സ്മാര്‍ട്ട് ഫോണ്‍
ഉപയോഗിക്കാത്ത
അധ്യാപകര്‍ എന്തുചെയ്യും?
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്ത അധ്യാപകര്‍ എന്തുചെയ്യും?
കേരളത്തിലെ എത്ര അധ്യാപകര്‍ സ്വന്തമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തല്‍ രസകരമായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവരും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ പരിമിതമായ ഫീച്ചേഴ്‌സുകള്‍ മാത്രം ഉപയോഗിക്കുന്നവരുമായിരിക്കും ഭൂരിപക്ഷം അധ്യാപകരും. ലാപ്‌ടോപ്പും മള്‍ട്ടി ഫീച്ചറുകളുള്ള സ്മാര്‍ട് ഫോണും ഫലപ്രദമായി ഉപയോഗിക്കാതെ അധ്യാപകര്‍ക്കിനി പിടിച്ച് നില്‍ക്കാനാവില്ല
10 Jul 2020, 05:58 PM
വിദ്യാഭ്യാസം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരിക്കുന്നു. ഇത് താല്‍ക്കാലിക സംവിധാനമാണെന്നും കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായാല്‍ സ്‌കൂളുകളും കോളേജുകളും പഴയ സംവിധാനത്തിലേക്ക് തിരിച്ചു പോകുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. മഴപെയ്ത് ചോര്‍ന്ന് പോവുന്ന പോലെ കൊറോണ വൈറസും പണി പൂര്‍ത്തിയാക്കി തിരിച്ചുപോകുമെന്നും ജീവിതം പഴയ പടിയാവുമെന്നും വിചാരിക്കുന്ന നിഷ്‌കളങ്കരാണ് നമ്മളില്‍ പലരും.
എന്നാല്‍ ഇനിയൊന്നും പഴയപോലെയാവില്ല എന്നതാണ് വസ്തുത. രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയാലും നമ്മള്‍ പരിചയിച്ചുതുടങ്ങിയ ശീലങ്ങള്‍, നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍, സാമൂഹിക ബന്ധങ്ങളിലുണ്ടായ ക്രമീകരണങ്ങള്‍, പൊതുസ്ഥലങ്ങളിലെ നിബന്ധനകള്‍, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളില്‍ വന്ന മാറ്റങ്ങള്‍ എന്നിവ ഏറിയും കുറഞ്ഞും നമ്മളോടൊപ്പം ഉണ്ടാവും.
ജൂലായ് 31 വരെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയാണ്. 125 രാജ്യങ്ങളിലും ഏതാണ്ട് ഇതേ അവസ്ഥയാണ്. സമൂഹവ്യാപന തോതും അപകടവും മനസ്സിലാക്കുമ്പോള്‍ ‘വിദ്യാലയ ലോക്ക്ഡൗൺ' നീളാനാണു സാധ്യത. കോളേജുകള്‍ തുറക്കുന്നത് നീളും എന്ന് ബോധ്യമായതോടെ ഇന്ത്യയിലെ സര്‍വകലാശാലകളെല്ലാം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്കും പരീക്ഷകളിലേക്കും മാറിയിട്ടുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ഓണ്‍ലൈന്‍ പഠനം ആരംഭിച്ച ഏക സംസ്ഥാനം കേരളമാണ്. ഇൻറര്‍നെറ്റ് വഴി നടക്കുന്ന വിദ്യാഭ്യാസം എന്ന അര്‍ത്ഥത്തിലല്ലെങ്കിലും, പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കൻററി വരെ സ്‌കൂള്‍ തുറക്കാതെ തന്നെ പഠനം നടത്തുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് സ്വന്തമായുള്ള "വിക്‌ടേഴ്‌സ്' ചാനലിലൂടെ അധ്യാപകര്‍ ക്ലാസ്സെടുക്കുകയും ടി.വിയിലൂടെയോ സ്മാര്‍ട് ഫോണിലൂടെയോ കുട്ടികളത് കാണുകയും ചെയ്യുന്ന സംവിധാനമാണ് കേരളത്തിലിപ്പോള്‍. ടി.വി. ക്ലാസിന് ശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയം തീര്‍ക്കാന്‍ അധ്യാപകരുടെയും കുട്ടികളുടെയും വാട്‌സ് ആപ് ഗ്രൂപ്പ് കൂട്ടായ്മകളുമുണ്ട്. സ്‌കൂള്‍/ക്ലാസ്സ് തലത്തില്‍ ഉണ്ടാക്കിയ ഇത്തരം ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളില്‍ പഠനനേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കേണ്ടത്. സ്‌കൂള്‍ പഠനത്തിന് ബദല്‍ എന്ന നിലയ്ക്കല്ല, മറ്റൊരു മാർഗവുമില്ലാത്ത സാഹചര്യത്തില്‍ ഇത് എന്ന തരത്തിലാണ് ഓണ്‍ലൈന്‍ പഠനം വിഭാവനം ചെയ്തിട്ടുള്ളത്.
ഡിജിറ്റല്‍ കുടിയേറ്റക്കാര്‍, ഡിജിറ്റല്‍ നിവാസികള്‍
വിക്‌ടേഴ്‌സ് ക്ലാസ്സുകള്‍ വീട്ടിലിരുന്ന് കാണാന്‍ സൗകര്യമില്ലാത്ത കുട്ടികളെക്കുറിച്ചുള്ള കണക്കെടുപ്പ് സമയത്താണ് ‘ഡിജിറ്റല്‍ ഡിവൈഡി'നെക്കുറിച്ച് വ്യാപക ചര്‍ച്ചയുണ്ടായത്. 8500 ഓളം സമൂഹ പഠനകേന്ദ്രങ്ങളൊരുക്കി ഈ പ്രശ്‌നം താല്ക്കാലികമായി മറികടന്നെങ്കിലും തുടര്‍പ്രവര്‍ത്തനത്തിന് സ്മാര്‍ട് ഫോണുകളോ ഇൻറര്‍നെറ്റ് സൗകര്യമോ ഇല്ലാത്ത കുട്ടികള്‍ സംസ്ഥാനത്ത് ഇനിയുമുണ്ട് എന്നതിനാല്‍ ഡിജിറ്റല്‍ ഡിവൈഡ് എന്നത് സജീവ ചര്‍ച്ചാ വിഷയം തന്നെയാണ്.
ഇവയെല്ലാം ഞങ്ങളെന്തു ചെയ്യും, ഇതില്‍ ഏതെല്ലാമാണ് പഠിക്കേണ്ടത്, ഇതു മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഡാറ്റ എവിടുന്ന് കിട്ടും തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വരാന്‍ തുടങ്ങിയിരിക്കുന്നു
കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് കുടുംബശ്രീ വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന ‘വിദ്യാശ്രീ' പദ്ധതിയിലൂടെ ഓരോ കുട്ടിക്കും ലാപ്‌ടോപ്പ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 30 മാസം 500 രൂപ തിരിച്ചടവ് വരുന്ന തരത്തിലുള്ള ചിട്ടികളായാണിത് നടപ്പാക്കുന്നത്. ആദ്യ മൂന്നുമാസം പണംഅടയ്ക്കുന്നതോടെ കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് ലഭിക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത. ഗോത്ര, ഭിന്നശേഷി വിഭാഗങ്ങളിലെ നിര്‍ദ്ധന കുട്ടികള്‍ക്ക് വേണ്ടി പദ്ധതികളും നടപ്പിലാക്കപ്പെടുമെന്ന് കരുതുന്നു.
സൗജന്യമായി പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവുമൊക്കെ നല്‍കി പൊതുവിദ്യാലയങ്ങളില്‍ തുല്യത ഉറപ്പാക്കിയ കേരളം, സൗജന്യ ഇൻറര്‍നെറ്റ് ഡാറ്റ കൂടി ഉറപ്പാക്കുമെന്നും ഡിജിറ്റല്‍ ഡിവൈഡിന്റെ പ്രത്യാഘാതം ലഘൂകരിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഇൻറര്‍നെറ്റ് ഡാറ്റയും നല്‍കിയാല്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാവും എന്നല്ല പറഞ്ഞുവന്നത്. സമൂഹത്തില്‍ നിലവിലുള്ള ഒട്ടേറെ വിഭജനങ്ങള്‍ (വര്‍ഗം, ജാതി, പദവി, സമ്പത്ത്, ലിംഗം, വിദ്യാഭ്യാസം...) ഡിജിറ്റല്‍ ഡിവൈഡിന്റെയും മാനദണ്ഡങ്ങളാണെന്നിരിക്കെ അത് പൂര്‍ണമായും തുടച്ചു നീക്കുക എളുപ്പമല്ല. എന്നാല്‍ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്ന തിരിച്ചറിവില്‍ നിന്നാരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസുകളില്‍ പരമാവധി തുല്യതയും നീതിയും ഉറപ്പാക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ല. അമേരിക്കന്‍ വിദ്യാഭ്യാസ ചിന്തകനായ മാര്‍ക് പ്രെന്‍സ്‌കിയാണ് സാങ്കേതികകാലത്തെ മനുഷ്യരെ, ഡിജിറ്റല്‍ കുടിയേറ്റക്കാര്‍ എന്നും ഡിജിറ്റല്‍ നിവാസികള്‍ എന്നും രണ്ടായി തിരിച്ചത്. രണ്ടു കാലങ്ങളിലായി ജീവിച്ചവരാണ് ഡിജിറ്റല്‍ കുടിയേറ്റക്കാര്‍, ഡിജിറ്റലില്ലാത്ത കാലത്ത് ജീവിതം തുടങ്ങി പിന്നീട് ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചവര്‍. അപരിചിതമായ ഒരിടത്തേക്കെത്തിയ കുടിയേറ്റക്കാരന്റെ ഭയാശങ്കകള്‍ സാങ്കേതിക ലോകത്തെക്കുറിച്ച് വെച്ചു പുലര്‍ത്തുന്നവരാണിവര്‍. എന്നാല്‍ ‘ഡിജിറ്റല്‍ നാറ്റീവ്‌സ്' എന്ന് വിളിക്കപ്പെടുന്ന കുട്ടികളാവട്ടെ ഭൗതികസൗകര്യം ഒത്തുവന്നാല്‍ ടെക്‌നോളജിയോടൊപ്പം എളുപ്പം കൂട്ടുകൂടാന്‍ സാധിക്കുന്നവരുമാണ്. പിറന്നതും വളര്‍ന്നതുമായ നാടിന്റെ സുരക്ഷിതത്വമാണ് പുതുതലമുറയെ സംബന്ധിച്ച് സാങ്കേതിക ലോകം.
എത്തിപ്പെട്ട പ്രദേശങ്ങളിലെ അപരിചതത്വം, അതുണ്ടാക്കുന്ന ആശങ്ക എന്നിവയ്ക്ക് കുടിയേറ്റക്കാര്‍ കുറ്റക്കാരല്ല എന്നത് അംഗീകരിക്കുമ്പോള്‍ തന്നെ, നില്‍നില്‍ക്കാനും അതിജീവിക്കാനും വേറെ ഇടമില്ല എന്ന തിരിച്ചറിവ് ഈ കുടിയേറ്റക്കാര്‍ക്കുണ്ടാവേണ്ടതുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയിലേക്ക് മാറുകയും സ്‌കൂള്‍ തുറന്നാലും ആ വഴി പൂര്‍ണമായി അടയ്ക്കാനാവില്ല എന്നുറപ്പാക്കുകയും ചെയ്ത സ്ഥിതിയ്ക്ക് അധ്യാപകര്‍ക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകളില്ല എന്നതാണ് വാസ്തവം.
അധ്യാപകരേ, കളി മാറുകയാണ്
ഐ.സി.ടി. പഠന സാധ്യത നേരത്തെ ഉപയോഗിച്ചു തുടങ്ങിയ സംസ്ഥാനമാണ് നമ്മുടേത്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഹൈടെക് വിദ്യാഭാസത്തിലേക്കുള്ള വളര്‍ച്ചയും പൊതുവിദ്യാഭ്യാസമേഖല നേടിയിട്ടുണ്ട്. ക്ലാസ് മുറി ഹൈ ടെക് ആക്കുകയും വിദ്യാഭ്യാസവകുപ്പിന്റെ സമഗ്ര പോര്‍ട്ടലില്‍ ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ ഒരുക്കുകയും ചെയ്തു കൊണ്ടാണ് ഹൈ ടെക് സ്‌കൂള്‍ സംവിധാനം മുന്നോട്ടുപോയത്. പാഠഭാഗങ്ങള്‍ക്കനുസരിച്ചുള്ള ഇ-കണ്ടൻറ് ഡൗണ്‍ലോഡ് ചെയ്യുക, ക്ലാസിൽ അത് വിനിമയം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള സാങ്കേതികവിദ്യാജ്ഞാനം മാത്രമേ അധ്യാപകര്‍ക്കിതുവരെ ആവശ്യമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഓണ്‍ലൈന്‍ സ്‌കൂളിംഗ് യാഥാര്‍ത്ഥ്യമായതോടെ സ്ഥിതി മാറുകയാണ്.
വിക്‌ടേഴ്‌സ് ക്ലാസ്സുകള്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ പോലെ മനസ്സിലാക്കാനോ പിന്തുടരാനോ സാധിക്കില്ല എന്നത് തീര്‍ച്ചയാണ്. ഓരോ കുട്ടിയുടെയും ഗ്രഹണ/ പഠനശേഷി എന്നത് വ്യക്തിപരവും സാമൂഹികവുമായ അവസ്ഥകളുമായി സങ്കീര്‍ണമായി ബന്ധപ്പെട്ടു കിടിക്കുന്നതാണ് എന്നതിനാല്‍ അത് സ്വാഭാവികവുമാണ്. കുട്ടികളെ അറിയുന്ന അധ്യാപകരാണ്, അവരുടെ ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കി പാഠഭാഗങ്ങള്‍ ഓരോരുത്തര്‍ക്കും സ്വീകാര്യമായ രീതിയില്‍ അവതരിപ്പിക്കേണ്ടത്. സാധാരണ സ്‌കൂള്‍ സംവിധാനത്തിലും ഇങ്ങനെയാണെന്നിരിക്കെ, ഓണ്‍ലൈന്‍ ക്ലാസിന്റെ കാര്യത്തില്‍ അധ്യാപകരുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുകയാണ്.
ആവശ്യമായ പഠനവിഭവങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി ഒരു കുട്ടിയും പറയാന്‍ സാധ്യതയില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ ഇവയെല്ലാം ഞങ്ങളെന്തു ചെയ്യും, ഇതില്‍ ഏതെല്ലാമാണ് പഠിക്കേണ്ടത്, ഇതു മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഡാറ്റ എവിടുന്ന് കിട്ടും തുടങ്ങിയ ചോദ്യങ്ങള്‍ കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വരാന്‍ തുടങ്ങിയിരിക്കുന്നു. പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പഠനവീഡിയോകളെല്ലാം കുട്ടികളുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യുകയാണ് പല അധ്യാപകരും. കുട്ടിയ്ക്ക് പഠിക്കാനാവശ്യമായ രീതിയിലേക്ക് ലഭ്യമായ വിഭവത്തെ കസ്റ്റമൈസ് ചെയ്തു കൊടുക്കാന്‍ കഴിയാതെ, അതിനുള്ള സാങ്കേതിക ജ്ഞാനമില്ലാതെ, ധൈര്യവും സന്നദ്ധതയുമില്ലാതെ വിഷമിക്കുന്ന അധ്യാപകരുടെ പ്രശ്‌നങ്ങള്‍ മറികടന്നാല്‍ മാത്രമേ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഫലപ്രദമാകൂ.

വിക്‌ടേഴ്‌സ് ക്ലാസ്സിന് പുറമെ ആവശ്യമായ ഇ-കണ്ടൻറ് കുട്ടികള്‍ക്ക് നല്‍കേണ്ട ചുമതലയാണ് അധ്യാപകര്‍ക്കുള്ളത്. എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ ഇതിന് സ്വീകരിക്കാം എന്നത് അധ്യാപകര്‍ക്കുമുമ്പിലെ വെല്ലുവിളിയാണ്. പവര്‍പോയിൻറ് പ്രസേൻറഷന് പോലെയുള്ള പഴഞ്ചന്‍ രീതിശാസ്ത്രങ്ങളൊന്നും കുട്ടികളുടെ അടുത്ത് വിലപ്പോവില്ല. ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്ച്വല്‍ ലാബ് പോലെയുള്ള നൂതനതന്ത്രങ്ങള്‍ പ്രയോഗിച്ചാല്‍ ഒരുപക്ഷേ പിടിച്ചുനില്‍ക്കാന്‍ സാധിച്ചേക്കും.
വീട്ടിലിരുന്നാണ് ക്ലാസെടുക്കേണ്ടത് എന്നതിനാല്‍ ക്ലാസിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി ‘വീട്ടില്‍ ഒരു സ്റ്റുഡിയോ' ഒരുക്കല്‍ നിര്‍ബന്ധമാണ്. ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, കോളര്‍ മൈക്ക്, ഫോണ്‍ വെക്കാനുള്ള ട്രൈപോഡ്, നല്ല ബാക്ക്‌ഡ്രോപ് എന്നിവ വെച്ചു കഴിഞ്ഞാല്‍ സ്റ്റുഡിയോ ആയി
എന്നാല്‍ ഇതിനെല്ലാം ഇപ്പോള്‍ സാധിക്കുന്ന അധ്യാപകര്‍ എണ്ണത്തില്‍ കുറവായിരിക്കും എന്നതാണ് വസ്തുത. ഇ-കണ്ടൻറ് തയ്യാറാക്കുക, അത് വിതരണം ചെയ്യുക മുതലായവയുടെ പ്രയാസവും പരിചയക്കുറവുമാണ് പലരെയും പിന്നോട്ടടുപ്പിക്കുന്നത്. അത്യാവശ്യമുള്ള വിഭവങ്ങള്‍ നെറ്റില്‍ സുലഭമാണ് എന്നിരിക്കെ, വെറുതെ കഷ്ടപ്പെടുന്നതെന്തിന് എന്ന വിചാരിക്കുന്നവരുമുണ്ടാവാം.
ഡിജിറ്റൽ വിടവ് അധ്യാപകർക്കിടയിലുമുണ്ട്
കേരളത്തിലെ എത്ര അധ്യാപകര്‍ സ്വന്തമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തല്‍ രസകരമായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവരും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ പരിമിതമായ ഫീച്ചേഴ്‌സുകള്‍ മാത്രം ഉപയോഗിക്കുന്നവരുമായിരിക്കും ഭൂരിപക്ഷം അധ്യാപകരും. ഇവരെല്ലാം മോശക്കാരാണെന്ന് മുദ്രകുത്തുകയോ ഇത്രയും കാലം എന്തുകൊണ്ട് ഇതൊന്നും പഠിച്ചില്ല എന്ന് കുറ്റപ്പെടുത്തുകയോ അല്ല. എന്നാല്‍ ലാപ്‌ടോപ്പും മള്‍ട്ടി ഫീച്ചറുള്ള സ്മാര്‍ട് ഫോണും ഫലപ്രദമായി ഉപയോഗിക്കാതെ അധ്യാപകര്‍ക്കിനി പിടിച്ച് നില്‍ക്കാനാവില്ല എന്നോര്‍മിപ്പിക്കുകയാണ്. അത്യാവശ്യമുള്ള ഇ-വിഭവം കണ്ടെത്താനും സ്വന്തം കുട്ടികള്‍ക്ക് പറ്റുന്ന രീതിയില്‍ അനുരൂപീകരിച്ച് കൊടുക്കാനും കഴിയാതെ വന്നാല്‍ അധ്യാപകര്‍ പരിഹാസ്യരാകും. ഓണ്‍ലൈന്‍ ക്ലാസ് യാഥാര്‍ത്ഥ്യമായതോടെ അധ്യാപകരുടെ അധ്യാപന പരിമിതി കുട്ടികളും രക്ഷിതാക്കളും അറിയുകയും പറയുകയും ചെയ്യുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.
പരിഹരിക്കാനാവാത്ത പരിമിതിയായി ഇതിനെ കാണേണ്ടതില്ല. അടിസ്ഥാന സാങ്കേതിക പരിജ്ഞാനം നേടാന്‍ തയ്യാറാവുക എന്നതാണ് അധ്യാപകര്‍ ചെയ്യേണ്ട ഒന്നാമത്തെ കാര്യം. ഇ-ടീച്ചിംഗ് യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കി അതിനാവശ്യമായ ഭൗതികസൗകര്യം ഒരുക്കുക എന്നതും പ്രധാനമാണ്. വീട്ടിലിരുന്നാണ് ക്ലാസെടുക്കേണ്ടത് എന്നതിനാല്‍ ക്ലാസിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി ‘വീട്ടില്‍ ഒരു സ്റ്റുഡിയോ' ഒരുക്കല്‍ നിര്‍ബന്ധമാണ്. ലാപ്‌ടോപ്പ്, സ്മാര്‍ട്ട്‌ഫോണ്‍, കോളര്‍ മൈക്ക്, ഫോണ്‍ വെക്കാനുള്ള ട്രൈപോഡ്, നല്ല ബാക്ക്‌ഡ്രോപ് എന്നിവ വെച്ചു കഴിഞ്ഞാല്‍ സ്റ്റുഡിയോ ആയി. 10 മുതല്‍ 4 മണി വരെ തങ്ങളുടെ ജോലിസമയമാണെന്ന് മനസ്സിലാക്കി ശ്രദ്ധിച്ചും സമയമെടുത്തും ആവശ്യമായ മെറ്റീരിയലുകള്‍ തയ്യാറാക്കണം. ഇൻററാക്ടീവ് സാധ്യത ഉപയോഗിക്കുമ്പോഴാണ് പഠനം ജീവനുള്ളതായിത്തീരുക എന്നതിനാല്‍ അത്തരം സാധ്യത പരിശോധിക്കണം. ഗൂഗിള്‍ ക്ലാസ്‌റൂം പോലെയുള്ള ആപ്പുകള്‍ മൂഡില്‍ പോലെയുള്ള ലേണിംങ് മാനേജ്‌മെൻറ് സിസ്റ്റങ്ങള്‍, സ്വന്തമായി തയ്യാറാക്കാവുന്ന വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍ മുതലായ പ്‌ളാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ അധ്യാപനം ഫലപ്രദമാക്കാനാണ് അധ്യാപകര്‍ ശ്രമിക്കേണ്ടത്. ഇങ്ങനെ വിഷയസംബന്ധിയായ പ്‌ളാറ്റ്‌ഫോമുകള്‍ വികസിപ്പിക്കാനും വിനിമയം ചെയ്യാനും സാധിക്കുന്ന അധ്യാപകരാവും ഇനിയുള്ള കാലം വിജയിക്കുക. കുട്ടികള്‍ക്കിടയിലെ ഡിജിറ്റല്‍ ഡിവൈഡ് പരിഹരിച്ചുകഴിയുന്നതോടെ കേരളം ചര്‍ച്ച ചെയ്യുക അധ്യാപകര്‍ക്കിടയിലെ ഡിജിറ്റല്‍ ഡിവൈഡിനെക്കുറിച്ചായിരിക്കും എന്ന് തിരിച്ചറിഞ്ഞേ മതിയാവൂ. എനിക്ക് ഇതിനൊന്നുമുള്ള സാങ്കേതികജ്ഞാനമില്ല എന്ന് സങ്കടപ്പെടാനാണ് ഭാവമെങ്കില്‍ മനസ്സിലാക്കുക: ‘പഠിച്ചശേഷം ചെയ്യാവുന്നതല്ല, ചെയ്തുമാത്രം പഠിക്കാവുന്നതാണ് ഇത്തരത്തിലുള്ള എല്ലാ സാങ്കേതികവിദ്യകളും'.
പദ്മനാഭൻ ബ്ലാത്തൂർ
10 Jul 2020, 11:57 PM
തീർച്ചയായും അധ്യാപകർ നേരിടേണ്ട പ്രശ്നമാണിത്. കേന്ദ്രീകൃതമായ, നേരത്തേ റെക്കോഡ് ചെയ്ത് സംപ്രേഷണം ചെയ്ത് നടപ്പിലാക്കുന്ന ടെലിവിഷൻ ക്ലാസ്സുകൾ വൈകാതെ ഉപേക്ഷിക്കേണ്ടി വരും. നമ്മൾ തന്നെ കമ്മൾക്കായി ക്ലാസ്സുകൾ ഒരുക്കേണ്ടി വരും. ഞാൻ ഇന്നുതന്നെ ഒരുങ്ങി.
Babu K
10 Jul 2020, 10:51 PM
വിരമിക്കാൻ അഞ്ചു വർഷമേ ഉള്ളൂ എന്നതിനാൽ അറിയാത്ത കമ്പ്യൂട്ടർ പരിജ്ഞാനം ഇനി വേണ്ടതില്ല എന്ന സ്ഥാപന സമ്മിതി കിട്ടിയവരും അതിൽ പൊങ്ങിക്കിടക്കുന്നവരും കൂട്ടത്തിലുണ്ട്. എല്ലാവരെയും പോരാളികളാക്കുന്നു കോവിഡ് എന്നു സാരം....
Praveen sivapuri
10 Jul 2020, 06:44 PM
Good
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
എം.സി.പ്രമോദ് വടകര
12 Jul 2020, 05:22 PM
ഓൺ ലൈൻ പOനം തുടരുമ്പോൾ ഏറെ പുതിയ പ്രശ്നങ്ങൾ കൂടി ഉണ്ടാവുന്നുണ്ട്. സകൂളിനോടൊപ്പം നിരവധി പേരുടെയും സാമൂഹിക സാംസ്കാരിക കേന്ദ്രങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയുമൊക്കെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ചാനൽ സംപ്രേക്ഷണം കാണുന്നത്. .. ഇത്തരം ക്ലാസുകളുടെ അനുബന്ധ പ്രവർത്തനങ്ങളും മറ്റും ഓരോ വിഷയത്തിനും നല്കുന്നതും വിലയിരുത്തലുകളും പരീക്ഷങ്ങളുമൊക്കെയായി സ്കൂൾ തലത്തിൽ മത്സര സ്വഭാവത്തോടെ കാര്യങ്ങൾ മുന്നോട്ടു പോകുകയും ചെയ്യുമ്പോൾ അങ്കലാപ്പിലാവുന്നത് 1 കുട്ടികൾ തന്നെ. _ ടി.വി. പോര ,സ്മാർട്ട് ഫോൺ തന്നെ ഓരോ വീട്ടിലും വേണ്ടിവരുന്നു.- സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികളിലേക്ക് ഇതൊന്നും എത്തുന്നതേയില്ല.- മാത്രമല്ല, എന്തിനാണ് സ്വന്തം നിലയിൽ ഇത്രയേറെ അനുബന്ധ ക്ലാസുകളും ഹോം വർക്കുകളും ? എല്ലാ വർക്കുകളും നിക്ഷേപിക്കാനുള്ള സ്ഥലമായിരിക്കുന്നു പല ക്ലാസ്iഗ്രൂപ്പുകളും - വകുപ്പുതലത്തിൽ ഇതൊക്കെ ഫലപ്രദമായി കൊണ്ടുപോകാൻ പ്രത്യേക നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നല്കുന്നുമില്ല. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് അധ്യാപകർക്ക് ഓൺലൈനിലൂടെ കൃത്യമായ പരിശീലനം നല്കേണ്ടതല്ലേ? കുട്ടികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾ എങ്ങനെയൊക്കെ പരിഹരിക്കാമെന്ന് ചർച്ച ചെയ്യേണ്ടതല്ലേ? സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രയാസപ്പെടുന്ന അധ്യാപകരെക്കുറിച്ച് ആലോചിക്കുന്നതിനു മുൻപ് സ്മാർട്ട് ഫോൺ തീരെയില്ലാത്ത കുട്ടികളെക്കുറിച്ച് ആലോചിക്കേണ്ടതല്ലേ? ഓൺലൈൻ പ0നത്തെ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല എന്നതാണ് യാഥാർഥ്യം.