ടെലഗ്രാം സി.ഇ.ഒ പാവേൽ ഡ്യുറോവിൻെറ അറസ്റ്റിന് പിന്നിലെന്ത്?

ലോകമെമ്പാടുമായി ഒരു ബില്യണിലധികം യൂസർമാർ ഉപയോഗിക്കുന്ന മെസേജിങ് ആപ്പായ ടെലഗ്രാം സി.ഇ.ഒ പാവേൽ ഡ്യുറോവ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ അറസ്റ്റിൽ. എന്തിനാണ് ഡ്യുറോവ് അറസ്റ്റിലായത്? ഇതിന് പിന്നിലെ രാഷ്ട്രീയമാനങ്ങൾ എന്താണ്?

News Desk

ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പാവേൽ ഡ്യുറോവിന്റെ അറസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനും മെസേജിങ് പ്ലാറ്റ്ഫോമുമായ ടെലഗ്രാമിന്റെ കണ്ടന്റുകൾ നിയന്ത്രിക്കുന്നതിൽ ഡ്യുറോവ് പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. വാറണ്ട് നിലനിൽക്കെ അസർബൈയ്ജാനിൽ നിന്ന് ശനിയാഴ്ച പാരീസിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റിലായ പാവേൽ ഡ്യുറോവ് ഇപ്പോൾ റിമാൻഡിലാണ്.

എന്താണ് അറസ്റ്റിന് പിന്നിൽ?

ടെലഗ്രാമിൻെറ മറവിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും ഇത് നിയന്ത്രിക്കാൻ സി.ഇ.ഒ ആയ ഡ്യുറോവ് ഒന്നും ചെയ്യുന്നില്ലെന്നുമാണ് ഫ്രഞ്ച് ഏജൻസിയായ ഓഫ്മിൻ (OFMIN) പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പ്രായപൂർത്തിയാവാത്തവർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജൻസിയാണ് ഓഫ്മിൻ. കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് ഉപയോഗം, ചൈൽഡ് പോൺ പ്രചാരണം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് ഓഫ്മിൻ ഡ്യുറോവിനെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനൽ ഗ്രൂപ്പുകൾ നിരന്തരം ഇത്തരം പ്രവർത്തികൾ തുടർന്നിട്ടും ടെലഗ്രാം ദുരുപയോഗം തടയാൻ അധികൃതർ ഒന്നും ചെയ്തില്ലെന്നാണ് ഓഫ്മിൻ ഉയർത്തുന്ന വാദം.

ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പാവേൽ ഡ്യുറോവ്
ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പാവേൽ ഡ്യുറോവ്

റഷ്യയിൽ നിന്ന് യു.എ.ഇയിലേക്ക്

വികോൺടെയ്ക്ക് (Vkontakte) എന്ന സോഷ്യൽ നെറ്റ്വർക്ക് സൈറ്റാണ് ഡ്യുറോവ് ആദ്യം തുടങ്ങുന്നത്. റഷ്യയിൽ ഏറ്റവും സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയി ഇത് പെട്ടെന്നു തന്നെ മാറി. യുക്രൈയ്ൻ പ്രതിഷേധക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് റഷ്യൻ സർക്കാർ ആവശ്യപ്പെട്ടതോടെ 2014-ൽ ഡ്യുറോവ് രാജ്യം വിടാൻ നിർബന്ധിതനാവുകയായിരുന്നു. വികോൺടെയ്ക്ക് കമ്പനി വിൽക്കുകയും ചെയ്തു. സഹോദരനൊപ്പം ചേർന്നാണ് ഡ്യുറോവ് ടെലഗ്രാം ആരംഭിക്കുന്നത്. റഷ്യ വിട്ടതിന് ശേഷം പല രാജ്യങ്ങളിൽ കഴിഞ്ഞ ഡ്യുറോവ് ദുബായിലാണ് നിലവിൽ കഴിയുന്നത്. ടെലഗ്രാമിന്റെ ആസ്ഥാനവും ദുബായ് തന്നെയാണ്. 2017 മുതലാണ് ഡ്യുറോവ് ദുബായിൽ സ്ഥിരതാമസം ആക്കുന്നത്. ഇതിനിടയിൽ ഫ്രഞ്ച് പൗരത്വവും ലഭിച്ചിട്ടുണ്ട്.
യൂസേഴ്സിൻെറ സ്വകാര്യതയ്ക്ക് വേണ്ടി നിലകൊള്ളുമെന്നാണ് ഡ്യുറോവ് എക്കാലത്തും നിലപാടെടുത്തിട്ടുള്ളത്. അക്കാര്യത്തിൽ ഒരു നിലപാട് മാറ്റത്തിനും അദ്ദേഹം തയ്യാറായിരുന്നില്ല. ടെലഗ്രാമിലെ കണ്ടന്റ് സെൻസർ ചെയ്യാൻ താൻ തയ്യാറല്ലെന്നും ഡ്യുറോവ് പറഞ്ഞിരുന്നു. ടെലഗ്രാം എപ്പോഴും നിഷ്പക്ഷമായി തന്നെയാണ് നിലനിൽക്കുക. ഭൗമരാഷ്ട്രീയ സ്വാധീനത്തിൽ നിന്നും തങ്ങൾ എപ്പോഴും മുക്തരായിരിക്കുമെന്നും ഡ്യുറോവ് പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയമാനങ്ങൾ ഉണ്ടോ?

പാരീസിൽ വെച്ചുണ്ടായ ഡ്യുറോവിൻെറ അറസ്റ്റിന് ശേഷം അതിലെ ശരിതെറ്റുകളും രാഷ്ട്രീയമാനവും വലിയ ചർച്ചയായി മാറുന്നുണ്ട്. റഷ്യയുടെ യുക്രൈയ്ൻ അധിനിവേശത്തിന് ശേഷം ഇരുചേരിയിലുമുള്ളവർ തങ്ങളുടെ ആക്രമണ പദ്ധതികളുടെ ആസൂത്രണത്തിനായി ടെലഗ്രാം കാര്യമായി ഉപയോഗിച്ചിരുന്നു. യാതൊരു സെൻസർഷിപ്പുമില്ലാതെ യുദ്ധവുമായി ബന്ധപ്പെട്ട ഗ്രാഫിക് കണ്ടന്റ് അടക്കം ടെലഗ്രാമിൽ പ്രചരിച്ചിരുന്നു. യുക്രൈയ്ൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി അടക്കമുള്ളവർ ടെലഗ്രാമിനെ ഉപയോഗപ്പെടുത്തിയിരുന്നു. റഷ്യയിലെ രാഷ്ട്രീയ മേഖലയിലുള്ളവർ സജീവമായി ഉപയോഗിക്കുന്ന മെസേജിങ് ആപ്പ് കൂടിയാണ് ടെലഗ്രാം.
ഡ്യുറോവിന്റെ അറസ്റ്റിൻെറ വിശദാംശങ്ങൾ അറിയുന്നതിന് വേണ്ടി ഫ്രഞ്ച് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ സഹകരിക്കാൻ തയ്യാറല്ലെന്നാണ് പാരീസിലെ റഷ്യൻ എംബസി വ്യക്തമാക്കിയത്. “ഡ്യുറോവിന്റെ അറസ്റ്റ് ഉണ്ടായപ്പോൾ തന്നെ ഞങ്ങൾ ഫ്രഞ്ച് അധികൃതരോട് വിശദാംശങ്ങൾ തേടാൻ ശ്രമിച്ചിരുന്നു. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിക്കുകയും ഡ്യുറോവിൻെറ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഈ ആവശ്യങ്ങളോടൊന്നും തന്നെ ഫ്രഞ്ച് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല,” റഷ്യൻ എംബസി വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ റിയ നോവോസ്തി റിപ്പോർട്ട് ചെയ്യുന്നു.
ഡ്യുറോവിൻെറ അറസ്റ്റിനെതിരെ ഇതിനോടകം തന്നെ റഷ്യയിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. “രാഷ്ട്രീയത്തടവുകാരനായാണ് പാവേൽ ഡ്യുറോവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് പടിഞ്ഞാറൻ ശക്തികൾ ആസൂത്രിതമായി ചെയ്യുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. യൂറോപ്പിൽ അഭിപ്രായ സ്വാതന്ത്ര്യം മരിച്ചിരിക്കുകയാണ്. റഷ്യയെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ടെലഗ്രാം യൂസേഴ്സിനെ ബ്ലാക്ക്മെയിൽ ചെയ്യാനും നിയന്ത്രിക്കാനും അവർ ലക്ഷ്യമിടുന്നു. റഷ്യയിൽ ടെലഗ്രാമിൻെറ നെറ്റ്വർക്ക് നിയന്ത്രിക്കാനായിരിക്കും അടുത്ത ശ്രമം,” റഷ്യയിലെ രാഷ്ട്രീയ പ്രവർത്തകയായ മരിയ ബ്യൂട്ടീന പറഞ്ഞു. റഷ്യൻ ഏജന്റായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് 15 മാസത്തോളം യു.എസ് ജയിലിൽ കഴിയേണ്ടി വന്നിട്ടുള്ളയാളാണ് ബ്യൂട്ടീന.

ഒന്നും ഒളിക്കാനില്ലെന്ന് ടെലഗ്രാം

ഡ്യുറോവിന്റെ അറസ്റ്റ് വലിയ ചർച്ചയായ സാഹചര്യത്തിൽ തങ്ങളുടെ നിലപാട് വിശദീകരിച്ച് ടെലഗ്രാം കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. “യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചാണ് ടെലഗ്രാം പ്രവർത്തിക്കുന്നത്. ടെലഗ്രാമിനും സി.ഇ.ഒ പാവേൽ ഡ്യുറോവിനും ഒന്നും തന്നെ ഒളിക്കാനില്ല. ഡ്യുറോവ് സ്ഥിരമായി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നയാളാണ്. ഒരു പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആ പ്ലാറ്റ്ഫോമിനും അതിൻെറ ഉടമയ്ക്കുമാണ് എന്ന് പറയുന്നത് വിചിത്രമായ കാര്യമാണ്,” കമ്പനി വ്യക്തമാക്കി.

Comments