കെനിയയിലെ വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകുന്നത് റദ്ദാക്കി കോടതി, പ്രതിഷേധം തുടർന്ന് തൊഴിലാളി സംഘടനകൾ

കെനിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം പാട്ടത്തിന് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിൻെറ ശ്രമത്തിന് കനത്ത തിരിച്ചടി. ഈ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകൾ നേരത്തെ തന്നെ പ്രതിഷേധിച്ചിരുന്നു…

News Desk

നെയ്റോബി വിമാനത്താവളം (Nairobi Airport) 30 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് (Adani Group) പാട്ടത്തിന് കൊടുക്കുനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയും കെനിയയിൽ പ്രതിഷേധം കനക്കുന്നു. കെനിയ എയർപോർട്ട് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് കെനിയയിലെ ജോമോ കെനിയാത്ത വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധമുണ്ടായത്. സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് നടത്തുന്ന ആസൂത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സമരക്കാരുടെ വാദം. പ്രതിഷേധത്തെ തുടർന്ന് വിമാന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

ജോമോ കെനിയാത്ത വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലും റൺവേയും നിർമ്മിക്കാനും അടുത്ത 30 വർഷത്തേക്ക് ടെർമിനലിന്റെ നിയന്ത്രണം പാട്ടത്തിന് സ്വന്താമാക്കാനുമായിരുന്നു അദാനി ഗ്രൂപ്പിൻെറ പദ്ധതി. എന്നാൽ എയർപോർട്ട് പാട്ടത്തിന് കൊടുക്കാനുള്ള സർക്കാർ പദ്ധതി കെനിയൻ ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കി. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടി അഭിഭാഷകരുടെ സംഘവും മനുഷ്യാവകാശ കമ്മീഷനും ഒരു എൻ.ജി.ഒയുമാണ് കോടതിയെ സമീപിച്ചത്.

കെനിയ എയർപോർട്ട് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം
കെനിയ എയർപോർട്ട് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം

അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ 185 കോടി ഡോളറിന്റെ (ഏകദേശം 15,500 കോടി രൂപ) ഇടപാട് കെനിയയ്ക്ക് താങ്ങാവുന്നതല്ലെന്നും ഇത് സാമ്പത്തിക അസ്ഥിരതയ്ക്ക് ഇടവരുത്തുമെന്നും തൊഴിൽ നഷ്ടങ്ങളുണ്ടാകുമെന്നും കോടതിയെ സമീപിച്ചവർ വ്യക്തമാക്കി. “സ്വകാര്യ കമ്പനിക്ക് കരാർ നൽകുന്നത് പൊതുജനം അടയ്ക്കുന്ന നികുതിക്ക് മൂല്യം കൽപ്പിക്കാത്ത പ്രവൃത്തിയാകും. വിമാനത്താവളം സ്വന്തം നിലയ്ക്ക് നവീകരിക്കാനും നിയന്ത്രിക്കാനും കെനിയയ്ക്ക് കഴിയും”- ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

കെനിയയിലെ എറ്റവും തിരക്കേറിയ വിമാനത്താവളമാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ ശ്രമിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായാണ് കെനിയൻ സർക്കാർ ടെൻഡർ ക്ഷണിച്ചത്. ടെൻഡർ പ്രകാരമാണ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എയർപോർട്ട് ഹോൾഡിങ്സ് പ്രൊപ്പോസൽ നൽകിയത്. ജോമോ കെനിയാത്ത എയർപോർട്ട് വികസിപ്പിക്കുന്നതിന് കെനിയയിൽ ‘എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ’ എന്ന കമ്പനി സ്ഥാപിച്ചാണ് അദാനി ഗ്രൂപ്പ് ആഫ്രിക്കയിലെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമം നടത്തിയത്.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്താൽ തൊഴിൽ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും വിദേശികൾക്ക് തൊഴിലവസരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂണിയനും പദ്ധതിയെ എതിർത്തിരുന്നു.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്താൽ തൊഴിൽ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും വിദേശികൾക്ക് തൊഴിലവസരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂണിയനും പദ്ധതിയെ എതിർത്തിരുന്നു.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്താൽ തൊഴിൽ വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും വിദേശികൾക്ക് തൊഴിലവസരം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി കെനിയ ഏവിയേഷൻ വർക്കേഴ്സ് യൂണിയനും പദ്ധതിയെ എതിർത്തിരുന്നു. ഇപ്പോഴുള്ള ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിടാനും കെനിയയ്ക്ക് പുറത്തുള്ള തൊഴിലാളികളെ പദ്ധതി മുഖേന ജോലിക്ക് കൊണ്ടുവരികയുമാണ് അദാനി ഗ്രൂപ്പിന്റെ ഉദ്ദേശം എന്നും യൂണിയൻ പ്രതികരിച്ചു.


Summary: Workers Union Protest continues after Kenyan court halts proposed Adani lease of Nairobi Jomo Kenyatta International Airport.


Comments