‘എഴുത്താൾ’ ആയ വർഷം, തുടരുന്ന പോരാട്ടങ്ങളുടെയും

‘‘കുറേക്കാലമായി വളരെ മോശം അവസ്ഥകളിലൂടെയാണ് ജീവിതം കടന്നുപൊയ്‍ക്കൊണ്ടിരുന്നത്. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനകത്ത് കൊടിയ ചൂഷണങ്ങൾക്ക് ഇരയാകുക, പിന്നീട് എങ്ങനെയാണ് ഈ ചൂഷണങ്ങൾ ജീവിതത്തെ ബാധിക്കുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക, തെളിവ് നൽകുക തുടങ്ങി നീതി തേടിയുള്ള വഴികളൊന്നും എളുപ്പമായിരുന്നില്ല. ജീവിതത്തോട് മുമ്പൊന്നും തോന്നാത്തത്ര മടുപ്പ് ബാധിച്ചിരുന്നു. ഇതിന്റെയെല്ലാം ഇടയിലാണ് ‘പെണ്ണപ്പൻ ’ വെളിച്ചം കാണുന്നത്. പെണ്ണപ്പൻ ഒരിക്കലും അച്ചടിക്കപ്പെടുമെന്ന് കരുതിയതേയല്ല. അതുകൊണ്ട്, തന്നെ ഇപ്പോഴും എനിക്കിത് വിശ്വസിക്കാനാവുന്നില്ല" - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ആദി​ എഴുതുന്നു.

ആദി

“Poetry is not a luxury. It is a vital necessity of our existence. It forms the quality of the light within which we predicate our hopes and dreams toward survival and change, first made into language, then into idea, then into more tangible action. Poetry is the way we help give name to the nameless so it can be thought. The farthest horizons of our hopes and fears are cobbled by our poems, carved from the rock experiences of our daily lives.”
- Audre Lorde

വർഷം നിറയെ സമരങ്ങളുടേതായിരുന്നു, സങ്കടങ്ങളുടെയും.

കോവിഡ് സൃഷ്ടിച്ച വലിയ അരക്ഷിതാവസ്ഥകൾക്കൊടുവിൽ ജീവിതം പഴയ പടിയാകുന്ന കാലം കൂടിയായിരുന്നത്. സ്വന്തം പേരിൽ ഒരു പുസ്തകം അച്ചടിക്കപ്പെട്ടുവെന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടമായി അടയാളപ്പെടുത്താനുള്ളത്. ഡിസംബർ ആദ്യ ആഴ്ചയാണ് പെണ്ണപ്പൻ എന്ന എന്റെ ആദ്യ കവിതാസമാഹാരം വെളിച്ചം കണ്ടത്. വളരെ യാദൃശ്ചികമായാണത് സംഭവിക്കുന്നത്.

എഴുത്ത് എന്നെ സംബന്ധിച്ച്​ വളരെ സ്വകാര്യമായ ഒരനുഭവമാണ്. വായനയുടെയും എഴുത്തിന്റെയും യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു ചുറ്റുപാടിലാണ് ഞാൻ വളർന്നത്. അക്കാലത്തൊന്നും പുസ്തകങ്ങളോട് പ്രത്യേകിച്ച് യാതൊരു മമതയുമുണ്ടായിരുന്നില്ല. എന്റെ വായന അങ്ങേയറ്റം ചുരുങ്ങിയതായിരുന്നു. വായനയും പുസ്തകങ്ങളോടുണ്ടാകുന്ന സവിശേഷമായ അടുപ്പവുമൊക്കെ ഒരു പ്രിവിലേജിന്റെ ഭാഗം കൂടിയാണെന്ന് പിൽക്കാലത്ത് എനിക്ക് തിരിച്ചറിവുണ്ടായി. ശാരീരികവും മാനസികവുമായ ശേഷി, പുസ്തകങ്ങളുടെ ലഭ്യത, വായിക്കാനുള്ള ചുറ്റുപാട് തുടങ്ങിയ കരുക്കളെയൊക്കെ ഇവിടെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. സ്വന്തമായി ഞാനൊരു പുസ്തകം മേടിക്കുന്നത് പോലും ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ്- സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ. ബി.എ. മലയാളവും തുടർന്ന് എം.എ.യുമൊക്കെ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ചെറിയ തോതിലെങ്കിലും വായനയിലേക്കെത്തുന്നത്.

എഴുത്തിലേക്കെത്താൻ പിന്നെയും സമയമെടുത്തു. കോവിഡ് അടച്ചുപൂട്ടലിന്റെ സമയത്താണ് സജീവമായി സോഷ്യൽമീഡയയിൽ എഴുതിത്തുടങ്ങുന്നത്. എഴുത്തുകളെ കവിത എന്ന് വിളിക്കാൻ ഒരു കാലത്തും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഉള്ളിൽ പല തരത്തിലുള്ള ഇൻസെക്യൂരിറ്റികളുമുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ കവിതയെ മുൻനിർത്തി നടക്കുന്ന ചർച്ചകളേറെയും താർക്കിക സ്വഭാവമുള്ളവയാണ്. പെൺകവികളുടെയും ദലിത് കവികളുടെയും എഴുത്തുകളെ അപ്പാടെ റദ്ദ് ചെയ്താണ് അത്തരം ചർച്ചകളുടെ പോക്ക്. ‘പെണ്ണുങ്ങൾ തല കൊണ്ടല്ല, മുല കൊണ്ടാണ് എഴുതുന്നത്. മലയാള കവിത മരിക്കുന്നു’ തുടങ്ങിയ നിലവിളികളും ആക്രോശങ്ങളും നിരന്തരം ഉയർന്നുകേൾക്കാറുണ്ട്. ഒട്ടും ഗുണപരമല്ലാത്ത ഈ ചർച്ചയുടെ ഭാഗമാകാൻ എനിക്കൊട്ടും താൽപ്പര്യമില്ലായിരുന്നു.

അതെ, മലയാള കവിതയെയും വൃത്തത്തെയും രക്ഷിക്കലെന്റെ പണിയാണെന്ന തെറ്റിദ്ധാരണയൊന്നും ഒരുകാലത്തും എനിക്കുണ്ടായിരുന്നില്ല, അതിന് കെൽപ്പുള്ളവർ ആ പണി ഭംഗിയായെടുക്കട്ടെയെന്ന് തന്നെയാണ് എന്റെ വിചാരം. ഞാൻ എഴുതുന്നതിന്റെ ഉദ്ദേശ്യം വളരെ ലളിതമാണ്, ഞാൻ ജീവിച്ച ജീവിതത്തെ ഭാഷയിൽ അടയാളപ്പെടുത്താനുള്ള എളിയ ശ്രമം മാത്രമാണത്. എന്റെ മനുഷ്യരാരും കവിതകളെഴുതിട്ടില്ല. അവസാനമായി ഒരു മരണക്കുറിപ്പ് പോലും എഴുതാനാകാതെ അവരിൽ ചിലർ വിഷം കുടിച്ചു, ചിലർ തൂങ്ങിമരിച്ചു, തീവണ്ടിപ്പാളങ്ങളിൽ മറ്റു ചിലരുടെ കൈകാലുകൾ കണ്ടെടുക്കപ്പെട്ടു. എന്റെ മനുഷ്യർ ആരും കവിതകളെഴുതിയിട്ടില്ല.

പെണ്ണപ്പൻ വെളിച്ചം കാണുന്നതിനുപിന്നിൽ ഒരുപാട് മനുഷ്യരുടെ അധ്വാനമുണ്ട്. എന്നെക്കാൾ ഈ പുസ്തകം പുറത്തിറങ്ങാൻ പണിയെടുത്തിട്ടുള്ളത് വിഷ്ണുവാണ് (വിഷ്ണു സുജാത മോഹൻ). ഞാൻ എഴുതിയതിനെയെല്ലാം കവിതയെന്ന് വിളിച്ചത് അവനാണ്. സോഷ്യൽ മീഡിയയിലും മറ്റും വന്ന എന്റെ കവിതകളെല്ലാം പെറുക്കിക്കൂട്ടിയതും അടുക്കിയതും പേരുകളിട്ടതും എല്ലാം അവനാണ്. ആ നിലയിൽ ഇതെന്റെ മാത്രം പുസ്തകമല്ല, എന്റെ മനുഷ്യർക്കെല്ലാം ഈ പുസ്തകത്തിൽ ഒരു പങ്കു പറ്റാനുണ്ട്.

Photo : pexels.com

മുൻമാതൃകയായി വിജയരാജമല്ലികയാണ് ഞങ്ങൾക്കുണ്ടായിരുന്നത്. മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ എഴുത്തുകാരിയായി ചരിത്രത്തിൽ ഇടം പിടിക്കാൻ അവർ താണ്ടിയ ദൂരം ഏറെയാണ്. പെണ്ണപ്പന് അവതാരിക എഴുതിയത് മല്ലികയാണ്. ജെൻഡർ ക്വിയർ വ്യക്തിയായി തിരിച്ചറിയുന്ന എന്നെ ‘എഴുത്താൾ’ എന്നാണ് മല്ലിക അവതാരികയിൽ അടയാളപ്പെടുത്തുന്നത്. ലിംഗസൂചനയൊന്നുമില്ലാത്ത ഒരു പ്രയോഗം. എഴുതുന്ന ആൾ= എഴുത്താൾ. ഭാഷയിലെ കനപ്പെട്ട ഒരു പുതുക്കലാണിതെന്നതിൽ സംശയമില്ല. ആണും പെണ്ണുമായി മാത്രം ശരീരങ്ങളെ വിഭജിക്കുന്ന അധീശ വ്യവസ്ഥയോടുള്ള കലഹം ഈ തിരുത്തലിലുണ്ട്. ‘എന്നെ കവിയെന്നോ, കവയിത്രിയെന്നോ വിളിക്കേണ്ടതെന്ന കാര്യത്തിൽ സാഹിത്യലോകത്തിൽ ഇനിയും തീർപ്പുണ്ടായിട്ടില്ലെന്ന്’ മല്ലിക തന്നെ അവതാരികയിൽ ഒരിടത്ത് എഴുതുന്നുണ്ട്. മല്ലികയുടെ രചനാലോകത്തിലുടനീളം ഈ മട്ടിലുള്ള നിരവധി പുതുക്കലുകളും തിരുത്തലുകളും അട്ടിമറികളും കണ്ടെടുക്കാനാകും. ഇതിനാൽ ക്വിയർ മനുഷ്യർ ഭാഷയിൽ ഇടപെടുന്ന ഏതൊരു പണിയ്ക്കും വ്യാകരണവിരുദ്ധതയുടെ ഒരു തലമുണ്ടെന്ന് ഞാൻ കരുതുന്നു. മല്ലികയുടെ എഴുത്തുകളുടെ തുടർച്ചയിലാണ് ഞാൻ പെണ്ണപ്പനെയും സ്ഥാനപ്പെടുത്തുന്നത്.

കുറേക്കാലമായി വളരെ മോശം അവസ്ഥകളിലൂടെയാണ് ജീവിതം കടന്നുപോയ്ക്കൊണ്ടിരുന്നത്. നിയമപരമായ കുറെ ഓട്ടങ്ങളും തെളിവ് നൽകലും മൊഴികൊടുക്കലുമൊക്കെയായി വല്ലാതെ തളർന്നിരുന്നു. പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനകത്ത് കൊടിയ ചൂഷണങ്ങൾക്ക് ഇരയാകുക, പിന്നീട് എങ്ങനെയാണ് ഈ ചൂഷണങ്ങൾ ജീവിതത്തെ ബാധിക്കുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുക, ഇതെല്ലാം സംഭവിച്ചതാണെന്നും എന്റെ തോന്നലുകളല്ലെന്നും വിളിച്ചുപറയുക, തെളിവ് നൽകുക തുടങ്ങി നീതി തേടിയുള്ള വഴികളൊന്നും എളുപ്പമായിരുന്നില്ല. ചിലത് വളരെ വേദനാജനകം പോലുമായിരുന്നു. ജീവിതത്തോട് മുമ്പൊന്നും തോന്നാത്തത്ര മടുപ്പ് ബാധിച്ചിരുന്നു, കൂടെ നിന്ന മനുഷ്യരോട് സ്നേഹമുണ്ട്. ഇതിന്റെയെല്ലാം ഇടയിലാണ് ‘പെണ്ണപ്പൻ’ വെളിച്ചം കാണുന്നത്. പെണ്ണപ്പൻ ഒരിക്കലും അച്ചടിക്കപ്പെടുമെന്ന് കരുതിയതേയല്ല. അതുകൊണ്ട്, തന്നെ ഇപ്പോഴും എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഞാൻ എന്നെ അമർത്തി നുള്ളുന്നു. പക്ഷേ, എനിക്ക് വേദനിക്കുന്നേയില്ല.

Comments