Photo : ruralindiaonline

ഹിന്ദുത്വ രാഷ്​ട്രീയത്തിനെതിരെ ഒരു വർഗരാഷ്​ട്രീയം;
ഇന്ത്യൻ രാഷ്​ട്രീയം മാറുകയാണ്​

ജാതീയ വേർതിരിവുകൾക്കും ലിംഗ പദവിക്കും അതീതമായി, അടിസ്​ഥാനവർഗങ്ങളുടെ ഒരു പ്രാതിനിധ്യത്തിലേക്ക്​ ഇന്ത്യൻ രാഷ്​ട്രീയം വികസിക്കുന്നതിന്റെ അതി നിർണായകമായ ഒരു സന്ദർഭമാണ്​ കർഷക പ്രക്ഷോഭം രൂപപ്പെടുത്തിയത്​

രണഘടനയെയും ജനാധിപത്യത്തേയും അട്ടിമറിയ്ക്കുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരായുള്ള ജനങ്ങളുടേയും ജനാധിപത്യത്തിന്റേയും ഏറ്റവും വലിയ വിജയത്തിലേക്കുള്ള പടിയായി കാർഷിക നിയമം പിൻവലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കാണാം. ഒരു വർഷത്തിലേറെയായി കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഈ ഐതിഹാസിക സമരം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ സമരം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം അംഗീകരിപ്പിക്കാൻ, മുന്നോട്ടു വെച്ച കാൽ പിറകോട്ടെടുക്കില്ലെന്ന് പ്രഖ്യാപിച്ച ഒരു ഏകാധിപത്യ ഭരണാധികാരിയെക്കൊണ്ട് തീരുമാനത്തെ തിരുത്തിയ്ക്കാൻ ഈ സമരത്തിന് കഴിഞ്ഞു. മാത്രമല്ല, ജനങ്ങളോട് ‘ഞാൻ മാപ്പുപറയുകയാണ്’ എന്നും പ്രധാനമന്ത്രിയ്ക്ക് പറയേണ്ടി വന്നു. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണെങ്കിൽ പോലും അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം, ഇത് പറയാൻ നിർബന്ധിതമായ ഒരു സാഹചര്യം, സൃഷ്ടിക്കാൻ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. 2014 ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസും ഇതുപോലെ നിരുപാധികം പിൻവലിക്കേണ്ടി വന്നിരുന്നു നരേന്ദ്ര മോദിയ്ക്ക്. ഈ സമരം രാജ്യത്ത് ഇനി നടക്കാനിരിക്കുന്ന ബഹുജന സമരങ്ങൾക്ക് ആവേശവും ആത്മ വിശ്വാസവും പകരുക തന്നെ ചെയ്യും.

വർഗീയതയ്ക്കും ജാതീയതയ്ക്കും ഭിന്നിപ്പിക്കുന്ന എല്ലാ കോർപറേറ്റ് താത്പര്യങ്ങൾക്കും കീഴടങ്ങുന്ന ഹിന്ദുത്വ രാഷ്​ട്രീയത്തിനും എതിരായി വർഗ ഐക്യത്തിന്റെ രാഷ്ടീയ ദിശയെ നിർണയിക്കുന്ന ഒരു സ്ഥിതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറുകയാണ്.

കർഷക- തൊഴിലാളി ഐക്യം രൂപപ്പെടുന്നു

ഈ സമരത്തിന്റെ തുടക്കം മുതൽ, ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്ന സമയത്തു തന്നെ ട്രേഡ് യൂണിയനുകളുടെ ഉറച്ച പിന്തുണ കർഷകരുടെ ആവശ്യങ്ങൾക്കുണ്ടായിരുന്നു. ആ സമരം ഡൽഹി അതിർത്തിയിലുള്ള സമരമായി വികസിക്കുന്നതിനു മുൻപു തന്നെ 2020 സെപ്തംബർ 23 ന് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ലേബർ കോഡുകൾക്കെതിരായ പ്രക്ഷോഭത്തിനുള്ള ആഹ്വാനവും 25 ന് കർഷക സംഘടനകളുടേതായ അഖിലേന്ത്യാ സമരാഹ്വാനവുമാണ് വന്നത്- ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടേയും ജോയിൻറ്​ പ്ലാറ്റ്ഫോം ഓഫ് സെൻട്രൽ ട്രേഡ് യൂണിയൻസിന്റേയും. ആ രണ്ട് സമരങ്ങളും ഒന്നിച്ചാണ് നടന്നത്. അതിന് തൊട്ടു മുൻപ് കർഷക സംഘത്തിന്റേയും കർഷക തൊഴിലാളി യൂണിയന്റേയും സി.ഐ.ടി.യുവിന്റേയും നേതൃത്വത്തിൽ ജൂലൈ 23 ന് രാജ്യവ്യാപക പ്രഷോഭം ലേബർ കോഡുകൾക്കും ഓർഡിനൻസുകൾക്കും എതിരായി നടന്നു. 2020 ആഗസ്റ്റ് 9 ന് വൻ തോതിൽ ജനപങ്കാളിത്തത്തോടെ ജയിൽ നിറക്കൽ സമരം നടന്നു. 12 ലക്ഷത്തിലധികം പേരാണ് ആ സമരത്തിൽ പ​ങ്കെടുത്തത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ മുൻകൈയിൽ, മറ്റ് സംഘടനകളും സമര രംഗത്തേയ്ക്ക് എത്തുന്നത്. പഞ്ചാബിലെ കോ - ഓർഡിനേഷൻ കമ്മിറ്റി, ട്രെയിൻ തടയലടക്കമുള്ള സമരങ്ങൾ രൂപപ്പെടുത്തി. പഞ്ചാബിലേയും ഹരിയാനയിലേയും സംഘടനകൾ കൂടിച്ചേർന്ന്​ വിശാലമായ ഒരു മുന്നണി സംയുക്ത കിസാൻ മോർച്ച എന്ന പേരിൽ രൂപീകരിച്ചു. അതോടൊപ്പം, ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോ - ഓർഡിനേഷൻ കമ്മിറ്റി ട്രേഡ് യൂണിയനുകളുടെ പ്ലാറ്റ്ഫോമുകളുമായി ചേർന്ന് നവംബർ 26ന്​ പണിമുടക്കും നവംബർ 26, 27 തിയതികളിൽ ‘ഡൽഹി ചലോ’ സമരവും ആസൂത്രണം ചെയ്തു. ഈ സമരത്തിന് ഒരു സ്​പൊണ്ടേനിയസ് സ്വഭാവം ഉണ്ടെങ്കിൽത്തന്നെയും അത് വളരെ കൃത്യമായി പ്ലാൻ ചെയ്ത്, സമരരൂപം എങ്ങനെയായിരിക്കണം എന്നതടക്കമുള്ള വിഷയങ്ങളിൽ കൂടിയാലോചന നടത്തി ട്രേഡ് യൂണിയനുകളുമായി ആ ആശയങ്ങൾ പങ്കുവെച്ചാണ് ആസൂത്രണം നടത്തിയത്. മാസ്സീവായ പങ്കാളിത്തം അതിൽ ഉറപ്പുവരുത്തിയിരുന്നു. കർഷകർ എത്രപേർ അതിൽ പങ്കെടുക്കുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് തൊഴിലാളികൾ നിശ്ചയമായും 27-ാം തിയതിയിലെ സമരത്തിൽ പങ്കെടുക്കണം എന്ന് തീരുമാനിച്ചിരുന്നു. അഭൂതപൂർവ്വവും ഐതിഹാസികവുമായ ആ ബഹുജന പങ്കാളിത്തം, പ്രത്യേകിച്ച് ‘ഗ്രീൻ റവല്യൂഷൻ ബെൽറ്റി’ൽ നിന്നുണ്ടാവുകയും രണ്ട് ബോർഡറുകളും തടയുന്ന രീതിയിലേക്ക് അത് വികസിച്ചു വരികയും ചെയ്തു.

സിംഘുവിലും തിക്രിയിലും നിറയെ കർഷകർ ട്രാക്ടറുകളിൽ വന്ന് നിരന്നു. 25ാം തിയതി മുതൽ ആ പണിമുടക്കിന് തയ്യാറെടുക്കുന്ന തൊഴിലാളി നേതാക്കളെ, അന്ന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്​തു. റോഡുകളിൽ, നാഷണൽ ഹൈവേകളിലടക്കം കുഴികളുണ്ടാക്കി കർഷകരെ തടയാനുള്ള ഹരിയാന സർക്കാരിന്റെ നീക്കത്തെ പ്രതിരോധിച്ച് വഴി തുറന്നുകൊടുക്കാൻ ഹരിയാനയിലടക്കമുള്ള ട്രേഡ് യൂണിയൻ പ്രസ്ഥാനമാണ് സഹായിച്ചത്. സമര പ്രഖ്യാപനം മുതൽ തൊഴിലാളി - കർഷക ഐക്യം ആസൂത്രണത്തിലടക്കം ഉണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അത് വ്യാപകമായി, വികസിച്ചു വന്നു. ഖാസിപൂർ ബോർഡറിലേക്കടക്കമുള്ള മാർച്ച് എടുത്തു പറയേണ്ട ഒന്നാണ്. പ്രത്യേകിച്ച് യു.പി.യിൽ നിന്നുള്ള കർഷക സംഘടനകൾ. പിന്നീടാണ് രാകേഷ് ടികായത്തടക്കം ആ സമരത്തിൽ പങ്കാളിയാവുന്നത്. ആസൂത്രണ ഘട്ടത്തിലൊന്നും അവർ ഉണ്ടായിരുന്നില്ല. അതുപോലെ പൽവൽ അതിർത്തിയിലേക്കും ഷാജാപൂർ അതിർത്തിയിലേക്കുമുള്ള കർഷക മാർച്ചുകളും ഹൈവേകളിൽ തടയുന്ന രീതിയിലുള്ള ശ്രമം ഉണ്ടായപ്പോൾ അതിനെ പ്രതിരോധിക്കാൻ തൊഴിലാളി സംഘടനകളുടെ, സ്ത്രീ തൊഴിലാളികളുടെയടക്കം വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.

അഖിലേന്ത്യാ കർഷക സംഘത്തിനൊഴികെ മറ്റ് അധികം സംഘടനകൾക്കൊന്നും രാജ്യവ്യാപക സ്വഭാവം ഇല്ല, യഥാർത്ഥത്തിൽ. പ്രാദേശിക സ്വഭാവമുള്ള നിരവധി സംഘടനകളെ അഖിലേന്ത്യാ സ്വഭാവത്തിലേക്ക് കൊണ്ടുവരുന്നതിലും മുദ്രാവാക്യങ്ങളെ രാജ്യമൊട്ടാകെ എത്തിക്കുന്നതിലും നാഷണൽ ജോയിന്റ് പ്ലാറ്റ്ഫോം ഓഫ് ട്രേഡ് യൂണിയൻസിന്, തൊഴിലാളി സംഘടനകൾക്ക്, സി.ഐ. ടി. യുവിന്റേതടക്കമുള്ള സംഘടകൾക്ക് വലിയ പങ്കാണുള്ളത്. അതിൽത്തന്നെ സ്ത്രീ തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. മുദ്രാവാക്യങ്ങളെ, കർഷക സംഘടനകളുടെ ആവശ്യങ്ങളെ ജനങ്ങളിലേക്കെത്തിക്കാനുള്ള വലിയ പ്രചാരണ പ്രവർത്തനങ്ങൾ ഈ സംസ്ഥാനങ്ങളിൽ നടന്നിട്ടുണ്ട്, അവയൊക്കെ ജനങ്ങളിലേക്ക് എത്തിയിട്ടുമുണ്ട്.

കോർപറേറ്റുകളുടെ ദല്ലാൾ പണിയെടുക്കുന്ന സർക്കാരിന്റെ നയങ്ങൾ തിരുത്താൻ ശേഷിയുള്ള മുദ്രാവാക്യങ്ങളുണ്ടാക്കുന്ന സമരങ്ങൾക്ക് മാത്രമേ കോർപറേറ്റ് ഭരണകൂടത്തേയും കമ്യൂണൽ അജണ്ടയേയും തിരുത്താൻ കഴിയൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

അതിനപ്പുറത്ത്, ഈ സമരത്തിന്റെ ഒരു വിജയകാരണം, ഉയർന്നു വന്നിട്ടുള്ള വർഗ ഐക്യമാണ്. കോർപറേറ്റ് ഹിന്ദുത്വ സർക്കാരിനെതിരായി ഒരു ബദൽ മുന്നോട്ടു വെച്ച്, അതിനെ ചോദ്യം ചെയ്യുവാനും അതിനെ പരാജയപ്പെടുത്തുവാനും വർഗ്ഗ ഐക്യത്തിലൂടെ, അധ്വാനിക്കുന്ന രണ്ട് ശക്തികളുടെ, തൊഴിലാളികളുടേയും കർഷകരുടേയും, ഐക്യത്തിലൂടെ സാധിച്ചു. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ ഉയർത്തികൊണ്ടു വരുന്ന വർഗ മുദ്രാവാക്യങ്ങൾ അതിൽ പ്രധാനമാണ്. കോർപറേറ്റുകളുടെ ദല്ലാൾ പണിയെടുക്കുന്ന സർക്കാരിന്റെ നയങ്ങൾ തിരുത്താൻ ശേഷിയുള്ള മുദ്രാവാക്യങ്ങളുണ്ടാക്കുന്ന സമരങ്ങൾക്ക് മാത്രമേ കോർപറേറ്റ് ഭരണകൂടത്തേയും കമ്യൂണൽ അജണ്ടയേയും തിരുത്താൻ കഴിയൂ എന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ സമരത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉയർന്നു വന്ന തൊഴിലാളി - കർഷക ഐക്യത്തിന്റെ മുദ്രാവാക്യവും ആ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ടു നടന്ന മുസഫർപുരിലെ സെപ്തംബർ അഞ്ചിലെ റാലിയും.

ജാതീയ വേർതിരിവുകൾക്കുമുകളിൽ ചിന്തിക്കാനുള്ള ഒരു സാധ്യതയും ലിംഗ പദവിക്കതീതമായി പങ്കാളിത്തത്തിലേക്ക് വരുന്ന സ്ത്രീകളുടെ ഒരു മുന്നേറ്റവും ഉറപ്പുവരുത്താൻ ഈ സമരത്തിന് സാധിച്ചു

മുസഫർപൂറിൽ വർഗീയ ലഹളയുണ്ടായ സ്ഥലത്തുനിന്നുയർന്ന, വർഗീയതയ്ക്കെതിരായ മുദ്രാവാക്യങ്ങൾ മാധ്യമങ്ങളിൽ വന്നു. എന്നാൽ അന്ന് നടന്ന റാലിയ്ക്ക് മസ്ദൂർ - കിസാൻ മഹാപഞ്ചായത്ത് എന്നായിരുന്നു പേര്. തൊഴിലാളികളുടേയും കർഷകകരുടേയും- വൻകിട കർഷകരടക്കം- സാധാരണ തൊഴിലാളികളുടേയും വമ്പിച്ച പങ്കാളിത്തം ആ റാലികൾക്കുണ്ടായി. ഇപ്പോഴും അതിർത്തികളിലടക്കം നടക്കുന്ന സമരങ്ങളിൽ ദരിദ്ര കർഷകരുടേയും കർഷക തൊഴിലാളികളുടേയും പ്രാതിനിധ്യം വളരെ വലുതാണ്. ഈ സമരത്തെ തുടക്കത്തിൽത്തന്നെ ധനിക കർഷകരുടെ സമരമായി ചുരുക്കിക്കാണിക്കുന്ന ഒരു പ്രചാരണം ഉണ്ടായിരുന്നു. എം.എസ്. പി.യുടെ പേരിൽ എന്തെങ്കിലും ഒരു പ്രഖ്യാപനം ഉണ്ടായാൽ ഇവരിതെല്ലാം നിർത്തിപ്പോകും എന്ന രീതിയിൽ. എന്നാൽ പ്രശ്നാധിഷ്ഠിതമായ ഒരു സമരം എന്ന രീതിയിൽ വിവിധ വിഭാഗത്തിൽപ്പെട്ട കർഷകരുടെ ഇടയിൽത്തന്നെയുള്ള ഒരു ഐക്യം രൂപപ്പെടുത്താനും ധനിക കർഷകരിൽ ഒരു വിഭാഗമടക്കം ഉൾപ്പെട്ട കോർപ്പറേറ്റ് വിരുദ്ധ മുന്നണി രൂപപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട് .

കർഷക സമരത്തിനുമുമ്പും ശേഷവും

കർഷക സമരത്തിന് മുൻപും ശേഷവും എന്ന രീതിയിൽ സമൂഹത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശേഷി ഈ സമരത്തിനുണ്ട്. പ്രത്യേകിച്ച് സാമൂഹികമായി വളരെ പിന്നാക്കം നിൽക്കുന്ന, ഫ്യൂഡലും പാട്രിയാർക്കലുമായ ഹരിയാന പോലുള്ള സമൂഹങ്ങളിലുൾപ്പെടെ വലിയ തോതിലുള്ള ജനാധിപത്യവൽക്കരണ, രാഷ്ട്രീയവൽക്കരണ പ്രക്രിയ ഈ സമരത്തിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ജാതീയ വേർതിരിവുകൾക്കുമുകളിൽ ചിന്തിക്കാനുള്ള ഒരു സാധ്യതയും ലിംഗ പദവിക്കതീതമായി പങ്കാളിത്തത്തിലേക്ക് വരുന്ന സ്ത്രീകളുടെ ഒരു മുന്നേറ്റവും ഉറപ്പുവരുത്താൻ ഈ സമരത്തിന് സാധിച്ചു. അത് ഒരു സ്പൊണ്ടേനിറ്റിയുടെ ഫലമായിട്ടല്ല. കിസാൻ സഭയുടേയും സി.ഐ. ടി. യു.വിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷൻ പോലുള്ള സംഘടനകളുടെയും ബോധപൂർവ ഇടപെടലുകൾ ഇതിൽ നടന്നിട്ടുണ്ട്. ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി സ്ത്രീകർഷകരെ, കർഷക കുടുംബങ്ങളിലെ സ്ത്രീകളെ സംഘടിപ്പിച്ച് ഇതിൽ കൊണ്ടുവരാനും ഇങ്ങനെയൊരു സമരാന്തരീക്ഷത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു സമരത്തിന് ബലം കിട്ടുമന്നുള്ളതുകൊണ്ടു തന്നെ സ്ത്രീകളെ കൊണ്ടു വരുന്നതിന് എതിർപ്പുണ്ടായില്ല എന്നുമാത്രമല്ല എല്ലാ വിഭാഗത്തിലും പെട്ട കർഷക സമൂഹവും പിന്തുണയ്ക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സ്ത്രീകളുടെ വലിയൊരു മുന്നേറ്റം ഈ സമരത്തിന്റെ ഭാഗമായുണ്ടായി. സ്ത്രീകളുടെ പ്രശ്നങ്ങളും, സ്ത്രീകളും കർഷകരാണ് എന്നും ചർച്ച ചെയ്യാനുള്ള സാഹചര്യമുണ്ടായി. നേതൃത്വത്തിന് സ്ത്രീ പങ്കാളിത്തത്തേയും സ്ത്രീ രാഷ്​ട്രീയത്തെയും നിഷേധിക്കാൻ കഴിയാത്ത രീതിയിൽ വലിയ മുന്നേറ്റമായി വരാനുള്ള സാധ്യത തുറന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ സമൂഹങ്ങളിൽ സ്ത്രീ മുന്നേറ്റത്തിന്റേതായ, സമത്വത്തിന്റേതായ സാധ്യതകൾ കൂടി തെളിഞ്ഞു വന്നിരിക്കുകയാണ്. എല്ലാ ദിവസങ്ങളിലെയും പങ്കാളിത്തം, മഹാ പഞ്ചായത്തുകളിലെ പങ്കാളിത്തം, ടോൾ പ്ലാസകൾ തടഞ്ഞു കൊണ്ടുള്ള ഹരിയാനയിലേയും പഞ്ചാബിലേയും സമരങ്ങളിലെ സ്ത്രീ പങ്കാളിത്തം, ചെറുപ്പക്കാരായ സ്ത്രീകളുടെ പങ്കാളിത്തം എന്നിങ്ങനെയുള്ള പങ്കാളിത്തങ്ങൾ നമുക്കീസമരത്തിൽ കാണാൻ കഴിയും.

സമരത്തിന്റെ ഒരു വിജയകാരണം, ഉയർന്നു വന്നിട്ടുള്ള വർഗ ഐക്യമാണ്. കോർപറേറ്റ് ഹിന്ദുത്വ സർക്കാരിനെതിരായി ഒരു ബദൽ മുന്നോട്ടു വെച്ച്, അതിനെ ചോദ്യം ചെയ്യുവാനും അതിനെ പരാജയപ്പെടുത്തുവാനും വർഗ്ഗ ഐക്യത്തിലൂടെ, അധ്വാനിക്കുന്ന രണ്ട് ശക്തികളുടെ, തൊഴിലാളികളുടേയും കർഷകരുടേയും, ഐക്യത്തിലൂടെ സാധിച്ചു

കോർപറേറ്റ്​ വിരുദ്ധ സമരത്തിലേക്കുള്ള വികാസം

മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം തുടങ്ങിയത് എങ്കിലും ആത്യന്തികമായി അത് എല്ലാത്തരം ജനവിരുദ്ധ നയങ്ങൾക്കും എതിരായി മാറുകയാണ്. ജനങ്ങളോട് കർഷക നിയമങ്ങളിലെ പ്രശ്നങ്ങളെപ്പറ്റി പറഞ്ഞുതുടങ്ങുമ്പോൾ അത് അത്തരം മുഴുവൻ ജനവിരുദ്ധ നയങ്ങൾക്കുമെതിരായി മാറുകയാണ്. അത്തരം നയങ്ങൾ മുഴുവൻ കോർപറേറ്റ് പ്രീണന നയങ്ങളാണ്. ഉദാഹരണത്തിന് വിലക്കയറ്റം- പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം. അത്തരം വിഷയങ്ങളിലടക്കം ഈ സമര നേതൃത്വത്തിനും സമരത്തിൽ പങ്കെടുക്കുന്ന സംഘടനകൾക്കും നിലപാടെടുക്കേണ്ടി വരികയും ചെയ്തു. അങ്ങനെ ഇതൊരു വലിയ കോർപറേറ്റ് വിരുദ്ധ സമരമായിത്തീർന്നു. ഇത് കർഷകരുടെ മാത്രം വിഷയങ്ങൾക്കായുള്ള സമരമാണ് എന്ന് ഒതുങ്ങുന്ന ഒരു രീതി, തുടക്കത്തിൽ ഉണ്ടായിരുന്നു. പക്ഷേ അതിൽ നിന്ന് അത് വലിയൊരു സമരമായി വികസിച്ച് പടർന്നു.

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ വരുമ്പോൾ, ഏറ്റവും ശക്തമായി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ അതിനെ എതിർക്കുമ്പോൾ, സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വവും അതിനെ ശക്തമായി എതിർക്കുകയും ഇന്ത്യയെ മൊത്തം വിറ്റുതുലയ്ക്കാൻ വേണ്ടിയുള്ള നടപടിയാണെന്നു മനസ്സിലാക്കി എതിരായി നിലപാടെടുക്കുകയും ജനങ്ങൾക്കിടയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഈ സമരം ശക്തമായി മുന്നോട്ടു പോവുമ്പോൾ കർഷകരുടെ പ്ലാറ്റ്ഫോമും തൊഴിലാളികളുടെ പ്ലാറ്റ്ഫോമും കൂടുതൽ ഒന്നിച്ചു ചേർന്നിട്ടുള്ള പ്രക്ഷോഭങ്ങൾ രൂപപ്പെട്ട് വന്നു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ മാർച്ച് 15ന് ഏറ്റവും ആദ്യത്തെ സമരമെന്ന രീതിയിൽ പ്രൈവറ്റൈസേഷനെതിരെ ‘ആന്റി പ്രൈവറ്റൈസേഷൻ ഡേ’ ആയി ആചരിച്ചത്. സ്വകാര്യവത്ക്കരണത്തിനെതിരായ അന്നത്തെ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനങ്ങൾ ഈ രണ്ട് സംഘടനകളും യോജിച്ചാണ് നടത്തിയത്. അതിന്റെ തുടർച്ചയായി ഏറ്റവുമൊടുവിൽ കർഷകസംഘടനകളുടെ എല്ലാ ആഹ്വാനങ്ങൾക്കും തൊഴിലാളി സംഘടനകൾ നിരുപാധികമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെത്തന്നെ തൊഴിലാളി സംഘടനകൾ നൽകുന്ന ആഹ്വാനങ്ങൾക്കും സമരങ്ങൾക്കും പിന്തുണ കൊടുക്കാൻ സംയുക്ത കിസാൻ മോർച്ചയും തയ്യാറായി.

സമരത്തിന്റെ രൂപത്തിൽ, ഡൽഹിയിലെ ബോർഡറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തിന്റെ രൂപത്തിന് മാറ്റം വന്നാലും സമരം തുടരുക തന്നെ ചെയ്യും.

ഏറ്റവുമൊടുവിൽ പണിമുടക്കിന്റെയും കർഷക സമരത്തിന്റെയും അതിർത്തി ഉപരോധത്തിന്റെയും ഒന്നാം വാർഷികം സംയുക്തമായി ആചരിക്കുന്നതിന്റെ ഭാഗമായി കിസാൻ മോർച്ചയും ട്രേഡ് യൂണിയനുകളും സംയുക്തമായി ആഹ്വാനം നടത്തി. പരസ്പരം കൂടിയാലോചിച്ച്, സംസ്ഥാന തലത്തിൽ വൻതോതിൽ ബഹുജനങ്ങളെ അണിനിരത്തി റാലികളും പ്രകടനങ്ങളും ഉപരോധങ്ങളും സംഘടിപ്പിക്കാൻ തീരുമാനമുണ്ടായി. അതിനു ശേഷം നടന്ന തൊഴിലാളികളുടെ അഖിലേന്ത്യാ കൺവെൻഷന് പിന്തുണയുമായി സംയുക്ത മോർച്ചയുടെ നേതൃനിരയിലുള്ള നേതാക്കളൊക്കെ പങ്കെടുക്കുകയും നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വരാൻ പോകുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളന കാലത്ത് രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് നടത്താനുള്ള തീരുമാനത്തിന് പിന്തുണ കൊടുത്തു. അങ്ങനെ രാജ്യം മുഴുവൻ നിശ്ചലമാക്കുന്ന തരത്തിൽ വൻ പ്രക്ഷോഭത്തിലേക്ക് പോകാനും തീരുമാനിച്ചു. അതിന്റെയൊരു ബലത്തിൽ കർഷക നിയമം പിൻവലിക്കുന്നതിന്റെ കൂടെ ലേബർ കോഡുകൾ പിൻവലിക്കണം, ഇലക്​ട്രിസിറ്റി ബിൽ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ കൂടുതൽ ശക്തമായി ഉയർന്നു. ഒപ്പം തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരായ പ്രക്ഷോഭങ്ങളും, സ്വകാര്യവത്കരണത്തിനെതിരായ മുദ്രാവാക്യങ്ങളും ഉയർത്തിക്കൊണ്ടുള്ള യോജിച്ച പ്രക്ഷോഭത്തിനുള്ള സാധ്യതയും തെളിഞ്ഞിരിക്കുകയാണ്.

ഇപ്പോൾ നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങൾ വന്നു. മുൻപും പല പ്രഖ്യാപനങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കട്ടെ, കാത്തിരുന്നുകാണാം എന്നാണ് സംയുക്ത കിസാൻ മോർച്ച ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സമരത്തിന്റെ രൂപത്തിൽ, ഡൽഹിയിലെ ബോർഡറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തിന്റെ രൂപത്തിന് മാറ്റം വന്നാലും സമരം തുടരുക തന്നെ ചെയ്യും. കർഷക നിയമം പിൻവലിക്കാൻ മോദി നിർബന്ധിക്കപ്പെട്ട പോലെത്തന്നെ, ബിഹാർ തെരഞ്ഞെടുപ്പിലുൾപ്പെടെ കണ്ടതുപോലെ, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ തെരഞ്ഞെടുപ്പ് വിഷയങ്ങളായി കൊണ്ടുവരികയും നിലപാടെടുക്കുകയും ചെയ്യാൻ എല്ലാ രാഷ്ടീയ പാർട്ടികളും നിർബന്ധിതമാവുന്ന അവസ്ഥ ഉണ്ടായി വരികയാണ്.

ഇതാണ്​, ഭാവി രാഷ്​ട്രീയ ദിശ

ഇന്ത്യയിൽ വർഗ രാഷ്ട്രീയം മേൽക്കൈ നേടുകയാണ്. വർഗ രാഷ്ട്രീയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിക്കുകയും അതിനു കീഴ്പ്പെടേണ്ട രീതിയിലേക്ക് തെരഞ്ഞെടുപ്പ് രാഷ്ടീയം ജാതി സമവാക്യങ്ങളിൽ നിന്നും വർഗീയ അജണ്ടകളിൽ നിന്നും മാറാൻ നിർബന്ധിതമാവുകയും ചെയ്യുകയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് തെരഞ്ഞെടുപ്പ് അജണ്ടയെ കൊണ്ടുവരാൻ ഈ പ്രക്ഷോഭങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അതാണ് വരാനിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുക. ഇതൊരു ഇടതുപക്ഷ രാഷ്ട്രീയമാണ്, വർഗ രാഷ്ടീയമാണ്. വർഗീയതയ്ക്കും ജാതീയതയ്ക്കും ഭിന്നിപ്പിക്കുന്ന എല്ലാ കോർപറേറ്റ് താത്പര്യങ്ങൾക്കും കീഴടങ്ങുന്ന ഹിന്ദുത്വ രാഷ്​ട്രീയത്തിനും എതിരായി വർഗ ഐക്യത്തിന്റെ രാഷ്ടീയ ദിശയെ നിർണയിക്കുന്ന ഒരു സ്ഥിതിയിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറുകയാണ്. അതാണ് കർഷകരുടെ ചരിത്രപരമായ ഈ പ്രക്ഷോഭം, സമരം ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്ന ദിശാബോധം. അതിൽ തൊഴിലാളി സംഘടനകളുടേയും തൊഴിലാളികളുടേയും ഉറച്ച പിന്തുണയും ഉറച്ച ദിശാബോധവുമുണ്ട്. കഴിഞ്ഞ 30 വർഷമായി നവലിബറൽ നയങ്ങൾക്കെതിരായി നിരന്തരമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാതെ തൊഴിലാളി സംഘടനകളും ഇടതുപക്ഷ പാർട്ടികളും നടത്തി കൊണ്ടിരിക്കുന്ന സമരങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇടതു പക്ഷമാണ് ഇനി ഇന്ത്യയുടെ ഭാവി നിർണയിക്കാൻ പോവുക എന്ന ദിശയിലേക്കാണ് ഇന്ത്യൻ രാഷ്ട്രീയം മാറുന്നത്. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എ. ആർ. സിന്ധു

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് ജനറൽ സെക്രട്ടറി, സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം, സി.ഐ.ടി.യു സെക്രട്ടറി

Comments