റഷ്യൻ /യൂറോപ്യൻ എഴുത്തുകാരി സെവ്റ്റ്ലാന അലക്സെവിച് (Svetlana Alexievich) എഴുതിയ ഒരു പുസ്തകം, Last Witnesses – Unchildlike stories യുദ്ധത്തെ ഓർമ്മിക്കുന്നവരെ കുറിച്ചുള്ള കുറിപ്പുകളുടെ സമാഹരമാണ്. ഇപ്പോൾ അവർ, വളരെ മുതിർന്ന്, സൈനികരും വൈമാനികരും സംഗീതജ്ഞരും കലാപ്രവർത്തകരും തൊഴിലാളികളും മറ്റുമാണ്. എന്നാൽ, അവർ ഒരിക്കൽ യുദ്ധത്തെ കണ്ട, യുദ്ധത്തിൽ പെട്ട, യുദ്ധത്തിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ മാത്രമായിരുന്നു.
നാൽപതുകളിലെ സോവിയറ്റ് യൂണിയനെ ആക്രമിക്കുന്ന നാസി ജർമനിയുടെ യുദ്ധത്തിന്റെ ദൃക്സാക്ഷികളായിരുന്നു ഈ കുട്ടികൾ. ആറിനും പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾ. യുദ്ധം തങ്ങളെ എങ്ങനെ പിന്നീട് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് അവർ പറയുന്നത് ആരെയും ഭയപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. ഏറെയും ദൃക്സാക്ഷീഗദ്യത്തിലെഴുതിയ പുസ്തകം ഞാൻ പലപ്പോഴും ഇടക്കുവെച്ച് വായന നിർത്തുമായിരുന്നു... യുദ്ധവും യുദ്ധത്തിൽ കുഞ്ഞുങ്ങളുടെ മരണവും സംഭവിക്കുന്ന ഈ നാളുകളിൽ അലക്സെവിചിന്റെ പുസ്തകം, പക്ഷെ, നിലയ്ക്കാത്ത ഓർമയായി തന്നെ എന്നെ വേട്ടയാടുന്നു.
തീർച്ചയായും, കുട്ടികളുടെ മരണത്തിനോ കുട്ടികളുടെ കണ്ണീരിനോ ഒരു യുദ്ധത്തെയും നിർത്താനാവില്ല. കുട്ടികളെ കൊല ചെയ്യുന്നത് ഒരാശയത്തിനോ ഒരു രാഷ്ട്രത്തിനോ വേണ്ടി മാത്രമല്ല, ഭരണകൂടത്തിന്റെയും ആണഹന്തയുടെയും കിരീടധാരണത്തിനു വേണ്ടിക്കൂടിയാണ് എന്ന്, നാസി ജർമ്മനിയെപ്പോലെ ഇപ്പോൾ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇസ്രയേലും നമ്മെ ഓർമിപ്പിക്കുന്നു. അഥവാ, യുദ്ധങ്ങൾ കുട്ടികളെയാണ് ബലിയായി ആഗ്രഹിക്കുന്നത്. ഉഗ്രസ്വരൂപികളായ ഭരണകൂടങ്ങളും ഭരണാധികാരികളും ആ ബലി, രക്തത്തിന്റെ ഉറപ്പോടെ, സ്വീകരിക്കുന്നു.
ഞാൻ ഭാര്യയോട് പറഞ്ഞു; ആളുകൾ വെറുതെ ഭയക്കുകയാണ്, ഒന്നും ഉണ്ടാവില്ല... എന്നാൽ ഒരു ദിവസം, ജോലി കഴിഞ്ഞ് ഞാൻ മടങ്ങിയെത്തിയപ്പോൾ മകൾ കരഞ്ഞുകൊണ്ട് എന്നോട് ജനലുകളും വാതിലും അടക്കാനാവശ്യപ്പെട്ടു…
ഞങ്ങൾ പാടി, പട്ടാളക്കാർ കരഞ്ഞു – വോലോദിയ കിസ്ടോക്ലെടോവ് എന്ന ഒരു പത്തു വയസ്സുകാരന്റെ ഓർമക്കുറിപ്പ് ഈ പുസ്തകത്തിലെ ഒരദ്ധ്യായമാണ്. പത്തു വയസുള്ളപ്പോൾ യുദ്ധത്തിൽ പങ്കെടുക്കുകയാണ് അവൻ. തന്റെ രാജ്യത്തിനുവേണ്ടി, മറ്റു പല കുട്ടികൾക്കുമൊപ്പം. ആശുപത്രിയിൽ ബാൻഡേജുകളുണ്ടാക്കാനും മറ്റുമാണ് അവന്റെ ‘സഹായം’ ആവശ്യമായി വന്നത്. അതിനാൽ അവൻ എപ്പോഴും യുദ്ധത്തിനൊപ്പം മാത്രമായിരുന്നില്ല, മനുഷ്യരുടെ ചോരയ്ക്കും മുറിവുകൾക്കും ഒപ്പമായിരുന്നു. അതുകൊണ്ടുതന്നെ ദേഹമാസകലം പൊള്ളി എത്തുന്ന പട്ടാളക്കാരുടെ കാഴ്ച്ച അവനെ എപ്പോഴും ഭയപ്പെടുത്തി. കരിപുരണ്ട അവരുടെ കറുത്ത മുഖങ്ങളും അവനെ ഭയപ്പെടുത്തി. അപ്പോഴും ഡോക്ടർമാർ അവരുടെ ജോലി തുടർന്നു. അവന്റെ അമ്മ കരഞ്ഞുകൊണ്ടേ ഇരുന്നു. അവന്റെ അച്ഛൻ യുദ്ധമുഖത്തായിരുന്നു.
അപ്പോഴും ഒരിക്കലും യുദ്ധത്തിൽ താൻ കൊല്ലപ്പെടില്ല എന്നും അവൻ വിശ്വസിച്ചു. എന്നാൽ, ഒരിക്കൽ അവനും രണ്ടു പട്ടാളക്കാർക്കുമൊപ്പം റൊട്ടി കൊണ്ടുവരാൻ നിയോഗിക്കപ്പെട്ടു. അവർ പുറത്തിറങ്ങിയ അതേ സമയം ഷെല്ലിംഗ് തുടങ്ങി, അതിൽ പെട്ട് രണ്ടു പട്ടാളക്കാരും മരിച്ചു. അവൻ എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷെ അവന് ശബ്ദം നഷ്ടപ്പെട്ടു. പിന്നൊരിക്കൽ ശബ്ദം തിരിച്ചു കിട്ടിയപ്പോൾ എക്കാലത്തേയ്ക്കുമായി അവന് വിക്കും കിട്ടി – അവന്റെ വാക്കുകൾ മുറിഞ്ഞു. അവന്റെ ശബ്ദം ചിതറി.
ഒരിക്കൽ വാർസോവിൽ വെച്ച് മുറിവേറ്റെത്തിയ ഒരു ചെക്കുകാരൻ പ്രാഗ് ഓപെറയിലെ അംഗമായിരുന്നു – ഒരു ട്രൊബോനിസ്റ്റ്. അയാൾ പതുക്കെ മുറിവുകളിൽനിന്ന് രക്ഷ നേടാൻ തുടങ്ങിയ നാളുകളിൽ ആ പത്തുവയസ്സുകാരനെയും കൂട്ടി ആശുപത്രിയിലെ വാർഡുകൾ സന്ദർശിയ്ക്കാൻ തുടങ്ങി – ഇവരിൽ ആരെങ്കിലും സംഗീതജ്ഞരായി ഉണ്ടോ എന്നായിരുന്നു അവർ തിരക്കിയത്. പിന്നെ ആ ചെക്കുകാരൻ വരുന്നത് ഒരസ്സൽ ഓർക്കെസ്ട്രയുമായാണ്. അയാൾ ആ പത്തുവയസ്സുകാരനെ വയോല വായിക്കാൻ പഠിപ്പിച്ചു, ഗിത്താർ വായിക്കാൻ പഠിപ്പിച്ചു. അവർ പാട്ട് പാടുമ്പോൾ പട്ടാളക്കാർ കരഞ്ഞു.
ഇന്ന് ആ പത്തുവയസ്സുകാരൻ ഒരു സംഗീതജ്ഞനാണ്. ആ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്:
ഞങ്ങൾ ജർമനിയിൽ എത്തിയതായിരുന്നു. അവിടെ ഒരു ജർമൻ ഗ്രാമത്തിൽ തകർന്നടിഞ്ഞ വസ്തുക്കൾക്കുമൊപ്പം ഒരു കുട്ടി സൈക്കിൾ കിടക്കുന്നതു ഞാൻ കണ്ടു. എനിക്ക് സന്തോഷം തോന്നി. ഞാൻ അതെടുത്ത് അവിടെ സവാരി ചെയ്യാൻ തുടങ്ങി. അതാകട്ടെ, നന്നായി ഓടുന്നുമുണ്ടായിരുന്നു. യുദ്ധകാലത്ത് കുട്ടികളുടെതായി ഒരു വസ്തുപോലും ഞാൻ കണ്ടിരുന്നില്ല. അങ്ങനെ വല്ലതും ഉണ്ടോ എന്നുതന്നെ ഞാൻ മറന്നിരുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങളും...
ഈ രാവിലെ ഗാസയിൽനിന്ന് പതിനെട്ടുകാരിയായ നദീൻ മുർത്താജ എഴുതിയ കവിത ഞാൻ വായിച്ചതും ഇതേ ഓർമയിലാണ്.
"അവിടെ, മറുവശത്ത്,
സമയം മാറുന്നു,
മണിക്കൂറുകൾ കടന്നുപോകുന്നു,
അത് ഇരുണ്ടുപോകുന്നു,
ആകാശം അതിന്റെ മങ്ങിയ വസ്ത്രം അഴിക്കുന്നു, പിന്നെ പ്രഭാതം വരുന്നു,
എന്നാൽ ഇവിടെ ഞാൻ താമസിക്കുന്നിടത്ത്,
ശ്വസിക്കുന്നിടത്ത്, ജീവിതം
അതിന്റെ കറുത്ത വസ്ത്രം നിരന്തരം ധരിച്ചുകൊണ്ടേ ഇരിക്കുന്നു,
എന്റെ ഭൂമിയുടെ പേറ്റുനോവിൽ വിലപിക്കാൻ,
ഏറെ സമയമെടുക്കുന്നു…
ഇതാ, എന്റെ മുറിയിൽ തൂങ്ങിക്കിടന്നിരുന്ന ക്ലോക്ക് തകർന്നിരിക്കുന്നു,
ഇത് മാത്രമല്ല, ഇവിടെ എല്ലാവരുടെയും ക്ലോക്ക് തകരാറിലായിരിക്കുന്നു,
എന്റെ അമ്മ പക്ഷെ പറഞ്ഞുകൊണ്ടേയിരിക്കുന്നു: എല്ലാവരും അമൃതത്തിനായി കാത്തിരിക്കുകയാണ്, ദുഃഖത്തോടും വേദനയോടും കൂടി
നമ്മൾ അത് അനുഭവിയ്ക്കുകയാണ്...
ഈ പുണ്യഭൂമിയിൽ ഞങ്ങൾ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത്
ബോംബിംഗിന്റെയും വെടിവയ്പ്പിന്റെയും ശബ്ദത്തിലാണ്.
അതിനാൽ പകലിന്റെ ആദ്യ വെളിച്ചം
വൈകുന്നേരം ഉദിക്കുന്നു,
രക്തസാക്ഷികളുടെ രക്തത്താൽ
ആകാശത്തെ പ്രകാശിപ്പിക്കുന്നു.
ഇവിടെ മരണം ഞങ്ങളിൽനിന്ന്
വളരെ അകലെയല്ലാതെ ഉറങ്ങുന്നു,
ഞങ്ങളെല്ലാവരും സ്വാതന്ത്ര്യത്തിലേക്ക്, പ്രതീക്ഷയിലേക്ക്,
തകർന്ന ജനലുകളുടെ
തകർന്ന ചില്ലുകളിലൂടെ നടക്കുന്നു,
ഒരു കാലത്ത് വീടായിരുന്ന കല്ലുകളിൽ
കഥകളും രഹസ്യങ്ങളും വഹിച്ചുകൊണ്ട്
ഞങ്ങൾ നടക്കുന്നു.
കുട്ടികളുടെ നിലവിളികളും
അമ്മമാരുടെ ഞരക്കങ്ങളും
ഞങ്ങൾക്കൊപ്പം നടക്കുന്നു.’’
രണ്ടാമത്തെ ഗൾഫ് യുദ്ധകാലത്ത് ഞാൻ കുടുംബവുമായി കുവൈറ്റിൽ താമസിക്കുകയാണ്. കുവൈറ്റ് ആയിരുന്നു അന്ന് ആ യുദ്ധത്തിന്റെ ലോഞ്ചിംഗ് പാഡ്. സദാം ഹുസൈൻ കെമിക്കൽ വാർ ആക്രമണമാണ് നടത്തുക എന്നും അത് കുവൈറ്റിനു നേരെയായിരിക്കുമെന്നും വാർത്ത വന്നിരുന്നു. ആ ദിവസങ്ങളിൽ ഞങ്ങളുടെ മകൾ എന്നും സ്കൂളിൽ നിന്ന് മ്ലാനയായും ദുഃഖിതയായും തിരിച്ചുവന്നു. സൈറൻ മുഴങ്ങുമ്പോൾ എന്തു ചെയ്യണം എന്നും സ്കൂളിന്റെ അണ്ടർഗ്രൗണ്ടിലുള്ള ഷെൽട്ടറിലേക്ക് എങ്ങനെ ഓടിയെത്തണം എന്നും അന്ന് സ്കൂളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. എല്ലാവരും അവരവരുടെ ഫ്ലാറ്റുകളുടെ ജനലും എയർ കണ്ടീഷനുകളുടെ ഭാഗങ്ങളിലും പ്ലാസ്റ്ററും മറ്റും വെച്ച് അടയ്ക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ ഞാനതിനെ അവിശ്വസിച്ചു. അങ്ങനെയൊരു യുദ്ധം നടക്കില്ല എന്ന് വിശ്വസിച്ചു. അല്ലെങ്കിൽ സദ്ദാം നടത്തിയ ആദ്യത്തെ അധിനിവേശത്തോടെ ഞാൻ യുദ്ധത്തോടും മരണസമാനമായ മരവിപ്പുമായും ഒത്തുതീർപ്പായിരുന്നിരിക്കണം.
ഞാൻ ഭാര്യയോട് പറഞ്ഞു; ആളുകൾ വെറുതെ ഭയക്കുകയാണ്, ഒന്നും ഉണ്ടാവില്ല...
എന്നാൽ ഒരു ദിവസം, ജോലി കഴിഞ്ഞ് ഞാൻ മടങ്ങിയെത്തിയപ്പോൾ മകൾ കരഞ്ഞുകൊണ്ട് എന്നോട് ജനലുകളും വാതിലും അടക്കാനാവശ്യപ്പെട്ടു… അവൾ കൈയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള വലിയ പ്ലാസ്റ്റർ എനിക്ക് നീട്ടി. ആ നിമിഷം തന്നെ ഞാൻ ജനലുകൾഅടച്ച് അതിന്റെ ചുറ്റും പ്ലാസ്റ്റർ വെച്ച് ഒട്ടിക്കാൻ തുടങ്ങി.
മാരകമായ നീതി എപ്പോഴും യുദ്ധങ്ങൾ കണ്ടുപിടിക്കുന്നു, ഇപ്പോൾ ഇസ്രായേൽ ചെയ്യുന്ന പോലെ. മൂന്നാഴ്ച കൊണ്ട് 3195 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത് എന്നാണ് ഒരു കണക്ക്. വാസ്തവത്തിൽ, ഗാസക്കുചുറ്റും ലോകത്തെ ഈ യുദ്ധം കാണികളായി ഇരുത്തിയിരിക്കുകയാണ്. ഉറക്കം നഷ്ടപ്പെടുത്തിയും ജീവിതത്തെ പരിക്കേൽപ്പിച്ചും ലോകം ഈ യുദ്ധത്തിനും സാക്ഷിയാവുന്നു. നാസികാലത്തെ യുദ്ധങ്ങളോ നാസികാലത്തെ പൗരരോ അല്ല ഇന്ന് ലോകവും മനുഷ്യരും. പൗരര്‍ മനുഷ്യരാവുന്നത് ഇന്ന് അവർക്ക് ഒരു ഡിജിറ്റൽ പൗരത്വം കൂടി സമ്മാനിച്ചുകൊണ്ടാണ്. അതിനാൽ, ഇന്ന്, ലോകത്തെവിടെയുമുള്ള യുദ്ധവും ലോകത്തെവിടെയുമുള്ള മനുഷ്യരെ സന്ദർശിയ്ക്കുന്നു. അതിന്റെ കാര്യകാരണങ്ങളിലും ദുഃസ്വപ്നങ്ങളിലും അയാളെ കുടുക്കിയിടുന്നു. ബോംബുകൾ വീഴുമ്പോഴും കവികൾ കവിതകൾ എഴുതുന്നു. മനുഷ്യർ ഓർമകൾ എഴുതുന്നു.