യോഗി കത്തിക്കാൻ നോക്കുന്നത് എന്തെന്ന് വ്യക്തമല്ലേ!

'യു.പി. കേരളമോ, ബംഗാളോ , ജമ്മു കാശ്മീരോ ആകാൻ' അധികം സമയമെടുക്കില്ല എന്ന പ്രയോഗത്തിൽ വ്യക്തത കുറവുണ്ട് എന്ന് മാത്രമല്ല, തെറ്റുമുണ്ട്. അത് പുള്ളി ഉദ്ദേശിക്കുന്ന ശരിയുടെ മറുപക്ഷമായ തെറ്റുമല്ല. അത് മനസിലാക്കാൻ ഈ സംസ്ഥാനങ്ങളെ ഒരുമിച്ച് പരാമർശിച്ച യോഗിയുടെ യുക്തിയും ഈ സംസ്ഥാനങ്ങളുടെ വ്യതിരിക്തമായ ചരിത്രവും ഒരുപോലെ പരിശോധിക്കണം.

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് ഉണ്ടായ വിവാദം മുഖ്യമായും ഒരു സംസ്ഥാനത്തിന്റെ ഭരണ തലവൻ മറ്റൊരു സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നതിലാണ് കേന്ദ്രീകരിക്കുന്നത്. സ്വാഭാവികമായും ഇവിടത്തെ ബി.ജെ.പി. വൃത്തങ്ങൾക്ക് യോഗിയെ തള്ളാനും വയ്യ, കേരളത്തെ കൊള്ളാതിരിക്കാനും വയ്യ. അവർ ആ പ്രതിസന്ധിക്ക് കണ്ടെത്തുന്ന പരിഹാരമാണ് യോഗിയുടെ വാക്കുകൾ കേരളത്തിനെതിരേ അല്ല, മറിച്ച് കേരളത്തിലെ ഇടത് സർക്കാരിന് നേരെയുള്ള ഒരു വിമർശനം മാത്രമാണ് എന്ന വ്യാഖ്യാനം. ഒപ്പം ക്രമസമാധാന നില തകർന്നു, കേരളം തീവ്രവാദ ഹബ്ബായി മാറി തുടങ്ങിയ പതിവ് വാദങ്ങളും ഉണ്ട്. എന്നാൽ യോഗി യു.പിയിലെ വോട്ടർമാരോട് പറയാൻ ശ്രമിച്ചത് ഇതൊന്നുമല്ല എന്നത് വ്യക്തമാണ്.

കേരളം മാത്രമല്ല, പ്രസ്തുത വിവാദ പരാമർശത്തിൽ മറ്റ് രണ്ട് സംസ്ഥാനങ്ങൾ കൂടി ഉണ്ടായിരുന്നു എന്നത് പ്രധാനമാവുന്നത് ഇവിടെയാണ്. കേരളം, ബംഗാൾ, ജമ്മു ആൻഡ് കാശ്മീർ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളെ ഒരുമിച്ച് എടുത്തുകൊണ്ടുള്ളതായിരുന്നു യോഗിയുടെ പരാമർശം. ഈ സംസ്ഥാനങ്ങളെ ഒരുമിച്ച് കോർത്തുകൊണ്ട് അത്തരം ഒരു അപകീർത്തികരമായ പ്രയോഗം നടത്താൻ തക്കവണ്ണം അവയ്ക്കിടയിൽ പൊതുവായി ഉള്ളത് എന്താണ്?

"വോട്ടർ ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ' എന്നതുകൊണ്ട് യോഗി ഉദ്ദേശിക്കുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ എന്നാണ്. അതിൽ ഒരു വ്യക്തത കുറവും ഇല്ല. എന്നാൽ "യു.പി. കേരളമോ, ബംഗാളോ , ജമ്മു കാശ്മീരോ ആകാൻ' അധികം സമയമെടുക്കില്ല എന്ന പ്രയോഗത്തിൽ വ്യക്തത കുറവുണ്ട് എന്ന് മാത്രമല്ല, തെറ്റുമുണ്ട്. അത് പുള്ളി ഉദ്ദേശിക്കുന്ന ശരിയുടെ മറുപക്ഷമായ തെറ്റുമല്ല. അത് മനസിലാക്കാൻ ഈ സംസ്ഥാനങ്ങളെ ഒരുമിച്ച് പരാമർശിച്ച യോഗിയുടെ യുക്തിയും ഈ സംസ്ഥാനങ്ങളുടെ വ്യതിരിക്തമായ ചരിത്രവും ഒരുപോലെ പരിശോധിക്കണം. വിശദമായി പറയാം.

ഇടത് സർക്കാരിന് നേരെയുള്ള രാഷ്ട്രീയ വിമർശനം ?

യോഗിയുടെ വാക്കുകൾ കേരളം ഭരിക്കുന്ന ഇടത് സർക്കാരിനെതിരെയുള്ള ഒരു രാഷ്ട്രീയ വിമർശനം ആയിരുന്നുവെങ്കിൽ അതിൽ എങ്ങനെ കേരളത്തിനൊപ്പം ബംഗാളും, ജമ്മു ആൻഡ് കാശ്മീരും വന്നു? ബംഗാൾ പണ്ട് കമ്യുണിസ്റ്റുകൾ ഭരിച്ചിരുന്നു എന്നെങ്കിലും പറയാം, കാശ്മീർ?

ബംഗാൾ എടുത്താൽ അവിടെ 34 കൊല്ലം ഭരിച്ച ഇടത് കമ്യുണിസ്റ്റ് മുന്നണിയെ തോല്പിച്ച് അധികാരത്തിൽ വന്ന തൃണമൂൽ കോൺഗ്രസ് അതിനുശേഷം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഇന്നിപ്പോൾ അവിടത്തെ മുഖ്യ പ്രതിപക്ഷം ബി.ജെ.പിയും ആണ്. അതായത് യോഗി പറഞ്ഞ പട്ടികയിലെ മൂന്ന് സംസ്ഥാനങ്ങളിൽ അവർക്ക് സ്വാധീനം ഉറപ്പിക്കാൻ വിദൂര സാധ്യതയെങ്കിലും ഉള്ള ഒരിടം ആണ് ഇന്ന് ബംഗാൾ. അതുകൊണ്ട് തന്നെ, ഇടത് കമ്യുണിസ്റ്റ് സർക്കാരിനോടുള്ള വിമർശനത്തിൽ ബംഗാളെന്ന പേര് കടന്നുവരേണ്ട കാര്യമില്ല. 2011 മുമ്പുള്ള ഇടത് കമ്യുണിസ്റ്റുകൾ ഭരിച്ച 34 വർഷക്കാലം ബി.ജെ.പിക്ക് അവിടെ കാര്യമായ രാഷ്ട്രീയ സ്വാധീനമൊന്നും ഇല്ലായിരുന്നു എങ്കിലും ഇന്ന് അതല്ല കഥ. ബംഗാളിൽ ഇന്ന് സംഘപരിവാർ രാഷ്ട്രീയം ഇറക്കത്തിലല്ല, കയറ്റത്തിലാണ്.

ഈ മൂന്ന് സംസ്ഥാനങ്ങളെ, അവയുടെ ചരിത്രപരവും ഭൗതികവും സാംസ്‌കാരികവുമായ വ്യത്യസ്തതകളെ മുഴുവൻ മറന്ന് സമീകരിക്കാൻ യോഗി ആദിത്യനാഥിനെ പ്രേരിപ്പിച്ച ഘടകം ഇവിടങ്ങളിൽ ഉള്ള ജനസംഖ്യാനുപാതികവും രാഷ്ട്രീയവുമായ മുസ്‌ലിം പ്രാതിനിധ്യമാണ്.

ഇനി ജമ്മു ആൻഡ് കാശ്മീർ എടുത്താൽ അവിടത്തെ അവസാനത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വരുന്നത്, അത് സാധ്യമായത് ജമ്മു കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി)ക്ക് ബി.ജെ.പി. പിന്തുണ കൊടുത്തിട്ടാണ്. ജമ്മു ആൻഡ് കശ്മീരിന്റെ ചരിത്രം ഇതുവരെ പറഞ്ഞുവന്നതിൽ നിന്നും വ്യത്യസ്തമാണ് എന്നത് ഇതിൽ നിന്നും വ്യക്തം. എന്നിട്ടും യോഗി ആദിത്യനാഥിനെ പോലെയുള്ള ഒരു ബി.ജെ.പി. നേതാവിന് സംസ്ഥാന തിരഞ്ഞെടുപ്പ് നേരിടുന്ന വേളയിൽ തങ്ങൾക്ക് വിജയം ലഭിച്ചില്ലെങ്കിൽ നാടൊരു കേരളമോ, ബംഗാളോ, കാശ്മീരോ ആയി തീരും എന്ന് പറഞ്ഞെങ്കിൽ അതിന്റെ കാരണം തേടി ഇനിയും ഒരുപാട് അലയണോ?

എന്താണ് കവി ഉദ്ദേശിക്കുന്നത്?

യോഗി എന്തുകൊണ്ട് കേരളവും ബംഗാളും, കശ്മീരും തിരഞ്ഞെടുത്തു? അത് ഇടത് കമ്യുണിസ്റ്റ് സർക്കാരുകളോടുള്ള വിമർശനം ആണെന്നതൊക്കെ ഒന്നുകിൽ അനക്രോണിസ്റ്റിക് (കാലഗണന തെറ്റിയ) ധാരണകൾ വഴി ഉണ്ടായ ഒരു സമീകരണമാണ്, അല്ലെങ്കിൽ വെറും തമാശയാണ് എന്ന് മുകളിൽ വ്യക്തമാക്കിയല്ലോ. കേരളത്തിലെ ബി.ജെ.പി. വക്താക്കളിൽ പലരും വലിയ തമാശക്കാർ ആണെങ്കിലും യോഗി അങ്ങനെ ഒരു തമാശക്കാരനല്ല എന്നും നമുക്ക് അറിയാം. അപ്പോൾ?

ഈ മൂന്ന് സംസ്ഥാനങ്ങളെ, അവയുടെ ചരിത്രപരവും ഭൗതികവും സാംസ്‌കാരികവുമായ വ്യത്യസ്തതകളെ മുഴുവൻ മറന്ന് സമീകരിക്കാൻ യോഗി ആദിത്യനാഥിനെ പ്രേരിപ്പിച്ച ഘടകം ഇവിടങ്ങളിൽ ഉള്ള ജനസംഖ്യാനുപാതികവും രാഷ്ട്രീയവുമായ മുസ്‌ലിം പ്രാതിനിധ്യമാണ്. കേരളത്തിലും ബംഗാളിലും 30 ശതമാനത്തിന് മുകളിൽ വരും മുസ്‌ലിം ജനസംഖ്യ. ജമ്മു ആൻഡ് കാശ്മീരിൽ അത് എഴുപതിനോടടുത്തും. സ്വാഭാവികമായും ജനസംഖ്യാ ആനുപാതികമായ ശക്തമായ രാഷ്ട്രീയ പ്രാതിനിധ്യവും അവർക്ക് ഈ നാടുകളിൽ ഉണ്ട്. അപ്പോൾ യു.പിയിലെ ഹിന്ദുവിന് യോഗി "ജി' നൽകുന്ന വാണിങ്ങ് മുസ്‌ലിംങ്ങളെ രണ്ടാം തരം പൗരന്മാരാക്കി നിലനിർത്തുന്ന ഏർപ്പാട് സംഘപരിവാർ സംഘടനകളുടെ രാഷ്ട്രീയ അധികാരമില്ലാതെ അധികനാൾ നിലനിർത്താൻ പറ്റില്ല എന്നതല്ലാതെ മറ്റെന്താണ്!

സംഘപരിവാർ രാഷ്ട്രീയം നിർമ്മിക്കപ്പെട്ടിരിക്കുന്നു ബേസിക് ടെംപ്‌ളേറ്റ് തന്നെ മുസ്‌ലിമിന്റെ അപരവൽക്കരണം എന്നതാണ്. അതുകൊണ്ട് തന്നെ മുസ്‌ലിം ജനത തല ഉയർത്തിപ്പിടിച്ച് പൗരാവകാശങ്ങളോടെ സംഘടിക്കുകയും രാഷ്ട്രീയ പ്രക്രിയയിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന ഇടങ്ങൾ ഒക്കെയും അവർക്ക് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഒക്കെയായി തോന്നും. മുസ്‌ലിം ലീഗിന്റെ കൊടി പാകിസ്ഥാന്റെ പതാകയാണെന്ന് തോന്നും. മുസല്മാന്മാർ ഒക്കെയും ജിഹാദികളായ തീവ്രവാദികൾ ആണെന്ന് തോന്നും.

തങ്ങളുടെ മുഴുവൻ സംഘടനാ നെറ്റ്വർക്കും ഉപയോഗിച്ച് സംഘിരാഷ്ട്രീയം ഉത്തരേന്ത്യയിൽ നിർമ്മിച്ചെടുത്ത മുസ്‌ലിം വിരോധത്തിന്റെ, ഫോബിയയുടെ ഒക്കെയായ ഒരു പൊതുബോധമുണ്ട്. യോഗി ആദിത്യനാഥിന്റെ അപ്പീൽ ആ പൊതുബോധത്തോടാണ്, അല്ലാതെ അതിൽ ഇടത് സർക്കാർ വിമർശനമൊന്നും ഇല്ല.

ബി.ജെ.പി. ജയിച്ചില്ലെങ്കിൽ യു.പി. കേരളമാകുമോ?

ഇനി നമുക്ക് മറ്റൊരു ആങ്കിളിൽ യോഗിയുടെ ഈ പരാമർശത്തിന്റെ യുക്തിയെ വിശകലനം ചെയ്യാൻ ശ്രമിക്കാം. ബി.ജെ.പി. ജയിച്ചില്ലെങ്കിൽ യു.പി. കേരളമാകുമോ? വ്യാമോഹമാണ് എന്നേ പറയാനുള്ളു.

ബി.ജെ.പി. രൂപീകരിക്കപ്പെടുന്ന 1980നും മുമ്പേ കേരളം ഉണ്ട്. അതിന്റെ വിദ്യാഭ്യാസ, ആരോഗ്യ, സാംസ്‌കാരിക, സാമൂഹ്യ മേഖലകളിലെ കുതിപ്പ് തുടങ്ങുന്നത് അതിലും എത്രയോ മുമ്പാണ്. ബ്രാഹ്‌മണ്യം അധഃപതിച്ചതായി കരുതിയിരുന്ന സാമൂഹ്യ വിഭാഗങ്ങൾ നയിച്ച ഒരു സാംസ്‌കാരിക നവോതഥാനത്തിന്റെ സൃഷ്ടിയായ കേരളം ഇന്ത്യയിൽ, ഒരുപക്ഷെ ലോകത്തിൽ ആദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ ഒരു ഇടത് കമ്യുണിസ്റ്റ് ഭരണകൂടത്തെ അധികാരത്തിലേറ്റിയ നാടാണ്. അത് സംഭവിച്ചത് 57 ലാണ്. ഇവിടെ വിദ്യാഭ്യാസ, ഭൂപരിഷ്‌കരണങ്ങളുടെ കരട് ബില്ലുകൾ ചർച്ചയായത് ആ സർക്കാരിന്റെ കാലം മുതൽക്കേ ആണ്. അന്നുമുതൽ പൊരുതിയും, വെള്ളം ചേർക്കലിനെ പറ്റുമ്പോലെ പ്രതിരോധിച്ചുമൊക്കെ നടപ്പിലാക്കിയ "ഇടത് ' പരിപ്രേക്ഷ്യമുള്ള സാമൂഹ്യ ദർശനത്തിന്റെ ഘടനാപരമായ ചട്ടക്കൂട് ആണ് ഇന്ന് മോഡി തലവനായ നീതി ആയോഗിന്റെ കണക്കിലും കേരളത്തെ "best-performing large state in terms of overall performance' എന്ന പദവിയേയ്ക്ക് ഉയർത്തിയത്.

ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ വ്യക്തമാക്കുന്ന പട്ടിക. യോഗിയുടെ വിവാദ പരാമർശത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ പങ്കു വെച്ചത്.

ജനം അധികാരത്തിലേറ്റിയ ഒരു സർക്കാരിനെ വെറും രണ്ട് കൊല്ലത്തിനുള്ളിൽ പിരിച്ച് വിടാൻ കഴിഞ്ഞിട്ടും ഇവിടത്തെ വലത് രാഷ്ട്രീയ ശക്തികൾക്ക് ആ പൊളിറ്റിക്കൽ ലെഗസിയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഇല്ലാതാവാൻ ഇടത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പക്ഷത്തു നിലയുറപ്പിച്ച മനുഷ്യർ അനുവദിച്ചില്ല. അറുപതോളം വർഷങ്ങൾ കാത്തിരുന്നിട്ടാണ് ഇവിടെ ഒരു ഇടത് കമ്യുണിസ്റ്റ് സർക്കാരിന് പത്ത് കൊല്ലം ഭരിക്കാൻ അവസരം ഒരുങ്ങിയത്. എന്നിട്ടും, അതായത് അധികാരം ഇല്ലാത്തപ്പോഴും ആശയത്തെ ഉറങ്ങാൻ വിടാതെ സദാ ഉണർത്തി കൂടെ നിർത്തിയിരുന്ന മനുഷ്യരുടെ പോരാട്ട വീര്യത്തിന്റെ പൊതുവായ വിജയമാണ് മോഡി തലവനായ നീതി ആയോഗിന്റെ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. അതിൽ യു.പിയുടെ സ്ഥാനം എത്രയാണ്?

അതായത് ഒരു തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോല്പിച്ചാലൊന്നും യു.പിക്ക് കേരളമാവാൻ പറ്റില്ല. തോല്പിക്കേണ്ടത് ബി.ജെ.പി. എന്ന പാർട്ടിയെ മാത്രമല്ല, ബ്രാഹ്‌മണിക് ഹിന്ദുത്വമെന്ന അവരുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെ കൂടിയാണ്.

കേരളം ഉണ്ടായ കഥ

കേരളമാവണമെങ്കിൽ ആദ്യം എങ്ങനെയാണ് കേരളം ഉണ്ടായത് എന്ന് മനസിലാക്കണം. പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളത്തിന് മതന്യൂനപക്ഷ വിരോധം അത്രത്തോളം ഇല്ലായിരുന്നു എന്നത് ഒഴിച്ചാൽ യു.പിയും അതുപോലെയുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി വലിയ അന്തരം ഒന്നും ഉണ്ടായിരുന്നില്ല. ജാതിവ്യവസ്ഥയും, അതിന്റെ ഭാഗമായ കീഴാചാരങ്ങളും ഒക്കെയായി തുടർന്ന കേരളത്തിന്റെ പ്രാകൃതാവസ്ഥയെ മാറ്റി തീർത്തത് ഇവിടെ നടന്ന സാംസ്‌കാരിക നവോത്ഥാനമാണ്. അത് കേവലം സമുദായ പരിഷ്‌കരണമായി പര്യവസാനിക്കാതിരുന്നത് സമൂഹത്തിലെ താഴേ തട്ടിൽ നിന്നും വേരുപിടിച്ച് ഉയർന്നുവന്ന ഒന്നായിരുന്നു എന്നത് കൊണ്ടും.

അയ്യങ്കാളിയെയും, പൊയ്കയിൽ അപ്പച്ചനെയും, മക്തി തങ്ങളെയും, ആര്യാട് ഊപ്പയെയും പോലെയുള്ള അധസ്ഥിത വിഭാഗങ്ങളിൾ നിന്നും ഉയർന്നുവന്ന നിരവധി നേതാക്കളും, അവർ പ്രതിനിധാനം ചെയ്യുന്ന വിമോചന രാഷ്ട്രീയ അന്വേഷണങ്ങളുടെ ധാരകളും അവയ്ക്ക് ആത്മീയവും, തത്വചിന്താപരവും യുക്തിപരവുമായ നേതൃത്വം നൽകാൻ നാരായണ ഗുരുവിനെയും കുമാരൻ ആശാനെയും, സഹോദരൻ അയ്യപ്പനെയും പോലെയുള്ള പ്രതിഭകളും ചേരുന്നതാണ് കേരളീയ നവോത്ഥാനം. മുകളിൽ നിന്ന് കെട്ടിയിറക്കിയതല്ല, താഴെനിന്നും മുകളിലേക്ക് വ്യാപിക്കുന്നതായിരുന്നു അതിന്റെ സോഷ്യൽ ഡൈനാമിക്‌സ്. ജാതിയും വർഗ്ഗവും ഏതാണ്ട് ഒന്നായിരുന്ന സവിശേഷ അവസ്ഥയിൽ കിഴാള വിമോചനത്തിന്റെ രാഷ്ട്രീയ മുഖമായി മാറാൻ വർഗ്ഗ രാഷ്ട്രീയത്തിന് കഴിഞ്ഞു. അതാണ് 57 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്യുണിസ്റ്റ് സർക്കാർ.

ബ്രാഹ്‌മണിക് ഹിന്ദുത്വം അറപ്പോടെ കണ്ട് മാറ്റിനിർത്തിയ മനുഷ്യർ മുമ്പിൽ നിന്ന് നയിച്ച കേരളീയ നവോത്ഥാനം പോലെ ഒന്നിന് പാകമാവാതെ, അതിന്റെ വർഗ്ഗ രാഷ്ട്രീയ തുടർച്ചയ്ക്ക് പാകമാകാതെ യു.പി. ഒരിക്കലും ഒരു സുപ്രഭാതത്തിൽ കേരളമായി മാറില്ല. അത് യോഗിയെ പോലെ ഒരു രാഷ്ട്രീയ ചാണക്യന് അറിയാതെ വരാനും തരമില്ല.
യോഗിക്കെന്നല്ല, ബ്രാഹ്‌മണിക്ക് ഹിന്ദുത്വത്തിന് ആകെ ഒരു ഭയം മതേതര ജനാധിപത്യം എന്ന ആശയത്തെ, അതിന്റെ മൂല്യങ്ങളെയാണ്. അവയുടെ സാമൂഹ്യ വ്യാപനത്തെ പ്രതിരോധിക്കാൻ അവർ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന തന്ത്രം നമുക്കിടയിൽ അപകടകാരിയായ ഒരു "അന്യ' സമൂഹം ഉണ്ടെന്നും അത് നമ്മുടെ ദേശീയതയ്ക്കും അഖണ്ഡതയ്ക്കും ഒരു ഭീഷണിയാണെന്നും പ്രചരിപ്പിക്കുകയും ആ ഭയം ഊട്ടി ഉറപ്പിക്കുകയും എന്നതാണ്. ആരാണ് ആ സമൂഹത്തിനുള്ളിലെ അന്യ സമൂഹം? മുസ്‌ലിം തന്നെ.

യോഗി കത്തിക്കാൻ നോക്കുന്നത് എന്തെന്ന് ഇപ്പോൾ വ്യക്തമല്ലേ?

Comments