ടി.വി ചലഞ്ച് കൊണ്ട് കാര്യമില്ല, കൊടുക്കേണ്ടത് ടാബ്ലറ്റുകളും ലാപ്‌ടോപ്പുകളും

'ക്ലാസിലെ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പത്തോ ഇരുപതോ ലാപ്പുകൾ ഉണ്ടാവണം. അവ സ്വതന്ത്രമായി ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയണം. സെക്കന്ററി തലം മുതലെങ്കിലും പഠനത്തെ ഇങ്ങനെ മാറ്റിതീർക്കാൻ ആലോചനകൾ നടക്കണം'

സെന്റ്‌ ഓഫ് ദിവസം ഒരു സെൽഫി എടുത്തത്, സ്കൂളിലും നാട്ടിലും വലിയ പുകിലായി തീരുകയും അതിന്റെ പേരിൽ അധ്യാപകരുടെയും ചില സാമൂഹിക വിരുദ്ധരുടെയും ഭീകരമായ അപമാനിക്കലിന് ഇരയാവുകയും ചെയ്ത, ആ മനോവിഷമത്താൽ ആത്മഹത്യ ചെയ്ത സനാഥ് എന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിയെക്കുറിച്ച് ഓർക്കുകയാണ്. സ്മാർട്ട് ഫോൺ അടക്കമുള്ള ഡിജിറ്റിൽ ഉപകരണങ്ങളെ നമ്മുടെ വിദ്യാലയങ്ങൾ സമീപകാലം വരെ എങ്ങിനെയാണ് കണ്ടിരുന്നത് എന്നതിന്റെ തെളിവും ഇരയും ആയിരുന്നു ആ കുട്ടി. കേരളത്തിലെ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ മേശ വലിപ്പുകൾ കുട്ടികളിൽ നിന്നും പിടിച്ചെടുത്ത സ്മാർട്ട് ഫോണുകളുടെ മ്യൂസിയം കൂടിയാണ്. സ്കൂളിൽ കൊണ്ടുവരപ്പെടുന്ന മൊബൈൽ ഫോണുകൾ കണ്ടുകെട്ടണമെന്നും ആവശ്യമെങ്കിൽ ലേലം വിളിച്ച് പി.ടി.എ ഫണ്ടിന് മുതൽകൂട്ടണമെന്നും നിർദ്ദേശിക്കുന്ന സർക്കുലറുകൾ ഇറങ്ങിയിട്ടും അധികം കാലമായില്ല.

സ്കൂളിൽ കൊണ്ടുവരപ്പെടുന്ന മൊബൈൽ ഫോണുകൾ കണ്ടുകെട്ടണമെന്നും ആവശ്യമെങ്കിൽ ലേലം വിളിച്ച് പി.ടി.എ ഫണ്ടിന് മുതൽകൂട്ടണമെന്നും നിർദ്ദേശിക്കുന്ന സർക്കുലറുകൾ ഇറങ്ങിയിട്ടും അധികം കാലമായില്ല

ടെലിവിഷനും സമാനമായ കഥ സ്കൂളിനെക്കുറിച്ച് പറയാനുണ്ട്. പത്താം ക്ലാസിലേക്ക് / ഹയർസെക്കൻഡറിയിലേക്ക് കുട്ടികൾ പ്രവേശിപ്പിച്ചു കഴിഞ്ഞു ആദ്യം വിളിക്കുന്ന രക്ഷാകർത്തൃയോഗങ്ങളിൽ അധ്യാപകർ കർശനമായി നൽകുന്ന താക്കീതാണ് കുട്ടികൾ ടെലിവിഷൻ കാണരുത് അല്ലെങ്കിൽ ഉടൻ കേബിൾ കണക്ഷൻ കട്ട് ചെയ്യണം എന്നത്. പൊതുപരീക്ഷ അടുക്കാറാവുമ്പോഴേക്കും ഇത് താക്കീതായും ഭീഷണിയായും മാറും. സ്കൂളിൽ കാലത്താൽ നടത്തിവരാറുള്ള ഒരു ചടങ്ങിനെക്കുറിച്ച് കൂടി പറയാം. സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് എന്നതാണ് അത്. പൊലീസ് വകുപ്പാണ് നൽകുക. അതിൽ കാണിക്കുന്ന വീഡിയോകൾക്കും ഉദാഹരിക്കുന്ന കഥകൾക്കും കേരളത്തിൽ എല്ലായിടത്തും ഒരേ സ്വഭാവം തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പലവിധബന്ധങ്ങളിൽ പെട്ട് വഴിതെറ്റുകയും ലഹരിക്കടിമപ്പെടുകയും പഠനത്തിൽ തകർന്നു തരിപ്പണമാവുകയും ചെയ്ത വിദ്യാർഥികളുടെ കഥനകഥകൾ ആണ് ഇതിലെ സ്ഥിരം വിഭവം. ഈ മഹാപാതകങ്ങൾക്കെല്ലാം ഉള്ള ശിക്ഷ ഒറ്റയടിക്ക് സ്കൂളിനും അധ്യാപകർക്കും നൽകി എന്നതാണ് കൊറോണക്കാലത്തിന്റെ അപൂർവ്വം ഗുണങ്ങളിൽ ഒന്ന്. ഇപ്പോൾ വീട്ടിൽ ടി.വി ഉണ്ടോ, ഉണ്ടെങ്കിൽ കേബിൾ ആണോ ഡിഷ്‌ ആണോ, സ്മാർട്ട് ഫോൺ ഇല്ലേ, സോഷ്യൽ മീഡിയയിൽ സജീവമല്ലേ എന്നിങ്ങനെ മാഷന്മാരും ടീച്ചർമാരും കുഞ്ഞുങ്ങളെ വിളിയാണ്. വിളിയോട് വിളി. ഇത്രയും കാലം വിദ്യാഭ്യാസത്തിന്റെ എതിർ കള്ളിയിൽ നിർത്തി, തങ്ങളെ ആട്ടിയകറ്റാൻ കുരിശുചൂണ്ടി മന്ത്രം ചൊല്ലിയവർക്ക് ഇപ്പോൾ നമ്മളെയൊക്കെ വേണ്ടിവന്നു എന്ന് ടെലിവിഷനും സ്മാർട്ട് ഫോണും ഉള്ളിൽ ചിരിയടക്കുന്നു.

ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് അത് നൽകുന്നതിന് പകരം അവർക്ക് യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സ്കൂളുകളിൽ നിറയെ ഡിജിറ്റൽ ഉപകരണങ്ങൾ, അത് ലാപ്ടോപ് ആയാലും നല്ലതരം ടാബുകൾ ആയാലും ഉണ്ടാവുകയാണ് വേണ്ടത്.

ഈ സൗകര്യങ്ങൾ ഇല്ലാത്തവർക്ക് പഠനത്തിനായി ഇവ എത്തിച്ചുകൊടുക്കാനുള്ള ബാധ്യത ഏറ്റെടുത്ത സർക്കാർ / സർക്കാർ ഇതര സംവിധാനങ്ങൾ അതിനായി കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ടി വി ചാലഞ്ച് ഒരു ഉത്തരവാദിത്വമായി കേരള സമൂഹം ഏറ്റെടുത്തു. എന്നാൽ നാളെ കൊറോണയുടെ ഭീതിയകന്നു കുട്ടികൾ ക്ലാസ് മുറിയിലേക്ക് വരുമ്പോൾ വീണ്ടും പഴയ ഉപദേശങ്ങൾ അധ്യാപകർ പൊടിതട്ടി എടുക്കുമോ? സോഷ്യൽമീഡിയയിൽ തൊടുന്നത് വണ്ടിക്ക് തലവെക്കുന്നതിനേക്കാൾ ഭീകരമാണെന്ന് ഭീഷണി മുഴക്കുമോ? കേബിൾ നെറ്റ് വർക്കും ഡി.ടി.എസ്സും കട്ട് ചെയ്യാൻ ആവശ്യപ്പെടുമോ? എങ്കിൽ ഈ ശ്രമങ്ങളെല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആവില്ലേ? ടെലിവിഷനിൽ സീരിയലുകളും സ്മാർട്ട് ഫോണുകളിൽ ചാറ്റിംഗും ആയി "വന്ന വെള്ളം ഉള്ള വെള്ളത്തെയും കൊണ്ടുപോയി' എന്ന് പരിതപിക്കാൻ ഇവ കാരണമാവുമോ? കണ്ടറിയണം അതൊക്കെ!

യഥാർത്ഥത്തിൽ നാം നാളിതുവരെ എടുക്കാനും തൊടുക്കാനും മടിച്ചിരുന്ന പലതിനെയും കോവിഡ് അനിവാര്യമാക്കി എന്നതാണ് നേര്. ഡിജിറ്റൽ ഉപകരണങ്ങളെ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഉപയോഗിക്കാൻ ലോകമാസകലം ശ്രമം തുടങ്ങിയിട്ട് കാലം ഏറെയായി. ഇന്റർനെറ്റും കമ്പ്യൂട്ടറും സ്മാർട്ട് ഫോണുകളും അടക്കം ക്ലാസ് മുറിയിൽ ഉപയോഗിക്കുന്ന പ്രോജക്റ്ററും ഡിജിറ്റൽ ബോർഡുകളും നമ്മുടെ പരമ്പരാഗതമായ പഠനരീതികളെ പൊളിച്ചെഴുതി.

ക്ലാസിലെ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പത്തോ ഇരുപതോ ലാപ്പുകൾ ഉണ്ടാവണം. അവ സ്വതന്ത്രമായി ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയണം. സെക്കന്ററി തലം മുതലെങ്കിലും പഠനത്തെ ഇങ്ങനെ മാറ്റിതീർക്കാൻ ആലോചനകൾ നടക്കണം.

അധ്യാപകർ അവ ഉപയോഗിച്ച് ബോധനം നടത്തുന്നു എന്നതിലുപരി കുട്ടികൾ അവ ഉപയോഗിച്ച് അന്വേഷണങ്ങളും കണ്ടെത്തലുകളും അവതരണങ്ങളും നടത്തുന്ന രീതിയാണ് സ്വീകരിക്കപ്പെടുന്നത്. സ്കൂൾ അതിനുള്ള കേന്ദ്രമാവുകയാണ് വേണ്ടത്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ക്ലാസ് മുറിയുടെ കുടുസ്സിൽ കുട്ടികളെ കെട്ടിയിടുന്ന രീതിക്ക് പുറത്താണ് ഇതിന്റെ സാധ്യതയുടെ അന്വേഷണം നടക്കേണ്ടത്. സ്കൂളുകളിൽ അതിനുള്ള സൗകര്യം വ്യാപകമാവുകയാണ് വേണ്ടത്. ലാപ്പ് ടോപ്പുകൾ സ്കൂളിൽ കൊണ്ടുവരാൻ കുട്ടികളെ അനുവദിക്കണം. സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂളിൽ നിന്ന് അത് താത്കാലികമായി നൽകാൻ കഴിയണം. ഒരു ക്ലാസിൽ ഒരു ലാപ്പാണ് ഇപ്പോൾ ഉള്ളത്. അത് അധ്യാപകരുടെ കസ്റ്റഡിയിൽ ആയിരിക്കും. അതുപയോഗിച്ച് ചിലപ്പോൾ ചില പ്രസന്റെഷനുകൾ/ വീഡിയോ കാട്ടുന്നതാണ് നമ്മുടെ ഹൈടെക്ക് ക്ലാസ് മുറികൾ. അതിനു പകരം ക്ലാസിലെ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പത്തോ ഇരുപതോ ലാപ്പുകൾ ഉണ്ടാവണം. അവ സ്വതന്ത്രമായി ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയണം. സെക്കന്ററി തലം മുതലെങ്കിലും പഠനത്തെ ഇങ്ങനെ മാറ്റിതീർക്കാൻ ആലോചനകൾ നടക്കണം. ഇനിയും രണ്ടോ മൂന്നോ മാസം മുഴുവൻ കുട്ടികളും ക്ലാസിൽ വരേണ്ടതില്ല. ജൂലായ്‌ മാസത്തിൽ തുടങ്ങുമ്പോഴും മുപ്പത് ശതമാനം കുട്ടികൾ / പരമാവധി ഇരുപത് കുട്ടികൾ മാത്രമേ ക്ലാസിൽ വരേണ്ടതുള്ളൂ എന്ന് തീരുമാനിക്കാൻ കഴിയണം. വളരെ കൃത്യമായി ആസൂത്രണം നടത്തി പഠിക്കാനുള്ള കാര്യങ്ങൾ അധ്യാപകർ ഡിജിറ്റൽ കണ്ടന്റുകളായി നൽകുകയും അതുപയോഗിച്ച് അവർ വിവിധ പ്രവർത്തനങ്ങളിലേക്ക് പോവുകയും ചെയ്യണം. രണ്ടു ദിവസം കഴിഞ്ഞ് എത്തുമ്പോൾ അവയുടെ അവതരണങ്ങളും ചർച്ചകളും നടക്കണം. പുതിയ ഉള്ളടക്കങ്ങളും ആലോചനകളും ആയി വീണ്ടും വീട്ടിൽ പ്രവർത്തനങ്ങൾ. ഇങ്ങനെ ഒരു രീതി മുന്നോട്ടു കൊണ്ടുപോകുമ്പോൾ പരീക്ഷകളും മറ്റും പൂർണ്ണമായും ഡിജിറ്റൽ ആക്കാൻ കഴിയും. ഒരു പ്രസന്റേഷൻ, ഒരു നോട്ട്, പൂരിപ്പിക്കുന്ന ഒരു ഡാറ്റാ ഷീറ്റ് ഇവയാകും വിലയിരുത്തപ്പെടേണ്ടി വരിക.

ഓൺ ലൈൻ പഠനം അതിന്റെ സാധ്യതകളെ അനുനിമിഷം വിപുലീകരിക്കും. കാലഹരണപ്പെട്ട, പിടിച്ചു നിൽക്കാൻ പാടുപെടുന്ന ടെലിവിഷൻ എന്ന മാധ്യമത്തിലേക്ക് ഓൺലൈൻ പഠനത്തെ ചുരുക്കിക്കെട്ടുന്നത് ഒരിഞ്ചു പോലും നാം ഇന്ന് സ്വീകരിച്ചിരിക്കുന്ന പാഠ്യപദ്ധതി സമീപനത്തെ മുന്നോട്ടുകൊണ്ടുപോകില്ല. മാത്രമല്ല അത് ആർക്കും ഏതുനിമിഷവും അനുകരിക്കാവുന്ന മാതൃകകളെ സൃഷ്ടിക്കുകയും അത് കച്ചവടക്കാരുടെ കൈപ്പിടിയിൽ ആവുകയും ചെയ്യും. ടി വി ചാലഞ്ച് കേരളത്തിൽ പത്തിരുപത് വർഷങ്ങളായി നടക്കുന്ന പാഠ്യപദ്ധതി സമീപനങ്ങളെ കടപുഴക്കുകയാണ് ചെയ്യുക എന്ന് അതിനായി എല്ലാ ഊർജ്ജവും സംഭരിക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മനസ്സിലാവുന്നില്ല. സ്വന്തമായി ടെലിവിഷൻ ഇല്ലാത്ത ആളുകൾക്ക് അത് ഉണ്ടാവുന്നത് മോശമൊന്നുമല്ല. അത് പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരിൽ ആവുമ്പോൾ അതിനു ഒരു പാവനത കൈവരുന്നു. അത് അനാവശ്യമാണ്. നമ്മൾ അനുവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഒരു സംഭാവനയും നൽകാൻ ആ മാധ്യമത്തിന് കഴിയില്ല. അതാണ്‌ ഓൺലൈൻ പഠനം എന്നുകൂടി വിളിക്കുമ്പോൾ ഇരുപത് വർഷം മുന്നോട്ട് വരാൻ ആത്മവിശ്വാസമില്ലാതിരുന്ന, എങ്കിലും നമ്മുടെ ക്ലാസ് മുറികളിൽ നിന്നും പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാൻ കഴിയാതിരുന്ന കാലഹരണപ്പെട്ട വ്യവഹാര മനശ്ശാസ്ത്രത്തിന് പുത്തൻ കോട്ടും സ്യൂട്ടും ഇട്ട് അവതാരകവേഷത്തിൽ തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ അവസരം നൽകുകയാണ് നാം ചെയ്യുന്നത്.

ടി വി ചാലഞ്ച് കേരളത്തിൽ പത്തിരുപത് വർഷങ്ങളായി നടക്കുന്ന പാഠ്യപദ്ധതി സമീപനങ്ങളെ കടപുഴക്കുകയാണ് ചെയ്യുക എന്ന് അതിനായി എല്ലാ ഊർജ്ജവും സംഭരിക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും മനസ്സിലാവുന്നില്ല.

ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് അത് നൽകുന്നതിന് പകരം അവർക്ക് യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സ്കൂളുകളിൽ നിറയെ ഡിജിറ്റൽ ഉപകരണങ്ങൾ, അത് ലാപ്ടോപ് ആയാലും നല്ലതരം ടാബുകൾ ആയാലും ഉണ്ടാവുകയാണ് വേണ്ടത്. ഒരു ബാച്ച്കഴിഞ്ഞാൽ അത് അടുത്ത വർഷവും കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും. അത് സ്കൂളുകളിൽ നിറയെ ഉണ്ടാവുമ്പോൾ പഠനം കൂടുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുന്നതിന് സാമൂഹികമായിത്തന്നെ നമുക്ക് ബാധ്യതയുണ്ടാവും. ആയതുകൊണ്ട് ടി വി ചാലഞ്ച് എന്നത് അടിയന്തിരമായി ടാബ്ലറ്റ് ചാലഞ്ച് അഥവാ ലാപ്ടോപ് ചാലഞ്ച് എന്ന് നാം മാറ്റേണ്ടതുണ്ട്.

Comments