ബംഗ്ലാദേശിലെ പ്രതിസന്ധി ഇന്ത്യയ്ക്കും വെല്ലുവിളി; ഷെയ്ഖ് ഹസീനയുടെ ഭാവിയെന്ത്?

ബംഗ്ലാദേശിലെ രാഷ്ട്രീയമായ അസ്ഥിരത മുതലെടുത്ത്, ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ താൽപര്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ, പാക്കിസ്ഥാനും ചൈനയും മേഖലയിൽ കാലുറപ്പിക്കാൻ ശ്രമിക്കുമോയെന്ന് ഇന്ത്യ ഭയപ്പെടുന്നുണ്ട് - കെ.എം. സീതി എഴുതുന്നു.

സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിനിടയിൽ, ദീർഘകാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയും രാജ്യം വിടലും ബംഗ്ലാദേശിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിതുറന്നിട്ടുണ്ട്. തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം രാജ്യവ്യാപകമായി പടർന്നതോടെ വ്യാപകമായ അഴിമതി, തൊഴിലില്ലായ്മ, ദാരിദ്ര്യം, സാമൂഹിക അസമത്വം തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളിലും മറ്റ് വിഭാഗങ്ങളിലുമുള്ള അസ്വസ്ഥത രാജ്യവ്യാപകമായി വളർന്നു.

ഷെയ്ഖ് ഹസീന രണ്ട് തവണകളിലായി ബംഗ്ലാദേശ് പ്രധാനമന്ത്രിയായിട്ടുണ്ട്. 1996 ജൂൺ മുതൽ 2001 ജൂലൈ വരെയും 2009 ജനുവരി മുതൽ രാജി വെക്കുന്നതുവരെയുമാണ് അവർ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. രാജ്യത്തിൻെറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായതും ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ നേതാവുമാണ്. ദേശീയമായും അന്തർദേശീയമായും എതിർപ്പുകളും വിമർശനങ്ങളും ഭീഷണികളുമുൾപ്പെടെയുള്ള നിരന്തരമായ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അവരുടെ രാഷ്ട്രീയ ജീവിതം.

ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കയ്യേറിയ പ്രക്ഷോഭകർ. Photo: DON “Tobechukwu” Ade / Twitter
ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കയ്യേറിയ പ്രക്ഷോഭകർ. Photo: DON “Tobechukwu” Ade / Twitter

ബംഗ്ലാദേശിന്റെ സാമ്പത്തിക മേഖലയെ ഉയർത്തിയ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചിട്ടും തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ സ്ഥാപനങ്ങളെ ഇല്ലാതാക്കൽ, വ്യാപക അഴിമതി, അവാമി ലീഗ് നേതാക്കൾക്കും അംഗങ്ങൾക്കും ഇളവ് അനുവദിക്കൽ തുടങ്ങിയ ആരോപണങ്ങൾക്കൊടുവിൽ അവരുടെ ഭരണം തകർന്നു. അന്താരാഷ്ട്ര സംഘടനയായ ‘Human Rights Watch’ ശൈഖ് ഹസീനയുടെ ഭരണത്തിന് കീഴിലെ നിർബന്ധിത പലായനം, നിയമവിരുദ്ധമായ കൊലപാതകങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിരുന്നു. 2014 മുതലുള്ള മാധ്യമ സ്വാതന്ത്രത്തിലെ ഇടിവ് എടുത്തുകാണിച്ച് Reporters Without Borders എന്ന സംഘടന 2021-ൽ ശൈഖ് ഹസീനയുടെ മാധ്യമ നയങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു.

അശാന്തിയുടെ കാരണങ്ങൾ

1971-ലെ പാക്കിസ്ഥാനെതിരായ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത സമരസേനാനികളുടെ കുടുംബങ്ങൾക്ക് 30% സർക്കാർ ജോലി സംവരണം ചെയ്യുന്ന വിവാദ നയം പുനസ്ഥാപിക്കാൻ ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടതോടെയാണ് ഏറ്റവുമൊടുവിൽ ബംഗ്ലാദേശിൽ പ്രക്ഷോഭം ആരംഭിച്ചത്. ഇത് നഗ്നമായ പ്രീണനമായി തൊഴിലില്ലായ്മ നേരിടുന്ന ബംഗ്ലാദേശിലെ യുവാക്കൾ കണക്കാക്കുകയും നയത്തിനെതിരെ വ്യാപകമായ അമർഷം ആളിക്കത്തിക്കുകയും ചെയ്തു. പ്രതിവർഷം ഏകദേശം 40000 ബിരുദധാരികളായ യുവാക്കളാണ് കേവലം 3000 സർക്കാർ ഒഴിവുകളിലേക്ക് പരീക്ഷ എഴുതുന്നത്.

ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ ധാക്കയിലുള്ള പ്രതിമ പ്രക്ഷോഭകർ തകര്‍ക്കുന്നു. മുജീബുർ റഹ്മാന്റെ മകളാണ് ഹസീന.
ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ ധാക്കയിലുള്ള പ്രതിമ പ്രക്ഷോഭകർ തകര്‍ക്കുന്നു. മുജീബുർ റഹ്മാന്റെ മകളാണ് ഹസീന.

ഭരണകക്ഷിയായ അവാമി ലീഗ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ ആഴത്തിൽ വേരൂന്നി പ്രവർത്തിച്ചിട്ടുള്ള പ്രസ്ഥാനമാണ്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുർ റഹ്മാന്റെ മകൾ കൂടിയാണ് ഹസീന. സ്വാതന്ത്ര്യ സമര സേനാനികൾക്ക് സർക്കാർ ജോലി സംവരണമെന്ന പുതിയ നയം ഹസീനയുടെ പാർട്ടി അണികൾക്ക് തന്നെയാണ് വലിയ ഗുണം ചെയ്യാൻ പോവുന്നതെന്ന വാദവും ഉയർന്നിരുന്നു. നയം തിരുത്താതെ പോവുകയും, സാമ്പത്തിക ഞെരുക്കം, തൊഴിലില്ലായ്മ, സ്വജനപക്ഷപാതം എന്നിവ തുടരുകയും ചെയ്തതാണ് യുവാക്കളെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

പ്രക്ഷോഭത്തിന്റെ വളർച്ചയും സൈനിക ഇടപെടലും

പ്രക്ഷോഭം വളരെ പെട്ടെന്ന് ധാക്കയിലെ തെരുവിൽ പോലീസുമായും ഭരണകക്ഷിയുടെ തീവ്രവാദ വിദ്യാർഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗുമായുമുള്ള (BCL) ഏറ്റുമുട്ടലിലേക്ക് നീങ്ങി. അതിവേഗം പടർന്ന പ്രക്ഷോഭം 64 ജില്ലകളിലെ പകുതിയോളം പ്രദേശങ്ങളെ ബാധിച്ചു. പ്രക്ഷോഭം നേരിടാൻ ജൂലൈ 20-ന് സർക്കാർ സായുധസേനയെ വിന്യസിക്കുകയും വെടിവെക്കാനുള്ള ഉത്തരവോടെ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്റർനെറ്റ് സേവനം നിർത്തലാക്കുകയും ചെയ്തു. ജൂലൈ 23-ന് ഭാഗികമായെങ്കിലും ഇന്റർനെറ്റ് സേവനം പുനസ്ഥാപിക്കുന്നത് വരെ 171 ദശലക്ഷക്കണക്കിന് വരുന്ന രാജ്യത്തെ ജനങ്ങളെ സർക്കാർ ഒറ്റപ്പെടുത്തി.

സർക്കാരിന്റെ ക്രൂരമായ നടപടികൾ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കാനും കാരണമായി. ഷെയ്ഖ് ഹസീനയുടെ എതിരാളികളായ പ്രതിപക്ഷത്ത് നിന്നുള്ളവർ ഉൾപ്പെടെ കുറഞ്ഞത് 61,000 പേർക്കെതിരെ പ്രക്ഷോഭം നടത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തു. ഈ ക്രൂരതകൾ തുടർന്നതോടെ ബംഗ്ലാദേശിലെ വിദ്യാർഥി യൂണിയനുകളും ജനങ്ങളും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ തുടങ്ങി.

പ്രക്ഷോഭകർക്കെതിരായ സൈനിക ഇടപെടൽ ഹസീനയുടെ സർക്കാരിന്റെ വിധിയെഴുതി.
പ്രക്ഷോഭകർക്കെതിരായ സൈനിക ഇടപെടൽ ഹസീനയുടെ സർക്കാരിന്റെ വിധിയെഴുതി.

പ്രക്ഷോഭം രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ, പ്രത്യേകിച്ച് സുപ്രധാന കയറ്റുമതിയായ വസ്ത്ര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടായപ്പോഴും ഷെയ്ഖ് ഹസീന പ്രക്ഷോഭത്തിന് മുന്നിൽ നിന്നവരെ ‘കുറ്റവാളികൾ’ എന്ന് വിളിക്കുകയും പ്രക്ഷോഭക്കാർക്കെതിരെ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. അധികാരത്തിലിരിക്കുമ്പോഴുള്ള വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാട് അവർക്ക് തിരിച്ചടിയായി. പ്രക്ഷോഭകർക്കെതിരായ സൈനിക ഇടപെടൽ ഹസീന സർക്കാരിന്റെ വിധിയെഴുതി. ഒടുവിൽ രാജി വെക്കാനും സൈന്യത്തിൻെറ സഹായത്തോടെ ഇന്ത്യയിലേക്ക് പലായനം ചെയ്യാനും അവർ നിർബന്ധിതയായി.

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ രൂപീകരണം

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതോടെ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാർ രൂപീകരിക്കുകയും പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ ജയിലിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 76 കാരിയായ സിയ രണ്ടു തവണ ബംഗ്ലാദേശിലെ പ്രധാനമന്ത്രിയായിട്ടുണ്ട്. 2018 ലാണ് സിയയെ അഴിമതിക്കേസിൽ 17 വർഷത്തെ തടവിന് ശിക്ഷിക്കുന്നത്.

ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ ഇടക്കാല ഗവൺമെന്റ് തുടരുമെന്നാണ് കരുതുന്നത്. ഐ എം എഫിൻെറ 4.7 ബില്യൺ ഡോളറിന്റെ വായ്പ ഉൾപെടെയുള്ള പ്രതിസന്ധികൾ സർക്കാരിന് മുന്നിലുണ്ട്. ചെലവുചുരുക്കൽ നടപടികൾ ഇടക്കാല ഗവൺമെന്റ് തുടർന്നും നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിൽ സമ്പദ് വ്യവസ്ഥ സുസ്ഥിരപ്പെടുത്തുന്നതിന് സ്വകാര്യവത്കരണവും ചെലവ്ചുരുക്കൽ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഇതിനിടെ, പലതരം ആരോപണങ്ങളുടെ പേരിൽ വർഷങ്ങളായി തടവിലായിരുന്ന ജമാ-അത്തെ ഇസ്ലാമിയുടെ അംഗങ്ങളെ സർക്കാർ മോചിപ്പിച്ചിരുന്നു. ഇത് ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാവുമെന്നും ഉറപ്പാണ്.

പുതിയ നേതാവിനായുള്ള മുറവിളികൾ

സമാധാനത്തിനുള്ള നോബൽ പ്രൈസ് ജേതാവായ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലപ്പത്ത് കൊണ്ടുവരണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ‘പാവങ്ങളുടെ ബാങ്കർ’ എന്നറിയപ്പെടുന്ന യൂനുസിന് 2006-ലാണ് നോബൽ സമ്മാനം ലഭിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അഴിമതി ആരോപണങ്ങളും വിചാരണകളും യൂനുസ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇടക്കാല സർക്കാരിലെ ഉപദേശകനാകാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും യൂനുസിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.

ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനാകാൻ മുഹമ്മദ് യൂനുസ് സമ്മതിച്ചിട്ടുണ്ടെന്നും ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും യൂനുസിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.
ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനാകാൻ മുഹമ്മദ് യൂനുസ് സമ്മതിച്ചിട്ടുണ്ടെന്നും ഉടൻ ബംഗ്ലാദേശിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും യൂനുസിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.

ചരിത്രപരമായ ഓർമപ്പെടുത്തൽ

ബഹുജന പ്രതിഷേധങ്ങളും പണിമുടക്കുകളും കാരണം പ്രസിഡന്റ് ഗോതാപായ രാജപക്‌സെയെ പുറത്താക്കുന്നതിലേക്ക് നയിച്ച 2022-ലെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധികളെ ഓർമിപ്പിക്കുന്നതാണ് ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ. എന്നാൽ ശ്രീലങ്കയിൽ പിന്നീടുള്ള സർക്കാർ കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങളും ഭരണകൂട അടിച്ചമർത്തലും തുടരുകയാണ് ചെയ്തത്. സമാനമായ രീതികൾ ഒഴിവാക്കാൻ പുതിയ രാഷ്ട്രീയ പാത പിന്തുടരാനും വ്യവസ്ഥാപിതമായ മാറ്റങ്ങൾ കൊണ്ടുവരാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും വേണ്ടിയാണ് ബംഗ്ലാദേശിലെ ജനത ശ്രമിക്കേണ്ടത്.

സങ്കീർണ പാരമ്പര്യം

വിജയത്തിന്റെയും കഷ്ടപ്പാടിന്റെയും പാരമ്പര്യമാണ് ഷെയ്ഖ് ഹസീനയുടേത്. കുടുംബത്തിലെ കൊലപാതകം മുതൽ അധികാര നേട്ടം വരെ പ്രതിരോധവും സഹിഷ്ണുതയും നിറഞ്ഞതാണ് ഹസീനയുടെ ജീവിതം. ബംഗ്ലാദേശ് രാഷ്ട്രീയം എത്രമാത്രം അസ്ഥിരമാണ് എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഇപ്പോൾ ബംഗ്ലാദേശിൽ നടക്കുന്ന സംഭവ വികാസങ്ങൾ.

സുപ്രധാനമായ രാഷ്ട്രീയ മാറ്റത്തിന്റെ മുന്നിൽ നിൽക്കുന്ന ബംഗ്ലാദേശിനെ സ്ഥിരതയിലേക്കും ജനാധിപത്യ ഭരണത്തിലേക്കും നയിക്കുന്നതിൽ പുതിയ നേതൃത്വത്തിന്റെ പങ്ക് നിർണായകമാകും. ഖാലിദ സിയ, ജമാഅത്തെ ഇസ്ലാമി അംഗങ്ങൾ ഉൾപെടെയുള്ള രാഷ്ട്രീയ തടവുകാരുടെ മോചനവും ഇടക്കാല സർക്കാരിന്റെ തലവനായി മുഹമ്മദ് യൂനുസിന്റെ പേര് നിർദേശിക്കപ്പെട്ടതും രാജ്യത്തിന്റെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുകളായി അടയാളപ്പെടുത്തുന്നവയാണ്.

ഇന്ത്യ നേരിടേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങൾ

ഇന്ത്യക്ക് ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ വെല്ലുവിളികൾ ഉയർത്തുന്നതാണ് ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയമാറ്റങ്ങൾ. ഇന്ത്യയുടെ വടക്കു - കിഴക്കൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് അനധികൃത കുടിയേറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ വഷളാകും. ബംഗ്ലാദേശുമായുള്ള വ്യാപാരവും സാമ്പത്തിക ബന്ധങ്ങളും അസ്ഥിരപ്പെടാനും സാധ്യതയുണ്ട്. എനർജി, അടിസ്ഥാന സൗകര്യം, വസ്ത്ര വ്യാപാരം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ നിക്ഷേപങ്ങളെയും ഇത് ബാധിച്ചേക്കാം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെ നിലവിലെ അസ്ഥിരത പ്രതികൂലമായി ബാധിക്കുമെന്ന് തന്നെയാണ് കരുതേണ്ടത്.

76 കാരിയായ ഖാലിദ സിയ രണ്ടു തവണ പ്രധാനമന്ത്രിയായിട്ടുണ്ട്. 2018 ലാണ് സിയയെ അഴിമതിക്കേസിൽ 17 വർഷത്തെ തടവിന് ശിക്ഷിക്കുന്നത്.
76 കാരിയായ ഖാലിദ സിയ രണ്ടു തവണ പ്രധാനമന്ത്രിയായിട്ടുണ്ട്. 2018 ലാണ് സിയയെ അഴിമതിക്കേസിൽ 17 വർഷത്തെ തടവിന് ശിക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധത്തിൽ സൂക്ഷ്മത പുലർത്തേണ്ടിവരും. ജനാധിപത്യ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായും സൈനിക നേതാക്കളുമായുള്ള ബന്ധം വഷളാക്കും. എന്നാൽ സ്വേച്ഛാധിപത്യത്തെ പിന്തുണക്കുന്നത് ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും.

ഷെയ്ഖ് ഹസീനയ്ക്ക് സംരക്ഷണമൊരുക്കിയ ഇന്ത്യയുടെ തീരുമാനം ഇതിനോടകം തന്നെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയും ബംഗ്ലാദേശുമായുള്ള ഭാവി ബന്ധത്തെ അപകടത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ നടന്ന യോഗവും, കാബിനറ്റ് യോഗവും, പ്രതിപക്ഷ നേതാക്കളുമായി നടത്തിയ സർവകക്ഷിയോഗവും ഈ ആശങ്കകൾ തന്നെയാണ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരുമായി നിരന്തരമായ സമ്പർക്കം പുലർത്തുന്നതുമായും അദ്ദേഹം പറഞ്ഞു. 9000 വിദ്യാർഥികളടക്കം ഏകദേശം 19000 ഇന്ത്യക്കാർ ബംഗ്ലാദേശിലുണ്ട്. ഹൈക്കമ്മീഷന്റെ നിർദേശത്തെ തുടർന്ന് നിരവധി വിദ്യാർഥികൾ ജൂലൈയിൽ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്.

ധാക്കയിലെ ഹൈക്കമ്മീഷന് പുറമെ ചിറ്റഗോംഗ്, രാജ്ഷാഹി, ഖുൽന, സിൽഹെറ്റ് എന്നിവിടങ്ങളിൽ ഇന്ത്യക്ക് അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളുണ്ട്. ഈ സ്ഥാപനങ്ങളുടെ സുരക്ഷ ബംഗ്ലാദേശ് ഉറപ്പ് വരുത്തുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സങ്കീർണമായ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കിയിട്ടുണ്ട്.

ബി.എൻ.പി, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ വിരുദ്ധ നിലപാടുകൾ കണക്കിലെടുത്ത്, ബംഗ്ലാദേശിലെ അധികാരമാറ്റം സൗത്ത് ഏഷ്യയിലെ പവർ ബാലൻസിൽ എന്തുതരം മാറ്റമാണ് ഉണ്ടാക്കുകയെന്നത് ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. മാത്രമല്ല, ചൈനയുടെ സ്വാധീനം നിലനിൽക്കുന്നതിനാൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിലും ബംഗ്ലാദേശിൽ നയതന്ത്രപരമായ സ്വന്തം താൽപര്യങ്ങൾ നിലനിർത്താൻ ഇന്ത്യ ശ്രമിച്ചേക്കാം. ബംഗ്ലാദേശിലെ രാഷ്ട്രീയമായ അസ്ഥിരത മുതലെടുത്ത്, ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ താൽപര്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ, പാക്കിസ്ഥാനും ചൈനയും മേഖലയിൽ കാലുറപ്പിക്കാൻ ശ്രമിക്കുമോയെന്നതും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.


Summary: Bangladesh in crisis after students protests. Sheikh Hasina resigns as prime minister and Interim Government formed.


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments