ആഗോള രാഷ്ട്രീയ സംഘർഷങ്ങളും വിതരണ ശൃംഖലകളിലെ പ്രതിസന്ധികളും ശക്തമാകുമ്പോൾ ലോകം ശ്രദ്ധിക്കുന്ന പ്രധാന സംവിധാനങ്ങളിൽ ഒന്നാണ് അമേരിക്കയുടെ സ്ട്രറ്റീജിക് പെട്രോളിയം റിസർവ് (Strategic Petroleum Reserve – SPR). വെറുമൊരു സംഭരണ കേന്ദ്രമല്ല ഇത്; അമേരിക്കയുടെ ഊർജ്ജസുരക്ഷയുടെയും സാമ്പത്തിക പ്രതിരോധത്തിന്റെയും നിർണായക ഘടകമാണ്. ആഗോള എണ്ണവിപണിയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വിലക്കയറ്റത്തെയും വിതരണ തടസ്സങ്ങളെയും നേരിടാൻ അമേരിക്കയ്ക്ക് ഉള്ള ഏറ്റവും വലിയ അടിയന്തര ഊർജ്ജ ശേഖരമാണ് SPR.
എങ്ങനെ ആരംഭിച്ചു?
1973–74 കാലഘട്ടത്തിലെ അറബ് എണ്ണ ഉപരോധം അമേരിക്കയിൽ കടുത്ത ഇന്ധനക്ഷാമത്തിന് കാരണമായി. ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ അമിതആശ്രയം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്ന തിരിച്ചറിവിനെ തുടർന്ന്, 1975-ൽ പ്രസിഡന്റ് ജെറാൾഡ് ഫോർഡ് ഒപ്പുവെച്ച നിയമത്തിലൂടെയാണ് SPR രൂപീകരിക്കപ്പെട്ടത്. യുദ്ധം, പ്രകൃതിക്ഷോഭം, അല്ലെങ്കിൽ ആഗോള വിപണിയിലെ എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യങ്ങളിൽ ആഭ്യന്തര വിപണിയിൽ ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഭൂഗർഭ ലാവണഗുഹകളിലെ മഹാശേഖരം
ടെക്സസും ലൂയിസിയാനയും ഉൾപ്പെടുന്ന മെക്സിക്കോ ഉൾക്കടൽ തീരപ്രദേശങ്ങളിലെ Bryan Mound, Big Hill, West Hackberry, Bayou Choctaw എന്നീ നാല് കേന്ദ്രങ്ങളിലാണ് SPR സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയിൽ ഏകദേശം 2000 മുതൽ 4000 അടി വരെ താഴ്ചയിലുള്ള വൻ ഉപ്പുഗുഹകളിലാണ് എണ്ണ സംഭരിക്കുന്നത്. ഇത്തരം ഉപ്പുഗുഹകൾ ഉപരിതല ടാങ്കുകളേക്കാൾ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സംഭരണ മാർഗ്ഗമാണ്. മൊത്തത്തിൽ ഏകദേശം 714 ദശലക്ഷം ബാരൽ വരെ എണ്ണ സംഭരിക്കാൻ ശേഷിയുള്ള SPR ലോകത്തിലെ ഏറ്റവും വലിയ സർക്കാർ നിയന്ത്രിത എണ്ണശേഖരമായി കണക്കാക്കപ്പെടുന്നു.
എണ്ണ പുറത്തെടുക്കുന്ന രീതി
SPR-ൽ നിന്ന് എണ്ണ പുറത്തെടുക്കുന്നത് ശാസ്ത്രീയമായ സംവിധാനത്തിലൂടെയാണ്. ഉപ്പുഗുഹകളിലേക്ക് ഉപ്പുവെള്ളം (Brine) പമ്പ് ചെയ്യുമ്പോൾ എണ്ണ മുകളിലേക്ക് ഉയർന്ന് പൈപ്പ് ലൈനുകളിലൂടെ ഗൾഫ് കോസ്റ്റ് റിഫൈനറികളിലേക്കും തുറമുഖങ്ങളിലേക്കും എത്തിക്കുന്നു.

പിന്നീട് സർക്കാർ നടത്തുന്ന ലേലത്തിലൂടെ എണ്ണ കമ്പനികൾ അത് വാങ്ങി ശുദ്ധീകരിച്ച് വിപണിയിലേക്ക് എത്തിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ ദിവസേന 4.4 മില്യൺ ബാരൽ വരെ എണ്ണ പുറത്തിറക്കാൻ അമേരിക്കയ്ക്ക് കഴിയും.
സമീപകാല ഉപയോഗം
2022-ൽ റഷ്യ–ഉക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവില ഉയർന്നപ്പോൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 180 ദശലക്ഷം ബാരൽ എണ്ണ SPR-ൽ നിന്ന് പുറത്തുവിട്ടു. SPR ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായിരുന്നു അത്. ഇപ്പോൾ ഇറാനുമായുള്ള സംഘർഷവും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും മൂലം ആഗോള വിപണിയിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 172 ദശലക്ഷം ബാരൽ എണ്ണ കൂടി റിലീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

2026 മാർച്ച് മധ്യത്തോടെ SPR-ൽ ഏകദേശം 415 ദശലക്ഷം ബാരൽ എണ്ണ ശേഷിക്കുന്നതായി കണക്കാക്കപ്പെടുന്നു. പുതിയ റിലീസ് നടപ്പിലായാൽ ഇത് 243 ദശലക്ഷം ബാരലായി താഴാൻ സാധ്യതയുണ്ട്. 1980-കളുടെ തുടക്കത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ശേഖരം എത്തുക. ആഗോള ഊർജ്ജ വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ സ്ട്രറ്റീജിക് പെട്രോളിയം റിസർവ് വെറും സംഭരണകേന്ദ്രമല്ല, ലോക ഊർജ്ജ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ശക്തമായ സാമ്പത്തിക ആയുധമാണ്.
