എഡ്മണ്ട് വ്യാട്ടും ഭാര്യ മുന ഇബ്രാഹിം സാക്കിയും സമാഹരിച്ച സുഡാനീസ് പഴഞ്ചൊല്ലുകളുടെ പുസ്തകമാണ് ‘സുഡാനീസ് പ്രോവെർബ്സ്’. 560 അറബിക് ‐ സുഡാനീസ് പഴഞ്ചൊല്ലുകൾക്കൊപ്പം പതിനഞ്ച് നാടോടിക്കഥകളും അതിലുണ്ട്. ജനപ്രിയ നർമത്തിൽ പൊതിഞ്ഞ മധ്യപൂർവദേശത്തെ ചെറുകഥകളിലെ പ്രശസ്ത കഥാപാത്രമായ ജൂഹ ഒരു ദിവസം രാജാവ് ഒരുക്കിയ വിരുന്നിന് പോയി. ലളിതവും പഴയതുമായ വസ്ത്രങ്ങൾ ധരിച്ച അദ്ദേഹത്തെ കവാടത്തിലെ കാവൽക്കാർ അവഗണിക്കുന്നു. സങ്കടംവന്ന ജൂഹ നിശബ്ദമായി കൊട്ടാരംവിട്ട് വീട്ടിലേക്ക് കുതിച്ച് തന്റെ ഏറ്റവും വിലയേറിയതും മനോഹരവുമായ വസ്ത്രങ്ങളണിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഹാർദമായ സ്വീകരണം. വിശിഷ്ടാതിഥികൾ വിരുന്നിൽ ഒരിടംനൽകാൻ തിരക്കുകൂട്ടി. അദ്ദേഹം വലിയ മാംസക്കഷണം എടുത്ത് കഴിക്കുന്നതിനുപകരം കീശയിലിട്ട് പറഞ്ഞത്, എന്റെ വസ്‌ത്രമേ കഴിക്കൂവെന്നാണ്. എന്താണ് ചെയ്യുന്നതെന്ന് അതിഥികൾ ആശ്ചര്യത്തോടെ തിരക്കിയപ്പോൾ മറുപടി ഇങ്ങനെ: “ഞാൻ ഈ വസ്ത്രങ്ങൾ ധരിച്ചപ്പോൾ മാത്രമാണ് ബഹുമാനം ലഭിച്ചത്. അതിനാൽ അവയ്‌ക്കാണ് ഭക്ഷണത്തിന് അർഹത.” സ്വന്തം കഴുതയെ കാണാതായപ്പോൾ ചിരിച്ച ജൂഹയിൽനിന്ന് സുഹൃത്തുക്കൾക്ക് അറിയേണ്ടിയിരുന്നത് മോശം സാഹചര്യത്തിൽ എന്തിനാണ് ഇത്ര സന്തോഷിക്കുന്നതെന്നാണ്. ഉടൻ മറുപടിവന്നു: "ഞാൻ സന്തോഷവാനാണ് കാരണം എനിക്ക് വഴിതെറ്റിയില്ല, കഴുതയ്‌ക്കാണ് വഴിതെറ്റിപ്പോയതെന്നതിൽ സന്തോഷമുണ്ട്.”
ഇത്തരം പ്രയോഗങ്ങളാൽ നിബിഡമാണ് സുഡാനി പഴഞ്ചൊല്ലുകളും നാടോടിക്കഥകളും പ്രയോഗങ്ങളും ചൊല്ലുകളും.
ഞങ്ങൾ അവരെ ഭിക്ഷാടനം പഠിപ്പിച്ചു. അവർ ഞങ്ങൾക്ക് മുമ്പ് കവാടത്തിലെത്തി.
ചന്ദനമരം വെട്ടിയിടുന്ന കോടാലിക്ക് സുഗന്ധം നൽകുന്നു.
വെള്ളത്തിന് പുറത്തുള്ളവൻ നല്ലൊരു നീന്തൽക്കാരനാണ്.
വിഷം കലർത്തുന്നവൻ വിരലുകൾ നക്കേണ്ടിവരും.
ഞാൻ അതൊരു കാളയാണെന്ന് പറയുന്നു, അവൻ എന്നോട് അതിനെ കറക്കാൻ നിർദേശിക്കുന്നു.
മഠയന് നൈൽ നദിയിൽപോലും വെള്ളം കണ്ടെത്താനാവില്ല.
പോഴത്തം കീഴടക്കുന്നതല്ല സാക്ഷരത. പേന കൈവശം വെച്ചിരിക്കുന്നത് മണ്ടത്തരം ഇല്ലാതാക്കുന്നില്ല.
കുരങ്ങന് പഴുത്ത വാഴപ്പഴം കൈകൊണ്ട് പിടിക്കാൻ കഴിയാതെ വരുമ്പോൾ അത് മധുരമുള്ളതല്ലെന്ന് പറയും.
മുട്ട വിൽപ്പനക്കാരൻ കമ്പോളത്തിൽ പോരാട്ടം ആരംഭിക്കരുത്.
പാമ്പ് ഒരിക്കലും സ്വന്തം വിഷം കാരണം മരിക്കുന്നില്ല.
ചോർന്നൊലിക്കുന്ന വീഞ്ഞുതുണി ചുമക്കുന്നവന്റെ തലയിൽനിന്നാണ് അത് ഒഴുകുന്നത്.
കൈകൾ പിണച്ചുവെക്കുന്നവർക്ക് ദൈവം ഒന്നും നൽകുന്നില്ല ‐ തുടങ്ങിയവയിലെ ദാർശനിക സ്‌പർശം അപാരവും.
വിപ്ലവകാരികളുടെ ദേശീയഗാനങ്ങൾ
“നൈൽനദി ചലിക്കുന്ന ശ്‌മശാനമാണ്
ഭൂമി ചോരയാൽ കുതിർന്നിരിക്കുന്നു
ദുഃഖത്താൽ കുലുങ്ങുന്നു അത്,
പട്ടണം രക്തക്കണ്ണീർ കരയുന്നു,
തെരുവുകൾ ശബ്ദമുഖരിതം, എന്നാൽ ശാന്തം.
അവിടങ്ങളിലെ വിലാപം അസഹനീയമാണ്
മരണങ്ങളാൽ ഭൂമി വേദനയിലാണ്.
ഉടലുൾ ഏറെ ഭാരമുള്ളതാണെന്നും
അതിനുള്ളിൽ സ്വാതന്ത്ര്യത്തെ കൂട്ടിലടയ്ക്കാൻ
പാടില്ലെന്നും പറയുന്നു.
ചങ്ങലകൾ വളയുന്നു, പൊട്ടുന്നു
നിങ്ങൾക്ക് കേൾക്കാനാവുമോ?
നമ്മുടെ ആത്മാക്കളെ ഒന്നിച്ചുപൂട്ടി
സന്തോഷം അവരുടേതാക്കി
നമ്മുടെ കണ്ണീരിൽനിന്ന്
അവരുടെ ദാഹം ശമിപ്പിക്കുന്നു
വ്യത്യസ്തമായ ഒരുതരം ആൾക്കൂട്ട
കൊലപാതകമാണിത്;
ഇവിടെ ആളുകൾ ശ്വാസംമുട്ടി മരിക്കുന്നു.”
"പ്രതിരോധം"എന്ന തലക്കെട്ടിലെഴുതിയ ഈ വരികൾ പ്രശസ്ത സുഡാനീസ് കവി മുഹമ്മദ് എൽ-മെക്കി ഇബ്രാഹിമിന്റേതാണ്. അടിച്ചമർത്തലിനും കൊളോണിയലിസത്തിനുമെതിരെ ശബ്ദമുയർത്തിയ അദ്ദേഹത്തിന്റെ രചനകൾ വിപ്ലവകാരികളുടെ ദേശീയഗാനങ്ങളായി മാറി.

ബഹുജന പ്രക്ഷോഭത്തിന്റെ ശക്തി 2019 ജൂൺ മൂന്നിന് സ്വേച്ഛാധിപതി ഒമർ അൽ-ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കി. ആ കാലയളവിലെ സമാധാനപരമായ കുത്തിയിരിപ്പ് സമരത്തെ സായുധസേന അടിച്ചമർത്തുകയുണ്ടായി. അതിലെ ചോരപടർന്ന ഏടാണ് നൂറിലധികം പ്രതിഷേധകരുടെ ജീവനെടുത്ത ഖാർത്തൂം കൂട്ടക്കൊല. ഒട്ടേറെ ജഡങ്ങൾ നൈൽ നദിയിൽ തള്ളി. ‘ഒരു രക്തസാക്ഷിയായി മാറണമെങ്കിൽ, വിപ്ലവം ജയിക്കണമെങ്കിൽ പകരം എന്നെ എടുത്താൽ മതി’ എന്ന കവയത്രി റീം യാസിറിന്റെ വരികൾ 2019-ലെ വിപ്ലവകാലത്തും അക്രമാസക്ത സർക്കാർ അടിച്ചമർത്തലിലും അനുഭവിച്ച വേദനയെയും ത്യാഗത്തെയും പ്രതിഫലിപ്പിക്കുന്നു. നാം ഒരുമിച്ച് മരിച്ചാൽ, അതൊരു വിരുന്നാണെന്നത് മരണം അഭിമുഖീകരിക്കുമ്പോൾ ഐക്യദാർഢ്യത്തിന്റെ ആശ്വാസശക്തി പ്രകടിപ്പിക്കുന്ന സുഡാനീസ് വചനമാണ്. പാരമ്പര്യങ്ങളെയും സാംസ്കാരിക പൈതൃകത്തെയും ജീവിതരീതിയായി സ്വീകരിക്കുന്നതിൽ അഭിമാനിക്കുന്നവരാണ് ആ ജനത. ഞാൻ എന്നതിന് മുമ്പ് നമ്മൾ എന്ന് പ്രതിനിധീകരിക്കണമെന്നാണ് അവരുടെ ആഗ്രഹം.
സുഡാനിൽ നിന്നുള്ളവരെ പാശ്ചാത്യർ - അടിമയെന്നേ വിളിക്കാറുണ്ടായിരുന്നുള്ളൂ. തുടർച്ചയായ സംഘർഷങ്ങൾ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ നശിപ്പിച്ചിട്ടുണ്ടെങ്കിലും ആഴമേറിയ ചരിത്രം സുഡാനി സ്വത്വത്തിന്റെ പ്രധാന ഭാഗമായി തുടരുന്നു. ആഫ്രിക്കയിലെ ആദ്യകാല പട്ടണ നാഗരികതകളിൽ ഒന്നായ കെർമ സംസ്കാരം ബിസി 2500-ൽ ഇന്നത്തെ സുഡാനിലാണ് കേന്ദ്രീകരിച്ചിരുന്നത്.

ആതിഥ്യമര്യാദയ്ക്ക് പ്രാധാന്യം നൽകുന്ന അവർ ഭക്ഷണം വലിയ ട്രേയിൽ നിന്ന് തറയിലിരുന്നാണ് കഴിക്കുക. ആഭ്യന്തര യുദ്ധങ്ങൾ, തുടർച്ചയായ അക്രമം, വിട്ടുമാറാത്ത ക്ഷാമം, രോഗങ്ങളുടെ പടർച്ച തുടങ്ങിയവ സാംസ്കാരിക പൈതൃകം അപകടത്തിലാക്കി. ഖാർതൂമിലെ നാഷണൽ മ്യൂസിയത്തിൽനിന്ന് എംബാം ചെയ്ത മമ്മികൾ, അപൂർവ പ്രതിമകൾ, മനോഹരങ്ങളായ മൺപാത്രങ്ങൾ, പുരാതന ചുവർച്ചിത്രങ്ങൾ എന്നിവയുൾപ്പെടെ പതിനായിരക്കണക്കിന് പുരാവസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു. എത്‌നോഗ്രാഫിക് മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങളും മോഷണത്തിനിരയായി. ആർക്കൈവുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്‌ക്കൊപ്പം പള്ളികളെയും സാംസ്കാരിക പ്രാധാന്യമുള്ള കെട്ടിടങ്ങളെയും കലാപം ബാധിച്ചിട്ടുണ്ട്.
വിപ്ലവം മരിക്കാൻ വിസമ്മതിക്കുന്നു
സുഡാൻ വിമോചനത്തെ സാമ്രാജ്യത്വം ശ്വാസം മുട്ടിക്കുന്നതെങ്ങനെ, വംശഹത്യാ പരമ്പരകൾ, വിപ്ലവത്തിലെ സ്ത്രീ നേതൃത്വം, വിദേശ താൽപ്പര്യങ്ങൾ തുടങ്ങിയ സമസ്യകൾ ആഴത്തിൽ ചർച്ച ചെയ്യുന്ന കമ്യൂണിസ്റ്റ് സംഘാടകയും 1997-ൽ നിലവിൽവന്ന ഖാർത്തൂം ജെൻഡർ സെന്റർ ഫോർ റിസർച്ച് ആൻഡ് ട്രെയിനിങ് (ജിസിആർടി) സ്ഥാപകയുമായ നീമത് കുക്കുവുമായുള്ള അഭിമുഖം 2025 ഒക്ടോബർ 28-ന് പുറത്തുവരികയുണ്ടായി. ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധികളിൽ ഒന്നാണ് സുഡാൻ. യുദ്ധം രണ്ടരക്കോടി ജനങ്ങളെ ക്ഷാമത്തിലാഴ്‌ത്തി. ഒന്നരക്കോടി പേരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കി. പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത ഡിസംബർ വിപ്ലവത്തിന്റെ ശവക്കുഴികളാക്കി മാറ്റി. യുവാക്കളുടെയും സ്ത്രീകളുടെയും നേതൃത്വത്തിലെ ജനാധിപത്യ പ്രസ്ഥാനം ഒമർ അൽ-ബഷീറിന്റെ മൂന്ന് ദശാബ്ദത്തെ സ്വേച്ഛാധിപത്യം അട്ടിമറിച്ചു. ഇന്ന് അതേ ശക്തികൾ ചിതറിക്കിടക്കുകയാണ്. കൊടിയ വിശപ്പ്, അടിച്ചേൽപ്പിച്ച പ്രവാസം, പട്ടാള ജനറൽമാരുടെ ബോംബുകൾ എന്നിവയാൽ തളർന്നിരിക്കുന്നു. യുദ്ധം തന്ത്രമാണ്. വിപ്ലവ പ്രസ്ഥാനത്തെ തകർക്കാനും സ്വർണം, കൃഷിഭൂമി, അധ്വാനം എന്നിവ കൊള്ളയടിക്കാനും സൈന്യത്തിന്റെയും മിലിഷ്യ നേതാക്കളുടെയും വിദേശ താൽപ്പര്യങ്ങളുടെയും ശക്തി സംരക്ഷിക്കാനുമാണ് അതിന്റെ രൂപകൽപ്പന. എന്നിട്ടും വിപ്ലവം മരിക്കാൻ വിസമ്മതിക്കുന്നു. വിപ്ലവം തുടരും. കാരണം അത് നീണ്ട പോരാട്ടത്തിന്റെ ഫലമായിരുന്നു, യുദ്ധം കാരണം തടസപ്പെട്ടുവെങ്കിലും പരാജയപ്പെട്ടില്ലെന്ന് നീമത് കുക്കു അസന്ദിഗ്‌ദമായി പറഞ്ഞത്.
പ്രതിരോധമില്ലാതെ നിർത്തിയ സാമ്രാജ്യത്വ ശക്തികൾ
സമ്പത്ത് കൊള്ളചെയ്‌ത് വികസനം മുരടിപ്പിച്ച് സുഡാനെ പ്രതിരോധമില്ലാതെ നിർവീര്യമാക്കി നിർത്തിയത് സാമ്രാജ്യത്വ ശക്തികളാണ്. നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അടിസ്ഥാനപരമായി അധികാരത്തിനും വിഭവ നിയന്ത്രണത്തിനും വേണ്ടിയുള്ള സംഘർഷമാണെന്ന് തിരിച്ചറിയണം. ജനതയുടെ യഥാർഥ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ദേശീയ വിമോചന സ്വപ്‌നങ്ങൾ പരാജയങ്ങളിലാണ് കലാശിച്ചത്. ജനാധിപത്യ ഘടനകളുടെ നാശത്തിൽ നിന്നും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിൽനിന്നും ഉടലെടുത്തതാണ് പ്രതിസന്ധി. ആ സ്ഥിതിവിശേഷം ആവർത്തിച്ചുള്ള സൈനിക അട്ടിമറികൾക്ക് കാരണമായി. സമൃദ്ധമായ വിഭവങ്ങൾ ഉണ്ടായിട്ടും സാമ്പത്തിക തകർച്ചയും സന്തുലിത വികസന നയങ്ങളും പ്രാദേശിക താൽപ്പര്യങ്ങൾ, വംശീയ സ്വത്വം, വിവേചനം എന്നിവയാൽ നിർവചിക്കപ്പെട്ട അരികുകളിൽ പരിമിതപ്പെടുത്തിയ മേഖലകൾ തീർത്തു. മുൻ യുദ്ധങ്ങൾ വരുത്തിവെച്ച ഉണങ്ങാത്ത മുറിവുകൾ നിലവിലെ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായിത്തീർന്നു. വംശഹത്യ ഉൾപ്പെടെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചിട്ടുമുണ്ട്.

മതം പരിഗണിക്കാതെ വംശീയ ഉന്മൂലനത്തിന്റെ രൂപമെടുക്കുകയും ചെയ്‌തു. ലൈംഗികാക്രമണങ്ങളിലൂടെ സ്ത്രീശരീരങ്ങളുടെ ദുരുപയോഗവും സാധാരണമായി മാറി. താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള പോരാട്ടം, വംശീയവും പ്രാദേശികവുമായ സംഘർഷം, സ്വത്വചെറുത്തുനിൽപ്പ് തുടങ്ങിയവ ഏതുതരം രാജ്യമാണ് നിർവചിക്കുന്നതെന്നതും പ്രധാനം. അതിനാൽ ഇപ്പോഴത്തെ യുദ്ധത്തിന് ഒറ്റ നിർവചനം നൽകാനാവില്ല, എന്തെന്നാൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം അടിഞ്ഞുകൂടിയ പരിഹരിക്കപ്പെടാത്ത പ്രതിസന്ധികളിൽ വേരൂന്നിയ കുറേ കാരണങ്ങളുണ്ട്. മാറ്റത്തിന്റെ വഴികളെ തടയുന്നുവെന്നതാണ് യുദ്ധത്തിന്റെ ആദ്യ കെടുതി. പുതിയ രാഷ്ട്രീയ ഭൂപടം സൃഷ്ടിക്കുമെന്ന് വ്യക്തമായിരുന്നതിനാൽ അത് വിപ്ലവ പരിപാടിയെ ലക്ഷ്യംവച്ചു. യുവാക്കളുടെയും സ്ത്രീ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളായ മാറ്റത്തിന്റെ ശക്തികളുടെയും ഉൽപ്പാദന മേഖലകളിലെ കുടിയിറക്കപ്പെട്ടവരുടെയും അഭയാർത്ഥി സമൂഹങ്ങളുടെയും പാത തടസപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമായ യുദ്ധം സുഡാനിലെ ഉൽപാദന ശക്തികൾക്ക് ഗുരുതര കേടുപാടുകൾ വരുത്തിയെന്നും നീമത് കുക്കു തുടർന്ന് വിശദീകരിക്കുകയുണ്ടായി.
‘ആഫ്രിക്ക ടുഡേ’യുടെ ധീരമായ മുഖപ്രസംഗം
1954-ൽ സ്ഥാപിതമായി, ഇന്ത്യാന യൂണിവേഴ്സിറ്റി പ്രസ്സ് ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന അക്കാദമിക് ജേണലായ ‘ആഫ്രിക്ക ടുഡേ’യുടെ ‘ശക്തി, ഭയം, പേന: എന്നിവ ഫലങ്ങൾ ഉണ്ടാക്കിയില്ല; അടിച്ചമർത്തൽ നിയമവിധേയമാക്കാൻ നേതാക്കൾ നിയമങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു’ എന്ന മുഖപ്രസംഗം ധീരമാണ്. ഭരണഘടനാ ഭേദഗതികളും അടിച്ചമർത്തൽ നിയമനിർമാണങ്ങളും ഉപയോഗിച്ച് അധികാരം ഏകീകരിക്കാനും വിയോജിപ്പുകൾ നിശബ്ദമാക്കാനും ചില ആഫ്രിക്കൻ നേതാക്കൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്ന ആമുഖം പരമ്പരാഗത സൈനിക അട്ടിമറികളിൽ നിന്ന് ഭരണഘടനാ അട്ടിമറികളിലേക്കുള്ള മാറ്റത്തിലൂടെ മുന്നേറിയെന്ന് വിവരിക്കുന്നു. സാമൂഹിക കരാറായി കണക്കാക്കേണ്ട ഭരണഘടനയിൽ നേതാക്കൾ സ്വന്തം താൽപ്പര്യങ്ങൾ നിറവേറ്റുന്നതിന് കൃത്രിമം കാണിക്കുന്നു; പലപ്പോഴും പ്രസിഡന്റിന്റെ കാലാവധി പരിധികൾ നീക്കുകയോ നീട്ടുകയോ ചെയ്യുന്നതടക്കം. ഭരണകൂടങ്ങൾ മാധ്യമപ്രവർത്തകരെയും ആക്‌റ്റിവിസ്റ്റുകളെയും പ്രതിപക്ഷാംഗങ്ങളെയും ലക്ഷ്യംവച്ചുള്ള നിയമങ്ങൾ പാസാക്കുന്നു; ദേശീയ സുരക്ഷ അല്ലെങ്കിൽ സ്ഥിരത എന്ന മറവിൽ ഈ നടപടികളെ ന്യായീകരിക്കുകയാണ് പലപ്പോഴും. ഒരുകാലത്ത് സർക്കാരുകൾക്കും ജനങ്ങൾക്കും ഇടയിലെ പവിത്രമായ വാഗ്ദാനമായിരുന്ന ഭരണഘടന ഭരിക്കുന്നവരുടെ കൈകളിൽ കളിമണ്ണായി മാറി. മുൻകാലങ്ങളിൽ തെരുവുകളിൽ സൈനികരെ വിന്യസിച്ച് സ്വേച്ഛാധിപത്യം സ്വയം പ്രഖ്യാപിച്ചു. സ്യൂട്ട് ധരിക്കുന്നു. അതിന്ന് ക്യാമറകൾ നോക്കി പുഞ്ചിരിക്കുന്നു. രഹസ്യമായി മാറ്റിയെഴുതിയ രേഖയോടാണ് വിശ്വസ്തത. ഭയത്തിലൂടെ ഭരിക്കാൻ തുടങ്ങുമ്പോൾ ഭരണഘടന അരക്ഷിതാവസ്ഥയ്ക്ക് കവചമായി മാറും. നീതിയുടെ ദീപസ്‌തംഭമായിരുന്ന ഭരണഘടന ഇപ്പോൾ അടിച്ചമർത്തലിലേക്കുള്ള വഴി തെളിക്കുന്നത് മാത്രമായി. ഇത്തരം തന്ത്രങ്ങളിലൂടെ പ്രസിഡന്റിനെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുകയും ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോവുകയും സ്വതന്ത്ര ജഡ്ജിമാരെ മാറ്റുകയും ചെയ്യുന്നുവെന്നത് ഊന്നാൻ "ചോദ്യങ്ങൾ ഭയപ്പെടുന്ന നേതാവ് ശബ്ദത്തെ വെറുക്കുന്ന തുടികൊട്ടുകാരനെപ്പോലെയാണ്" എന്ന പഴഞ്ചൊല്ലാണ് മുഖപ്രസംഗം ഉപയോഗിച്ചത്. (ഗ്രാമീണ തുടി മോഷ്ടിക്കുന്നത് എളുപ്പമായിരിക്കാം, എന്നാൽ സമാധാനപരമായി അത് അടിക്കാൻ സ്ഥലം കണ്ടെത്തുന്നതാണ് പ്രശ്‌നമെന്ന മറ്റൊരു പ്രശസ്‌ത ആഫ്രിക്കൻ പഴഞ്ചൊല്ലുമുണ്ട്.)

റുവാണ്ട, കാമറൂൺ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ കാലാവധി പരിധികൾ ഭേദഗതി വരുത്തുകയോ നിർത്തലാക്കുകയോ ചെയ്ത് ഭരണം അനിശ്ചിതമായി ഉറപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനായുള്ള പൊതുജനങ്ങളുടെ ആഗ്രഹം വിജയിക്കുമ്പോൾ കൃത്രിമത്വത്തിലൂടെ അധികാരത്തിൽ പറ്റിപ്പിടിക്കുന്ന നേതാക്കൾ ആത്യന്തികമായി പരാജയപ്പെടുമെന്ന ഉപസംഹാരവും മൂർച്ചയുള്ളത്. ഇടയൻ ചെന്നായയായി മാറുമ്പോൾ ആട്ടിൻ തൊഴുത്ത് പോലും വേട്ടയാടൽ സ്ഥലമായി മാറുന്നുവെന്ന പ്രയോഗമാണ് അവിടെ. നിങ്ങൾക്ക് ഒരു രാഷ്ട്രത്തെ നയിക്കാനും സത്യത്തിന്റെ പ്രതിധ്വനിയെ ഭയപ്പെടാനും കഴിയില്ല. അധികാരം ലഹരി പിടിപ്പിച്ച പല നേതാക്കളും മുമ്പ് സാധാരണ പൗരന്മാരായിരുന്നു തങ്ങളെന്ന് മറക്കുന്നു. ക്ഷമയുള്ള ജനങ്ങളുടെ ഓർമ ഒരിക്കലും മങ്ങുന്നില്ല. അടിത്തറ നുണകളിൽ പണിയപ്പെട്ട ഏറ്റവും ശക്തമായ സിംഹാസനം പോലും തകരും. ഭരണഘടനകൾ മാറ്റിയെഴുതുന്നതിലല്ല, അവയെ ബഹുമാനിക്കുന്നതിലാണ് യഥാർഥ ശക്തി ഉള്ളതെന്ന് മനസിലാക്കുന്ന നേതാക്കളെ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ആവശ്യമാണ്. ഒരു രാഷ്ട്രത്തലവന് അവശേഷിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ പാരമ്പര്യം സേവനമനുഷ്ഠിച്ച വർഷങ്ങളുടെ കണക്കല്ല, സംരക്ഷിക്കപ്പെട്ട സ്വാതന്ത്ര്യങ്ങളുടെ എണ്ണമാണ്. ഭയം നിയമമാകുകയും അധികാരം വ്യക്തിപരമാകുകയും ചെയ്യുമ്പോൾ രാഷ്ട്രം നിശബ്ദമായി മരിക്കുന്നു. എന്നാൽ പഴയ പഴഞ്ചൊല്ല് പറയുംപോലെ, ‘സൂര്യനെ കൈപ്പത്തി കൊണ്ട് മറയ്ക്കാൻ കഴിയില്ല അത് ഉദിക്കുകയും എല്ലാ നിഴലുകളെയും തുറന്നുകാട്ടുകയും ചെയ്യു’മെന്നുമുള്ള മുഖപ്രസംഗത്തിന്റെ മുന്നറിയിപ്പും ശക്തം.
ഇരുണ്ട നരകത്തെക്കുറിച്ച് യു.എൻ മാനുഷിക തലവൻ ടോം ഫ്ലെച്ചറിന്റെ മുന്നറിയിപ്പ്
സുഡാന്റെ ഹൃദയം കൊത്തിവലിച്ച് ചോരവീഴ്‌ത്തുന്ന സമകാലീന പ്രതിസന്ധിയുടെ പശ്‌ചാത്തലവും അതിന്റെ ആഴവും യുക്തിഭദ്രതയോടെ മനസിലാക്കണമെങ്കിൽ നീമത് കുക്കുവുമായുള്ള അഭിമുഖവും ‘ആഫ്രിക്ക ടുഡേ’മുഖപ്രസംഗവും നിർബന്ധമായും ഹൃദിസ്ഥമാക്കണം. ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) സായുധ സേനയും തമ്മിൽ വടക്കൻ ഡാർഫറിലെ പ്രശസ്‌ത പട്ടണത്തിന്റെ നിയന്ത്രണത്തിന് നടന്ന പോരാട്ടങ്ങളുടെ പരമ്പരയായിരുന്നു അൽ-ഫാഷിർ ഉപരോധം. വംശീയ പ്രേരിത അതിക്രമങ്ങൾക്ക് ആർഎസ്‌എഫിനെ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ അപലപിച്ചു. ഇതിലും ഇരുണ്ട നരകത്തെക്കുറിച്ച് യുഎൻ മാനുഷിക തലവൻ ടോം ഫ്ലെച്ചർ മുന്നറിയിപ്പും നൽകി. സിവിലിയർക്കെതിരായ അതിക്രമങ്ങൾ തടയാൻ അടിയന്തരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്ന് യു.എൻ കൗൺസിലിനോടും അംഗരാജ്യങ്ങളോടും അഭ്യർഥിച്ച അദ്ദേഹം, അക്രമത്തിന് ആയുധം നൽകുന്നത് നിർത്തുക, ഏതെങ്കിലും ഇടുങ്ങിയ രാഷ്ട്രീയ അല്ലെങ്കിൽ വാണിജ്യ താൽപ്പര്യങ്ങളെക്കാൾ സംഘർഷം അവസാനിപ്പിക്കുന്നത് പ്രധാനമാണെന്ന് ശഠിക്കുക എന്നീ കാര്യങ്ങളും എടുത്തുകാട്ടി.

രണ്ട് വർഷമായുള്ള ഏറ്റുമുട്ടലുകൾ രാജ്യം തകർത്തു, അരലക്ഷത്തിലധികം പേർ കൊല്ലപ്പെടുകയും ഒന്നരക്കോടി ആളുകളെ കുടിയിറക്കുകയും ചെയ്തു. സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുകയും നിരപരാധികളെ വധിക്കുകയുമാണ്. കുട്ടികൾ പ്രത്യേകിച്ച് ഗുരുതര അപകടസാധ്യതകൾ നേരിടുന്നതും പരസ്പരം കൊല്ലാൻ നിർബന്ധിതമായി റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നതും ഭയാനകം. അൽ ഫാഷിറിലെ 130,000 കുട്ടികൾ വിവരണാതീതമായ അവകാശ ലംഘനങ്ങൾക്ക് ഇരയാകാനുള്ള സാധ്യത ഏറുന്നുമുണ്ട്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, അംഗഭംഗം വരുത്തൽ, ലൈംഗികാതിക്രമം എന്നിവയുടെ റിപ്പോർട്ടുകൾ ദിവസവും വരികയാണ്. ഒരു കുട്ടിയും സുരക്ഷിതമല്ല; വ്യാപകമായ ആശയവിനിമയ തടസങ്ങൾ കാരണം ആഘാതത്തിന്റെ പൂർണ വ്യാപ്തി വ്യക്തമല്ലെങ്കിലും. മാനുഷിക പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയോ കൊല്ലുകയോ ചെയ്യുകയാണ്. നോർത്ത് കോർഡോഫാൻ സംസ്ഥാനത്തെ ബാരയിൽ സന്നദ്ധപ്രവർത്തകരായ അഞ്ചു പേരെ കൊന്നു. മൂന്ന് ദിവസം കൊണ്ട് മാത്രം 1500 സാധാരണക്കാരെയാണ് ആർഎസ്‌എഫ് അരിഞ്ഞുതള്ളിയത്. നൂറു കണക്കിന് വീടുകൾ ചാമ്പലാക്കി. ആശുപുത്രികളിൽ ഇരച്ചുകയറിപ്പോലും കൂട്ടക്കൊല നടത്തുന്നു. ഒക്ടോബർ 13-ന് അൽ ഫാഷിറിൽ അവശേഷിക്കുന്ന അവസാന ആശുപത്രിയായ അൽ-സൗദി മെറ്റേണിറ്റി ഹോസ്പിറ്റലിൽ തുടർച്ചയായി അഞ്ച് പീരങ്കി ഷെല്ലുകൾ പതിപ്പിച്ച് 460 രോഗികളെയും കൂട്ടിരിപ്പുകാരെയും വധിച്ചു. സുഡാനിൽ ആരോഗ്യ സംരക്ഷണത്തിന് നേരെയുള്ള 285 ആക്രമണങ്ങൾ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ടെന്നും 1,204 ആരോഗ്യ പ്രവർത്തകരും രോഗികളും മരിച്ചിട്ടുണ്ടെന്നും ആശുപത്രികളെയും ആരോഗ്യ പ്രവർത്തകരെയും ചികിത്സ തേടുന്നവരെയും മനഃപൂർവം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നുമാണ് ഡയരക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെളിപ്പെടുത്തിയത്. അൽ ഫാഷിറിലെ ഭീകര സംഭവങ്ങൾ വൈദ്യശാസ്ത്ര നൈതികതയുടെയും മനുഷ്യ മാന്യതയുടെയും എല്ലാ തത്വങ്ങളെയും ലംഘിക്കുന്നുവെന്നാണ് വേൾഡ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജാക്വലിൻ കിറ്റുലുവിന്റെ പ്രതികരണം. സായുധ സേന പ്രസവാശുപത്രിയിൽ അതിക്രമിച്ചു കയറി രോഗികളെയും പരിക്കേറ്റവരെയും പരിചരിക്കുന്നവരെയും കൊലപ്പെടുത്തുമ്പോൾ മനുഷ്യത്വം തന്നെ ആക്രമണത്തിന് വിധേയമാകുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട എല്ലാവരോടും അന്താരാഷ്ട്ര സമൂഹത്തോടും മെഡിക്കൽ നിഷ്പക്ഷതയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഈ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമ പ്രവർത്തനത്തിന്റെയും ശ്‌മശാനം
ആർഎസ്‌എഫ് മാധ്യമപ്രവർത്തകരെ വേട്ടയാടുകയും നിശബ്ദരാക്കുകയും ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 13 റിപ്പോർട്ടർമാരെ കാണാതായെന്നും ആക്രമണത്തിനിടെ മൂന്ന് വനിതാ പത്രപ്രവർത്തകർ ബലാത്സംഗത്തിന് ഇരയായെന്നും ഡാർഫർ വനിതാ പത്രപ്രവർത്തക ഫോറം സ്ഥിരീകരിച്ചു. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) വെളിപ്പെടുത്തിയത് 2023 മുതൽ 14 പത്രപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ്. മാധ്യമ ഓഫീസുകൾ പിടിച്ചെടുത്ത് റിപ്പോർട്ടർമാരെ തട്ടിക്കൊണ്ടുപോകുകയോ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിലാക്കുകയോ ചെയ്തു. തുടർന്ന് ആർഎസ്എഫ് ഭീകരർ സ്വന്തം കുറ്റകൃത്യങ്ങളുടെ വീഡിയോകൾ ഓൺലൈനിൽ പങ്കുവെച്ചു. 90 ശതമാനം മാധ്യമ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയോ ആയിരത്തിലേറെ പത്രപ്രവർത്തകരെ കുടിയിറക്കുകയോ ചെയ്തു. ന്യൂസ് റൂമുകൾ കൊള്ളയടിച്ച് ഉപകരണങ്ങൾ തകർത്ത സംഭവങ്ങളും ഒട്ടേറെ. ഈ സാഹചര്യത്തിൽ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും വ്യാപകമായും വേഗത്തിലും പ്രചരിക്കുന്നുവെന്നാണ് സുഡാനീസ് ജേണലിസ്റ്റ് സിൻഡിക്കേറ്റിന്റെ പ്രസ്താവന. കൃത്യവും സ്വതന്ത്രവുമായ വാർത്തകൾ എത്തിക്കുന്നതിന് സുഡാൻ മീഡിയ ഫോറം ജോയിന്റ് എഡിറ്റോറിയൽ റൂം സ്ഥാപിച്ചു. ക്ഷാമം, മാനുഷിക പ്രതിസന്ധികൾ, സിവിലിയർക്കെതിരായ അതിക്രമങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടായിരുന്നു അത്. സംഘർഷം ശക്തമായശേഷം വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു. ബലാത്സംഗം, അനിയന്ത്രിതമായ തടങ്കൽ, നിർബന്ധിത സ്ഥലംമാറ്റം, ജോലി നഷ്ടം എന്നിവയ്ക്ക് വിധേയരായിട്ടുണ്ട് പലരും. അടിസ്ഥാന സുരക്ഷ, ഭക്ഷണം, മരുന്ന്, ആരോഗ്യ സംരക്ഷണം എന്നിവയില്ലാത്ത, വളരെ മോശം മാനുഷിക സാഹചര്യങ്ങളിലാണ് അവർ ജീവിക്കുന്നത്. ഒക്ടോബർ 10-ന് ഖാർത്തൂമിന് എതിർവശത്ത് നൈൽ നദീതീരത്തെ ഓംദുർമാനിൽ ടിവി ചാനലായ സുഡാൻ ബൊക്രയിലെ മാധ്യമ പ്രവർത്തക ഹലീമ ഇദ്രിസ് സലിമിനെ ആർഎഎഫ് വാഹനം ഇടിച്ചു വീഴ്ത്തി കൊല്ലുകയുണ്ടായി. ഉത്തരവാദികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആവശ്യപ്പെട്ടു. പത്രപ്രവർത്തക എന്നനിലയിൽ കടമകൾ പ്രൊഫഷണലും സ്വതന്ത്രവുമായ രീതിയിൽ നിർവഹിച്ച ഹലീമയുടെ വധം അവകാശം നിഷേധിക്കുന്നതിന്റെ തെളിവാണ്.
സിഹാം ഹസ്സൻ ഹുസ്ബല്ലയുടെയും ആൽബർട്ട് ലുതുലിയുടെയും വധങ്ങൾ
സുഡാനിലെ ഭൗതികശാസ്ത്രജ്ഞയും, ആക്ടിവിസ്റ്റും, മനുഷ്യാകവകാശ പ്രവർത്തകയും രാജ്യ ചരിത്രത്തിൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്ന സിഹാം ഹസ്സൻ ഹുസ്ബല്ലയെപ്പോലും ആർഎസ്‌എഫ് ഭീകരർ വെറുതെവിട്ടില്ല. 2025 ഒക്ടോബർ 31-നായിരുന്നു ദാരുണമായ വധം. ഡാർഫറിൽ ജനിച്ച അവർ നീതിക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും തന്റെ പ്രദേശത്തെ ജനങ്ങൾക്കുമായി നിർഭയമായി ശബ്ദമുയർത്തി. 2016‐ 19 കാലയളവിൽ ഡാർഫറിനെ പ്രതിനിധീകരിച്ച് രണ്ട് പ്രാവശ്യം സുഡാൻ നാഷണൽ അസംബ്ലിയിൽ സേവനമനുഷ്ഠിച്ചു. പാർലമെന്ററി പ്രവർത്തനത്തിനിടയിലും അൽ-ഫാഷിറിൽ പട്ടിണി കിടക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണം നൽകുന്ന അടുക്കളകൾ നടത്തി. ജസ്റ്റിസ് ആൻഡ് ലിബറേഷൻ പാർടി അംഗമായിരുന്ന ഹുസ്ബല്ല 2011-ൽ സുഡാൻ ഗവൺമെന്റും ലിബറേഷൻ ആൻഡ് ജസ്റ്റിസ് മൂവ്‌മെന്റും തമ്മിൽ ദോഹയിൽ ഒപ്പുവച്ച ഡാർഫർ സമാധാന കരാറിൽ ഒപ്പുവച്ചവരിൽ ഒരാളായിരുന്നു. സിവിലിയൻ പ്രതിരോധത്തിന്റെയും അനുകമ്പയുടെയും പ്രതീകമായിരുന്ന അവരുടെ വധശിക്ഷ ആർഎസ്‌എഫിനെ ധിക്കരിക്കാൻ ധൈര്യപ്പെടുന്ന എല്ലാവർക്കുമുള്ള സന്ദേശമാണ്. രാഷ്ട്രീയ വേർതിരിവുകൾക്കപ്പുറം ഹുസ്ബല്ലയുടെ മാനുഷിക പ്രവർത്തനങ്ങൾ സാർവത്രികമായ ആദരവ് നേടിക്കൊടുത്തു. സംസാം, അബു ഷൗക്ക് ക്യാമ്പുകളിലെ ഭക്ഷണ വിതരണം, താമസ സൗകര്യം, വൈദ്യസഹായം എന്നിവയിലൂടെ പ്രശസ്തയായിരുന്നു. വധശിക്ഷ സുഡാനിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്കിടയിലും അന്താരാഷ്ട്ര നിരീക്ഷകർക്കിടയിലും രോഷം ആളിക്കത്തിച്ചു. ഡാർഫർ ബാർ അസോസിയേഷൻ കൊലപാതകത്തെ യുദ്ധക്കുറ്റമായി അപലപിക്കുകയും സാധാരണക്കാരെ സംരക്ഷിക്കാൻ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. ഇത് വെറുമൊരു ദുരന്തമല്ല - മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നായിരുന്നു അസോസിയേഷന്റെ ഹ്രസ്വ പ്രസ്താവന.

ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും 1961-ലെ സമാധാന നൊബേൽ പുരസ്‌കാര ജേതാവുമായ (ആ അംഗീകാരം നേടിയ ആദ്യ ആഫ്രിക്കക്കാരൻ) ആൽബർട്ട് ജോൺ എം വുംബി ലുതുലിയെ വർണവിവേചന പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ദക്ഷിണാഫ്രിക്കൻ കോടതി വിധിച്ചത് 2025 ഒക്ടോബർ 30-നാണ്. 1967 ജൂലൈ 21-ന് 69‐ാം വയസിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ചാണ് മരിച്ചതെന്ന കണ്ടെത്തൽ അസാധുവാക്കുകയും ചെയതു. 2024 മെയ് മാസത്തിൽ ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി റൊണാൾഡ് ലാമോള ആ മരണം വീണ്ടും അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചു. ഔദ്യോഗികമായി പുനരാരംഭിച്ചത് 2025 ഏപ്രിലിൽ. ലുതുലിയുടെ മരണവാർത്ത അറിഞ്ഞയുടൻ ലോകം ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ദുരുപയോഗം നടന്നതായി സംശയിച്ചു. അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ സ്കോട്ട് എവററ്റ് കൂപ്പർ എഴുതിയത് കൊല്ലപ്പെട്ടുവെന്ന മിത്ത് തെറ്റായ ചിത്രീകരണത്തിലേക്ക് നയിക്കുന്നതാണെന്നാണ്. മരണസമയത്തും വിമോചന പോരാട്ടത്തിൽ പ്രധാന പങ്കുണ്ടായിരുന്നെന്നും വർണവിവേചന ഭരണകൂടത്തിന് ഭീഷണിയായിരുന്നുവെന്നും കൂപ്പർ കൂട്ടിച്ചേർത്തു.
കണ്ണിൽപ്പൊടിയിടാൻ അന്വേഷണ പ്രഖ്യാപനം
അന്താരാഷ്ട്ര പ്രതിഷേധങ്ങൾ അതിശക്തമായതിനെ തുടർന്ന് അൽ-ഫാഷിർ പിടിച്ചടക്കിയ സമയത്ത് നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച് ആർഎസ്‌എഫ് നേതാവ് ജനറൽ മുഹമ്മദ് ഹംദാൻ ദഗലോ അന്വേഷണം പ്രഖ്യാപിച്ചത് ആത്മാർഥമല്ല; കണ്ണിൽപ്പൊടിയിടാനാണ്. എൽ-ജെനീനയിലെ ഡാർഫൂരി നഗരത്തിൽ നടന്ന കൂട്ടക്കൊലകൾക്കും എൽ ഗെസിറയുടെ നിയന്ത്രണം കൈവശമായിരുന്നപ്പോൾ നടത്തിയ അതിക്രമങ്ങൾക്കും മറുപടിയായി മുൻകാലങ്ങളിൽ നൽകിയ സമാന വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നത് ആ നിഗമനം ശരിവെക്കുന്നതാണ്. പടിഞ്ഞാറൻ ഡാർഫറിന്റെ തലസ്ഥാനമായ എൽജെനീനയിൽ അറബ് ഇതര മസാലിത് ജനതയുടെയും മറ്റ് അറബ് ഇതര വംശീയ വിഭാഗങ്ങളുടെയും ഉന്മൂലനം ലക്ഷ്യമാക്കിയ ആസൂത്രിത കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ, സ്വത്ത് നശിപ്പിക്കൽ എന്നിവയുടെ പരമ്പരയായിരുന്നു എൽജെനീന കൂട്ടക്കൊല. 2023 ഏപ്രിലിൽ ഏറ്റുമുട്ടലുകൾ ആരംഭിച്ചെങ്കിലും ഏറ്റവും തീവ്രമായ കൂട്ടക്കൊലകൾ നടന്നത് 2023 ജൂൺ 14 നും ജൂൺ 22 നും ഇടയിലായിരുന്നു. ജൂൺ 14 ന് വെസ്റ്റ് ഡാർഫർ ഗവർണർ ഖാമിസ് അബക്കറിനെ വധിച്ചുകൊണ്ടായിരുന്നു തുടക്കം. നവംബറിൽ അർദമത പ്രാന്തപ്രദേശത്തും സമാന സംഭവങ്ങൾ അരങ്ങേറി. എൽജെനീനയിൽ 15,000 ജീവനാശമുണ്ടായി. ആയിരങ്ങൾക്ക് അതിഗുരുതരമായി പരിക്കേറ്റു, ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തു. മുഴുവൻ മസാലിറ്റ് അയൽപക്കങ്ങളും കുടിയിറക്ക ക്യാമ്പുകളും ആസൂത്രിതമായി കത്തിക്കുകയും കൊള്ളയടിക്കുകയുമുണ്ടായി. എൽ ഗെസിറയുടെ തലസ്ഥാനമായ വാദ് മദാനിക്ക് സമീപം സൈന്യവും ആർഎസ്‌എഫും തമ്മിലുള്ള പോരാട്ടങ്ങൾ ഉപരോധിത നഗരത്തിൽനിന്ന് 15,000 പേരെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി. വടക്കൻ കോർഡോഫാൻ സംസ്ഥാനത്ത് നാല് ദിവസത്തിനിടെ 35,000 ആളുകളെ വീടുകളിൽ നിന്ന് പുറത്താക്കിയതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് ചെയ്തു. ബാര നഗരത്തിൽ നിന്ന് പലായനം ചെയ്ത 1,100 പേരും ഇതിലുൾപ്പെടുന്നു. അതിവേഗം ഏറിവരുന്ന മാനുഷിക പ്രതിസന്ധിയാണെന്നാണ് യു.എൻ ഏജൻസിയുടെ വിശകലനം. 2025 ഒക്ടോബർ 26 ‐ 29 തീയതികളിൽ ഇടയിൽ ശേഖരിച്ച ഡാറ്റ പ്രകാരം, ഷെയ്കാൻ, റഹാദ്, ബാര, ഉം റുവാബ, ഉം ദം ഹജ് അഹമ്മദ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ആളുകൾ പല തവണ സ്ഥാനചലനത്തിന് വിധേയമായി. തെക്കൻ സുഡാനിലെ വൈറ്റ് നൈൽ സംസ്ഥാനത്തിലെ എഡ്-ഡുയിം നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അവർ താമസം മാറ്റിയത് ആ സമൂഹങ്ങളിൽ വിഭവ പ്രതിസന്ധിയുണ്ടാക്കി. സറൈബത്ത് ഷെയ്ഖ് എൽ ബോറായ് പ്രദേശത്ത് ആർഎസ്‌എഫ് നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്നായിരുന്നു കൂട്ട പലായനം. അതിൽ നിരവധി പേർ കൊല്ലപ്പെട്ടു. അക്രമാസക്തങ്ങളായ ഏറ്റുമുട്ടലുകളുടെ പരമ്പര പ്രദേശം തകർത്തു.
നിസംഗതയുടെ പ്രതിസന്ധി
ബിബിസി വെരിഫൈ പരിശോധിച്ച അബു ലുലു ഓൺലൈനിലെ ഏറ്റവും സമീപനാളുകളിലെ ദൃശ്യങ്ങളിൽ നിരായുധരായ ആളുകളെ വെടിവയ്ക്കുന്നത് തെളിയുകയുണ്ടായി. അൽ-ഫാഷിറിന്റെ പ്രാന്തപ്രദേശത്തെ ഷാല ജയിലിലെ പീഡനങ്ങളും പുറംലോകമറിഞ്ഞു. സിവിലിയരെ സംരക്ഷിക്കുമെന്ന ആർഎസ്‌എഫിന്റെ ഉറപ്പ് മേഖലയിൽ നിന്ന് പുറത്തുവരുന്ന ഭയാനകമായ വാർത്തകൾക്ക് വിരുദ്ധമാണ്. സൈന്യവും ആർഎസ്‌എഫും തമ്മിലുള്ള യുദ്ധം തീർത്ത കെടുതികൾ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ അത് നിസംഗതയുടെ പ്രതിസന്ധികൂടിയാണെന്ന് പറയണം.

വംശീയതയും ലൈംഗികാധിഷ്ഠിത അതിക്രമങ്ങളുമടക്കം കഷ്ടപ്പാടുകളുടെ വ്യാപ്തി മനഃസാക്ഷിക്ക് നിരക്കാത്തതാണ്. കൂടാതെ പ്രതിരോധമില്ലാത്ത സാധാരണക്കാരെ വധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. അൽ-ഫാഷറിലെ കൊലപാതകങ്ങൾ വംശീയ പ്രേരിതവും അറബ് ഇതര ജനതയെ ലക്ഷ്യമിടുന്നതുമാണെന്നതുമാണ് സത്യം. രണ്ട് മാസങ്ങളായി വ്യോമ ഡ്രോൺ ആക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും ഭയാനകമായി വർധിച്ചിട്ടുണ്ട്. അൽ-ഫാഷിറിലെ ആളുകൾക്ക് ജീവൻ രക്ഷിക്കാനുള്ള സഹായം അനുവദിക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കണമെന്നും അതിക്രമങ്ങൾക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യാൻ അടിയന്തര അന്വേഷണം നടത്തണമെന്നും ആഫ്രിക്കൻ യൂണിയന്റെ പീസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. 1956-ൽ സ്വാതന്ത്ര്യം ലഭിച്ചശേഷം സുഡാന്റെ വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പരാജയമാണ് രാജ്യം ആവർത്തിച്ച് നേരിടുന്ന പ്രതിസന്ധിയുടെ കാതൽ. സായുധ സേനയും ആർഎസ്എഫും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ആഫ്രിക്കൻ യൂണിയൻ (എയു) ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനിയെ ചുമതലപ്പെടുത്തിയിരിക്കയാണ്. 2025 ഒക്ടോബർ 28-ന് നടന്ന 1308-‐ാമത് അടിയന്തര യോഗത്തിലാണ് എയു സമാധാന സുരക്ഷാ കൗൺസിൽ തീരുമാനമെടുത്തത്.
സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ചുവന്നപാടുകൾ നിറഞ്ഞ ഭൂമി
അമേരിക്കയിലെ യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഹ്യുമാനിറ്റേറിയൻ റിസർച്ച് ലാബ് റിമോട്ട് സെൻസറിങ് ഡാറ്റ ഉപയോഗിച്ച് പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളിലെ കടുത്ത ചുവന്ന പാടുകൾ നിറഞ്ഞ ഭൂമി നടുക്കമുളവാക്കുന്നതാണ്. ആ മണ്ണ് മനുഷ്യരുടെ ചോരയാൽ നനഞ്ഞ് കുതിർന്നിരിക്കുന്നു. പടിഞ്ഞാറൻ ഡാർഫർ മേഖലയ്‌ക്ക് സമീപത്തെ വയലിലെ സംസാം ഡിസ്‌പ്ലേസ്‌മെന്റ് ക്യാമ്പിൽ നിന്ന് പലായനം ചെയ്തവരുടെ സ്ഥിതി ആശങ്കാജനകമാണ്. അവിടെ നിന്നും നീങ്ങാൻ കഴിയാതായ ഭിന്നശേഷിക്കാർ അടക്കമുള്ളവർ വിളിച്ചുപറഞ്ഞത്, “പോകരുത്. നമ്മൾക്ക് എല്ലാവർക്കും സംസാമിൽ ഒരുമിച്ച് മരിക്കാം” എന്നാണ്. വെടിയുണ്ട കൈയിൽ തട്ടിയിട്ടും പലരും പിൻവാങ്ങിയില്ല. ആർഎസ്എഫ് അർധരാത്രിയുടെ മറവിൽ ആക്രമണം നടത്തിയപ്പോൾ വെടിയേറ്റ ചോര നിർത്താൻ കൈ കീറത്തുണികൊണ്ട് കെട്ടി ഓടിക്കൊണ്ടിരിക്കുകയായിരുന്നു അവർ. പിന്നെ വഴികളടച്ചും റോഡുകൾ തടഞ്ഞും പീരങ്കികൾ ഒച്ചവെച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം ഡാർഫർ ഏറ്റവും മോശമായ അക്രമങ്ങൾക്കാണ് സാക്ഷികളായത്. മുഴുവൻ ഗ്രാമങ്ങളും ക്യാമ്പുകളും കത്തിച്ചു. സംസാം ക്യാമ്പ് ആർഎസ്‌എഫ് നിയന്ത്രണത്തിലായതിനെ തുടർന്ന് ഒളിച്ചോടിയവർക്ക് തവില പട്ടണത്തിനടുത്ത് തുറന്ന വയലിലെ താൽക്കാലിക ക്യാമ്പിൽ ഭക്ഷണ റേഷനായി വരിനിൽക്കേണ്ടിവന്നു. വിതരണ ശൃംഖല മുഴുവൻ താറുമാറാക്കിയതിനാൽ ഭക്ഷണവും പുതപ്പും മെത്തയും വസ്ത്രങ്ങളും ഇല്ലാതെ എല്ലാവരും ചെളിയിൽ ഇരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങൾ ചിതറിത്തെറിച്ചു. സുരക്ഷ കരുതി രക്ഷപ്പെട്ടവരുടെ മുഴുവൻ പേരുകളും രഹസ്യമാക്കി. അൽ-ഫാഷറിൽ നിന്ന് പടിഞ്ഞാറോട്ട് 43 മൈൽ ദൂരെയുള്ള തവില പട്ടണത്തിലേക്ക് 650000- ആളുകൾ പലായനം ചെയ്തിട്ടുണ്ട്. ചില കുടുംബങ്ങൾ കിടങ്ങുകളിൽ ഒളിച്ചു, മരിച്ചവരുടെ ജഡങ്ങൾ തെരുവുകളിൽ ചിതറിക്കിടക്കുന്നു. അൽ-ഫാഷറിനും വടക്കുപടിഞ്ഞാൻ ഗ്രാമമായ ഗാർണിക്കും ഇടയിലെ റോഡിൽ നിരവധി മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതും കുടുംബങ്ങൾ അവ ഉപേക്ഷിക്കുന്നതും പതിവായി. പലതും അസ്ഥികളായി മാറിയിരിക്കുന്നു. ഗുരുതരമായ മുറിവേറ്റവരെ തുറസായ സ്ഥലത്ത് തള്ളേണ്ട നിസഹായതയിലാണ് പലരും. ഒന്നര വർഷമായുള്ള ആർഎസ്‌എഫ് ഉപരോധം ഭക്ഷണം, മരുന്ന്, മറ്റ് സഹായങ്ങൾ എന്നിവ വിച്ഛേദിക്കപ്പെട്ട നാശനഗരത്തിൽ നിന്ന് രക്ഷപ്പെട്ടവരും പരിതാപകരമായ അവസ്ഥയിലാണ്. ആരെല്ലാം മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടെന്നോ വ്യക്തമല്ല. സിവിലിയരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവച്ചുള്ള വിവേചനരഹിതമായ അക്രമങ്ങളും വംശീയപ്രേരിതമായ വധങ്ങളും ഉൾപ്പെടെ അവകാശ ലംഘനങ്ങളുടെ നീണ്ട പട്ടികതന്നെ കാണാനാവും.
യുദ്ധകുറ്റകൃത്യങ്ങളെ വെള്ളപൂശാൻ വാഷിങ്‌ടണിന്റെ ബ്ലോബ് സഹായം
സുഡാനിലെ യുദ്ധകുറ്റകൃത്യങ്ങളെ വെള്ളപൂശാൻ വാഷിങ്‌ടണിന്റെ ബ്ലോബ് സഹായിക്കുന്നതായുള്ള വിമർശനവും ശക്തം. അന്താരാഷ്ട്ര പിന്തുണയുള്ള സായുധ സംഘത്തെ ദേശീയ സൈന്യവുമായി തുലനം ചെയ്യുന്നതിലൂടെ അമേരിക്കൻ ഭരണകൂടം യാഥാർഥ്യങ്ങൾ വളച്ചൊടിക്കുകയും സുഡാനിലെ ഏജൻസിയെ ഇല്ലാതാക്കുകയും ചെയ്യുകയാണ്. പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബെൻ റോഡ്സാണ് വാഷിങ്ടണിന്റെ വിദേശനയ സ്ഥാപനത്തെ "ബ്ലോബ്’ എന്ന് വിശേഷിപ്പിച്ചത്. അധികാരം, ആഗോളക്രമം, നിയമാനുസൃത പങ്കാളികൾ എന്നിവയുടെ ഇടുങ്ങിയ കാഴ്ചപ്പാട് നിലനിർത്തുന്ന ബുദ്ധികേന്ദ്രങ്ങൾ, മുൻ ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, ഫണ്ട് ദാതാക്കൾ എന്നിവരുടെ ആവാസവ്യവസ്ഥയെ വിവരിക്കാനായിരുന്നു ആ പ്രയോഗം. ഈ ഉപകരണം യാഥാസ്ഥിതിക ജഡത്വം നിലനിർത്തുക മാത്രമല്ല, നയത്തിൽ സാധ്യമാണെന്ന് കരുതുന്നതിന്റെ പരിധികൾ നിർവചിക്കുകയും ചെയ്യുന്നു.

രണ്ടര വർഷത്തെ സുഡാൻ സംഘർഷത്തിൽ സ്വയം അടിച്ചേൽപ്പിച്ച ഈ അതിരുകൾ മാരകമാണെന്ന് തെളിയിക്കപ്പെടുകയാണ്. ബ്ലോബിലെ വഞ്ചനാപരമായ രീതി, ആർഎസ്‌എഫിനെയും സായുധ സേനയെയും സമാനമായ എതിരാളികളായി ചിത്രീകരിക്കുന്ന ധാർമികവും വാചാടോപപരവുമായ തുല്യതയുടെ ആഹ്വാനമാണ്. ഈ യു.എസ് നിലപാട് ബോധപൂർവമായ രാഷ്ട്രീയ നിർമിതിയെയാണ് പ്രതിനിധീകരിക്കുന്നത്. യുദ്ധക്കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ശക്തിക്ക് തന്ത്രപരവും ധാർമികവുമായ വിശ്വാസ്യത നൽകുകയാണ് അതിലൂടെ. ആർ.എസ്.എഫ് പരസ്യമായി ഇസ്രയേലിനോട് സഹതാപവും ശക്തമായ പിന്തുണയും പ്രകടിപ്പിച്ചിട്ടുണ്ട്. പലസ്തീനികളെ കൊല്ലുന്നതിനും അടിച്ചമർത്തുന്നതിനും നേരെ ഉയരുന്ന വിമർശനങ്ങൾ ചെറുക്കാൻ വർഷങ്ങളായി ഇസ്രായേൽ ഉപയോഗിച്ചുവരുന്ന രീതിയാണ് ആർഎസ്‌എഫും പിന്തുടരുന്നത്. ഗാസയിൽ ഇസ്യേൽ ഉന്നയിക്കുന്ന അവകാശവാദങ്ങളുമായി സാമ്യമുള്ളതാണവയെന്നാണ് നോട്ടിങ് ലോ സ്കൂളിലെ ഐഎച്ച്‌എൽ സീനിയർ ലക്ചറർ ലൂയിജി ഡാനിയേൽ നിരീക്ഷിച്ചത്.
സമാധാനം സങ്കീർണമാക്കുന്ന വൈദേശിക ഇടപെടലുകൾ
എണ്ണമറ്റ ക്രൂരതകളുടെ പേരിൽ ജാൻജവീദ് (സുഡാനീസ് അറബിയിൽ കുതിരപ്പുറത്തിരിക്കുന്ന പിശാചുക്കൾ) എന്നറിയപ്പെട്ട ഡാർഫറിലെ നാടോടികളായ അറബ് മിലിഷ്യകളിൽ നിന്നാണ് ആർഎസ്‌എഫിന്റെ ഉദയം. 2003-ൽ ആരംഭിച്ച അറബ് ഇതര സമൂഹങ്ങളുടെ കലാപം അടിച്ചമർത്താൻ സൈന്യം ജൻജവീദിനെ ഉപയോഗിച്ചു. ജനകീയ പ്രക്ഷോഭം സ്വേച്ഛാധിപത്യ പ്രസിഡന്റ് ഒമർ അൽ-ബഷീറിനെ അട്ടിമറിച്ചശേഷം അധികാരം പങ്കിട്ടിരുന്ന സിവിലിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഒന്നിച്ചുചേരുംവരെ സൈന്യവും ആർഎസ്എഫും അടുത്ത സഖ്യത്തിലായിരുന്നു. ആഭ്യന്തരയുദ്ധത്തിലെ വൈദേശിക ഇടപെടലുകൾ സമാധാന ശ്രമങ്ങളെ സങ്കീർണമാക്കുകയും മാനുഷിക പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. അന്താരാഷ്ട്ര നിഷ്‌ക്രിയത്വത്തിനൊപ്പം പ്രാദേശിക ശക്തികൾ തമ്മിലുള്ള വിഭജിത സഖ്യങ്ങൾ, കുടിയേറ്റങ്ങൾ, ക്ഷാമം, വംശീയാക്രമണങ്ങൾ തുടങ്ങിയവ ആ രാജ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി. ആഭ്യന്തരയുദ്ധത്തിൽ വിദേശ ശക്തികൾ ഒരു പക്ഷത്തിനെതിരെ മറുഭാഗത്തെ പിന്തുണച്ചു വരുന്നു. സുഡാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അമേരിക്കയ്ക്ക് തന്ത്രപരമായി വലിയ മൂല്യമുള്ളതാണ്. ചെങ്കടലിനോട് തൊട്ടുരുമ്മി സുഡാന് 500 മൈലിലേറെ തീരപ്രദേശമുണ്ട്; കടലിലേക്കുള്ള പ്രധാന പ്രവേശനം പോർട്ട് സുഡാനിൽ നിന്നാണ്. ആഗോള സമുദ്ര വ്യാപാരത്തിന്റെ 12 ശതമാനം ചെങ്കടൽ വഴി സാധ്യമാകുന്നതിനാൽ സാമ്പത്തിക, രാഷ്ട്രീയ, സൈനിക പ്രാധാന്യവുമുണ്ട്. സംഘർഷവ്യാപനം യുഎസ് ഇടപെടലിന് മറ്റൊരു ശക്തമായ പ്രചോദനം നൽകുന്നു. സംഘർഷം അയൽക്കാരിൽ പ്രത്യേകിച്ച് ചാഡ്, ലിബിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നേരിട്ട് അരക്ഷിതാവസ്ഥ വർധിപ്പിക്കുകയാണ്. അമേരിക്കയും യൂറോപ്പും നേരിടുന്ന കുടിയേറ്റ പ്രതിസന്ധി അത് കൂടുതൽ വഷളാക്കും. യുദ്ധവും ഭൂഖണ്ഡത്തിലെ പ്രത്യാഘാതങ്ങളും യുഎസ് രാഷ്ട്രീയ‐ സുരക്ഷാ താൽപ്പര്യങ്ങളെ നേരിട്ട് ബാധിക്കും.
ആർഎസ്‌എഫ് ഉപയോഗിക്കുന്നത് ബ്രിട്ടീഷ് സൈനികോപകരണങ്ങൾ
യു.എൻ സുരക്ഷാ കൗൺസിൽ പരിശോധിച്ച രേഖകൾ പ്രകാരം, വംശഹത്യ അഴിച്ചുവിടാൻ ആർഎസ്‌എഫ് ഉപയോഗിക്കുന്ന ബ്രിട്ടീഷ് സൈനികോപകരണങ്ങൾ സുഡാനിലെ യുദ്ധക്കളങ്ങളിൽ നിന്ന് കണ്ടെത്തി. ചെറുകിട ആയുധ ലക്ഷ്യ സംവിധാനങ്ങളും കവചിത പേഴ്‌സണൽ വാഹകർക്കുള്ള എൻജിനുകളും മറ്റുമായിരുന്നു അവയിൽ. ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധങ്ങൾ ലംഘിച്ച് ലിബിയയിലും യെമനിലും സമാന ഉപകരണങ്ങൾ വിന്യസിക്കപ്പെട്ടതും പ്രധാനം. യു.എ.ഇ ബ്രിട്ടീഷ് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചുള്ള പരിശോധനയ്‌ക്കും ഈ കണ്ടെത്തലുകൾ വീണ്ടും കാരണമായി. തലസ്ഥാനമായ ഖാർട്ടൂമിലെയും ഇരട്ട നഗരമായ ഓംദുർമാനിലെയും മുൻ ആർഎസ്‌എഫ് സൈറ്റുകളിൽ നിന്ന് ലഭിച്ച യു.കെ സൈനിക ഉപകരണങ്ങളുടെ വിവരങ്ങൾ രണ്ട് രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, 2024 ജൂണിലും 2025 മാർച്ചിലും സുരക്ഷാ കൗൺസിൽ കണ്ടതുമാണവ. വെയിൽസിലെ മിഡ് ഗ്ലാമോർഗൻ ആസ്ഥാനമായ ചെറുകിട ആയുധങ്ങളുടെയും ലക്ഷ്യ സംവിധാനങ്ങളുടെയും കമ്പനിയായ മിലിടെക് നിർമിച്ചതാണെന്ന് സൂചിപ്പിക്കുന്ന ലേബലുകൾ നിരവധി ഫോട്ടോകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

2025-ലെ രേഖയിലെ ഒരു ഫോട്ടോയിൽ മെയ്ഡ് ഇൻ ഗ്രേറ്റ് ബ്രിട്ടൺ ബൈ കമ്മിൻസ് ഇൻകോർപ്പറേറ്റഡ് എന്നും കണ്ടു. യു.കെ ആസ്ഥാനമായുള്ള ഡാർഫർ ഡയസ്‌പോറ അസോസിയേഷൻ ചെയർപേഴ്‌സൺ അബ്ദുള്ള ഇദ്രിസ് അബുഗാർദ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. ഈ കൈമാറ്റം എങ്ങനെ സംഭവിച്ചുവെന്ന് യു.കെ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി അന്വേഷിക്കുകയും നിരപരാധികളായ സുഡാനിലെ സാധാരണക്കാരുടെ ദുരിതത്തിന് ബ്രിട്ടീഷ് സാങ്കേതികവിദ്യയോ ആയുധങ്ങളോ കാരണമാകുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കൂടുതൽ പങ്കാളികളാകുന്നത് തടയാൻ ഉത്തരവാദിത്തവും കർശനമായ അന്തിമ ഉപയോഗ നിരീക്ഷണവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ താൽപ്പര്യമെന്ത്?
2024 ജനുവരിയിൽ തന്നെ, ലിബിയ, ചാഡ്, ഉഗാണ്ട വഴി ആർഎസ്‌എഫിന് ആയുധ വിതരണം നടത്താൻ യുഎഇ ഉപയോഗിക്കുന്ന ശൃംഖലയെക്കുറിച്ച് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഉപരിതലത്തിൽ നിന്ന് വായുവിലേക്കുള്ള മിസൈലുകൾ അടക്കം വിവിധ ആയുധങ്ങളും വെടിക്കോപ്പുകളും ഇതിൽ ഉൾപ്പെടുന്നു. 2024 ജൂലൈയിൽ ഓംദുർമാനിൽ ഒരു വാഹനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നാല് യുഎഇ ഇന്റലിജൻസ് ഏജന്റുമാരുടെ - പാസ്‌പോർട്ടുകൾ കണ്ടെത്തിയതോടെ പങ്കാളിത്തത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ശക്തമായ തെർമോബാറിക് ബോംബുകൾ വർഷിക്കാൻ കഴിവുള്ള ഡ്രോണുകൾ യുഎഇ നൽകിയതായി ഐക്യരാഷ്ട്രസഭയ്ക്ക് കൈമാറിയ രേഖകളിൽ ആരോപണമുണ്ടായി. ഹെമദ്തി എന്നറിയപ്പെടുന്ന യുദ്ധപ്രഭുവും ആർഎസ്എഫ് തലവനുമായ മുഹമ്മദ് ഹംദാൻ ദഗലോയുടെ വാണിജ്യ സാമ്രാജ്യം ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ടെന്നും സുഡാനിലെ ആർഎസ്‌എഫ് നിയന്ത്രണത്തിലുള്ള ഖനികളിൽ നിന്നുള്ള സ്വർണം യുഎഇയിലാണ് വ്യാപാരം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. യെമൻ, ലിബിയ തുടങ്ങിയ സ്ഥലങ്ങളിൽ കൂലിപ്പട്ടാളക്കാരായി യുഎഇ ആർഎസ്‌എഫ് പോരാളികളെ ഉപയോഗിച്ചു, പൊതുവെ സുഡാനിൽ വിപുലമായ വാണിജ്യ, ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങൾ അവർക്കുണ്ട്. ഇതിനായി ആർഎസ്‌എഫിനെയും ഹെമദ്തിയെയും പ്രിയപ്പെട്ട പങ്കാളികളായി കാണുന്നു. യുഎഇയുടെ സാമ്പത്തിക, ലോജിസ്റ്റിക്കൽ പിന്തുണയും ആയുധ വിതരണവും ഇല്ലായിരുന്നെങ്കിൽ ആർഎസ്‌എഫിന് ഇത്രയും കാലം യുദ്ധം നിലനിർത്താൻ കഴിയുമായിരുന്നില്ലെന്നാണ് പല വിശകലന വിദഗ്ധരുടെയും നിഗമനം.

സുഡാൻ യുദ്ധം കൂടുതൽ വിനാശകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആർഎസ്എഫിന് ആധുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ യുഎഇ എംബസിക്ക് പുറത്ത് വൻ പ്രതിഷേധമാണ് അലയടിച്ചത്. ശക്തമായ അന്താരാഷ്ട്ര നടപടികൾക്ക് ആഹ്വാനം ചെയ്യുകയും യുഎഇയെ ബഹിഷ്‌കരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു അവർ. മൂന്ന് ദിവസമായി ആർഎസ്‌എഫ് മിലിഷ്യ, ഹെമദ്തിയുടെ സൈന്യം, എമിറാത്തി ആയുധങ്ങൾ എന്നിവയാൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു, ലോകം നിശബ്ദത പാലിക്കുന്നു. അവർ നമ്മുടെ രാജ്യത്ത് വംശഹത്യ നടത്തി, സ്വന്തം ജനങ്ങളോടൊപ്പം നിൽക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. സുഡാനിലെ പ്രധാന നഗരങ്ങളിലെല്ലാം കൊടിയ നാശമാണ്. അവർ വീടുകൾ കത്തിച്ചു, ബഹ്‌രി, ഖാർത്തൂം പോലുള്ള മുഴുവൻ അയൽപക്കങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടു. എനിക്ക് മാതൃരാജ്യത്തേക്ക് മടങ്ങാൻ കഴിയാത്തത് ഹൃദയഭേദകമാണ്‐ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എൽഹുസൈൻ യാസിൻ പറഞ്ഞു.
എഡ്വേർഡ് സെയ്‌ദിന്റെ പ്രയോഗം: ‘ഇരയായവർ പഴിക്കപ്പെടുന്നു’
സാർവദേശീയ രാഷ്ട്രീയത്തിലെ പുതിയ അധിനിവേശ രൂപങ്ങളും അതിന്റെ പ്രവണതകളും മുൻനിർത്തിയുള്ള വിചാരങ്ങളിൽ എഡ്വേർഡ് സെയ്ദ്, ‘ഇരയായവർ പഴിക്കപ്പെടുന്നു’ എന്നൊരു സങ്കൽപം വിപുലമാക്കാൻ ശ്രമിച്ചിട്ടുണ്ട്. സാംസ്കാരികമായ മേന്മ നടിച്ചും അവകാശപ്പെട്ടുമായിരുന്നു പഴയ കൊളോണിയൽ ചൂഷണങ്ങൾ. വെള്ളക്കാരന്റെ ഉത്തരവാദിത്തം അപരിഷ്കൃതരെ വെളിച്ചത്തിലേക്ക് നയിക്കാൻ ദൈവം തങ്ങളെ ചുമതലപ്പെടുത്തിയതാണെന്ന വാദത്തിന്റെ പ്രഖ്യാപനവുമായിരുന്നു. ആഫ്രിക്കൻ ഇരുണ്ട ഭൂഖണ്ഡം, പരസ്പരം ഏറ്റുമുട്ടുന്നവർ, ജനാധിപത്യത്തിന്റെ ശവപ്പറമ്പ് എന്നിങ്ങനെയുള്ള രൂപീകരണങ്ങൾ അതിന്റെ തുടർച്ചകൾ. ചരിത്രത്തിന്റെ വാർപ്പു മാതൃകകളെ പുനരുജ്ജീവിപ്പിച്ച സന്ദർശന (Visit Revives A History Of Stereotypes)-ത്തെക്കുറിച്ച് എഴുതിയപ്പോൾ അലെൻ കോവൽ സമാനങ്ങളായ നിഗമനങ്ങളാണ് അടിവരയിട്ടത്. ഡേവിഡ് സിടേൺലിയുമൊത്ത് രചിച്ച ‘വൈ ആർ വീപ്പിങ്ങ്' എന്ന കൃതി അപ്പാർതീഡിന്റെ കടിയേറ്റ് പിടഞ്ഞ ദക്ഷിണാഫ്രിക്കയുടെ വിലാപങ്ങളെക്കുറിച്ചാണ്.

ആഫ്രിക്കയുടെ വിദൂര മേഖലകളിലൂടെയുള്ള ദീർഘയാത്രകൾ ആ ജനത എന്തുകൊണ്ട് കരയുന്നുവെന്ന് ബോധ്യപ്പെടുത്തി. അതിന്റെ തുടർച്ചയാണ് ഇന്റർ നാഷണൽ ഹെറാൾഡ് ട്രിബ്യൂണിൽ കോവെൽ എഴുതിയ ലേഖനം. കൊളോണിയൽ കാഴ്ചയുടെ രീതിശാസ്ത്രം, ബ്രിട്ടീഷ് യാഥാസ്ഥിതിക പത്രങ്ങളിലെ ഫോട്ടോ വിന്യാസത്തിന്റെ മനഃശാസ്ത്രം തുടങ്ങിയവയെല്ലാം അനുബന്ധങ്ങളായുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് ജേക്കബ് ജി സുമയെക്കുറിച്ചുള്ള വാർത്തകൾ നൽകുമ്പോൾ ബ്രിട്ടീഷ് യാഥാസ്ഥിതിക പത്രങ്ങൾ, അദ്ദേഹം പരമ്പരാഗത സുലു വേഷം ധരിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ബഹുഭാര്യാത്വം സംബന്ധിച്ച കുറിപ്പുകളിലാണ് ഇത് കൂടുതലും.
15‐ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ട സാമ്പത്തിക തിട്ടൂരങ്ങൾ
റുവാണ്ടൻ രക്തച്ചൊരിച്ചിലിനെക്കാൾ ഭീകരമായിരുന്നു സുഡാൻ സ്ഥിതിവിശേഷം. പട്ടാളത്തെ ജീവിപ്പിക്കാൻ കോടിക്കണക്കിന് ഡോളർ മാറ്റിവെക്കേണ്ടിവന്നു. അതിനൊപ്പമാണ് ഐഎംഎഫിലേക്കും ലോകബാങ്കിലേക്കുമുള്ള തിരിച്ചടവുകൾ. രണ്ട് പതിറ്റാണ്ട് മുമ്പുതന്നെ 1500 കോടി ഡോളറായിരുന്നു ബാധ്യത. പലിശ പോലും അടക്കാനായില്ല. മലേഷ്യ സുഡാനുവേണ്ടി പലിശയിനത്തിൽ ഓരോ മാസവും 50 ലക്ഷം ഡോളർ ഐഎംഎഫിന് നൽകുകപോലുമുണ്ടായി. സുഡാനിലെ വ്യക്തി നികുതി വരുമാനത്തിന്റെ 30 ശതമാനംവരെയെത്തി. ഈ നികുതി നയം തെറ്റല്ലെന്നും അമേരിക്കയിലും ഇതേ നിരക്കാണെന്നുമുള്ള ക്രൂരഫലിതമായിരുന്നു സാമ്രാജ്യത്വ ഏജൻസികളുടേത്. വർഷത്തിൽ 54 ഡോളർ മാത്രം വരുമാനമുള്ള സുഡാനികൾ പിന്നെ എന്തുചെയ്യും. ഈ സാമ്പത്തിക തിട്ടൂരങ്ങളാണ് ആ രാജ്യത്തെ ജനങ്ങളെ 15‐ാം നൂറ്റാണ്ടിലെ നിലവാരത്തിലേക്ക് തള്ളിയിട്ടതും. ഭക്ഷണം കിട്ടാതെവരുമ്പോൾ അവർ പരസ്പരം ഏറ്റുമുട്ടുന്നു. ഇപ്പോഴത്തെ നരഭോജനത്തെക്കാൾ ഭേദം അടിമത്തമാണെന്ന് ചിലർ പറയുന്നത് അതിനാലാണ്. സുഡാനിൽ മാത്രമല്ല, ആഫ്രിക്കയിലുടനീളം സ്ഥിതി ഇതു തന്നെ. ഭൂഖണ്ഡമാകെ അമേരിക്കൻ ഡോളറിന്റെ സമ്മർദ്ദങ്ങൾ കെടുതികൾ വിതയ്ക്കുകയുമാണ്. വാൾസ്ട്രീറ്റിലെ സ്റ്റോക്കും ബോണ്ടും മാത്രമാണ് ഇവിടെ മുഖ്യം. ഇതിന്റെ അനുബന്ധമാണ് സുഡാൻ രാഷ്ട്രീയത്തിലെ സി.ഐ.എ കഴുകൻ കണ്ണ്. അത് അവിടുത്തെ ഇന്റലിജൻസ് മേധാവി സലാഗോഷമായി ബന്ധം വെച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. വിശദാംശങ്ങൾക്ക് സി.ഐ.എ ആക്‌റ്റിവിറ്റീസ് ഇൻ സുഡാൻ എന്ന പഠനം കാണുക.
സാമൂഹ്യമായ വേട്ടയാടലുകൾ മൃഗവേഗം നൽകിയ കാലുകൾ
ജനലക്ഷങ്ങളെ അരിഞ്ഞുതള്ളിയ റുവാണ്ടൻ കൂട്ടക്കൊലയിൽനിന്നാണ് ഒരു ലോകോത്തര അത്ലറ്റിക് ചരിത്രത്തിന്റെ നെറുകയിലേക്ക് ഓടിക്കയറിയത് ‐ സൊന്നെ ഡെസി. 2007 ഒക്ടോബർ 28-ന്റെ ദില്ലിമാരത്തണിൽ ഒന്നാമതെത്തിയ ആ റുവാണ്ടൻ ദീർഘദൂര ഓട്ടക്കാരന്റെകാലിന് മൃഗവേഗം നൽകിയത് സാമൂഹ്യമായ വേട്ടയാടലുകൾ. 1994-ലെ ആഭ്യന്തര യുദ്ധത്തോടനുബന്ധിച്ച കൂട്ടക്കൊല. പച്ച മനുഷ്യരെ മരണത്തിലവസാനിപ്പിച്ച നാളുകൾ. പതിനാലുകാരനായ ഡെസി സർവ്വശക്തിയും കാലിലാവാഹിച്ച് ഓടി. ഓർക്കാൻ മറ്റൊന്നുമില്ലാത്ത രക്ഷാവഴി തേടി ബറൂണ്ടിയിലാണെത്തിയത്.

കുടുംബമാകെ കൂട്ടക്കുരുതിയിൽ അവസാനിച്ചിരുന്നു. അത് ഉറപ്പായ - അച്ഛൻ മകനോട് അവസാന പ്രാർത്ഥനക്ക് ഒരുങ്ങാനും നിർദ്ദേശിച്ചു. ഞാൻ മാത്രം ബാക്കിയായി. അന്നത്തെ കീറിപ്പറിഞ്ഞ് അവ്യക്തമായ കഥകൾ പറയാൻ മാത്രമായിരിക്കാം ഞാൻ ജീവിക്കുന്നത് എന്നാണ് ഡെസിയുടെസമാധാനം. ഫ്രാൻസിലെ റൊഡേസിലാണിപ്പോൾ ആ മാരത്തൺ താരം. ചോര ചീറ്റിയ ഭൂപടം പോലെ മനസ്സിലുള്ള റുവാണ്ടയിലേക്കും ചിലപ്പോഴെല്ലാം സ്വന്തം നഗരമായ ത്വാബോബുതാർഗിലേക്കും പോകുന്നു. കൂട്ടക്കുരുതിയുടെ മൂർച്ച കണ്ടോടിയ ഡെസി രണ്ടു മാസം അഭയാർത്ഥിക്യാമ്പിലും കഴിഞ്ഞു. പിന്നെ ഭയത്തിന്റെ അകമ്പടിയോടെ അനിശ്ചിതത്വത്തിന്റെ കൈപിടിച്ചു തിരിച്ചുപോയി. വീട് ചാരക്കൂമ്പാരമായിരുന്നു. കുടുംബത്തിൽ മറ്റാരും ബാക്കിയായിരുന്നില്ല. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ആ ബാലൻ നരകിച്ചു. ഭക്ഷണത്തിനു വേണ്ടിയുള്ള ഓട്ടമാണ് അവനെ മാരത്തണിൽ ഇതിഹാസ താരമാക്കിയത്.
റുവാണ്ടൻ കൂട്ടക്കുരുതി സൊന്നെ ഡെസിയെ നിർമിച്ചതുപോലുളള ചരിത്രമാണ് സുഡാനിൽ മാനൂട്ട് ബോളിന്റേത്. രാജ്യത്തെ തുടർച്ചയായ അനിശ്ചിതത്വങ്ങൾ, പ്രത്യേകിച്ച് ദാർഫറിലെ മനുഷ്യക്കുരുതികളാണ് ആ ലോകോത്തര ബാസ്ക്കറ്റ്ബോൾ കളിക്കാരന്റെ സാമൂഹ്യബോധം രൂപപ്പെടുത്തിയത്. തെക്കൻ സുഡാനിലെ അതിദരിദ്ര ഗ്രാമത്തിലായിരുന്നു ജനനം. 16 വയസ്സുവരെ കന്നുകാലികളെ മേച്ചുനടക്കുകയായിരുന്നു അവൻ. ലോക ബാസ്ക്കറ്റ്ബോളിലെ ഏറ്റവും ഉയരമുള്ള കളിക്കാരനായിരുന്നു ബോൾ ‐ 2.31 മീറ്റർ. ബോളിനേക്കാൾ തലയെടുപ്പായിരുന്നു മുത്തച്ഛന്. ആകാശം തൊടുന്നയാൾ എന്ന വിശേഷണമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഉയരം 2.39 മീറ്റർ. ഗോത്രത്തലവനായ അച്ഛൻ മകനെ മാട്ട് എന്ന് വിളിച്ചത് പ്രത്യേക അനുഗ്രഹം എന്ന അർത്ഥത്തിലായിരുന്നു. കുട്ടിക്കാലത്ത് അതിസാഹസികനായ ബോൾ സിംഹത്തെ കൊന്നത് കഥപോലെ പ്രചരിച്ചു. അടിസ്ഥാന സൗകര്യങ്ങളോ പരിശീലന സംവിധാനങ്ങളോ ഇല്ലാത്ത രാജ്യത്തുനിന്നാണ് അദ്ദേഹം ലോക കായികരംഗത്ത് അതിശ്രദ്ധേയനായത്. യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും കുത്തിക്കീറിയ രാജ്യത്ത സ്പോർട്സിന്റെ ഐക്യ സന്ദേശത്തിലൂടെ ഒന്നിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കോറിങ്ങിനെക്കാൾ ബ്ലോക്കിങ്ങിലായിരുന്നു ബോളിന്റെ ലോക നിലവാരം. അവശനായ ഘട്ടത്തിലും പരസ്പരം തലതല്ലിക്കീറുന്ന സ്വന്തം ജനങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ബോൾ പ്രതീക്ഷയുടെ ശബ്ദം എന്ന പേരിലാണ് അറിയപ്പെട്ടത്.
എണ്ണ സ്രോതസിൽ കണ്ണുനട്ട കഴുകന്മാർ
സുഡാൻ വിഭജിച്ച് പുതിയ രാജ്യം-തെക്കൻ സുഡാൻ പിറന്നപ്പോൾ ഒഴുകിപ്പരന്ന ആഹ്ലാദാരവങ്ങൾ സ്വാഭാവികം. എന്നാൽ അയഥാർഥങ്ങളായ കുറേ കാര്യങ്ങൾ ഇവക്കിടയിൽ കടത്തിക്കൊണ്ടു വന്നുവെന്നത് ദുരന്തവും. ഐക്യരാഷ്ട്രസഭ അംഗീകരിച്ച് 193‐ാമത്തെ രാജ്യമായി റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ മാറിയപ്പോൾ യു.എൻ അധികൃതരും അമേരിക്കൻ നേതാക്കളും ഏറെ പറഞ്ഞുവെച്ചു. അവിടുത്തെ എണ്ണ സ്രോതസ്സിൽ കണ്ണുനട്ടുള്ള വിലയിരുത്തലുകളും നിസ്സാരമായിരുന്നില്ല. പതിറ്റാണ്ടുകൾ നീണ്ട, ജനലക്ഷങ്ങളെ അനാഥമാക്കിയ, അതിലുമേറെപ്പേരെ ചിതറിത്തെറിപ്പിച്ച ആഭ്യന്തര സംഘർഷങ്ങളുടെ പേരിൽ സുഡാൻ കേൾക്കാത്ത പഴികളുണ്ടായിരുന്നില്ല.

ഐഎംഎഫ് പോലുള്ള ധനകാര്യ നീരാളികളുടെ ആഫ്രിക്കൻ സമീപനവുമായി കൂട്ടക്കുഴപ്പങ്ങൾക്ക് അഭേദ്യബന്ധമുണ്ടെന്നാണ് ജു വാണിസ്കി (ദി ഐഎംഎഫ് ആൻഡ് ആഫ്രിക്ക) എഴുതിയത്. എന്നിട്ടും ചില മാധ്യമങ്ങൾ ഖാർത്തുമിലെ നേതാക്കളുടെ തലയിലാണ് ഉത്തരവാദിത്തം മുഴുവൻ ഇറക്കിവെച്ചതെന്നത് പ്രധാനമാണ്. സുഡാൻ പ്രതിസന്ധിയുടെ വേരുകൾ അന്വേഷിച്ച വാണിസ്കി, അവിടുത്തെ ഭരണ നേതൃത്വത്തിന്റെ തൊണ്ടയിൽ മന്ദബുദ്ധി പരുവത്തിലുള്ള നയങ്ങൾ തിരുകിക്കയറ്റിയ ഐഎംഎഫ് ഗൂഢാലോചനയിലാണ് ചെന്നെത്തിയതും. വൻകിട ബാങ്കുകളുടെ പിന്നിൽ കൂട്ടിക്കെട്ടപ്പെട്ട സമ്പദ്വ്യവസ്ഥ ചതുപ്പുനിലം പോലെയായി. അമേരിക്കൻ കോർപറേറ്റുകളുടെ ചരടുവലികളായിരുന്നു പിന്നീട്. ആഭ്യന്തര യുദ്ധങ്ങളടക്കമുള്ള വിനാശകരങ്ങളായ ഫലമാണ് അതുണ്ടാക്കിയത്.
‘ഞാൻ എതിർ കളിക്കാരനെ തടയുന്ന പാബ്ലോ പിക്കാസോ’
“സുഡാനിൽ നാം ഉയരങ്ങൾ സ്വപ്നം കാണുന്നു. ബാസ്കറ്റ്ബോൾ കോർട്ടിൽ ഞാൻ ആ സ്വപ്നങ്ങളിൽ ജീവിക്കുന്നു. ഉയരം എന്റെ സമ്മാനമാണ്, എന്നാൽ ഹൃദയമാണ് ശക്തി. മാതൃരാജ്യത്തിന് തിരികെ നൽകാൻ ബാസ്കറ്റ്ബോൾ എനിക്ക് വേദി നൽകി. പ്രതിരോധം ഒരു കലയാണ്, ഞാൻ എതിർ കളിക്കാരെ തടയുന്ന പാബ്ലോ പിക്കാസോയാണ്. (പിക്കാസോയ്‌ക്ക് അഞ്ച് അടി അഞ്ചിഞ്ച് ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് കൗതുകകരം) ബാസ്കറ്റ്ബോൾ എന്നെ ലോകവുമായി ബന്ധിപ്പിച്ചു; ഞാൻ ലോകത്തെ സുഡാനുമായി വിളക്കിച്ചേർത്തു. വലുതാകുമ്പോൾ ബാസ്കറ്റ്ബോൾ കളിക്കണമെന്ന് സ്വപ്നം കണ്ടു; ഇപ്പോൾ സമാധാനം സ്വപ്നം കാണുന്നു. എന്റെ കളിയെ ഉയരം നിർവചിക്കുന്നു, പക്ഷേ പ്രവൃത്തികൾ പാരമ്പര്യത്തെ നിർവചിക്കുന്നു ”‐ 2010 ജൂൺ 19-ന് നിര്യാതനായ മാനുട്ട് ബോളിന്റെ ഉദ്ധരണികളാണ് ഇവ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം എൻബിഎ കരിയറിൽ സമ്പാദിച്ചതിന്റെ ഭൂരിഭാഗവും യുദ്ധത്തിൽ തകർന്ന ജന്മനാടിനായി ചെലവഴിച്ചു. അഭയാർത്ഥികൾക്കായുള്ള ധനസമാഹരണത്തിന് ബോൾ റിങ് ട്രൂ ഫൗണ്ടേഷൻ സ്ഥാപിച്ച് 2002-ൽ ഫോക്‌സിന്റെ സെലിബ്രിറ്റി ബോക്‌സിങ്ങിൽ പോലും മത്സരിക്കാൻ മടികാണിച്ചതുമില്ല. അഭയാർത്ഥി ക്യാമ്പുകൾ പതിവായി സന്ദർശിക്കുകയും ചെയ്‌തു. 2006 ഏപ്രിലിൽ നടത്തിയ സുഡാൻ ഫ്രീഡം വാക്ക് ഏറെ പ്രതീക്ഷയുണർത്തി. യു.എൻ മന്ദിരം സ്ഥിതിചെയ്യുന്ന ന്യൂയോർക്കിൽ നിന്ന് അമേരിക്കൻ തലസ്ഥാനമായ വാഷിങ്ങ്ടണിലേക്കായിരുന്നു മൂന്നാഴ്ചത്തെ പദയാത്ര. പഴയ സുഡാൻ നീന്തൽ താരം സൈമൺ ഡെങ്ങും ഒപ്പമുണ്ടായി. ഡെങ്ങിനും പറയാൻ ഏറെ ക്രൂരാനുഭവങ്ങളുണ്ട്. ഒമ്പതു വയസ്സ് മുതൽ അവൻ അടിമയായിരുന്നു. ഡാർഫറിലേതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോക മനസാക്ഷി ഉണർത്തിയതായിരുന്നു ഫ്രീഡം വാക്ക്. എത്യോപ്യൻ എയർലൈൻസിന്റെ ബ്രാന്റ് അംബാസഡറായതിന് ലഭിച്ച പ്രതിഫലവും ബോൾ ദരിദ്രർക്കായി മാറ്റിവെച്ചു. ഈജിപ്തിലായിരുന്നപ്പോൾ വരുമാനത്തിൽ നിന്നുള്ള ഭാഗം ഉപേക്ഷിച്ച് കെയ്റോയിൽ ബാസ്കറ്റ്ബോൾ സ്കൂൾ തുറന്നതും മറക്കാനാവില്ല. സുഡാനിലെ അക്രമം അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ബോളും മുൻ സുഡാനീസ് അടിമ സൈമൺ ഡെങ്ങും ന്യൂയോർക്കിലെ ഡാഗ് ഹാമർസ്ക്ജോൾഡ് പ്ലാസയിലെ യുഎൻ കെട്ടിടത്തിൽ 2006 മാർച്ച് 15-ന് പത്രസമ്മേളനം നടത്തിയത് വൻ വാർത്താ പ്രാധാന്യം നേടുകയുമുണ്ടായി.
ലോകത്തിലെ എല്ലാവരും മാനുട്ട് ബോൾ ആയിരുന്നെങ്കിൽ
2004 ജൂലൈയിലുണ്ടായ കാറപകടത്തിൽ ബോളിന് ഗുരുതരമായ പരിക്കേറ്റിരുന്നു. കഴുത്തിന് കാര്യമായ തകരാറു സംഭവിച്ചു. സമ്പാദ്യത്തിലെ സിംഹഭാഗവും രാജ്യത്തെ ജനങ്ങൾക്കായി നൽകിയതിനാൽ ഒരു ഘട്ടത്തിൽ വലിയ പ്രയാസത്തിലായി. ആരോഗ്യ- ലൈഫ് ഇൻഷുറൻസുകൾ ഇല്ലാത്തതിനാൽ ചികിത്സയ്‌ക്ക് ബുദ്ധിമുട്ടായത് മറ്റൊരു ദുരന്തം. അമേരിക്കൻ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരനായ ചാൾസ് വേഡ് ബാർക്ക്ലി മാനുട്ട് ബോളിനെ ആരാധനയോടെ വിലയിരുത്തിയത് "ലോകത്തിലെ എല്ലാവരും മാനുട്ട് ബോൾ ആയിരുന്നെങ്കിൽ, ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്ന ലോകമതാണ്. അവൻ മിടുക്കനാണ്. പല വിഷയങ്ങളിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാം. ബാസ്കറ്റ്ബോൾ കളിക്കാരിൽ ഒരാൾ മാത്രമല്ലെന്നാണ്. ‘കുടുംബം എത്ര പശുക്കളെയാണ് ആവശ്യപ്പെടുന്നതെന്ന് ഞങ്ങളെ അറിയിക്കൂ’ -മാനൂട്ട് ബോൾ പിറന്ന ഡിങ്ക ഗോത്രത്തിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ വൈരുധ്യാത്മക ലോകവീക്ഷണങ്ങളെ വ്യക്തമായി ചിത്രീകരിച്ചു. ഉയരം അളക്കാൻ പോലും സാധ്യതയില്ലാതിരുന്ന, താൻ ജനിച്ച തുരാലൈ കുഗ്രാമം മുതൽ എൻബിഎ അരീനകളുടെ തിളക്കംവരെ വ്യാപിച്ചുകിടക്കുന്ന ശ്രദ്ധേയ ജീവിതകഥയിൽ അടിവരയിടുന്ന തികച്ചും അവിശ്വസനീയമായ മുദ്രകൾ. രണ്ട് വ്യത്യസ്ത ലോകങ്ങളിലെ ഒറ്റ മനുഷ്യനെ ബോൾ പ്രതീകപ്പെടുത്തി. എൺപതുകളിൽ എൻബിഎയിൽ ബോൾ ഷോട്ടുകൾ തടഞ്ഞപ്പോൾ സ്വന്തം ഗ്രാമം ബാസ്കറ്റ്ബോൾ താരപദവിയെക്കുറിച്ച് അജ്ഞതയിലായിരുന്നു. ഘോരമായ ആഭ്യന്തരയുദ്ധകാലത്ത് ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടതിനാൽ ബന്ധം നിലനിർത്തുന്നത് അസാധ്യമായി.
യൂറോപ്യൻ വ്യാവസായിക ലോകത്തിന്റെ നിലവാരമനുസരിച്ച് നമ്മൾ അതിദരിദ്ര കർഷകരാണ്, പക്ഷേ ഞാൻ മുത്തച്ഛനെ ആലിംഗനം ചെയ്യുമ്പോൾ പ്രപഞ്ചത്തിന്റെ ഹൃദയമിടിപ്പുകളുടെ സമ്പന്നത അനുഭവപ്പെടുന്നു. പ്രകൃതി വെള്ളവും ഫലഭൂയിഷ്ഠതയും നൽകിയ നാട്ടിൽ ആഡംബരപൂർണമായ ശാഖകൾ വളരുന്ന ഉയർന്ന ഓക്ക് മരമല്ല അദ്ദേഹം, മറിച്ച് മരുഭൂമികളിലെ സായൽ കുറ്റിക്കാടുകൾ പോലെ. മരത്തിന്റെ കട്ടിയുള്ള പുറംതൊലിയും മൂർച്ചയുള്ള മുള്ളും കണക്കെ. എന്തെന്നാൽ ജീവിതത്തിൽ നിന്ന് വളരെ കുറച്ച് മാത്രമേ മുത്തച്ഛൻ ആവശ്യപ്പെടുന്നുള്ളൂ. അങ്ങനെ മരണത്തെ പരാജയപ്പെടുത്തുന്നു‐20‐ാം നൂറ്റാണ്ടിലെ ഏറ്റവും പ്രമുഖ അറബ് എഴുത്തുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സുഡാനീസ് നോവലിസ്റ്റും പത്രപ്രവർത്തകനും ‘സീസൺ ഓഫ് മൈഗ്രേഷൻ ടു ദി നോർത്ത്’ ‐1966’ (വടക്കൻ കുടിയേറ്റത്തിന്റെ കാലം) നോവലിലൂടെ പ്രശസ്‌തനുമായ അൽ- തയേബ് സാലിഹ് തയേബ് സാലിഹിന്റെ ഈ വാക്കുകൾ മാനൂട്ട് ബോളിന്റെ ആത്മഗതത്തിന് സമാനമാണ്.
