​ട്രാക്​റ്റർ റാലി തുടങ്ങി, ഈ റിപ്പബ്ലിക്​ കർഷകരുടേതാണ്​

എങ്കിലും മിസ്റ്റർ പ്രധാനമന്ത്രി, വിവേകപൂർണമായ ഒരു തീരുമാനത്തിലൂടെ, ഈ രാജ്യം കർഷകർക്കും തൊഴിലാളികൾക്കും ദളിതനും ആദിവാസികൾക്കും മത ന്യൂനപക്ഷങ്ങൾക്കും പരമാധികാരമുള്ള ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞാൽ റിപ്പബ്ലിക് ദിനം, അതിർത്തിയിലെ ജവാൻമാരും പാടങ്ങളിലെ കർഷകരും ചേർന്ന വർണ്ണപ്പകിട്ടുള്ള ഒരു ഘോഷയാത്രയായി മാറും. ജയ് ജവാൻ ജയ് കിസാൻ എന്നത് അർത്ഥശോഷണം വന്ന ഒരു മുദ്രാവാക്യമല്ലാതായി മാറും.

രാജ്യ തലസ്ഥാനത്തേക്കുള്ള ട്രാക്ടറുകളുടെയും കർഷകരുടെയും റാലി തുടങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ലോകം അതീവ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 450 ലധികം വിദേശ പത്രപ്രതിനിധികളാണ് ഡൽഹിയിലെത്തിയിരിക്കുന്നത്. അവരിലധികവും ഔട്ടർ ഡൽഹിയിലെ ഹൈവേകളിലാണ് തമ്പടിച്ചിരിക്കുന്നത്. ഔദ്യോഗിക റിപ്പബ്ലിക് ദിനാചരണശേഷം 12 മണിയോടെ കർഷകർ റിപ്പബ്ലിക് പരേഡ് ആരംഭിക്കും. സിംഘു, തിക്രി, ഘാസിപൂർ, ചില്ല എന്നിവിടങ്ങളിൽ നിന്ന്​ ട്രാക്ടർ റാലികൾ പരേഡ് ആരംഭിച്ചുകഴിഞ്ഞു. കർഷക സംഘടനാ നേതാക്കൾ അറിയിക്കുന്നതനുസരിച്ച് 5 വരികളിലായി 100 കിലോമീറ്റർ ട്രാക്ടർ റാലിക്കായിരിക്കും ദില്ലി സാക്ഷ്യം വഹിക്കുക! ഫലത്തിൽ 500 കിലോമീറ്റർ നീളമുള്ള കർഷക റാലി!

നിരന്തര ശിക്ഷണത്തിലൂടെയും പരിശീലിപ്പിച്ച അച്ചടക്കത്തിന്റെയും അലക്കിത്തെളിച്ച യൂണിഫോമിന്റെയും തിളക്കത്തിൽ; കവചിത വാഹനങ്ങളുടെയും, മിസൈലുകളുടെയും ശക്തിപ്രകടനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസങ്ങളും മാത്രം കണ്ടുശീലിച്ച ഡൽഹി നഗരം ക്ഷമയുടെയും സഹനത്തിന്റെയും ആത്മാഭിമാനത്തിന്റെയും പുത്തൻ ആവിഷ്‌കാരങ്ങൾക്ക് സാക്ഷ്യം വഹിക്കും. രാജ്യത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും നിറങ്ങളെയും അത് പ്രതിനിധാനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരോടൊപ്പം തൊഴിലാളികളും വിദ്യാർത്ഥികളും കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും ബുദ്ധിജീവികളും റാലിയിൽ അണിനിരക്കും.

ഏഴ് പതിറ്റാണ്ടുകാലമായി ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെട്ടവർ നഗര ചത്വരങ്ങളിലേക്ക് ഇരമ്പിവരുന്ന ചരിത്ര മുഹൂർത്തമാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനം സൃഷ്ടിക്കാൻ പോകുന്നത്. ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിൽ ആരുടെ പരമാധികാരമാണ് സംരക്ഷിക്കപ്പെടുന്നതെന്ന ചോദ്യം അവർ ഉയർത്തും. കപട ദേശീയബോധത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും നാട്യങ്ങളെ അവർ വലിച്ചെറിയും. വെറുപ്പിന്റെയും പകയുടെയും രാഷ്ട്രീയത്തെ ക്ഷമയുടെയും സഹനത്തിന്റെയും അഹിംസയുടെയും രാഷ്ട്രീയത്താൽ പകരംവെക്കും.

60 ദിനങ്ങൾ! 152 രക്തസാക്ഷികൾ.
നവമ്പർ 26ന് ആരംഭിച്ച ദില്ലി ചലോ മാർച്ച് ഇക്കാലയളവിൽ നേരിടേണ്ടിവന്നത് അസാധാരണമായ വിധത്തിലുള്ള കഷ്ടതകളാണ്. ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകരെ ബാരിക്കേഡുകളുയർത്തിയും ജലപീരങ്കികളും കണ്ണീർവാതക ഷെല്ലുകളും വർഷിച്ചും, ദേശീയ പാതകളിൽകിടങ്ങുകൾ പണിതും തടയിടാനായിരുന്നു സർക്കാരുകൾ ശ്രമിച്ചത്. അവയൊക്കെ ഒന്നൊന്നായി തകർത്തെറിഞ്ഞ് മുന്നോട്ടു നീങ്ങിയ കർഷകരെ ഡൽഹി അതിർത്തിയിൽ തളച്ചിട്ട് ചർച്ചാ പ്രഹസനങ്ങൾ നടത്തുകയായിരുന്നു ഈ നാളുകളിൽ കേന്ദ്ര സർക്കാർ ചെയ്തത്. അതോടൊപ്പം സാധ്യമായ എല്ലാ വഴികളുമുപയോഗിച്ച് കർഷക പ്രസ്ഥാനങ്ങളെ അവമതിക്കാനും അവരുടെ ഐക്യംതകർക്കാനും നേതാക്കളെ നിയമക്കുരുക്കിൽ പെടുത്താനും അധികാരികൾ ശ്രമിച്ചുകൊണ്ടേയിരുന്നു.

കർഷകരുടെ ഡൽഹി ചലോ സമരത്തിൽ രക്തസാക്ഷികളായ കർഷകർക്ക് കിസാൻ സഭ നേതാവ് ഹന്നൻ മൊല്ല അഭിവാദനമർപ്പിക്കുന്നു

ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച്​ 40ഓളം കർഷക നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കർഷക സംഘടനാ നേതാക്കളുടെ ഓഫീസുകളും വീടുകളും എൻഫോർസ്‌മെന്റ് ഡയറക്ടേറ്റിനെ ഉപയോഗപ്പെടുത്തി റെയ്ഡുകൾ നടത്തി. ഏറ്റവുമൊടുവിൽ സുപ്രീം കോടതിയെപ്പോലും തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഉപകരണമാക്കാൻ സർക്കാർ ശ്രമിച്ചു. കാർഷിക നിയമത്തെ തുറന്ന് അനുകൂലിക്കുന്ന നാല് പേരെ നിയമത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ധ സമിതി അംഗങ്ങളായി പ്രഖ്യാപിച്ച്​ രാജ്യത്തെ പരമോന്നത കോടതി സ്വയം അപഹാസ്യമായി. നാല് അംഗങ്ങളിൽ ഒരാൾ (അദ്ദേഹം ഒരു കർഷക സംഘടനാ നേതാവ് കൂടിയാണ്) അപഹസിക്കപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുന്നതിനായി സ്വയം വിട്ടുനിന്നു!

അറുപത് ദിനങ്ങൾ കൊണ്ട് കർഷകർ എന്തുനേടി?

രാജ്യം മറന്നുപോയ കർഷകരെ, അവരുടെ പ്രശ്‌നങ്ങളെ, മുഖ്യധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞുവെന്നതാണ് കർഷക പ്രക്ഷോഭങ്ങളുടെ ആദ്യവിജയം. മാധ്യമങ്ങൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും തമസ്‌കരിക്കാൻ സാധ്യമല്ലാത്തവിധം ഉണർന്നെണീറ്റ ഒരു ശക്തിയായി അവർ അവതരിച്ചു. ഒരു സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും കീഴടക്കാനോ ഏറ്റെടുക്കാനോ സാധിക്കാത്തവിധത്തിൽ അവർ തങ്ങളുടെ അസ്തിത്വം ഉയർത്തിപ്പിടിച്ചു. അവർ ഉന്നയിക്കുന്ന പല വിഷയങ്ങളും ന്യായമാണെന്ന് സർക്കാരിന് തന്നെ ഒരു പരിധിവരെ സമ്മതിക്കേണ്ടി വന്നു. നിയമങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് അധികൃതർക്ക് പറയേണ്ടി വന്നു.

എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കുകയല്ലാതെ പ്രക്ഷോഭം അവസാനിപ്പിക്കാൻ മറ്റ് വഴികളില്ലെന്ന് കർഷകർ ഉറപ്പിച്ചു പറഞ്ഞു. സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ കൗശലങ്ങൾക്കോ, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അലക്കി വെളുപ്പിച്ച ഡിപ്ലോമാറ്റിക് അനുനയങ്ങൾക്കോ കർഷകരുടെ ഇച്ഛാശക്തിയെയും ഐക്യത്തെയും ഇല്ലാതാക്കാൻ കഴിയില്ലെന്ന് അവർ തെളിയിച്ചു.

കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ ഒന്നൊന്നായി രാജ്യം ചർച്ച ചെയ്യാൻ ആരംഭിച്ചിരിക്കുന്നുവെന്നത് കർഷക പ്രക്ഷോഭത്തിന്റെ വൻവിജയമാണെന്ന് പറയേണ്ടതുണ്ട്. കർഷക ആത്മഹത്യകളുടെ കാരണങ്ങളെക്കുറിച്ച്, മിനിമം സഹായ വിലയെ സംബന്ധിച്ച്, സർക്കാർ മണ്ഡികളുടെ കെടുകാര്യസ്ഥതകളെക്കുറിച്ച്, സംഭരണത്തിലെയും വിതരണത്തിലെയും അപാകതകളെക്കുറിച്ച്, പൊതുവിതരണത്തിൽ കാണിക്കുന്ന അലംഭാവങ്ങളെക്കുറിച്ച്, സൗജന്യങ്ങൾ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച്, വൻകിട കോർപ്പറേറ്റുകൾക്കുള്ള നികുതി ഇളവുകളെയും സമ്മാനങ്ങളെയും കുറിച്ച്, ഭൂമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒക്കെയും ഈ നാളുകളിൽ ചർച്ച ചെയ്യപ്പെടുകയുണ്ടായി എന്നത് നിസ്സാര കാര്യമായി കാണാനാകില്ല. രാജ്യത്തെമ്പാടുമായി ഉയർന്നുവന്ന ഈ സംവാദങ്ങൾ പുതിയൊരു രാഷ്ട്രീയ ബോധ്യത്തിലേക്ക് പിന്നീടെങ്കിലും രാഷ്ട്രത്തെ നയിക്കുമെന്നതിൽ തർക്കമില്ല.

അസാധാരണ ക്ഷമയുടെയും സഹനത്തിന്റെയും പുതിയ പാഠങ്ങൾ രാജ്യത്തിന് പകർന്ന് നൽകുന്ന കർഷകർ, തങ്ങളുടെ പ്രക്ഷോഭ ഭൂമിയെ പരസ്പര സഹകരണത്തിന്റെയും നിർമാണ പ്രവർത്തനങ്ങളുടെയും വേദിയാക്കി പരിവർത്തിപ്പിക്കുന്നതും നമുക്ക് കാണാം. സമരവേദികളിൽ നിന്നുള്ള വാർത്തകൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ആർക്കും ഇക്കാര്യം ബോധ്യപ്പെടും. ആറ് വയസ്സുള്ള കുഞ്ഞുങ്ങൾ തൊട്ട് എൺപതുകഴിഞ്ഞ വയോധികർ വരെ അടങ്ങിയ കർഷക ലക്ഷങ്ങൾ സമരമുഖത്തെ സജീവമായി നിലനിർത്തുന്നത് വിവിധ പ്രവർത്തന പരിപാടികളിലൂടെയാണ്. കേവല മുദ്രാവാക്യങ്ങൾക്കപ്പുറത്ത്, കുട്ടികൾക്കുള്ള വിദ്യാഭ്യാസ പരിപാടികൾ, കിസാൻ സൻസദ് (പാർലമെന്റ്), ട്രാക്ടർ ടാക്കീസ്, കലാപ്രവർത്തനങ്ങൾ, പൊതുഅടുക്കള തുടങ്ങിയ നിരവധി പരിപാടികളിലൂടെ സമരത്തെ ജനകീയ ഉത്സവമാക്കി മാറ്റാൻ പ്രക്ഷോഭകാരികൾക്ക് സാധിക്കുന്നു. ലക്ഷക്കണക്കിന് കർഷകർ രണ്ട് മാസക്കാലമായി ഡൽഹി അതിർത്തികളിൽ തമ്പടിച്ചിട്ടും അനിഷ്ടകരമായ ഒറ്റ സംഭവങ്ങൾ പോലും ഉണ്ടാകാതിരുന്നത് തന്നെ ഇത്തരത്തിലുള്ള നിർമാണാത്മക പ്രവർത്തനങ്ങൾ മൂലമാണ്.

കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന നാസിക്ക് മുതൽ മുംബൈവരെയുള്ള കർഷകരുടെ മാർച്ചിൽ നിന്നും

11 വട്ട ചർച്ചകളാണ് ഈ കാലയളവിൽ സർക്കാർ കർഷകരുമായി നടത്തിയിട്ടുള്ളത്. ഒരിക്കൽപ്പോലും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ കർഷക സംഘടനകൾ തയ്യാറായിട്ടില്ല എന്നത് സുപ്രധാന കാര്യമാണ്. ഒന്നര വർഷത്തേക്ക് നിയമം സസ്‌പെൻഡ് ചെയ്യാമെന്നും മിനിമം സഹായ വില സംബന്ധിച്ച് പഠിക്കാൻ കമ്മറ്റിയെ നിയോഗിക്കാമെന്നും ഒക്കെയുള്ള നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ടുവെക്കുകയുണ്ടായെങ്കിലും കർഷകരുമായി കൂടിയാലോചിക്കാതെ നടപ്പാക്കിയ നിയമം പിൻവലിച്ചാലല്ലാതെ വീടുകളിലേക്ക് മടങ്ങുകയില്ലെന്ന് കർഷകർ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ഏതൊരു രാഷ്ട്രീയ പ്രശ്‌നത്തെയും ഏതുവിധേനയും എളുപ്പം കൈകാര്യം ചെയ്യാൻ മാത്രം ബുദ്ധിയുള്ളവരാണ് തങ്ങളെന്ന് സ്വയം അഭിമാനിക്കുന്ന സംഘപരിവാറിന്റെ അഹന്തയ്‌ക്കേറ്റ അടിയായിരുന്നു കർഷകരുടെ പ്രഖ്യാപനം.

ഭരണകൂടത്തിന് മുന്നിൽ നാല് കാര്യങ്ങളാണ് കർഷക സംഘടനകൾ ഉന്നയിച്ചിരിക്കുന്നത്:

ഇതിനുപുറമെ, മിനിമം സഹായ വില നിയമപരമായ അവകാശമായി മാറ്റുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുക എന്നൊരാവശ്യവും കർഷകർ മുന്നോട്ടുവെച്ചിട്ടുണ്ട്.

ന്യായമായ ഈ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നതുമാത്രമാണ് ഒരു ജനാധിപത്യ സർക്കാരിന് ചെയ്യാനുള്ളത്.
എന്നാൽ ജനാധിപത്യം എന്നത് വാക്കുകളിൽ മാത്രം ഒതുക്കിയിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിൽ നിന്ന് അത്തരമൊരു നീക്കം പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും. കർഷക പ്രക്ഷോഭം ഡൽഹി അതിർത്തികളിൽ അറുപത് ദിനങ്ങൾ പിന്നിടുമ്പോഴും ആ വിഷയത്തിൽ ഒരു വാർത്താസമ്മേളനം വിളിച്ചു ചേർക്കാൻ തയ്യാറാകാത്ത, കർഷക പ്രതിനിധികളെ തന്റെ ഓഫീസിലേക്കോ വസതിയിലേക്കോ ക്ഷണിക്കാൻ തയ്യാറാകാത്ത, സ്വയം പ്രക്ഷോഭ സ്ഥലം സന്ദർശിക്കാൻ തയ്യാറാകാത്ത, പ്രതിനിധി സംഘത്തെ അയക്കാൻ തയ്യാറാകാത്ത ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. അത്തരമൊരു വ്യക്തിയിൽ നിന്ന് ജനാധിപത്യത്തെ സംബന്ധിച്ച പ്രതീക്ഷകൾ പുലർത്തുന്നത് തന്നെ വൃഥാവ്യായാമമായിരിക്കും.

കർഷകരുടെ ട്രാക്ടർ റാലി, കുണ്ഡ്‌ലി പാൽവൽ റിങ് റോഡിൽ അണിനിരന്നപ്പോൾ / Photo: All India Kisan sabha

ഒരു അർദ്ധ രാത്രി സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്. ഉണർന്നെഴുന്നേറ്റപ്പോഴേക്കും സ്വന്തം മടിശ്ശീല കാലിയാക്കപ്പെട്ടവരും നാം തന്നെ. ഒറ്റ രാത്രിയിലെ പ്രഖ്യാപനത്തിലൂടെ കോടിക്കണക്കായ തൊഴിലാളികളെ പെരുവഴിയിലേക്കെറിഞ്ഞ രാജ്യമെന്ന ഖ്യാതിയും നമുക്കു തന്നെ. പ്രവചനാതീതവും ബുദ്ധിശൂന്യവുമായ നടപടികളിലൂടെ ഒരു ജനതയെ അടിക്കടി ദുരിതത്തിലേക്ക് തള്ളിവിടുന്ന ഒരു ഭരണ നേതൃത്വമാണ് നമുക്കുള്ളത്. കർഷകർ ഉയർത്തിവിട്ട ഈ രാഷ്ട്രീയ പ്രശ്‌നത്തിന് യുക്തിസഹമായ പരിഹാരം അത്തരം ഭരണകൂടത്തിൽ നിന്ന് എത്രമാത്രം പ്രതീക്ഷിക്കാമെന്നത് വലിയ സന്ദേഹമായി തുടരുന്നുണ്ട്.

വിവേകപൂർണമായ ഒരു തീരുമാനത്തിലൂടെ, ഈ രാജ്യം കർഷകർക്കും തൊഴിലാളികൾക്കും ദളിതനും ആദിവാസികൾക്കും മത ന്യൂനപക്ഷങ്ങൾക്കും പരമാധികാരമുള്ള ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് ഉറപ്പുവരുത്താൻ സമയം വൈകിയിട്ടില്ല​. എങ്കിൽ, ഇത്തവണത്തെ റിപ്പബ്ലിക് ദിനം, അതിർത്തിയിലെ ജവാൻമാരും പാടങ്ങളിലെ കർഷകരും ചേർന്ന വർണ്ണപ്പകിട്ടുള്ള ഒരു ഘോഷയാത്രയായി മാറും. ജയ് ജവാൻ ജയ് കിസാൻ എന്നത് അർത്ഥശോഷണം വന്ന ഒരു മുദ്രാവാക്യമല്ലാതായി മാറും.

Comments