ബ്രിട്ടീഷ് രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്കെല്ലാം അറിയാമായിരുന്ന ഒന്നിന്റെ സ്ഥിരീകരണമായിരുന്നു ലേബർപാർട്ടി പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള കീർ സ്റ്റാർമറുടെ രാജി. 'നല്ല ഭരണം' മാത്രം വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയം അധികകാലം മുന്നോട്ടുപോകില്ല എന്ന് പലരും തുടക്കം മുതലേ പ്രവചിച്ചിരുന്നു. അത് ശരിയാണെന്ന് ഈ രാജി തെളിയിക്കുന്നു. വ്യവസ്ഥിതിയിൽ വലിയ മാറ്റം വരുത്തുന്നതിനെക്കുറിച്ച് വലിയ ചർച്ചകളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടൻ ആറ് പ്രധാനമന്ത്രിമാരെ കണ്ടുകഴിഞ്ഞു, ഏഴാമത്തെ പ്രധാനമന്ത്രിയാണ് വരാൻ പോകുന്നത്. നേതാക്കൾ വരികയും പോവുകയും ചെയ്യുന്നു, പക്ഷേ മൗലികമായ പ്രശ്നങ്ങൾ അങ്ങനെതന്നെ തുടരുന്നു.
15 വർഷത്തെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ , ശരിയായ രീതിയിലല്ലാതെ നടപ്പിലാക്കിയ ബ്രെക്സിറ്റ്, കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതങ്ങൾ, ആഗോള വ്യാപാരത്തെയും സഖ്യങ്ങളെയും മാറ്റിമറിച്ച ട്രംപിന്റെ രാഷ്ട്രീയ നയങ്ങൾ എന്നിവയെല്ലാം തളർത്തിയ ഒരു രാജ്യത്തെയാണ് സ്റ്റാർമർക്ക് ഭരിക്കാൻ കിട്ടിയത്. ഈ പ്രതിസന്ധികളെയെല്ലാം നേരിടാൻ അദ്ദേഹം ഒരു മാനേജരെപ്പോലെയാണ് പ്രവർത്തിച്ചത്- രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക, വിപണിക്ക് ആത്മവിശ്വാസം നൽകുക, നയതന്ത്ര ബന്ധങ്ങൾ നന്നാക്കുക, കാര്യമായ മാറ്റങ്ങളില്ലാത്ത ചെറിയ സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ. പലതും നടന്നില്ല.
എന്നാൽ, അദ്ദേഹം ചില മാറ്റങ്ങൾ വരുത്തി. പുതിയ തൊഴിലവകാശനിയമം (Employment Rights Act) വഴി ലീവ് ആനുകൂല്യങ്ങളിലും പ്രസവാവധി ആനുകൂല്യങ്ങളിലും മാറ്റം വരുത്തി. മിനിമം കൂലി വർദ്ധിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ ക്രൂരമായ നിയമങ്ങളിലൊന്നായ 'രണ്ട് കുട്ടികൾക്ക് മാത്രമുള്ള ആനുകൂല്യ പരിധി' നിർത്തലാക്കി. വാടകക്കാരുടെ സംരക്ഷണം നീട്ടിനൽകി.
ഈ പരിഷ്കാരങ്ങൾക്കെല്ലാം അതിന്റേതായ പരിമിതികളും ഉണ്ടായിരുന്നു. പുതിയ തൊഴിലവകാശനിയമപ്രകാരം ജോലിയിൽ ചേരുന്ന ആദ്യ ദിവസം മുതൽ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ പരാതിപ്പെടാനുള്ള അവകാശം നൽകിയില്ല. ലക്ഷക്കണക്കിന് ബ്രിട്ടീഷ് തൊഴിലാളികളെ വർഷങ്ങളായി കുറഞ്ഞ ശമ്പളമുള്ള താല്ക്കാലിക ജോലികളിൽ തളച്ചിട്ടിരിക്കുന്ന വ്യവസ്ഥിതി മാറ്റാൻ ഇതിന് കഴിഞ്ഞില്ല. മിനിമം കൂലി കൂട്ടിയത് പാവപ്പെട്ട തൊഴിലാളികൾക്ക് സഹായകരമായെങ്കിലും, കഴിഞ്ഞ 15 വർഷമായി ശമ്പളം കൂടാതിരിക്കുകയും അതേസമയം വീട്ടുവാടക, കറന്റ് ചാർജ്, യാത്രാക്കൂലി എന്നിവ കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ അത് ഒന്നിനും തികയുമായിരുന്നില്ല. വാടകക്കാരുടെ അവകാശനിയമം വഴി ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കിയെങ്കിലും, യഥാർത്ഥത്തിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന വീടുകളുടെ കടുത്ത ദൗർലഭ്യം ബ്രിട്ടനിൽ കൂടിക്കൊണ്ടേയിരുന്നു. ലേബർ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ശക്തമായ സമ്മർദ്ദമുണ്ടായശേഷമാണ് രണ്ട് കുട്ടികളുടെ ആനുകൂല്യപരിധി മാറ്റാൻ അദ്ദേഹം തയ്യാറായത്, ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ആത്മാർത്ഥത കൊണ്ടായിരുന്നില്ല.
നവലിബറൽ ശീലങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളെ മാറ്റാതെ, അതിന്റെ പുറമെയുള്ള ലക്ഷണങ്ങൾക്കുമാത്രം ചികിത്സ നൽകാനാണ് ഈ സർക്കാർ ശ്രമിച്ചത്. നിലവിലുള്ള നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുള്ള ചെറിയ മാറ്റങ്ങൾ മാത്രമാണ് ലേബർ പാർട്ടി മുന്നോട്ടുവെച്ചത്. വ്യവസ്ഥിതിയെ മാറ്റാൻ അവർ ശ്രമിച്ചതേയില്ല.

സാമ്പത്തിക കെണിയും
തൊഴിലാളികളുടെ പ്രതിസന്ധിയും
സ്റ്റാർമറുടെ സാമ്പത്തികനയങ്ങളുടെ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങൾ ഒരിക്കലും ശരിയായ രീതിയിൽ പരിഹരിക്കപ്പെട്ടിരുന്നില്ല. വിപണിയിൽ വിശ്വാസ്യത നിലനിർത്താൻ അദ്ദേഹത്തിന്റെ ധനമന്ത്രി റെയ്ച്ചൽ റീവ്സ് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. എന്നാൽ ഇതിന്റെ വില കൊടുക്കേണ്ടിവന്നത് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു വയോധികർക്കുള്ള ശീതകാല ഇന്ധന അലവൻസ് വെട്ടിക്കുറച്ച സംഭവം. സാമ്പത്തിക അച്ചടക്കത്തിന്റെ പേരിൽ കൊണ്ടുവന്ന ഈ തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് ശേഷം പിൻവലിച്ചെങ്കിലും, അപ്പോഴേക്കും സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പാവപ്പെട്ടവരെ പിഴിയുന്ന പഴയ സാമ്പത്തിക നയങ്ങൾ തന്നെയാണ് ഈ സർക്കാരും പിന്തുടരുന്നത് എന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കാൻ ഇത് കാരണമായി.
തൊഴിലുടമകൾ അടയ്ക്കേണ്ട നാഷണൽ ഇൻഷുറൻസ് വിഹിതം കൂട്ടാനുള്ള തീരുമാനവും ഇതേ പ്രതിസന്ധി മറ്റൊരു രീതിയിൽ പുറത്തുകൊണ്ടുവന്നു. കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികളെ ആശ്രയിക്കുന്ന ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇത് വലിയ ബാധ്യതയായി. ഇത് പുതിയ തൊഴിലവസരങ്ങളെയും നിക്ഷേപങ്ങളെയും ദോഷകരമായി ബാധിച്ചു. തന്മൂലം സ്റ്റാർമറുടെ ഭരണകാലത്തുടനീളം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് വളരെ കുറവായിരുന്നു. രാജ്യം ഏറെ കൊണ്ടാടിയ 'നാഷണൽ വെൽത്ത് ഫണ്ടും' അടിസ്ഥാന സൗകര്യ വികസന പദ്ധതികളും യാഥാർത്ഥ്യമായിരുന്നെങ്കിലും, സ്വകാര്യ നിക്ഷേപകർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉദ്ധരിക്കും എന്ന തെറ്റായ ധാരണയിലാണ് അവ കെട്ടിപ്പടുത്തത്. എന്നാൽ വ്യവസായങ്ങളുടെ തകർച്ച, പ്രാദേശികമായ അസമത്വം, കുറഞ്ഞ ഉൽപ്പാദനക്ഷമത തുടങ്ങിയ ബ്രിട്ടന്റെ അടിസ്ഥാന പ്രശ്നങ്ങൾ കാരണം ഈ പ്രതീക്ഷ ഫലം കണ്ടില്ല.
തൊഴിലാളി യൂണിയനുകളുമായുള്ള ബന്ധത്തിന്റെ കാര്യവും ഇതിന് സമാനമായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ കാലത്തുണ്ടായ റെയിൽവേ തൊഴിലാളികളുടെയും ഡോക്ടർമാരുടെയും സമരങ്ങൾ വലിയ തുക അനുവദിച്ച് പരിഹരിക്കാൻ സ്റ്റാർമർ സർക്കാർ തുടക്കത്തിൽ വേഗത്തിൽ ഇടപെട്ടു. ഇത് താൽക്കാലികമായി സമാധാനം നൽകിയെങ്കിലും തെറ്റായ മാതൃകയായി മാറി. പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുമേഖലകളിൽ രണ്ടാംവട്ട സമരങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോൾ സർക്കാർ കടുത്ത നിലപാടിലേക്ക് മാറി. എൻ.എച്ച്.എസ് (NHS) ട്രെയിനിങ് തസ്തികകൾ പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ബജറ്റ് കർശനമായി നിയന്ത്രിക്കുകയും ചെയ്തു. ഇത് ലേബർ പാർട്ടിയെ അധികാരത്തിലേറ്റാൻ സഹായിച്ച യൂണിയനുകളെപ്പോലും അവർക്ക് എതിരാക്കി. ഇതിന്റെ ഫലമായി രാജ്യത്ത് തുടർച്ചയായ പണിമുടക്കുകൾ ഉണ്ടായി. അത് നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞതുമില്ല.
ചുരുക്കത്തിൽ, പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവർദ്ധനവിനെ ജീവനക്കാരുടെ ആവശ്യമായി കാണുന്നതിനുപകരം സാമ്പത്തിക വ്യവസ്ഥയ്ക്കുള്ള ഭീഷണിയായാണ് സ്റ്റാർമറും, മുൻ പ്രധാനമന്ത്രി സുനകും കണ്ടത്. രണ്ടുപേരുടെയും രീതികൾ വ്യത്യസ്തമായിരുന്നെങ്കിലും, അന്തിമഫലം ഒന്നുതന്നെയായിരുന്നു.

വിദേശനയത്തിലെ
പോരായ്മകൾ
കീർ സ്റ്റാർമറുടെ വിദേശനയം "ഉത്തരവാദിത്തമുള്ളതും" "തത്വാധിഷ്ഠിതവും" ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രയോഗത്തിൽ, അത് അമേരിക്കൻ അനുകൂല (Atlanticist) നയമായിരുന്നു. യൂറോപ്പുമായുള്ള പ്രായോഗിക ബന്ധങ്ങൾക്ക് അതിൽ രണ്ടാം സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
യുക്രെയ്നെ പിന്തുണയ്ക്കാനുള്ള തീരുമാനം ന്യായീകരിക്കാവുന്നതായിരുന്നു. ബ്രെക്സിറ്റ് വരുത്തിവെച്ച തകർച്ചയ്ക്കുശേഷം യൂറോപ്പുമായുള്ള ഔദ്യോഗിക ബന്ധങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആവശ്യവുമായിരുന്നു. എങ്കിലും, ബ്രിട്ടീഷ് വിദേശനയത്തിന്റെ അടിസ്ഥാന ശൈലി പഴയപടി തന്നെ തുടർന്നു. നാറ്റോയ്ക്ക് മുൻഗണന നൽകുക, വാഷിംഗ്ടണുമായി അടുത്ത ബന്ധം പുലർത്തുക, വിദേശ രാജ്യങ്ങൾക്കുള്ള വികസന സഹായം വെട്ടിക്കുറച്ച് പ്രതിരോധ ബജറ്റ് കൂട്ടുക എന്നിവയായിരുന്നു അത്. ഇത് ബ്രിട്ടന്റെ ആഗോള പങ്ക് കൂടുതൽ സൈനികവൽക്കരിക്കപ്പെടുന്നതിലേക്ക് നയിച്ചു- വികസനനയതന്ത്രത്തിനുള്ള നിക്ഷേപം കുറയുകയും, സൈനിക സഖ്യങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ പ്രാധാന്യം വരികയും ചെയ്തു.
ട്രംപിന്റെ തിരിച്ചുവരവോടെ മാറിയ പുതിയ ലോകസാഹചര്യത്തിൽ വാഷിംഗ്ടണുമായിട്ടുള്ള ബന്ധം വലിയ അസ്വസ്ഥതകൾ ഉണ്ടാക്കി. അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ നയതന്ത്രവിജയമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ കൃത്യമായ അന്താരാഷ്ട്ര നിയമങ്ങളുടെ സംരക്ഷണമില്ലാതെ, അമേരിക്കൻ രാഷ്ട്രീയത്തിന്റെ അസ്ഥിരതയ്ക്ക് മുന്നിൽ ബ്രിട്ടനെ ഇത് തുറന്നിട്ടു എന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു. ഈ സുരക്ഷിതത്വമില്ലായ്മയോടുള്ള വിപണിയുടെ പ്രതികരണമായിരുന്നു 2026-ൽ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ഡോളറിനെതിരെ $1.31 എന്ന ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഇടിഞ്ഞത്.
ലേബർ പാർട്ടിയുടെ പ്രഖ്യാപിത മൂല്യങ്ങളും അവരുടെ പ്രായോഗിക നിലപാടുകളും തമ്മിലുള്ള വലിയ വ്യത്യാസം ഏറ്റവും വ്യക്തമായി പുറത്തുവന്നത് ഗാസ വിഷയത്തിലായിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങൾ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് സ്റ്റാർമർ സർക്കാർ ആവർത്തിച്ചു പറഞ്ഞു. അക്രമങ്ങളിൽ പങ്കുള്ള ചില വ്യക്തികൾക്കെതിരെ ചെറിയ തോതിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതേ നിയമവിരുദ്ധ കുടിയേറ്റ പ്രദേശങ്ങളിലെ വസ്തുക്കൾ പരസ്യമായി വിൽക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് മേള ലണ്ടനിൽ നടന്നപ്പോൾ അത് തടയാൻ സർക്കാർ തയ്യാറായില്ല. പകരം ബ്രിട്ടീഷ് കമ്പനികൾക്ക് ചില പുതിയ നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ചെയ്തത്.
ഇസ്രായേലിന്റെ അധിനിവേശത്തെ സഹായിക്കുകയോ അതിന് നിയമസാധുത നൽകുകയോ ചെയ്യരുതെന്ന് 2024-ൽ അന്താരാഷ്ട്ര നീതിന്യായകോടതി രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിസിനസ്സ് സ്ഥാപനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുക മാത്രമാണ് ബ്രിട്ടൻ ചെയ്തത്. തത്ത്വത്തിൽ ഒരു കാര്യത്തെ എതിർക്കുകയും എന്നാൽ പ്രായോഗികമായി അത് തുടരാൻ അനുവദിക്കുകയും ചെയ്യുക എന്ന ലേബർ പാർട്ടിയുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇത് എന്ന് വിമർശകർ വിലയിരുത്തുന്നു.
സോഷ്യൽ ഡെമോക്രാറ്റിക് മൂല്യങ്ങളും മുതലാളിത്ത സാമ്പത്തികനയങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതും, അവ തമ്മിലുള്ള വൈരുദ്ധ്യം പുറത്തുവരില്ലെന്ന് വിചാരിച്ചതുമാണ് സ്റ്റാർമറിന്റെ വലിയ പരാജയം.

ബേൺ ഹാമും
വെല്ലുവിളികളും
നേതൃത്വത്തിന്റെ പുതിയ അദ്ധ്യായം ആൻഡി ബേൺഹാമിനാണ് എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ ജനങ്ങളെ ആകർഷിക്കുന്നതുമാണ്. ഹിൽസ്ബറോ ദുരന്തബാധിതരായ കുടുംബങ്ങൾക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം വെസ്റ്റ്മിൻസ്റ്റർ രാഷ്ട്രീയത്തിൽ അപൂർവ്വമായി മാത്രം കാണുന്ന രാഷ്ട്രീയ ധീരതയായിരുന്നു. ഗ്രേറ്റർ മാഞ്ചസ്റ്ററിൽ അദ്ദേഹം 'ബീ നെറ്റ്‌വർക്ക്' (Bee Network) രൂപീകരിക്കുകയും, സ്വകാര്യവൽക്കരിക്കപ്പെട്ട ബസ് സർവീസുകളെ പൊതുനിയന്ത്രണത്തിൽ കൊണ്ടുവന്ന് യാത്രക്കൂലിക്ക് പരിധി നിശ്ചയിക്കുകയും ചെയ്തു. സാധാരണക്കാരുടെ ജീവിതത്തിൽ പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഈ നടപടി. കോവിഡ് കാലത്ത് കുറഞ്ഞ ശമ്പളക്കാരായ വടക്കൻ മേഖലയിലെ തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് ബോറിസ് ജോൺസണുമായി അദ്ദേഹം നടത്തിയ ഏറ്റുമുട്ടൽ അടുത്ത കാലത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ സംവാദങ്ങളിൽ ഒന്നായിരുന്നു. പക്ഷെ ബേൺഹാം പ്രധാനമന്ത്രിയായാൽ രാജ്യം എങ്ങനെയായിരിക്കും എന്നതിന്റെ പൂർണ്ണമായ ചിത്രം ഇതിൽ നിന്നായിട്ടില്ല.
ധനമന്ത്രി റെയ്ച്ചൽ റീവ്സിന്റെ കർശനമായ സാമ്പത്തിക നിയമങ്ങൾ താനും പിന്തുടരുമെന്ന് ബേൺഹാം വ്യക്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ ബസ് സർവീസിന്റെ മാതൃകയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേൽ "ശക്തമായ പൊതുനിയന്ത്രണം" കൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകുന്നു. ഇത് നല്ലൊരു തീരുമാനമാണെങ്കിലും, ബ്രിട്ടനിലെ കുടിവെള്ളം, ഊർജ്ജം, റെയിൽവേ എന്നിവ നേരിടുന്ന കടുത്ത പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ രീതിയിലുള്ള പൂർണ്ണമായ പൊതുഉടമസ്ഥത കൊണ്ടുവരാൻ ഇത് പര്യാപ്തമല്ല. സമരം ചെയ്യുന്ന യൂണിയനുകളുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അദ്ദേഹം നേരത്തെതന്നെ അംഗീകരിച്ച സാമ്പത്തിക നിയന്ത്രണങ്ങൾ ഇതിനുള്ള സാധ്യതകൾ കുറയ്ക്കുന്നു.
ഇവിടുത്തെ യഥാർത്ഥ പ്രശ്നം വ്യവസ്ഥിതിയുടേതാണെന്ന് അറിയാത്ത ആളല്ല ബേൺഹാം. എന്നാൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിനായുള്ള മത്സരങ്ങൾ നടക്കുന്നത് വളരെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതികൾക്കുള്ളിൽ നിന്നുകൊണ്ടാണ്. ദശാബ്ദങ്ങളായി ബ്രിട്ടീഷ് സാമ്പത്തിക നയങ്ങളെ നിയന്ത്രിക്കുന്ന ധനമന്ത്രാലയത്തിന്റെ പഴയ ശൈലികളും വൻകിട സാമ്പത്തിക ശക്തികളുടെ സ്വാധീനവും ഇപ്പോഴും പാർട്ടിയിലുണ്ട്. അതോടൊപ്പം അമേരിക്കൻ അനുകൂല വിദേശനയങ്ങളിൽ ഉറച്ചുനിൽക്കുന്നത് കാരണം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ അവർക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയുന്നില്ല. ലേബർ പാർട്ടിക്ക് നഷ്ടപ്പെട്ട വോട്ടർമാരെ, പ്രത്യേകിച്ച് വടക്കൻ ഇംഗ്ലണ്ടിലെ ജനങ്ങളെ തിരികെ കൊണ്ടുവരാൻ ബേൺഹാമിന് കഴിഞ്ഞേക്കാം. സ്റ്റാർമർക്ക് സാധിക്കാതെപോയ ജനങ്ങളുമായുള്ള ആശയവിനിമയം മികച്ച രീതിയിൽ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചേക്കുമെന്നു നിരീക്ഷകർ പറയുന്നു.
ജനാധിപത്യ രാഷ്ട്രീയത്തിൽ ജനങ്ങളോട് എങ്ങനെ സംസാരിക്കുന്നു എന്നതും പ്രധാനമാണ്. എന്നാൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു മാറ്റം വന്നതുകൊണ്ടുമാത്രം സമ്പത്തിന്റെ വികേന്ദ്രീകരണത്തിലോ, പൊതുസേവനങ്ങളുടെ ഗുണനിലവാരത്തിലോ, പരിസ്ഥിതി സൗഹൃദ സമ്പദ്‌വ്യവസ്ഥയിലോ, വൻകിട കമ്പനികളുടെ മേലുള്ള ജനാധിപത്യപരമായ നിയന്ത്രണത്തിലോ വലിയ മാറ്റം തനിയെ ഉണ്ടാകാൻ പോകുന്നില്ല. ഈ മാറ്റങ്ങളെല്ലാം ഉണ്ടാകണമെങ്കിൽ താഴെത്തട്ടിൽനിന്നുള്ള ശക്തമായ ജനകീയ സമ്മർദ്ദങ്ങൾ ആവശ്യമാണ്- ട്രേഡ് യൂണിയനുകൾ, വാടകക്കാരുടെ സംഘടനകൾ, കാലാവസ്ഥാ പ്രസ്ഥാനങ്ങൾ, കൂടാതെ പാർലമെന്റിലെ വെറും ഭൂരിപക്ഷ കണക്കുകൾക്കുമപ്പുറം പോരാടാൻ തയ്യാറുള്ള ജനസമൂഹം എന്നിവരിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

അടിസ്ഥാനപരമായ
ചോദ്യങ്ങൾ
2026-ലെ ബ്രിട്ടൻ കുറഞ്ഞ സാമ്പത്തിക വളർച്ച, തകർച്ചയുടെ വക്കിലെത്തിയ പൊതുസേവനങ്ങൾ, ആഴത്തിലുള്ള പ്രാദേശിക അസമത്വങ്ങൾ, കടുത്ത ഭവനപ്രതിസന്ധി, ഭിന്നിച്ചുനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷം, മൂല്യം കുറയുന്ന കറൻസി എന്നിവ നേരിടുന്ന ഒരു രാജ്യമാണ്. 'റിഫോം യുകെ' (Reform UK) പാർട്ടി ഈ രാഷ്ട്രീയ പ്രതിസന്ധിയെ ചൂഷണം ചെയ്യുന്നു. ലേബർ പാർട്ടി സ്വന്തം ആഭ്യന്തര പ്രക്രിയയിലൂടെ പുതിയൊരു നേതാവിനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് നിഗൽ ഫരാഷ് (Nigel Farage) ഉടനടി ഒരു പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ബേൺഹാം അധികാരം ഏറ്റെടുക്കുന്ന വേളയിൽ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരുന്ന തരത്തിലുള്ള യഥാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്ന് ബ്രിട്ടീഷ് ജനത ഉറ്റുനോക്കുന്നു.
ബേൺഹാമിന് മുന്നിലുള്ള ചോദ്യം ഇതാണ്: രാജ്യം നേരിടുന്നത് ഭരണപരമായ പ്രശ്നങ്ങളല്ലെന്നും, മികച്ച ഭരണം കൊണ്ടുമാത്രം അവ പരിഹരിക്കാൻ കഴിയില്ലെന്നുമുള്ള യാഥാർത്ഥ്യം തുറന്നുപറയാൻ ലേബർ പാർട്ടിക്ക് സാധിക്കുമോ? സമ്പത്ത് ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും, പൊതുസ്ഥാപനങ്ങൾ തകരുകയും, ഒരു സമ്പന്ന രാജ്യത്തിലെ ജനങ്ങൾക്ക് അർഹമായ സുരക്ഷിതത്വവും അധികാരവും പ്രതീക്ഷയും ഇല്ലാതാക്കുകയും ചെയ്ത തളർന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ ദീർഘകാല പ്രത്യാഘാതങ്ങളാണ് ബ്രിട്ടൻ ഇന്ന് നേരിടുന്നത്.
ഒരു പുതിയ നേതാവ് വരുന്നതോടെ ലേബർ പാർട്ടിക്ക് കുറച്ചുകൂടി സമയം കിട്ടിയേക്കാം. പക്ഷേ, സമയം കിട്ടിയതുകൊണ്ടുമാത്രം കാര്യമായില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടൻ ആറ് പ്രധാനമന്ത്രിമാരെ മാറിമാറി പരീക്ഷിച്ചു. ഓരോരുത്തരും ഒരു പുതിയ തുടക്കമായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഒടുവിൽ എല്ലാവരും ഈ അടിസ്ഥാന പ്രശ്നങ്ങളിൽ തട്ടിത്തന്നെയാണ് പരാജയപ്പെട്ടത്. ഡൗണിംഗ് സ്ട്രീറ്റിലെ (പ്രധാനമന്ത്രിയുടെ വസതി) നാമഫലകം മാറിയതുകൊണ്ട് മാത്രം രാജ്യത്തിന്റെ അടിസ്ഥാന പ്രതിസന്ധികൾ മാറാൻ പോകുന്നില്ല. ലേബർ പാർട്ടിക്ക് ഇനിയും നേതാക്കളെ മാറ്റിക്കൊണ്ടിരിക്കാം. എന്നാൽ എന്നെങ്കിലും ഒരിക്കൽ അവർക്ക് തങ്ങളുടെ രാഷ്ട്രീയ നയങ്ങൾതന്നെ മാറ്റേണ്ടിവരും.

