കേരളത്തെക്കുറിച്ച് ഒരു വിഷ വീഡിയോ; മലയാളി പ്രതികരിക്കണം

ജെഎൻയുവിൽ നടന്ന സകല നൈതിക പ്രക്ഷോഭങ്ങളിലും അക്കാദമിക് വിരുദ്ധവും വർഗ്ഗീയവുമായ വലതുപക്ഷ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ് ഈ മകരന്ദ്. അതിനെല്ലാം പ്രതിഫലമായി ലഭിച്ച ഡയറക്ടർ പദവിയിലിരുന്നു കൊണ്ട് അദ്ദേഹം ഷിംല ഇൻസ്റ്റിറ്റ്യൂട്ടിനെ സംഘപരിവാറിന്റെയും മോഡി ആരാധകരുടെയും താവളമാക്കി മാറ്റിയതെങ്ങനെ എന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണം കൂടിയാണ് ഈ പുസ്തകപ്രകാശനച്ചടങ്ങ്.

രു മണിക്കൂർ 35 മിനിട്ട് ദൈർഘ്യമുള്ള ഒരു വീഡിയോയുടെ എഫ്. ബി. ലിങ്ക് ചുവടെ ഷെയർ ചെയ്യുന്നു. കേരളത്തിലെ സാംസ്കാരിക ഭീകരത (Cultural terrorism) യെക്കുറിച്ച് ഹരിശങ്കർ എന്നൊരാൾ ഇംഗ്ലീഷിൽ എഴുതിയ പുസ്തകം ഷിംലയിലെ ലോകോത്തര ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ വെർച്വൽ ആയി പ്രകാശനം ചെയ്യുന്നതിന്റെ 03/03/2021 ലെ റെക്കോഡഡ് ലൈവ് ആണിത്. ചടങ്ങിന്റെ
അദ്ധ്യക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന മകരന്ദ് പരഞ്ജ്പെ. പുസ്തകം പ്രകാശിപ്പിച്ചു പ്രസംഗിക്കുന്നത് ഒരു മലയാളി - പേര് നന്ദകുമാർ. ഈ ചടങ്ങിൽ നിന്ന് മനസ്സിലാക്കേണ്ടത് നന്ദകുമാർജി എന്നയാളും ഹരിഷങ്കർജി എന്നയാളും ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാരുടെ കേരളത്തിലെ മുന്തിയ ബുദ്ധിജീവികളാണെന്നാണ്.

മകരന്ദ് അക്കാദമിക് വൃത്തങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യ ചരിത്രകാരനും കവിയുമാണ്. എനിക്ക് പരിചയവുമുണ്ട്. ദക്ഷിണ കൊറിയയിൽ വച്ച് ഏഷ്യൻ സാഹിത്യത്തെ കുറിച്ചുള്ള ഒരു സെമിനാറിൽ അങ്ങേർക്കൊപ്പം ഒരു സെഷനിൽ ഒന്നിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ നോവലുകളെ കുറിച്ചായിരുന്നു ടിയാന്റെ പ്രബന്ധം. ആയതിൽ ഇന്ത്യൻ ഇംഗ്ലീഷ് കൃതികൾ മാത്രം പരാമർശിച്ചതിനാൽ തുടർസംവാദത്തിനിടയിൽ ഞാൻ ഇന്ത്യൻ ഭാഷകളിൽ "ആരോഗ്യനികേതൻ' പോലുള്ള മഹത്തായ കൃതികൾ ഉണ്ടായിട്ടുണ്ടെന്ന കാര്യം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു - താരാശങ്കർ ബാനർജിയുടെ "ഗൺദേവത'യുടെ ഇംഗ്ലീഷ് പരിഭാഷ വായിച്ചിട്ടുണ്ട്. അതു പണ്ട് സിലബസിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്നു.

പക്ഷേ "ആരോഗ്യനികേത'നെ പറ്റി കേട്ടിട്ടില്ല. പ്രധാനപ്പെട്ട ഇന്ത്യൻ കൃതികളൊന്നും വായിക്കാതെ മറുനാട്ടിൽ വന്ന് ഇന്ത്യൻ സാഹിത്യത്തെ പറ്റി വിവരക്കേട് വിളമ്പരുത് എന്ന് കഴിയുന്നിടത്തോളം മര്യാദ വിടാതെ അന്നു പ്രതികരിക്കേണ്ടി വന്നു. മകരന്ദ് പരഞ്ജ്പെ എന്ന പണ്ഡിതന്റെ നിലവാരം വ്യക്തമാക്കാൻ വേണ്ടിയാണ് മേൽ സ്വാനുഭവം വിസ്തരിച്ചത്. ജെഎൻയുവിൽ നടന്ന സകല നൈതിക പ്രക്ഷോഭങ്ങളിലും അക്കാദമിക് വിരുദ്ധവും വർഗ്ഗീയവുമായ വലതുപക്ഷ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ് ഈ മകരന്ദ്. അതിനെല്ലാം പ്രതിഫലമായി ലഭിച്ച ഡയറക്ടർ പദവിയിലിരുന്നു കൊണ്ട് അദ്ദേഹം ഷിംല ഇൻസ്റ്റിറ്റ്യൂട്ടിനെ സംഘപരിവാറിന്റെയും മോഡി ആരാധകരുടെയും താവളമാക്കി മാറ്റിയതെങ്ങനെ എന്നതിന്റെ
ലക്ഷണമൊത്ത ഉദാഹരണം കൂടിയാണ് ഈ പുസ്തകപ്രകാശനച്ചടങ്ങ്.

കേരളത്തിൽ എല്ലാം കുശാൽ എന്ന് ഓണമുണ്ട് ഏമ്പക്കം വിട്ടിരിക്കുന്നവർ ലിങ്കിലുള്ള വീഡിയോ ഒന്നു കാണണമെന്ന് അപേക്ഷിക്കുന്നു. മുഴുവൻ കാണാൻ അസാമാന്യ ക്ഷമ വേണം. മൂന്നു വിഷപ്പാമ്പുകളും ചേർന്ന് കേരളത്തെക്കുറിച്ചു സവിശേഷമായും ഇടതുപക്ഷ പ്രത്യയശാസ്ത്രങ്ങൾ, ജനാധിപത്യ സങ്കൽപ്പനങ്ങൾ എന്നിവയെ കുറിച്ച് പൊതുവായും പച്ചക്കള്ളങ്ങൾ ഛർദ്ദിച്ചുകൊണ്ടേയിരിക്കുന്നത് അനുഭവിച്ചറിയണമെന്നുള്ളവർ തച്ചിനിരുന്ന് ഒന്നര മണിക്കൂറും കാണേണ്ടിവരും. ആ അപൂർവ്വാനുഭവം വേണ്ടാത്തവർ, 9. 37 മുതൽ 14. 40 വരെയുള്ള ഭാഗവും (മകരന്ദ് കേരളത്തിലെ സാംസ്കാരിക ഭീകരതയെ നിർവ്വചിക്കുന്ന ഭാഗം) 20.47 മുതൽ 25.05 വരെയുള്ള ഭാഗവും ( നന്ദകുമാർ കൾച്ചറൽ ടെററിസത്തിന്റെ ഉദാഹരണമായി ഓണമിത്തിനെക്കുറിച്ചു പറയുന്ന ഭാഗം) കേട്ടാൽ മതി എമ്പാടും പടരുന്ന വിഷത്തിന്റെ സാമ്പിൾ വെടിക്കെട്ടായി.

ജെ. നന്ദകുമാർ

ദൈവത്തിന്റെ സ്വന്തം നാടായ കേരളം എങ്ങനെ കൊലനിലങ്ങളായി മാറി എന്ന വിഷയത്തെക്കുറിച്ചാണ് തങ്ങൾ ഇവിടെ തല പുണ്ണാക്കാൻ പോകുന്നത് എന്ന ആമുഖത്തോടെയാകുന്നു, ഷിംലയിലെ ലോകോത്തര ഗവഷണകേന്ദ്രത്തിന്റെ
അക്കാദമിക് തലവൻ കലാപരിപാടി തുടങ്ങി വയ്ക്കുന്നത്. തുടർന്ന് നന്ദകുമാർ എന്ന വിദ്വാൻ വച്ചുകാച്ചുന്നതിങ്ങനെ: മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ ഉദ്ഘോഷിക്കുന്ന ആചാരമായിരുന്നു യഥാർത്ഥത്തിൽ ഓണം. ഇടതു ലിബറലുകൾ ഗൂഡാലോചന നടത്തി പ്രീ പ്രൈമറി സ്കൂൾ തലം മുതലുള്ള സിലബസ്സ് തിരുത്തിയാണ് ഈ ആചാരത്തെ അസുരരാജാവിനെ സ്വാഗതം ചെയ്യുന്ന ഉത്സവമാക്കി മാറ്റിക്കളഞ്ഞത്. എങ്ങനെയുണ്ട്?

ഓണത്തിന് വയറു നിറച്ചു വിഴുങ്ങാൻ കല്ലുവച്ച നുണകൾ ഇനിയുമുണ്ട് ധാരാളം. അഞ്ചു മാസത്തോളം മുമ്പ് എഫ്.ബി ലൈവ് ആയി നടന്നതാണ് കേരളത്തെക്കുറിച്ചുള്ള ഈ ഗീബൽസിയൻ നുണപ്രചാരണം. അതു നടത്തിയതോ ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതും രാജ്യത്തെ ധൈഷണിക - സാംസ്കാരിക - സർഗ്ഗാത്മക മേഖലകളിൽ ഏറ്റവുംആധികാരികമെന്ന് കരുതപ്പെടുന്നതുമായ ഗവേഷണ കേന്ദ്രവും. കേരളം എന്ന സംസ്ഥാനത്തെക്കുറിച്ചും അവിടത്തെ ഭരണകൂടം, രാഷ്ട്രീയ പാർട്ടികൾ, നാമൂഹിക പ്രസ്ഥാനങ്ങൾ, ചരിത്രം, പാരമ്പര്യം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചും ഇത്രയേറെ തെറ്റിദ്ധാരണാജനകമായ പ്രചരണം ആഗോളതലത്തിലും ഭരണകൂടത്തിന്റെ തണലിലും നടന്നിട്ട് ഇന്നുവരെയും കേരളത്തിൽ നിന്ന് ആരും ഒരു സ്ഥാപനവും പ്രതികരിച്ചു കണ്ടിട്ടില്ല. ഈ വിഷലിപ്ത പ്രചാരവേലയ്ക്കെതിരേ കേരളസമൂഹവും ഇവിടത്തെ ഭരണകൂടവും മുന്നോട്ടു വരണ്ടതാണ്. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനോട് മേൽ വീഡിയോയിലെ ഉള്ളടക്കത്തിന് വിശദീകരണം തേടാൻ തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു.

Comments