ജനാധിപത്യ വ്യവസ്ഥയിൽ ഭരണം നടക്കുന്ന രാജ്യത്ത് ഒരു സുപ്രഭാതത്തിൽ ആൾക്കൂട്ട പ്രതിഷേധം ആരംഭിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് അത് വലിയ പ്രതിഷേധമായി ആളിപ്പടരുന്നു. തെരുവിലിറങ്ങിയതിൽ ഭൂരിപക്ഷവും യുവാക്കൾ, അതിൽ സ്കൂൾ വിദ്യാർത്ഥികൾ വരെ ഉൾപ്പെടുന്നു. പുതുതലമുറയുടെ സമരത്തെ Gen-Z പ്രക്ഷോഭമെന്ന് മാധ്യമങ്ങൾ പേരിട്ട് വിളിക്കുന്നു. സോഷ്യൽ മീഡിയ സൈറ്റുകൾ നിരോധിച്ചതിനെതിരെ, രാജ്യത്ത് നടക്കുന്ന അഴിമതികൾക്കെതിരെയൊക്കെയാണ് സമരം ആരംഭിക്കുന്നത്. എന്നാൽ ജനാധിപത്യത്തിൻെറ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് അത് അക്രമാസക്തമായി മാറുന്നു. സമരത്തെ അടിച്ചമർത്താൻ സൈന്യം ഇടപെടേണ്ടി വരുന്നു. അതിൽ ആദ്യദിനം 19 പേർ കൊല്ലപ്പെടുന്നു. ഒടുവിൽ സർക്കാർ അയയുകയും സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കുകയും ചെയ്യുന്നു. അവിടെയും ഒന്നും അവസാനിക്കുന്നില്ല. പ്രധാനമന്ത്രിയും സർക്കാരും രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടാം ദിവസം കൂടുതൽ അക്രമോത്സുകമായ പ്രക്ഷോഭം. രണ്ട് ദിവസം കൊണ്ട് ഒരു രാജ്യത്തെ ജനാധിപത്യ ഭരണകൂടം താഴെവീണു. പ്രധാനമന്ത്രി രാജിവെച്ച് രാജ്യം വിട്ടു. മന്ത്രിമാർ തെരുവിൽ വിചാരണ ചെയ്യപ്പെട്ടു. അവരുടെ വീടുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായി. പാർലമെൻറ് മന്ദിരം തീവെച്ച് നശിപ്പിക്കപ്പെട്ടു. മുൻ പ്രധാനമന്ത്രിയുടെ ഭാര്യ അതിദാരുണമായി കൊല്ലപ്പെട്ടു. സർക്കാർ സ്ഥാപനങ്ങൾ… ഭരണകേന്ദ്രങ്ങൾ… എല്ലാത്തിനും നേരെ ആക്രമണം തുടർന്നുകൊണ്ടേയിരിക്കുന്നു. നേപ്പാളിൽ നടന്നത് ജെൻ-സി വിപ്ലവമാണെന്നാണ് ചിലയിടങ്ങളിൽ നിന്നുള്ള വിലയിരുത്തലുകൾ. എന്നാൽ ഒരു രാജ്യത്തെ ജനാധിപത്യ ഭരണകൂടത്തെ പുറത്താക്കി, പൂർണമായും രാഷ്ട്രീയ അസ്ഥിരതയിലേക്ക് തള്ളിയിട്ട്, ജനതയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി നടക്കുന്ന ഇത്തരത്തിലുള്ള ആൾക്കൂട്ട അക്രമങ്ങൾ അത്രയ്ക്ക് നിഷ്കളങ്കമാണോ? നമ്മുടെ രാജ്യത്തും ഇത് സംഭവിക്കണമെന്ന അരാഷ്ട്രീയ വാദങ്ങളെ എത്രത്തോളം അംഗീകരിക്കാൻ സാധിക്കും?
ദീർഘകാലം രാജഭരണവും ബ്രിട്ടൻെറ വൈദേശിക ആധിപത്യവും നിലനിന്ന രാജ്യമാണ് നേപ്പാൾ. 1923-ലാണ് ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നത്. അതിന് ശേഷവും രാജ്യത്ത് രാജഭരണമാണ് തുടർന്നത്. എന്നാൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രതിഷേധങ്ങൾ പലഘട്ടങ്ങളിലായി തുടർന്ന് കൊണ്ടേയിരുന്നു. ഷാ, റാണ രാജഭരണങ്ങൾക്കും ബ്രിട്ടീഷ് ആധിപത്യത്തിനും ശേഷം 1959-ൽ രാജ്യത്ത് ആദ്യമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നു. ബി.പി. കൊയ്രാള പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ആ ഭരണത്തിന് അൽപ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1960-ൽ മഹേന്ദ്ര രാജാവ് പാർലമെൻറ് പിരിച്ചുവിടുകയും രാഷ്ട്രീയപാർട്ടികൾ നിരോധിക്കുകയും ചെയ്തു. 1990-കളിൽ ജനങ്ങളുടെ നേതൃത്വത്തിലും പിന്നീട് 96-മുതൽ 2006 വരെ മാവോയിസ്റ്റ് വിപ്ലവവും രാജ്യത്ത് നടക്കുന്നു. ഇതിനിടയിലും രാജഭരണം തുടർന്ന് വന്നു. ഒടുവിൽ 2006-ൽ ജനങ്ങളുടെ പ്രതിഷേധം ഫലം കാണുകയും പാർലമെൻറ് പുനസ്ഥാപിച്ച്, രാജകുടുംബത്തിൻെറ അധികാരം ഇല്ലാതാക്കുകയും ചെയ്തു. 2008-ലാണ് നേപ്പാൾ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറുന്നത്. ഇതോടെ രാജഭരണം പൂർണമായും അവസാനിപ്പിക്കുകയും ചെയ്തു. റാം ഭരൺ യാദവ് നേപ്പാളിൻെറ ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2015-ൽ നേപ്പാൾ ഭരണഘടന അംഗീകരിക്കപ്പെട്ടു. പിന്നീട് 2022-ൽ രാജ്യത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുമന്ത്രിസഭയാണ് ഉണ്ടാവുന്നത്. അസ്ഥിരമായ രാഷ്ട്രീയസഖ്യങ്ങൾക്കൊടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ ചെയർമാൻ കെ.പി. ശർമ ഒലി 2024-ൽ രാജ്യത്തിൻെറ പ്രധാനമന്ത്രിയായി. 2025 സെപ്തംബർ എട്ടിന് രാജ്യത്താരംഭിച്ച പ്രക്ഷോഭത്തിനൊടുവിൽ അദ്ദേഹം രാജിവെച്ച് ഒഴിയേണ്ടി വരുന്നു. ഇതുവരെയുള്ള നേപ്പാളിൻെറ ഭരണ-രാഷ്ട്രീയ ചരിത്രം ഇവിടെയാണ് എത്തിനിൽക്കുന്നത്.

നേപ്പാളിലെ മാറിമറിയാറുള്ള രാഷ്ട്രീയ കാലാവസ്ഥയെ പുതിയൊരു വഴിയിലേക്ക് നയിക്കുമോ ഇപ്പോൾ നടന്ന ജെൻ-സി പ്രക്ഷോഭം എന്ന സന്ദേഹം പലകോണുകളിൽ നിന്നും ഉയർന്ന് കഴിഞ്ഞു. സമരത്തിന് പിന്നിൽ പുറത്ത് നിന്നുമുള്ള ഇടപെടലുകളുണ്ടായോയെന്ന സംശയങ്ങളും വന്ന് തുടങ്ങിയിരിക്കുന്നു. ജനാധിപത്യം അട്ടിമറിച്ച് രാജഭരണം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന മറ്റൊരു വാദവും ഉയരുന്നുണ്ട്. കൃത്യമായ ഒരു നേതൃത്വമോ ആശയവ്യക്തതയോ ഇല്ലാതിരുന്ന ആൾക്കൂട്ടസമരത്തിന് ഇനി നേപ്പാളിൻെറ ഭരണത്തെ നേർവഴിക്ക് നയിക്കാൻ സാധിക്കുമോയെന്ന ചോദ്യവും ഉയരുന്നു. രാജ്യത്തുണ്ടായ പ്രക്ഷോഭത്തിൻെറ കാരണങ്ങൾ ന്യായമല്ലേയെന്ന് സ്വാഭാവികമായും സാമാന്യയുക്തിയിൽ ചിന്തിക്കാവുന്നതാണ്. സ്വജനപക്ഷപാതവും അഴിമതിയും തുടർന്നുകൊണ്ടേയിരിക്കുന്ന ഒു ഭരണകൂടത്തിനെതിരെ പ്രതിഷേധം സ്വാഭാവികം മാത്രം. ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ പ്രതീക്ഷക്കൊത്തായിരുന്നില്ല ശർമ ഒലി ഭരണകൂടത്തിൻെറ പോക്ക്. സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനങ്ങളോട് ഭരണകൂടത്തിന് നേരത്തെയും വിയോജിപ്പുകളുണ്ടായിരുന്നു. അതിൻെറ ഭാഗമായാണ് അവർ സോഷ്യൽ മീഡിയ നിരോധിച്ച് കൊണ്ട് യുവാക്കളെ പ്രകോപിപ്പിച്ചത്. തങ്ങൾ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ ആ പ്രകോപനം ഇത്രവലിയ കലാപത്തിലേക്ക് നീങ്ങുമെന്ന് മുൻകൂട്ടി കാണാൻ അവർക്ക് സാധിച്ചില്ല. സമരത്തെ നിയന്ത്രിക്കാനോ യുവാക്കളുടെ ആവശ്യങ്ങൾ കേട്ടുകൊണ്ടുള്ള ചർച്ചകൾ നടത്താനോ സാധിച്ചില്ല. ഒടുവിൽ സൈനിക നടപടിയിൽ 20-ഓളം പേരുടെ ജീവൻ നഷ്ടമായത് ഗുരുതരവീഴ്ചയായും മാറി. ഈ വീഴ്ചകളെല്ലാം ഒരുഭാഗത്ത് നിൽക്കുമ്പോഴും നേപ്പാളിലെ ജെൻ-സി സമരം എന്തുകൊണ്ട് ഒരു മാതൃകയല്ല എന്ന് വ്യാഖ്യാനിക്കപ്പെടുന്നതിൻെറ കാരണം അതിൻെറ അരാഷ്ട്രീയ ആൾക്കൂട്ട അക്രമ സ്വഭാവമാണ്.
ഊരും പേരും നേതൃത്വവും പ്രത്യയശാസ്ത്രവും ആശയവുമൊന്നുമില്ലാത്ത സമരങ്ങൾ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നത് ലോകചരിത്രത്തിൽ പുതിയ കാര്യമൊന്നുമല്ല. ഏറ്റവും സമീപകാല ചരിത്രത്തിൽ ബംഗ്ലാദേശിൽ നടന്നത് സമാനമായ രീതിയിലുള്ള പ്രതിഷേധമാണ്. നേരത്തെ ശ്രീലങ്കയിലും അത് തന്നെ സംഭവിച്ചിരുന്നു. ലങ്കയിൽ പിന്നീട് ജനാധിപത്യഭരണം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം സാമ്പത്തിക വിദഗ്ദൻ മുഹമ്മദ് യൂനിസിൻെറ നേതൃത്വത്തിലുള്ള ഇടക്കാലഭരണമാണ് നടക്കുന്നത്. ബംഗ്ലാദേശിലെ സമരത്തിന് പിന്നിൽ അമേരിക്കയുടെ ഇടപെടലുകളുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിലവിലെ ഇടക്കാല സർക്കാരിൻെറ പോക്ക് അത് ഏകദേശം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. നേപ്പാളിലെ ഭരണകൂടത്തെ പുറത്താക്കാൻ വേണ്ടിയുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നുള്ള വാദവും ഇപ്പോൾ ശക്തമാണ്.

സെപ്തംബർ 4-നാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂ ട്യൂബ്, എക്സ്, റെഡ്ഡിറ്റ് തുടങ്ങീ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേപ്പാളിൽ നിരോധിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും അമേരിക്കൻ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. വ്യാജവാർത്തകൾ, സൈബർ കുറ്റകൃത്യങ്ങൾ, ഹേറ്റ് സ്പീച്ച് തുടങ്ങിയവ നിയന്ത്രിക്കുന്നതിൽ ഈ പ്ലാറ്റ്ഫോമുകൾ പരാജയമായെന്നും ഒപ്പം സർക്കാരിൻെറ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നുമാണ് നിരോധനത്തിന് സർക്കാർ പറഞ്ഞ വിശദീകരണം. ഇതിന് ശേഷവും രാജ്യത്ത് പ്രവർത്തിച്ച് കൊണ്ടിരുന്ന ഒരു പ്രധാന സോഷ്യൽ മീഡിയ ആപ്പ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിൻെറ ടിക്ക്ടോക്ക് മാത്രമാണ്. അവർക്ക് നേപ്പാളിൽ ഇതിനോടകം പ്രാദേശിക ഓഫീസും സ്ഥാപിച്ചിരുന്നു. ടിക്ക് ടോക്ക് നിരോധിക്കപ്പെടാതിരുന്നത് വലിയ എതിർപ്പിന് കാരണമായിരുന്നു. നേരത്തെ നേപ്പാളിൽ ടിക്ടോക്ക് നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ, പ്രാദേശികമായി പ്രവർത്തിക്കാമെന്ന ഉറപ്പിൻമേലാണ് വീണ്ടും അനുമതി ലഭിച്ചത്. അമേരിക്കൻ പ്ലാറ്റ്ഫോമുകൾ നിരോധിക്കപ്പെടുകയും ചൈനയുടെ ടിക് ടോക്കിന് മാത്രം പ്രവർത്തനം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തത് ജനങ്ങൾക്കിടയിൽ സംശയങ്ങൾക്ക് ഇടയാക്കി. ചൈനയുമായി ശർമ ഒലി നല്ല ബന്ധമാണ് സ്ഥാപിച്ചിരുന്നത്. പ്രതിഷേധക്കാർക്ക് അമേരിക്കയുടെയും ഭരണകൂട തീരുമാനങ്ങൾക്ക് ചൈനയുടെയും പിന്തുണ ഉണ്ടായിരുന്നുവെന്ന ഒരു വാദം പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതൊന്നും തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ച് ഒഴിയുകയും മന്ത്രിസഭ തന്നെ ഏകദേശം ഇല്ലാതാവുകയും ചെയ്തതോടെ ഇനി രാജ്യത്തെ ഭരണം ആര് ഏറ്റെടുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഹിന്ദു ദേശീയവാദം ഉയർത്തുന്ന, രാജഭരണത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി, രാജഭരണത്തിന് അനുകൂലമായി കാഠ്മണ്ഡുവിൽ വലിയ റാലി സംഘടിപ്പിച്ച് മാസങ്ങൾക്കകമാണ് ജെൻ-സി പ്രക്ഷോഭം ഒലി ഭരണകൂടത്തെ താഴെയിറക്കിയതെന്ന യാദൃശ്ചികതയുണ്ട്. ഹിന്ദുമതം നേപ്പാളിൻെറ ഔദ്യോഗിക മതമായി പുനസ്ഥാപിക്കണമെന്നും രാജഭരണം തിരിച്ച് വരണമെന്നുമൊക്കെ മുദ്രാവാക്യങ്ങൾ വിളിച്ച് കൊണ്ടായിരുന്നു ഈ റാലി നടന്നത്. രാജഭരണം അവസാനിച്ചതിന് ശേഷം രാജ്യത്ത് ഒരു ഡസനിലധികം ഭരണകൂടങ്ങളാണ് ഇതിനോടകം അധികാരത്തിലെത്തിയത്. അസ്ഥിരമായ ഈ ഭരണവ്യവസ്ഥയോട് വലിയ എതിർപ്പുള്ള ഒരു വിഭാഗം ജനങ്ങൾ നേപ്പാളിലുണ്ട്. അവരാണ് രാജഭരണം വീണ്ടും വരണമെന്ന് വാദിക്കുന്നത്. ജനാധിപത്യം വന്നതിന് ശേഷം രാജ്യത്ത് കഴിഞ്ഞ 17 വർഷത്തിനിടയിൽ 12 പ്രധാനമന്ത്രിമാരാണ് ഉണ്ടായത്. തൂക്കുമന്ത്രിസഭയാണ് ശർമ ഒലിയുടെ നേതൃത്വത്തിലും രാജ്യം ഭരിച്ചിരുന്നത്. 2008-ൽ സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഗ്യാനേന്ദ്ര രാജാവിന് ഇപ്പോഴും ഒരുവിഭാഗം ജനങ്ങളുടെ പിന്തുണയുണ്ട്. നേപ്പാളിലെ അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥ ഗ്യാനേന്ദ്ര ഉപയോഗപ്പെടുത്തുമോയെന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഗ്യാനേന്ദ്ര ഇതുവരെ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. നേപ്പാളിൽ ജനാധിപത്യം തുടരുമോ അതോ രാജഭരണം തിരികെ വരുമോ? ജെൻ-സി സമരത്തിൻെറ പരിസമാപ്തി എന്താവുമെന്ന് അറിയാൻ ലോകം കാത്തിരിക്കുകയാണ്.
