ഏഴ് വർഷത്തെ ഹിന്ദുത്വ ആഖ്യാനങ്ങൾ മുഴുവൻ തകിടം മറിച്ചുകൊണ്ടുള്ള തുടക്കം

പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ അമൻദീപ് സന്ധുവും ഡോ. യാസ്സർ അറഫാത്തും തമ്മിൽ കർഷക സമരത്തെ മുൻനിർത്തി നടത്തിയ സംഭാഷണം. ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് രണ്ടിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പുനഃപ്രസിദ്ധീകരണം.

ഡോ. യാസ്സർ അറഫാത്ത് പി.കെ: കർഷക പ്രക്ഷോഭം ഖാലിസ്ഥാനികളുടേതാണ്, എന്നുള്ള ഒരു ആഖ്യാനം നിലനിൽക്കുന്നുണ്ടല്ലോ. നമുക്ക് അവിടെ വച്ചുതന്നെ തുടങ്ങാം.

അമൻദീപ് സന്ധു: നമ്മൾ ആദ്യം തന്നെ ആലോചിക്കേണ്ടത്, ചരിത്രത്തിന്റെ ഏതു ദശയിലാണ് "ഖാലിസ്ഥാനെ' പഞ്ചാബിലെ കർഷകരുമായി ബന്ധപ്പെടുത്തുന്നത് എന്നാണ്! അത് ദശകങ്ങൾക്ക് മുൻപ് സംഭവിച്ച കാര്യങ്ങളാണ്. ഈയൊരു സമയത്ത്, "നിങ്ങൾ ഖാലിസ്ഥാനിയാണോ' എന്ന ചോദ്യത്തിന്റെ അർത്ഥമെന്താണ്,? രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം മുഴുവനായി മാറ്റിക്കൊണ്ടിരിക്കുന്നവർക്കെതിരെ, പഞ്ചാബികൾ പ്രതിരോധമുയർത്തുമ്പോൾ, 25 വർഷം മുൻപ് ഉപയോഗം നിന്നുപോയ ഒരു പദമെടുത്ത്, ഇന്ന് പഞ്ചാബികളെ അപരരാക്കാനുള്ള ഒരു ശ്രമമാണിത്. അസംതൃപ്തിയുടെയും, പക്ഷപാതിത്വത്തിന്റെയും കഥപറയുന്നുണ്ടായിരുന്ന പഞ്ചാബിൽ ഒരു പ്രത്യേക ചരിത്ര സമയത്ത് ഉയർന്നുവന്ന, പ്രാതിനിധ്യ ചോദ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു പ്രക്ഷോഭം ആയിരുന്നു ഖാലിസ്ഥാൻ പ്രക്ഷോഭം. അത്, നിർഭാഗ്യവശാൽ അക്രമ സ്വഭാവം ആർജ്ജിച്ചിട്ടുമുണ്ട്. പഞ്ചാബിനെ ക്ഷീണിപ്പിച്ചിട്ടുണ്ട്.

അതിനെ അടിച്ചമർത്താൻ ഇന്ദിരാ ഗാന്ധിയുടെ കാലത്തും അതിന് ശേഷവും അതി രൂക്ഷമായ പൗരവേട്ടകൾ പഞ്ചാബിൽ നടക്കുന്നതായും നമുക്ക് കാണാം. ലക്ഷക്കണക്കിന് അറസ്റ്റുകളും, മർദ്ദനങ്ങളും നടക്കുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാറും, ഇന്ദിരാഗാന്ധിയുടെ കൊലപാതകവും ഇതിന്റെ തുടർച്ചയായി ഉണ്ടാവുന്നു. തുടർന്നുണ്ടാവുന്ന സിഖ് വംശഹത്യ നമ്മൾ കാണുന്നു. ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുന്നു. അവസാനം പഞ്ചാബിലേക്ക് സമാധാനം കടന്നുവരുന്നു. അതിന്റെ തുടർച്ചയായി ഖാലിസ്ഥാൻ എന്ന പ്രയോഗത്തിന്റെ അർത്ഥവും വ്യാപ്തിയും മാറുന്നതും കാണാം. ഇന്ന് മനുഷ്യാവകാശ മൂല്യങ്ങളെ പറ്റിയുള്ള ചർച്ചകളിലാണ് "ഖാലിസ്ഥാൻ' എന്ന പ്രയോഗം കടന്നുവരുന്നത്. അല്ലാതെ, അത് സ്വയം ഭരണത്തെ സൂചിപ്പിക്കുന്ന പദമല്ല പഞ്ചാബിൽ. ഇന്ന് സിഖ് പ്രവാസത്തിന്റെ ഭാഗമായിട്ടുള്ള ചിലർ ചിലസമയങ്ങളിൽ "ഖാലിസ്ഥാൻ' എന്ന് പറയുമെങ്കിലും, പഞ്ചാബിൽ അത്തരമൊരു വികാരം തീരെ നിലനിൽക്കുന്നില്ല.

ഹിന്ദുത്വ ആശയങ്ങളെ പ്രതിരോധിക്കുന്ന ഏതു തരത്തിലുള്ള ന്യൂനപക്ഷങ്ങളെയും "വിഘടന വാദികളായി' ചിത്രീകരിക്കുന്നത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ കർഷക സമരത്തെയും അങ്ങിനെയുള്ള ആഖ്യാനങ്ങളുടെ ഭാഗമാക്കുന്നത്. പഞ്ചാബിലെ കർഷക കൂട്ടായ്മകളിൽ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തു നിൽക്കുന്നതാണ്. ഒരിക്കലും "ഖാലിസ്ഥാൻ' ആശയത്തെ പിന്തുണക്കുന്നതായിരുന്നില്ല ഇടതുപക്ഷ രാഷ്ട്രീയം. അവർ നിലനിന്നിരുന്നത് അതിനെതിരായിട്ടാണ്. അവരുടെ പിന്തുണ സ്റ്റേറ്റിനായിരുന്നു. ഇടതുപക്ഷം പ്രോ-നേഷൻ ആയിരുന്നു.

പഞ്ചാബിലെ കർഷകർ ആധികൊള്ളുന്നതും ആവശ്യപ്പെടുന്നതും രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ഭക്ഷ്യസുരക്ഷയെപ്പറ്റിയാണ്. ഇതെങ്ങിനെയാണ് ഖാലിസ്ഥാൻ വാദമാവുന്നത്. അങ്ങിനെയാണെങ്കിൽ, യുപിയിലെയും, ഹരിയാനയിലേയും, രാജസ്ഥാനിലേയും, മധ്യപ്രദേശിലേയും കർഷകർ ഈ മൂവ്‌മെന്റിനെ പിന്തുണക്കുന്നതെന്തുകൊണ്ടാണ്?

സംശയം ജനിപ്പിക്കുന്ന കാറ്റഗറികളെ നിർമ്മിക്കുക, എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയിച്ച ഫോർമുലകളിൽ ഒന്നാണ്. ബുദ്ധിജീവികൾക്ക് "അർബൻ നക്‌സൽ'എന്നും, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് "തുക്കടെ തുക്കടെ ഗാങ്' എന്നും ഒക്കെ നിരന്തരമായി വിശേഷിപ്പിക്കുന്നതായി കാണാം.

തീർച്ചയായും. പക്ഷെ ഖാലിസ്ഥാൻ ആഖ്യാനശ്രമങ്ങൾ, ഇപ്പോൾ പൂർണ്ണമായി തകരുന്നതായി കാണാം. ഇപ്പോൾ ജനങ്ങൾ അത് കാര്യമായി എടുക്കുന്നില്ല. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾകൊണ്ട്, ഖാലിസ്ഥാൻ പ്രയോഗം പൂർണ്ണമായും പരാജയപ്പെടുന്നതായി കാണാം, സാമൂഹ്യ മാധ്യമങ്ങളിലടക്കം.

പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർ , "പണക്കാരായ കർഷകരാണെന്ന' ഒരു വാദവും പരിവാർ സംഘടനകളും അവരെ പിന്തുണക്കുന്നവരും മുന്നോട്ടു വെക്കുന്നുണ്ട്. വിലപിടിച്ച ഷൂസുകളും, മൊബൈൽ ഫോണുകളും ഉപയോഗിക്കുന്ന ഇവർ എങ്ങിനെയാണ് "കർഷകർ' ആവുന്നത് എന്നുള്ള ചോദ്യങ്ങൾ ഖാലിസ്ഥാൻ ആഖ്യാനത്തിന്റെ തുടർച്ചയായിട്ടുതന്നെ വരുന്നത് കാണാം. എന്റെ ആകാംക്ഷ, എങ്ങിനെയാണ് "പണക്കാരായ കർഷകർ' എന്നുള്ള ഒരു ലേബലിംഗ് പഞ്ചാബിലെ കർഷകരുടെ കാര്യത്തിൽ സാധ്യമാകുന്നത്. കേരളം, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു, "പണക്കാരായ കർഷകർ' എന്നുള്ള ഒരു ലേബലിംഗ് ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർ അവിടങ്ങളിൽ ഉണ്ടാകുമെങ്കിലും.

ഇവിടെയാണ് നമ്മൾ കണക്കുകളിലേക്കു കണ്ണോടിക്കേണ്ടത്. പഞ്ചാബിലെ അറുപത്തഞ്ചു ശതമാനം കർഷകരും ചെറുകിട നാമമാത്ര കർഷകരാണ്. രണ്ടര ഏക്കർ വരെ കൃഷിഭൂമിയുള്ളവർ നാമമാത്ര കർഷകരും, അഞ്ചേക്കർ വരെയുള്ളവർ ചെറുകിട കൃഷിക്കാരുമായിട്ടാണ് കണക്കാക്കപ്പെടുന്നത് ഇവിടെ. ഇന്ത്യയിൽ മുഴുവനായി നോക്കുകയാണെങ്കിൽ പണക്കാരായ കർഷകർ എന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന, ഇരുപത്തഞ്ചേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ വെറും നാലുശതമാനം മാത്രമാണ്. ഇങ്ങിനെയുള്ളവരാണ് ഇന്ന് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കർഷകർ എന്ന് പറയുന്നത് കള്ളമാണ്. ഈ മൂവ്മെന്റ് എന്നത് കർഷകരുടെ ആത്മാഭിമാന (self respect) പ്രവർത്തനമാണ്. ഈ ആത്മാഭിമാന ചോദനയെ പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ്, ആറുമാസത്തേക്ക് ഡൽഹിയിൽ തങ്ങാനുള്ള വിഭവങ്ങളുമായി അവർ എത്തിയിരിക്കുന്നത്. സ്വന്തം ഭക്ഷണവും, വസ്ത്രങ്ങളും, കിടക്കകളും, കട്ടിലുകളും, കസേരകളും മറ്റുമായി അവർ എത്തിയത് ഈ ആത്മാനഭിമാനത്തിന്റെയും സാശ്രയത്വത്തിന്റെയും ഭാഗമായി തന്നെയാണ്.

നഗര ഇന്ത്യ അവരെക്കാണാൻ പോകുമ്പോൾ അവർ ആതിഥേയരായിട്ടാണ് അവരെ സ്വീകരിക്കുന്നത്. "വരൂ, ഞങ്ങളുടെ ലങ്കരിന്റെ (community kitchen) ന്റെ ഭാഗമായി, ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കൂ എന്നാണു അവർ ആവശ്യപ്പെടുന്നത് (ഞങ്ങൾക്ക് ഭക്ഷണം തരൂ എന്നല്ല പറയുന്നത്). സിഖ് മതത്തിന്റെ അത്ര തന്നെയുള്ള പഴക്കമുള്ളതാണ് ലങ്കറുകൾ. ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരാണ് കഴിഞ്ഞ അമ്പതു വർഷങ്ങളിൽ രാജ്യത്തെ മുഴുവൻ ഊട്ടുന്നത് എന്ന് പറയാൻ കഴിയും. "ഊട്ടുന്നവരും', "ഊറ്റുന്നവരും' തമ്മിലുള്ള വ്യത്യാസമാണത്. ആ വ്യത്യാസമാണ് അവർ കാണിക്കാൻ നോക്കുന്നത്.

അവർ പണക്കാരാണെന്ന് ചിലർക്ക് തോന്നുന്നത് അവർക്ക് വിളകളായ അരിക്കും, ഗോതമ്പിനും MSPകിട്ടുന്നതുകൊണ്ടാണ്. പുതിയ നിയമം ഇതിനെ അട്ടിമറിക്കും എന്നവർക്ക് കൃത്യമായിട്ടറിയാം. രാജ്യത്തു മുഴുവനും MSP നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. അത് കർഷകരുടെ ആത്മാനിഭാനത്തിന്റെ വിലയും കൂടിയാണ്. അതുകൊണ്ടുതന്നെ, ഇതിനെ പണക്കാരായിട്ടുള്ള കർഷകരുടെ പ്രക്ഷോഭമായിട്ടല്ല കണക്കാക്കേണ്ടത്, മറിച്ച്, കർഷകരുടെ ആത്മാഭിമാനപ്പോരാട്ടമായിട്ടാണ്. ചർച്ചകൾക്കുപോലും അവർ തങ്ങളുടെ ഭക്ഷണവുമായിട്ടു വരുന്നത് ഇത് ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം കൂടിയായതുകൊണ്ടാണ്. നിങ്ങളുടെ ചായയും ഭക്ഷണവും ഉണ്ടാക്കുന്നത് ഞങ്ങളാണെന്ന കൃത്യമായ പ്രസ്താവനയും അതിലുണ്ട്.

ചർച്ചയ്ക്കിടെ കേന്ദ്രമൊരുക്കിയ വിരുന്ന് നിരസിച്ചുകൊണ്ട് കർഷകർ പാകം ചെയ്ത ഭക്ഷണം നിലത്തിരുന്ന് കഴിക്കുന്ന പ്രതിനിധികൾ

നിങ്ങൾ ഞങ്ങളുടെ ആതിഥേയർ അല്ല, കഴിഞ്ഞ അമ്പതുവർഷമായി രാജ്യത്തെ ഊട്ടികൊണ്ടിരിക്കുന്ന ഞങ്ങളാണ് നിങ്ങളുടെ ആതിഥേയർ എന്ന പ്രഖ്യാപനവും അതിൽ കാണുന്നുണ്ട്, അല്ലെ?

തീർച്ചയായും. സ്റ്റേറ്റ് പൂളിൽ ഗോതമ്പിൽ മാത്രം പഞ്ചാബിന്റെ സംഭാവന 39 ശതമാനമാണ്. അരിയിൽ അത് 28 ശതമാനത്തോളമാണ്. അതായത് രാജ്യത്തെ ഓരോ മൂന്നു ചപ്പാത്തികളിൽ ഒന്നും, ഓരോ നാലു വറ്റുകളിൽ ഒന്നും വരുന്നത് പഞ്ചാബിൽ നിന്നാണ്. സത്യത്തിൽ ഇത് കോർപ്പറേറ്റുകളും, കർഷകരും തമ്മിലുള്ള പോരാട്ടമാണ്. ഇത് വ്യാവസായികവൽക്കരണവും, രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തികമേഖലയും തമ്മിലുള്ള പോരാട്ടമാണ്. ഇത് ബേസും സൂപ്പർ സ്ട്രക്ചറും (അടിസ്ഥാന ഘടനയും, ഉപരിഘടനയും) തമ്മിലുള്ള സംഘർഷമാണ്.

കാർഷിക സമരങ്ങളുടെ ഭാഗമായി പഞ്ചാബിന്റെ ഉള്ളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്ന നീക്കങ്ങൾ ദേശീയ മാധ്യമങ്ങളൊന്നും തന്നെ കണ്ടതായി നടിക്കുന്നില്ല. ട്രെയിൻ സർവീസുകൾ പഞ്ചാബിൽ നിർത്തിവെച്ചിരിക്കുകയാണ്, കൽക്കരി നീക്കങ്ങൾ നിലച്ചിരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ താങ്കൾ തന്നെ വേറെരിടത്തു സൂചിപ്പിച്ചുണ്ടല്ലോ. കർഷകർ ഡൽഹിയിലേക്ക് നടക്കുന്നു എന്ന കാഴ്ചകൾക്കപ്പുറം, ഏതൊക്കെ രീതിയിലാണ് പഞ്ചാബിന്റെയുള്ളിൽ സമരത്തെ അടിച്ചമർത്താൻ ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.

കേരളത്തിലെ പ്രളയക്കെടുതികൾ ദേശീയമാധ്യമങ്ങൾ മറച്ചുവെച്ചതു പോലെയുള്ള മാധ്യമ രാഷ്ട്രീയത്തിന്റെ കളികൾ തന്നെയാണത്. കഴിഞ്ഞ രണ്ടു മഹാപ്രളയങ്ങളും എന്തുകൊണ്ട് ദേശീയമാധ്യമങ്ങൾ വിഷയമാക്കിയില്ല എന്നതിന്റെ ഉത്തരം തന്നെയാണ് ഇതിനുമുള്ളത്. ആരാണ് ദേശീയമാധ്യമങ്ങളുടെ ഉടമസ്ഥർ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നമ്മൾ മനസ്സിലാക്കേണ്ടത്. മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ എല്ലാം കർഷക പ്രക്ഷോഭത്തെ പൂർണ്ണമായും കാഴ്ചകൾക്ക് പുറത്തു നിർത്തുന്നതാണ് നാം കാണുന്നത്. ഉദാഹരണത്തിന്, ഉത്തരകർണ്ണാടകയിലെ നിരവധി കർഷകർ ഡൽഹിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഒരു ചാനൽ പോലും അതിനെ കണ്ടതായി നടിച്ചിട്ടില്ല. കാരണം, മുഖ്യധാരാ കോർപ്പറേറ്റ് മാധ്യമങ്ങളുടെ മുതലാളിമാരെ തന്നെയാണ് പുതിയ കാർഷിക നിയമം ആത്യന്തികമായി സഹായിക്കാൻ പോകുന്നത്.

ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകൻ ഗുർഭജൻ സിങ്ങ്.

അതായത് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന മുതലാളിമാർ ഇപ്പോൾ കൃഷിഭൂമിയെയും നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു എന്നതല്ലേ ഇതിൽ കാണാൻ കഴിയുന്നത്? ഇതുവരെ ഉപരിഘടനയെ നിയ്രന്തിച്ചിരുന്ന കുത്തകകൾക്ക്, അടിസ്ഥാന ഘടനയെയും നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ഈ നിയമത്തിലൂടെ ഗവൺമെന്റ് ചെയ്യുന്നതെന്ന് പറയേണ്ടിവരും. ഭൂമിയെയും മാധ്യമങ്ങളെയും നിയന്ത്രിക്കുക വഴി രാജ്യത്തെ മുഴുവനായും നിയന്ത്രിക്കാൻ പറ്റും എന്നുള്ള നവ-ലിബറൽ സാമ്പത്തിക ചിന്ത തന്നെയാണ് ഇവിടെയും കാണുന്നത്.

തീർച്ചയായും. മാധ്യമ-മുതലാളിമാർ തന്നെയാണ് ഇന്ത്യകണ്ട ഏറ്റവും വലിയ കാർഷിക പ്രക്ഷോഭത്തെ, ആഖ്യാന നിർമ്മാണങ്ങളിൽ കൂടി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ വിജയത്തിന്റെ അടിസ്ഥാനം മാധ്യമങ്ങളെ ഉപയോഗിച്ചുള്ള ആഖ്യാന നിർമ്മാണങ്ങളും അതിന്റെ നിയന്ത്രണവും അവർക്കു ഭംഗിയായി ചെയ്യാൻ പറ്റുന്നു എന്നുള്ളതാണ്. കുത്തക മുതലാളികൾ അതിനവരെ സഹായിക്കുന്നു. ഈ ആഖ്യാനങ്ങളിൽ വരുന്ന ആഘാതങ്ങളാണ് അവരുടെ ഏറ്റവും വലിയ ഭയം. ഇന്നത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് തുടങ്ങുന്നത് ഷാഹീൻ ബാഗിൽ നിന്നാണെന്നു കാണാം. അത്തരത്തിലുള്ള ആഖ്യാനാഘാതങ്ങളുടെ തുടർച്ചയാണ് പഞ്ചാബിൽ നിന്ന് ആരംഭിച്ച കാർഷിക പ്രക്ഷോഭം. സാധാരണ ഹിന്ദുത്വ ഭക്തർക്ക് മനസ്സിലാകാത്തത് എന്താണെന്നു വെച്ചാൽ, ദേശീയത പറഞ്ഞുകൊണ്ട്, ദേശത്തെ മുഴുവൻ സ്വകാര്യ കുത്തകകൾക്ക് വിറ്റുകൊണ്ടിരിക്കുകയാണ്, ബിജെപി സർക്കാർ. സ്വകാര്യ കുത്തകകൾക്ക് ദേശീയത തുടങ്ങിയ വികാരങ്ങളൊന്നുമില്ല. അവർ എല്ലാവരെയും തകർക്കാനുള്ള അജണ്ടകളുമായിട്ടാണ് ഇരിക്കുന്നത്.

കഴിഞ്ഞ മുപ്പതുവർഷത്തിൽ നമ്മുടെ പൊതു വിദ്യാഭ്യാസ-ആരോഗ്യ മേഖലകളെ എങ്ങിനെയാണോ സ്വകാര്യ കുത്തകകൾ തകർത്തത്, അതേപോലെ കാർഷിക മേഖലയെയും തകർത്തുകൊണ്ട് തങ്ങളുടേതാക്നുകാള്ള ശ്രമങ്ങളാണ് അവർ ചെയ്യുന്നത്. ഇന്നവർ കാർഷിക ഭൂമിയെ ഉന്നം വെക്കുന്നത്, അതിനെ ഏറ്റവും വലിയ കുത്തക നിക്ഷേപമാക്കി മാറ്റുവാനാണെന്ന് നിസ്സംശയം പറയാം. സ്റ്റേറ്റിന്റെ നിക്ഷേപങ്ങളെ ഒരു പരിധിവരെ വാങ്ങിക്കഴിഞ്ഞ അവർ ഇപ്പോൾ നോക്കിക്കൊണ്ടിരിക്കുന്നത് സ്വകാര്യ വ്യക്തികളുടെ നിക്ഷേപങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണ് ഭൂമി. ഓരോ കർഷകരുടെയും "സ്വാതന്ത്ര്യ-സ്വയം ഭരണ' ഇടങ്ങളാണ് അവരുടെ കാർഷിക ഭൂമികൾ എന്ന് സൈദ്ധാന്തികമായി പറയാം. ഈ സ്വതന്ത്ര ഇടങ്ങളെ കുത്തകകൾ ഭയക്കുന്നുണ്ട്.

അങ്ങിനെയാണെങ്കിൽ, സ്വതന്ത്ര-കാർഷിക ഭൂഇടങ്ങളെ ഇല്ലാതാക്കി അവിടെ, കോർപ്പറേറ്റ് പരമാധികാരം (corporate sovereignty) കൊണ്ടുവരിക എന്നുള്ളതിലേക്കുള്ള ആദ്യത്തെ ചുവടുകളിലൊന്നായിട്ടാണ് സ്വകാര്യ കുത്തകകൾ പുതിയ ബില്ലുകൾ കാണുന്നതെന്ന് പറയാൻ പറ്റുമെന്ന് തോന്നുന്നു.

തികച്ചും ശരിയാണത്. നോക്കുക, കോർപ്പറേറ്റുകൾക്കു കിട്ടുന്ന സബ്‌സിഡികളോ, എഴുതിത്തള്ളലുകളോ ഇന്ത്യയിലെ കർഷകർക്ക് കിട്ടുന്നില്ല. കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ മൂന്നുലക്ഷത്തോളം കർഷകരും, കാർഷിക തൊഴിലാളികളുമാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്, പഞ്ചാബിൽ മാത്രം ഇരുപത്തിനായിരത്തിൽ കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടാവും. സർക്കാരിന്റെ കണക്കനുസരിച്ചു മാത്രം രണ്ടുവർഷം മുൻപുവരെ പതിനാറായിരം കർഷകരാണ് പഞ്ചാബിൽ ആത്മഹത്യ ചെയ്തിട്ടുള്ളത്. പാവപ്പെട്ടവരിൽ നിന്നെടുത്ത്, കോർപ്പറേറ്റുകൾക്കു കൊടുക്കുന്ന ഒരു ക്രോണി കാപിറ്റലിസ്‌റ് സാമ്പത്തികാവസ്ഥയുടെ ബലിയാടുകളാണ് ഈ കർഷകർ എന്നുതന്നെ പറയാം. ഹിന്ദുത്വ രാഷ്ട്രീയത്തെ പൂർണ്ണമായി സഹായിക്കാൻ പറ്റുന്ന ഘടനയാണ് ഈ സാമ്പത്തികാവസ്ഥ. അതുകൊണ്ടുതന്നെയാണ് "എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം' എന്ന അവരുടെ മുദ്രാവാക്യം, "എല്ലാവരുടെയും വിനാശം' എന്ന രീതിയിൽ കാർഷിക മേഖലയിൽ അനുഭവപ്പെടുന്നത്. അതുമൂലം ബ്രാഹ്മിൺ-ബനിയ ലോബിയുടെ രാഷ്ട്രീയ-സാമൂഹ്യ മേധാവിത്വത്തെ പൂർണ്ണമായും ഉറപ്പിക്കുക എന്ന അജണ്ടയും നടപ്പിലാക്കാൻ പറ്റും.

ഒരു ചരിത്രകാരനെന്ന നിലക്ക് ഞാൻ മനസ്സിലാക്കുന്നത്, സ്വാതന്ത്ര്യ ഇന്ത്യയുടെ കാർഷിക പ്രക്ഷോഭ ചരിത്രത്തിലാദ്യമായിട്ടായിരിക്കും, ഇത്തരത്തിലുള്ള പ്രതിഷേധ രൂപം ഉണ്ടാവുന്നത് എന്നാണ്. പഞ്ചാബിലെ വീടുകളിലെ ചില വ്യക്തികളല്ല പ്രക്ഷോഭത്തിലേക്ക് വരുന്നത്. വീടുകളും ഗ്രാമങ്ങളും അവയിലുള്ള ഭക്ഷണങ്ങളും, വസ്ത്രങ്ങളും, ഫർണിച്ചറും, വളർത്തു മൃഗങ്ങളും, കുട്ടികളും മുതിർന്നവരും തുടങ്ങി, ജീവിത-ആവാസ വ്യവസ്ഥകൾ മുഴുവനുമായിട്ടാണ് പ്രക്ഷോഭ വീഥിയിലേക്ക് വരുന്നത്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭത്തെ തകർക്കാൻ ചരിത്രത്തിൽ കാണാത്ത രീതിയിലുള്ള സേന വിന്യാസം നടത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമാവുന്നു.

മറ്റുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് വത്യസ്തമായി, ഇപ്പോൾ കാണുന്നത് എന്താണെന്നുവെച്ചാൽ, ഡൽഹിയിൽ നിയമിക്കപ്പെട്ടിട്ടുള്ള പൊലീസുകാരിൽ ഭൂരിപക്ഷവും കാർഷിക വീടുകളിൽ നിന്ന് വരുന്നവരാണ്. അവരിൽ ഭൂരിപക്ഷം പേരുടെയും കുടുംബാംഗങ്ങൾ കർഷകരാണ്. തങ്ങൾ അടിച്ചൊതുക്കുന്ന കർഷകർ, ആത്യന്തികമായി തങ്ങളുടെ അവകാശങ്ങൾക്കാണ് പൊരുതുന്നതെന്ന ചിന്ത ഈ പൊലീസ്-സൈനികരിൽ ശക്തമായി വേരോടിയിട്ടുണ്ട്. പ്രക്ഷോഭകരുടെ അടുക്കളയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന പോലീസുകാരും, അവരെ ഊട്ടുന്ന പ്രക്ഷോഭകരും വിനിമയും ചെയ്യുന്ന വികാരങ്ങൾ ഹിന്ദുത്വ സർക്കാരിനെ വളരെ നന്നായിട്ടുതന്നെ ഇളക്കിയിട്ടുമുണ്ട്. ഈ ദൃശ്യങ്ങൾ ഹിന്ദുത്വ പ്രചാരണ യന്ത്രങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കാണാം. അതുകൊണ്ടാണ് പ്രക്ഷോഭം തുടങ്ങി അഞ്ചാം ദിവസത്തിനിള്ളിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മൂന്നു തവണ പ്രതിനിധികളെ അയക്കേണ്ടി വരുന്നത്.

ഇത് ഒരു സിഖ് കർഷക പ്രക്ഷോഭം മാത്രമാണ് എന്നുള്ള ആഖ്യാനങ്ങളും ദുർബ്ബലപ്പെടുകയാണ്. ഗുജറാത്തിൽനിന്നും, മധ്യപ്രദേശിൽനിന്നും, മഹാരാഷ്ട്രയിൽനിന്നും, കർണ്ണാടകയിൽനിന്നും, ഹരിയാനയിൽനിന്നും ഒക്കെയുള്ള സിഖുകാരല്ലാത്ത കർഷകർ ഡൽഹിയിൽ എത്തിക്കൊണ്ടിരിക്കുന്നു. ആന്ധ്രയിലും ഒഡീസയിലും വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നു. അതുകൊണ്ട്, ഇന്ത്യ കണ്ട ഏറ്റവും വലിയ കാർഷിക പ്രക്ഷോഭം സിഖ് പ്രക്ഷോഭമായി ആഖ്യാനിക്കാനുള്ള ശ്രമങ്ങളും പാളിപ്പോകുന്നത് കാണാം.

ഇവിടെ സിഖ് കർഷകർ ഉൾപ്രേരകം ആയിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പഞ്ചാബിനുള്ളിലും, ഇന്ത്യയിലാകമാനവും പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നത് അതിന്റെ തെളിവാണ്.

കഴിഞ്ഞ രണ്ടായിരത്തിലധികം വർഷങ്ങളായി ഈ ഉൾപ്രേരകരുടെ ഭാഗം വഹിക്കുന്നവരാണ് പഞ്ചാബികൾ. അതിർത്തി പ്രദേശമായ പഞ്ചാബിന് ഇങ്ങിനെയുള്ള റോളുകൾ ഏറ്റെടുക്കേണ്ടിവരുന്നത് ചരിത്രത്തിൽ ഒരുപാട് കാണാൻ കഴിയും. പഞ്ചാബിലെ കർഷകരുടെ ഉൽപ്രേരക പ്രക്രിയകളെ, ശക്തമായി നിലനിർത്താൻ, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി സിഖ് മതത്തിനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ എഴുനൂറു വർഷങ്ങളായി ഡൽഹിയിലെ അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്ത ചരിത്രവും പഞ്ചാബിനുണ്ട്. തുർക്കികൾ, മുഗളർ, ബ്രിട്ടീഷുകാർ, എന്നിവരോടെതിർത്തുനിന്ന പ്രക്ഷോഭകർ ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തോടും തിരിഞ്ഞു നിൽക്കുന്നു. കഴിഞ്ഞ അഞ്ഞൂറുവർഷങ്ങളായി ഇങ്ങിനെയുള്ള പ്രതിരോധങ്ങളെയും പ്രക്ഷോഭങ്ങളെയും കരുതലോടെ നിലനിർത്താൻ സിഖ് മതത്തിന്റെ ചില ക്രിയാത്മക വശങ്ങളെയും പഞ്ചാബികൾ ഉപയോഗിക്കുന്നതായി കാണാം.

അവകാശങ്ങൾ കവർന്നെടുക്കുന്ന അധികാര സ്ഥാനങ്ങളോടുള്ള ജനകീയ പ്രതിരോധ സമരങ്ങളുടെ നീണ്ട ചരിത്രമുണ്ട് പഞ്ചാബിന്. ഇരുപതാം നൂറ്റാണ്ടിലെ "Colonisation Act'നെതിരെ നടന്ന "പഗുഡി സംബാൽ ജെട്ട' (സിഖ്കാരാ, നിന്റെ തലപ്പാവ് സംരക്ഷിക്കൂ) തുടങ്ങിയ സമരങ്ങൾ, ഇത്തരത്തിൽ കർഷകരുടെ ഭൂമിയിലും വിശ്വാസത്തിലും ഊന്നിയിട്ടുള്ള ശക്തമായ സമരങ്ങളായിരുന്നു. സമരത്തിലൊടുവിൽ, ബ്രിട്ടീഷ് സാമ്രാജ്യത്തിന് കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കേണ്ടതായും വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സമരങ്ങളുടെ ഓർമ്മകളിൽ കൂടിയാണ് ഇന്നത്തെ സമരവും മുന്നോട്ടു പോകുന്നതെന്ന് കാണാൻ പറ്റും. വ്യക്തിപരമായി, തുടക്കത്തിൽ ഈ സമരത്തിന്റെ വിജയത്തെ കുറിച്ച് എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നല്ല പ്രതീക്ഷയുണ്ട്.

ഇന്ത്യയിൽ ഇതുവരെ നടന്ന കർഷക സമരങ്ങളിൽ നിന്ന് വത്യസ്തമായി, ഈ പ്രക്ഷോഭം അന്താരാഷ്ട്ര സമൂഹം വളരെ സൂക്ഷമതയോടെ നോക്കിക്കാണുന്നുണ്ട്. കുടിയേറിയ സ്ഥലങ്ങളിൽ രാഷ്ട്രീയമായി ഇടപെടാനുള്ള പഞ്ചാബ് സമൂഹത്തിന്റെ ശ്രമങ്ങളുടെ ഫലമായിട്ടാണ് ഇത് അനുഭവപ്പെടുന്നത്. ബ്രിട്ടീഷ് പാർലമെന്റിലും, കനേഡിയൻ പാർലമെന്റിലുമടക്കം ഈ കർഷക സമരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളെ കൊണ്ടുവരുവാൻ പ്രവാസി പഞ്ചാബികൾക്കു കഴിഞ്ഞിട്ടുണ്ട്.

പഞ്ചാബ് ഡയസ്‌പോറ ഇപ്പോഴും പഞ്ചാബിലെ കാർഷിക ഗ്രാമങ്ങളുടെ ഭാഗമായി നിൽക്കുകയാണ്. പാശ്ചാത്യ നഗരങ്ങളിൽ പ്രവാസികളായി നിലനിൽക്കുമ്പോൾ തന്നെ, കാനഡയിലും, അമേരിക്കയിലും യൂറോപ്പിലും ജീവിക്കുമ്പോഴും അവരുടെ മനസ്സുകൾ ഇപ്പോഴും പഞ്ചാബിൽ തന്നെ തങ്ങി നിൽക്കുന്നതായി കാണാം. പഞ്ചാബ് ഡയസ്‌പോറയെ അതുകൊണ്ടു തന്നെ റൂറൽ ഡയസ്‌പോറ എന്ന് വിളിക്കാവുന്നതാണ്. പഞ്ചാബിലെ ഗ്രാമങ്ങളിൽനിന്നാണ് പടിഞ്ഞാറിലെ നഗരങ്ങളിലേക്ക് അവർ കുടിയേറുന്നത്.

തീർച്ചയായും ശരിയാണ്. അതേസമയം കേരളം പോലെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള പ്രവാസികളെ അപേക്ഷിച്ച്, പഞ്ചാബ് ഡയസ്‌പോറ രാഷ്ട്രീയമായി കൂടുതൽ സംഘടിതമാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ. അവർക്ക് അതുകൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ പ്രശ്‌നങ്ങൾ അന്താരാഷ്ട്ര വേദികളിൽ നിരന്തരം ഉന്നയിക്കുവാനും സാധിക്കുന്നു. അമേരിക്ക മുതൽ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങളിൽ ഈ ശബ്ദങ്ങൾ നാം കേട്ടുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ പരിവാർ രാഷ്ട്രീയമുദ്ദേശിക്കുന്നതുപോലെ, ഒരു പ്രാദേശിക പ്രക്ഷോഭമായിട്ടല്ല കാർഷിക രോഷം ഇന്ന് നിലനിൽക്കുന്നത്. മറിച്ച്, ലോകം ശ്രദ്ധിക്കുന്ന ഒരു വിശാല മൂവ്മെന്റായി ഇത് ഇപ്പോൾത്തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. ഡയസ്‌പോറ മാത്രമല്ല, ഡൽഹിപോലെയുള്ള നഗരങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള സിഖുകാരും, പഞ്ചാബിൽ നിന്നുള്ള ഹിന്ദു കാത്രി സമുദായവും, ഈ കാർഷിക പ്രക്ഷോഭത്തെ അതിശക്തമായി പിന്തുണക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഒരു കാർഷിക പ്രക്ഷോഭം എന്നനിലയിൽനിന്നു മാറി, പഞ്ചാബിനോടും സാധാരണക്കാരോടും ഈ ഗവണ്മെന്റ് കൈക്കൊണ്ടിട്ടുള്ള നിലപാടുകളോടുള്ള നാളിതുവരെയുള്ള പ്രതിഷേധങ്ങളൊക്കെ അണപൊട്ടിയൊഴുകുകയാണ് ഇപ്പോൾ എന്നും കരുതേണ്ടിവരും. നോട്ടു നിരോധനവും, GSTയും ഒക്കെച്ചേർന്നുണ്ടാക്കിയ ദാരിദ്ര്യത്തിന്റെ ആഴത്തെ വീണ്ടും ശക്തിപ്പെടുത്തുന്ന കാർഷിക ബില്ലുകൾ അതുകൊണ്ടുതന്നെയാണ് ഇന്ത്യയിൽ മുഴുവൻ പ്രതിഷേധങ്ങളുണ്ടാക്കുന്നത്.

പൂർണ്ണമായും യോജിക്കുന്നു . ഇതിന്റെകൂടെ പറയാനുള്ള ഒരു കാര്യമെന്താണെന്നു വെച്ചാൽ, പഞ്ചാബിലെ എല്ലാ സമുദായത്തിന്റെയും ഇടയിൽ നിലനിൽക്കുന്ന പ്രതിരോധ ബോധമാണ്. വ്യത്യസ്ത മതവും ജാതിയുമായി ജീവിക്കുമ്പോഴും, അധികരത്തിന്റെ ഗർവ്വിനോട് പഞ്ചാബിലെ എല്ലാ സമുദായങ്ങളും എപ്പോഴും പോരാടിയിട്ടുണ്ട് എന്നുകാണാം. സിഖ് മതത്തിന്റെ പ്രവേശനത്തോടെ ഇവയ്ക്ക് ഒരു സംഘടിത സ്വഭവവം കൈവന്നിട്ടുണ്ട് എന്ന് മാത്രം.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടുള്ള ആഴത്തിലുള്ള നിരാസവും അവിശ്വാസവും ഈ പ്രക്ഷോഭത്തിൽ കാണാൻ കഴിയുന്നുണ്ടല്ലോ. താങ്കൾ തന്നെ വേറൊരു സ്ഥലത്തു അഭിപ്രായപ്പെട്ടത്, കർഷകരുടെ താല്പര്യങ്ങളെ മാനിക്കാതെ "അവരെ വിഡ്ഢികളായി കരുതുന്ന' രാഷ്ട്രീയമായിരുന്നു മുഖ്യധാരാ പാർട്ടികൾ പഞ്ചാബിൽ ഏറെകാലം നടത്തിയിരുന്നത് എന്നാണ്. ഞങ്ങളെ വിഡ്ഢികളാക്കിയത് മതി എന്നതിന്റെ പ്രഖ്യാപനം കൂടിയാണോ ഇത്?

തീർച്ചയായും. ഇന്ദിരഗാന്ധിയോടെ കോൺഗ്രസ്സിനെ വലിയൊരളവിൽ കയ്യൊഴിഞ്ഞിരുന്നു പഞ്ചാബിലെ ഗ്രാമങ്ങൾ. അടിയന്തിരാവസ്ഥയിൽ സിപിഐ (CPI) എടുത്ത നിലപാടുകളും, ഖാലിസ്ഥാൻ പ്രക്ഷോഭങ്ങളുടെ സമയത്ത് സ്റ്റേറ്റിന്റെ ഭാഗം തിരഞ്ഞെടുത്ത ഇടതുപക്ഷത്തോടും, വലിയ വിഭാഗം സിഖുകൾക്ക് നീരസമുണ്ടായിട്ടുണ്ട്. വർഷങ്ങളെടുത്തിട്ടാണ് കോൺഗ്രസ്സും ഇടതുപക്ഷവും നഷ്ടപ്പെട്ട വിശ്വാസം ഒരളവിൽ തിരിച്ചുപിടിക്കുന്നത്. സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും ശക്തമായ വേരുകളുള്ള പഞ്ചാബിൽ, ഇടതുപക്ഷം ദുബ്ബലമാവുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്. അതേസമയം ഖാലിസ്ഥാൻ പോലെയുള്ള ആശയങ്ങൾ പഞ്ചാബിനെ പല തരത്തിലും ദുർബലപ്പെടുത്തിയിട്ടേ ഉളളൂ എന്ന യാഥാർത്യവും നിലനിൽക്കുന്നുണ്ട്. സത്യത്തിൽ "ഖാലിസ്ഥാൻ' ഒരു മൂവ്മെന്റായിട്ടുതന്നെ രൂപപ്പെട്ടിരുന്നില്ല. ഒരു ന്യൂനപക്ഷമായിരുന്നു അത്. പക്ഷെ പഞ്ചാബിന് നഷ്ടമായത് ഒരുപാടു ജീവനുകളും, സമാധാനവുമായിരുന്നു. എന്നാൽ ഇന്നത്തെ കാർഷിക പ്രക്ഷോഭങ്ങളെല്ലാം ഇടതുപക്ഷ ആശയങ്ങളാൽ ആഴത്തിൽ സ്വാധീനിക്കപ്പെട്ടതാണ്. പഞ്ചാബിലെ കർഷക സമര പൊതുഘടനയെ നിർണ്ണയിക്കുന്നത് ഈ ഇടതുപക്ഷ ബോധമാണ്. ഒരു നൂറ്റാണ്ടിലധികമായി ഈ മണ്ണിൽ വേരുറച്ചിട്ടുള്ള ഇടതുപക്ഷ ബോധത്തിന്റെ ഒരു വീണ്ടെടുക്കലായും ഇതിനെ കാണാം.

വേറെ അർത്ഥത്തിൽ, ഞാൻ "പഞ്ചാബിയ്യത്ത്' എന്ന് വിളിക്കാൻ ആഗ്രഹിക്കുന്ന ഒരു സാംസ്‌കാരികതയുടെ ശക്തമായ ഭാഗമായിത്തന്നെ ഇടതുപക്ഷ ബോധം പഞ്ചാബിലുണ്ടായിരുന്നു. സോഷ്യലിസവും, സൂഫിസവും, കമ്മ്യൂണിറ്റി കിച്ചണുകളും, സമ്മേളിക്കുന്ന "പഞ്ചാബിയ്യത്തി'ന്റെ കേന്ദ്രബിന്ദു "പ്രതിരോധ ബോധ'മായിരുന്നു എന്ന് കാണാം.

ശരിയാണ്, പഞ്ചാബിയ്യത് സാംസ്‌കാരികതയുടെ ഭാഗം തന്നെയാണ് നിരന്തരമായുള്ള ഉദ്ബോധനവും. നിരന്തരമായി നടക്കുന്ന കാർഷിക സമരങ്ങളിലും പ്രകടനങ്ങളിലും പഞ്ചാബിലെ കർഷകർ പറയുന്ന കാര്യം, നവ-ലിബറൽ സാമ്പത്തിക ഘടനയാണ് കർഷകരുടെ യഥാർത്ഥ ശത്രു എന്നാണ്. പാർട്ടികൾ ഈ ഘടനക്ക് പുറത്തുകടക്കുന്നില്ലെങ്കിൽ ഏതു പാർട്ടി അധികാരത്തിൽ വന്നാലും വോട്ടുചെയ്തവർതന്നെ അവർക്കെതിരെ പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടാകും എന്നും പഞ്ചാബ് കർഷകർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതായി കാണാം. ഇത്തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങളും "പഞ്ചാബിയ്യത്തിന്റെ' ഭാഗമായിത്തന്നെ ഉരുത്തിരിഞ്ഞു വരുന്നതാണ്. ഏതു പാർട്ടി അധികാരത്തിൽ വന്നാലും നവലിബറൽ ഘടനയിൽ രാഷ്ട്രീയപാർട്ടികൾ നിലനിൽക്കുന്ന കാലത്തോളം കർഷകർ പോർമുഖങ്ങളിൽ തന്നെ നിൽക്കേണ്ടിവരും എന്ന ബോധവും ശക്തമായി നിൽക്കുന്നുണ്ട് പഞ്ചാബിൽ.

കാർഷിക പ്രക്ഷോഭം വിജയിച്ചാലും ഇല്ലെങ്കിലും ചിലകാര്യങ്ങൾ അത്യധികം പ്രതീക്ഷ തരുന്നവയാണ്. ഒന്ന് കാർഷിക ഇടങ്ങളിൽ ഉരുത്തിരിഞ്ഞുവരുന്ന പുതിയ രാഷ്ട്രീയ ബോധം. രണ്ട്, കഴിഞ്ഞ അമ്പതു വർഷമായി പരസ്പരം പോരടിച്ചിരിക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും ജനങ്ങൾ അത് മറന്ന് ഒന്നായിരിക്കുകയാണ്. എഴുനൂറു വർഷത്തിൽ ഡൽഹിയിലെ അധികാരകേന്ദ്രങ്ങളോട് ഒന്നായി നിന്ന് പൊരുതിയ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ, ഏഴ് വർഷത്തെ ഹിന്ദുത്വ രാഷ്ട്രീയത്തോടും പൊരുതുകയാണ് ഇപ്പോൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആഖ്യാന യന്ത്രങ്ങളെ മുഴുവൻ തകിടം മറിച്ചുകൊണ്ടുള്ള ഈ തുടക്കം, പ്രതീക്ഷയുളവാക്കുന്നതാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ രണ്ടുലക്ഷം പഞ്ചാബികളാണ് ട്വിറ്റർ ഉപയോഗിക്കാൻ തുടങ്ങിയത്. സാമൂഹ്യ മാധ്യമ ആഖ്യാനങ്ങളിലൂടെയാണ് നിങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നതെങ്കിൽ, അതിലൂടെ തന്നെ ഉത്തരം തരാൻ ഞങ്ങളും തയ്യാറാണെന്ന പ്രഖ്യാപനമാണവർ നടത്തുന്നത്. രാജാക്കളുടെ ആഖ്യാനങ്ങളെയും, സാമ്രാജ്യത്വ അധിനിവേശ ആഖ്യാന യന്ത്രങ്ങളെയും തങ്ങളുടേതായ ആഖ്യാനങ്ങളിലൂടെ തോൽപിച്ച ചരിത്രവും പുതിയ തലമുറയുടെ മുന്നിലുണ്ട്.

Panjab: Journeys Through Fault Lines ൽ നിങ്ങൾ പറയുന്ന ഒരു കാര്യം, "എന്റെ ഹൃദയത്തിൽ ഒരു സുഷിരമുണ്ട്' എന്നതാണ്. ചരിത്രപരമായി, ഓരോ പഞ്ചാബിയുടെ ഹൃദയത്തിലും ഒരു സുഷിരമുള്ളതായി കാണാം. ചരിത്രപരമായി മുറിവേറ്റ, ഹൃദയത്തിൽ സുഷിരങ്ങൾ സൂക്ഷിക്കുന്ന ഒരു സമൂഹത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായി തന്നെയാണ് പുതിയ കാർഷിക നിയമങ്ങളെ അവർ കണക്കാക്കുന്നത്. ഇത് നിലവിൽ വരുന്നതോടെ അവരുടെ അതിജീവനത്തിന്റെ എല്ലാ വാതിലുകളും അടയുകയാണ്. .

ഈ മുറിവിലെ വേദനകളെ നന്നായി അറിയാവുന്നതുകൊണ്ട് തന്നെ അവർ എപ്പോഴും അവകാശങ്ങളെ പറ്റി സംസാരിച്ചുകൊണ്ടിരിക്കും. അവരുടെ സമാധാനപരമായ പ്രക്ഷോഭം ആത്മാഭിമാനത്തിനും, അന്തസ്സിനും, വേണ്ടിയുള്ളതാണ്. അതവർ തുടർന്നുകൊണ്ടിരിക്കും.

Comments