ബ്രിട്ടൺ, റഷ്യ, അമേരിക്ക, താലിബാൻ... എല്ലാവരുമൊന്നാണ് അഫ്ഘാൻ സ്ത്രീകൾക്ക്. കൂട്ടക്കുരുതികൾ, കൂട്ട ലൈംഗികാക്രമണങ്ങൾ, പലായനങ്ങൾ, അഭയാർത്ഥി ജീവിതങ്ങൾ എല്ലാം എല്ലാക്കാലത്തും യുദ്ധങ്ങൾ സ്ത്രീകൾക്ക് നൽകിയ സമ്മാനങ്ങളാണ്.
ലോകത്തെ സംസ്‌കരിക്കാൻ ഇറങ്ങിത്തിരിച്ച പാശ്ചാത്യലോകം ഭീകരർക്കെതിരെയുള്ള പോരാട്ടമെന്ന് ലോകത്തിന്റെ കണ്ണിൽ മണ്ണെറിഞ്ഞു നടത്തിയ യുദ്ധങ്ങളെല്ലാം ഒരുപോലെയാണ് അവസാനിച്ചത്. വിയറ്റ്‌നാമോ, ഇറാഖോ, അഫ്ഘാനോ, ലബനാനോ, പലസ്തീനോ ഇതിൽ നിന്ന് വ്യത്യസ്തമായില്ല. അതിനും പുറമെയാണ് അഫ്ഗാനിലെ ആഭ്യന്തര യുദ്ധങ്ങൾ.
നാനാഭാഗവും മലകളാൽ ചുറ്റപ്പെട്ട അഫ്ഘാൻ, ചോരത്തുള്ളികൾ പോലെ ചുമന്ന മണികളുള്ള റുമ്മാൻ പഴങ്ങൾ സമൃദ്ധമായി വിളയുന്ന കാണ്ഡഹാർ, അവിടെ താലിബ് (വിദ്യാർത്ഥി) എന്ന നിഷ്‌കളങ്കമായ പേരിൽ രൂപപ്പെട്ടു വന്ന സംഘടന, ചെങ്കിസ്ഖാൻ മുതൽ ബ്രിട്ടീഷ്- റഷ്യൻ- അമേരിക്കൻ അധിനിവേശങ്ങൾ, കമ്യൂണിസത്തെ തുരത്താൻ അമേരിക്ക തോക്കും ബോംബും കൊടുത്ത് വളർത്തിയ മുജാഹിദ്ദീൻ പട്ടാളം, ഒടുക്കം തിരിച്ചുകൊത്തിയപ്പോൾ ശത്രുപക്ഷത്തായ വളർത്തച്ഛൻ, ജനമധ്യത്തിൽ കല്ലെറിഞ്ഞും ചാട്ട കൊണ്ടടിച്ചും സ്ത്രീകളെയും പെൺകുട്ടികളെയും "നന്നാക്കിക്കളയാൻ' തലപ്പാവ് മുറുക്കിയിറങ്ങുന്ന ആൺകൂട്ടം, മുൾവേലികൾക്കുമീതെ എറിയപ്പെടുന്ന കുട്ടികൾ, നൂറ്റാണ്ടുകളായി സങ്കൽപിക്കാനാവാത്ത വിധം അസാധാരണ ജീവിതം അതിജീവിക്കുകയാണ് അഫ്ഘാൻ സ്ത്രീകളും കുട്ടികളും. കമല ഹാരിസിനെപ്പോലെ ചിരിച്ചുതള്ളുകയോ അന്യഗ്രഹജീവികളോ ഭൂതങ്ങളോ ആയി അപരവൽക്കരിച്ചു കാണിക്കുകയോ പടയും പടക്കോപ്പും അയച്ച് കൊല്ലാക്കൊല ചെയ്യുകയോ ചെയ്യുന്ന ലോകത്തിനു മുന്നിൽ ജീവനോടെയിരിക്കുക എന്നതാണ് അവർക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
താലിബാനും ഇസ്ലാമും
ഷരിഅ എന്നാൽ ‘മാർഗം' എന്നർത്ഥം. ഖുർആനെയും പ്രവാചക പ്രബോധനങ്ങളെയും ജീവിതചര്യകളെയും ഉൾക്കൊണ്ട് നിർമിക്കപ്പെട്ട നിയമാവലികളാണവ. ഇവ പലപ്പോഴും പല രീതിയിൽ വ്യാഖാനിക്കപ്പെടാം. പ്രവാചക തലമുറയിൽ നിന്നോ (സ്വഹാബികൾ), ശേഷം വന്ന മൂന്നു തലമുറയിൽ നിന്നോ (താബിഉകൾ) വന്നവരുടെ വാക്കുകളാണ് കൂടുതൽ വിശ്വാസയോഗ്യമായി ഇസ്‌ലാമിൽ കരുതപ്പെടുന്നത്. ഖുർആൻ പ്രത്യേക പാരായണക്ഷമതയുള്ള സൂക്തങ്ങളാണ്. പലതും ആഴത്തിലുള്ള അർത്ഥങ്ങളും വ്യാഖാനങ്ങളും ഉള്ളവ. അവിടെത്തന്നെ തർക്കവിതർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഖുർആന്റെ ആദിമരൂപം മാറ്റം കൂടാതെ നിലനിൽക്കുന്നതിനാൽ ഏതുകാലത്തും കാലഘട്ടത്തിന്റേതായ രീതിയിൽ വ്യാഖാനിക്കപ്പെടാനുള്ള സാധ്യത അത് തുറന്നിടുന്നുണ്ട്. ഖുർആൻ കഴിഞ്ഞാൽ സഹീഹുൽ ബുഖാരി, സഹീഹ് മുസ്‌ലിം എന്നിവയാണ് പ്രാമാണ്യഗ്രന്ഥങ്ങൾ. നേരിട്ട് പ്രവാചകനിൽ നിന്ന് ശേഖരിക്കപ്പെട്ട ഹദീസുകളും പ്രവാചകനിൽ സഹാബികൾ കണ്ട ചര്യകളുമാണ് അതിലെ പ്രതിപാദ്യങ്ങൾ. ബാക്കിയുള്ള വ്യാഖ്യാനങ്ങൾ ഇപ്പോഴും സംശയനിഴലിൽ തന്നെയുള്ളവയാണ്.
മുസ്‌ലിംകൾ ഇത്തരം പ്രമാണങ്ങളെ പിൻപറ്റുന്നതിൽ ചില നിഷ്‌കർഷകളുണ്ട്. മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രസംഗമെന്നറിയപ്പെടുന്ന അറഫാ പ്രസംഗത്തിൽ ‘ഇസ്‌ലാം ഇന്നത്തോടെ പൂർത്തിയാക്കപ്പെട്ടിരിക്കുന്നു, ഇനി ഇസ്‌ലാമിൽ ചേർന്ന് വരുന്നതിനെ സൂക്ഷിച്ചു കൊള്ളുക, അത് ബിദ്അത്ത് അതായത് കെട്ടിച്ചമച്ചവയാണ്. അവക്ക് ഇസ്‌ലാമുമായി ബന്ധമില്ല' എന്ന് പറയുന്നുണ്ട്.
അതായത് 1500 കൊല്ലം മുമ്പ് ഉണ്ടായതല്ല; പൂർത്തിയാക്കപ്പെട്ടതാണ് ഇസ്‌ലാം. പ്രാഥമികമായി സുന്നി, ഷിയാ, ഖവാരിജ് വിഭാഗങ്ങൾ അടിസ്ഥാനപരമായ വിശ്വാസങ്ങളിൽ പോലും വ്യത്യാസം പുലർത്തുന്നു. സുന്നികൾ മറ്റു രണ്ടു വിഭാഗങ്ങളെ മുസ്‌ലിംകളായി അംഗീകരിക്കുന്നില്ല; എന്നുമാത്രമല്ല, ഇസ്‌ലാമിക പ്രബോധനത്തിനായി ഇറങ്ങിത്തിരിച്ച സുന്നികളിൽ പോലും പലരിലും പല ആശയങ്ങൾ ഉടലെടുക്കുകയും മദ്ഹബുകളായി (ഹനഫി, ഷാഫി, മാലികി, ഹമ്പലി) അറിയപ്പെടുകയും ചെയ്തു. ഇന്ന് മുസ്‌ലിംകളിൽ മൂന്നിലൊന്ന് ഹനഫി മദ്ഹബ് പിൻപറ്റുന്നവരാണ്. ഇറാഖ്, ഇറാൻ, പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇവർ കൂടുതലായുള്ളത്. താലിബാൻ കടമെടുത്ത ആശയങ്ങൾ ഹനഫി മദ്ഹബിൽ തന്നെ ദാറുൽ ഉലൂം- ദിയോബന്ദി ആശയങ്ങൾ പിന്തുടരുന്നവരാണ്.
നടുറോട്ടിലിട്ടു തല്ലിക്കൊല്ലാനും പെൺപള്ളിക്കൂടങ്ങൾ ബോംബിട്ട് തകർക്കാനുമാണ് ഇസ്‌ലാം പറയുന്നതെന്ന് വരുത്തിത്തീർക്കുന്ന കിരാതന്മാർക്ക് കൊടുക്കേണ്ടത് ഭരണകൂടമല്ല, ഭ്രാന്താലയങ്ങളാണ്.
ഫിഖ്ഹ് എന്നറിയപ്പെടുന്ന ഷരിഅ അടിസ്ഥാനമാക്കി കൈക്കൊള്ളുന്ന നിയമങ്ങൾ പല ഇസ്‌ലാമിക രാജ്യങ്ങളിലും വ്യത്യാസപ്പെടുന്നതായി കാണാം. ഫിഖ്ഹ് എന്നാൽ "മനസിലാക്കൽ' എന്നർത്ഥം. ഇത് വ്യക്തി ജീവിതത്തിൽ ഇടപെടുന്നതോ സമൂഹത്തിൽ ഇടപെടുന്നതോ ആവാം. ‘സിയാസ്സ' എന്നത് ഒരു സമൂഹത്തിൽ/ഭരണക്രമത്തിൽ ഇടപെടുന്ന തരം ഫിഖ്ഹ്കളാണ്. അർത്ഥം വ്യക്തമാക്കുന്നതുപോലെ അതാതു രാജ്യങ്ങളിലെ നിയമനിർമാതാക്കൾക്ക് അനുസരിച്ച്, സമൂഹഘടനക്ക് അനുയോജ്യമായ വിധത്തിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, ഇവ ഇസ്‌ലാമിനെതിരായിട്ടുള്ളതുമായിരിക്കില്ല.
കൂടുതൽ വ്യക്തമായി പറഞ്ഞാൽ, മുസ്‌ലിംകൾ മാത്രമുള്ള മക്കയിലെയും ജൂതന്മാർ കൂടുതലായുണ്ടായിരുന്ന മദീനയിലെയും നബി ഭരണം വ്യത്യസ്തമായിരുന്നു. ഗോത്രകലാപങ്ങൾക്ക് മധ്യസ്ഥത വഹിച്ച് ജൂത- മുസ്‌ലിം സമാധാന ഉടമ്പടിയുണ്ടാക്കിയ നബിയെ മദീനയിൽ കാണാം.
ഫിഖ്ഹ് രൂപപ്പെടുന്നതിൽ പിൽക്കാലങ്ങളിൽ ആണധികാര വ്യവസ്ഥിതിക്കുമാത്രമാണ് പങ്കുണ്ടായിരുന്നത്. കുതിരയിലും ഒട്ടകത്തിലും പടനയിച്ച സ്ത്രീകളിലൊരാൾ നബിയുടെ പത്‌നി കൂടിയാണ്. എന്നിരിക്കെ വാഹനമോടിക്കുന്നതിനുള്ള അനുമതി ഈയടുത്ത കാലം വരെ സൗദിയിൽ സ്ത്രീകൾക്ക് നിരോധിക്കപ്പെട്ടിരുന്നു.
മുഹമ്മദ് നബിയുടെ ആദ്യപത്‌നി ഖദീജ കച്ചവട സ്ഥാപനത്തിന്റെ മുതലാളിയും (ആ സംഘത്തിൽ നബിയും കച്ചവടം ചെയ്തിരുന്നു) റുഫൈദ അൽ അസ്ലാമിയ നബിയുടെ കാലത്തെ അറിയപ്പെട്ട സർജനും ഫാത്തിമ അൽ ഫാരിഹി ‘അൽ ഖറവിയ്യിൻ' എന്ന ലോകത്തിലെ ഏറ്റവും പഴയ യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകയും സുമയ്യ, നുഫൈദ എന്നീ സൈന്യാധിപകളും പിന്നീട് വന്ന തലപ്പാവ് രാജാക്കന്മാരാൽ മനഃപൂർവം വിസ്മരിക്കപ്പെടുകയായിരുന്നു.
ജനിച്ചയുടനെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം കൊടുത്ത ഇസ്‌ലാം, സ്ത്രീ ആവശ്യപ്പെടുന്ന വിവാഹദ്രവ്യം കൊടുത്തുകൊണ്ടല്ലാത്ത വിവാഹം അസാധുവാണെന്ന് പറഞ്ഞ ഇസ്‌ലാം, വിവാഹമോചനത്തിനു മുൻകൈയെടുക്കാൻ സ്ത്രീക്ക് അവകാശം കൊടുത്ത ഇസ്‌ലാം, സ്ത്രീക്ക് സ്വത്തവകാശം കൊടുത്ത ഇസ്‌ലാം, വിദ്യ ആർജ്ജിക്കൽ ആണിനും പെണ്ണിനും ഒരു പോലെ കടമയാണെന്നു പഠിപ്പിച്ച ഇസ്‌ലാം... അതെല്ലാം പാടെ തള്ളിക്കളഞ്ഞ് നടുറോട്ടിലിട്ടു തല്ലിക്കൊല്ലാനും പെൺപള്ളിക്കൂടങ്ങൾ ബോംബിട്ട് തകർക്കാനുമാണ് ഇസ്‌ലാം പറയുന്നതെന്ന് വരുത്തിത്തീർക്കുന്ന കിരാതന്മാർക്ക് കൊടുക്കേണ്ടത് ഭരണകൂടമല്ല, ഭ്രാന്താലയങ്ങളാണ്. ലോകത്തെമ്പാടുമുള്ള സമാധാനം കാംക്ഷിക്കുന്ന വലിയ വിഭാഗം മുസ്‌ലിം സമുദായത്തെ നിർദ്ദാക്ഷിണ്യം ഒറ്റുകൊടുക്കുകയാണ് താലിബാനും അവരെ അനുകൂലിക്കുന്നവരും ചെയ്യുന്നത്.
പർദ്ദയിടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതിലൂടെ രാജ്യങ്ങൾ കൂടുതൽ ഇസ്ലാമികമാകുന്നു എന്നാണ് മുസ്‌ലിംകൾ മനസിലാക്കേണ്ടത്.
ഇസ്ലാമും സ്ത്രീ വസ്ത്രധാരണവും
സ്ത്രീ വസ്ത്രധാരണ വിഷയത്തിൽ തലയിൽ നിന്ന് മാറിടം മറയുന്ന വിധത്തിൽ ധരിക്കണമെന്ന് പറയുന്നതിന് മുന്നോടിയായി പുരുഷന്മാർ അവരുടെ നോട്ടങ്ങൾക്ക് മറയിടട്ടെ എന്നു ഖുർആൻ പറയുന്നുണ്ട്. നബി പത്‌നിമാരും മകളും കണ്ണു കാണത്തക്ക വിധത്തിൽ മുഖം കൂടി മറച്ചിരുന്നതായി പല ഹദീസുകളിൽ കാണാം. എന്നാൽ നബിയുടെ കാലത്ത് സ്ത്രീകളെ പ്രത്യേകവസ്ത്രം ധരിക്കാൻ നിർബന്ധിച്ചതായോ വസ്ത്രധാരണത്തിന്റെ പേരിൽ ഒരു സ്ത്രീയെങ്കിലും ശിക്ഷിക്കപ്പെട്ടതായോ തെളിവുകളില്ല.
വിശ്വാസത്തിന്റെ പേരിൽ പോലും ഇസ്‌ലാമിൽ ബലപ്രയോഗം പാടില്ല. പൗരോഹിത്യം പോലും പാടില്ല. ആരെയും നന്നാക്കാനുള്ള ചാട്ടവാർ ആർക്കും ഇസ്‌ലാം കൊടുത്തിട്ടില്ല. സാമൂഹ്യപരമായ ക്രിമിനൽ കുറ്റങ്ങൾക്ക് ഭരണാധികാരികൾ ശിക്ഷ നടപ്പാക്കണമെന്ന് പറയുന്ന ഖുർആൻ വസ്ത്രധാരണം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ മരണാനന്തരം വിചാരണ നേരിടേണ്ടി വരുമെന്നല്ലാതെ ശിക്ഷ നടപ്പാക്കാൻ പറയുന്നില്ല. വ്യക്തിപരമായി ഒരാൾ ഏതു രീതിയിൽ ജീവിക്കണമെന്നതിനുള്ള മുഴുവൻ സ്വാതന്ത്യവും ഒരാൾക്കുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാവുന്നത്.
‘ലാ ഇക്റാഹ ഫിദ്ദീൻ' (മതത്തിൽ ബലപ്രയോഗമില്ല- 1:256) 'ലകും ദീനുകും വലിയ ദീൻ' (നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റേതും-109:6) എന്നീ ഖുർആൻ സൂക്തങ്ങൾ ഈ വാദത്തെ സാധൂകരിക്കുന്നതുമാണ്.
താലിബാന്റെ നയങ്ങൾ ഏതു വിധേനയും ഇസ്‌ലാമികല്ല എന്ന് നിസ്സംശയം പറയട്ടെ. അഫ്ഘാൻ സ്ത്രീകൾ നേരിടുന്ന സംഘർഷങ്ങൾ മനുഷ്യത്വവിരുദ്ധമാണ്. താലിബാൻ- അമേരിക്ക സമാധാന ചർച്ച നയിച്ച ഇസ്‌ലാമിക രാജ്യമായ ഖത്തറിൽ സ്ത്രീകൾക്ക് വസ്ത്രധാരണത്തിൽ സ്വാതന്ത്ര്യമുണ്ട്. എത്ര വേണമെങ്കിലും വിദേശത്തു പോയിട്ടായാലും ബിരുദം നേടാൻ ഗവണ്മെൻറ് സഹായം ലഭ്യമാക്കുന്നു. വാഹനമോടിക്കുന്നതിനും ഏതൊരു ജോലി ചെയ്യുന്നതിനും കായികയിനത്തിൽ പരിശീലനം നേടുന്നതിനും മത്സരിക്കുന്നതിനും യാതൊരു തടസങ്ങളുമില്ല. പർദ്ദയിടാനും ഇടാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നതിലൂടെ രാജ്യങ്ങൾ കൂടുതൽ ഇസ്ലാമികമാകുന്നു എന്നാണ് മുസ്‌ലിംകൾ മനസിലാക്കേണ്ടത്. താലിബാന് കേരളത്തിൽ അനുഭാവ മനോഭാവം വെച്ച് പുലർത്തുന്നവർ മനുഷ്യത്വവിരോധികളാണെന്നേ കരുതാനാവൂ.
അഫ്ഘാൻ സ്ത്രീകളുടെ മൂടിവയ്ക്കപ്പെട്ട ശബ്ദങ്ങൾ ഏറ്റവും ഉച്ചത്തിൽ കേൾക്കുന്ന സമയമാണ്.
അവരെ രക്ഷപ്പെടുത്താൻ ഒരു പഴുതുപോലും നമ്മുടെ കയ്യിലില്ലാത്തത് ലോകമഹായുദ്ധങ്ങളിൽ നിന്ന് നമ്മളധികമൊന്നും മുന്നോട്ടു പോയിട്ടില്ല എന്നതിന് തെളിവാണ്. I call, you are a stone One day you will look and find I'm gone
(നിങ്ങളെ ഞാൻ കല്ലെന്നു വിളിക്കട്ടെ,
നിങ്ങളെന്നെ തിരയുന്ന ദിവസം
ഞാൻ പോയിട്ടുണ്ടാവും).
അഞ്ചാം ക്ലാസിൽ പിതാവ് സ്‌കൂളിൽ നിന്ന് വലിച്ചിറക്കി കൊണ്ടുവന്ന, എഴുത്തിന്റെ പേരിൽ സ്വന്തം സഹോദരന്മാരാൽ ആക്രമിക്കപ്പെട്ട, ഒടുക്കം മനസ്സുടഞ്ഞു ആത്മഹത്യ ചെയ്ത റാഹില മുസ്‌ക എന്ന അഫ്ഘാൻ പെൺകുട്ടിയുടെ ഈ കവിത നമ്മളെ ചൂണ്ടി പറയുന്നത് പിന്നെന്താണ്? ▮