കേരളത്തിലെ
അടുക്കള വരെയെത്തിയ യുദ്ധസംഘർഷം,
എങ്ങനെ നാം മറികടക്കും?

പശ്ചിമേഷ്യയിലെ സംഘർഷം കേരളത്തിലെ സാധാരണ ജനങ്ങളുടെ അടുക്കളയെയും കുടുംബ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഗൗരവകരമായ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഇതിന് എന്താണ് ഒരു പരിഹാരം?- ഡോ. ജെ രത്‌നകുമാർ, ഡോ. കെ. പി വിപിൻ ചന്ദ്രൻ എന്നിവർ എഴുതുന്നു.

ശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അനന്തമായി നീളുന്ന സാഹചര്യം കേരള സമ്പദ്‌വ്യവസ്ഥയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നാകും. ഗൾഫ് രാജ്യങ്ങളുമായുള്ള ആഴത്തിലുള്ള സാമ്പത്തികബന്ധം സംസ്ഥാനത്തേക്കുള്ള വിദേശനാണ്യപ്രവാഹത്തെയും ആഭ്യന്തര പണമൊഴുക്കിനെയും പ്രത്യക്ഷത്തിൽ സ്വാധീനിക്കും. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരുവിഭാഗവും ഇതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സാഹചര്യത്തിൽ റഷ്യ- യുക്രൈൻ യുദ്ധത്തിന് സമാനമായി ഈ യുദ്ധവും നീണ്ടുപോകാനുള്ള സാധ്യതയാണുള്ളത്. അങ്ങനെയെങ്കിൽ, നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റവും, തൊഴിൽനഷ്ടവും, പ്രവാസികളുടെ വലിയ തോതിലുള്ള തിരിച്ചുവരവും കൂടിയായാൽ പ്രതിസന്ധികളായിരിക്കും നമ്മളെ കാത്തിരിക്കുന്നത്. ഈ പ്രതിസന്ധികളെ ഒരു പരിധി വരെ എങ്ങനെ മറികടക്കാം എന്നതാണ് പ്രധാന വെല്ലുവിളി.

പ്രത്യാഘാതങ്ങൾ
മഹാമാരിയേക്കാൾ
ഭയാനകമോ?

യുദ്ധത്തിന്റെയും, കോവിഡിന്റെയും പരിണിതഫലങ്ങൾ തമ്മിൽ കൃത്യമായ സ്കെയിലിലൂടെ താരതമ്യം സാധ്യമല്ലെങ്കിൽ കൂടി, മനുഷ്യരുടെ ജീവനോപാധികളെ ഇല്ലാതാക്കുന്നതിലും ജനജീവിതം ദുഷ്‌കരമാക്കുന്നതിലും രണ്ടിനും സമാനപങ്കാണുള്ളത്. കോവിഡ്-19 ആഗോളതലത്തിലും ഇന്ത്യയിലും ആയുർദൈർഘ്യത്തിൽ വലിയ ഇടിവ് വരുത്തി. ഉദാഹരണമായി, 2019-നെ അപേക്ഷിച്ച്, 2020-ൽ 1.19 ദശലക്ഷം അധിക മരണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇത് നമ്മുടെ ആയുർദൈർഘ്യം രണ്ടര വയസ്സോളം കുറച്ചതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിൽ മരണങ്ങൾ ഉയരാനോ അത് യുദ്ധമേഖലയിലെ ആയുർദൈർഘ്യത്തിൽ കുറവ് വരുത്തുവാനോ ഉള്ള സാദ്ധ്യതകൾ വിരളമാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതും തൊഴിൽ നഷ്ടവും പൊതുകടം വർദ്ധിക്കുന്നതും പണപ്പെരുപ്പവും ആഗോള തലത്തിലുള്ള അരക്ഷിതാവസ്ഥയും എല്ലാ യുദ്ധത്തിന്റെയും മഹാമാരികളുടെയും ബാക്കിപത്രമാണ്.

ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ സാമൂഹിക- സാമ്പത്തിക പ്രത്യഘാതങ്ങൾ കോവിഡിനേക്കാൾ ഉയർന്ന തട്ടിൽ നിൽക്കാനാണ് സാധ്യത.

1980-നുശേഷം ഗൾഫ് മേഖലയിൽ മൂന്ന് പ്രധാന യുദ്ധങ്ങളുണ്ടായി. ആദ്യത്തേത് 1980-88 കാലഘട്ടത്തിൽ നടന്ന ഇറാൻ- ഇറാക്ക് യുദ്ധവും രണ്ടാമത്തേത് 1990-91-ൽ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചതുമാണ്. സദ്ദാം ഹുസൈനെ കീഴ്പ്പെടുത്താനായി അമേരിക്ക ഇറാഖിനെ 2003-ൽ ആക്രമിച്ചതാണ് മൂന്നാമത്തെ ഗൾഫ് യുദ്ധ സാഹചര്യം. ഒന്നിലധികം സഖ്യകക്ഷികൾ ചേരിതിരിഞ്ഞ് നടക്കുന്ന യുദ്ധമായതിനാൽ കഴിഞ്ഞ യുദ്ധങ്ങളെക്കാൾ നിലവിലെ യുദ്ധത്തിന്റെ തീവ്രത കൂടുതലാകാനാണ് സാദ്ധ്യതയേറെ. ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ഇൻ്റർനെറ്റ് കേബിളുകൾ തകർക്കുമെന്ന വാർത്ത ലോകരാജ്യങ്ങളെ ആശങ്കയുടെ മുൾമുനയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ, ഇന്റർനെറ്റ്- മൊബൈൽ കണക്ടിവിറ്റിയും ഓൺലൈൻ- ബാങ്കിങ് സേവനങ്ങളും ഇല്ലാതെ ലോകം ഒറ്റപ്പെടുന്നതിലേക്ക് പോലും കാര്യങ്ങളെത്താം. ഇക്കാരണങ്ങളാൽ, യുദ്ധത്തിന്റെ സാമൂഹിക- സാമ്പത്തിക പ്രത്യഘാതങ്ങൾ കോവിഡിനേക്കാൾ ഉയർന്ന തട്ടിൽ നിൽക്കാനാണ് സാധ്യത.

1980-നുശേഷം ഗൾഫ് മേഖലയിൽ മൂന്ന് പ്രധാന യുദ്ധങ്ങളുണ്ടായി. ആദ്യത്തേത് 1980-88 കാലഘട്ടത്തിൽ നടന്ന ഇറാൻ- ഇറാക്ക് യുദ്ധവും രണ്ടാമത്തേത് 1990-91-ൽ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചതുമാണ്.
1980-നുശേഷം ഗൾഫ് മേഖലയിൽ മൂന്ന് പ്രധാന യുദ്ധങ്ങളുണ്ടായി. ആദ്യത്തേത് 1980-88 കാലഘട്ടത്തിൽ നടന്ന ഇറാൻ- ഇറാക്ക് യുദ്ധവും രണ്ടാമത്തേത് 1990-91-ൽ ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചതുമാണ്.

കേരള സമ്പദ്‌വ്യവസ്ഥയും
ഗൾഫ് മേഖലയും

വിദേശരാജ്യങ്ങളിൽനിന്നുള്ള പണമയക്കൽ (remittances) കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്ത് ചെലുത്തിയ ഗുണപരമായ സ്വാധീനത്തിന് സമാനമായ സാഹചര്യം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല എന്നത് യാഥാർഥ്യമാണ്. അതിനാൽ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഓരോ ശരാശരി മലയാളിയേയും കുടുംബങ്ങളേയും പ്രത്യക്ഷമായോ, പരോക്ഷമായോ സ്വാധീനിക്കാത്ത സാഹചര്യങ്ങൾ വിരളമായിരിക്കും. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 2024 സാമ്പത്തിക വർഷം ഇന്ത്യയിലേക്കുള്ള പണമയക്കൽ 119 ബില്യൺ ഡോളറിൽ നിന്ന് 15% വർദ്ധിച്ച് 2025-ൽ 138 ബില്യൺ ഡോളറായി ഉയർന്നു. 2023-24-ൽ 3.74 ലക്ഷം കോടി രൂപയാണ് ജി.സി.സി (Gulf Cooperation Council) രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ഇത് ഇന്ത്യയിലേക്കുള്ള ആകെ പണമയക്കലിന്റെ 38% വരുമെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തിട്ടപ്പെടുത്തിയിരിക്കുന്നു.

ഇതിൽ 1.89 ലക്ഷം കോടി രൂപയോടെ (19.2 ശതമാനം) യു.എ.ഇ ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോൾ ഏറ്റവും കുറഞ്ഞ സംഭാവനയായ 0.15 ലക്ഷം കോടി (1.5%) എത്തിയത് ബഹ്റിനിൽ നിന്നാണ്. 2011-നും 2024-നുമിടയിൽ നമ്മുടെ രാജ്യത്തിന്റെ വ്യാപാരക്കമ്മിയുടെ ഏകദേശം 42% -ഓളം ലഘൂകരിക്കാൻ ഇത്തരം പണമയയ്ക്കൽ സഹായിച്ചു. രാജ്യത്തിന് ഗുണം നൽകുന്നതോടൊപ്പം വർദ്ധിച്ചുവരുന്ന വ്യാപാരക്കമ്മി നികത്താൻ കൂടി ഈ പണമയക്കൽ പ്രക്രിയ സഹായിച്ചതായി ആർ.ബി.ഐയും നിരീക്ഷിക്കുന്നു.

കേരളത്തിലെ പ്രവാസികളിൽ നാലിൽ മൂന്ന് പേരും ഗൾഫ് മേഖലയിലാണ്. ഗൾഫിൽ നിന്നുണ്ടാകുന്ന പണമയക്കൽ കുറവ് വരുന്നത് കേരളത്തിലെ കുടുംബങ്ങളുടെ ജീവിതനിലവാരത്തെ സ്വാധീനിക്കും.

1970-കളുടെ തുടക്കം മുതൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യാപകകുടിയേറ്റം തുടരുന്നു. എണ്ണ വിലവർദ്ധനവ് ഈ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവികസനം, നിർമ്മാണം, സേവനം, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളിലുണ്ടാക്കിയ തോഴിലവസരങ്ങൾ പലതും മലയാളിയെ തേടിയെത്തി.

നിലവിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലിൽ ഏറ്റവും വിഹിതം നേടിയ ആദ്യ മൂന്ന് സംസ്ഥാനങ്ങൾ മഹാരാഷ്ട്ര (20.5%), കേരളം (19.7%), തമിഴ്‌നാട് (10.4%) എന്നിവയാണ്. 2026-ലെ ജനസംഖ്യാ പ്രവചനകണക്കുകൾ പ്രകാരം മഹാരാഷ്ട്രയുടെ ജനസംഖ്യ 12.38 കോടിയും, തമിഴ്‌നാട്ടിലേത് 7.79 കോടിയുമാണ്. കേരളത്തിലെ 3.57 കോടി വരുന്ന ജനസംഖ്യയെ ഈ സംസ്ഥാനങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്താൽ, കേരളത്തേക്കാൾ ഇവരുടെ ജനസംഖ്യ യഥാക്രമം മൂന്നരമടങ്ങും രണ്ടുമടങ്ങും അധികമാണെന്ന് കാണാം. അതായത്, കുറഞ്ഞ അടിസ്ഥാന ജനസംഖ്യയിൽ നിന്നാണ് നമ്മുടെ സംസ്ഥാനത്തേക്കുള്ള ഉയർന്ന നിരക്കിലുള്ള കുടിയേറ്റവും, പണമയക്കലുമെന്ന് സാരം.

വിദേശരാജ്യങ്ങളിൽനിന്നുള്ള പണമയക്കൽ (remittances) കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്ത് ചെലുത്തിയ ഗുണപരമായ സ്വാധീനത്തിന് സമാനമായ സാഹചര്യം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല എന്നത് യാഥാർഥ്യമാണ്.
വിദേശരാജ്യങ്ങളിൽനിന്നുള്ള പണമയക്കൽ (remittances) കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗത്ത് ചെലുത്തിയ ഗുണപരമായ സ്വാധീനത്തിന് സമാനമായ സാഹചര്യം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല എന്നത് യാഥാർഥ്യമാണ്.

കേരളത്തിലെ പ്രവാസികളിൽ ഏകദേശം നാലിൽ മൂന്ന് പേരും ഗൾഫ് മേഖലയിലാണ് എന്നാണ് ചില പഠനങ്ങൾ നൽകുന്ന സൂചന. ഗൾഫിൽ നിന്നുണ്ടാകുന്ന പണമയക്കൽ കുറവ് വരുന്നത് കേരളത്തിലെ കുടുംബങ്ങളുടെ ജീവിത നിലവാരത്തെ സ്വാധീനിക്കും.

കേരള മൈഗ്രേഷൻ സർവ്വേ- 2023 പ്രകാരം ജി.സി.സി രാജ്യങ്ങളിലുള്ള ആകെ മലയാളികളുടെ എണ്ണം 22 ലക്ഷത്തിനടുത്തുവരും. അതിനാൽ, ഈ മേഖലയിൽ ഉണ്ടാകുന്ന ഏതൊരു അരക്ഷിതാവസ്ഥയും കേരളത്തെ പ്രത്യക്ഷമായും, പരോക്ഷമായും സ്വാധീനിക്കും എന്നത് നിസ്സംശയമാണ്. സംസ്ഥാനത്തേക്ക് 2024-ൽ മാത്രം എത്തിച്ചേർന്നത് 1.94 ലക്ഷം കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 17%- ഓളം വരും. കഴിഞ്ഞ 20 വർഷത്തിനിടയിൽ കേരളത്തിലേക്കുള്ള പണമയപ്പ് ശരാശരി ആറു ശതമാനത്തിന്റെ വാർഷിക വർദ്ധനവ് നേടിയതായി സംസ്ഥാന ആസൂത്രണ ബോർഡും സാധൂകരിക്കുന്നു. കൂടാതെ, 2015 മുതൽ 2022 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ കുടുംബ വരുമാനത്തിൽ ശരാശരി 15% വർദ്ധനവ് വരുത്താൻ വിദേശത്തുനിന്നുള്ള പണമയക്കലിനായി എന്നതും ശ്രദ്ധേയമായ കണ്ടെത്തലാണ്. ഈ സ്ഥിതിവിവരകണക്കുകളെല്ലാം കേരള സമ്പദ് വ്യവസ്ഥ വിദേശരാജ്യങ്ങളുമായി, പ്രത്യേകിച്ച്, ഗൾഫ് മേഖലയുമായി എത്രത്തോളം ഇഴചേർന്ന് നിൽക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ്.

പശ്ചിമേഷ്യയിലെ സമാധാനഭംഗം കേരളത്തിലെ സാധാരണ ജനങ്ങളുടെ അടുക്കളയെയും കുടുംബ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഗൗരവകരമായ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

വിദേശത്തുനിന്നുള്ള പണമയക്കലിന്റെ പ്രതിഫലനം വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വീടുനിർമ്മാണം, വിവാഹം, ദാരിദ്ര്യനിർമ്മാർജ്ജനം തുടങ്ങിയ സംസ്ഥാന വികസന മാതൃകയുടെ സമസ്ത മേഖലകളിലും ദൃശ്യമാണ്. അതിനാൽ, നമ്മളാർജ്ജിച്ച സർവ്വ പുരോഗതിയിലും ജി.സി.സി രാജ്യങ്ങളുടെ നിർലോഭമായ സംഭാവന വിസ്മരിക്കാനാവില്ല. പുതിയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി 2026-27-ലെ കേരള ബജറ്റിൽ സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ പ്രഖ്യാപിത വളർച്ചനിരക്കിലേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടും. എന്നാൽ യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഈ ലക്ഷ്യം കൈവരിക്കുക സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്കു മുന്നിലുള്ള വെല്ലുവിളിയാണെന്നത് അവഗണിക്കാനാവില്ല. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വളർച്ചയുടെ മുഖ്യ എഞ്ചിനായി പ്രവർത്തിക്കുന്ന ഗൾഫ് മേഖലയിലുണ്ടായ അരക്ഷിതാവസ്ഥ നമ്മുടെ മുൻപോട്ടുള്ള പ്രയാണത്തെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

കേരള മൈഗ്രേഷൻ സർവ്വേ- 2023 പ്രകാരം ജി.സി.സി രാജ്യങ്ങളിലുള്ള ആകെ മലയാളികളുടെ എണ്ണം 22 ലക്ഷത്തിനടുത്തുവരും. അതിനാൽ, ഈ മേഖലയിൽ ഉണ്ടാകുന്ന ഏതൊരു അരക്ഷിതാവസ്ഥയും കേരളത്തെ പ്രത്യക്ഷമായും, പരോക്ഷമായും സ്വാധീനിക്കും എന്നത് നിസ്സംശയമാണ്.
കേരള മൈഗ്രേഷൻ സർവ്വേ- 2023 പ്രകാരം ജി.സി.സി രാജ്യങ്ങളിലുള്ള ആകെ മലയാളികളുടെ എണ്ണം 22 ലക്ഷത്തിനടുത്തുവരും. അതിനാൽ, ഈ മേഖലയിൽ ഉണ്ടാകുന്ന ഏതൊരു അരക്ഷിതാവസ്ഥയും കേരളത്തെ പ്രത്യക്ഷമായും, പരോക്ഷമായും സ്വാധീനിക്കും എന്നത് നിസ്സംശയമാണ്.

കേരള സമ്പദ് വ്യവസ്ഥയിലെ പ്രത്യഘാതങ്ങൾ

ലഭ്യമായ വിവരങ്ങൾ പ്രകാരം, നിർമ്മാണം, ആരോഗ്യ- സേവന മേഖല, എണ്ണവ്യവസായം തുടങ്ങിയ മേഖലകളിലാണ് മലയാളികൾ കൂടുതലായി പണിയെടുക്കുന്നത്. യുദ്ധാവസ്ഥയുടെ പരിണിതഫലങ്ങളായ സുരക്ഷാഭീഷണി, സാമ്പത്തികമാന്ദ്യം എന്നിവ അവസരങ്ങൾ ഇല്ലതാക്കുകയും തൊഴിൽ നഷ്ടമുണ്ടാക്കുകയും ചെയ്യും. ഇത് കേരളത്തിലേക്കുള്ള വിദേശനാണ്യ വരുമാന പ്രവാഹത്തേയും നമ്മുടെ ഉപഭോഗാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെയും തകിടം മാറിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.

പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകൾ പ്രകാരം ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്കറ്റിന്റെ ശരാശരി ബാരൽ വില 2026 ഫെബ്രുവരിയിൽ 69.01 ഡോളർ ആയിരുന്നത് 2026 മാർച്ച് പകുതി പിന്നിടുമ്പോൾ 114.08 ഡോളറായി ഉയർന്നു. അതിനാൽ, പെട്രോളിയം കമ്പനികൾക്ക് പെട്രോൾ- ഡീസൽ വില ഉയർത്താതെ എത്രനാൾ മുന്നോട്ട് പോകാനാകും എന്നത് വലിയ ചോദ്യചിഹ്നമാണ്. എണ്ണവില വർദ്ധിക്കുന്നത് കടത്തുകൂലിയും ഉത്പാദനച്ചെലവും ഉയർത്തുകയും അതുവഴി കേരളത്തിലെ ജീവിതച്ചെലവും വിലക്കയറ്റവും ഉയരാൻ ഇടയാക്കുകയും ചെയ്യും. കേരളം ഉപഭോഗാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായതിനാൽ ഇന്ധനവില ഉയരുന്നത് സേവന- വിനോദസഞ്ചാര- ഗതാഗത സംവിധാനങ്ങളെ ബാധിക്കുകയും തൊഴിൽ നഷ്ടമുണ്ടാക്കുകയും ചെയ്യാം. ചുരുക്കത്തിൽ, ലോകം തന്നെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയാൽ കേരളത്തിന് മാത്രമായി ഒറ്റപ്പെട്ട് നിൽക്കാനാവില്ല.

കേരളം പോലെ 100 ശതമാനം പാചകവാതക സാന്ദ്രതയുള്ള സംസ്ഥാനത്ത്, സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതും വില കൂടുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സ്തംഭിപ്പിക്കും.

ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യം കേരളത്തിൽ നിന്നുള്ള വ്യാപാരത്തിലും കയറ്റുമതിയിലും പ്രതിഫലിക്കും. കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ദിനംതോറും വലിയ തോതിൽ ഭക്ഷ്യ- കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തുവരുന്നു. എന്നാൽ, വിമാന സർവീസുകൾ റദ്ദാക്കുകയും ഗതാഗത തടസ്സമുണ്ടാകുകയും ചെയ്തതോടെ പലതരം ഉൽപ്പന്നങ്ങളുടെയും കയറ്റുമതി തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇത് കർഷകരുടെയും വ്യാപാരികളുടെയും വരുമാനത്തെ പ്രതികൂലമായി ബാധിക്കും, അവർ മറ്റു വിപണന കമ്പോളങ്ങൾ കണ്ടെത്തേണ്ടതായി വരും. ഉദാഹരണമായി, യുദ്ധത്തിന്റെ പാശ്ചാത്തലത്തിൽ ഏലയ്ക്കയ്ക്ക് വലിയ വിലയിടിവ് സംഭവിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചു. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നത് തൊഴിൽനഷ്ടവും സർക്കാരിന് ലഭിക്കേണ്ട നികുതിവരുമാനത്തിൽ കുറവുമുണ്ടാക്കും. ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ മാതൃ സംസ്ഥാനത്തേക്ക് തിരിച്ചുപോകുന്നതിനും വഴിതെളിയിക്കും.

ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചു. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നത് തൊഴിൽനഷ്ടവും സർക്കാരിന് ലഭിക്കേണ്ട നികുതിവരുമാനത്തിൽ കുറവുമുണ്ടാക്കും.
ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചു. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നത് തൊഴിൽനഷ്ടവും സർക്കാരിന് ലഭിക്കേണ്ട നികുതിവരുമാനത്തിൽ കുറവുമുണ്ടാക്കും.

ജനജീവിതം വറചട്ടിയിൽ നിന്ന് എരിതീയിലേക്കോ?

പശ്ചിമേഷ്യയിലെ സമാധാനഭംഗം കേരളത്തിലെ സാധാരണ ജനങ്ങളുടെ അടുക്കളയെയും കുടുംബ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഗൗരവകരമായ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കായി പ്രധാനമായും നാം ആശ്രയിക്കുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ്. രാജ്യത്തിന്റെ എൽ.പി.ജി ആവശ്യകതയുടെ ഏകദേശം 60-65%- വും ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 85%-വും ഈ മേഖലയെ ആശ്രയിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ധനത്തിലെ അമിത ആശ്രയത്വം ഈ മേഖലയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും നമ്മുടെ ഇന്ധന- പാചകവാതക വിലകളിൽ പ്രതിഫലിക്കാം. ഇത് നമ്മുടെ കുടുംബ ബഡ്ജറ്റിനെ എങ്ങനെ താളം തെറ്റിക്കാൻ പോകുന്നു എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

നിലവിൽ ഇന്ധനവിതരണശൃംഖലയിലെ തടസ്സങ്ങളാണ് നമുക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. ആഗോളതലത്തിൽ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനും വിതരണത്തിൽ കൂടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനും കാരണമാകും. ഗൾഫ് മേഖലയിലെ എണ്ണപ്പാടങ്ങൾക്ക് നേരെയുള്ള ആക്രമണം ഇന്ധന ഉല്പാദന- വിതരണ രംഗത്തെ ബാധിക്കുന്നതും വിലവർദ്ധനവിനു കാരണമാകും. എണ്ണപ്പാടങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ എണ്ണയുടെ ദീർഘകാല ഉല്പാദനത്തെപ്പോലും സ്വാധീനിക്കാം. കേരളം പോലെ 100 ശതമാനം പാചകവാതക സാന്ദ്രതയുള്ള സംസ്ഥാനത്ത്, സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതും വില കൂടുന്നതും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ സ്തംഭിപ്പിക്കും. സബ്‌സിഡി വെട്ടിക്കുറച്ച സാഹചര്യത്തിൽ വിപണിവിലയിലുണ്ടാകുന്ന നേരിയ വർധനവ് പോലും മാസവരുമാനത്തിന്റെ വലിയൊരു ശതമാനം ഇന്ധനത്തിനായി നീക്കിവെക്കേണ്ട അവസ്ഥയുണ്ടാക്കും.

2026 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ സീരിസ് പ്രകാരം തെലങ്കാന (4.92%) രാജ്യത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനമാകുമ്പോൾ കേരളം (3.67%) രണ്ടാം സ്ഥാനത്താണ്. അതേസമയം പണപ്പെരുപ്പത്തിന്റെ ദേശീയ ശരാശരി 2.75% മാത്രമാണ്.

പാചകവാതക ​പ്രതിസന്ധി കേരളത്തിലെ കുടുംബങ്ങളെ വീണ്ടും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് (പ്രത്യേകിച്ച് വിറകടുപ്പുകളിലേക്ക്) തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ ചാണകമടക്കമുള്ള പരമ്പരാഗത സ്രോതസുകളിലേക്ക് തിരിഞ്ഞാലും അത്ഭുതപ്പെടാനില്ല.

കേരളത്തിന്റെ തനതായ ഉപഭോഗസംസ്കാരം ഈ പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. എണ്ണവില ഉയരുന്നത് ചരക്കുനീക്കത്തിനുള്ള ചെലവ് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കും. ഇത് ഒരു 'കാസ്കേഡിംഗ് ഇഫക്റ്റ് (Cascading effect) സൃഷ്ടിക്കുകയും കുടുംബങ്ങളുടെ മൊത്തത്തിലുള്ള വാങ്ങൽശേഷി കുറയ്ക്കുകയും ചെയ്യുന്നു. ഗ്യാസ്- പലചരക്ക് സാധന വില ഒരേപോലെ ഉയരുമ്പോൾ ഗൃഹബജറ്റിലെ മുൻഗണനകൾ മാറ്റാൻ നിർബന്ധിതരാകും. ഇത്തരം സാഹചര്യങ്ങളിൽ കൂലിവർദ്ധനയടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ടു വെക്കാൻ തൊഴിലാളികൾ നിർബന്ധിതരാകും. പാചകവാതക പ്രതിസന്ധി നേരിടാനായി ഇലക്ട്രിക്കൽ ഉപകരണങ്ങളെ ആശ്രയിക്കുന്നത് സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം ക്രമാതീതമായി വർദ്ധിപ്പിക്കും.

ഈ സാമ്പത്തിക സമ്മർദ്ദം കേരളത്തിലെ കുടുംബങ്ങളെ വീണ്ടും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് (പ്രത്യേകിച്ച് വിറകടുപ്പുകളിലേക്ക്) തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഉണങ്ങിയ ചാണകമടക്കമുള്ള പരമ്പരാഗത സ്രോതസുകളിലേക്ക് തിരിഞ്ഞാലും അത്ഭുതപ്പെടാനില്ല. എന്നാൽ, വിലക്കയറ്റത്തിനുമുന്നിൽ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥ സാധാരണക്കാരെ ഇത്തരം തീരുമാനങ്ങളിലേക്ക് എത്തിക്കുന്നു. 'ക്ലീൻ എനർജി’ എന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സാമ്പത്തികലാഭം നൽകുമെങ്കിലും അത് ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കും. ഇത് ആസ്തമ, ബ്രോങ്കൈറ്റിസ് മുതലായ ശ്വാസകോശ രോഗങ്ങൾ വരാനുള്ള സാദ്ധ്യതകൾ ഉയർത്തുകയും ചെയ്യും. ഇടുങ്ങിയ മുറികളുള്ള വീടിനുള്ളിലെ വായു മലിനീകരണത്തോത് ഇത് ഗണ്യമായി വർദ്ധിപ്പിക്കും. ഈ സാഹചര്യം കുട്ടികൾക്കും ഗർഭിണികൾക്കും വയോധികർക്കും ഒരുപോലെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ആരോഗ്യ പ്രശ്നങ്ങൾ ഒട്ടും സൃഷ്ടിക്കാത്ത പാചക വാതകത്തിൽനിന്ന് വിറകിലേക്കുള്ള ചുവടുമാറ്റം ആധുനിക കേരളം കൊട്ടിഘോഷിച്ച സാമൂഹിക പുരോഗതിയ്ക്ക് മങ്ങലേൽപ്പിക്കാം.

ആഗോളതലത്തിൽ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനും വിതരണത്തിൽ കൂടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനും കാരണമാകും.
ആഗോളതലത്തിൽ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനും വിതരണത്തിൽ കൂടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനും കാരണമാകും.

പോംവഴികൾ?

മാറുന്ന ആഗോള സാഹചര്യത്തിൽ സാമ്പത്തികമായ ചുരുക്കൽ നടപടികളിലേക്ക് ഓരോരുത്തരും കടക്കേണ്ടിവരുമെന്നത് വ്യക്തമാണ്. ഈ അവസ്ഥയെ താൽക്കാലിക പ്രശ്നമായി കാണാതെ, ദീർഘകാല പ്രതിസന്ധിയായി കണ്ട് സർക്കാർ തലത്തിൽ ശക്തമായ പ്രതിരോധവും ശമനനടപടികളും സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര സംഘർഷങ്ങൾ കേരളത്തിലെ അടുക്കളകളിലെ ചെലവുകൾ നിയന്ത്രണാതീതമാകാതിരിക്കാൻ സമഗ്രമായ നയരൂപരേഖ തയ്യാറാക്കേണ്ടതുണ്ട്.

ഇറക്കുമതിയിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനായി സോളാർ എനർജി, പി.എം. സൂര്യഘർ പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് കുക്കിംഗ്, എനർജി എഫിഷ്യൻ്റ് ഉപകരണങ്ങൾ എന്നിവ വ്യാപകമായി പ്രചരിപ്പിക്കണം. കൂടാതെ, ആഗോള എണ്ണവില വ്യതിയാനങ്ങളിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ ഇന്ധന നികുതികളിൽ യുക്തിസഹമായ ഇളവുകൾ നൽകുന്നതും, തന്ത്രപ്രധാനമായ പെട്രോളിയം ശേഖരങ്ങൾ ശക്തിപ്പെടുത്തുന്നതും പരിഗണിക്കേണ്ടതാണ്.

ഊർജ ഉറവിടങ്ങളുടെ വൈവിധ്യവൽക്കരണവും മിതമായ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും കൂടുതൽ പ്രചാരത്തിലാക്കുന്നത് നിർണായകമാണ്.

സുരക്ഷിതമായ വ്യാപാരമാർഗങ്ങൾ ഉറപ്പാക്കൽ, സമതുലിതമായ നയതന്ത്രബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ എന്നിവയും അനിവാര്യമാണ്. വിദേശനാണ്യ വരുമാനത്തോടുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനായി പ്രാദേശിക ഉത്പാദനം, സേവനമേഖല, നൂതന വ്യവസായങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്ന ദീർഘകാല വികസന തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ട്.


Summary: West Asia conflict is severely affecting Kerala households’ kitchens and budgets. What is the solution? – Dr. J. Ratnakumar & Dr. K. P. Vipin Chandran.


ഡോ. ജെ. രത്‌നകുമാർ

തിരുവനന്തപുരം ഐ.ഐ.എം.ഡിയിലെ സീനിയർ വിസിറ്റിംഗ് റിസർച്ച് ഫെലോ.

ഡോ. കെ.പി വിപിൻ ചന്ദ്രൻ

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വനിതാ കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി. വികസന സാമ്പത്തിക ശാസ്ത്രം, ഹെൽത്ത് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നീ മേഖലകളിൽ വിദഗ്ദ്ധനാണ്.

Comments