അധികാരയുദ്ധത്തിൻെറ ഇരകളാകുന്ന പൗരർ, സുഡാനിൽ എന്താണ് സംഭവിക്കുന്നത്?

സുഡാന്റെ ഭരണാധികാരത്തിന്റെ കടിഞ്ഞാൺ കൈയിലേന്തിയ സായുധസേനാ തലവൻ അബ്ദുൽഫത്താഹ് അൽ ബുർഹാനും ആർ.എസ്.എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദാൻ ദെഗാലോയും അവരെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമായ ഗോത്രവിഭാഗങ്ങൾ ഇരുചേരികളിലുമായി നിന്ന് പോരടിക്കുകയാണ് സുഡാനിൽ. ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധത്തിൻെറ കെടുതികൾ എഴുതുന്നു, മുസാഫിർ.

ഫ്രിക്കയുടെ ആത്മഹർഷങ്ങളെ ചരിത്രവിജയങ്ങളുടെ രഥതുരഗമേറ്റി കടന്നുപോയ പതിനെട്ടാം നൂറ്റാണ്ടിലെ സുൽത്താൻ അബ്ദുൽറഹ്മാൻ അൽറാഷിദിന്റെ നാടാണ് ഉത്തര സുഡാനിലെ ദാർഫർ മേഖല. ദാർഫറിന്റെ ഹൃദയം പോലെ തുടിച്ചുനിന്ന അൽഫഷർ എന്ന നഗരം ഇക്കഴിഞ്ഞ ദിവസങ്ങളിൽ അക്ഷരാർഥത്തിൽ ശ്മശാനമായി മാറുന്നതാണ് ലോകം കണ്ടത്. രാജധാനികളുടേയും ന്യായാസനങ്ങളുടേയും അപരനാമമാണ് അൽഫഷർ. പ്രസിദ്ധമായ മറാഹ് മലനിരകളുടെ മടിയിൽ സുഡാന്റെ കണ്ണുനീർത്തുള്ളി പോലെ കിടന്ന ഈ പട്ടണത്തിലെ മുഴുവൻ മനുഷ്യരേയും ഹംദെത്തി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ഹംദാൻ ഒഗാലോയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിന്റെ (ആർ.എസ്.എഫ്) സൈന്യം കൊന്നൊടുക്കി.

വീടും ഭൂമിയും നഷ്ടപ്പെട്ട് ദാർഫറിന്റെ പലയിടങ്ങളിൽ നിന്നായി പലായനം ചെയ്‌തെത്തിയ മനുഷ്യരും അവിടെ ജനിച്ചുവളർന്ന കുഞ്ഞുങ്ങളും അമ്മമാരുമെല്ലാം ഇല്ലാതായി. മിസൈലുകളുടെ മുരൾച്ചയിൽ കെട്ടിടങ്ങൾ വിറപൂണ്ടു. എഴുപതിനായിരം പേരെയെങ്കിലും ആർ.എസ്.എഫ് വിമതർ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. എഴുപതിനായിരത്തോളം ആളുകളുടെ പാർപ്പിടങ്ങൾ പൂർണമായും തകർക്കപ്പെട്ടു. ഗോത്രവൈരം പത്തിവിടർത്തിയ ദാർഫറിന്റെ തലസ്ഥാനമായ അൽഫഷറിൽ ഇക്കഴിഞ്ഞ പത്ത് നാൾക്കകം ഏകദേശം 37,000 പേർ അനാഥത്വം പേറുന്നവരായി. അതിസമ്പന്നമായൊരു പൈതൃകം അധികാരക്കൊതിയന്മാർ കീഴ്‌മേൽ മറിച്ചിട്ട അൽഫഷറിൽ നിന്ന് രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലാണ് ഇനിയുമവിടെ അവശേഷിക്കുന്നവർ.

സുഡാന്റെ ഭരണാധികാരത്തിന്റെ കടിഞ്ഞാൺ കൈയിലേന്തിയ സായുധസേനാ തലവൻ അബ്ദുൽഫത്താഹ് അൽ ബുർഹാനും ആർ.എസ്.എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദാൻ ദെഗാലോയും അവരെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമായ ഗോത്രവിഭാഗങ്ങൾ ഇരുചേരികളിലുമായി നിന്ന് പോരടിക്കുകയാണ് സുഡാനിൽ.
സുഡാന്റെ ഭരണാധികാരത്തിന്റെ കടിഞ്ഞാൺ കൈയിലേന്തിയ സായുധസേനാ തലവൻ അബ്ദുൽഫത്താഹ് അൽ ബുർഹാനും ആർ.എസ്.എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദാൻ ദെഗാലോയും അവരെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമായ ഗോത്രവിഭാഗങ്ങൾ ഇരുചേരികളിലുമായി നിന്ന് പോരടിക്കുകയാണ് സുഡാനിൽ.

അൽഫഷർ ആശുപത്രിയിലെ ആർ.എസ്.എഫിന്റെ ബോംബിംഗിൽ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരുമായ നൂറുക്കണക്കിനാളുകളാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതും അംഗഭംഗം സംഭവിച്ച് അർധപ്രാണരായതും. ഇക്കാര്യം അൽജസീറയാണ് റിപ്പോർട്ട് ചെയ്തത്. ദാർഫറിന്റെ തെരുവീഥികളിൽ ജഡങ്ങൾ കുന്ന്കൂടിക്കിടക്കുന്ന ഭീകരചിത്രങ്ങൾ. ദാർഫറിൽ മാത്രമല്ല, തൊട്ടടുത്ത കൊർദേഫനിലും പട്ടിണിയും പരിവട്ടവുമായി കേഴുന്ന മനുഷ്യർ. മരണസംഖ്യ ഓരോ ദിവസവും ഉയരുന്നു. സുഡാന്റെ ഭരണാധികാരത്തിന്റെ കടിഞ്ഞാൺ കൈയിലേന്തിയ സായുധസേനാ തലവൻ അബ്ദുൽഫത്താഹ് അൽ ബുർഹാനും ആർ.എസ്.എഫ് മേധാവി ജനറൽ മുഹമ്മദ് ഹംദാൻ ദെഗാലോയും അവരെ പിന്തുണക്കുന്നവരും എതിർക്കുന്നവരുമായ ഗോത്രവിഭാഗങ്ങൾ ഇരുചേരികളിലുമായി നിന്ന് പോരടിക്കുകയാണ് സുഡാനിൽ. 2023 ഏപ്രിലിൽ തുടൽ പൊട്ടിച്ച ഗോത്രസംഘർഷങ്ങളിലും തുടർന്നുണ്ടായ ആഭ്യന്തരയുദ്ധത്തിലുമായി ഒന്നരലക്ഷം പേർക്കാണ് ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമായ സുഡാനിൽ ജീവൻ വെടിയേണ്ടി വന്നത്. ദുരന്തങ്ങളുടെ ഘോഷയാത്ര അവിടെ തുടരുകയാണ്.

ദാർഫർ പ്രദേശങ്ങളിൽ നടന്ന കനത്ത ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പ്രാണൻ ബാക്കിയായ മനുഷ്യർ അഭയം തേടി വടക്കൻ സുഡാനിലെത്തന്നെ അൽ ഒബൈദ് മേഖല ലക്ഷ്യമാക്കി മരുഭൂമി താണ്ടുന്ന, കെടുതിയുടേയും വറുതിയുടേയും ദൈന്യദൃശ്യങ്ങൾ ആഗോള മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. മൂന്നേമുക്കാൽ ലക്ഷമാളുകൾ സുഡാനിൽ പട്ടിണിമരണത്തെ അഭിമുഖീകരിക്കുന്നുവെന്നാണ് ദ ഗാർഡിയൻ പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത. 25 ദശലക്ഷമാളുകൾ വസിക്കുന്ന സുഡാനിലെ പാതി ജനങ്ങളും പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. ഇതിനകം 86 ലക്ഷം സുഡാനികൾ അയൽനാടുകളിലേക്ക് പാതിജീവനും കൊണ്ടോടി രക്ഷപ്പെട്ടു. ആഭ്യന്തര യുദ്ധം തുടങ്ങി ഒരു വർഷത്തിനകം തന്നെ അരലക്ഷത്തിലധികം കുട്ടികൾക്കും അമ്മമാർക്കും നാട് വിടേണ്ടി വന്നു. ഈ നൂറ്റാണ്ട് കണ്ട അതിഭീകരമായ പലായനം. മരണപ്പെട്ടവരുടെ എണ്ണം ഒന്നര ലക്ഷത്തിന് മീതെയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നു.

ഡാർഫർ മേഖലയിലെ വിമത പോരാളികൾ
ഡാർഫർ മേഖലയിലെ വിമത പോരാളികൾ

അധികാരദുര കൊണ്ട് അന്ധത ബാധിച്ച പട്ടാളക്കാരുടെയും അവരുടെ വൈതാളികരുടെയും നൃശംസത ഒരു ജനതയെ എങ്ങനെ തുണ്ടം തുണ്ടമാക്കാമെന്നതിന്റെ ചരിത്രം സുഡാൻ പറഞ്ഞുതരും. 2023 ഏപ്രിൽ എട്ടിന് സൈനികരും അർധസൈനികരും പരസ്പരം ഏറ്റുമുട്ടി. അക്രമത്തിൽ നൂറുകണക്കിനാളുകൾ മരണപ്പെട്ടു. അതായിരുന്നു മനുഷ്യക്കുരുതിയുടെ ആരംഭം. അർധസൈന്യം രക്തദാഹികളായി മാറി. സുഡാനീസ് ആംഡ് ഫോഴ്സ് (എസ്.എ എഫ്), റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്) എന്നീ സൈനിക - അർധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റേയും രക്തച്ചൊരിച്ചിലിന്റേയും അടിവേര് അന്തിമമായി അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു. അനധികൃതമായ തോതിലുള്ള സ്വർണ ഖനനത്തിന്റേയും മാഫിയാ ബന്ധങ്ങളുടേയും മറവിൽ കോടിക്കണക്കിന് പണം വാരിക്കൂട്ടിയ അധോലോക രാജാക്കൻമാരും അധികാര ദല്ലാൾമാരും പട്ടാളക്കാരെ ഉപയോഗിച്ച് നടത്തുന്ന ഈ യുദ്ധത്തിൽ ലക്ഷങ്ങൾക്കാണ് യാതന അനുഭവിക്കേണ്ടി വന്നത്.

ദാർഫർ മേഖലയിലെ കൂട്ടക്കുരുതിയ്ക്ക് നേതൃത്വം നൽകിയ പട്ടാളക്കാരുടെ ബയണറ്റുകളിപ്പോൾ തലസ്ഥാനമായ ഖർത്തൂമിലേയും ന്യൂ നൈലിലേയും മറ്റു ജനവാസ മേഖലകളിലേയും സാധാരണക്കാർക്കു നേരെയും നീണ്ടു വന്നിരിക്കുന്നു. അറുപത് ശതമാനം ആരോഗ്യ - ചികിൽസാ കേന്ദ്രങ്ങളിലേയും പരിമിതമായ സൗകര്യങ്ങളിൽ വീർപ്പുമുട്ടിക്കഴിയുന്ന രോഗികളുടെ സഹായത്തിനായി റെഡ് ക്രസന്റ് വിഭാഗങ്ങൾ പെടാപ്പാട് പെടുകയാണവിടെ. ജനീനാ ഹോസ്പിറ്റൽ എന്ന റഫറൽ ആശുപത്രി ആൾക്കൂട്ടപ്പെരുപ്പം കാരണം അടച്ചിടാൻ നിർബന്ധിതമായി. ആഭ്യന്തരകലഹം അതിന്റെ പാരമ്യത്തിലെത്തി. ദിവസവും നൂറുകണക്കിനാളുകൾ മരിച്ചുവീഴുന്ന ദാരുണദൃശ്യങ്ങളാണ്. വൈറ്റ് നൈൽ സ്റ്റേറ്റിൽ മൂവായിരത്തോളം അഭയാർഥി ക്യാമ്പുകൾ നിറഞ്ഞു കവിഞ്ഞു. അയൽ രാജ്യങ്ങളായ ഛാഡ്, ഈജിപ്ത്, സൗത്ത് സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അഭയാർഥി പ്രവാഹവും രൂക്ഷമായി. ആലംബമറ്റ് ആകാശത്തിന് ചുവട്ടിൽ തീർത്തും അശരണരായി കഴിയാൻ വിധിക്കപ്പെട്ട ഒരു ജനപദം.

മുപ്പത് വർഷത്തെ ഭരണത്തിന് ശേഷം അട്ടിമറിയിലൂടെ പുറത്താവുകയും അഴിമതിക്കേസിൽ ഖർത്തൂമിലെ ജയിലിൽ കിടക്കുകയും ചെയ്യുന്ന സുഡാന്റെ മുൻ പ്രസിഡന്റ് ഒമർ അൽ ബഷീർ
മുപ്പത് വർഷത്തെ ഭരണത്തിന് ശേഷം അട്ടിമറിയിലൂടെ പുറത്താവുകയും അഴിമതിക്കേസിൽ ഖർത്തൂമിലെ ജയിലിൽ കിടക്കുകയും ചെയ്യുന്ന സുഡാന്റെ മുൻ പ്രസിഡന്റ് ഒമർ അൽ ബഷീർ

ഹംദത്തി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദ് ഹംദാൻ ദഗാലോയാണ് രണ്ട് കൊല്ലം പിന്നിട്ട അധാർമികമായ ആഭ്യന്തര സംഘർഷത്തിന്റേയും തുടർന്നുള്ള യുദ്ധത്തിന്റേയും പിറകിലെ വില്ലൻ. സ്ഥാനം നഷ്ടപ്പെട്ട് അഴികൾക്കകത്തായ പ്രസിഡന്റ് കേണൽ ഒമർ അൽ ബഷീറിന്റെ പ്രതിയോഗിയായ ഹംദത്തിയുടെ ആത്യന്തിക ലക്ഷ്യം സുഡാന്റെ ഭരണനേതൃത്വമാണ്. അധോലോകരാജാക്കൻമാരുടെ സഹായത്തോടെ രാജ്യം കൊള്ളയടിക്കുകയെന്ന ലക്ഷ്യവുമായി പട്ടാളത്തെ 'ക്രൂരതയുടെ കാമുഫ്ലാഷ്' അണിയിച്ച കാപാലികന്റെ റോളിലാണയാൾ. ഇതേ ഹംദത്തിയുടെ കാർമികത്വത്തിൽ തന്നെയായിരുന്നു നേരത്തെ യെമനിലേയും ലിബിയയിലേയും പോരാട്ടങ്ങളിൽ സുഡാനിലെ അർധസൈനിക വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തിയതും ആ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരീകരണത്തിൽ നേരിട്ടും അല്ലാതെയുമുള്ള ആർ.എസ്.എഫ് വിഭാഗത്തിന്റെ ഇടപെടലുകളുമുണ്ടായത്. കേണൽ ഒമർ അൽബഷീറും കൊലകളുടെയും അക്രമങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും കാര്യത്തിൽ പിറകിലായിരുന്നില്ല. ദാർഫറിലെ കൂട്ടക്കൊലകൾക്ക് പലപ്പോഴായി കടിഞ്ഞാൺ പിടിച്ചതും ആർ.എസ്.എഫ് എന്ന പാരാമിലിട്ടറി ഭടൻമാർക്ക് അർത്ഥവും ആൾബലവും നൽകിയതും കേണൽ ഒമർ ബഷീറായിരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായവും അന്നത്തെ ഭരണകൂടത്തിനും അവരെ തുണച്ച സൈനികശക്തികൾക്കും ലഭ്യമായിരുന്നു.

ജനാധിപത്യ രീതിയിൽ അധികാരത്തിലേറിയ സാദിഖ് അൽ മഹ്ദിയെന്ന ഭരണാധികാരിയെ ചില വൈദേശിക പിൻബലത്തോടെ സൈനിക അട്ടിമറി നടത്തി സ്ഥാനഭ്രഷ്ടനാക്കിയ ഫീൽഡ് മാർഷൽ ഒമർ അൽ ബഷീർ മൂന്നു പതിറ്റാണ്ടാണ് സുഡാൻ അടക്കിവാണത്. ചരിത്രം പക്ഷെ തിരിച്ചടിച്ചു. 2019 ഏപ്രിലിൽ ഒമർ അൽ ബഷീർ മറ്റൊരു സൈനിക അട്ടിമറിയിലൂടെ പുറത്തായി. ഒമറിന്റെ ഉരുക്കുമുഷ്ടികളിലെ പാപക്കറ, സുഡാനെ അതിരിട്ടൊഴുകുന്ന നൈൽ നദിയിൽ കഴുകിയാൽപോലും മാഞ്ഞുപോകില്ലെന്നാണ് അദ്ദേഹത്തിന്റെ മുപ്പത് വർഷത്തെ തേർവാഴ്ചയെക്കുറിച്ച് ബോധ്യമുള്ള സുഡാനികൾ പറയുന്നത്. ഒമർ അൽ ബഷീറിനും സാദിഖ് മഹ്ദിക്കും മുമ്പേ, ആധുനിക സുഡാന്റെ ഭൂപടത്തിൽ ശാന്തിയുടെ ചിത്രങ്ങൾ കൊത്തി വെയ്ക്കാൻ അനവരതം യത്നിച്ച മറ്റൊരു നേതാവുണ്ടായിരുന്നു- ഈജിപ്തിന്റെ ജമാൽ അബ്ദുൽ നാസറും ലിബിയയുടെ കേണൽ ഗദ്ദാഫിയും സംരക്ഷിച്ചിരുന്ന ജാഫർ അൽ നുമേരി. ഇന്ത്യയുടെ സുഹൃത്ത് നുമേരി. ആൾക്കുരുതിയുടെ ഹിംസ്രഗാഥകൾ സുഡാനെ മുറിവേൽപിച്ച കഥ അവിടെ നിന്നു തുടങ്ങുന്നു. നൂബികൾ എന്നറിയപ്പെടുന്ന പടിഞ്ഞാറൻ സുഡാനിലെ ദാർഫർ മേഖലയിലെ സ്വന്തം പൗരരെ കൊന്നൊടുക്കിയാണ് സുഡാന്റെ ഭരണചക്രം അതാത് കാലത്തെ നേതാക്കൾ യഥേഷ്ടം തിരിക്കാനാരംഭിച്ചത്.

'ജൻജവീദ്' എന്ന പേരുള്ള ഗോത്ര സായുധവിഭാഗമാണ് ദാർഫറിലെ പൗരരെ കൂട്ടഹത്യയ്ക്ക് വിധേയമാക്കുന്നത്. കുതിരപ്പുറമേറി വരുന്ന ചെകുത്താൻ എന്നൊരു ഭാഷാന്തരവുമുണ്ട്, ജൻജവീദ് എന്ന അറബി പദത്തിന്.
'ജൻജവീദ്' എന്ന പേരുള്ള ഗോത്ര സായുധവിഭാഗമാണ് ദാർഫറിലെ പൗരരെ കൂട്ടഹത്യയ്ക്ക് വിധേയമാക്കുന്നത്. കുതിരപ്പുറമേറി വരുന്ന ചെകുത്താൻ എന്നൊരു ഭാഷാന്തരവുമുണ്ട്, ജൻജവീദ് എന്ന അറബി പദത്തിന്.

ആഫ്രിക്കൻ പൈതൃകങ്ങളുടെ ദാർഫർ പക്ഷെ, ആധുനിക ലോകത്തിന്റെ നിതാന്ത വിഷാദമായി ഇന്നും ബാക്കിനിൽക്കുന്നു. ഒരു കോടിയോളം ജനസംഖ്യയുള്ള, ഏതാണ്ട് സ്പെയിനിന്റെ അത്രയും വ്യാപ്തിയുള്ള ദാർഫർ മേഖലയിലെ വംശീയമായ അടിച്ചമർത്തലുകളുടെ കാരണക്കാരായി കാലാകാലങ്ങളിൽ സുഡാൻ ഭരിച്ച എല്ലാ നേതാക്കളുമുണ്ട്. ദാർഫർ എന്നും അശാന്തമാണ്. അറബി ഭാഷ അറിയാത്ത അവരിൽ പലരും അവഗണന നേരിടുന്നു. 'ജൻജവീദ്' എന്ന പേരുള്ള ഗോത്ര സായുധവിഭാഗമാണ് ദാർഫറിലെ പൗരരെ കൂട്ടഹത്യയ്ക്ക് വിധേയമാക്കുന്നത്. കുതിരപ്പുറമേറി വരുന്ന ചെകുത്താൻ എന്നൊരു ഭാഷാന്തരവുമുണ്ട്, ജൻജവീദ് എന്ന അറബി പദത്തിന്. സുഡാനിലെ പ്രമുഖ കവയിത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഹലീമ ബഷീർ അവരുടെ പ്രസിദ്ധമായ 'ടിയേഴ്സ് ഓഫ് ദ ഡെസർട്ട് ' എന്ന കൃതിയിൽ, വിശദമായി പ്രതിപാദിക്കുന്ന ദാർഫർ പ്രദേശത്തിന്റെ കഥകൾ അതിഭീകരമാണ്. താൻ സ്വയം ക്രൂരമായ അതിക്രമങ്ങൾക്കും മാനഭംഗത്തിനും വിധേയമായതിന്റെ പൊള്ളുന്ന ചിത്രമാണ് ഡോ. ഹലീമയുടെ ആത്മകഥാപരമായ ഈ പുസ്തകം. നിരക്ഷരർ തിങ്ങിപ്പാർക്കുന്ന ദാർഫറിലെ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും ആളുകളെ കൂട്ടക്കുരുതി നടത്തുകയും ബാലികമാരെ ബലാൽസംഗം ചെയ്യുകയുമായിരുന്നു സുഡാൻ സേനാവ്യൂഹം. 2008 ൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ സുഡാൻ സൈനികരുടെ രാക്ഷസീയമുഖം അവർ അനാവരണം ചെയ്യുന്നു. ഇതോടെ പട്ടാളം അവരെ വേട്ടയാടി. ബ്രിട്ടനിലേക്ക് പലായനം ചെയ്ത ഹലീമയിപ്പോൾ ലണ്ടനിൽ ഡോക്ടറായി പ്രവർത്തിക്കുന്നു. ജൻജവീദിന്റെ അക്രമോൽസുക മുഖമാണ് സുഡാനിൽ ഇപ്പോൾ വേതാളനൃത്തമാടുന്നതെന്ന് അവർ ഈയിടെ ദ ഗാർഡിയൻ ലേഖികയോട് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.

ആഭ്യന്തരമായ ചേരിപ്പോരിൽ ഔദ്യോഗിക സേനാവിഭാഗത്തെ സഹായിക്കുന്നവരുടെ എണ്ണം സുഡാനിൽ പരിമിതമാണെങ്കിലും അധികാരത്തിന്റെ പേശീബലം അവരുടെ കരുത്ത് വർധിപ്പിക്കുന്നു. ആർ.എസ്.എഫിന്റെ പാരാമിലിട്ടറി സേനയുമായാണ് ഔദ്യോഗിക സൈന്യം മിസൈലും മിറാഷും ഡ്രോണുമായൊക്കെ ഇപ്പോഴും പൊരുതുന്നത്. ആർ.എസ്.എഫ് സത്യത്തിൽ തീർത്തും അച്ചടക്കരഹിതരും അനധികൃതവുമായൊരു ഓർഡർലി ഇല്ലാത്ത പട്ടാളക്കൂട്ടമാണ്. പക്ഷേ അവരെ അടിച്ചമർത്താനും ഉൾപ്പോരുകളുടെയും ശൈഥില്യത്തിന്റേയും മുളകൾ ആദ്യമേ നുള്ളിക്കളയാനും ഔദ്യോഗിക വിഭാഗത്തിന് തുടക്കം തൊട്ടേ കഴിയാതെ പോയി. അതാണ് ദുരന്തം ഇത്രയും വ്യാപകമാകാൻ കാരണമായത്.

സുഡാനിലെ പ്രമുഖ കവയിത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഹലീമ ബഷീർ അവരുടെ പ്രസിദ്ധമായ 'ടിയേഴ്സ് ഓഫ് ദ ഡെസർട്ട് ' എന്ന കൃതിയിൽ, വിശദമായി പ്രതിപാദിക്കുന്ന ദാർഫർ പ്രദേശത്തിന്റെ കഥകൾ അതിഭീകരമാണ്.
സുഡാനിലെ പ്രമുഖ കവയിത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഹലീമ ബഷീർ അവരുടെ പ്രസിദ്ധമായ 'ടിയേഴ്സ് ഓഫ് ദ ഡെസർട്ട് ' എന്ന കൃതിയിൽ, വിശദമായി പ്രതിപാദിക്കുന്ന ദാർഫർ പ്രദേശത്തിന്റെ കഥകൾ അതിഭീകരമാണ്.

ക്രൂരതയുടെ മുഖവുമായി വന്ന ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോ എന്ന ഹംദത്തിയാണ് രണ്ട് വർഷമായി തുടരുന്ന അവിരാമമായ ആഭ്യന്തര യുദ്ധത്തിനു തിരി കൊളുത്തിയ പാരാമിലിട്ടറി വിഭാഗത്തിന്റെ നേതാവ്. സുഡാനിലെ വലിയ കക്ഷിയായ നാഷനൽ ഉമ്മ: പാർട്ടി, വെടി നിർത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയും ഇക്കാര്യത്തിൽ ഇടപെട്ടു. ഇടയ്ക്ക് സോപാധികമായ വെടിനിർത്തൽ നടന്നുവെങ്കിലും പിന്നീട് യുദ്ധം രൂക്ഷമാവുകയായിരുന്നു. പടിഞ്ഞാറ് ദാർഫർ മേഖലയിൽ നിന്നാരംഭിച്ച് ഇന്നിപ്പോൾ സുഡാനിലാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന രക്തരൂക്ഷിതമായ കലാപത്തിന്റെ ബാക്കിപത്രം, കരചരണമറ്റ ആയിരക്കണക്കിന് മനുഷ്യരുടെ ദീനരോദനവും അജ്ഞാതഭൂമികകളിലെ ജഡകുടീരങ്ങളും കുഞ്ഞുങ്ങളുടെ ആർത്ത് കരച്ചിലുകളും ആംനെസ്റ്റി കൂട്ടായ്മകളുടെയാകെ കാത് തുളച്ചെത്തുന്ന വിലാപങ്ങളുമാണ്.

Comments