ഒരു സമരം ലക്ഷ്യത്തിലേക്ക്​ സഞ്ചരിച്ച വഴികൾ

ലോകത്താകെ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ നടക്കാൻ പോകുന്ന വിപുലമായ പോരാട്ടത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറാൻ പോവുകയാണ്. അതിൽ കർഷക പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.

ർഷക പ്രക്ഷോഭത്തിന്​ നിരവധി വിജയകാരണങ്ങളുണ്ട്​. ഒന്ന്​, അതൊരു പ്രശ്‌നാധിഷ്ഠിത സമരമായിരുന്നു. അതായത് കർഷകരെ പൊതുവേ ബാധിക്കുന്ന പ്രശ്‌നങ്ങൾ എന്ന രൂപത്തിൽ അവരുടെ ഏറ്റവും പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഒന്ന്​. വരുമാനം ഉറപ്പുവരുത്താൻ ഓരോ കാർഷിക വിളകൾക്കും ഉൽപ്പാദന ചെലവിന്റെ 50 ശതമാനം ഉയർന്ന വില ഉറപ്പുവരുത്തുക, ഇതിന്​ നിയമ നിർമാണം നടത്തുക, എം.എസ്.പി സംഭരണം തുടങ്ങിയ വിഷയങ്ങളാണ്​ കർഷകരെ ഒരുമിപ്പിച്ചത്. അതോടൊപ്പം കർഷകരെ കടത്തിൽ നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യവും. മൂന്ന് കാർഷിക നിയമങ്ങൾ കോവിഡ്- ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അടിച്ചേൽപ്പിക്കാൻ 2020 ജൂൺ മാസത്തിൽ മോദി സർക്കാർ നടപടി തുടങ്ങിയതോടെ, ആ നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം കൂടി ഈ മുദ്രാവാക്യങ്ങൾക്കൊപ്പം ചേർക്കുകയായിരുന്നു. കൂടാതെ, ഇലക്​ട്രിസിറ്റി ബിൽ ഭേദഗതി കൂടി ഉൾപ്പെടുത്തി പ്രശ്‌നാധിഷ്ഠിതമായ സമരം എന്ന രൂപത്തിലേക്ക് ഒന്നുകൂടി വിപുലമാക്കി.

രണ്ടാമത്തെ ഘടകം, ഐക്യമാണ്. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് വന്ന സമയത്ത്​അഖിലേന്ത്യ കിസാൻ സഭയും അഖിലേന്ത്യ കിസാൻ സഭ അജോയ് ഭവനും കൂടി ഒരുമിച്ച് 2015 ജനുവരി 30 ന് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ആ ഓർഡിനൻസ് കത്തിക്കാൻ ആഹ്വാനം നൽകുകയും അതിനെതിരെ സമരം ചെയ്യാനുള്ളവരുടെ ഐക്യത്തിനുവേണ്ടി നിലപാടെടുക്കുകയും ചെയ്തു. അങ്ങനെയാണ് ‘ഭൂമി അധികാർ ആന്തോളൻ’ ഉണ്ടാകുന്നത്. ‘ഭൂമി അധികാർ ആന്തോള’നാണ് അടുത്തകാലത്ത്, പ്രത്യേകിച്ച് ബി.ജെ.പി അധികാരത്തിൽ വന്ന ശേഷം കർഷകരുടെ അഖിലേന്ത്യാ തലത്തിലെ ആദ്യ സംയുക്ത വേദി. അതിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്ന് ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് നിയമമാക്കാൻ കഴിയാതെ സർക്കാറിന് പിൻമാറേണ്ടി വന്നു.

അതിനുശേഷം രൂപപ്പെട്ട രണ്ടാമത്തെ പ്ലാറ്റ്‌ഫോമാണ് ഓൾ ഇന്ത്യ കിസാൻ സംഘർഷ് സമൻവായി സമിതി. ആ സമിതി രൂപീകരിക്കുന്നതിലും അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വപരമായ പങ്കുണ്ടായിരുന്നു. മൻസൂറിലെ വെടിവെപ്പിൽ ആറു കർഷകർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അത് രൂപീകരിക്കപ്പെട്ടത്.

സംയുക്ത കിസാൻ മോർച്ച എന്ന് പറയുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ കർഷക പ്ലാറ്റ്‌ഫോമായി, കർഷകരുടെ പോതുവേദിയായി മാറിയിരിക്കുകയാണ്
സംയുക്ത കിസാൻ മോർച്ച എന്ന് പറയുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ കർഷക പ്ലാറ്റ്‌ഫോമായി, കർഷകരുടെ പോതുവേദിയായി മാറിയിരിക്കുകയാണ്

‘ഭൂമി അധികാർ ആന്തോള’നിൽ പൊതുവെ ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകൾക്കാണ് പ്രാമുഖ്യമുണ്ടായിരുന്നത്. ഓൾ ഇന്ത്യാ കിസാൻ സംഘർഷ് സമൻവായി സമിതി രൂപം കൊണ്ടപ്പോൾ ഇടതുപക്ഷ സംഘടനകൾക്കുപുറമെ ദലിത് കർഷകരുടെ സംഘടനകൾക്കും പങ്കാളിത്തമുണ്ടെന്ന്​ ഉറപ്പുവരുത്താൻ സാധിച്ചു. അതിനുശേഷം ഓൾ ഇന്ത്യാ കിസാൻ സംഘർഷ് സമൻവായി സമിതിയുടെ നേതൃത്വത്തിൽ 270 ഓളം കർഷക സംഘടനകൾ ആ സമരവേദിയിൽ ഒരുമിച്ച് വന്നിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് പാർലമെൻറ്​ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ പ്രഖ്യാപിച്ചത്. കുറേയേറെ കർഷക സംഘടനകൾ ആ സമരത്തിൽ പങ്കെടുക്കാൻ മുന്നോട്ട് വരികയുണ്ടായി. അവയെക്കൂടി ഉൾപ്പെടുത്തണമെന്ന് ഓൾ ഇന്ത്യാ കിസാൻ സംഘർഷ് സമൻവായി സമിതി തീരുമാനിച്ചു. അങ്ങനെ അവയെക്കൂടി ഉൾപ്പെടുത്താൻ ഒരു പുതിയ ബാനർ ഉപയോഗപ്പെടുത്താം എന്ന തീരുമാനമുണ്ടായി. അങ്ങനെ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) എന്ന ബാനർ അംഗീകരിച്ചു. അതോടെ, 540 ഓളം കർഷക സംഘടനകൾ ഒരുമിച്ചുവന്നു. ഈ ഐക്യം ഇപ്പോഴും നിലനിർത്താൻ കഴിയുന്നുണ്ട്​. കൂടുതൽ ആളുകൾ അതിനോട് യോജിക്കുന്നുണ്ട്. അങ്ങനെ സംയുക്ത കിസാൻ മോർച്ച എന്നുപറയുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ കർഷക പ്ലാറ്റ്‌ഫോമായി, കർഷകരുടെ പോതുവേദിയായി മാറിയിരിക്കുകയാണ്. ഇത് രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഈ സമരത്തിലെ ഏറ്റവും വലിയ ഒരു ഘടകം. അതായത് ശത്രുവിനെ ഒറ്റപ്പെടുത്താനുള്ളതാണ് ഐക്യമുന്നണി, ആ ഐക്യമുന്നണിയിൽ ആരൊക്കെയാണോ ഒരുമിച്ചുവരാൻ തയ്യാറാകുന്നത്, അവർക്ക് എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായ ഡിമാൻറിൽ എല്ലാവരും ഒന്നിച്ചാണ്. എല്ലാവരെയും ഒരുമിപ്പിച്ച്​ ആർക്കെതിരെയാണോ നാം സമരം ചെയ്യുന്നത് അവരെ ഒറ്റപ്പെടുത്തുക എന്ന നയമാണ് സ്വീകരിച്ചത്. ആ നയത്തിന്റെ വിജയമാണ് സംയുക്ത കിസാൻ മോർച്ച എന്ന വിപുലമായ ഐക്യമുന്നണി. ഇതിനെ രൂപപ്പെടുത്താനായത്​, പ്രധാനപ്പെട്ട രണ്ടാമത്തെ വിജയഘടകമായി നമുക്ക് കാണാം.

ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനും അതിർത്തികൾ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. പൊലീസ് തടയുകയാണെങ്കിൽ തടയിന്നിടത്തിരിക്കും എന്നായിരുന്നു പ്രഖ്യാപനം
ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനും അതിർത്തികൾ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. പൊലീസ് തടയുകയാണെങ്കിൽ തടയിന്നിടത്തിരിക്കും എന്നായിരുന്നു പ്രഖ്യാപനം

മറ്റൊന്ന്​, ഈ സമരത്തിന്റെ സ്വഭാവമെന്താണെന്ന് നിശ്ചയിക്കാൻ കഴിഞ്ഞതാണ്​. ഫാസിസ്റ്റ് സ്വഭാവത്തോടെ പ്രവർത്തിക്കുന്ന, അമിതാധികാര പ്രവണതയുള്ള ഒരു സർക്കാർ, കാബിനറ്റ് സിസ്റ്റത്തെപ്പോലും പ്രവർത്തിപ്പിക്കാൻ തയ്യാറാകാതെ ഏകാധിപത്യപരമായി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി, ആൾക്കൂട്ട കൊലകൾ നടത്താൻ പോലും അണികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണാധികാരി വർഗം- ഇതാണ്​ ഇന്നത്തെ ഭരണകൂടം. ഈ പാശ്ചാത്തലത്തിൽ ഒരു സമരം മുന്നോട്ട് കൊണ്ടുപോകുമ്പോൾ അത് ബഹുജന പങ്കാളിത്തമുള്ള ഒന്നായിരിക്കണം, സമാധാനപൂർണമാകണം എന്ന നിലപാടെടുത്തു. സമരത്തിൽ എവിടെയും അക്രമമുണ്ടാകാൻ പാടില്ല എന്ന നിലപാടും എടുത്തു. മുദ്രാവാക്യം ഇതായിരുന്നു: ‘സമാധാനം സംരക്ഷിച്ചാൽ കർഷകർക്ക് വിജയം, അക്രമം നടന്നാൽ മോദിക്ക് വിജയം’. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള സമരരൂപം പ്ലാൻ ചെയ്തത്. അതിന്റെ ഭാഗമായിട്ടാണ് ഡൽഹിയിലേക്കുള്ള പാർലമെൻറ്​ മാർച്ച് എന്ന ആശയം ഉപയോഗപ്പെടുത്തിയത്. ആ പാർലമെൻറ്​ മാർച്ചിൽ പങ്കെടുക്കുമ്പോൾ ലക്ഷക്കണക്കിന് കർഷകർ ഒരുമിച്ച് മുന്നോട്ട് വന്നുവെന്നതാണ്​ ഈ സമരത്തിന്റെ ഒരു വലിയ സവിശേഷത.

ഡൽഹിയിലേക്ക് മാർച്ച് ചെയ്യാനും അതിർത്തികൾ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. പൊലീസ് തടയുകയാണെങ്കിൽ തടയുന്നിടത്തിരിക്കും എന്നായിരുന്നു പ്രഖ്യാപനം. ഇതും നേരത്തേ തന്നെ കർഷകർക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ട് കർഷകർ അതിന് തയ്യാറായിട്ടാണ് വന്നത്. ഇരിക്കുകയാണെങ്കിൽ ഒരു ദിവസമിരുന്നാൽ മതിയാവില്ല എന്നും ഒരാഴ്​ചയോ ഒരുപക്ഷേ ഒരു മാസമോ ഇരിക്കേണ്ടി വന്നാലും സമരം നടത്തണം, ആറുമാസം ഇരിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുത് എന്ന തീരുമാനമെടുത്തു. ട്രാക്ടർ ട്രോളികൾ ഒരുക്കി അതിൽ പാചക ഗ്യാസും മറ്റ് പാചക വസ്തുക്കളും ഉറങ്ങാനുള്ള കമ്പിളിയുടുപ്പുകളും അടക്കമുള്ള സന്നാഹത്തോടെ എത്തുകയും ലംഗറ സ്ഥാപിച്ച് അവിടെത്തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ച് അവിടെത്തന്നെ ഒരുമിച്ച് കിടന്നറങ്ങി സമരം തുടങ്ങുകയുമായിരുന്നു.
യുദ്ധത്തിന് സമാനമായ സമരം, എന്നാൽ ആ യുദ്ധത്തിൽ സമാധാനം ഉറപ്പുവരുത്താൻ വേണ്ടിയുള്ള നിലപാടും എടുത്തിരുന്നു. പ്രാദേശികമായ സമരങ്ങളിലും ഈ കർഷകർ കരിങ്കൊടി കാണിക്കുന്നതുൾപ്പെടെയുള്ള സമര രൂപങ്ങളെടുത്തപ്പോഴും ഒരിക്കലും അക്രമത്തിലേക്ക് പോകുകയില്ല എന്നുറപ്പ് വരുത്താനുള്ള പക്വത കർഷക നേതൃത്വം കാണിച്ചു. അതുകൊണ്ടാണ് സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കുമുൾപ്പെടെ എല്ലാ കർഷകർക്കും ഇതിൽ പങ്കെടുക്കാൻ കഴിഞ്ഞത്, പാവപ്പെട്ടവന്റെ ഉൽസവം എന്ന ഒരു പ്രതീതിയായിരുന്നു സമരത്തിന്. സമാധാനപരവും വൻ പങ്കാളിത്തമുള്ളതുമായ സമരരൂപം, അതാണ് ഈ സമരം വിജയിപ്പിച്ച മൂന്നാമത്തെ ഘടകം.

മറ്റൊരു പ്രധാന കാര്യം, സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആശയവിനിമയമാണ്. എല്ലാ കർഷക സംഘടനകളും അവരുടേതായ പ്ലാറ്റ്ഫോ​മുകളിൽ വിപുല ചർച്ചകൾ നടത്തി. ആ ചർച്ചകളിൽ ഏകാഭിപ്രായമുള്ളവയിൽ മാത്രം ഒരുമിച്ച് തീരുമാനമെടുക്കുക, അല്ലാത്ത കാര്യങ്ങളാണെങ്കിൽ തീരുമാനത്തിന് മാറ്റിവെക്കുക എന്ന കാഴ്ചപ്പാട് നടപ്പാക്കി. അതിന്റെ ഭാഗമായി എല്ലാവർക്കും യോജിക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് തീരുമാനമായി എടുത്തത്. അതുപോലെ, തെറ്റായ കാര്യങ്ങൾ ആരെങ്കിലും ചെയ്താ​ൽ അത് അവരെ ബോധ്യപ്പെടുത്താനും സ്വയം തിരുത്താനുമുള്ള അവസരവും നൽകി. അതിന് തയ്യാറാകാതെ സമരത്തിൽ നിലനിൽപ്പ് സാധ്യമല്ല. സംയുക്ത കിസാൻ മോർച്ച നിലനിൽക്കണമെങ്കിൽ കൂട്ടായ്മയെ അംഗീകരിക്കാനും ഒറ്റക്കൊറ്റക്ക് കാര്യങ്ങൾ ചെയ്ത് പോകുന്ന രീതി അവസാനിപ്പിക്കാനും തയ്യാറാകേണ്ടി വരും. ആ രൂപത്തിൽ വിപുലമായ ആശയ വിനിമയം ഉറപ്പുവരുത്തി കൂട്ടായ തീരുമാനം എടുക്കുക എന്നത്​ സമരത്തിന്റെ ഐക്യം സംരക്ഷിക്കുന്നതിലും വിജയം ഉറപ്പ് വരുത്തുന്നതിലും നിർണായക പങ്ക് വഹിച്ചു.

ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന സമരം എന്ന രൂപത്തിൽ നിന്ന്​ ഭിന്നമായി, ഇതൊരു പാൻ ഇന്ത്യ സമരമായി വളർന്നുവന്നു. ഇന്ത്യയിലാകെയുള്ള കർഷകരെ ഒരുമിപ്പിച്ച് നിർത്തി അതത് പ്രദേശത്തെ കാർഷിക പ്രശ്‌നങ്ങളെക്കൂടി ഏറ്റെടുത്ത് അവയുടെ പിന്നിൽ കർഷകരെ അണിനിരത്തി, അഖിലേന്ത്യാ മുദ്രാവാക്യങ്ങളെയും പ്രാദേശിക മുദ്രാവാക്യങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഒരു സമരരൂപം. ആ സമര രൂപം കൂടുതൽ പ്രദേശങ്ങളിലേക്കും കൂടുതൽ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും ദിവസം ചെല്ലുംതോറും വ്യാപിപ്പിച്ചു. ഇത് കർഷക പങ്കാളിത്തം കൂട്ടാനും സമരം വിപുലീകരിക്കപ്പെടാനും കാരണമായി.

ഈ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപലബ്ധി അല്ലെങ്കിൽ നേട്ടം, സമരത്തിൽ കർഷകർ ഒറ്റക്കായിരുന്നില്ല എന്നതാണ്. സമരം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ അഖിലേന്ത്യാ കിസാൻ സംഘർഷ് സമൻവായി സമിതിയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ജോയിൻറ്​ പ്ലാറ്റ്‌ഫോമും ( പൊതുവേദിയും) ഒരുമിച്ചിരുന്ന് ചർച്ച ചെയ്​ത്​ 2020 നവംബർ 26, 27 തീയ്യതികളിൽ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിക്കാൻ തീരുമാനിച്ചു. അതായത് തൊഴിലാളികൾ പണിമുടക്കാൻ തീരുമാനിച്ചു. അന്നേ ദിവസം കർഷകർ പാർലമെൻറ്​ മാർച്ച് നടത്തും. അങ്ങനെ തൊഴിലാളികളുടെയും കർഷകരുടെയും സമരത്തെ ഒരുമിപ്പിക്കുക എന്ന നയം സ്വീകരിച്ചു. തൊഴിലാളി വർഗത്തിന്റെ പിന്തുണയോടെയാണ് കർഷക സമരം ആരംഭിക്കുന്നത്. 26 ന് പണിമുടക്ക് കഴിഞ്ഞാൽ 27 ന് തൊഴിലാളികൾ കൂടി ഡൽഹിയിൽ നടക്കുന്ന പാർലമെൻറ്​ മാർച്ചിൽ പങ്കെടുക്കും എന്നായിരുന്നു തീരുമാനം. ആ സമീപനം എടുത്തതുകൊണ്ടുണ്ടായ ഒരു ഗുണം, തൊഴിലാളികൾ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഫാക്ടറികളും റോഡുകളും അടഞ്ഞുകിടക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ പൊലീസ് സംവിധാനത്തെയാകെ വികേന്ദ്രീകരിക്കാൻ ഭരണസംവിധാനം നിർബന്ധിതമാകും എന്നതാണ്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി പരമാവധി ആളുകളെ പങ്കെടുപ്പിച്ച്‌ പാർലമെൻറ്​ മാർച്ച് നടത്താൻ കർഷകർക്ക് കഴിയും. അങ്ങനെ തൊഴിലാളികളെയും കർഷകരെയും ഒരുമിപ്പിച്ച്​ ഒരു സമര രൂപം സ്വീകരിക്കാനായി എന്നത്​ തിരിഞ്ഞുനോക്കുമ്പോൾ നിർണായക ഘടകമാണ്.

ലോകത്താകെ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ നടക്കാൻ പോകുന്ന വിപുലമായ പോരാട്ടത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറാൻ പോവുകയാണ്
ലോകത്താകെ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ നടക്കാൻ പോകുന്ന വിപുലമായ പോരാട്ടത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറാൻ പോവുകയാണ്

തുടർന്ന് നടന്ന എല്ലാ സമരങ്ങളിലും- ഡിസംബർ 8 ന് നടന്ന അഖിലേന്ത്യാ ബന്ദ്, പിന്നീട് നടന്ന അഖിലേന്ത്യാ ബന്ദുകൾ, റോഡ് - റെയിൽ തടയൽ സമരങ്ങൾ, കുത്തക സ്ഥാപനങ്ങളും ഉൽപ്പന്നങ്ങളും ബഹിഷ്‌ക്കരിക്കുന്ന സമരങ്ങൾ, ടോൾ പ്ലാസകൾ തുറക്കാൻ നടത്തിയ സമരങ്ങൾ തുടങ്ങിയവയിലെല്ലാം ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രവർത്തകർ കർഷകരോടൊപ്പമോ അവർക്ക് നേതൃത്വം കൊടുത്തുകൊണ്ടോ ഇന്ത്യയിലാകെ പ്രവർത്തിച്ചു. അങ്ങനെ ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഇത്രയും വിപുലമായ തൊഴിലാളി- കർഷക ഐക്യം വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല. ആ രൂപത്തിൽ തൊഴിലാളി- കർഷക ഐക്യം ഈ സമരത്തിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. വൻകിട മുതലാളി വർഗത്തിനെതിരെ ഇന്ത്യയിലെ തൊഴിലാളികളും കർഷകരും ഒരുമിച്ച് പോരാടിയാൽ മാത്രമേ വിജയം നേടാൻ കഴിയൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങളെ എത്തിക്കാൻ കഴിഞ്ഞു എന്നത് ഈ സമരത്തിന്റെ വിജയത്തിലെ ഒരു നിർണായക ഘടകമാണ്. അത് സമരശക്തിയെ വർദ്ധിപ്പിച്ചിട്ടുണ്ട്. ആ സമരശക്തി കൂടുതൽ കൂടുതൽ വർദ്ധിക്കുകയാണ് സമരം നീട്ടിക്കൊണ്ടുപോയാൽ സംഭവിക്കുകയെന്ന തിരിച്ചറിവ് സർക്കാറിനുണ്ടാവുന്നത് തൊഴിലാളി- കർഷക ഐക്യത്തിന്റെ ഫലമായാണ്.

മറ്റൊരു പ്രധാന ഘടകം, ഈ സമരത്തിലൂടെ വികസിപ്പിക്കാൻ കഴിഞ്ഞ ബഹുജന ഐക്യമാണ്. അതായത് കുത്തകകൾക്കെതിരായ ബഹുജന മുന്നണി രൂപപ്പെടുത്തിയടുക്കുക എന്ന ആശയം വളർത്തിയെടുക്കാൻ കഴിഞ്ഞു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ പഞ്ചാബും, ഹരിയാനയും. പഞ്ചാബിൽ നടന്നത് കേവലം കർഷകരുടെ മാത്രം സമരമായിരുന്നില്ല. അംബാനി, അദാനി തുടങ്ങിയ ക്രോണി കാപിറ്റലിസ്റ്റുകളുടെ കുത്തക സ്ഥാപനങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും സർവീസുകളും ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനമുണ്ടായി. ആ ആഹ്വാനത്തിനനുസരിച്ച് റിലയൻസിന്റെ പെട്രോൾ പമ്പുകളുടെ മുൻപിൽ അതത് ഗ്രാമങ്ങളിലെ ജനങ്ങൾ ഉപരോധം തീർത്തു. അദാനിയുടെ വലിയ സൂപ്പർ മാർക്കറ്റുകൾക്കുമുന്നിൽ കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളുമുൾപ്പെടെയുള്ളവർ കുത്തിയിരിപ്പ് സമരം നടത്തുകയും ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. റിലയൻസിന്റെ സിം കാർഡുകൾ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവുമുണ്ടായി. അങ്ങനെ ഒരു കുത്തക വിരുദ്ധ ജനകീയ മുന്നണി വികസിപ്പിച്ചെടുക്കുക എന്ന ഒരു നയം ഫലപ്രദമായി പഞ്ചാബിൽ വളർത്തിയെടുക്കാൻ സാധിച്ചു. അതോടൊപ്പം, ടോൾ പ്ലാസകളിൽ ആളുകളെ തടഞ്ഞുനിർത്തി നികുതി പിരിക്കാനുള്ള സ്വാതന്ത്ര്യം വൻകിട കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുത്തത് പിൻവലിച്ച് അവ ജനങ്ങൾക്ക് തുറന്ന് നൽകാൻ നടത്തിയ സമരങ്ങളും കുത്തക വിരുദ്ധ ബഹുജന മുന്നണിയുടെ രൂപവത്​കരണത്തിലേക്കുനയിച്ചു.

മറ്റൊന്ന്, വിപുലമായ രാഷ്ട്രീയ ഐക്യത്തിനുവേണ്ടി ഈ സമരനേതൃത്വം സ്വീകരിച്ച നടപടികളാണ്​. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാവിന്റെ ഇടപെടൽ ഈ സമരത്തിൽ ഉണ്ടാവുക എന്നത് ഒഴിവാക്കുക എന്നായിരുന്നു തീരുമാനം. ഇത് കർഷകരുടെ സ്വതന്ത്രമായ സമരമായിരിക്കണം. അതിന്റെ സ്വത്വം ഉറപ്പ് വരുത്തുക എന്ന നിലപാട് എടുത്തിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയ പാർട്ടികളെയോ നേതാക്കളെയൊ സമര വേദിയിലേക്ക് ക്ഷണിക്കുകയോ സമര വേദിയിൽ സംസാരിക്കാൻ അനുവദിക്കുകയോ ചെയ്യേണ്ടതില്ല എന്ന തീരുമാനം എടുത്തു. അത് പാലിക്കാനും കഴിഞ്ഞു. എന്നാൽ മറുഭാഗത്ത് ഈ സമരം ഒരു രാഷ്ട്രീയ സമരം തന്നെയാണ്, സമരത്തിന്റെ മുദ്രാവാക്യങ്ങൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ്. പക്ഷേ ഇതൊരു കക്ഷി രാഷ്ട്രീയ സമരമല്ല, എന്നാൽ രാഷ്ട്രീയ സമരമാണ്. കക്ഷി രാഷ്ട്രീയവും രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം ശരിയായി തിരിച്ചറിഞ്ഞ്​ കക്ഷി രാഷ്ട്രീയ സമരത്തിനതീതമായി, എന്നാൽ രാഷ്ട്രീയ സ്വഭാവമുള്ള സമരമെന്ന രൂപത്തിൽ ഭരണ പാർട്ടിയെ ഒറ്റപ്പെടുത്തുന്നതിനും അവർക്കെതിരെ നിലപാടെടുക്കാൻ തയ്യാറാകുന്ന പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള പാർട്ടികളുടെ പങ്കാളിത്തവും പിന്തുണയും ഉറപ്പ് വരുത്താനുമുള്ള ഇടപെടലുണ്ടായി. അതിന്റെ ഭാഗമായി അനുബന്ധ സമരങ്ങളെല്ലാം രാഷ്ട്രീയ പാർട്ടികളും വലിയതോതിൽ പങ്കെടുത്തു. അത് മുഖ്യ ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പി.യെ ഒറ്റപ്പെടുത്തി. ബി.ജെ.പി ഒരു ജനവിരുദ്ധ പാർട്ടിയാണ്, കർഷകദ്രോഹ പാർട്ടിയാണ്, തൊഴിലാളി വിരുദ്ധ പാർട്ടിയാണ് എന്ന്​സ്ഥാപിക്കാനായി. വൻകിട മുതലാളിത്തത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി എന്നതും ലോക സാമ്രാജ്യത്വ ശക്തികളുടെ മുമ്പിൽ കീഴടങ്ങാൻ തയ്യാറാകുന്ന, അവർ പറയുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ തൊഴിലാളികളുടെയും കർഷകരുടെയും മേൽ അടിച്ചേൽപ്പിക്കാൻ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാത്ത, ഈ രാജ്യത്തിന്റെ താൽപര്യങ്ങളെ ഹനിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണിത് എന്നും തുറന്ന് കാണിക്കാൻ ഈ നയം സഹായിച്ചു. ബി.ജെ.പി രാഷ്ട്രീയമായി ഒറ്റപ്പെടുകയും അത്​ അവരെ തിരഞ്ഞെടുപ്പ് പരാജയങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്​തു. ഈ ഘട്ടത്തിലാണ്​, ഈ വിഷയത്തിൽ ഒരു പുനർചിന്ത നടത്തേണ്ടതുണ്ട് എന്ന ബോധ്യത്തിലേക്ക് അവർ നയിക്കപ്പെട്ടത്​.

കർഷക കുടുംബങ്ങളുടെ ഏറ്റവും വലിയ വരുമാനം, ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ കിട്ടുന്ന വിലയാണ്. അതാണ് മിനിമം സപ്പോർട്ട് പ്രൈസ്. ആ വില അവർക്ക് കൊടുക്കാൻ തയ്യാറാകുന്നില്ല. ന്യായവില കൊടുക്കാൻ തയ്യാറാകാതെ അവരെ കൊള്ളയടിക്കുകയാണ്. / Photo : ruralindiaonline
കർഷക കുടുംബങ്ങളുടെ ഏറ്റവും വലിയ വരുമാനം, ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ കിട്ടുന്ന വിലയാണ്. അതാണ് മിനിമം സപ്പോർട്ട് പ്രൈസ്. ആ വില അവർക്ക് കൊടുക്കാൻ തയ്യാറാകുന്നില്ല. ന്യായവില കൊടുക്കാൻ തയ്യാറാകാതെ അവരെ കൊള്ളയടിക്കുകയാണ്. / Photo : ruralindiaonline

75 വർഷത്തെ ഇന്ത്യയുടെ ചരിത്രത്തിൽ സർക്കാർ പാസാക്കിയ നിയമം പൂർണമായും പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയേണ്ടി വരുന്ന ആദ്യ സംഭവമാണിത്, ആദ്യ പ്രധാനമന്ത്രിയാണ് മോദി. താൻ പാസാക്കിയ നിയമം പിൻവലിച്ച് മാപ്പ് പറയേണ്ടി വരുന്നു എന്നത് നരേന്ദ്ര മോദിയെ സംബന്ധിച്ച് ഒരു വിശേഷണമായി നിലനിൽക്കും. അത് സമരത്തിന്റെ ശക്തിയെയാണ് കാണിക്കുന്നത്. സമരത്തിന്റെ വ്യത്യസ്തമായ തന്ത്രങ്ങളുടെ വിജയമാണത്. എന്നാൽ ഈ മൂന്ന് നിയമങ്ങൾ പിൻവലിക്കുന്നതോടെ കാർഷിക പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്‌നം അല്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും മുഖ്യമായ പ്രശ്‌നം കാർഷിക പ്രശ്‌നമാണ്. ഇതിന്​ പരിഹാരമുണ്ടാകുന്നതുവരെ ഈ സമരവും ഈ ഐക്യവും ശക്തിപ്പെടുകയാണ് ചെയ്യുക. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ തീരുമാനിച്ചതോടെ, സമരം അവസാനിക്കുന്നതിനുപകരം കൂടുതൽ ശക്തമായി സമരം ചെയ്യുകയാണ് വേണ്ടത് എന്ന ബോധമാണ് ജനങ്ങളിലുണ്ടാവുക, പ്രത്യേകിച്ച് തൊഴിലാളികളിലും കർഷകരിലും. നന്നായി സമരം ചെയ്താൽ നന്നായി വിജയിക്കാൻ കഴിയും. അതുകൊണ്ട് അവകാശങ്ങൾ പൂർണമായി നേടിയെടുക്കുന്നതുവരെ കൂടുതൽ ശക്തമായ സമരങ്ങളിലേക്ക് മുന്നേറണം എന്ന ബോധത്തിലേക്ക് കർഷകരെ കൊണ്ടുവരുന്നതിലേക്കാണ് ഈ പ്രഖ്യാപനം നയിക്കുന്നത്.

ഈ സമരത്തിലെ ഏറ്റവും വലിയ മുദ്രാവാക്യമാണ് മിനിമം സപ്പോർട്ട് പ്രൈസ് ഉറപ്പ് വരുത്തുക എന്നത്. കർഷക കുടുംബങ്ങളുടെ ഏറ്റവും വലിയ വരുമാനം, ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ കിട്ടുന്ന വിലയാണ്. അതാണ് മിനിമം സപ്പോർട്ട് പ്രൈസ്. ആ വില അവർക്ക് കൊടുക്കാൻ തയ്യാറാകുന്നില്ല. ന്യായവില കൊടുക്കാൻ തയ്യാറാകാതെ അവരെ കൊള്ളയടിക്കുകയാണ്. അതുകൊണ്ട് ഉൽപ്പാദന ചെലവു പോലും തിരിച്ചുകിട്ടാതെ കൃഷി നഷ്ടത്തിലാവുകയാണ്. കർഷകർ കടക്കെണിയിലാകേണ്ടി വരുന്നു. ആ കടത്തിൽ നിന്ന് രക്ഷനേടാനാകാതെ പലരും ആത്മഹത്യ ചെയ്യുന്നു. അതുപോലെ, കാർഷിക മേഖലയിലെ പ്രതിസന്ധി കാരണം ഭൂമിയും കന്നുകാലികളും നഷ്ടപ്പെട്ട്​ പ്രവാസി തൊഴിലാളായ്​ മാറാനും കർഷക കുടുംബങ്ങൾ നിർബന്ധിക്കപ്പടുന്നു. ഇതാണ് കാർഷിക മേഖലയിലെ പൊതുവായ സാഹചര്യം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സും ഏംഗൽസും വിശദീകരിക്കുന്നപോലെ കർഷകരുടെ തൊഴിലാളിവൽക്കരണം എന്ന പ്രക്രിയയാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ നിന്ന് ചെറുകിട ഉൽപ്പാദനത്തെ സംരക്ഷിക്കണമെങ്കിൽ ബദൽ നയങ്ങൾ നടപ്പിലാക്കണം. ആ ബദൽ നയങ്ങൾക്ക് വേണ്ടിയുള്ള വലിയ സമരമായി കർഷകസമരത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ആ നിലക്ക് മിനിമം സപ്പോർട്ട് പ്രൈിനുവേണ്ടിയുള്ള സമരം ശക്തമായി തുടരേണ്ടതുണ്ട്.

മറ്റൊന്ന്​, കാർഷിക മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുകയും മിനിമം വേതനം ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ്​. ആ മുദ്രാവാക്യം കർഷക തൊഴിലാളികളെ അല്ലെങ്കിൽ ഗ്രാമീണ തൊഴിലാളികളെ വലിയ രൂപത്തിൽ ആകർഷിക്കും. സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പ് വരുത്തിയാൽ മാത്രമേ കാർഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയൂ.

ട്രാക്​റ്ററുകളിൽ ഡൽഹിയിലേക്ക് വരുന്ന കർഷകർ
ട്രാക്​റ്ററുകളിൽ ഡൽഹിയിലേക്ക് വരുന്ന കർഷകർ

ഡൽഹി അതിർത്തിയിലെ സമരം ഒരു സമര രൂപമെന്ന രൂപത്തിൽ പ്ലാൻ ചെയ്തതാണ്. ഒരു വർഷം അത്​ നീണ്ടുനിന്നു. ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ, ഏറ്റവും ഉജ്ജ്വലമായ ഒരു സമര രൂപമായി, സമാധാനപൂർവമുള്ള സഹന സമരമായി, ഒരു കൂട്ടായ സമരത്തിന്റെ മാതൃകയായി ഇതിനെ കാണാം. മഹാത്മാഗാന്ധി ഒരു വ്യക്തി എന്ന നിലക്ക് അഹിംസ വലിയ രൂപത്തിൽ പ്രചരിപ്പിച്ചിരുന്ന ആളായിരുന്നു. ചരിത്രത്തിൽ, ബുദ്ധൻ ഇതുപോലെ അഹിംസയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിയ ആളായിരുന്നു. ഇപ്പോൾ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷക വർഗം ഒരുമിച്ച് സമാധാനപൂർണമായ സമരത്തെ പുതിയ കാലഘട്ടത്തിൽ നമ്മളെ പരിചയപ്പെടുത്തുന്നു. അത്​ പരിശീലിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു. ഇത്തരം സമര രൂപങ്ങളെക്കുറിച്ച്​ ഇനിയും ആലോചിക്കേണ്ടതുണ്ട്. ഡൽഹി അതിർത്തിയിലെ സമര രൂപം അതുപോലെ തുടരണമോ മാറ്റം വരുത്തണമോ എന്നത് പരിശോധിക്കേണ്ടിവരും. അത് പരിശോധിച്ച്​ ഉചിതമായ തീരുമാനമെടുക്കാൻ സംയുക്ത കിസാൻ മോർച്ചക്ക് കഴിയും. അടിയന്തരമായി ചെയ്യേണ്ടത്​, ഈ സമരത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോവുക എന്നതാണ്. എല്ലാ ജില്ലകളിലേക്കും, എല്ലാ പട്ടണങ്ങളിലേക്കും, എല്ലാ ഗ്രാമങ്ങളിക്കും വ്യാപിപ്പിക്കുക എന്നതാണ്. സംയുക്ത കിസാൻ മോർച്ച തുടരുകയാണ് വേണ്ടത്. ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി അവിടെ പ്രവർത്തിക്കുന്നുണ്ട്. അതും സംയുക്ത കിസാൻ വേദിയും യോജിച്ച്​പ്രവർത്തിക്കുകയാണ്. ആ ഐക്യം നിലനിൽക്കണം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും സംയുക്ത കിസാൻ മോർച്ചയുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്തവേദി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കണം. ഇതോടെ, രാഷ്ട്രീയത്തിൽ കർഷക പ്രശ്‌നത്തെ, തൊഴിലാളികളുടെ അവകാശങ്ങളെ മുഖ്യ രാഷ്ട്രീയ പ്രശ്‌നമായി ഉയർത്തിക്കൊണ്ടുവരാൻ കഴിയും. കാർഷിക പ്രശ്‌നത്തെ അവഗണിക്കുന്ന ഒരു രാഷ്ടീയ പാർട്ടിക്കും ഈ രാജ്യത്ത് നില നിൽക്കാനോ വളരാനോ കരുത്ത് നേടാനോ കഴിയില്ല എന്ന അവസ്ഥ ഉണ്ടാക്കിയെടുക്കാൻ കഴിയും. അതിനുകഴിയുന്ന ബദൽ നയങ്ങൾ മുന്നോട്ട് വെക്കാനും നമുക്ക് സാധിക്കും. ആ ബദൽ നയങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന, കൂടുതൽ വിപുലമായ സമര രൂപങ്ങളായിരിക്കും ഇനി സ്വീകരിക്കാൻ പോകുന്നത്.

ലോകത്താകെ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ നടക്കാൻ പോകുന്ന വിപുലമായ പോരാട്ടത്തിന്റെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറാൻ പോവുകയാണ്. അതിൽ കർഷക പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ട് ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന രൂപത്തിലേക്കുള്ള സമരങ്ങളിലായിരിക്കും വരും വർഷങ്ങളിൽ നമ്മൾ പങ്കാളികളാകാൻ പോകുന്നത്.▮

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments