ബൊളീവിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലുയീസ് ആർസെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദാവീദ് ചോക്കെഉവാങ്കയും, 2020.

ബൊളീവിയ അവതരിപ്പിക്കുന്നു, ലോകത്തിന് ഒരു ഇടതുപക്ഷ ബദൽ

ഇവോ മൊറാലെസിന്റെ കീഴിൽ ആരംഭിച്ച ബൊളീവിയൻ സോഷ്യലിസ്റ്റ് പദ്ധതിയുടെ തുടർച്ചക്കായി പുതിയ പ്രസിഡന്റ് ലുയിസ് ആർസെ ചില പ്രധാന നയങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. അവ വലതുപക്ഷ ഭരണകൂടങ്ങളുടെ ജനവിരുദ്ധതക്ക് ഒരു ബദൽ കൂടിയാണ്

2019 നവംബർ 10 ന്, പ്രസിഡന്റ് ഏവോ മൊറാലേസ് അയ്മ രാജിവക്കണമെന്ന് ജനറൽ വില്യംസ് കലിമാൻ ‘'ച്ചതോടെ ഒരു അട്ടിമറി ബൊളീവിയൻ ജനതക്കുമേൽ വന്നുപതിച്ചു. തനിക്കും കുടുംബത്തിനും തന്റെ രാഷ്ട്രീയ പാർട്ടിക്കും എതിരെ അതിക്രമങ്ങളും ഭീഷണികളും ഉണ്ടായതിനെത്തുടർന്ന് മൊറാലെസ് പ്രസിഡന്റ് സ്ഥാനം വിട്ടൊഴിഞ്ഞ് മെക്സിക്കോയിലേക്കുപോയി, പിന്നീട് അർജന്റീനയിൽ അഭയം തേടി.

മൊറാലെസ് നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമായിരുന്ന ഒരു തെരഞ്ഞെടുപ്പിനെത്തുടർന്നാണ് അട്ടിമറി സംഘടിപ്പിക്കപ്പെടുന്നത്. ആ തെരഞ്ഞെടുപ്പിന്റെ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്‌സ് അഥവാ OAS ചോദ്യം ചെയ്യുകയായിരുന്നു. ഈ സംഘടനയുടെ ഫണ്ടിംഗിന്റെ 60 ശതമാനവും യു.എസ് സർക്കാരിൽ നിന്നാണ്. മൊറാലെസിന്റെ മൂന്നാം കാലാവധി അവസാനിക്കാൻ അപ്പോഴും മാസങ്ങൾ ബാക്കിയുണ്ടായിരുന്നു എന്നത് ലോകമെമ്പാടുമുള്ള ലിബറലുകളെ അലട്ടിയില്ല. 2019 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിരുന്നു എന്ന OAS-ന്റെ വാദം അതുപോലെ വിഴുങ്ങുകയായിരുന്നു അവർ. അത്തരം കൃത്രിമങ്ങളൊന്നും നടന്നിട്ടില്ലെന്ന് യു.എസ് രാഷ്ട്രീയ ഗവേഷകർ പിന്നീട് ; പഴയ രീതിയിലുള്ള അട്ടിമറിയിലൂടെ മൊറാലെസ് പുറത്താക്കപ്പെടുകയായിരുന്നു. OAS-ന്റെ തലവനായ ലുയീസ് അൽമാഗ്രോയുടെ രാജിക്കായി ലാറ്റിനമേരിക്കയിലെ പുരോഗമന സർക്കാരുകൾ ഇപ്പോൾ കൂട്ടുകയാണ്.

'എനിക്കു പേടിയില്ല, ഞാൻ ഒരു സ്വതന്ത്ര രാജ്യത്താണ് ജീവിക്കുന്നത്'

‘ജനാധിപത്യം' നിങ്ങളിലേക്കെത്തിച്ചേർന്നിരിക്കുന്നുവെന്നാണ് ബൊളീവിയൻ ജനതയോട് അട്ടിമറി നടത്തിയവർ പറഞ്ഞത്. എന്നാൽ ജനങ്ങളെ അഭിവാദ്യം ചെയ്തതോ, കനത്ത അടിച്ചമർത്തലിലൂടെയും. ഭൂരിപക്ഷം വരുന്ന തദ്ദേശീയ ജനതക്കെതിരായ ഒരു വർഗയുദ്ധത്തിന്റെ സ്വഭാവമാർജ്ജിക്കുകയാണ് ഈ ‘ജനാധിപത്യം' ചെയ്തത്. കൊളോണിയൽ അധിനിവേശകാലത്തെ ബിംബങ്ങളാണ് ഈ ആക്രമണത്തെ വിശേഷിപ്പിക്കാൻ അട്ടിമറിക്കാർ ഉപയോഗിച്ചത്. സെൻട്രൽ ബൊളീവിയയിലെ വിന്റോയിലെ മേയറും മൊറാലെസിന്റെ രാഷ്ട്രീയ പാർട്ടിയായ മൂവ്മെന്റ് ടു സോഷ്യലിസത്തിന്റെ (MAS) നേതാവുമായ പത്രീസിയ ആർസെ ഗുസ്മാനുനേരെ ചുവന്ന പെയിന്റും പെട്രോളും എറിഞ്ഞ തെമ്മാടിക്കൂട്ടം അവരെ അവരുടെ ഓഫീസിൽ നിന്ന് വലിച്ചിഴക്കുകയും തലയോട്ടിയുടെ ഒരു ഭാഗം മുറിഞ്ഞുപോകും വിധം മുടിയിൽ ആഞ്ഞ് വെട്ടുകയും ചെയ്തു. ‘എനിക്കു പേടിയില്ല', ആർസെ ആർജ്ജവത്തോടെ ‘ഞാൻ ഒരു സ്വതന്ത്ര രാജ്യത്താണ് ജീവിക്കുന്നത്'. ധീരമായി, ആർസെ രാജിവക്കാൻ വിസമ്മതിച്ചു. കുറച്ചുനാളത്തേക്ക് അവർ ഒളിവിൽ പോയി. രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും തിരിച്ചെത്തി മേയർ സ്ഥാനം ഏറ്റെടുത്തു. തങ്ങളുടെ ആത്മവിശ്വാസം തകർക്കാനുള്ള അട്ടിമറിയെ അനുവദിക്കാൻ വിസമ്മതിച്ച ബൊളീവിയൻ ജനതയുടെ അപാരമായ ധീരതയെ പത്രീസിയ ആർസെ പ്രതിനിധീകരിക്കുന്നു.

Cartoon  : Tricontinental
Cartoon : Tricontinental

ഈ ധീരമായ നിഷേധത്തിന്റെ കരുത്തിലാണ് MAS തങ്ങളുടെ ശക്തി കെട്ടിപ്പടുത്തതും ഒക്ടോബർ 18ന് ബാലറ്റ് പെട്ടിയിലൂടെ വിജയം . അവിശ്വസനീയമാം വിധം, 87 ശതമാനം വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. 55.1 ശതമാനം വോട്ടുകൾ നേടി MAS-ന്റെ ലുയിസ് ആർസെ പ്രസിഡന്റും ദാവീദ് ചോക്കെഉവാങ്ക വൈസ് പ്രസിഡന്റും ആയി തെരഞ്ഞെടുക്കപ്പെട്ടു. കേവലം 28.8 ശതമാനം വോട്ടുകൾ മാത്രം ലഭിച്ച് രണ്ടാം സ്ഥാനത്തെത്തിയ തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി കാർലോസ് മെസ ബഹുദൂരം പിന്നിലായി. അധോസഭയിലെ 130 സീറ്റുകളിൽ 73ഉം സെനറ്റിലെ 36 സീറ്റുകളിൽ 21ഉം നേടി പാർലമെന്റ് തെരഞ്ഞെടുപ്പിലും MAS വിജയിച്ചു. ഉജ്ജ്വലമായ മാർജിനിൽ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് വനിതാ സെനറ്റർമാരിൽ ഒരാളാണ് പട്രീസിയ ആർസെ. ‘അദ്ധ്വാനിച്ച്, വിനയാന്വിതരായി, ബൊളീവിയൻ ജനതയുടെ പിന്തുണയോടെ, ഓരോരുത്തർക്കും വേണ്ടി യോജിച്ച്, ധീരമായി ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ വീണ്ടെടുക്കും', ആർസെ ട്വിറ്ററിൽ അട്ടിമറിക്കു ശേഷം ബൊളീവിയയെ വീണ്ടെടുക്കാൻ സഹായിച്ചതിന് അവർ ജനങ്ങൾക്ക് നന്ദി പറഞ്ഞു.

2019-ലെ അട്ടിമറിയിൽ നേതൃപരമായ പങ്കുവഹിച്ച അമേരിക്ക പുതിയ സർക്കാരിനെ ഒരു ഹ്രസ്വ പ്രസ്താവനയിലൂടെ . മനോവേദന ഉള്ളിലടക്കി ആർസെ- ചോക്കെഉവാങ്ക സർക്കാരുമായി 'പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളിൽ' വാഷിങ്ടൺ ഒന്നിച്ച് പ്രവർത്തിക്കുമെന്ന വാക്യത്തോടെയാണ് ആ പ്രസ്താവന അവസാനിക്കുന്നത്.

ആർസെയുടെ അജണ്ടകൾ

വലിയ അജണ്ടയുമായാണ് ആർസെയും ചോക്കെഉവാങ്കയും അധികാരമേൽക്കുന്നത്. കോവിഡ് രോഗബാധയുടെ ശൃംഖല തകർക്കുന്നതിനുള്ള അനുയോജ്യമായ ഏതൊരു നയത്തെയും തടയുകയും സാമ്പത്തിക തകർച്ചയിൽ വലഞ്ഞ ജനങ്ങൾക്ക് ദുരിതം മാത്രം പകരുകയും ചെയ്യുകയായിരുന്നു അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ മുൻപത്തെ സർക്കാർ. ഇവോ മൊറാലെസിന്റെ കീഴിൽ ആരംഭിച്ച ബൊളീവിയൻ സോഷ്യലിസ്റ്റ് പദ്ധതിയുടെ തുടർച്ചക്കായി സാമ്പത്തിക ശാസ്ത്രജ്ഞനായ ആർസെ ചില പ്രധാന നയങ്ങൾ . ഈ നയത്തിന് അഞ്ച് പ്രധാന ഘടകങ്ങളുണ്ട്:

1) പട്ടിണി നിർമാർജ്ജനം: അട്ടിമറി സർക്കാറിന്റെയും മഹാമാരിയുടെയും ചുഴിയിൽപ്പെട്ട ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി MAS നിയന്ത്രിക്കുന്ന സെനറ്റ് സെപ്റ്റംബറിൽ നിരവധി സുപ്രധാന ബില്ലുകൾ പാസാക്കിയിരുന്നു. ആരോഗ്യ പരിരക്ഷ നൽകുന്നതിനുള്ള ബില്ലുകൾ (Bono Salúd), പ്രായമായവർക്കും അവശർക്കും പിന്തുണ, ഓരോ ബൊളീവിയനും ഒരു നിശ്ചിത തുക നൽകുന്ന ഹംഗർ ബോണ്ട് (Bono contra el Hambre) എന്നിവയാണ് ഇവ. എന്നാൽ ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകേണ്ടതിന്റെ ആവശ്യകതയോട് പുറംതിരിഞ്ഞു നിന്ന അട്ടിമറി സർക്കാർ ബില്ലുകളിൽ ഒപ്പിടാൻ തയ്യാറായില്ല. തന്റെ ഗവൺമെന്റിന്റെ ആദ്യത്തെ പ്രവൃത്തികളിലൊന്ന് ഈ ആശ്വാസ നടപടികൾ സ്വീകരിക്കുകയാണെന്ന് ആർസെ പറയുന്നു.

ഇവോ മൊറാലെസ്
ഇവോ മൊറാലെസ്

2) വ്യവസായവൽക്കരണം: ബൊളീവിയൻ ജനതയുടെ ജീവിതത്തിൽ വിപുലമായ പുരോഗതിക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു തന്റെ സർക്കാരിന്റെ പതിന്നാലുവർഷക്കാലം (2006-2019) മൊറാലെസ് ചെയ്തത്. ദാരിദ്ര്യ നിരക്ക് 38.2 ശതമാനത്തിൽ നിന്ന് 15.2 ശതമാനമായി കുറച്ചു, അധികാരമേറ്റ കാലത്തേതിൽ നിന്ന് ആയുർദൈർഘ്യം ഒമ്പത് വർഷം വരെ വർദ്ധിപ്പിക്കുകയും ഒരു സാർവത്രിക ആരോഗ്യസംരക്ഷണ സംവിധാനം വികസിപ്പിക്കുകയും ചെയ്തു. ബഹുരാഷ്ട്ര ഖനന സ്ഥാപനങ്ങളുമായുള്ള മികച്ച വിലപേശലുകളിലൂടെ ഇത്തരം പരിഷ്‌കാരങ്ങൾക്കാവശ്യമായ പണം ലഭ്യമാക്കാൻ ബൊളീവിയൻ ഭരണകൂടത്തിന് സാധിച്ചു. ഒരുതരത്തിൽ ഇത് റിസോഴ്‌സ് സോഷ്യലിസമായിരുന്നു എന്നു പറയാം.

സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനു പകരം തദ്ദേശീയമായി ഉൽപാദിപ്പിക്കാൻ ഉതകുന്ന വിധത്തിലുള്ള വ്യവസായവൽക്കരണം അവതരിപ്പിക്കുകയാണ് MAS-ന്റെ പദ്ധതിയുടെ അടുത്ത ഘട്ടം എന്ന് ആർസെ പറയുന്നു. അടിസ്ഥാന ഉപഭോക്തൃവസ്തുക്കളുടെ ഉൽപാദനം ഒരു മുൻഗണനയായിരിക്കും. സാമാന്യം എളുപ്പത്തിൽ ഉൽപാദിപ്പിക്കാവുന്ന ഈ ചരക്കുകളുടെ ഇറക്കുമതി ബൊളീവിയയുടെ വിദേശനാണ്യ കരുതൽ ശേഖരം ക്ഷയിപ്പിക്കുകയാണ്. അട്ടിമറിക്കുമുമ്പ് ക്വാണ്ടം മോട്ടോഴ്സും പൊതുമേഖലാ ലിഥിയം കമ്പനിയായ യാസിമിയെന്തോസ് ദേ ലിതിയോ ബൊളിവിയാനോസും ചേർന്ന് നിർമിച്ച പുതിയ ഇലക്ട്രിക് കാർ മൊറാലെസ് ഉദ്ഘാടനം ചെയ്തിരുന്നു. ആ സമയത്ത് ബാറ്ററി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതായി വന്നിരുന്നു. എന്നാൽ മേൽ സൂചിപ്പിച്ച സ്ഥാപനങ്ങൾ ബൊളീവിയയുടെ സ്വന്തം ലിഥിയം സംസ്‌കരിക്കുന്നതിനും E2, E3 കാറുകൾക്കായി ബാറ്ററികൾ നിർമ്മിക്കുന്നതിനുമുള്ള ശേഷി വികസിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. ആദ്യ ഘട്ടത്തിൽ ബൊളീവിയൻ കമ്പോളത്തിനായും പിന്നീട് കയറ്റുമതി ലക്ഷ്യം വച്ചുകൊണ്ടുമുള്ള ഈ കാർ നിർമാണപദ്ധതിയുടെ വികസനത്തിനായി മിക്കവാറും ചൈനീസ് പിന്തുണയോടെ തന്നെ ശ്രമിക്കുമെന്ന് ആർസെ പറയുന്നു.

തിരിച്ചു വന്ന ഏവോ മൊറാലെസ് അയ്മയെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം
തിരിച്ചു വന്ന ഏവോ മൊറാലെസ് അയ്മയെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം

​​​​​​​3) ഭക്ഷ്യ ഉത്പാദനം: ഭക്ഷ്യ ഉൽപാദന-വിതരണ ശൃംഖലയിലെ തകർച്ചയെത്തുടർന്ന് ബൊളീവിയയിലെ ചെറുകിട കർഷകർ തങ്ങളുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ പാടുപെട്ടു. അവർക്ക് പകരം അടിസ്ഥാന ചരക്കുകൾക്ക് ഉയർന്ന വില ഈടാക്കുന്ന വലിയ അഗ്രിബിസിനസ് കമ്പനികൾ രംഗം കയ്യടക്കി. കോവിഡിനു മുമ്പുതന്നെ ബൊളീവിയ താരതമ്യേന സംസ്‌കരിച്ചിട്ടില്ലാത്ത സോയാബീൻ കയറ്റുമതി ചെയ്യുന്നതിനെ ആശ്രയിച്ചിരുന്നു. അവയിൽ കൂടുതലും വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾ വഴിയായിരുന്നു. ചെറുകിട കർഷകർക്കായുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ബൊളീവിയയുടെ ഭക്ഷ്യ പരമാധികാരം വർധിപ്പിക്കാനാണ് ആർസെയുടെ ശ്രമം.

4) കടം റദ്ദാക്കൽ: അയൽരാജ്യമായ അർജന്റീന മുൻ പ്രസിഡന്റ് മൗറീസിയോ മാക്രിയുടെ ഭരണകാലത്ത് (2015-2019) ഐ.എം.എഫിൽ നിന്നെടുത്ത വൻതോതിലുള്ള ബാഹ്യകടവും അതിന്റെ ബാധ്യതകളും ചുമക്കേണ്ടിവരുന്നത് കാണുന്ന ആർസെ, ബൊളീവിയ കൂടുതൽ കടം എടുക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അങ്ങനെ ചെയ്യുന്ന പക്ഷം അത് സമ്പന്നരായ കടപ്പത്ര ഉടമകളെ ആശ്രയിക്കേണ്ട അവസ്ഥയിലേയ്ക്ക് രാജ്യത്തെ കൊണ്ടെത്തിക്കുമെന്ന് അദ്ദേഹത്തിനറിയാം. പകരം, ബൊളീവിയ 11 ബില്യൺ ഡോളറിന്റെ ബാഹ്യ കടം തിരിച്ചടക്കുന്നതു സംബന്ധിച്ച നിബന്ധനകൾ പുതുക്കിയെഴുതാനുള്ള ചർച്ചകൾ നടത്തും. അടുത്ത രണ്ട് വർഷത്തേക്ക് കടം തിരിച്ചടക്കൽ താൽക്കാലികമായി നിർത്തിവച്ചാൽത്തന്നെ പട്ടിണി പരിഹാരത്തിനും വ്യവസായവൽക്കരണത്തിനും ഭക്ഷ്യ ഉൽപാദനത്തിനും നീക്കിവയ്ക്കാൻ 1.6 ബില്യൺ ഡോളർ ലഭിക്കുമെന്നാണ് പ്രതീക്ഷ.

5) നികുതി: ഇതിനെല്ലാമൊപ്പം തന്നെ അളവറ്റ സമ്പത്ത് കൈവശം വച്ചിരിക്കുന്ന ജനസംഖ്യയിലെ 0.001 ശതമാനം വരുന്ന അതിസമ്പന്നർക്കുമേൽ (മൊത്തം 11.5 ദശലക്ഷം ജനങ്ങളുള്ളതിൽ 113 വ്യക്തികൾ) തന്റെ സർക്കാർ നികുതി ചുമത്തുമെന്ന് ലുയീസ് ആർസെ പ്രഖ്യാപിച്ചിരിക്കുന്നു. ഇതു വഴി ഖജനാവിലേക്ക് ഏകദേശം 400 ദശലക്ഷം ഡോളർ സമാഹരിക്കും.

ഇടത് അജണ്ട തകർക്കാൻ യു.എസ്

MAS അധികാരത്തിൽ തിരിച്ചെത്തിയത് ആർസെയുടെയും ചോക്കെഉവാങ്കയുടെയും അജണ്ട കാരണം മാത്രമല്ല. പതിനാലു വർഷം നീണ്ട മൊറാലെസിന്റെ ഭരണനിർവഹണം കൊണ്ടു കൂടിയാണ്. മൊറാലെസ് അധികാരത്തിലുണ്ടായിരുന്ന വർഷങ്ങളിൽ ജി.ഡി.പി ഏകദേശം 46 ശതമാനം വളർച്ച കൈവരിച്ചു. പ്രതിശീർഷ ജി.ഡി.പി ശരാശരി 3.2 ശതമാനം വാർഷികനിരക്കിൽ വളർന്നു. മൊറാലെസിന്റെ കാലയളവിൽ ബൊളീവിയയുടെ ജി.ഡി.പിയിൽ സ്ഥിര നിക്ഷേപത്തിന്റെ ശതമാനം 14.3 ശതമാനത്തിൽ നിന്ന് 20.8 ശതമാനമായി ഉയർന്നു. ഏറ്റവും പ്രധാനമായി, ജനങ്ങളുടെ പോഷകാഹാരവും ആരോഗ്യവും സാക്ഷരതയും ഉൾപ്പടെ മിക്ക സാമൂഹിക സൂചകങ്ങളും ഉയർന്ന നിരക്കിൽ മെച്ചപ്പെട്ടു.

MAS ഈ നയപദ്ധതി തുടരുമെന്നാണ് ആർസെ പറയുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നതിൽ ഈ സർക്കാരിന് കാര്യമായ വെല്ലുവിളികൾ നേരിടേണ്ടിവരും. ഒന്നാമതായി, കടം ശരിയായ രീതിയിൽ എഴുതിത്തള്ളാൻ അന്താരാഷ്ട്ര വായ്പാദാതാക്കൾ . രണ്ടാമതായി, ബൊളീവിയയിലെ MAS പദ്ധതിയുടെ മുന്നേറ്റം തകർക്കാൻ യു.എസ് സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാൻ പോവുകയാണ്. ആർസെയെ ഒരു 'മിതവാദിയായി' ചിത്രീകരിക്കുകയും അദ്ദേഹത്തിനും മൊറാലെസിനും ഇടയിൽ ഒരു വേർതിരിവു സൃഷ്ടിക്കുകയും ചെയ്യുക സാധ്യമല്ലെന്ന തിരിച്ചറിവ് വാഷിങ്ടണിൽ പ്രബലമായിട്ടുണ്ട്. ലിമ ഗ്രൂപ്പിൽ നിന്നും മറ്റ് വലതുപക്ഷ സംരംഭങ്ങളിൽ നിന്നും പുറത്തുവന്ന് വെനെസ്വേലയുടെയും ക്യൂബയുടെയും വിദേശ നയങ്ങൾക്ക് സമാനമായ ഒന്നായി ബൊളീവിയയുടെയും വിദേശനയം ആർസെ നിശ്ചയമായും രൂപപ്പെടുത്തും. വിവേകപൂർണമായ ഈ ഇടത് അജണ്ട നടപ്പിലാക്കുന്നതിന് തുരങ്കം വെകാൻ സമ്പന്നരായ കടപ്പത്ര ഉടമകളും യു.എസ് സർക്കാരും ചേർന്ന് എല്ലാ ശ്രമങ്ങളും നടത്തും.

2019 ഒക്​ടോബർ 23ന്​ ബൊളീവിയയിൽ നടന്ന എവോ മൊറാലെസ്​ വിരുദ്ധ പ്രകടനത്തിനിടെ ഹ്യുഗോ ഷാവേസിന്റെ പ്രതിമ തകർക്കുന്നു
2019 ഒക്​ടോബർ 23ന്​ ബൊളീവിയയിൽ നടന്ന എവോ മൊറാലെസ്​ വിരുദ്ധ പ്രകടനത്തിനിടെ ഹ്യുഗോ ഷാവേസിന്റെ പ്രതിമ തകർക്കുന്നു

ഇവിടെയാണ് ചൈനയുടെ പങ്ക്. ചൈനയും ബൊളീവിയയും തമ്മിൽ ഇതിനകം വാണിജ്യ പങ്കാളിത്തമുണ്ട്. അതിൽ പരസ്പര പങ്കാളിത്തത്തോടെയുള്ള ലിഥിയം വികസനം, ജലവൈദ്യുത പദ്ധതികൾ (റോസിത്താസ് പ്രോജക്റ്റ്), റോഡ് നിർമ്മാണം (എൽ എസ്പിനോ ഹൈവേ പ്രോജക്റ്റ്), എന്നിവയ്ക്കൊപ്പം 2013-ലെ Tupac Katari വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണവുമൊക്കെ ഉൾപ്പെടുന്നു. ചൈനീസ് ബാങ്ക് വായ്പകളും ബൊളീവിയൻ സേവിംഗ്‌സും ചേർത്താണ് ഈ പദ്ധതികൾക്ക് ആവശ്യമായ പണം കണ്ടെത്തിയത്.

വാണിജ്യ പങ്കാളിത്തങ്ങൾക്കപ്പുറത്ത് ആഴത്തിലുള്ള വികസന പങ്കാളിത്തത്തിന്റെ ആവശ്യകത ഇപ്പോഴുണ്ട്. അതിൽ ബൊളീവിയയുടെ ലിഥിയം വിഭവങ്ങൾ ഉപയോഗിച്ചുള്ള വ്യവസായവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബൊളീവിയയുടെ ഭക്ഷ്യ പരമാധികാരം വിപുലീകരിക്കുന്നതിനുമുള്ള ഗ്രാന്റുകൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ചൈനയിലെ വാണിജ്യ മന്ത്രാലയവും ചൈനീസ് എക്‌സ്‌പോർട്ട് ആന്റ് ക്രെഡിറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (Sinosure) ചേർന്ന് കടത്തിൽ മുങ്ങിയ രാജ്യങ്ങൾക്ക് മൊത്തം 3 ബില്യൺ ഡോളറിന്റെ 200 പലിശ രഹിത വായ്പകൾ നൽകിയിട്ടുണ്ട് (മൊത്തം ചൈനീസ് വായ്പയുടെ 5 ശതമാനം മാത്രമാണിത്). ഇതിൽ 85 ശതമാനവും എഴുതിതള്ളി. അതിനർത്ഥം അവ കൂടുതലും ഗ്രാന്റുകളാണെന്നാണ്. ബൊളീവിയയെ കടക്കെണിയിൽ കുടുക്കാത്ത ധനസഹായം ആർസെയുടെ അജണ്ടക്ക് ആവശ്യമാണ്. വാണിജ്യ മേഖലയിൽ നിന്നോ ലോകബാങ്കിൽ നിന്നോ അല്ലാത്ത അധിക ഫണ്ടിംഗ് ആവശ്യമാണ്.

MAS-ന്റെ നയപദ്ധതി ‘രാഷ്ട്രീയ ചക്രവാളത്തെക്കുറിച്ചുള്ള ധാരണയെ' കൂടുതൽ ആഴത്തിലാക്കുന്നതും, അജണ്ടയിലേക്ക് ജനകീയ പങ്കാളിത്തത്തെ ആകർഷിക്കുന്നതും, ആ പരിപാടിയുടെ സമഗ്രതയിൽ അവബോധം സൃഷ്ടിക്കുന്നതുമായിരിക്കണമെന്ന് മൊറാലെസിനൊപ്പം പ്രവർത്തിച്ച ഹുവാൻ കാർലോസ് പിന്റോ കിന്റാനിയ്യ അടുത്തിടെ Peoples Dispatch-നോട് . അത്തരമൊരു വികേന്ദ്രീകൃതമായ സമീപനം പുതിയൊരു തലമുറ ബൊളീവിയക്കാരെ അവർ തങ്ങളുടേതു തന്നെയായി കാണുന്ന ഒരു പദ്ധതിയെ പ്രതിരോധിക്കാൻ തയ്യാറെടുപ്പിക്കും.

മുൻ പസിഡന്റ് ഏവോ മൊറാലേസിനൊപ്പം ലുയീസ് ആർസെയും ദാവീദ് ചോക്കെഉവാങ്കയും
മുൻ പസിഡന്റ് ഏവോ മൊറാലേസിനൊപ്പം ലുയീസ് ആർസെയും ദാവീദ് ചോക്കെഉവാങ്കയും

പുതിയ ശതകോടീശ്വരന്മാർ

ബൊളീവിയയിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്ന സമയത്തു തന്നെ സ്വിസ് ബാങ്ക് (യു.ബി.എസ്) പുതിയ ശതകോടീശ്വരന്മാരുടെ

പുറത്തിറക്കിയിരുന്നു. 2020 ഏപ്രിൽ മുതൽ ജൂലൈ വരെ ശതകോടീശ്വര വർഗത്തിന്റെ സ്വത്ത് 27.5 ശതമാനം വർദ്ധിച്ചിരിക്കുന്നു. 2,189 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 10.2 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് നിലയിലാണ്. അതേസമയം, 1988-നു ശേഷം ആദ്യമായി ലോകത്തെ ദാരിദ്ര്യ നിരക്ക് ഉയരുമെന്ന് ലോക ബാങ്ക് . വർഗസമരത്തിന്റെ സാരം ഇതാണ്, ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് 203 ബില്യൺ ഡോളറിനു മേൽ ചമ്രം പടിഞ്ഞിരിക്കുന്നു, ലോക ജനസംഖ്യയുടെ പകുതിയും വിശപ്പു സഹിച്ച് ഉറങ്ങാൻ പോകുന്നു. മനുഷ്യജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധമുള്ള എല്ലാ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും പോലെ പുതിയ ബൊളീവിയൻ സർക്കാരിനും ആ രാജ്യത്തെ എല്ലാവരിലേക്കും അപ്പമെത്തിക്കാൻ തീവ്രയത്‌നം നടത്തേണ്ടി വരും.

(Tricontinental: Institute for Social Research പുറത്തിറക്കുന്ന നാൽപ്പത്തിനാലാമത്തെ ന്യൂസ് ലെറ്ററിന്റെ പരിഭാഷ)


വിജയ് പ്രഷാദ്

Tricontinental: Institute for Social Research ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ് പ്രഷാദ്

Comments