ലോകമെമ്പാടും പ്രതീക്ഷയുടെ പുതുവർഷം പുലരുമ്പോൾ കലണ്ടർ മാറാത്ത മനുഷ്യർക്ക് 2025 എന്ത് പ്രതീക്ഷയാണ് നൽകുന്നത്. അവർക്കുമുമ്പിലെ കലണ്ടറിലെ അക്കങ്ങൾ ചോര വീണ് മാഞ്ഞുപോയിരിക്കുന്നു. എടുത്തു പറയേണ്ടത് ഗാസയിലെയും യുക്രയിനിലെയും സിറിയയിലെയും മനുഷ്യരെക്കുറിച്ചാണ്. വിവിധ ദേശങ്ങളിൽ ഭരണകൂടത്താലും വംശീയതയാലും കൊല്ലപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ്. മണിപ്പുരിലെ മനുഷ്യർക്കും പോയതും പുതിയതുമായ കലണ്ടറുകൾ ജീവിതനഷ്ടങ്ങളുടെ പൊള്ളുന്ന ഓർമകളുടെ ശേഷിപ്പാണ്.
1947- നു ശേഷം നിരവധി യുദ്ധങ്ങളെ കണ്ട ഗാസയിലെ മനുഷ്യർക്ക് സമാനതകളില്ലാത്ത അശാന്തിയാണ് 2023 ഒക്ടോബർ 7 നു ശേഷം ഇസ്രായേൽ നൽകിയത്. അതിനിടയിൽ രണ്ടു പുതുവർഷം അവർക്ക് മുന്നിലൂടെ കടന്നുപോയി. 2024 പിറന്നതോടെ, ഏതാനും മാസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ആധുനിക ലോകത്ത് ഒരിടത്തും കാണാത്ത വിധത്തിലുള്ള വംശഹത്യയാണ് 2024-ൽ ഗാസയിൽ നടന്നത്.
അതിൽ ഏറ്റവും ദുഃഖമുണ്ടാക്കുന്നത് കൊന്നൊടുക്കപ്പെട്ട കുട്ടികളുടെ കണക്കാണ്. സേവ് ദ ചിൽഡ്രൺ ഇൻ്റർനാഷണൽ സന്നദ്ധ സംഘടനയുടെ ഡയറക്ടറും ഗാസ ടീം ലീഡറുമായ റഷേൽ കമ്മിങ്സ് പറഞ്ഞത്, ഗാസയിലെ ഉയർന്ന മരണനിരക്ക് സാക്ഷ്യപ്പെടുത്തുന്നത് അവിടെ കുട്ടികളുടെ മരണനിരക്ക് കൂടുന്നു എന്നതാണ്. 2024 നവംബറിലെ കണക്ക് പ്രകാരം 16,700-ൽ കൂടുതൽ കുട്ടികൾ കൊല്ലപ്പെട്ടതായാണ് പാലസ്തീൻ അധികൃതരുടെ കണക്ക്. ഇത് മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്നാണ്.
ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ് കാണാതായ കുട്ടികളുടെ എണ്ണം, 20,000-ലേറെ. അതിനിടയിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു. കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പോലും ബോംബിടുന്നു. ലോകത്തെ ഓരോ മുതിർന്നവരും തങ്ങളുടെ മക്കൾക്കുവേണ്ടി എന്തുമാത്രം ശ്രദ്ധയും പരിചരണവുമാണ് നൽകുന്നത്. അവർക്കിടയിലാണ് ഗാസയിലെ മക്കളെ ഇച്ചയെപ്പോലെ കൊന്നുതള്ളുന്നത്. അത് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം.
ഇങ്ങനെ ഭയം ഭക്ഷിക്കുന്ന മനുഷ്യർ 2025- ലെ പുലരി കാണാതെ യുദ്ധമുഖത്ത് ശരീരത്തിനും മനസ്സിനും മുറിവേറ്റ് പിടയുകയാണ്. ഏറ്റവുമൊടുവിൽ, ഡിസംബർ 30ന് ഇസ്രായേൽ സേനയുടെ വംശഹത്യ എല്ലാ അർത്ഥത്തിലും സമാനതകളില്ലാത്ത കൊടും ക്രൂരതയുടെ അടയാളങ്ങളായി മാറി. ആശുപത്രിയിലെ മനുഷ്യരെ നഗ്നരാക്കി നിർത്തി കൊന്നൊടുക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഇതിനിടയിലാണ് അതിശൈത്യത്തിൽപ്പെട്ട കുഞ്ഞുങ്ങൾ മരിച്ചു വീഴുന്നതും.
ലോകത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾക്കും യുദ്ധവിരുദ്ധചിന്തകർക്കും ജനാധിപത്യ ഭരണസംവിധാനങ്ങൾക്കും ഈ വംശഹത്യയുടെ മുന്നിൽ നിശ്ശബ്ദരായി നിൽക്കാനേ കഴിയുന്നുള്ളൂ. ലോകത്തിലെ വൻശക്തികൾ ഇസ്രായേലിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇസ്രായേലിനുള്ള ആയുധ വില്പന തടയാനുള്ള ബില്ലിനെ യു.എസ് തള്ളുകയാണുണ്ടായത്. 79- അംഗങ്ങൾ ബില്ലിനെ എതിർത്തപ്പോൾ 18 പേർ മാത്രമാണ് അനുകൂലിച്ചത്. ജോ ബൈഡൻ സർക്കാർ അംഗീകരിച്ച 20 ബില്യൺ ഡോളറിന്റെ ആയുധ വില്പന തടയണമെന്ന് ആവശ്യപ്പെട്ടാണ് സെനറ്റർ ബേന്നി സാൻഡേഴ്സാണ് ബില്ല് അവതരിപ്പിച്ചത്. ഇതിനെതിരെ പ്രതികരിക്കാൻ സമാധാന പ്രേമികളായ ലോകമനുഷ്യർക്ക് കഴിയുന്നില്ല. ചെറുതും വലുതുമായ എല്ലാതരം യുദ്ധങ്ങൾക്കും വംശീയതക്കും എതിരായി നിലകൊള്ളുന്ന ഏകീകൃത സംഘടന ഇല്ല. ലോക ജനസംഖ്യയിൽ ഒന്നാമതുള്ള, ബുദ്ധനും ഗാന്ധിജിയും ജനിച്ച, ഇന്ത്യയ്ക്ക് പോലും അതൊരു സാധ്യതയല്ലാതായിരിക്കുന്നു. മാത്രമല്ല, ഇന്ത്യയിലും വംശീയതയുടെ പ്രകടനങ്ങളും ന്യൂനപക്ഷവേട്ടയും തുടർന്നുകൊണ്ടിരിക്കുന്നു.
സമാന അനുഭവം നടക്കുന്നുണ്ട് യുക്രെനിലും. 2022 ഫെബ്രുവരി 24 നാണ് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ യുക്രെനെ ആക്രമിക്കാൻ ഉത്തരവിടുന്നത്. അടുത്തമാസം 24- ഓടെ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. അവിടെ ഇതുവരെ 40 ലക്ഷം പേരാണ് ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടത്. 2024 ആഗസ്റ്റ് വരെ 11,743 മനുഷ്യർ വധിക്കപ്പെട്ടു. അതിൽ 843 കുട്ടികളാണ്.
ഇങ്ങനെ ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ സാധാരണ മനുഷ്യർ യുദ്ധത്തിനിരകളായി ജീവിക്കുകയാണ്. സിവിലിയന്മാർ മാത്രമല്ല യുദ്ധത്തിന്റെ ഇരകൾ. കഴിഞ്ഞവർഷം നവംബറിൽ വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട കണക്കനുസരിച്ച് രണ്ടു ലക്ഷം സൈനികരാണ് റഷ്യക്ക് നഷ്ടമായത്. അതായത് 1000 ദിവസത്തിനിടെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണമാണിത്. എന്നാൽ ഒരു ലക്ഷ്യം സൈനികർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് റഷ്യയുടെ പക്ഷം. ഇതിന്റെ ഇരട്ടിയാണ് യുദ്ധമുഖത്ത് മുറിവേറ്റ മനുഷ്യരുടെ എണ്ണം. യുക്രെനാകട്ടെ തങ്ങളുടെ 30,000 സൈനികരേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നും വാദിക്കുന്നു.
ഒപ്പം കൂട്ടി വായിക്കേണ്ടതുണ്ട് സിറിയയെ. ആ രാജ്യം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറാനുള്ള സാധ്യതയിലാണ്. അഫ്ഗാനിസ്ഥാനിൽ മതം ഉണ്ടാക്കുന്ന സ്ത്രീവിരുദ്ധതയുടെ കാറ്റ് സിറിയയിലേക്കും പടരുകയാണ്. എല്ലാ അർത്ഥത്തിലും അഫ്ഗാനിസ്ഥാൻ തീവ്ര ഇസ്ലാമിക് മതബോധത്തിന്റെ വറവുചട്ടിയിലേക്ക് സാധാരണ മനുഷ്യരെ പ്രത്യേകിച്ച്, സ്ത്രീകളെയും പെൺകുട്ടികളെയും, വലിച്ചെടുക്കുകയാണ്. ഈയൊരു രീതിയിലേക്കാണ് സിറിയയുടെയും വഴിയെങ്കിൽ അതുണ്ടാക്കുന്ന ദുരന്തം ചെറുതായിരിക്കില്ല. അവിടെയും സിവിലിയന്മാർ മതാധികാരത്തിന്റെ മുമ്പിൽ പൊരുതാൻ കഴിയാതെ മരിച്ചുവീഴും. അത് പിന്നീട് കണക്കുകളായി പുറത്തുവരും.
എല്ലാ കണക്കുകൾക്കപ്പുറം മരിച്ചുവീഴുന്നത് മനുഷ്യരാണ് എന്ന യാഥാർത്ഥ്യം ഒരു ഭരണകൂടങ്ങൾക്കും അതിനെ നയിക്കുന്ന അധികാരിവർഗ്ഗത്തിനും തിരിച്ചറിയാൻ കഴിയുന്നില്ല. അതൊന്നും ലോകത്തിന്റെ മുന്നിൽ വിഷയമേ അല്ല. അത് ഒരു വിധത്തിലും ആധുനിക ലോകമനുഷ്യന്റെ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നില്ല.
യുദ്ധം മാത്രമല്ല, മനുഷ്യരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളിലും പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുകയാണ്. യു എൻ ഡെവലപ്മെൻ്റ് പ്രോഗ്രാമും ഓക്സ്ഫോർഡ് സർവകലാശാലയിലെ ഓക്സ്ഫഡ് ദരിദ്ര മാനുഷിക വികസന ഇനിഷ്യേറ്റീവും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ലോകത്തെ 110 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്. ഇന്ത്യയിലാണ് അതിൽ പകുതിയും, 23.4 കോടി. പാകിസ്ഥാനിൽ 9.3 കോടിയും എത്യോപ്യയിൽ 8.6 കോടിയും നൈജീരിയയിൽ 7.4 കോടിയും കോംഗോയിൽ 6.6 കോടിയും മനുഷ്യർ ദാരിദ്രത്തിലാണ്. ഈ ദരിദ്ര മനുഷ്യരിൽ 40 ശതമാനവും സംഘർഷബാധിത രാജ്യങ്ങളിലാണ് എന്നുകൂടി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പട്ടിണിക്കാരിൽ പകുതിയിലധികവും 18 വയസ്സിന് താഴെയുള്ളവരാണെന്നു കൂടി അറിയുമ്പോഴാണ് ദാരിദ്ര്യവും പട്ടിണിയും എങ്ങനെയാണ് പുതിയ ലോകത്തെ മുന്നോട്ടു കൊണ്ടുപോവുക എന്ന ആശങ്ക ഭീതി പടർത്തുന്നത്.
ഏതൊക്കെ മനുഷ്യർ എവിടെയൊക്കെ സമാധാനമായി ജീവിക്കണം എന്ന് തീരുമാനിക്കുന്നത് ന്യൂനപക്ഷമായ അധികാരി വർഗ്ഗമാണ്. അവരാകട്ടെ വംശീയവും രാഷ്ട്രീയവും മതപരവുമായ അധികാരത്താലാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ഇതിനെതിരെ ഭൂരിപക്ഷ മനുഷ്യരെയും ഒന്നിച്ചുനിർത്തുന്ന പ്രത്യയശാസ്ത്ര മണ്ഡലങ്ങൾ പോലും അതിവേഗം വംശീയ രാഷ്ട്രീയത്തിനും വലതുപക്ഷ ചിന്തയിലേക്കും വീണുപോവുകയാണ്, ഇന്ത്യയിലെ ഹിന്ദുത്വവും അമേരിക്കയിലെ ട്രംപിന്റെ വലതുപക്ഷ രാഷ്ട്രീയവും ഈ അസ്വസ്ഥതകൾക്ക് രൂക്ഷത പകരുന്നു.
ഇന്ത്യക്ക് ഇക്കാലമത്രയും നിലനിൽക്കാൻ കഴിഞ്ഞത് വൈവിധ്യങ്ങളെ ജനാധിപത്യപരമായി അനുഭവിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും പലതവണ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് വീണപ്പോഴും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ജനാധിപത്യ സംവിധാനത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ചെറിയ കാര്യമല്ല. അവിടെയും വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വിത്തുപാകി ഒരു ജനതയെ അശാന്തിയിലേക്ക് നയിക്കുകയാണ് ഭരണകൂടം. മണിപ്പുർ അതിന്റെ വർത്തമാനകാല സാക്ഷ്യപത്രമാണ്.
കലണ്ടർ മാറാത്ത മനുഷ്യർക്കു മുമ്പിൽ ഒരു പുലരിയും സമാധാനത്തിന്റേതാവുന്നില്ല. അതിനുവേണ്ടി ഒന്നിക്കുകയും പ്രയത്നിക്കുകയും ചെയ്യുക എന്നതായിരിക്കണം സമാധാനം സ്വപ്നം കാണുന്ന മനുഷ്യരുടെ പുതുവർഷ പ്രഖ്യാപനം.