ബോംബുകൾ വീഴാത്ത,
മരണഗന്ധമില്ലാത്ത
ഗാസയ്ക്കുവേണ്ടി…

“പ്രത്യാശയുടെ നേരിയ വെളിച്ചം ഗാസ സ്വപ്നം കാണുന്നുണ്ട്. വെടിയൊച്ചകളില്ലാത്ത, ബോംബുകൾ വീഴാത്ത, വീടുകൾ തകർന്നുവീഴാത്ത, ആംബുലൻസ് സൈറണുകൾ മുഴങ്ങാത്ത, ഉറ്റവരുടെ മരണഗന്ധമില്ലാത്ത, മുറിവുകൾ വേദനിപ്പിക്കാത്ത, ഭക്ഷണത്തിനായി വരിനിൽക്കേണ്ടിവരാത്ത ഒരു കാലം അവർക്ക് സാധ്യമാവാൻ ലോകജനതയ്ക്ക് എന്താണ് ചെയ്യാനാവുക?” - ടി. ശ്രീജിത്ത് എഴുതുന്നു.

“ആക്രമണങ്ങളിലും സ്ഫോടനങ്ങളിലുമേറ്റ പരിക്കുകളുമായി വടക്കൻ മേഖലകളിൽ നിന്ന് ആളുകൾ വന്നുകൊണ്ടേയിരിക്കുകയാണ്. പലരുടെയും മുറിവുകൾ പഴക്കം ചെന്നതും വൃത്തിയാക്കാൻ പാടുള്ളതുമാണ്. ആളുകൾക്ക് ഭക്ഷണം കിട്ടുന്നില്ല. പോഷകാഹാരം ലഭിക്കുന്നില്ല. ആരോഗ്യം നശിച്ചുകൊണ്ടേയിരിക്കുന്നു. അവർക്ക് സ്വന്തം വീടുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ടിരിക്കുന്നു. ആശുപത്രിയിൽ എത്തുന്നവരുടെ മുഖങ്ങളിലാകെ ഭയവും ആശങ്കയും നിഴലിക്കുന്നു,” ഗാസയിൽ ദിവസങ്ങൾക്ക് മുമ്പ് വളണ്ടിയറായി എത്തിയ ലണ്ടൻ എൻ.എച്ച്.എസ് ഹെൽത്ത് ട്രസ്റ്റിലെ ഡോ. മാർട്ടിൻ ഗ്രിഫിത്ത്സിൻെറ വാക്കുകളാണിത്. കൺസൾട്ടൻറ് ട്രോമ സർജനായി ഗ്രിഫിത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ 90 ബെഡ്ഡുകളുള്ള എമർജെൻസി കെയറിൽ ഒരൊറ്റ രാത്രി മാത്രം പരിക്കുകളുമായി ചികിത്സ തേടി എത്തിയത് 160-ലധികം പേരാണ്. ഈയൊരു ചെറിയ പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ മാത്രം സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സ ലഭിക്കാനായി കാത്തുനിൽക്കുന്നത് 600-ഓളം പേരാണെന്ന് ഗ്രിഫിത്ത്സ് പറയുന്നു.

“ഗാസ നഗരത്തിലെ ആശുപത്രികളിൽ നിന്ന് റഫർ ചെയ്യപ്പെടുന്നവരോ സ്വയം ചികിത്സ തേടിയെത്തുന്നവരോ ആണിവർ. കൂട്ടത്തിൽ ഒരുപാട് ചെറിയ കുട്ടികളുണ്ട്. ചിലർ കുഞ്ഞുകുട്ടികളാണ്. ഏറെയും ചെറുപ്പക്കാരാണ്. എല്ലാവരും സ്ഫോടനങ്ങളിൽ പരിക്കേറ്റവരാണ്. സുനാമി പോലെ ആളുകൾ വരുന്നതിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. അവർ കൂടുതൽ കൂടുതൽ പരിക്കുകളുമായി വേദനകളുമായി എത്തുന്നു. എന്നാൽ ചികിത്സിക്കാൻ ആവശ്യത്തിന് സജ്ജീകരണങ്ങളോ സംവിധാനങ്ങളോ ഉപകരണങ്ങളോ ഞങ്ങളുടെ കയ്യിൽ ഇല്ലാതായിരിക്കുന്നു,” ഗ്രിഫിത്ത്സ് ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനോട് സംസാരിക്കവേ കൂട്ടിച്ചേർക്കുന്നു.

ഗാസയിൽ രണ്ട് വർഷത്തിനിടയിൽ ഇസ്രായേൽ ഏറ്റവും കടുത്ത ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. അഭയാർത്ഥി കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷണം പോലും സൈന്യം തടയുന്നു. ആശുപത്രികളിലേക്ക് മരുന്നുകളും ഉപകരണങ്ങളും എത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യുന്നു. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം ചെയ്യുന്നു. കടുത്ത ആക്രമണങ്ങൾ മാത്രമല്ല പലസ്തീൻ ജനത നേരിടുന്നത്. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെല്ലാം ഹനിക്കപ്പെടുന്നു. ഹമാസിനെ ഉൻമൂലനം ചെയ്യുകയെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയ്ക്ക് നേരെ ആക്രമണം തുടരുന്നത്. ഹമാസിൻെറ സംഘടനാനേതൃത്വത്തെ ഏകദേശം അവർ കൊന്നൊടുക്കിയിരിക്കുന്നു. ഇപ്പോൾ സാധാരണക്കാരായ മനുഷ്യരെ ഗാസയിൽ നിന്ന് പൂർണമായും ഒഴിപ്പിച്ച് നഗരം നിയന്ത്രിക്കുന്നതിനുള്ള നീക്കമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഗാസയിൽ രണ്ട് വർഷത്തിനിടയിൽ ഇസ്രായേൽ ഏറ്റവും കടുത്ത ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. അഭയാർത്ഥി കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷണം പോലും സൈന്യം തടയുന്നു. ആശുപത്രികളിലേക്ക് മരുന്നുകളും ഉപകരണങ്ങളും എത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യുന്നു.
ഗാസയിൽ രണ്ട് വർഷത്തിനിടയിൽ ഇസ്രായേൽ ഏറ്റവും കടുത്ത ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. അഭയാർത്ഥി കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷണം പോലും സൈന്യം തടയുന്നു. ആശുപത്രികളിലേക്ക് മരുന്നുകളും ഉപകരണങ്ങളും എത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യുന്നു.

വംശഹത്യയുടെ കണക്കുകൾ

കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ 65000-ത്തിലധികം പേർ മരിച്ചുവെന്നാണ് കണക്ക്. മരിച്ചവരിൽ നവജാതശിശു മുതൽ 110 വയസ്സുള്ളയാൾ വരെ ഉൾപ്പെടുന്നു. ഇതിൽ 18,592 പേർ അഥവാ 30 ശതമാനത്തിലധികം പേർ 18 വയസ്സിന് താഴെയുള്ളവരാണ്. ഒന്നരലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു. ഏകദേശം 90 ശതമാനം വീടുകളും നശിച്ചു. 400-ഓളം ആശുപത്രികൾക്ക് നേരെ ആക്രമണങ്ങളുണ്ടായി. 200-ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. മേഖലയിൽ ക്ഷാമം പടർന്നുപിടിക്കുന്നുവെന്ന് യു.എൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ അഞ്ചിൽ ഒരു കുടുംബം ഗുരുതര ഭക്ഷ്യപ്രതിസന്ധി നേരിടുന്നുവെന്നാണ് യു.എൻ പറയുന്നത്. പതിനായിരത്തിൽ രണ്ട് പേർ പട്ടിണി കാരണം ദിവസവും മരിക്കുന്നു. പതിനായിരത്തിൽ നാല് കുഞ്ഞുങ്ങൾ ദിവസവും പട്ടിണി മൂലമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാലോ മരിക്കുന്നു.

ബോംബുകളും ഡ്രോണുകളും മാത്രമല്ല, പട്ടിണിയെയും ആയുധമാക്കുകയാണ് ഇസ്രായേൽ. മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്ന ഹീനതന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് യു.എൻ അന്വേഷണ കമ്മീഷൻ പ്രഖ്യാപിക്കുന്നത് ഈയടുത്താണ്.

“ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. പലസ്തീനിലെ ജനതയെ ഒന്നാകെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രായേലിൻെറ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കാണ്. ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നത്,” - യു.എന്നിൻെറ പലസ്തീൻ അന്വേഷണ കമ്മീഷൻ ചീഫ് നവി പിള്ളൈ പറഞ്ഞു.

“1994-ൽ റുവാണ്ടയിൽ നടന്ന വംശഹത്യയുടെ സാഹചര്യം നോക്കുമ്പോൾ സമാനമായ അവസ്ഥ തന്നെയാണ് ഗാസയിൽ ഇപ്പോൾ നടക്കുന്നതെന്നാണ് മനസ്സിലാവുന്നത്. ആദ്യം ഇരകളെ നിങ്ങൾ മനുഷ്യരായി പോലും പരിഗണിക്കാതിരിക്കുന്നു. അവർ നിങ്ങൾക്ക് മൃഗങ്ങളെ പോലെയാണ്. അതിനാൽ ഒരു മനസാക്ഷിക്കുത്തുമില്ലാതെ അവരെ കൊന്നൊടുക്കാം,”- അവർ വിശദീകരിച്ചു.

“ഞങ്ങൾ ഗാസയ്ക്ക് മുകളിൽ സമ്പൂർണ ഉപരോധം നടപ്പിലാക്കാൻ പോവുകയാണ്. വൈദ്യുതിയും ഭക്ഷണവും വെള്ളവും ഇന്ധനവുമൊന്നും അവർക്ക് ഇനി ലഭിക്കില്ല. ഞങ്ങൾ പോരാടുന്നത് മനുഷ്യമൃഗങ്ങളോടാണ്,” ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലൻറ് പറഞ്ഞ വാക്കുകളാണിത്.

രണ്ടാം ലോക മഹായുദ്ധാനന്തരം 1948-ൽ ചേർന്ന കൺവെൻഷനിലാണ് വംശഹത്യയുടെ മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് യു.എൻ ചർച്ച ചെയ്ത് തീരുമാനിക്കുന്നത്. ഒരു ദേശത്തെ, വംശത്തെ, മതത്തെ പൂർണമായോ ഭാഗികമായോ ഉൻമൂലനം ചെയ്യുന്നതിനുള്ള മനപൂർവമുള്ള ശ്രമങ്ങളെ വംശഹത്യയെന്ന് വിളിക്കാമെന്ന് കൺവെൻഷൻ വിശദീകരിച്ചിരുന്നു. ഇതിന് പ്രധാനമായും അഞ്ച് കാര്യങ്ങൾ സംഭവിക്കണം.

1) ആളുകളെ കൂട്ടക്കൊല ചെയ്യൽ.
2) ആളുകളെ ശാരീരികമായും മാനസികമായും ഗുരുതരമായി മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ.
3) ഒരു കൂട്ടം മനുഷ്യരുടെ ജീവിതം എല്ലാ അർത്ഥത്തിലും ദുസ്സഹമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ.
4) കുട്ടികൾ ജനിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള പ്രവൃത്തികൾ.
5) ജനിക്കുന്ന കുട്ടികളെ ബലം പ്രയോഗിച്ച് മറ്റൊരിടത്തേക്ക് മാറ്റുക.

ഈ അഞ്ച് മാനദണ്ഡങ്ങളിൽ ആദ്യത്തെ നാലെണ്ണവും ഏറ്റവും രൂക്ഷമായി തന്നെ ഗാസയിൽ നടക്കുന്നുണ്ട്. അതുകൊണ്ടാണ് യു.എൻ ഇതിനെ വംശഹത്യയെന്ന് അസന്ദിഗ്ദമായി പ്രഖ്യാപിച്ചിരിക്കുന്നത്.

“ഞങ്ങൾ ഗാസയ്ക്ക് മുകളിൽ സമ്പൂർണ ഉപരോധം നടപ്പിലാക്കാൻ പോവുകയാണ്. വൈദ്യുതിയും ഭക്ഷണവും വെള്ളവും ഇന്ധനവുമൊന്നും അവർക്ക് ഇനി ലഭിക്കില്ല. എല്ലാം അടയ്ക്കുകയാണ്. ഞങ്ങൾ പോരാടുന്നത് മനുഷ്യമൃഗങ്ങളോടാണ്,” ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലൻറ് ഗാസയ്ക്കെതിരായ ഏകപക്ഷീയമായ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്.
“ഇസ്രായേലിനെതിരെ നടക്കുന്ന പ്രവർത്തനങ്ങളിൽ പലസ്തീൻ ജനത മുഴുവൻ ഉത്തരവാദികളാണ്. അവിടുത്തെ പൗരർക്ക് ഒന്നും അറിയില്ലെന്നും അവർ ഒന്നിലും ഇടപെടില്ലെന്നും പറയുന്നത് കള്ളമാണ്,” ഇസ്രായേൽ പ്രസിഡൻറ് ഗാസയിലെ മനുഷ്യരെക്കുറിച്ച് പറഞ്ഞു. പലസ്തീനെന്ന രാഷ്ട്രം ഒരു കാരണവശാലും യാഥാർത്ഥ്യമാവില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിൽ ഒരു ജനതയെ ഒന്നാകെ കൊന്നൊടുക്കുകയാണ്, അവരുടെ അവശേഷിപ്പുകളെല്ലാം ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എത്രയെത്ര തവണയാണ് ഇസ്രായേൽ നേതാക്കൾ പരസ്യമായി തന്നെ ലോകത്തോട് വിളിച്ച് പറഞ്ഞിട്ടുളളത്. ഗാസയിൽ നടക്കുന്നത് ഒരു ജനതയെ ഉൻമൂലനം ചെയ്യാനുള്ള വംശഹത്യയല്ലാതെ പിന്നെന്താണ്?

പലസ്തീനെന്ന രാഷ്ട്രം ഒരു കാരണവശാലും യാഥാർത്ഥ്യമാവില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പലസ്തീനെന്ന രാഷ്ട്രം ഒരു കാരണവശാലും യാഥാർത്ഥ്യമാവില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

സമാധാനശ്രമങ്ങൾ,
വെടിനിർത്തൽ സാധ്യതകൾ…

ലോകമെമ്പാടുമുള്ള മനസ്സാക്ഷിയുള്ള, മനുഷ്യത്വം മരവിക്കാത്ത മനുഷ്യർ ഗാസയ്ക്കും പലസ്തീൻ ജനതയ്ക്കുമൊപ്പമാണ്. ബ്രിട്ടണും ഫ്രാൻസും കാനഡയും ഓസ്ട്രേലിയയും തങ്ങൾ പലസ്തീനൊപ്പമാണെന്ന് ഉറച്ച നിലപാട് എടുത്തിരിക്കുകയാണ്. സ്വീഡൻ, അയർലണ്ട്, നോർവെ, സ്പെയ്ൻ, സ്ലൊവേനിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളും യൂറോപ്പിൽ നിന്ന് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിഷയങ്ങളിൽ നിലപാട് പ്രഖ്യാപിക്കുന്നതിലപ്പുറം പ്രായോഗികമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിലും യു.എന്നും പലകുറി ഇസ്രായേലിൻെറ വംശഹത്യയെ വിമർശിച്ച് പ്രസ്താവനകൾ പുറത്തിറക്കുകയുണ്ടായി. റഷ്യ, ചൈന തുടങ്ങിയ ശക്തികൾ പലസ്തീനൊപ്പമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രായോഗികമായ ഇടപെടലുകളൊന്നും തന്നെ വിഷയത്തിൽ നടത്തിയിട്ടില്ല. എക്കാലത്തും പലസ്തീനൊപ്പം നിന്ന ചരിത്രമുള്ള ഇന്ത്യയിൽ, ഇന്ന് ഭരിക്കുന്ന തീവ്ര ഹിന്ദുത്വകക്ഷിയായ ബി.ജെ.പിക്ക് തീർത്തും വ്യത്യസ്തമായ നയമാണുള്ളത്. പലസ്തീനിലെ വംശഹത്യയെ അപലപിക്കാൻ നരേന്ദ്ര മോദി ഇതുവരെയും ചെറുശബ്ദം പോലും ഉയർത്തിയിട്ടില്ലെന്ന് മാത്രമല്ല, സാധിക്കുമ്പോഴൊക്കെ ബെഞ്ചമിൻ നെതന്യാഹുവിനെ പുകഴ്ത്തുകയും ഇസ്രായേലുമായുള്ള സൗഹൃദം ശക്തമാക്കുകയും ചെയ്യുന്നുണ്ട്.

ആത്യന്തികമായി പലസ്തീൻ ജനതയ്ക്ക് വേണ്ടത് സ്വന്തം നാട്ടിൽ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. ആ നാളുകളെയാണ് അവർ കാത്തിരിക്കുന്നത്.

അമേരിക്കയുടെ പിന്തുണയിലാണ് ഇസ്രായേൽ ഗാസയിൽ എല്ലാ അതിക്രമങ്ങളും നടത്തുന്നത്. ലോകസമാധാനത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നുവെന്നും ഏഴ് മാസത്തിനുള്ളിൽ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും വീമ്പിളക്കുന്ന ട്രംപ് ഗാസയിലെ കൂട്ടക്കുരുതിയുടെ ചോരക്കറയുള്ള കൈകളുമായിട്ടാണ് സമാധാന നൊബേൽ സമ്മാനത്തിന് അവകാശവാദം ഉന്നയിക്കുന്നത്. ട്രംപ് പ്രസിഡൻറായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് ഇസ്രയേൽ - ഹമാസ് വെടിനിർത്തിൽ പ്രാബല്യത്തിൽ വന്നിരുന്നു. ട്രംപിൻെറ ഇടപെടലിൽ മധ്യേഷ്യയിൽ സമാധാനത്തിന് വഴിതെളിയുന്നുവെന്ന പ്രചാരണത്തിന് മാത്രമാണ് അതുപകരിച്ചത്. ഇസ്രായേൽ തന്നെ വെടിനിർത്തൽ കരാർ ലംഘിച്ചു. ഒടുവിലിപ്പോൾ ഗാസയിൽ ഏറ്റവും രൂക്ഷമായ രീതിയിൽ മനുഷ്യരെ കൊന്നൊടുക്കി കൊണ്ടിരിക്കുകയാണ് നെതന്യാഹുവിൻെറ സൈന്യം. അതിനിടയിൽ ഇറാനുമായി ഇസ്രായേൽ സംഘർഷത്തിലായി. ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് അത് അവസാനിച്ചത്. ഖത്തറിലെ ദോഹയിൽ രണ്ട് തവണ ഹമാസിനെ ലക്ഷ്യമിട്ടെന്ന ന്യായവുമായി ആക്രമണങ്ങൾ നടത്തി. അമേരിക്കയുടെ സഖ്യകക്ഷികളായ അറബ് രാഷ്ട്രങ്ങളടക്കം ഇസ്രായേലിൻെറ അതിക്രമങ്ങളിലും അധിനിവേശങ്ങളിലും ശക്തമായ എതിർപ്പ് ഉന്നയിച്ച് തുടങ്ങിയിരിക്കുന്നു. യൂറോപ്യൻ രാഷ്ട്രങ്ങൾ പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് പ്രഖ്യാപനങ്ങൾ കൂടി നടത്തിയതോടെ ഇസ്രായേലിന് മുകളിൽ ആഗോളസമ്മർദ്ദം ശക്തമാവുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാതെയാണ് ഗാസയിലെ നിരപരാധികളായ മനുഷ്യരുടെ ജീവിതത്തെ അവർ കുരുതിക്കളമാക്കി മാറ്റുന്നത്.

ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ - പലസ്തീൻ വിഷയം പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നുള്ളത് നേരിയ പ്രതീക്ഷ പകരുന്നുണ്ട്. ഹമാസിൻെറ പ്രവർത്തനങ്ങളെ തള്ളിക്കൊണ്ടാണ് പലസ്തീൻ ദേശീയ അതോറിറ്റി പ്രസിഡൻറ് യു.എൻ അസംബ്ലിയിൽ സംസാരിച്ചത്. അമേരിക്ക വിസ നിഷേധിച്ചതിനാൽ വീഡിയോ കോൺഫറൻസിലൂടെയാണ് അബ്ബാസ്, അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ തുറന്നുകാട്ടിയും ഹമാസ് നടത്തുന്ന പ്രവർത്തനങ്ങളോട് വിയോജിച്ചുമായിരുന്നു അദ്ദേഹത്തിൻെറ പ്രസംഗം.
“പലസ്തീൻെറ ഭരണത്തിൽ ഹമാസിന് ഒരു റോളുമില്ല. ഒക്ടോബർ 7-ന് അവർ നടത്തിയ പ്രവൃത്തിയോട് പലസ്തീൻ സർക്കാരിന് ഒരുവിധത്തിലുമുള്ള യോജിപ്പുമില്ല. എത്രയും പെട്ടെന്ന് അവർ ആയുധങ്ങളെല്ലാം പലസ്തീൻ ദേശീയ അതോറിറ്റിക്ക് കൈമാറേണ്ടതുണ്ട്,” അബ്ബാസ് പറഞ്ഞു.
"ഇസ്രായേൽ നടത്തുന്നത് വെറും ആക്രമണമല്ല. ഇത് യുദ്ധക്കുറ്റകൃത്യവും മനുഷ്യരാശിക്കെതിരായ അതിക്രമങ്ങളുമാണ്, ലോകം മുഴുവൻ ഇത് കാണുന്നുണ്ട്. 20ാം നൂറ്റാണ്ടിലെയും 21ാം നൂറ്റാണ്ടിലെയും ഏറ്റവും ഭയാനകമായ മാനുഷികദുരന്തമാണ് നടക്കുന്നതെന്ന് ചരിത്രം രേഖപ്പെടുത്തും. ഗാസ പലസ്തീൻ രാഷ്ട്രത്തിൻെറ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. ഞങ്ങൾ മാതൃരാജ്യം വിട്ട് എവിടേക്കും പോവില്ല’’- അബ്ബാസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ - പലസ്തീൻ വിഷയം പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നുള്ളത് നേരിയ പ്രതീക്ഷ പകരുന്നുണ്ട്. ഹമാസിൻെറ പ്രവർത്തനങ്ങളെ തള്ളിക്കൊണ്ടാണ് പലസ്തീൻ ദേശീയ അതോറിറ്റി പ്രസിഡൻറ് യു.എൻ അസംബ്ലിയിൽ സംസാരിച്ചത്
ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ - പലസ്തീൻ വിഷയം പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നുള്ളത് നേരിയ പ്രതീക്ഷ പകരുന്നുണ്ട്. ഹമാസിൻെറ പ്രവർത്തനങ്ങളെ തള്ളിക്കൊണ്ടാണ് പലസ്തീൻ ദേശീയ അതോറിറ്റി പ്രസിഡൻറ് യു.എൻ അസംബ്ലിയിൽ സംസാരിച്ചത്

ആത്യന്തികമായി പലസ്തീൻ ജനതയ്ക്ക് വേണ്ടത് സ്വന്തം നാട്ടിൽ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമാണ്. ആ നാളുകളെയാണ് അവർ കാത്തിരിക്കുന്നത്. തങ്ങൾക്ക് അനുകൂലമാവുന്ന വിധത്തിലുള്ള അന്താരാഷ്ട്ര സമ്മർദ്ദവും ലോകരാഷ്ട്രങ്ങളുടെ അചഞ്ചലമായ പിന്തുണയും അതിനവർ ആവശ്യപ്പെടുന്നുണ്ട്. പ്രത്യാശയുടെ ഒരു നേരിയ വെളിച്ചം ഗാസ സ്വപ്നം കാണുന്നുണ്ട്. വെടിയൊച്ചകളില്ലാത്ത, ബോംബുകൾ വന്നുവീഴാത്ത, വീടുകൾ തകർന്നുവീഴാത്ത, ആംബുലൻസ് സൈറണുകൾ മുഴങ്ങാത്ത, ഉറ്റവരുടെ മരണത്തിൻെറ ഗന്ധമില്ലാത്ത, മുറിവുകൾ വേദനിപ്പിക്കാത്ത, ഭക്ഷണത്തിനായി വരിനിൽക്കേണ്ടി വരാത്ത ഒരു കാലം അവർക്ക് സാധ്യമാവാൻ ലോകജനതയ്ക്ക് എന്താണ് ചെയ്യാനാവുക?

Comments