപ്പ് എടുത്തു മാറ്റുകയും മിനിബസിന്റെ ജനൽ ഷട്ടർ തുറന്നിടുകയും ചെയ്യുന്നു. കുറച്ച് നല്ല കാറ്റു കിട്ടട്ടെ എന്നാണവൾ കരുതുന്നത്. മരിച്ചവർക്ക് നല്ല കാറ്റെന്നും ചീത്ത കാറ്റെന്നുമില്ലെന്ന യാഥാർഥ്യം ഒരു നിമിഷത്തേക്ക് ഫാത്തിമ മറക്കുന്നു. മൃതദേഹത്തെ പൊതിഞ്ഞിരിക്കുന്ന ഐസ് കട്ട ഇളക്കി പ്രശ്നമുണ്ടാക്കരുതെന്നും ബസിന്റെ ജനൽ തുറക്കരുതെന്നും ഹുസൈൻ അവളോട് പറയുന്നു.
ഈ യാത്രയിൽ ഇവർ മൂന്നു പേരും മാത്രമല്ല, ഓരോ വായനക്കാരനും സിറിയയുടെ സമകാലിക യാഥാർഥ്യങ്ങൾ പൊള്ളലോടെ മനസ്സിലാക്കുന്നു. നോവലിസ്റ്റ് ആ നിലയിലാണ് ഓരോ വാചകവും എഴുതിയിട്ടുള്ളത്. ഓരോ താൾ മറിക്കുമ്പോഴും പൊള്ളൽ വർധിച്ചു വരുന്ന അനുഭവമാണ് അനുവാചകനെ കാത്തിരിക്കുന്നത്. ആഭ്യന്തര യുദ്ധവും അതിന്റെ പേരിലുള്ള മനുഷ്യത്വ രഹിതമായ പ്രവൃത്തികളും ഇവിടെ നമ്മെ അനുഗമിക്കുന്നു. സിറിയയിലെ ഏകാധിപത്യം സഹിക്കാൻ വയ്യാതെയാണ് ആഭ്യന്തര യുദ്ധം ഉണ്ടാകുന്നത്. ആദ്യ ഘട്ടത്തിൽ അത് സിറിയൻ ജനതയുടെ സ്വാതന്ത്ര്യ സമര പ്രഖ്യാപനമായിരുന്നു. പിന്നീടത് മിലിഷ്യകൾ കയ്യടക്കി. തൊട്ടു പിന്നാലെ ഐ.എസ് പോലുള്ള സംഘടനകളും. സമകാലിക സിറിയൻ ചരിത്രത്തിലെ ആഭ്യന്തര യുദ്ധത്തിലെ എട്ടു വർഷങ്ങൾ, അക്കാലത്തെ അവിടെയുള്ള മനുഷ്യരുടെ ജീവിതം- ഇതാണ് നോവലിലൂടെ വായിക്കാൻ കഴിയുന്നത്.
അബ്ദുൽ ലത്തീഫ് ഇങ്ങിനെ ആഗ്രഹിച്ചത് എന്തു കൊണ്ട്? തന്റെ മക്കൾ നിലവിലെ സിറിയൻ അവസ്ഥ മനസ്സിലാക്കണമെന്നതു കൊണ്ടോ. മൂന്നു മക്കളും പിതാവുമായി വളരെ അടുപ്പത്തിലായിരുന്നില്ല. രാജ്യവും ജനതയും തമ്മിലുള്ള അകൽച്ച പോലെയായിരുന്നു അത്. മൃതദേഹവുമായുള്ള യാത്ര തങ്ങൾ അകപ്പെട്ട യാഥാർഥ്യങ്ങൾ എല്ലാവരേയും മനസ്സിലാക്കാൻ സഹായിക്കുമെന്ന് ആ പിതാവ് തീർച്ചയായും കരുതിക്കാണും. യാത്രക്കിടെ കഴിക്കാൻ ഫാത്തിമ മൂന്നു പേർക്കുമായുണ്ടാക്കിക്കൊണ്ടു വരുന്ന സാന്റ്‌വിച്ചുകൾ തങ്ങളെ തന്നെ സ്വയം മനസ്സിലാക്കുന്നതിന്റെ തുടക്കമായി കണക്കാക്കാം. അത് അവർക്ക് ഭക്ഷിക്കാനും കഴിയുന്നില്ല. മടുപ്പും ഭയവും അനന്തമായ ചെക്‌പോയന്റുകളിലെ കാത്തിരിപ്പും അവരുടെ വിശപ്പ് കെടുത്തുന്നു. പക്ഷെ വിശപ്പിനാലും ഭക്ഷണത്താലും ചുറ്റു പാടും നടക്കുന്ന യാഥാർഥ്യങ്ങളാലും ഒന്നിച്ചു നിൽക്കാതെ തങ്ങൾക്ക് മുന്നിൽ മറ്റു വഴികളില്ല എന്ന യാഥാർഥ്യത്തിലേക്ക് അവർ എത്തിച്ചേരുകയുമാണ്.
സിറിയയിലെ ഏകാധിപത്യം സഹിക്കാൻ വയ്യാതെയാണ് ആഭ്യന്തര യുദ്ധം ഉണ്ടാകുന്നത്. ആദ്യ ഘട്ടത്തിൽ അത് സിറിയൻ ജനതയുടെ സ്വാതന്ത്ര്യ സമര പ്രഖ്യാപനമായിരുന്നു. പിന്നീടത് മിലിഷ്യകളും ഐ.എസ് പോലുള്ള സംഘടനകളും കയ്യടക്കി.
ദിവസങ്ങൾ കഴിഞ്ഞ് അഴുകിയ മൃതദേഹവുമായാണ് അവർക്ക് ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയുന്നത്. തെരുവിൽ കിടന്ന് ചീഞ്ഞളിയുന്ന മൃതദേഹങ്ങളുടെ അതേ അവസ്ഥയിൽ അബ്ദുൽ ലത്തീഫിന്റെ ദേഹവും എത്തിയിരുന്നു. (ഒരു മൃതദേഹത്തെ ആദരിക്കാനാകാത്തവരുടെ പതനം എന്തു മാത്രം ഭീകരമായിരിക്കും) ഇത്രയും ദൂരം യാത്ര ചെയ്തത് എന്തിനെന്ന് അഴുകിയ മൃതദേഹത്തിനരികിലിരുന്ന് മൂന്നു മക്കളും ചോദിക്കുന്നു. എങ്കിലും അവർക്ക് ചെറിയൊരു അഭിമാനം തോന്നുന്നു, അബ്ബ (പിതാവിന്) ആഗ്രഹിച്ച കുഴിമാടം സ്വന്തമാക്കാൻ കഴിഞ്ഞല്ലോ എന്ന്. ഈ നോവൽ അസാധാരണവും ഞെട്ടിക്കുന്നതുമാകുന്നത് ഇത്തരത്തിലുള്ള ജീവിത യാഥാർഥ്യ അവതരണങ്ങളിലൂടെയാണ്.
ഒരു ചെറുനഗരത്തിൽ അധ്യാപകനായിരുന്ന അബ്ദുൽ ലത്തീഫ് മൂന്നു വർഷക്കാലം അസദ് ഭരണകൂടത്തിനെതിരെ വിമത പോരാളിയായി പ്രവർത്തിക്കുകയും പിന്നീട് ആരോഗ്യ പ്രശ്നങ്ങളാൽ ദമാസ്‌ക്കസിലെ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്ന് മക്കൾ മനസ്സിലാക്കുന്നത് മൂന്നു ദിവസത്തെ യാത്രയിലാണ്. അബ്ദുൽ ലത്തീഫ് മൂന്നു വർഷം കൊണ്ട് ഭരണകൂട ഭീതിയിൽ നിന്നും മുക്തമായപോലെ മക്കൾ മൂന്നു ദിവസത്തെ യാത്ര കൊണ്ട് എന്തിനേയും നേരിടാൻ കരുത്തുള്ളവരായി മാറുകയാണ്.
സിറിയൻ ജനത 2011 മുതൽ അനുഭവിച്ചതിന്റെ ചിത്രം സമറിന്റെ ഡയറിയിൽ നിന്നും ഖലീഫയുടെ നോവലിൽ നിന്നും ലഭിക്കും. സിറിയൻ ചരിത്രമറിയാൻ ഈ കൃതികളെ ഒരാൾക്ക് സമീപിക്കേണ്ടി വരുന്നു. ഇസ്രായിൽ ഷിയ-ഇറാൻ-ഹിസ്ബുല്ല മുക്ത സിറിയയാണ് ഇസ്രായിലിന്റെ സ്വപ്നവും ആവശ്യവും. അതിപ്പോൾ സംഭവിച്ചിരിക്കുന്നു. ദമാസ്‌ക്കസിലും ഗൊലാൻ കുന്നുകളിലും ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. അമേരിക്ക വൈകാതെ കളത്തിലിറങ്ങാം. സിറിയക്കാർക്ക് സ്വന്തം നാട്ടിലായാലും വിദേശത്തായാലും അഭയാർഥി ജീവിതം മാത്രമായിരിക്കുമോ ലഭിക്കുകയെന്നത് ഏറ്റവും പ്രധാനമായും ഉയരേണ്ട ചോദ്യമാണ്.