ഇസ്ലാമാബാദ് ചർച്ചകൾ: സമവായം എവിടെ?

അമേരിക്കയുടെ ലക്ഷ്യം ഇറാൻ ഒരു തലമുറക്കെങ്കിലും ആണവായുധം നിർമ്മിക്കാൻ കഴിയാത്ത വിധം നിർവീര്യമാകണം . ഇറാന്റെ ലക്ഷ്യം ആണവശേഷി പൂർണമായി നഷ്ടപ്പെടാതെ നിലനിർത്തുക എന്നതാണ്. ഈ രണ്ടു നിലപാടുകളിൽ ഒന്നെങ്കിലും മാറാത്തിടത്തോളം, ഒരു കരാർ ഉണ്ടായാലും അതിന്റെ സ്വഭാവം പഴയതുപോലെയായിരിക്കും- ഡോ. കൃഷ്ണ കിഷോർ എഴുതുന്നു.

ഇസ്ലാമാബാദിലെ ചർച്ചകൾ ചരിത്രപരമായിരുന്നു. പതിറ്റാണ്ടുകളായി പരസ്പരം ഏറ്റുമുട്ടിയിരുന്ന അമേരിക്കയും ഇറാനും ഒരേ മേശയ്ക്ക് സമീപം നേരിട്ട് ഇരുന്നു സംസാരിച്ചതാണ് അതിന്റെ പ്രാധാന്യം. 1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം ഇത്ര ഉയർന്ന തലത്തിൽ നേരിട്ട് കൂടിക്കാഴ്ച നടത്തിയത് അപൂർവമായ സംഭവമാണ്.

പക്ഷേ ആ ചരിത്രമുഹൂർത്തം ഒരു കരാറിലേക്കെത്തിച്ചില്ല. ഇരുപത് മണിക്കൂറിലധികം നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷം പുറത്തുവന്നത് ഒരു ബ്രേക്ക്‌ത്രൂ അല്ല. മറിച്ച്, രണ്ടു പക്ഷങ്ങളും എത്ര ദൂരെയാണ് എന്നതിന്റെ കൂടുതൽ വ്യക്തമായ ചിത്രം.

ഇരു വിഭാഗങ്ങളെയും തളർത്തിയ ചർച്ചകൾക്കൊടുവിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് JD Vance പറഞ്ഞത് അതിന്റെ സാരാംശം തന്നെയായിരുന്നു. “രണ്ടു പക്ഷങ്ങളും ലോകങ്ങൾക്കിടയിലെ അന്തരത്തിലാണ്.” അതായിരുന്നു നയതന്ത്ര യാഥാർഥ്യം.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു ഊരാക്കുടുക്കായി നിലനിൽക്കുമ്പോഴും, പ്രധാന തർക്കം ആണവ സമയപരിധിയെ കുറിച്ചാണ്. ഇറാൻ ഇരുപത് വർഷത്തേക്ക് ആണവപ്രവർത്തനങ്ങൾ പൂർണമായും നിർത്തണമെന്നാണ് വാഷിംഗ്ടൺ ആവശ്യപ്പെടുന്നത്. ടെഹ്റാൻ പറയുന്നത് അഞ്ച് വർഷം. ഇത് ഒരു സാധാരണ അഭിപ്രായ ഭിന്നതയല്ല. മറിച്ച് ഒരു കരാർ എങ്ങനെയായിരിക്കും എന്നതിനെ തന്നെ നിർവചിക്കുന്ന അടിത്തറയാണ്.

അമേരിക്കയ്ക്ക് ഇരുപത് വർഷം എന്നത് ഇറാനെ ആണവ ശേഷിയിൽ നിന്ന് വളരെ അകലേക്ക് മാറ്റിനിർത്താനുള്ള ശ്രമമാണ്. 2015ലെ Joint Comprehensive Plan of Action പോലെ ഭാവിയിൽ പ്രശ്നങ്ങൾ വീണ്ടും ഉയരാതിരിക്കാനുള്ള കണക്കുകൂട്ടൽ. എന്നാൽ ഇറാനിന് അഞ്ച് വർഷത്തിൽ നിന്ന് ഇരുപത് വർഷത്തിലേക്ക് നീളുന്നത് താൽക്കാലിക നിർത്തലാക്കലിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമായി തോന്നുന്നു.

ഇതിലും കടുത്ത തർക്കം യൂറേനിയത്തെ കുറിച്ചാണ്. അമേരിക്കയുടെ നിലപാട് വ്യക്തമാണ്. സമ്പുഷ്ടമാക്കിയ യൂറേനിയം ഇറാനിൽ നിന്ന് പുറത്തേക്ക് നീക്കണം. അത് രാജ്യത്തിനുള്ളിൽ തന്നെ തുടരുന്നിടത്തോളം, ഒരു ആണവായുധത്തിലേക്കുള്ള വഴി ഒരിക്കലും പൂർണമായി അടയില്ലെന്നാണ് അവരുടെ വിലയിരുത്തൽ.

ഇറാന്റെ പക്ഷം വ്യത്യസ്തമാണ്. യൂറേനിയം രാജ്യത്തിനകത്തുതന്നെ തുടരും. അത് ദ്രവീകരിക്കാം, നിരീക്ഷിക്കാം. പക്ഷേ പുറത്തേക്ക് കൊണ്ടുപോകില്ല. അമേരിക്ക പറയുന്നത് സുരക്ഷ. ഇറാൻ കാണുന്നത് സ്വാധീന നഷ്ടം.

ഇറാൻ പാർലമെന്റ് സ്‌പീക്കർ ബാഗേർ ഗാലിബഫ്, ഷെഹ്ബാസ് ഷെരീഫ്
ഇറാൻ പാർലമെന്റ് സ്‌പീക്കർ ബാഗേർ ഗാലിബഫ്, ഷെഹ്ബാസ് ഷെരീഫ്

അതിന് പുറമേ മറ്റൊരു നിർണായക വിഷയം കൂടി നിലനിൽക്കുന്നു. ആണവ അടിസ്ഥാന സൗകര്യം. സെൻട്രിഫ്യൂജുകൾ, പ്ലാന്റുകൾ, സാങ്കേതിക ശേഷി. ഇവയിൽ പലതും അടച്ചുപൂട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാൻ ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറല്ല.

നയതന്ത്രത്തിൽ ചർച്ചകൾ തുടരുന്നത് പുരോഗതിയായി കണക്കാക്കാറുണ്ട്. പക്ഷെ ഇവിടെ രണ്ടുപക്ഷങ്ങളും പിന്മാറാൻ തയ്യാറല്ല. ഇത് ലക്ഷ്യങ്ങളിലെ സംഘർഷമാണ്.

അമേരിക്കയുടെ ലക്ഷ്യം ഇറാൻ ഒരു തലമുറക്കെങ്കിലും ആണവായുധം നിർമ്മിക്കാൻ കഴിയാത്ത വിധം നിർവീര്യമാകണം . ഇറാന്റെ ലക്ഷ്യം ആണവശേഷി പൂർണമായി നഷ്ടപ്പെടാതെ നിലനിർത്തുക എന്നതാണ്

ഈ രണ്ടു നിലപാടുകളിൽ ഒന്നെങ്കിലും മാറാത്തിടത്തോളം, ഒരു കരാർ ഉണ്ടായാലും അതിന്റെ സ്വഭാവം പഴയതുപോലെയായിരിക്കും. സംഘർഷം കുറയും. സമയം നേടും. പക്ഷേ അടിസ്ഥാന പ്രശ്നം അതേപടി തുടരും.

Comments