രണ്ട് ജൻഡർ മാത്രമുള്ള,
കുടിയേറ്റക്കാർ ക്രിമിനലുകളായ
ട്രംപിന്റെ പുത്തൻ അമേരിക്ക

രണ്ടാം വരവിൽ ലോകത്തെയാകെ ഞെട്ടിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. ട്രംപിന്റെ കന്നിപ്രസംഗം അമേരിക്കയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഭരണകൂടമാണ് ഇനി വരാൻപോകുന്നതെന്ന വ്യക്തമായ സൂചന നൽകുന്നുണ്ട്.

മേരിക്കയുടെ സുവർണകാലത്തിന് തുടക്കമായെന്ന് പ്രഖ്യാപിച്ച്, അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റു. The Golden Age of America Begins Right Now എന്ന് പറഞ്ഞ് തുടങ്ങിയ മുപ്പത് മിനുറ്റ് നീണ്ട ട്രംപിന്റെ കന്നിപ്രസംഗം അമേരിക്കയുടെ ചരിത്രത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഭരണകൂടമാണ് വരാൻപോകുന്നതെന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു. എന്തൊക്കെ സുപ്രധാന ഉത്തരവുകളാണ് താൻ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നതെന്നും തന്റെ തീരുമാനങ്ങളും നയങ്ങളും എന്തായിരിക്കുമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് ട്രംപ് അധികാരമേറ്റത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിന് മുമ്പും പറഞ്ഞ കാര്യങ്ങൾ സത്യപ്രതിജ്ഞാ പ്രസംഗത്തിൽ ഒന്നുകൂടി ആവർത്തിക്കുകയായിരുന്നുവെന്നും ഈ പ്രസംഗത്തെ വിലയിരുത്താം.

ട്രംപിന്റെ സ്ഥാനാരോഹണവേളയിൽ പോലും രാജ്യത്തെ പല ഭാഗത്തും പ്രതിഷേധ പ്രകടനങ്ങളും ട്രംപിനെതിരായ മുറവിളികളും ശക്തമാവുകയാണ് ചെയ്തത്. പിന്നീട് ട്രംപ് തന്റെ തുറുപ്പുചീട്ടായ നയപ്രഖ്യാനങ്ങളുടെ കെട്ടഴിച്ചു. എല്ലാ തീരുമാനങ്ങളെയും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന വേദി, ബൈഡനെയും കമലാ ഹാരിസനെയും ഇരുത്തി മുൻ ഭരണകൂടം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടമായിരുന്നുവെന്നും മുൻഭരണകൂടത്തിന്റെ 80 എക്‌സിക്യൂട്ടീവ് നടപടികൾ റദ്ദാക്കുന്നതായിരിക്കും തന്റെ ആദ്യ നടപടിയെന്നും ട്രംപ് പ്രഖ്യാപിച്ചു.

യു.എസ് - മെക്‌സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കരാറിൽ ഒപ്പുവെക്കുമെന്നാണ് ട്രംപിന്റെ ആദ്യ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. എല്ലാ അനധികൃത കുടിയേറ്റവും അടിയന്തരമായി തടയുകയും അങ്ങനെയെത്തുന്നവരെ അവരുടെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്യും. അനധികൃത കുടിയേറ്റക്കാരെ ക്രിമിനലുകളെന്നാണ് ട്രംപ് അഭിസംബോധന ചെയ്തത്. വേദിയിലുണ്ടായിരുന്ന മുൻ പ്രസിഡന്റ് ജോ ബൈഡനും മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും മറ്റു ചിലരുമൊഴികെ ബാക്കി എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കുടിയേറ്റ വിരുദ്ധ പ്രഖ്യപനത്തിൽ ബൈഡൻ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും ട്രംപ് രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും ബൈഡൻ ഭരണകൂടം സംരക്ഷിക്കുകയാണ് ചെയ്തതെന്നും വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ പരിധിയില്ലാത്ത സഹായം ചെയ്ത ബൈഡൻ സർക്കാർ അതിർത്തി സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് തുറന്നടിച്ചു. തുടർന്ന് 2025 ജനുവരി 25 യു.എസിനെ സംബന്ധിച്ചിടത്തോളം വിമോചന ദിനമാണെന്നും ആക്രമണത്തിൽനിന്ന് ദൈവം തന്നെ രക്ഷിച്ചത് യുഎസിനെ വീണ്ടും മഹത്തരമാക്കാനാണെന്നുമടക്കമുള്ള സ്ഥിരം വാഗ്വാദങ്ങൾ.

ട്രാൻസ്ജെൻഡേഴ്സിനെ പൂർണമായും തള്ളുന്ന നിലപാട് ആവർത്തിച്ച ട്രംപ് യു.എസിൽ സ്ത്രീയും പുരുഷനും എന്ന രണ്ട് ജൻഡർ മാത്രമേയുണ്ടാകൂവെന്നും ഇതിനുള്ള ഉത്തരവിൽ ഉടൻ ഒപ്പുവയ്ക്കുമെന്നും പറഞ്ഞു. അമേരിക്കയിലെ 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന കടുത്ത തീരുമാനമാണിത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.2 ശതമാനം മനുഷ്യരെ ബാധിക്കുന്ന നയപരമായ ഈ കടുത്ത തീരുമാനം അമേരിക്കയിൽ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

മെക്‌സിക്കൻ ഉൾക്കടലന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റാനാണ് ട്രംപിന്റെ മറ്റൊരു തീരുമാനം. ഗൾഫ് ഓഫ് മെക്‌സിക്ക ഇനി ഗൾഫ് ഓഫ് അമേരിക്കയാണെന്നാണ് പ്രഖ്യാപനം. പനാമ കനാലുമായി ബന്ധപ്പെട്ട കരാർ പനാമ ലംഘിച്ചതിനാൽ കനാൽ അമേരിക്ക തിരിച്ചെടുക്കുമെന്നുമുണ്ട് പ്രഖ്യാപനം. പനാമ കനാൽ നിയന്ത്രിക്കുന്നത് ചൈനയാണെന്ന സ്ഥിരവാദം വീണ്ടും ട്രംപ് പറയുകയും ചെയ്തു.

ലോകത്തെ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിലിന്റെയും പ്രകൃതി വാതകങ്ങളുടെയും നിക്ഷേപമുള്ള അമേരിക്കയെ പൂർണമായും ഉപയോഗപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രധാന പ്രഖ്യാപനം.

ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള ക്രൂഡ് ഓയിൽ വിപണിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ദേശീയ ഊർജ അടിയന്തരാവസ്ഥയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ കാലിന് കീഴിലുള്ള ഒഴുകന്ന സ്വർണശേഖരങ്ങൾ ഖനനം ചെയ്ത് അമേരിക്കയെ കൂടുതൽ സമ്പന്നമാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനായി പ്രചാരണവേളയിൽ മുന്നോട്ട് വെച്ച ഡ്രിൽ ബേബി ഡ്രിൽ എന്ന മുദ്രാവാക്യം തന്റെ കന്നി പ്രസംഗത്തിലും ട്രംപ് ഉപയോഗിച്ചു. അമേരിക്കയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകങ്ങളുടെ ഖനനം വർധിപ്പിക്കുമെന്ന് സാരം.

വിദേശരാജ്യങ്ങളെ സമ്പന്നമാക്കാൻ തങ്ങളുടെ പൗരർക്ക് നികുതി ചുമത്തുന്നതിന് പകരം തങ്ങളുടെ രാജ്യത്തെ സമ്പന്നമാക്കാൻ വിദേശരാജ്യങ്ങളിൽ നിന്ന് നികുതി ചുമത്തുമെന്നുമുണ്ട് ട്രംപിന്റെ പ്രഖ്യാപനം. നയപ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ അയൽ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനവും വന്നു. കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് താരിഫ് വർദ്ധനവ് വരുത്തുമെന്നും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ചുമത്തുമെന്നും ട്രംപ് നേരത്തെയും പറഞ്ഞിരുന്നകാര്യമാണ്.

അധികാരമേറ്റ ശേഷം ലോകാരോഗ്യ സംഘടനയിൽ നിന്നും കാലവസ്ഥ മാറ്റം സംബന്ധിച്ച പാരീസ് ഉടമ്പടിയിൽ നിന്നും പിൻമാറാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് ഉടമ്പടിയിൽ നിന്നും പിൻമാറിക്കൊണ്ടുള്ള ഉത്തരവിൽ ഇതിനോടകം ഒപ്പു വെക്കുകയും ചെയ്തു. ട്രംപിനു വേണ്ടി 2021 ൽ ക്യാപിറ്റോളിൽ കലാപം നടത്തിയ 2000 ത്തോളം പേർക്ക് പൊതുമാപ്പ് നൽകുന്നതടക്കമുള്ള 200 ഓളം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ആദ്യ ദിനം തന്നെ ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് അനാവശ്യമാണെന്നാണ് ട്രംപിന്റെ നിലപാട്. ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്ന ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം ഇതോടെ താളംതെറ്റും.

പാരീസ് ഉടമ്പടിയിൽ നിന്നുള്ള പിൻമാറ്റവും കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2035 ഓടെ യു.എസിലെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ 60 ശതമാനത്തിലധികം കുറയ്ക്കുന്നതിനുള്ള പദ്ധതി ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നെല്ലാം പിന്നോട്ട് പോകുന്നതാണ് ട്രംപിന്റെ നിലപാട്. 2017 - 2021 കാലത്തെ ആദ്യ ട്രംപ് സർക്കാരിന്റെ കാലത്തും യു.എസ് പാരീസ് ഉടമ്പടിയിൽ നിന്ന പിൻമാറിയിരുന്നു. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്നാണ് അന്നും ഇന്നും ട്രംപിന്റെ നിലപാട്. ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിച്ചും ധാതുഖനനം വർധിപ്പിച്ചും മുന്നോട്ട് പോകാനാണ് ട്രംപ് എക്കാലത്തും താൽപര്യപ്പെടുന്നതും. ചരിത്രത്തിലാദ്യമായി അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചയാൾ അധികാരമേറ്റിരിക്കുകയാണ്. രണ്ടാം വരവിൽ ലോകത്തെയാകെ ഞെട്ടിക്കാൻ തന്നെയാകും ട്രംപിന്റെ തീരുമാനം.

Comments