ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ വാട്​സ്​ആപ്പ്​ സിലബസുകള്‍

ആദ്യ സമയങ്ങളില്‍ ചൈനക്കെതിരെയുള്ള വാട്​സ്​ആപ്പ്​ ഫോർവേഡുകളുടെ എണ്ണവും ഇപ്പോഴുള്ളവയുടെ എണ്ണവും താരതമ്യം ചെയ്താല്‍ബി.ജെ.പിയുടെ ഇപ്പോഴത്തെ നിലപാട് മനസിലാകും. സ്​ട്രാറ്റജിക്​ ഓട്ടോണോമി എന്ന് പേരിട്ടു വിളിക്കുമ്പോഴും ചേരിചേരാനയം എന്ന നെഹ്​റുവിയൻ പ്രേതം ഇന്നും നയതന്ത്രത്തെ വേട്ടയാടുന്നു.

ന്താരാഷ്ട്ര നയതന്ത്രത്തിലെ സമവാക്യങ്ങള്‍ മാറിമറയുന്നത് നമ്മളെ അറിയിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ വളരെയേറെ ശ്രദ്ധ നല്‍കുന്നുണ്ട്. അത് ഒരു പുതിയ കാര്യമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പൊതു പരിപാടിയില്‍ പറയുന്ന അന്താരാഷ്ട്ര രാഷ്ട്രീയത്തെ തരംതാഴ്​ത്തി കാണിക്കുന്നത് മാറ്റിനിര്‍ത്തിയാല്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സിനെ കാര്യമായി പഠിക്കാനോ പിന്തുടരാനോ മാധ്യമങ്ങള്‍ തയ്യാറല്ല. ദേശീയ മാധ്യമങ്ങള്‍ കുറച്ചെങ്കിലും തയ്യാറാകുമ്പോള്‍മലയാള മാധ്യമങ്ങള്‍ തര്‍ജമ ചെയ്ത ബോക്‌സ് ന്യൂസുകളില്‍ ആശ്വാസം കണ്ടെത്തും. വികലമായ ചില ആശയങ്ങളും നുണകളും കൊണ്ട് മലീമസമായ എഴുത്തുകളാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ ലഭ്യമാക്കുന്നത്. മാധ്യമങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ വാട്​സ്​ആപ്പ്​ ഷെയറുകളാണ് ഇന്റര്‍നാഷണല്‍ റിലേഷന്‌സിന്റെ സിലബസ്. 'കേശവന്‍ മാമന്‍ പോസ്റ്റുകള്‍ ' എന്ന് കളിയാക്കി വിളിക്കുന്ന അത്തരം പോസ്റ്റുകളുടെ ഉള്ളടക്കം ഊഹിക്കാവുന്നതാണ്.

എത്രത്തോളമാണ് നയതന്ത്രത്തിലും ആഗോള രാഷ്ട്രീയത്തിലും ഇന്ത്യാക്കാരുടെ സാക്ഷരത?

ഒരു ഉദാഹരണം പറയാം. 2021 മേയിലാണ് ഇസ്രായേല്‍ അല്‍ അഖ്സ പള്ളിയില്‍ ആക്രമണം നടത്തുന്നത്. അന്ന് ആ ക്രൂരമായ നടപടിയെ അനുകൂലിച്ച്​ ‘ഇന്ത്യ ഇസ്രയേലിനൊപ്പം’ എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍ സകല വലതുപക്ഷ അനുകൂലികളും അരാഷ്ട്രീയവാദികളും ചേര്‍ന്ന് നടത്തി. എന്നാല്‍ യു എന്നിന്റെ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രതിനിധിയായ ടി. എസ്. തിരുമൂര്‍ത്തി പലസ്തീന്‍ രാഷ്ട്രത്തിനുവേണ്ടിയും സമാധാനത്തിനുവേണ്ടിയും ഇന്ത്യ നിലകൊള്ളുന്നു എന്ന നിലപാട് അറിയിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക നിലപാടാണ് തിരുമൂര്‍ത്തി അവിടെ അറിയിച്ചത്. എന്നാല്‍ ട്വിറ്ററില്‍ തിരുമൂര്‍ത്തിക്ക്​ ലഭിച്ചത് പുലഭ്യം കൊണ്ടുള്ള അഭിഷേകമാണ്.

ടി. എസ്. തിരുമൂര്‍ത്തി

വാട്‌സ്​ആപ്പ്​ ഫോഡര്‍ഡുകള്‍ക്കും ട്വിറ്റര്‍ ക്യാമ്പയിനുകള്‍ക്കും രാജ്യത്തിന്റെ അന്താരാഷ്ട്ര നിലപാടുകളെ സ്വാധീനിക്കാന്‍ സാധിക്കും എന്ന മിഥ്യബോധത്തിലെക്ക് ജനങ്ങള്‍ വീഴുന്നത് പരിതാപകരമാണ്. അത്തരം ഒരു ജനതയുടെ ഫോണില്‍ ഇന്ന് ജി- 20 യുടെ മറവില്‍ ഒരു ‘വിശ്വഗുരു’ നുണ ഓടി കൊണ്ടിരിക്കുന്നുണ്ട്. അതില്‍ വീണുപോയവരുടെ എണ്ണം ഒരുപാടാണ്. ജി- 20യുടെ പ്രസിഡന്റുകസേര അതിലെ അംഗങ്ങള്‍ ഓരോ കൊല്ലം വീതം വഹിക്കുമെന്നും ഒരു റൊട്ടേഷന്‍ സംവിധാനമാണുള്ളതെന്നും ആരും അറിയുന്നില്ല. ആര്‍ക്കും അത് പഠിക്കാനും താത്പര്യമില്ല.

അതുകൊണ്ടുതന്നെ എന്താണ് ചുറ്റും നടക്കുന്നതെന്ന് നമ്മള്‍ അറിയണം.

  1. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി യഥാര്‍ത്ഥ സമാധാനം പുലരാന്‍ പോകുകയാണ്. ചൈനയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകളുടെ ഫലമായി സൗദി അറേബ്യയും യെമനും തമ്മിലുള്ള യുദ്ധം അവസാനിക്കുകയാണ്. യുദ്ധമവസാനിപ്പിക്കാൻ ഒമാനും സൗദിയും ഹൂതി വിമതരുമായി ചര്‍ച്ച നടത്തും.

  2. ഇറാന്‍- സൗദി ഉടമ്പടിക്കു പുറകെ ഇസ്രായേലുമായുള്ള എല്ലാ സുരക്ഷാ ഉടമ്പടികളും യു. എ. ഇ മരവിപ്പിച്ചു. സൗദി ഇസ്രായേലി പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചു. ചരിത്രപരമായ ഇറാന്‍- സൗദി ഉടമ്പടിയുടെ മധ്യസ്ഥനും ചൈനയാണ്.

  3. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന അറബ് രാജ്യങ്ങളുമായി ചൈന ഉന്നത തല ചര്‍ച്ച നടത്താനൊരുങ്ങുന്നു. 2023 ല്‍ ഇറാന്‍ ഷാങ്ഹായി കോര്‍പറേഷനില്‍ അംഗമാകും. ഡയലോഗ് പാര്‍ട്ണര്‍ ആയി സൗദി അറേബ്യയുമുണ്ടാകും.

  4. ഇന്ത്യയും ഇറാനുമായിട്ടുള്ള ബഹുകക്ഷി ബന്ധങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുമെന്ന്​ അജിത്ത് ഡോവല്‍ അറിയിച്ചു.

  5. കോംഗോ, ഘാന തുടങ്ങിയ പല രാജ്യങ്ങളും അമേരിക്കയോടും യൂറോപ്പിനോടുമുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് വിവിധ പരിപാടികളിലായി സൂചന നല്‍കി.

ഈ സംഭവങ്ങളിലെല്ലാം ഒരു പൊതു ഘടകം ചൈനയാണ്. ആഗോള രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ കൊണ്ടുവരികയാണ് ചൈന. ചൈനക്ക്​ ഒപ്പം റഷ്യയും ഉണ്ട്. സൈനിക ഇടപെടലിലൂടെ സമാധാനം സ്ഥാപിക്കാന്‍ വരുന്ന അമേരിക്കയെക്കാളും സമാധാന ചര്‍ച്ചക്ക്​ മധ്യവര്‍ത്തിയാകുന്ന ചൈനയോട് ആഫ്രിക്കന്‍ രാജ്യങ്ങളും അറേബ്യന്‍ രാജ്യങ്ങളും അടുപ്പം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

സമാധാന ചര്‍ച്ചക്ക്​ മധ്യവര്‍ത്തിയാകുന്ന ചൈനയോട് ആഫ്രിക്കന്‍ രാജ്യങ്ങളും അറേബ്യന്‍ രാജ്യങ്ങളും അടുപ്പം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. / Photo: Wikimedia Commons

ഈ പറഞ്ഞതിനെ വാട്‌സ്​ആപ്പ്​ ഇന്റര്‍നാഷണല്‍ സിലബസ് വച്ച് നിരീക്ഷിച്ചു നോക്കാം.

1. അയ്യോ, ചൈന ലോണുകള്‍ കൊടുത്ത് ഉണ്ടാക്കിയതാണ് ഇതെല്ലാം.

2. ചൈനയെ പുകഴ്​ത്തുന്ന ലേഖകന്‍ രാജ്യദ്രോഹിയാണ്.

Dept Trap Diplomacy അഥവാ കടം കൊടുത്ത് വരുതിയിലാകുന്ന പരിപാടി ചൈന നടത്തുന്നു എന്ന് ആരോപിച്ചത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെന്‍സ് ആണ്. എന്നാല്‍ ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളില്‍ ചൈനയെക്കാള്‍ കൂടുതല്‍ ലോണുകള്‍ നല്‍കി ആധിപത്യം ഉറപ്പിച്ചത് പാശ്ചാത്യ രാജ്യങ്ങളാണ് എന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിക്ക്​ ഒരു വിമര്‍ശനമായി ഞാന്‍ ഉന്നയിക്കുക, ഇന്ത്യക്ക്​ പരമാധികാരമുണ്ടായിരിക്കെ ചൈന ആക്രമിച്ചു കൈവശപ്പെടുത്തിയ പ്രദേശങ്ങളിലൂടെ ബി. ആര്‍. ഐയുടെ രേഖ കടന്നുപോകുന്നു എന്നതാണ്. എന്നാല്‍ ഈ പദ്ധതിക്ക്​ 130 രാജ്യങ്ങളുടെ പിന്തുണയുണ്ട്.

ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയുടെ ഭൂപടം / Photo: Wikimedia Commons

ഇതുകൊണ്ടാണ് ഇന്ത്യ അമേരിക്കയോട് കൂടുതല്‍ അടുക്കുന്നത് എന്നും അതാണ് നല്ലതെന്നും വാട്​സ്​ആപ്​ സിലബസ് നമ്മളെ പഠിപ്പിക്കുന്നു. ചൈനയെ പ്രതിരോധിക്കാന്‍ ‘ക്വാഡ്’ സഖ്യത്തില്‍ ഇന്ത്യ ചേര്‍ന്നു. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ച്​ യു.എസ് യുദ്ധകപ്പലായ യു.എസ്.എസ് ജോണ്‍ പോള്‍ രാജ്യത്തിന്റെ എക്​സ്​ക്ലൂസീവ്​ ഇക്കണോമിക്​ സോണില്‍ പ്രവേശിച്ചു. യാതൊരു മടിയുമില്ലാതെ തങ്ങള്‍ പ്രവേശിച്ചു എന്നും ഇനിയും പ്രവേശിക്കുമെന്നും യുദ്ധക്കപ്പൽ അറിയിച്ചു. ഇതുകൂടാതെ 2017- ല്‍ പെന്റഗണ്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ എക്​സ്​ക്ലൂസീവ്​ ഇക്കണോമിക് സോണില്‍ അമേരിക്ക ഇന്റലിജന്‍സ് പരിശോധന നടത്താറുണ്ട്.

ചൈന പ്രകടമായ രീതിയില്‍ നമ്മുടെ പരമാധികാരം ലംഘിക്കുമ്പോള്‍ അമേരിക്ക അത് ഒരേ സമയം പ്രകടവും രഹസ്യമായും ചെയ്യുന്നു.

യു.എസ്.എസ് ജോണ്‍ പോള്‍ / Wikimedia Commons

ചൈന റഷ്യയോടുചേര്‍ന്ന് ആഗോള രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറയ്​ക്കാൻ നോക്കുമ്പോള്‍ ഇന്ത്യ കഴിഞ്ഞ കാലയളവില്‍ വരുത്തിയ ചില തെറ്റുകളില്‍ നിന്ന് ഓടിയകലാന്‍ നോക്കുകയാണ്.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്​ത്താൻ ഹൗഡി മോദി പരിപാടിക്ക്​ കഴിഞ്ഞിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ഭരണാധികാരി മറ്റൊരു രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നതിന്റെ പ്രത്യാഘാതം അന്ന് മനസിലാക്കാന്‍ വാട്​സ്​ആപ്പ്​ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചില്ല. അതുകൊണ്ടുതന്നെ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ അനിഷ്ടം ഇന്ത്യക്കുനേരെയുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ജോ ബൈഡന്‍ സര്‍ക്കാര്‍ അത് പ്രകടിപ്പിക്കുന്നുണ്ട്.

ചൈനയുമായി വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഡോളര്‍ ഒഴിവാക്കി ദേശീയ കറന്‍സികളില്‍ കച്ചവടം ചെയ്യാന്‍ ഇന്ത്യ എന്തുകൊണ്ട് തയ്യാറായി? (ലേഖകന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയെക്കാള്‍ കുറഞ്ഞ രാജ്യദ്രോഹിയാണ്)

‘ഹൗടി മോദി’ പരിപാടിയില്‍ നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും / Photo: Trump White House Archived, Flickr

ആദ്യ സമയങ്ങളില്‍ ചൈനക്കെതിരെയുള്ള വാട്​സ്​ആപ്പ്​ ഫോർവേഡുകളുടെ എണ്ണവും ഇപ്പോള്‍ ഉള്ളവയുടെ എണ്ണവും താരതമ്യം ചെയ്താല്‍ ബി.ജെ.പിയുടെ ഇപ്പോഴത്തെ നിലപാട് മനസിലാകും. സ്​ട്രാറ്റജിക്​ ഓട്ടോണോമി എന്ന് പേരിട്ടു വിളിക്കുമ്പോഴും ചേരിചേരാനയം എന്ന നെഹ്​റുവിയൻ പ്രേതം ഇന്നും നയതന്ത്രത്തെ വേട്ടയാടുന്നു. 2016- ല്‍ ചേരിചേരാനയം കുഴിച്ചു മൂടപ്പെടുമോ എന്ന ലേഖനങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ NAM 2.0 യെ കുറിച്ചാണ് സുഹാസിനി ഹൈദര്‍ അടക്കമുള്ള വിദഗ്ധരുടെ ചര്‍ച്ച.

എസ്. ജയ്ശങ്കര്‍

ബഹുധ്രുവ ലോകം സൃഷ്ടിക്കപ്പെട്ടാല്‍ ശക്തമായ ഒരു സ്ഥാനം ചൈനയോട് സഹകരിച്ചായാലും നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കുക എന്ന് സമകാലിക നയങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ ഈ നയതന്ത്ര കുടുക്കിലേക്ക്​ ഇന്ത്യ എങ്ങനെ എത്തിപ്പെട്ടു എന്നത് കൂടി നമ്മള്‍ മനസിലാക്കണം. വാട്​സ്​ആപ്​ യൂണിവേഴ്​സിറ്റിയിൽ ആരും പറയാത്ത ചില വസ്തുതകള്‍ പരിശോധിക്കാം.

2014- ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ കടുത്ത മോദിപക്ഷക്കാരനായിരുന്ന ഭരത് കര്‍ണാട് ഇന്ന് കടുത്ത മോദി വിമര്‍ശകനാണ്. അറിയപ്പെടുന്ന നയതന്ത്ര നിരീക്ഷകനായ കര്‍ണാട് ബി.ജെ.പിയുടെ നയത്തെ വിശേഷിപ്പിച്ചത്, ‘ബലമുള്ളവരെ തൊഴുന്ന, ബലഹീനരെ ദ്രോഹിക്കുന്ന' നയമെന്നാണ്. ഏതൊരു പ്രശ്‌നത്തിനും ലോകം അഭിപ്രായങ്ങള്‍ തേടിയിരുന്ന ഇന്ത്യയെ നായകനില്‍ നിന്ന് വിദൂഷകനാക്കി മാറ്റാന്‍ മോദിക്കു കഴിഞ്ഞു. ശക്തര്‍ക്ക് വിധേയരാകുന്ന നയത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യ നേരിട്ടു.

2019-ല്‍ സെന്റര്‍ ഫോര്‍ ന്യൂ അമേരിക്കന്‍ സെക്യൂരിറ്റി നടത്തിയ പഠനത്തില്‍, യു.എസ് ഇന്ത്യയുമായി സഖ്യം ആരംഭിച്ചശേഷം ചൈനയും ഇന്ത്യയുടെ സൈനികശക്തിയും തമ്മിലുള്ള വിടവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് നിഗമനം.

2021 ഏപ്രിലില്‍ യു.എസ് നാവികസേന ഇന്ത്യന്‍ ജലാതിര്‍ത്തി കടന്ന് ഇന്ത്യന്‍ നിയമത്തെ ധിക്കരിച്ചു. രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ ഈ ആക്രമണത്തെക്കുറിച്ച് ബി.ജെ.പി മൗനം പാലിച്ചു. 2021 ഏപ്രില്‍ 7-ന് USS ജോണ്‍ പോള്‍ ജോണ്‍സ് ഇന്ത്യയുടെ മുന്‍കൂര്‍ സമ്മതം അഭ്യര്‍ത്ഥിക്കാതെ തന്നെ ഇന്ത്യയുടെ EEZ-നുള്ളില്‍ നാവിഗേഷന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അന്താരാഷ്ട്ര രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതില്‍ EEZ അല്ലെങ്കില്‍ ഇന്ത്യയുടെ എക്​സ്​ക്ലൂസീവ്​ ഇക്കണോമിക് സോണിന് പ്രധാന പങ്കുണ്ട്. യു. എസ് നാവികസേനയുടെ പത്രക്കുറിപ്പില്‍, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിൽ (ഇ ഇസെഡ്) ലക്ഷദ്വീപ് ദ്വീപുകളില്‍ നിന്ന് ഏകദേശം 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് നാവിഗേഷന്‍ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, ഇന്ത്യയുടെ മുന്‍കൂര്‍ സമ്മതം ആവശ്യപ്പെടാതെ, അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ഉപയോഗിക്കുമെന്ന് അറിയിച്ചു.

ഭരത് കര്‍ണാട്

ഗുരുതരമായ തെറ്റിന്​ മാപ്പ് പറയാനോ തിരുത്താനോ നാവികസേന തയ്യാറായില്ല എന്നു മാത്രമല്ല, തങ്ങളുടെ നടപടിയെ ന്യായീകരിക്കുകയും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തിന്റെ സമഗ്രതയും പരമാധികാരവും അംഗീകരിക്കാന്‍ യു.എസ് ചേരി തയ്യാറല്ലെന്നും നമ്മളെ അവരുടെ ഉപസ്ഥാപനമായി കണക്കാക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.

ദക്ഷിണേഷ്യയില്‍ ചൈനയെ പ്രതിരോധിക്കാന്‍ അമേരിക്കയുമായുള്ള സഖ്യം ഇന്ത്യയെ സഹായിച്ചതായി ഇന്ത്യയിലെ യു.എസ്.എ അനുകൂല സൈദ്ധാന്തികര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഇതിനുശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക അന്തരം രൂക്ഷമായി എന്ന് വ്യക്തമാകും. ഈ വിടവ് നികത്താന്‍ യു.എസ്.എ ഇന്ത്യയെ സഹായിച്ചിട്ടില്ല, അതിനാല്‍ ഇന്ത്യക്ക്​ ആയുധങ്ങള്‍ക്കായി റഷ്യയിലേക്ക് മടങ്ങേണ്ടിവന്നു. ഡിഫന്‍സ് ടെക്നോളജി ആന്‍ഡ് ട്രേഡ് ഇനിഷ്യേറ്റീവ് (ഡി ടി ടി ഐ) വഴി യു.എസ്- ഇന്ത്യ സാങ്കേതിക കൈമാറ്റങ്ങളും ആയുധ വില്‍പ്പനയും വാഗ്ദാനം ചെയ്തിട്ടും വലിയ ഡീലുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു. 2019-ല്‍ സെന്റര്‍ ഫോര്‍ ന്യൂ അമേരിക്കന്‍ സെക്യൂരിറ്റി നടത്തിയ പഠനത്തില്‍, യു.എസ് ഇന്ത്യയുമായി സഖ്യം ആരംഭിച്ചതിനുശേഷം ചൈനയും ഇന്ത്യയുടെ സൈനികശക്തിയും തമ്മിലുള്ള വിടവ് വര്‍ധിച്ചിട്ടുണ്ടെന്നാണ് നിഗമനം.

നരേന്ദ്ര മോദി, ഷി ജിന്‍ പിംഗ്

ഒറിജിനല്‍ എക്യുപ്മെൻറ്​ മാനുഫാക്ചററുടെ (ഒ ഇ എം) സമ്മതം കാലാകാലങ്ങളില്‍ ലഭ്യമാക്കാന്‍ വേണ്ട കരാര്‍ ഭേദഗതികള്‍ നടത്താന്‍ യു.എസ്.എ തയ്യാറായില്ല എന്നതാണ് ഡി ടി ടി ഐയുടെ പരാജയത്തിന്റെ ഒരു കാരണം. 80 രാജ്യങ്ങളുമായി യു.എസ്.എ ഒപ്പുവെച്ച ഡി ടി ടി ഐ കരാറുകള്‍ ഇസ്രയേലിനു വേണ്ടി മാത്രമാണ് ഭേദഗതി ചെയ്യപ്പെട്ടത്. ഈ ഉടമ്പടി യു.എസ് സൈനിക സാങ്കേതികവിദ്യ തദ്ദേശ ആയുധങ്ങളുമായി ചേര്‍ക്കുന്നതിന് തടയിടുന്നു.

യു.എസ്.എയുടെ ഏറ്റവും വലിയ പങ്കാളി എപ്പോഴും ഇസ്രായേല്‍ മാത്രമായിരിക്കും, അവര്‍ക്കുവേണ്ടി മാത്രം എല്ലാം വിട്ടുവീഴ്ച ചെയ്യും.

ഇന്ത്യയുടെ ശാക്തീകരണമല്ല, ആയുധ വില്‍പനയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ഇത് തെളിയിക്കുന്നു. യു.എസ്.എയുടെ ഏറ്റവും വലിയ പങ്കാളി എപ്പോഴും ഇസ്രായേല്‍ മാത്രമായിരിക്കും, അവര്‍ക്കുവേണ്ടി മാത്രം എല്ലാം വിട്ടുവീഴ്ച ചെയ്യും.

അതിനിടെ, അമേരിക്കയുമായുള്ള ഇന്ത്യയുടെ അടുപ്പത്തിന് മറുപടിയായി റഷ്യ ചില നിലപാടുകള്‍ സ്വീകരിച്ചിരുന്നു. റഷ്യ ഇന്ത്യയുടെ വളരെ പഴയ ചരിത്ര സഖ്യകക്ഷിയാണ്. അഭേദ്യമായ ബന്ധം ഇരു രാജ്യങ്ങളും നിലനിര്‍ത്തുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ വാര്‍ഷിക ഉച്ചകോടി ആദ്യമായി 2020-ല്‍ റദ്ദാക്കപ്പെട്ടു - ഔദ്യോഗിക കാരണം, കോവിഡ്-19. എന്നാല്‍ ‘ക്വാഡ്’ സഖ്യത്തോട് റഷ്യ പ്രതികരിക്കുകയായിരുന്നു എന്നതാണ് വസ്തുത. 2019- ല്‍ റഷ്യ പാകിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനെകുറിച്ചു നല്‍കിയ സൂചന നിലപാട് മോദിയുടെ നയങ്ങള്‍ക്കുള്ള സന്ദേശമായിരുന്നു.

നികിത ക്രൂഷ്​ചേവ്, ജവഹര്‍ലാല്‍ നെഹ്റു / Photo: Wikimedia Commons

യുക്രെയ്​ൻ വിഷയത്തോടെ ലോക രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറി കൊണ്ടിരിക്കുകയാണ്. അത് മനസിലാക്കി ചൈന കരുക്കള്‍ നീക്കിയതിന്റെ ഫലമായി ഡോളര്‍ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ഡീ ഡോളറൈസേഷന്‍ ശ്രമങ്ങള്‍ ശക്തമാവുകയാണ്. 2022- ല്‍ മാത്രം ഡോളര്‍ ആധിപത്യം കുറക്കുന്ന പരിപാടികളില്‍ ഇന്ത്യ, സൗദി അറേബിയ, തുര്‍ക്കി, ബ്രസീല്‍ അര്‍ജൻറീന, ഇറാന്‍, മ്യാന്മര്‍, ശ്രീലങ്ക , മൗറീഷ്യസ്, താജിക്കിസ്ഥാന്‍, സുഡാന്‍, ക്യൂബ, ലക്‌സംബര്‍ഗ്ഗ് തുടങ്ങിയ രാജ്യങ്ങള്‍ പങ്കാളികളായി. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, ചൈന നാച്ചുറല്‍ ഗ്യാസ് അഥവാ എല്‍ എന്‍ ജി യുവാനില്‍ വാങ്ങി എന്നതാണ്.

ഡീ ഡോളറൈസേഷന്റെ ഒരു ഗുണം അമേരിക്കയില്‍ നടക്കുന്ന അല്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍വരുന്ന ഷോക്കുകള്‍ രാജ്യങ്ങളെ ബാധിക്കാതെ പോകും എന്നതാണ്.

ഇത്തരം ശ്രമങ്ങളില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആദ്യ പ്രഹരം ഡോളറിനല്ല, മറിച്ച് പെട്രോ ഡോളറിനാണ്. മുന്‍പ്, 2012- ല്‍ അമേരിക്കയും യുറോപ്പും ഇറാനുമേല്‍ ഉപരോധം ചുമത്തിയപ്പോള്‍ ഇന്ത്യയും ചൈനയുമൊക്കെ തങ്ങളുടെ കറന്‍സികളിലാണ് ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയത്. ശരിക്കും ലാഭകരമായ ഓഫറായിരുന്നു അത്. ഇപ്പോള്‍ ഇന്ത്യ രൂപ കൊടുത്താണ് റഷ്യയില്‍ നിന്ന് ഓയില്‍ വാങ്ങുന്നത്. ഇതിനുശേഷം ഏകദേശം 35 രാജ്യങ്ങള്‍ ഇന്ത്യയുമായി രൂപയില്‍ വിനിമയം നടത്താന്‍ തയ്യാറായി. അതുകൊണ്ടുതന്നെ ഡോളര്‍ ആധിപത്യത്തിന് മുഴുവനായി അല്ല, പെട്രോ ഡോളറിനാണ് ആദ്യം അടി കൊടുക്കാന്‍ നോക്കുക. ചൈന യുവാനില്‍ എല്‍ എന്‍ ജി വാങ്ങിയത് ഫ്രാന്‍സില്‍ നിന്നാണ് എന്ന് പറയുമ്പോള്‍ യൂറോപ്പിലും കാര്യങ്ങള്‍ പന്തിയല്ല എന്നുവേണം കരുതാന്‍. ഡീ ഡോളറൈസേഷന്റെ ഒരു ഗുണം അമേരിക്കയില്‍ നടക്കുന്ന അല്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍വരുന്ന ഷോക്കുകള്‍ രാജ്യങ്ങളെ ബാധിക്കാതെ പോകും എന്നതാണ്.

യുക്രെയ്​ൻ വിഷയത്തോടെ ലോക രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറി കൊണ്ടിരിക്കുകയാണ്. / Photo: manhhai, Flickr

2021 മുതലേ ബൈഡന്‍ സര്‍ക്കാരിലെ ഫോറിന്‍ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയെ അക്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് അമേരിക്കയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടായ 'മനുഷ്യാവകാശവും ജനാധിപത്യവും' ഉപയോഗിച്ച്. മള്‍ട്ടി പോളാര്‍ നയമാണ് ഇന്ത്യ പതിയെ സ്വീകരിക്കുന്നത് എന്നും കുറച്ചു കാലമായി ആ പാതയിലാണ് നീങ്ങുന്നത് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യ അംഗമായ എല്ലാ ക്യാമ്പുകളിലും ഇന്ത്യക്കെതിരെ ചെറിയ അസ്വസ്ഥതകള്‍ ഉയരുന്നുണ്ട്.

‘മൈ ഫ്രണ്ടില്‍’ നിന്ന് ‘മൈ ഐഡന്റിറ്റി’ യിലേക്ക് ബി.ജെ.പി പുനര്‍ചിന്തിച്ചില്ലെങ്കില്‍ കാലങ്ങളായി നമുക്കുണ്ടായിരുന്ന താക്കോല്‍ സ്ഥാനം നഷ്ടപ്പെടും. റഷ്യയും ചൈനയും വലിയ അളവില്‍ പരസ്പരം സഹായിക്കുന്ന സമയമാണിത്.

ആന്റണി ബ്ലിങ്കന്‍

റഷ്യ- യുക്രെയ്​ൻ സംഘര്‍ഷത്തിന് മുന്നേ അമേരിക്കന്‍ വിരുദ്ധ ചേരി ശക്തമാവുന്ന ചില സൂചനകള്‍ ലോകത്തിന് ലഭിച്ചു. 2022 ജനുവരി 28ന്​ ചൈനയും റഷ്യയും തമ്മിൽ നടന്ന ഓണ്‍ലൈന്‍ കൂടിക്കാഴ്ചയായിരുന്നു തുടക്കം. സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പേ പുടിന്‍ ചില കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു എന്നുവേണം കരുതാന്‍.

ആ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയുടെ സാരാംശം ഇങ്ങനെയാണ്:

1. തങ്ങളുടെ സുരക്ഷാ വിഷയങ്ങളെ കുറിച്ചുള്ള പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ അമേരിക്ക തയ്യാറായിട്ടില്ല എന്ന്​ റഷ്യ പറയുന്നു. എന്നാല്‍ കൂടുതല്‍ സംഭാഷണങ്ങള്‍ക്ക് ഇരു രാജ്യങ്ങളും തയ്യാറായിട്ടുണ്ട്.

2. ശീതയുദ്ധത്തിനുശേഷമുള്ള യുദ്ധ, സുരക്ഷാ രീതികളില്‍ മാറ്റം വേണം എന്ന റഷ്യയുടെ ആവശ്യത്തോട് അമേരിക്ക പ്രതികരണം നടത്തിയെങ്കിലും അവ പരിശോധിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല.

3. റഷ്യ- ഉക്രെയ്​ൻ തര്‍ക്കം ശീതയുദ്ധത്തിന്റെ ബാക്കിപത്രമാണ് എന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസകോവ് പറഞ്ഞത്. ശീതയുദ്ധ കാലത്ത് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥാപിച്ച സന്നാഹങ്ങള്‍ നീക്കണമെന്നും യുക്രൈന്​ അംഗത്വം നല്‍കരുത് എന്നും റഷ്യ നാറ്റോയോട് ആവശ്യപ്പെട്ടു.

4. റഷ്യയുടെ ന്യായമായ ആശങ്കകളെ അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ട്​ ചൈന രംഗത്ത് വന്നു. റഷ്യയുമായി ചൈന ശക്തമായ ബന്ധം പുലര്‍ത്തുന്നുണ്ട് എങ്കിലും നയതന്ത്രപരമായ ചര്‍ച്ചകള്‍ക്ക് ആഹ്വാനം നല്‍കുന്നതല്ലാതെ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല.

5. റഷ്യയും ചൈനയും മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളെയും യൂറോപ്പും അമേരിക്കയും തകര്‍ക്കാന്‍ ശ്രമിക്കുണ്ട് എന്നും കൂടുതല്‍ പരസ്പര സഹകരണം ഉണ്ടാകണമെന്നും തീരുമാനമെടുത്തിരുന്നു.

6. യുക്രൈയ്​ന്​ പരിപൂര്‍ണമായ പിന്തുണ അമേരിക്ക നല്‍കുന്നുണ്ട്. ആന്റി മിസൈല്‍ ടാങ്കുകള്‍ , 300 ജാവലിന്‍ മിസൈലുകള്‍ തുടങ്ങി വലിയ സഹായങ്ങള്‍ അമേരിക്ക യുക്രൈന് നല്‍കുന്നുണ്ട്. അമേരിക്കന്‍ രാഷ്ട്രീയ പരിസരങ്ങളില്‍ യുദ്ധത്തിന് മുറവിളി കൂട്ടുന്നവരുടെ എണ്ണം കൂടുതലാണ്.

ഷി ജിന്‍ പിംഗ്, വ്ലാദ്മിര്‍ പുടിന്‍ / Photo: Wikimedia Commons

7. യുക്രൈന് സഹായങ്ങള്‍ നല്‍കുന്നതിനൊപ്പം, ചൈനയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ അമേരിക്കക്കു കഴിഞ്ഞു. വാണിജ്യ യുദ്ധം മൂര്‍ച്ഛിച്ചു. ബീജിങ്ങില്‍ നടക്കാന്‍ പോകുന്ന ശീതകാല ഒളിമ്പിക്‌സ് അമേരിക്കയുടെ ഒഫീഷ്യല്‍സ് ബഹിഷ്‌കരിക്കും എന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ കായികതാരങ്ങള്‍ പങ്കെടുക്കും.

8. യു. എസ്- ചൈന ചര്‍ച്ചയില്‍ തായ്​വാൻ കാര്‍ഡ് ഉപയോഗിക്കാന്‍ നില്‍ക്കരുത് എന്ന്​ ചൈന താക്കീത് നല്‍കിയിരുന്നു. ചൈനക്കെതിരായ സഖ്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് അമേരിക്ക പിന്‍മാറണം എന്ന്​ ചൈന ആവശ്യപ്പെട്ടു. ചൈന സിന്‍ജിയാങ്ങില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച്, ബീജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സ് അമേരിക്ക ബഹിഷ്‌കരിക്കും.

9. ബൈഡന്‍ ഭരണത്തില്‍ യു. എസ്- ചൈന ബന്ധം ഊഷ്മളമാകും എന്നു കരുതിയവര്‍ക്ക് വലിയ നിരാശയാണുണ്ടായിട്ടുള്ളത്.

റഷ്യയും ചൈനയും ഇത്രയും ഊഷ്മളമായ ബന്ധം രൂപീകരിക്കാന്‍ യു. എസ് നാറ്റോ യുക്രെയ്​ൻ ചേരി ഒരു കാരണമായി. ചരിത്രപരമായി ഇരു രാജ്യങ്ങളും വലിയ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. സോവിയറ്റ് യൂണിയന്‍ - ചൈന തര്‍ക്കം ഒരുപാട് കാലം നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് ഇരു രാജ്യങ്ങളും പരസ്പരം സുദൃഢമായ ബന്ധം പുലര്‍ത്തിവരുന്നു.

വാട്​സ്​ആപ്പ്​ അമ്മാവന്മാരെയും ട്വിറ്റര്‍ ഹാന്‍ഡിലുകളെയും സന്തോഷിപ്പിക്കുന്ന പോസ്റ്റുകളെക്കാള്‍ പ്രായോഗിക നിലപാടുകളിലേക്ക്​ മടങ്ങേണ്ട സമയമായി എന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ട്.

Comments