ചൈനയുടെ നേതൃത്വത്തിൽ 2025 മെയ് 30-ന് രൂപീകരിച്ച ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ എന്ന സംഘടന, ചൈന ആഗോള തലത്തിൽ നേടിയ സോഫ്റ്റ് പവറിന്റെ വിജയമായി വേണം കണക്കാക്കാൻ. അന്താരാഷ്ട്ര തലത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും മധ്യസ്ഥത വഹിക്കാനും പ്രശ്നപരിഹാരത്തിലേക്ക് എത്തിക്കുവാനും ഉതകുന്ന ഒരു അന്തർ സർക്കാർ നിയമ സംഘടന ലോകത്ത് ആദ്യമായി ഹോങ് കോങ്ങിൽ സ്ഥാപിതമായിരിക്കുന്നു. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വിവിധ വിഷയങ്ങളെ ചൊല്ലി അഭിപ്രായഭിന്നത ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഈ താൽപ്പര്യങ്ങളുടെ വൈരുദ്ധ്യം പരിഹരിക്കപ്പെടാതെ വിട്ടാൽ ഒരു പക്ഷെ അത് ലോകസമാധാനത്തെ തന്നെ ബാധിച്ചേക്കാം. പലസ്തീനിൽ നടക്കുന്നത് പോലെയുള്ള ദയനീയമായ സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടാം. നിഷ്പക്ഷ മധ്യസ്ഥതയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിച്ചാൽ അതായിരിക്കും മനുഷ്യ സമൂഹത്തിന് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സംഭാവന. ഒരു തർക്കം പരിഹരിക്കാൻ ശ്രമിക്കുമ്പോൾ നിക്ഷ്പക്ഷത എന്നതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് മധ്യസ്ഥരുടെ സ്ഥിരതയും വിശ്വാസ്യതയും. ആഗോള ശക്തിയായ ചൈനയ്ക്ക് ഇത് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. പുതിയ മധ്യസ്ഥ സംഘടന രൂപീകരിക്കുവാനുള്ള ചൈനയുടെ നീക്കം ഐക്യ രാഷ്ട്ര സംഘടന, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിങ്ങനെയുള്ള പടിഞ്ഞാറ് കേന്ദ്രീകരിച്ചുള്ള വ്യവസ്ഥാപിത ലോക സംഘടനകളോടുള്ള വെല്ലുവിളിയായും കണക്കാക്കാവുന്നതാണ്.
IOMed -യുടെ (International Organisation for Mediation) പ്രാരംഭ ഘട്ടം എന്ന നിലയിൽ നിലവിൽ 19 രാജ്യങ്ങളാണ് ഈ കൂട്ടായ്മയിൽ അംഗത്വം എടുത്തിട്ടുള്ളത്. ഇതിൽ ഏഷ്യയിൽ നിന്നുള്ള ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീങ്ങനെ ഏഴ് രാജ്യങ്ങൾ, ആഫ്രിക്കയിൽ നിന്നുള്ള ജിബൂട്ടി ഉൾപ്പടെയുള്ള 10 രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. സെർബിയയും ബെലാറസ്സുമാണ് യൂറോപ്പിൽ നിന്നും ഈ നവ ഉദ്യമത്തിന്റെ ഭാഗമായത്. ഈ കൂട്ടായ്മയുടെ ആസ്ഥാനം ഹോങ്കോങ് ആയിരിക്കും. ഗവേർണിംഗ് കൗൺസിൽ, സെക്രട്ടേറിയറ്റ്, സെക്രട്ടറി ജനറൽ എന്നിവ ഉൾപ്പെടുന്നതാണ് ഈ ആഗോള മധ്യസ്ഥത കൂട്ടായ്മയുടെ ഘടന. രാഷ്ട്രങ്ങൾ തമ്മിലുള്ളതും, ഒരു രാജ്യവും മറ്റൊരു രാജ്യത്തെ പൗരരും തമ്മിലുമുള്ള തർക്കങ്ങൾ, അന്താരാഷ്ട്ര വാണിജ്യ തർക്കങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് നേതൃത്വം വഹിക്കുവാൻ ഈ സംഘടനയ്ക്ക് കഴിയും. എന്നാൽ ഇത് സാധ്യമാകുവാൻ കക്ഷികളുടെ സ്വമേധയാ ഉള്ള സമ്മതം ആവശ്യമാണ്. അതിൽ തന്നെ മധ്യസ്ഥതയ്ക്ക് വിധേയമാകാത്ത, അല്ലെങ്കിൽ വിധേയമാക്കാൻ താൽപ്പര്യം ഇല്ലാത്ത തർക്ക വിഷയങ്ങൾ ഉദാഹരണത്തിന്, രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ രാജ്യങ്ങൾക്ക് പ്രഖ്യാപിക്കാം.

ഇത്തരമൊരു അന്തർ-സർക്കാർ സംഘടന രൂപീകരിച്ചതിലൂടെ ചൈനയ്ക്ക് തങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാൻ സാധിച്ചു എന്നത് അംഗീകരിക്കേണ്ട കാര്യമാണ്. ലോക പോലീസ് ചമയുന്ന അമേരിക്കയും ലിബറൽ ജനാധിപത്യത്തിന്റെ ഈറ്റില്ലമായ യൂറോപ്പും മധ്യപൂർവ പ്രദേശത്തെ ഒരേയൊരു ജനാധിപത്യ രാജ്യം എന്ന അവകാശവാദം ഉന്നയിക്കുന്ന ഇസ്രയേലും കാറ്റ് വിതച്ചു കൊടുങ്കാറ്റ് വിളവെടുക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോൾ ലോകരാജ്യങ്ങളാൽ ജനാധിപത്യമില്ലാത്തവർ എന്ന പഴി കേൾക്കുന്ന ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ഈ പ്രശ്നപരിഹാര സംവിധാന രൂപീകരണനീക്കം ഏറെ പ്രശംസനീയമാണ്.
പലസ്തീൻ പ്രശ്നം പോലെയുള്ള നിർണ്ണായക വിഷയങ്ങളിൽ പോലും ഐക്യരാഷ്ട്രസഭയ്ക്കോ മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങൾക്കോ കാര്യമായി ഒന്നും ചെയ്യുവാൻ സാധിക്കാത്ത ഈ ഘട്ടത്തിൽ ചൈനയുടെ നേതൃത്വത്തിലുള്ള ഉദ്യമത്തിന് പ്രസക്തി ഏറുകയാണ്. ഐക്യരാഷ്ട്ര സംഘടനയും അതിന്റെ പരിവാരങ്ങളും ഏതാണ്ട് പൂർണമായും പടിഞ്ഞാറൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും തിട്ടൂരങ്ങൾക്ക് വിധേയപ്പെട്ട് നിൽക്കുകയാണ്. വിലക്കുകളുടെയും ഉപരോധങ്ങളുടെയും മറവിൽ വികസ്വര രാജ്യങ്ങളെ വികസിത രാജ്യങ്ങൾ വട്ടം ചുറ്റിക്കുമ്പോഴും പെരിഫെറൽ രാജ്യങ്ങളിൽ നിന്നുള്ള ധാതുവിഭവങ്ങളും മനുഷ്യരെയും ഉൾപ്പടെ ചൂഷണം ചെയ്യുമ്പോഴും കുറ്റകരമായ മൗനം പാലിക്കുന്ന വ്യവസ്ഥാപിത പ്രസ്ഥാനങ്ങൾ ഏറെക്കുറെ കാലഹരണപ്പെട്ടു എന്ന് പറഞ്ഞാലും തെറ്റില്ല. ഈ സാഹചര്യത്തിൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ എന്ന ഈ നവ സംഘടനയ്ക്ക് വലിയ റോളുണ്ട്.

ചൈനയുടെ സമീപകാല മധ്യസ്ഥ നീക്കങ്ങൾ പലതും വിജയമായിരുന്നു. ബദ്ധവൈരികളായി നിഴൽ യുദ്ധം നടത്തിയിരുന്ന ഇറാനും സൗദി അറേബ്യയുമായി ബെയ്ജിങ്ങിൽ വെച്ച് നടത്തിയ ചർച്ച പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വമികവ് കൂടിയാണ് തെളിയിക്കുന്നത്. അതിന് ശേഷം പതിനാലോളം പലസ്തീൻ വിഭാഗങ്ങളെ പതിറ്റാണ്ടുകൾ നീണ്ടുനിന്ന അഭിപ്രായ ഭിന്നതകൾ വകഞ്ഞുമാറ്റി ഒരുമിപ്പിച്ചു ചേർത്തു നിർത്തിക്കൊണ്ട് പലസ്തീൻെറ ചെറുത്തു നിൽപ്പിനെ ഉറപ്പിച്ച ചൈനീസ് ഇടപെടൽ ലോകമെമ്പാടും അധിനിവേശത്തിനെതിരെ പോരാടുന്നവർക്ക് ആവേശം പകരുന്ന ഒന്നാണ്. താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്‌ഗാനിസ്ഥാനിലും പട്ടാള ഭരണത്തിന് കീഴിലുള്ള മ്യാൻമറിലും ചൈനയുടെ മധ്യസ്ഥ ഇടപെടലുകൾ നടന്നിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് ലോകസമാധാനം ഉറപ്പാക്കുവാൻ മധ്യസ്ഥ വഹിക്കുവാൻ ഒരു സംഘടന തുടങ്ങുവാനും അതിനെ ഏറ്റവും മികവുറ്റ രീതിയിൽ കൊണ്ടുപോകുന്നതിനും കെൽപ്പുള്ള രാജ്യമാണ് ചൈനയെന്നാണ്.
ചൈനയുടെ പുതിയ നീക്കം ഏറ്റവും ഗുണകരമാവുന്നത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും ആഗോള ദക്ഷിണ രാജ്യങ്ങളെയാണ്. അന്താരാഷ്ട്ര തലത്തിൽ ഈ രാജ്യങ്ങളുടെ ശബ്ദവും ആവശ്യങ്ങളും പ്രതിഷേധങ്ങളും എത്തിക്കുവാൻ സംഘടനയ്ക്ക് സാധിക്കും. ഇതിന് കൂടുതൽ രാജ്യങ്ങൾ ഈ സംവിധാനത്തിലേക്ക് എത്തേണ്ടിയിരിക്കുന്നു. ഒരു സംഘടനയ്ക്കോ അല്ലെങ്കിൽ കൂട്ടായ്മയ്ക്കോ ആധികാരികത വർധിക്കുന്നത് അതിനെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുമ്പോഴാണ്. ഇതേ മാനദണ്ഡം ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ എന്ന നിയമ-പ്രശ്ന പരിഹാര സംഘടനയ്ക്കും ബാധകമാണ്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, മധ്യപൂർവ പ്രദേശത്തെ UAE ഉൾപ്പടെയുള്ള രാജ്യങ്ങൾ എന്നിവയുടെ ഇതിനോടുള്ള സമീപനം ഏറെ നിർണായകമാണ്. വളർന്നുവരുന്ന ലോകശക്തിയായ ഇന്ത്യ ഈ സംഘടനയെ എങ്ങനെ വിലയിരുത്തും എന്നതും നിർണായകമാണ്. ചൈന പണ്ട്, ഷാങ്ഹായി കോപ്പറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ചപ്പോൾ ആദ്യം മാറിനിൽക്കുകയും പിന്നീട് അംഗത്വം എടുക്കുകയും ചെയ്തത് പോലെ, ഒരുപക്ഷെ ഈ കൂട്ടായ്മയിലും ഭാവിയിൽ ഇന്ത്യ സഹകരിച്ചേക്കാം. SCO-യിലും IOmedലും പാക്കിസ്ഥാൻ അംഗമാണ്. അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാന് ഒരു തരത്തിലുള്ള മേൽക്കൈയും അനുവദിക്കാതിരിക്കുക എന്ന തീരുമാനവുമായി മുന്നോട്ട് നീങ്ങിയാൽ ഈ സംഘടനയിൽ ഇന്ത്യയുമുണ്ടാവും.

IOmed-ന്റെ ആസ്ഥാനമന്ദിരം ഹോങ്കോങ്ങിൽ തന്നെ തുറക്കുവാനുള്ള നീക്കം ഒരു ചൈനീസ് ബുദ്ധിയാണ്. ഹോങ്കോങ് എന്നത് പീപ്പിൾസ് റിപ്പബ്ലിക്ക് ചൈനയിലേക്കുള്ള ഒരു വാതായനമാണ്. അതേസമയം, ചൈനയും ഹോങ്കോങ് ഭരണകൂടവും തമ്മിലുള്ള അതിർത്തി, ആഭ്യന്തര വിഷയങ്ങൾ നിലനിൽക്കുന്നത് പടിഞ്ഞാറൻ സമൂഹവും അമേരിക്കയും ഈ പുതിയ സംരംഭത്തെ അടിക്കുവാനുള്ള ഒരു വടിയായി ഉപയോഗിച്ചേക്കാം. എന്നിരുന്നാലും അന്താരാഷ്ട്ര തലത്തിൽ നിയമ സംവിധാനത്തിനും പ്രശ്നപരിഹാരത്തിനും വേണ്ടി ഒരു പകരം സംവിധാനം അല്ലെങ്കിൽ രണ്ട് പക്ഷങ്ങൾ തമ്മിൽ ഉണ്ടാവുന്ന തർക്കങ്ങൾക്ക് ഒരു പോംവഴി കണ്ടെത്താൻ ഒരു ബദൽ മാർഗ്ഗം ചൈനയുടെ നേതൃത്വത്തിൽ രൂപം കൊണ്ട് കഴിഞ്ഞു. ആ ഉദ്യമത്തിൽ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മീഡിയേഷൻ എന്ന സംഘടന എത്രകണ്ട് വിജയിക്കും എന്നത് ലോകസമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഈ സംഘടന അതിന്റെ ബാലാരിഷ്ടകളെ അതിജീവിച്ചു മുന്നോട്ട് വന്നാൽ അത് ഒരു പുത്തൻ ചരിത്രത്തിന് വഴിതെളിക്കും എന്ന് തീർച്ച.