നാട്ടുനാടകരാവുകൾ

ഒറ്റ രാത്രിയുടെ ആയുസ്സേയുള്ളൂ എങ്കിലും ഓർമയിൽനിന്ന്​ ഒരിക്കലും കൊഴിഞ്ഞുപോകാത്ത നാടകനിശാഗന്ധികളെ ഓർത്തെടുത്ത്​​ എ. ശാന്തകുമാർ മുമ്പ്​ എഴുതിയ ലേഖനമാണിത്​. പ്രമുഖ നാടകകൃത്തും സംവിധായകനും സംഘാടകനുമായ ശാന്തകുമാർ ഇന്ന്​ (2021 ജൂൺ 16) അന്തരിച്ചു.

രങ്ങ് ജ്വലിപ്പിച്ച് പൊലിഞ്ഞു പോകുന്ന നാട്ടുനാടകങ്ങൾകൊണ്ട് സമ്പന്നമായിരുന്നു എന്റെ ഗ്രാമം. തെക്ക് പൂനൂർ പുഴയും, പടിഞ്ഞാറ് കോഴിക്കോട് നഗരവും വടക്ക് കക്കോടി ഗ്രാമവും, കിഴക്ക് വീണ്ടും പൂനൂർ പുഴയും അതിരിടുന്ന കരുവട്ടൂർ എന്ന നാടകഗ്രാമം.

നവംബർമാസത്തിന്റെ ഇളംകുളിരിനൊപ്പം ഇവിടുത്തെ രാത്രികളിൽ നാടകങ്ങൾ പൂക്കുമായിരുന്നു. എണ്ണമറ്റ കലാസമിതികൾ മൊട്ടിട്ട ഇവിടെ നാടകങ്ങൾക്ക് പൂക്കാതിരിക്കാനാവുമായിരുന്നില്ല! തിക്കോടിയന്റെയും തോപ്പിൽ ഭാസിയുടെയും സിൽ ജോസിന്റെയും മരട് രഘുനാഥിന്റെയും ഇ.കെ അയമുവിന്റെയും കെ.ടിയുടെയും താജിന്റെയും നാടകങ്ങൾ ഞങ്ങളുടെ വേനൽക്കാല രാത്രികളിലേക്ക് വിരുന്നെത്തിയിരുന്നു.

ചൂടും, കുളിരും തിരുവാതിരനിലാവും ശിവരാത്രി ചന്തവും നിറഞ്ഞ രാത്രികളിൽ നാടകങ്ങൾ നട്ട ഒരുപാട് പ്രതിഭകളുണ്ടായിരുന്നു ഞങ്ങളുടെ ദേശത്ത്.

അധികമാരാലും അറിയപ്പെടാതെ പോയവർ. സ്വന്തം ദേശത്ത് മാത്രം പ്രശസ്തരായവർ, ദേശത്തിനപ്പുറത്തേക്ക് സ്വന്തം പേരും പെരുമയും ഊതിപ്പറപ്പിക്കാനറിയാത്തവർ. എങ്കിലും അവർ സ്വന്തം നാട്ടുവാസികളെ അഹ്ലാദിപ്പിക്കാൻ നാടകകളരിയുമായി നടന്നവരായിരുന്നു!

പി.കെ. ഹരിദാസൻ മാസ്റ്റർ

അതിൽ പ്രഥമഗണനീയനായിരുന്നു പി.കെ ഹരിദാസൻ മാസ്റ്റർ! ഞങ്ങളുടെ പറമ്പിൽ ഗ്രാമത്തിലെ യുവജനകലാസമിതിയായിരുന്നു മാഷുടെ നാടകതട്ടകം. എല്ലാ തിരുവാതിര രാവുകളിലും അരങ്ങേറുന്ന വാർഷികാഘോഷ പരിപാടികൾ മൂന്നോ, നാലോ നാടകങ്ങളുണ്ടാവുമായിരുന്നു. അവയൊക്കെ സംവിധാനം ചെയ്തത് ഹരിദാസൻമാഷ് തന്നെ. പ്രശസ്ത എഴുത്തുകാരുടെ നാടകങ്ങളായിരുന്നു പ്രധാനനാടകം. ചെറുപ്പക്കാർക്ക് വേണ്ടി ഏകാങ്കനാടകം കുട്ടികൾക്ക് വേണ്ടി ബാലനാടകം. മൂന്നും ഒരുക്കിയത് ഹരിദാസൻ മാഷുടെ കരങ്ങളാൽ തന്നെ.

അന്ന് കുട്ടിയായിരുന്ന ഞാൻ ബാലനാടകങ്ങളിലെ സ്ഥിരം അഭിനേതാവായിരുന്നു. നാടകത്തിന്റെ ബാലപാഠങ്ങൾ എന്നിലേക്ക് പകർന്ന് തന്നെ ആദ്യത്തെ എന്റെ നാടക ഗുരുവാണ് ഹരിദാസൻ മാസ്റ്റർ. എന്നെ മാത്രമല്ല, നാട്ടിലെ ഒരുപാട് കുട്ടികളിലും ചെറുപ്പക്കാരിലും നാടകപ്പനി പകർത്തിയത് മാഷായിരുന്നു.

പഴയകാലത്തെ നാടക നോട്ടീസ്

ആബാലവൃന്ദം നാട്ടുകാരെ നാടകഭ്രാന്ത് പിടിപ്പിച്ചതും ഹരിദാസൻ മാഷുടെ നാടകങ്ങളായിരുന്നു. ഞങ്ങളുടെ ദേശത്ത് നാടകത്തിന്റെ വസന്തകാലം വിരിയിച്ച അധ്യാപകനായിരുന്നു ഹരിദാസൻമാഷ്. പറമ്പിൽ യുവജനകലാസമിതിയെ നാടകപെരുമയുടെ കുപ്പായമണിയിച്ചു ഹരിദാസൻമാഷ്. മാഷുടെ സംവിധാന പ്രതിഭ തിരിച്ചറിഞ്ഞ മറ്റ് ദേശക്കാരും മാഷെ നാടകമൊരുക്കാനായി ക്ഷണിച്ചുകൊണ്ടുപോയി. ഇന്നും, നാടകത്തിന് തിരശീല ഉയരും മുമ്പ് സ്റ്റേജിൽ നിന്ന് മുഴങ്ങുന്ന നാടക അറിയിപ്പ് കേൾക്കുമ്പോൾ മാഷുടെ ഘനഗംഭീരശബ്ദം കാതിൽ മുഴങ്ങും. ഉള്ളം കാലിൽ നിന്നൊരു പെരുപ്പ് മൂർദ്ധാവിലേക്ക് അരിച്ചു കയറും. അരങ്ങിൽ നാടകവെളിച്ചം തെളിയുമ്പോൾ പിന്നണിയിലെ അരണ്ട വെളിച്ചത്തിൽ ധ്യാനനിമഗ്നനായി കണ്ണടച്ചിരുന്ന മാഷെ ഓർമ്മവരും. തന്റെ നാടകങ്ങൾ അരങ്ങിൽ കത്തിപ്പടരണേ എന്ന പ്രാർത്ഥനയായിരിക്കാം മാഷിനപ്പോൾ!

നൂറിലേറെ നാടകങ്ങൾ മാഷ് സംവിധാനം ചെയ്തതായി അറിയാം. ഒട്ടേറെ നാടൻ മനുഷ്യരെ അരങ്ങിന്റെ വെള്ളി വെളിച്ചത്തിൽ ജ്വലിപ്പിച്ചുനിർത്തിയിട്ടുണ്ട് ഹരിദാസൻ മാഷ്. പച്ചയായ നാട്ടുമനുഷ്യരായിരുന്നു മാഷുടെ നടീനടന്മാർ. അവരറിയാതെ അവരെ മികച്ച അഭിനേതാക്കളാക്കിമാറ്റിയിരുന്നു മാഷ്.

നാട്ടിലെ പാൽക്കാരൻ ഭാസ്‌കരേട്ടനെയും ഭാസ്‌കരേട്ടന്റെ കൂടെ എപ്പോഴുമുണ്ടാകുന്ന തെരുവ് നായയേയും ഒരുമിച്ച് ഒരു നാടകത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട് മാഷ്. ഭാസ്‌കരേട്ടന്റെ കൂടെ അദ്ദേഹത്തിന്റെ നായ എച്ചിൽ പീപ്പയിലെ ഭക്ഷണം കഴിക്കുന്ന ആ രംഗം ഇപ്പോഴും മനസ്സിലുണ്ട്. നാടകത്തിലെ "റിയലിസം' ഞാനാദ്യമറിഞ്ഞത് മാഷിൽ നിന്നാണ്. പ്രശസ്തമായ "കയ്യൂരിന്റെ മക്കൾ' എന്ന നാടകം ആദ്യമായി അവതരിപ്പിച്ചത് ഹരിദാസൻ മാഷായിരുന്നു. ഞങ്ങളുടെ നാട്ടിൽ വെച്ച് നടന്ന ഒരു കർഷക സംഘം സമ്മേളന വേദിയിൽ.

നാൽപ്പത്തിയഞ്ചിലേറെ നാടൻ മനുഷ്യരായിരുന്നു അതിൽ കഥാപാത്രങ്ങളായി വേഷമിട്ടത്. ഉത്സവപറമ്പുകളിൽ ചായക്കട നടത്താറുണ്ടായിരുന്ന വാസൂട്ടിയേട്ടനായിരുന്നു അതിൽ ചാടക്കടക്കാരന്റെ വേഷമിട്ടത്. വാസൂട്ടിചേട്ടൻ സ്വന്തം സമോവറുമായി വന്ന് സ്‌റ്റേജിൽ ശരിക്കും ഒരു ചായക്കട തീർത്തു. നാട്ടിലെ കൊയ്ത്തുകാരികളായ സ്ത്രീകളായിരുന്നു ആ നാടകത്തിലെ കർഷക തൊഴിലാളികളായി വേഷമിട്ടത്. അവർ സ്വത:സിദ്ധമായ ഞാറ്റുപാട്ട് പാടി നാടകം കൊഴുപ്പിച്ചു. അതായിരുന്നു ഹരിദാസൻ മാഷ്. നാടൻ മനുഷ്യരുടെ നാടൻ ജീവിതം അവരെക്കൊണ്ട് തന്നെ അരങ്ങിൽ നാടകമാക്കിമാറ്റിയ "നാടക പെരുംതച്ചനായിരുന്നു' ഞങ്ങൾക്ക് ഹരിദാസൻ മാഷ്. ഒരു സംവിധായകൻ മാത്രമായിരുന്നില്ല പി.കെ ഹരിദാസൻ മാഷ്. നല്ലൊരു നടൻ കൂടിയായിരുന്നു.

എ. ശാന്തകുമാർ / ഫോട്ടോ: കമൽറാം സജീവ്

കോഴിക്കോട് മലബാർ തിയേറ്റേഴ്‌സിന്റെ "തറവാട്ടച്ഛൻ' എന്ന നാടകത്തിൽ മാഷ് ചെയ്ത പ്രധാനവേഷം ഇന്നും നാടകപ്രേമികളുടെ മനസിലുണ്ടാവാം. പിന്നെ ഒട്ടേറെ പ്രഫഷൽ നാടകങ്ങളിലും സിനിമകളിലെ കൊച്ചു വേഷങ്ങളിലൂടെയും വാർദ്ധക്യത്തിലും മാഷ് നിറഞ്ഞാടിയിരുന്നു. എങ്കിലും മാഷ് കോഴിക്കോടൻ നാടക ചരിത്രത്തിൽ അറിയപ്പെടാതെ പോയി എന്നതാണ് സങ്കടം.

ഹരിദാസൻ മാഷ് ഞങ്ങളുടെ ദേശത്ത് നാടകം നട്ടുനനച്ച് വളർത്തുമ്പോൾ, ഞങ്ങളുടെ പുഴയ്ക്കക്കരെ, പൂളക്കടവ്- വെള്ളിമാട്കുന്ന് പ്രദേശത്ത് നാടകത്തെമാത്രം പ്രണയിച്ച് ജീവിക്കാൻ മറന്നുപോയ മറ്റൊരു നാടകക്കാരനുണ്ടായിരുന്നു "എ.കെ മോഹൻദാസ്'. ഖദർമുണ്ടും, ഷർട്ടും മാത്രം ധരിക്കുന്ന നാടക ലഹരിയിൽ സദാ മുങ്ങിക്കിടക്കുന്ന എ.കെ മോഹൻദാസേട്ടൻ!

സാമൂഹ്യനാടകങ്ങളും പുരാണ നാടകങ്ങളുമായിരുന്നു മോഹൻദാസേട്ടന് പ്രിയം. ദാസേട്ടന്റെ "ഗുരുദക്ഷിണ' എന്ന നാടകത്തിൽ ഒരു വേഷം ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യങ്ങളിലൊന്നാണ്.

എ.കെ മോഹൻദാസ്

വെള്ളിമാട് കുന്നിൽ "ഡ്രാമാറ്റിക് തിയേറ്റേഴ്‌സ്' എന്ന പേരിൽ ഒരു നാടക സംഘമുണ്ടായിരുന്നു മോഹൻദാസേട്ടന്. ഈ നാടകസംഘം പുരാണ-സാമൂഹ്യ നാടകങ്ങളുമായി ഞങ്ങളുടെ ഉത്സവ പറമ്പുകളിൽ നാടകസുഗന്ധം പടർത്തിയിരുന്നു. പൂളക്കടവ് പുഴയോരത്ത് എല്ലാ വർഷവും ഒരു നാടകം എ.കെ മോഹൻദാസേട്ടന്റെ വകയായിരുന്നു. രാത്രിയിൽ, പുഴകടന്ന് ഞങ്ങൾ മോഹൻദാസേട്ടന്റെ നാടകം കാണാൻ ചൂട്ടും, പായയുമായി പോവുന്ന ചിത്രം ഇപ്പോഴും മനസിലുണ്ട്. അക്കൂട്ടത്തിൽ "ഉദ്ഘാടനം' എന്നൊരു നാടകം അന്നത്തെ കുട്ടിയായിരുന്ന എന്നിൽ കണ്ണീർ മഴ പെയ്യിച്ചിരുന്നു. പൂളക്കടവിലും വെള്ളിമാട് കുന്നിലും നാടകം നട്ടുനനച്ച് വളർത്തിയ മോഹനേട്ടൻ, ഒടുവിൽ കോർപ്പറേഷൻ കൗൺസിലറാവുകളും രാഷ്ട്രീയച്ചൂടിൽ നാടകം മറന്നുപോവുകയും, ഒടുവിൽ "നാടകക്കാരൻ' എന്ന മുദ്രയില്ലാതെ യവനിക താഴ്ത്തുകയും ചെയ്തു! കോഴിക്കോടൻ നാടക വേദി മറന്നുപോയ മറ്റൊരു പ്രതിഭ!

പൂളക്കടവ് പുഴയോരത്ത് "സ്വപ്‌ന ആർട്‌സ്' എന്ന പേരിൽ മറ്റൊരു നാടക സംഘമുണ്ടായിരുന്നു. സോമേട്ടന്റെ (എ.സോമൻ) നേതൃത്വത്തിൽ നടന്ന ഒരു യുവനാടക സംഘം. പൂളക്കടവിലെ ചിന്താശീലരായ ചെറുപ്പക്കാരുടെ ഒരു സംഘമായിരുന്നു അത്. അക്കാലത്തെ പരീക്ഷണ നാടകങ്ങളുടെ വക്താക്കളായിരുന്നു "സ്വപ്‌ന ആർട്‌സ്'!. സോമേട്ടനായിരുന്നു അത്തരം നാടകങ്ങളുടെ രചയിതാവും സംവിധായകനും.

ആദ്യരാത്രി, ചിത, ബസ്സ് എന്നീ നാടകങ്ങൾ എന്റെ കുഞ്ഞുമനസ്സിനെ ഭ്രമിപ്പിച്ചവയായിരുന്നു. ഒരു ബസ്സ് യാത്രയായിരുന്നു "ബസ്സ്' എന്ന നാടകത്തിലൂടെ സോമേട്ടൻ ആവിഷ്‌കരിച്ചത്. അക്കാലത്ത് അത് തീർത്തും പുതുമയുള്ളതായിരുന്നു. ബസ്സ് യാത്രക്കിടയിൽ ജീവിത സംഘർഷങ്ങൾ അനാവരണം ചെയ്ത ആ നാടകം പുതുവസ്ത്രത്തിന്റെ സുഗന്ധം നുകരും പോലെ അന്ന് ഗ്രാമീണവാസികൾ ആസ്വദിച്ചു എന്നുള്ളത് അത്ഭുതമാണ്. എത്രയോ വർഷങ്ങൾക്കുശേഷം തോപ്പിൽ ഭാസിയുടെ "കൈയ്യുംതലയും, പുറത്തിടരുത്' എന്ന നാടകം കണ്ടപ്പോൾ, ആ സങ്കേതം കാലങ്ങൾക്കുമുമ്പേ ഞങ്ങളുടെ നാട്ടിലെ നാട്ടുമനുഷ്യർ പരീക്ഷിച്ചതാണല്ലോ എന്ന് ഞാൻ ഓർത്തുപോയി. നാട്ടുനാടക സംഘങ്ങളുടെ ദാരിദ്ര്യത്തിൽ നിന്നുണ്ടാവുന്ന പരീക്ഷണങ്ങളാണ് പിന്നീട് "അർബൻ നാടകക്കാരുടെ' മൂലധനമായി മാറിയത് എന്നതിന് നാടക ചരിത്രം സാക്ഷി. സോമേട്ടന്റെ "ബസ്സ്' എന്ന പരീക്ഷണ നാടകം പിന്നീട് ദേവഗിരി കോളേജ്, യൂണിവേഴ്‌സിറ്റി നാടകമത്സരത്തിൽ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി എന്നത് ആരോ പറഞ്ഞിരുന്നു. പൂളക്കടവ് പുഴയോരത്ത് നാടകപൂമരങ്ങൾ നട്ട സോമേട്ടൻ, പിന്നീട് തീവ്രമായ ഇടതുപക്ഷ ചിന്തയിലേക്കു വഴിമാറിയപ്പോൾ, കേരളത്തിലെ അറിയപ്പെടുന്ന സംസ്‌കാരിക ചിന്തകനായി മാറിയപ്പോൾ നാടകം എഴുതാൻ മറന്നു. സംവിധാനം ചെയ്യാനും, അഭിനയിക്കാനും മറന്നു. എങ്കിലും കോഴിക്കോടൻ നാടകക്കാരുടെ കൂടെ ഊർജ്ജവും പ്രോത്സാഹനം പകർന്ന് സോമേട്ടനുണ്ടായിരുന്നു. എങ്കിലും സോമേട്ടന്റെ ജന്മവാസനകളിലൊന്നായിരുന്നു പരീക്ഷണ നാടകങ്ങൾ എന്നത് കോഴിക്കോടൻ നാടകവേദി അറിയാതെ പോവുകയും, അത് പൂളക്കടവിലെ പഴയതലമുറ മാത്രം ഓർക്കുന്ന ഒരു യാഥാർത്ഥ്യമായി ചുരുങ്ങുകയും ചെയ്തു.

പി.എൻ. കാരാട്ട്

പി.എൻ കാരാട്ട് എന്ന നാടകക്കാരനെ നിങ്ങൾ അറിയാനിടയില്ല. ഞങ്ങൾ കരുവട്ടൂർ ഗ്രാമക്കാർക്ക് അദ്ദേഹത്തിന്റെ നാടക സപര്യകൾ ഓർക്കാതിരിക്കാനാവില്ല. എന്റെ അയൽ ഗ്രാമമായ കരുവട്ടൂരിലെ ചെറുപ്പക്കാരിൽ നാടകം വിതച്ചു കാരാട് മാഷ്. നല്ലൊരു ചിത്രകലാ അധ്യാപകനും എഴുത്തുകാരനും മേക്കപ്പ് മാനുമായിരുന്നു അദ്ദേഹം. പി.എൻ കാരാട് മാഷിന്റെ യൗവ്വനം ഗ്രാമീണ നാടകങ്ങൾക്കായി സമർപ്പിതമായിരുന്നു. കരുവട്ടൂരിലെ റെഡ് യംഗ്‌സ്, ഐശ്വര്യകലാവേദി എന്നീ കലാസമിതികൾക്ക് വേണ്ടി നിരന്തരം നാടകങ്ങളൊരുക്കി കാരാട് മാഷ്. നാടക സംഘങ്ങൾക്കുവേണ്ടി സ്വന്തമായി കർട്ടൻ സെറ്റും ചമയപ്പെട്ടിയുമുണ്ടായിരുന്നു മാഷിന്. കരുവട്ടൂരിലെ പാടങ്ങളിൽ വേനൽക്കാലത്ത് മാഷ് നാടകം വിളയിച്ചു. മാഷുടെ നാടകത്തിന്റെ സുഗന്ധം അയൽഗ്രാമങ്ങളിലേക്കും പടർന്നു. അങ്ങനെ പി.എൻ കാരാടിന്റെ നാടകങ്ങൾ കാണാൻ ഞങ്ങൾ കരുവട്ടൂരിലേക്ക് രാത്രി സഞ്ചാരം നടത്തി. പയമ്പ്ര ഗവ: ഹൈസ്‌കൂളിലെ കുട്ടികൾക്കായി "പൂതപ്പാട്ട്' എന്നൊരു നാടകം മാഷ് അണിയിച്ചൊരുക്കുകയും അത് സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. പയമ്പ്ര ഹൈസ്‌കൂളിലെ നാടകക്കുട്ടികളുടെയും കാരാട് മാഷിന്റെയും ഫോട്ടോയും വാർത്തയും ഞങ്ങളുടെ ആദ്യത്തെ ദേശപ്പെരുമയായി പത്രത്തിൽ വന്നു. ഞങ്ങളതിൽ സ്വകാര്യമായി അഹങ്കരിച്ചു. കരുവട്ടൂരിൽ ഒരു നാടകസംസ്‌കാരം വളർത്തിയെടുക്കുന്നതിൽ ഒന്നാമതായി നിന്നു പി.എൻ കാരാട് മാഷ്. ഊഷ്മളമായ ഗൃഹാതുര സ്മരണകളുമായി മാഷ് ഇന്നും കരുവട്ടൂരിലുണ്ട്. സ്വന്തം പേരും പ്രതിഭയും ഗ്രാമം കടന്ന് പോവാത്തതിൽ ഒട്ടും പരിഭവവമില്ലാതെ!

സഹദേവൻ മക്കട

കരുവട്ടൂരിനും പി.എൻ കാരാടിനും തൊട്ടപ്പുറത്ത് പയമ്പ്ര മറ്റൊരു നാടകഗ്രാമമുണ്ട്. നാടകം ലഹരിയായി സ്വീകരിച്ച ഫിനിക്‌സ് കലാവേദിയിലെ ചെറുപ്പക്കാർ നൂതനമായ നാടക പരീക്ഷണങ്ങളുമായി ഒരുകാലത്ത് നിറഞ്ഞിരുന്നു. അവർക്കിടയിലേക്ക് നാടക മണ്ണ് ഉഴുതുമറിച്ച് പുതിയ വിത്തുകളിടാൻ ഒരാൾ വന്നു. സഹദേവൻ മക്കട! പയമ്പ്രയുടെ നാടകപാടത്ത് ഫീനിക്‌സ് കലാവേദിയിലെ ചെറുപ്പക്കാരെ കൂട്ടി സഹദേവേട്ടൻ നൂതന നാടകങ്ങൾ വിളയിച്ചു. അക്കാലത്തെ "ന്യൂജൻ' നാടകങ്ങൾ....

"ഒരു ഇന്ത്യൻ കഴുതയുടെ ആത്മകഥ', "പുതിയ വാർത്തകൾ'എന്നീ സഹദേവ നാടകങ്ങൾ എന്നെ ഏറെ ഭ്രമിപ്പിച്ചിരുന്നു. എന്നെമാത്രമല്ല പയമ്പ്രയിലെ നാടകപ്രേമികളായ ഗ്രാമീണരിലും അത് ഏറെ കൗതുകം ജനിപ്പിച്ചു.

കണ്ണാടിക്കൽ യുവജന ആർട്‌സ് ക്ലബ്ബിന്റെ 1989ലെ വാർഷികാഘോഷ നോട്ടീസ്.

ഇതിൽ, "ഒരു ഇന്ത്യൻ കഴുതയുടെ ആത്മകഥ' എന്ന നാടകം അക്കാലത്തെ അമച്വർനാടക വേദികളിൽ സൂപ്പർഹിറ്റായി. സമകാലിക രാഷ്ട്രീയത്തെയും ഭരണകൂട ഫാസിസത്തെയും കടന്നാക്രമിച്ച ആ നാടകം അക്കാലത്തെ യുവതയുടെ ആവേശമായിരുന്നു. ഒരുപാട് വേദികളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി "ഇന്ത്യൻ കഴുതയുടെ ആത്മകഥ!'.നടപ്പുരാഷ്ട്രീയത്തിന്റെ ഭരണകൂടഫാസിസത്തെ തൊലിയുരിച്ച് കാണിക്കുന്നതായിരുന്നു സഹദേവൻ മക്കടയുടെ നാടകങ്ങൾ. പയമ്പ്രഗ്രാമം സഹദേവ നാടകങ്ങളാൽ പുഷ്‌കലമായി.

ഞങ്ങളുടെ ദേശത്തിന്റെ തൊട്ടിപ്പുറത്ത് കണ്ണാടിക്കലിലും സഹദേവേട്ടന്റെ നാടകങ്ങൾ മുദ്രചാർത്തി. കണ്ണാടിക്കലിന്റെ നാടകചരിത്രം ചികയുമ്പോൾ ആദ്യം വരുന്ന പേര് ദശരഥൻ എന്ന നാടകക്കാരന്റേതാണ്. കണ്ണാടിക്കലിന്റെ കുട്ടികളിലായിരുന്നു ദശരഥേട്ടൻ നാടകം വിളയിച്ചത്. കുട്ടികളുടെ നാടകങ്ങൾ ചേതോഹരമായി വിരിയിച്ചെടുക്കാൻ ദശരഥേട്ടനു കഴിഞ്ഞു. അവിടുത്തെ യുവജന കലാസമിതിയുടെ വാർഷികാഘോഷങ്ങൾക്ക് ദശരഥേട്ടന്റെ നാടകങ്ങൾ മിഴിവേകി.

ദശരഥൻ

ഒരുപാട് കുട്ടികൾ അദ്ദേഹത്തിൽ നിന്നും നാടകം പഠിച്ചിറങ്ങിയിട്ടുണ്ടാവാം. ദശരഥേട്ടന്റെ നാടകങ്ങളും ഉത്തമമായ "ചിൽഡ്രൻസ് പ്ലേ'കളായിരുന്നു. എന്തുകൊണ്ടോ കോഴിക്കോടൻ ചിൽഡ്രൻസ് പ്ലേ ഹിസ്റ്ററിയിൽ ദശരഥേട്ടന്റെ പേര് കേൾക്കാതെ പോയി.

തന്റെ ദേശത്തിന്റെ വടക്കുഭാഗത്തും അങ്ങനെയൊരു നാടക പ്രതിഭയുണ്ട്. കിഴക്കുംമുറി ദേശപ്രബോധിനി വായനശാലയുടെ അമരക്കാരനായിരുന്നു അബൂബക്കർമാഷ്. കുട്ടികളുടെ നാടകങ്ങളും യുവനാടകങ്ങളും തെരുവ് നാടകങ്ങളും ഒരേപോലെ കൈകാര്യം ചെയ്ത അബൂബക്കർ മാഷ്. ഇടതുപക്ഷ രാഷ്ട്രീയം മധുചഷകംപോലെ നിറഞ്ഞുനിന്നിരുന്ന അബൂബക്കർ മാഷുടെ നാടകങ്ങളിൽ നിലാവിന്റെ കഷ്ണങ്ങൾ പോലെ അരങ്ങിനു ശോഭ പടർത്തിയിരുന്നു മാഷിന്റെ കുട്ടികളുടെ നാടകങ്ങൾ. അദ്ദേഹത്തിന്റെ തീക്ഷ്ണമായ തെരുവുനാടകങ്ങൾ അജിറ്റ്-ഗ്രേപ് തിയേറ്ററിന്റെ വന്യസൗന്ദര്യം പടർത്തിയിരുന്നു. ഇപ്പോഴും കുഞ്ഞുനാടകങ്ങളുമായി അബൂബക്കർമാഷ് നമ്മുടെ ഇടയിലുണ്ട്. നിശബ്ദനായി... സാത്വികഭാവങ്ങളോടെ.... കുട്ടികളുടെ നാടകമൊരുക്കുന്നതിൽ പ്രതിഭ തെളിയിച്ച മനോജ് നാരായണൻ, ശിവദാസ് പൊയിൽക്കാവ് എന്നിവരോടൊപ്പം ചേർത്തുവെക്കേണ്ടതാണ് അബൂബക്കർ മാഷിന്റെ നാമം. പക്ഷെ.... എന്തുകൊണ്ടോ കോഴിക്കോടൻ നാടക വർത്തമാനത്തിൽ അബൂബക്കർമാഷും കേൾക്കാതെ കാണാതെ പോവുന്നു!

നഗരത്തിൽ നിന്നും നാടകത്തിന്റെ പൂമണവുമായി ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക് വല്ലപ്പോഴും കടന്നുവരുന്ന ഒരു നാടകപ്രതിഭയുണ്ടായിരുന്നു. ജെ.പി എന്ന് നാം വിളിക്കുന്ന ജയപ്രകാശ് കാര്യാൽ!

ജയപ്രകാശ് കാര്യാൽ

ഞങ്ങളുടെ പുഴയോരത്ത് ഒരിക്കൽ നാടകം വിളയിക്കാൻ ജെ.പി വന്നു. പൂളക്കടവിലെ ഒരു കലാസമിതിക്ക് വേണ്ടി ഒരു സാമൂഹ്യനാടകം സംവിധാനം ചെയ്തതും, പ്രധാന വേഷമാടിയതും ജെ.പിയായിരുന്നു. കുട്ടിക്കാലത്ത് കണ്ട ആ നാടകം ഇപ്പോഴും ഞാൻ ഓർത്തെടുക്കാറുണ്ട്. പുഴയിലെ പരൽമീനുകളെപ്പോലെ അരങ്ങിലെ കഥാപാത്രങ്ങളെ ചേതോഹരമായ ചലനങ്ങളിലൂടെ വിന്യസിപ്പിച്ച് നാടകത്തിന് പിടിതരാത്ത സൗന്ദര്യം തീർത്ത ജെ.പി അക്കാലത്ത് അത് ഞങ്ങൾക്ക് പുത്തൻ അനുഭവമായിരുന്നു.

കട്ടിമീശയും കവിളിലൊരു കറുത്തമറുകുമായി ആ നാടകത്തിലെ ജെ.പിയുടെ വില്ലൻവേഷം കണ്ട് പ്രേക്ഷകർ തരിച്ചിരുന്നു പോയിട്ടുണ്ട്. മിതത്വമാർന്ന ഭാവാഭിനയത്തിലൂടെ ഒരു വില്ലന്റെ എല്ലാ ക്രൗര്യതകളും പ്രകാശിപ്പിച്ച് ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട് ജെ.പി.

പയമ്പ്രയിൽ രാവുണ്ണി എന്ന നാടകം ചെയ്യാൻ ജെ.പി വിരുന്നുവന്നു. ഗ്രാമീണരായ അഭിനേതാക്കളെക്കൊണ്ട് ലളിതമായ രംഗസജ്ജീകരണങ്ങളിലൂടെ സംവിധാനകലയുടെ സൗന്ദര്യം രാവുണ്ണിയിലൂടെ ഞങ്ങൾക്കു കാണിച്ചുതന്നു ജെ.പി. പിന്നീട് ജെ.പി കേരളത്തിലെ മികച്ച സംവിധായകനായി അറിയപ്പെട്ടെങ്കിലും ഞങ്ങളുടെ ഗ്രാമീണ നാടകചരിത്രത്തിൽ ജെ.പിയില്ല. നാടകലോകത്ത് പിച്ചവെച്ച് നടക്കാൻ തുടങ്ങിയ കാലത്ത് ഞാൻ കണ്ട നാടകപ്രതിഭകളെക്കുറിച്ചാണ് ഈ പറഞ്ഞതൊക്കെ. പിന്നീടും, നാടകപ്രതിഭകൾ ഞങ്ങളുടെ ദേശത്തേക്ക് വിരുന്നുവന്നിട്ടുണ്ട്. ടി. സുരേഷ് ബാബു, ശശിനാരായണൻ, സാബു സുരേന്ദ്രൻ, എ. രത്‌നാകരൻ അങ്ങനെയങ്ങനെ.... അവരൊക്കെ അന്നും ഇന്നും ഈ രംഗത്ത് പ്രശസ്തരും അടയപ്പെടുത്തപ്പെട്ടവരുമാണ്.

പറമ്പിൽ യുവജന സമിതിയുടെ 19ാം വാർഷികാഘോഷത്തിന്റെ നോട്ടീസ്‌

ഇവിടെ ഞാൻ ഓർത്തെടുത്തത് മറന്നുപോയ നാടകക്കാരെയാണ്. ആരെങ്കിലും എന്നെങ്കിലും അവരെ ഓർത്തെടുത്ത് രേഖപ്പെടുത്തേണ്ടത് നാടക ചരിത്രത്തിന്റെ ആവശ്യമാണ്. ഒറ്റ രാത്രികൊണ്ട് പൊലിഞ്ഞുപോയ നാടകനിശാഗന്ധികളാണ് അവർ! അവർ പകർന്നുതന്ന നാടക സുഗന്ധത്തിലാണ് ഞാൻ നാടകങ്ങളെ പ്രണയിച്ചു തുടങ്ങിയത്.

അല്ലെങ്കിലും നാടക തീവ്രവാദികളാൽ വളയപ്പെട്ട ഒരു ഗ്രാമത്തിൽ ജനിച്ച ഞാനെങ്ങനെ ഒരു നാടകക്കാരനല്ലാതായിത്തീരും?

കാലത്തിന്റെയും ചരിത്രത്തിന്റെയും ചുമരുകളിൽ രേഖപ്പെടുത്താതെപോയ എത്രയെത്ര പ്രതിഭകളുണ്ടാവാം ഓരോ ദേശത്തും.

2021 ഫെബ്രുവരിയിൽ ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 11-ൽ പ്രസിദ്ധീകരിച്ച ലേഖനം.


എ. ശാന്തകുമാർ

നാടകകൃത്ത്, സംവിധായകൻ, കഥാകൃത്ത്. മരം പെയ്യുന്നു, കർക്കടകം, കറുത്ത വിധവ, കുരുടൻ പൂച്ച തുടങ്ങിയവ പ്രധാന കൃതികൾ.

Comments