നാലോ അഞ്ചോ വയസ്സിൽ പറമ്പിൽ പശുവിനെ മേയ്ക്കാൻ ചേച്ചിമാർക്കു കൂട്ടു പോയ ഒരുച്ചനേരത്താണ് യുദ്ധം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്. ഞങ്ങൾ മൂന്നാലു പേരുണ്ടായിരുന്നു. ചെമ്പിയെന്നും കറുമ്പിയെന്നും പേരുള്ള രണ്ടു പശുക്കളും. പശുക്കൾ അതിനു വേണ്ടത് അലഞ്ഞു നടന്നു തിന്നുകൊള്ളും, വാഴയും കപ്പയും കുരുമുളകു വള്ളിയും പോലെയുള്ള വിളവുകൾക്കു നേരെ തലനീട്ടുന്നതു ഇടയ്ക്കൊന്നു ശ്രദ്ധിച്ച്, തടഞ്ഞാൽ മതി. ബാക്കിസമയം വായിക്കാനും കളിക്കാനും കഥ പറയാനുമുള്ളതാണ്. ആ രസമോർത്താണ് അവർക്കൊപ്പം പോകുന്നതും.
പ്രീ ഡിഗ്രിക്കാരിയായ ചേച്ചി ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും പറയാൻ തുടങ്ങിയതെങ്ങനെയാണെന്ന് ഓർമയില്ല. കഥകൾ കേട്ടാലും കേട്ടാലും മതിവരാതെ പിന്നെന്തുണ്ടായി എന്നു സ്വൈര്യം കെടുത്തുന്ന പെൺകുട്ടി മിഴിച്ചിരുന്ന് അവർ പറഞ്ഞതൊക്കെ കേട്ടു. ചെറുനാരകങ്ങൾ ധാരാളമുള്ള ഇടമായിരുന്നു അത്. ആരോ ഒരാൾ കടുംപച്ച നാരങ്ങകൾ പറിച്ചു പുല്ലരിയാൻ കൊണ്ടുവന്ന അരിവാൾ കൊണ്ടു തൊലി ചീന്തിത്തന്നു. പുളിപ്പും നേരിയ കയ്പും മാത്രമുള്ള ആ നാരങ്ങകളുടെ മണവും രുചിയും പുരണ്ടതായിരുന്നു ഏറെക്കാലം യുദ്ധം എന്ന വാക്ക്. ഹിറ്റ്ലറെന്നും മുസ്സോളിനിയെന്നും ആറ്റംബോംബെന്നും ഹിരോഷിമയെന്നും നാഗസാക്കിയെന്നുമൊക്കെ അവർ പറഞ്ഞിട്ടുണ്ടാവും. അതൊന്നും ഓർമ്മയിലില്ല, പക്ഷേ ഇനി വരാനുള്ളത് മൂന്നാംലോക മഹായുദ്ധമാണെന്നും അത് വന്നു കഴിഞ്ഞാൽ ലോകം മുഴുവൻ നശിച്ചുപോകുമെന്നും പറഞ്ഞത് മനസ്സിൽ തറഞ്ഞു.
പുൽപ്പരപ്പിലൂടെ ഓടിയ മുയലുണ്ടാക്കിയ ഒച്ചയനക്കം കേട്ടു അയ്യോ മൂന്നാംലോകമഹായുദ്ധം വരുന്നേയെന്നു അലറിക്കരഞ്ഞത് ഏറെക്കാലം എല്ലാവർക്കും കളിയാക്കാനുള്ള വഴിയായി. ലോകത്തിൻ്റെ ഏതോ മൂലയിലിരിക്കുന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തെപ്പോലും ദഹിപ്പിക്കുന്ന ബോംബും അതിടാനിടയാക്കുന്ന യുദ്ധവും കുറെ ദിവസങ്ങളോളം ഭയപ്പെടുത്തിയിരുന്നു. ഏതു നിമിഷവും അതു പൊട്ടിപ്പുറപ്പെട്ടേക്കുമെന്നും എല്ലാവരും ആറ്റംബോംബു വീണ് ഇല്ലാതാവുമെന്നുമുള്ള ഭീതി അഞ്ചു വയസ്സിനു താങ്ങാൻ കഴിയാത്തതായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സ്വാഭാവികമായും അതു മറന്നു.
അഞ്ചു വയസ്സിൽ യുദ്ധമെന്ന വാക്കുണ്ടാക്കിയതിനേക്കാൾ ഇരട്ടിയായിരുന്നു ആൻ ഫ്രാങ്കിൻ്റെ ഡയറി തന്ന ആഘാതം.
പട്ടാളക്കാരനായിരുന്ന അച്ഛൻ്റെ സംസാരങ്ങളിൽ എപ്പോഴും കടന്നു വന്നിരുന്ന യുദ്ധം എന്ന വാക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത് പിന്നീടാണ്. പക്ഷേ അഞ്ചു വയസ്സിൽ കേട്ടത്രയും ആഘാതമുണ്ടാക്കാനായില്ല ആ വാക്കിന്. വളരെ ലഘുവായതും അപകടമില്ലാത്തതുമായ ഒന്നായിരുന്നു അച്ഛൻ്റെ കഥകളിലെ യുദ്ധം. ഇന്ത്യ പാക് യുദ്ധം, ബംഗ്ലാദേശ് യുദ്ധം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടിക്കാലത്തേ ധാരാളംകേട്ടിരുന്നുവെങ്കിലും അതൊന്നുമൊട്ടും ഭയപ്പെടുത്തിയില്ല.
രണ്ടു യുദ്ധങ്ങളിൽ പങ്കെടുത്ത ആൾ, കല്യാണത്തിനുവേണ്ടി ലീവിൽ വന്ന സമയത്ത്, കല്യാണം നിശ്ചയിച്ചതിനടുത്ത ദിവസം യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ലീവ് ക്യാൻസൽ ചെയ്തു തിരിച്ചുവിളിച്ചതും അങ്ങനെ കല്യാണം യുദ്ധം തീരുവോളം നീണ്ടുപോയതുമൊക്കെ ഞങ്ങൾക്ക് രസകരമായ കഥകളായിരുന്നു.
എവിടെയോ നടന്ന കാര്യങ്ങൾ, ഒരു മുത്തശ്ശിക്കഥ പോലെ, പണ്ടുപണ്ടു നടന്ന സംഭവങ്ങൾ എന്ന മട്ടിലേ അവയെക്കുറിച്ചു അക്കാലത്ത് ആലോചിച്ചിട്ടുള്ളൂ. ലക്ഷക്കണക്കിനു അഭയാർത്ഥികളെ സൃഷ്ടിച്ച യുദ്ധത്തിൻ്റെ ഭീകരത മനസ്സിലാക്കാനുള്ള പക്വത ആ പ്രായത്തിനുണ്ടായിരുന്നുമില്ല. ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞും ധാക്കയ്ക്കു സമീപമെങ്ങോ ഉള്ള ഗ്രാമത്തിലെ ഇന്ത്യൻ പട്ടാളക്യാമ്പിൽ കുറച്ചുകാലം കൂടി കഴിയേണ്ടിവന്നതും അവിടത്തെ കുളങ്ങളിലെ കലങ്ങിയ വെള്ളത്തിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് അച്ഛനടക്കമുള്ള കുറെ പട്ടാളക്കാർ ഡിസൻട്രി ബാധിച്ച് ആഴ്ചകളോളം കഷ്ടപ്പെട്ടതുമൊക്കെയാണ് അന്നു കൂടുതൽ സഹാനുഭൂതിയോടെ കേട്ടിരുന്നത്.
ആൻ ഫ്രാങ്കിൻ്റെ ഡയറിയെന്ന പുസ്തകം ലൈബ്രറിയിലെ ഈർപ്പം മണക്കുന്ന മരയലമാരകൾക്കിടയിൽ നിന്നു കിട്ടുന്നതു വരെ യുദ്ധം എന്ന വാക്കിൻ്റെ ക്രൗര്യം വളരെ വിദൂരമായ ഒന്നായിരുന്നു. പാഠപുസ്തകങ്ങളിൽ യുദ്ധത്തെക്കുറിച്ചു ധാരാളം കാര്യങ്ങളുണ്ട്. യുദ്ധത്തിൻ്റെ ചരിത്രവും രാഷ്ട്രീയവും നഷ്ടക്കണക്കുകളും കാണാതെ പഠിച്ചിട്ടുണ്ട്. യുദ്ധക്കളത്തിൻ്റെ സംഹാരാത്മകത കണ്ട് അഹിംസയിലേക്കു തിരിഞ്ഞ അശോക ചകവർത്തിയുടെ കഥ, യുദ്ധാനന്തര കുരുക്ഷേത്രഭൂമിയെ വാക്കുകൾ കൊണ്ടു വരച്ചിട്ട എഴുത്തച്ഛൻ്റെ ഗാന്ധാരീവിലാപം... അതൊക്കെയും പുസ്തകത്തിൽ മാത്രമുള്ളതായിരുന്നു. പക്ഷേ ആൻ ഫ്രാങ്കിൻ്റെ ഡയറി അതെല്ലാം മാറ്റിമറിച്ചു.
അഞ്ചു വയസ്സിൽ യുദ്ധമെന്ന വാക്കുണ്ടാക്കിയതിനേക്കാൾ ഇരട്ടിയായിരുന്നു ആൻ ഫ്രാങ്കിൻ്റെ ഡയറി തന്ന ആഘാതം. പതിമൂന്നു വയസ്സുള്ള പെൺകുട്ടിയുടെ മനോഹരവും സാധാരണവുമായ ജീവിതം മാറിമറിയുന്നതും ഒളിവിൽ പ്രാണഭയത്തോടെ കഴിയുമ്പോഴും പ്രത്യാശ വിടാതെ, തുറന്ന വിശാലമായ പുറം ലോകവും അതിൻ്റെ ഭംഗികളും തിരിച്ചുകിട്ടുമെന്നു വിചാരിക്കുന്നതും ഉൾക്കനത്തോടെ വായിച്ചു തീർത്തു. ജീവിതം നിരാശ നിറത്ത് ഇരുട്ടു മൂടുമ്പോഴൊക്കെയും പ്രതീക്ഷ കൈവിടരുത് എന്നു ആത്മവിശ്വാസമുണർത്തിക്കൊണ്ട് പുറം ലോകത്തെ വാർത്തകൾക്കു വേണ്ടി കാതോർത്തു റേഡിയോവിന്നരികിലിരിക്കുന്ന പതിമൂന്നുകാരി കണ്ണു നനയിച്ചു. ദാരിദ്ര്യവും ഭയവും കലഹങ്ങളും പ്രണയവുമെല്ലാം കൂടിക്കലർന്ന ഏതാനും മാസങ്ങളിലെ ഒളിജീവിതത്തിനൊടുവിൽ ആനും കുടുംബവും കണ്ടുപിടിക്കപ്പെടുന്നു, നാസി ക്യാമ്പിൽ ദുരിതങ്ങളനുഭവിച്ചു രോഗബാധിതയായി മരിക്കുന്നു.
മതവും രാഷ്ട്രീയവും അധികാരവും തെറ്റായ അനുപാതങ്ങളിൽ കൂട്ടിച്ചേർത്ത ഹിംസയുടെ പ്രയോഗമാണ് ഓരോ യുദ്ധവും. അതു പുറപ്പെടുന്നത് പല ദേശങ്ങളിൽ നിന്നാവാം, പല കാരണങ്ങളാവാം നിമിത്തം. പക്ഷേ എല്ലാറ്റിൻ്റെയും പാർശ്വഫലങ്ങൾക്ക് ഒരേ സ്വഭാവം.
യുദ്ധം സർവ്വനാശകാരിയാവുന്നത്, സന്തോഷങ്ങളെയും സമൃദ്ധികളെയും അപഹരിക്കുന്നത്, ഒരു മാത്ര കൊണ്ടു ഭൂമിയിലെ ഏറ്റവും അനാഥരും നിസ്സഹായരുമാക്കുന്നതെങ്ങനെയെന്നു ആ പുസ്തകം പഠിപ്പിച്ചുതന്നു. യുദ്ധത്തിൻ്റെ ഇരകളാവുന്നവരുടെ മരണത്തെക്കാൾ മരവിച്ച നിസ്സഹായത വെളിപ്പെടുത്തുന്ന പുസ്തകങ്ങൾ, ചിത്രങ്ങൾ, സിനിമകൾ... പിൽക്കാലത്തു വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. സ്വന്തം വീടുവിട്ട് കൂടാരങ്ങളിൽ താമസിക്കുന്നവരുടെ, സ്വന്തം മണ്ണു നഷ്ടപ്പെട്ടവരുടെ, സ്വന്തം ഭാഷയും സംസ്കാരവും അപഹരിക്കപ്പെടുന്നവരുടെ അറ്റമില്ലാത്ത ദുരന്തങ്ങൾ വേദനിപ്പിക്കുന്നു. മതവും രാഷ്ട്രീയവും അധികാരവും തെറ്റായ അനുപാതങ്ങളിൽ കൂട്ടിച്ചേർത്ത ഹിംസയുടെ പ്രയോഗമാണ് ഓരോ യുദ്ധവും. അതു പുറപ്പെടുന്നത് പല ദേശങ്ങളിൽ നിന്നാവാം, പല കാരണങ്ങളാവാം നിമിത്തം. പക്ഷേ എല്ലാറ്റിൻ്റെയും പാർശ്വഫലങ്ങൾക്ക് ഒരേ സ്വഭാവം.
ഹമാസ് തീവ്രവാദിയായി മുദ്രകുത്തപ്പെട്ട സഹലിൻ്റെയും സുഹൃത്ത് അഷേറിൻ്റെയും കെയർ ഗിവറായി ഇസ്രയാലിൽ ജോലി ചെയ്യുന്ന റൂത്തിൻ്റെയും അനുഭവങ്ങളാ വിഷ്കരിക്കുന്ന'ആ നദിയോടു പേരു ചോദിക്കരുത്’ എന്ന നോവലിൽ ഷീലാ ടോമിയുടെ കഥാപാത്രം പറയുന്നു, ‘ഞാൻ വായിച്ച കഥകളിലെ കുട്ടികൾ എന്നെപ്പോലെയല്ല. അവർ ബ്രഡ്ഡിനായി വരിയിൽ നിന്നിട്ടില്ല ... ഒരിക്കലും അവരൊന്നും അറിയില്ല, മുറിവേറ്റ കുഞ്ഞുമനുഷ്യരെ, ഭൂമിയോളം ഭാരമുള്ള മനസ്സുകളെ.’
കവികളുടെ നാട് ഹിംസയുടെ ഭൂമികയാവുന്നത് പ്രവചനസ്വഭാവത്തോടെ ആ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത് സമകാല സാഹചര്യത്തിൽ അതിശയപ്പെടുത്തും. 26 ദിവസം പിന്നിട്ട യുദ്ധം ഒരു രാജ്യത്തെ പകുതിയലധികം പേരെയും ആഭ്യന്തര അഭയാർത്ഥികളാക്കിയെന്നും 95% പേരെയും ദരിദ്രരാക്കിയെന്നും ഒൻപതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടതിൽ പകുതിയോളം പേർ കുഞ്ഞുങ്ങളാണെന്നുമൊക്കെ വായിക്കുമ്പോൾ അതു കേവലം പത്രവാർത്തയെന്നതിനപ്പുറം നഷ്ടപ്പെട്ട മനുഷ്യത്വത്തെക്കുറിച്ചുള്ള വേദനയാവുന്നു, യുദ്ധം ഏറ്റവും വെറുക്കപ്പെട്ടതും ഭയാനകവുമായ വാക്കാവുന്നു. തോറ്റവരാണ് യുദ്ധം ചെയ്യുന്നതെന്നു വീണ്ടും വീണ്ടും ഒരുപാടു പേർക്കൊപ്പം ഏറ്റു പറഞ്ഞുപോകുന്നു. മനുഷ്യരെന്ന നിലയിൽ പരാജയപ്പെട്ടവരാണ് യുദ്ധം കൊണ്ടു ജയിക്കാമെന്നു വ്യാമോഹിക്കുന്നത്. അതവരെ കൂടുതൽ പരാജിതരാക്കുകയാണ് ചെയ്യുന്നത്. പക്ഷേ അതിനൊപ്പം ലക്ഷക്കണക്കിനാളുകളെ അന്തമില്ലാത്ത വേദനയിലേക്കു തള്ളിയിടുകയും ചെയ്യുന്നു.
ഇന്ത്യ പാക് വിഭജനം, ബംഗ്ലാദേശിൻ്റെ വിമോചനത്തിനായുള്ള 1971-ലെ യുദ്ധം ഇവയുടെ പശ്ചാത്തലം വരുന്ന മുക്തിബാഹിനി എന്ന നോവലെഴുതുമ്പോഴാണ് കുട്ടിക്കാലത്ത് തമാശക്കഥയായി കേട്ട ആ യുദ്ധങ്ങളെക്കുറിച്ച് അന്വേഷിച്ചതും വായിച്ചതും, പട്ടാളക്കാർ നടത്തിയ യുദ്ധങ്ങളല്ല, യഥാർത്ഥ യുദ്ധമെന്നും സാധാരണക്കാരനുഭവിച്ച കെടുതികൾ സമം യുദ്ധം എന്നാണതിൻ്റെ സമവാക്യമെന്നും മനസ്സിലാക്കിയതും. വേറൊരു രാജ്യം തേടി പലായനം ചെയ്ത അഭയാർത്ഥികളും ആഭ്യന്തര അഭയാർത്ഥികളും ലക്ഷങ്ങളായിരുന്നു. അവരുടെ നഷ്ടങ്ങൾ കണക്കുകൾക്കതീതവും. ഭൗതികമായ സ്വത്തുവകകളുടെ നഷ്ടക്കണക്കുകൾ മാത്രമായിരുന്നില്ല അത്. തലമുറകളോളം നീണ്ടു നിൽക്കുന്ന, അല്ലെങ്കിൽ തലമുറകൾ അനുഭവിച്ചിട്ടും തീരാത്ത ദുരന്തങ്ങളെക്കുറിച്ചു വായിച്ചപ്പോൾ ഇങ്ങനെ എഴുതാതെ വയ്യെന്നായി.
"വിഭജനത്തിൻ്റെ, പലായനത്തിൻ്റെ, യുദ്ധങ്ങളുടെ രേഖീയമായ ദുരന്തങ്ങൾക്കു പുറത്തുള്ളവർ. അവരനുഭവിച്ച വേവലാതികളും പ്രാണപ്പിടച്ചിലുകളും ആരുമറിയുന്നില്ല. അവർ അതിജീവിതരെന്ന് എളുപ്പത്തിൽ മുദ്രകുത്തപ്പെടുന്നു. പക്ഷേ എന്തിനെയാണവർ അതിജീവിച്ചത്? ഓരോ നിമിഷവും ഉള്ളിൻ്റെയുള്ളിൽ ദ്രവിച്ചടർന്നു വീണുകൊണ്ടിരിക്കുന്ന മനുഷ്യർ. യുദ്ധത്തിൻ്റെ കണക്കെടുപ്പുകളിൽ കൊല്ലപ്പെട്ടവരും മുറിവേറ്റ വരും മാത്രമേയുള്ളൂ. മരിച്ചവരെ സംസ്കരിക്കാം, മുറിവേറ്റവരെ ചികിത്സിക്കാം. ഇതു രണ്ടു മല്ലാത്തവരെയോ? മുറിഞ്ഞിട്ടുണ്ട്, പക്ഷേ പുറമേക്ക് ഒന്നും കാണില്ല, മരിച്ചിട്ടുണ്ട് പക്ഷേ ശ്വസിക്കുന്നു. "
യുദ്ധം ഏറ്റവും ഭീതിദമായ വാക്കാണ്, അലിവും കരുണയും തീണ്ടാത്ത ഏറ്റവും വെറുക്കപ്പെടേണ്ട വാക്ക്. അതു നമ്മളിൽ നിന്ന് എല്ലാം കവർന്നെടുക്കുന്നു. പാലസ്തീൻ എഴുത്തുകാരനും പൊളിറ്റീഷ്യനുമായിരുന്ന ഖസ്സൻ കനാഫാനിയുടെ (Ghassan Kanafani) ഈ വരികൾ ഓരോ യുദ്ധകാലത്തും ജീവൻ വെച്ചുണരുന്നു, മനുഷ്യനെ ആഴത്തിൽ ദംശിക്കുന്നു. അതിൻ്റെ ആഘാതം താങ്ങാനാവാതെ നമ്മൾ പലവട്ടം മരിച്ചേക്കും.
"കുഞ്ഞുങ്ങൾ കൊല്ലപ്പെടാതിരുന്നെങ്കിൽ!
യുദ്ധം അവസാനിക്കും വരെ
അവർ ആകാശത്തേക്ക്
ഉയർത്തപ്പെട്ടിരുന്നെങ്കിൽ!
എന്നിട്ടവർ
സുരക്ഷിതരായി വീട്ടിലേക്കു
മടങ്ങിവരുമ്പോൾ
അവരുടെ അച്ഛനമ്മമാർ ചോദിക്കും,
നിങ്ങൾ എവിടെയായിരുന്നു?
അവരപ്പോൾ പറയും
ഞങ്ങൾ മേഘങ്ങൾക്കൊപ്പം
കളിക്കുകയായിരുന്നു.’’